Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 05

3070

1440 മുഹര്‍റം 24

ശമാഇലുന്നബിയ്യ്, അശ്‌റാത്വുസ്സാഅഃ

നൗഷാദ് ചേനപ്പാടി

നബി(സ)യുടെ സ്വഭാവ സവിശേഷതകളെയും  പ്രകൃതിപരമായ പ്രത്യേകതകളെയും ജീവിതാവസ്ഥകെളയും സൂചിപ്പിക്കുന്ന സാങ്കേതിക പ്രയോഗമാണ് 'ശമാഇലുന്നബിയ്യ്'. ഇതു സംബന്ധമായ ഹദീസുകള്‍ പ്രത്യേകം തെരഞ്ഞെടുത്ത് ക്രോഡീകരിച്ച സമാഹാരങ്ങളുണ്ട്. ആ ഇനത്തില്‍ ഏറെ പ്രചാരം നേടിയ കൃതിയാണ് ഇമാം അബൂഈസാ തിര്‍മിദി(റ)യുടെ ശമാഇലുത്തിര്‍മിദി. അതില്‍നിന്ന് തെരഞ്ഞെടുത്തവ  മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരു കൃതി ഇമാം മുന്‍ദിരിയുടെ അര്‍റൗളുല്‍ ബാസിമാണ്. പ്രസ്തുത വിഷയത്തില്‍  ആയിരത്തി ഇരുനൂറോളം ഹദീസുകള്‍ ഇതിലദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇമാം ബഗവിയും 'അല്‍അന്‍വാര്‍ ഫീ ശമാഇലിന്നബിയ്യില്‍ മുഖ്താര്‍' എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.  ധാരാളം കൃതികള്‍ ഈ വിഷയകമായി വേറേയുമുണ്ട്. ഏറ്റവും സമഗ്രമായത് രണ്ടു വാള്യങ്ങളിലുള്ള 'മൗസൂഅത്തു അഹാദീസിശ്ശമാഇലിന്നബവിയ്യഃ അശ്ശരീഫഃ' എന്ന പേരില്‍ പുറത്തിറങ്ങിയതാണ്. ഹുമാം അബ്ദുര്‍റഹീം മുല്‍ഹിം, മുഹമ്മദ് ഹുമാം മുല്‍ഹിം എന്നിവരാണ് ഗ്രന്ഥകാരന്മാര്‍. 

സുഊദി അറേബ്യയിലെ രിയാദില്‍നിന്ന് മജല്ലത്തുല്‍ ബയാന്‍ എന്നൊരു വൈജ്ഞാനിക മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. അവരാണിതിന്റെ പ്രസാധകര്‍. ശമാഇല്‍ സംബന്ധിയായ  മൂവായിരത്തി അറുനൂറ്റി നാല്‍പത്തിനാലു  ഹദീസുകള്‍ ഇതില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. അത്യാവശ്യം വിശദീകരണവുമുണ്ട്. ഇതില്‍ ഉദ്ധരിക്കപ്പെട്ട എല്ലാ ഹദീസുകളുടെയും നിലവാരവും തെളിവുസഹിതം എടുത്തു കാണിക്കുന്നുണ്ട്. 2660 പേജുകളുണ്ട്.

അന്ത്യദിനത്തിന്റെ ചെറുതും വലുതുമായ അടയാളങ്ങള്‍ അശ്‌റാത്വുസ്സാഅഃ എന്ന പേരില്‍ അറിയപ്പെടുന്നു. കിതാബുല്‍ ഫിതന്‍, കിതാബു അശ്‌റാത്വിസ്സാഅഃ,  ഫിതന്‍ വല്‍ മലാഹിം എന്നീ അധ്യായങ്ങള്‍ എല്ലാ ഹദീസ് കിതാബുകളിലും കാണാം. ഇമാം ഇബ്‌നു കസീറിന് കിതാബുല്‍ ഫിതനി വല്‍ മലാഹിം എന്നൊരു സ്വതന്ത്ര കൃതി തന്നെയുണ്ട്. ഈ അടയാളങ്ങള്‍ രണ്ടു വിധമുണ്ട്; ചെറുതും വലുതും. വലിയ അടയാളങ്ങള്‍ യഅ്ജൂജ് മഅ്ജൂജിന്റെ വരവ്, ദജ്ജാലിന്റെ കടന്നുവരവ്, ഈസാ(അ)യുടെ ആഗമനം, സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കല്‍, മൂന്നു ഗ്രഹണങ്ങള്‍ മുതലായവ. ഇവക്കു മുമ്പുണ്ടാവുന്ന അടയാളങ്ങളാണ് ചെറിയ അടയാളങ്ങള്‍. അത് നമ്മുടെ ചുറ്റിലും മുമ്പില്‍ തന്നെയും സംഭവിച്ചുകൊണ്ടിരിക്കുന്നു. അമാനത്ത് നഷ്ടപ്പെടല്‍, ഇല്‍മ് ഇല്ലാതാകലും ആ സ്ഥാനം ജഹ്‌ല് കൈയേറലും, കൊലയും വ്യഭിചാരവും, കള്ളസാക്ഷ്യവും പലിശയും വ്യാപിപ്പിക്കല്‍, കൊല്ലുന്നവന്‍ എന്തിനു കൊല്ലുന്നുവെന്നും കൊല്ലപ്പെടുന്നവന്‍ താനെന്തിനു കൊല്ലപ്പെടുന്നുവെന്നും അറിയാതിരിക്കല്‍, മദ്യം അനുവദനീയമാക്കല്‍, മാന്യന്മാര്‍ നിന്ദ്യന്മാരാവുകയും നിന്ദ്യന്മാര്‍ മാന്യന്മാരാവുകയും ചെയ്യല്‍, പണ്ഡിതന്മാര്‍ കുറയുകയും പ്രസംഗകര്‍ വര്‍ധിക്കുകയും ചെയ്യല്‍, സമുദായത്തിലെ അതിക്രമികള്‍ നേതൃസ്ഥാനങ്ങളില്‍ എത്തിപ്പെടല്‍, പിശുക്കും ചതിയും വര്‍ധിക്കല്‍ എന്നിങ്ങനെ അനവധി.

നബി(സ) ഇതൊക്കെ സംഭവിക്കുമെന്ന് നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ, അതുകൊണ്ട് ഇതൊക്ക സംഭവിച്ചേ മതിയാവൂ, നമുക്കവിടൊന്നും ചെയ്യാനില്ല എന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. അല്ലാഹു വഹ്‌യ് നല്‍കിയതുകൊണ്ടാണല്ലോ നബി(സ) ഇക്കാര്യങ്ങളെല്ലാം നമ്മെ അറിയിച്ചത്. അത് സംഭവിക്കും എന്നത് മറ്റൊരു വിഷയം. അതിനോടുള്ള നമ്മുടെ കാഴ്ചപ്പാടും സമീപനവുമാണ് പ്രശ്‌നം. തലമുറകളെ ശക്തമായ ഈമാനിലും  പരലോക ബോധത്തിലും, അല്ലാഹുവിലുള്ള തവക്കുലിലും അവനോടുള്ള തഖ്‌വയിലും ദീനീ വിദ്യാഭ്യാസത്തിലും വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള മുന്നറിയിപ്പു കൂടിയാണ്.

ഈ വിഷയത്തില്‍ സ്വഹീഹായി വന്ന ഹദീസുകള്‍ മാത്രം തെരഞ്ഞെടുത്തു ക്രോഡീകരിച്ച ഗ്രന്ഥങ്ങള്‍ ധാരാളമുണ്ട്. യൂസുഫുബ്‌നു അബ്ദുല്ലാ  അല്‍വാലിബിന്റെ അശ്‌റാത്വുസ്സാഅഃ ഉദാഹരണം.  ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ് മുതലായ ഹദീസിന്റെ എല്ലാ ആധികാരിക കിതാബുകളിലും ഇത്തരം ഹദീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിലെ സമഗ്ര കൃതി 'മൗസൂഅത്തു അഹാദീസില്‍ ഫിതന്‍ വ അശ്‌റാത്വിസ്സാഅഃ' എന്ന ഒറ്റ വാള്യത്തിലുള്ള വിജ്ഞാനകോശമാണ്. ആയിരത്തി ഇരുനൂറില്‍ പരം പേജുകളിലായി രണ്ടായിരത്തി അറുപത്  ഹദീസുകള്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു. ഹദീസ് ളഈഫോ സ്വഹീഹോ എന്നും തരംതിരിച്ചിട്ടുണ്ട്. ഒപ്പം സാമാന്യം നല്ല വ്യാഖ്യാനവും. ഹമ്മാം അബ്ദുര്‍റഹീം, മുഹമ്മദ് ഹമ്മാം എന്നീ രണ്ടു പണ്ഡിതന്മാരാണ് രചയിതാക്കള്‍. പ്രസാധനം മര്‍കസു ദിറാസാത്തി സ്സുന്നത്തി ന്നബവിയ്യഃ (അമ്മാന്‍, ജോര്‍ദാന്‍). മറ്റൊന്ന് ദാറുല്‍ ഖലം പ്രസിദ്ധീകരിച്ച നാലു വാള്യത്തിലുള്ള 'നുബുആത്തുര്‍റസൂല്‍ ദുറൂസ് വ ഇബര്‍' എന്ന ഗ്രന്ഥമാണ്. ഹദീസ്-ചരിത്ര പണ്ഡിതനായ അബ്ദുസ്സത്താര്‍ ശൈഖാണ് ഗ്രന്ഥകര്‍ത്താവ്. ദീര്‍ഘമായ വ്യാഖ്യാനം ഇതിന്റെ പ്രത്യേകതയാണ്. നൂറ്റിഅറുപത്തിമൂന്ന് തലക്കെട്ടുകളിലായി സമഗ്ര വിവരണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (41 - 44)
എ.വൈ.ആര്‍

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി.സലീം കരിങ്ങനാട്