പരിസ്ഥിതിയെ പരിപാലിക്കുന്ന പുതിയ കേരളം പിറക്കാന്‍
അസാധാരണവും അത്യപൂര്‍വവുമായ പ്രളയത്തിനാണ് കേരളം കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സാക്ഷ്യം വഹിച്ചത്. സര്‍ക്കാരിന്റെ കണക്കു പ്രകാരം പ്രളയത്തില്‍ 400-ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഏതാണ്ട് 25000 കോടി രൂപയുടെ നഷ്ടവും. ലക്ഷക്കണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും പതിനായിരക്കണക്കിന് വീടുകള്‍ സമ്പൂര്‍ണമായി തകരുകയും ചെയ്തു. ശക്തമായ ഒഴുക്കിലും മലവെള്ളപ്പാച്ചിലിലും നിരവധി പേര്‍ക്ക് വീടു മാത്രമല്ല ഭൂമിയും നഷ്ടപ്പെട്ടു. ജീവനോപാധിയായ കൃഷിഭൂമിയും കച്ചവടസ്ഥാപനങ്ങളും വളര്‍ത്തു മൃഗങ്ങളുമെല്ലാം ഒലിച്ചുപോയി. നിരവധി സര്‍ക്കാരാഫീസുകളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും തകര്‍ന്നു. ശരിയായ കണക്കെടുപ്പു കഴിയുമ്പോള്‍ ഇതിലുമെത്രയോ കൂടുതലായിരിക്കും നഷ്ടങ്ങള്‍. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള സന്നദ്ധപ്രവര്‍ത്തകരും രാഷ്ട്രീയ-സാമുദായിക സംഘടനകളും ചെറു കൂട്ടായ്മകളും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം നടത്തിയ കഠിനമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് പ്രളയത്തിന്റെ ആഘാതങ്ങള്‍ ഇത്രയെങ്കിലുമാക്കി നിര്‍ത്തിയത്.
തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും പ്രളയത്തിന്റെ പ്രത്യക്ഷ ആഘാതം അതീവ ഗുരുതരമായിരുന്നു. പരോക്ഷമായ ആഘാതങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. 2018 ആഗസ്റ്റ് 10-ന് മുമ്പുള്ള കേരളമല്ല 2018 ആഗസ്റ്റ് 20-ന് ശേഷമുള്ളത്. പ്രളയത്തിനു ശേഷം വലിയ മാറ്റമാണ് കേരളത്തിലെ പരിസ്ഥിതിക്കും സംഭവിച്ചത്. അസാധാരണമായ സ്ഥിതിവിശേഷമാണിത്.
പ്രളയകാലത്ത് നിറഞ്ഞൊഴുകിയ ഡാമുകളില്‍ ജലത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് 70 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഡാമുകളുടെ റിസര്‍വോയറുകളില്‍ എത്രയടി മണ്ണ് അടിഞ്ഞുകൂടിയിരിക്കുന്നുവെന്ന് കണക്കാക്കി വരുന്നതേയുള്ളൂ. നദികളെല്ലാം വല്ലാതെ മെലിഞ്ഞിരിക്കുന്നു. മഹാപ്രളയത്തിനു ശേഷം 15 ദിവസം കഴിഞ്ഞപ്പോഴേക്കും നിറഞ്ഞൊഴുകിയിരുന്ന കിണറുകളില്‍ ജലം താഴേക്കു പോയി. മാര്‍ച്ച് മാസത്തിനു സമാനമായി കൊടും ചൂടാണ് ഇപ്പോള്‍ കേരളത്തില്‍. വയനാട്ടിലും തൃശൂരിലും തിരുവനന്തപുരത്തുമായി 8 സൂര്യാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേരളത്തില്‍ സര്‍വ സാധാരണമല്ലെങ്കിലും മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് കുറഞ്ഞ തോതില്‍ സൂര്യാഘാതങ്ങളുണ്ടാകുക. സെപ്റ്റംബര്‍ മാസത്തില്‍ സൂര്യാഘാതമുണ്ടാവുക അത്യസാധാരണമാണ്. പകര്‍ച്ചവ്യാധികളും പലേടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഈ അസാധാരണ സാഹചര്യം മറികടന്നേ മതിയാകൂ. കേരളത്തെ പഴയ അവസ്ഥയിലേക്കു കൊണ്ടത്തിക്കുകയാണോ പുതിയ സാഹചര്യങ്ങളെക്കൂടി നേരിടാനാകുന്ന വിധം പുനര്‍നിര്‍മിക്കുകയാണോ വേണ്ടത് എന്നത് വലിയ ചോദ്യമാണ്. കേരള മുഖ്യമന്ത്രി അസന്ദിഗ്ധമായി പറഞ്ഞത് കേവല പുനരധിവാസമല്ല, പുതിയ കേരളത്തിന്റെ നിര്‍മാണമാണ് ലക്ഷ്യമാക്കുന്നത് എന്നാണ്. അത് മുഖവിലക്കെടുത്താണ് കേരളത്തിന്റെ നവനിര്‍മാണം എങ്ങനെയാവണമെന്ന ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത്.
നവനിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരമൊരു സ്ഥിതിവിശേഷത്തിന്റെ കാരണങ്ങള്‍ തീര്‍ച്ചയായും നാം പരതിയേ പറ്റൂ. കഴിഞ്ഞ സെപ്റ്റംബര്‍ 11-ന് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള പരിപാടിയില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കേരളത്തിലെ പ്രളയത്തെയും കഴിഞ്ഞ വര്‍ഷം പോര്‍ട്ടറിക്കോയില്‍ മൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ മരിയാ ചുഴലിക്കാറ്റി (Hurricane Maria)നെയും പരാമര്‍ശിച്ച് പറഞ്ഞത്, ലോകം ഇന്ന് വളരെ നേരിട്ടുള്ള അസ്തിത്വ ഭീഷണി(a direct existential threat) നേരിടുകയാണ് എന്നാണ്. നാം സഞ്ചരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കാലാവസ്ഥാ മാറ്റം സഞ്ചരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍: "If we do not change course by 2020, we risk missing the point where we can avoid runaway climate change, with disastrous consequences for people and all the natural systems that sustain us.' 2020 ആകുമ്പോഴേക്ക് നാം മാറ്റം വരുത്തിയില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങളില്‍നിന്ന് നമുക്കോ നമ്മെ നിലനിര്‍ത്തുന്ന പ്രകൃതി വ്യവസ്ഥകള്‍ക്കോ രക്ഷപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോക നേതൃത്വം അടിയന്തരമായി ഇതിലേക്ക് ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രളയം എന്തിന്റെ സൃഷ്ടിയാണെന്ന് തര്‍ക്കിക്കുമ്പോഴും അതിന് വ്യത്യസ്തമായ വാദങ്ങളുന്നയിക്കുമ്പോഴും പരസ്യമായോ രഹസ്യമായോ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമു്. പരിസ്ഥിതി സന്തുലനത്തില്‍ ഗുരുതരമായ മാറ്റം വന്നിരിക്കുന്നു എന്നതാണത്. പുതിയ കേരളം പണിയുമ്പോള്‍ ഏറ്റവും വലിയ പരിഗണന ഈ പ്രശ്‌നത്തിന് നാം നല്‍കേണ്ടിവരും.
കേരളം അതീവ പ്രത്യേകതയുള്ള നാടാണ്. കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞ് മലയോരം മുതല്‍ സമുദ്രതീരം വരെ ഇടുങ്ങിയ വീതിയില്‍ തെക്കു വടക്കായി നിലകൊള്ളുന്ന ഭൂപ്രദേശം. അതിനിടയില്‍ സമുദ്രത്തേക്കാള്‍ താഴ്ന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങള്‍. സന്തുലിതമായ ചൂടും തണുപ്പും മഴയും വെയിലും ആയിരുന്നു കേരളത്തിന്റെ പ്രത്യേകതകള്‍. ഇതിനു സമാനമായി ഒരു ഭൂപ്രദേശവും ഇല്ല എന്നതാണ് സത്യം. ഇവിടത്തെ ഭൂപ്രകൃതിക്കു അനുയോജ്യമായ നിര്‍മാണ രീതിയും കാര്‍ഷിക-വ്യാവസായിക രീതികളും രൂപപ്പെടുത്തിയെടുക്കുക എന്നതാണ് കേരള നിര്‍മാണത്തിലെ പ്രാഥമിക പാഠം.
ഡക്കാന്‍ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടം കേരളത്തിന്റെ കിഴക്കിനെ സമ്പുഷ്ടമാക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഈ പ്രളയത്തിനു ശേഷം അതിലെ ജൈവ വൈവിധ്യത്തില്‍ വന്ന മാറ്റം തീര്‍ച്ചയായും പഠനവിധേയമാക്കണം. പശ്ചിമഘട്ട സംരക്ഷണത്തിനായി ശാസ്ത്രീയമായി തയാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പുഛിച്ചു തള്ളിയതിന് വലിയ വിലയാണ് നാം കൊടുക്കേണ്ടിവന്നത്. പ്രളയം ജൈവവൈവിധ്യത്തില്‍ വരുത്തിയ മാറ്റം കൂടി കണക്കിലെടുത്ത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ നാം പുനരാനയിക്കേിവരും. നാം തള്ളിക്കളഞ്ഞ ആ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് പുനര്‍വായിക്കാന്‍ സമയമായി.
പുതിയ നാഗരികതയുടെ സൃഷ്ടിപ്പിന് പശ്ചാത്തല സൗകര്യമൊരുക്കുക അതീവ പ്രാധാന്യമുള്ളതാണ്. അതിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. കേരളം നിലവില്‍ പിന്തുടരുന്ന നിര്‍മാണ രീതി പുനഃപരിശോധിക്കുക തന്നെ വേണം. എല്ലായിടത്തും എല്ലാം നിര്‍മിക്കുക എന്നതാണ് നാം തുടര്‍ന്നുവന്ന രീതി. അത് കേരളീയ പ്രകൃതിക്ക് അനുയോജ്യമല്ല എന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. ഭവന നിര്‍മാണത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ പുതുതായി നിര്‍ണയിക്കണം. അതീവ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ പലതും വാസയോഗ്യമല്ലെന്ന് തുടരെത്തുടരെയുണ്ടായ നൂറുകണക്കിന് ഉരുള്‍പൊട്ടലുകള്‍ നമുക്ക് കാട്ടിത്തരുന്നുല്ലോ. പ്രളയത്തിന്റെ ആരംഭ സൂചന തന്നെ കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലായിരുന്നു. അത്തരം സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ഭരണകൂടം തന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ ശാസ്ത്രീയമായ പഠനത്തിലൂടെ കണ്ടെത്തണമെന്ന് 2018 ആഗസ്റ്റ് 30-ന് കേരള ചീഫ് സെക്രട്ടറി ഇറക്കിയ അടിയന്തര ഉത്തരവില്‍ പ്രാദേശിക ഭരണകൂടങ്ങളോട് നിര്‍ദേശിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇതു സംബന്ധമായി വലിയ പരിമിതികളുണ്ട്. അത്തരം സംവിധാനങ്ങളുടെ തലയിലേക്ക് ഇത് വെച്ചുകൊടുത്താല്‍ പഴയതു പോലെത്തന്നെയാകും വീും കാര്യങ്ങള്‍. വീണ്ടും സര്‍ക്കാര്‍ നേരിട്ടു തന്നെ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ജനകീയ അഭിപ്രായങ്ങളുടെ കൂടി പിന്‍ബലത്തില്‍ നിര്‍മാണ മേഖലകള്‍ നിശ്ചയിക്കുകയും വേണം. ഈ പാര്‍പ്പിട സംവിധാനത്തില്‍ ചെറുകിട വ്യാവസായിക സംരംഭങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കുമെല്ലാം പ്രത്യേകമായ ഇടങ്ങള്‍ നിശ്ചയിക്കണം. കേരളത്തിന്റെ ഭൂപ്രകൃതി വന്‍കിട വ്യവസായ സംരംഭങ്ങള്‍ക്ക് ഒട്ടുമേ അനുഗുണമല്ല എന്ന വസ്തുതയും ചേര്‍ത്തു വായിക്കണം. കേരളത്തിന്റെ പാരിസ്ഥിതിക ഘടനയോട് താദാത്മ്യപ്പെടുന്ന ചെറിയ സംരംഭങ്ങള്‍ ധാരാളമായി പ്രോത്സാഹിപ്പിക്കപ്പെടണം.
നിര്‍മാണരീതിയാണ് മറ്റൊന്ന്. കേരളത്തില്‍ ഇന്നുള്ള നിര്‍മാണ രീതി തന്നെ തുടരണോ വേണ്ടയോ എന്നത് പരിശോധിക്കപ്പെടണം. വലിയ തോതില്‍ പാറയും മണലും ആവശ്യമായ രീതിയിലാണ് നമ്മുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. കുറഞ്ഞ അളവില്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്ന കെട്ടിട നിര്‍മാണ രീതികളുണ്ട്. ഓരോ സ്ഥലത്തും ലഭ്യമാകുന്ന വസ്തുക്കളുപയോഗിച്ചുള്ള വിവിധ നിര്‍മാണ രീതികള്‍ പരീക്ഷിക്കണം. ബദല്‍ നിര്‍മാണ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി പ്രഗത്ഭരായ ആര്‍ക്കിടെക്ടുകള്‍ കേരളത്തില്‍ തന്നെയുണ്ട്. കേരളത്തിന് പുറത്തുമുണ്ട്. അത്തരം വിദഗ്ധരുടെ സേവനം ഇക്കാര്യത്തില്‍ തേടണം. എല്ലാത്തരം കെട്ടിടങ്ങള്‍ക്കൊപ്പവും ഊര്‍ജം ജനറേറ്റ് ചെയ്യുന്ന യൂനിറ്റുകള്‍കൂടി ഉണ്ടാകണമെന്ന് വ്യവസ്ഥ ചെയ്യണം. ബയോഗ്യാസ്, സോളാര്‍ പാനല്‍ തുടങ്ങിയവ ആ നിലയില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. മാലിന്യ സംസ്‌കരണ സംവിധാനവും രൂപപ്പെടുത്തണം. മാലിന്യ സംസ്‌കരണത്തിലൂടെയും ഊര്‍ജം കത്തൊനുള്ള ഇരട്ട സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം.
മഹാപ്രളയം കേരളത്തിലെ കാര്‍ഷിക മേഖലയിലും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പച്ചക്കറികള്‍, തോട്ടവിളകള്‍, നാണ്യവിളകള്‍, നെല്ല് അടക്കമുള്ള പല വിളകളും പൂര്‍ണമായും നശിച്ചിട്ടുണ്ട്. ഇരച്ചുകയറിയ വെള്ളം കൃഷിയിടമാകെ ചെളിനിറച്ചിട്ടുണ്ടാകും. മണ്ണിന്റെ സ്വാഭാവികതയിലും ജൈവാംശത്തിലും ഗുണനിലവാരത്തിലുമെല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ടാകും. ഈ മാറ്റങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യണം. മലയോരത്തെ മണ്ണ് പ്രളയജലത്തിന്റെ ഒഴുക്കില്‍ കായല്‍ തീരങ്ങളിലും ഇടനാട്ടിലും എത്തിപ്പെട്ടിട്ടുണ്ട്. 25000 ഹെക്ടര്‍ നെല്‍കൃഷിയാണ് നശിച്ചത്. പല വയലുകളും ഇല്ലാതായി. അടുത്ത വിളയിറക്കാന്‍ നിലമൊരുക്കല്‍ വലിയ വെല്ലുവിളിയാണ്. നിലവിലുണ്ടായിരുന്ന സാഹചര്യം തുടരുക സാധ്യമല്ല. മണ്ണിന്റെ സ്വാഭാവികതയില്‍ വന്ന മാറ്റം കൃത്യതയോടെ പഠനവിധേയമാക്കണം. പല പ്രദേശങ്ങളും മുമ്പുായിരുന്ന കൃഷികള്‍ക്ക് ഇപ്പോള്‍ അനുയോജ്യമാവണമെന്നില്ല. അതേസമയം മറ്റ് വിളകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മണ്ണ് പാകപ്പെട്ടിട്ടുമുണ്ടാവും. ഇതുകൂടി കണക്കിലെടുത്ത് കാര്‍ഷിക മേഖലയെ പുനര്‍നിര്‍ണയിക്കണം
കൃഷിരീതിയില്‍ മാറ്റം വരുത്തുന്നതിന്റെ സാധ്യതകള്‍ ആരായേണ്ടതുണ്ട്. മണ്ണിന്റെ മാറ്റവും സാഹചര്യവും മാത്രമല്ല കൃഷിയെ ലാഭകരമാക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം. കര്‍ഷകര്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനവും പരിഗണനയും ഉാവണം. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും പ്രകൃതിക്ഷോഭങ്ങളും ആദ്യം ബാധിക്കുക കര്‍ഷകരെയാണ്. ഓരോ വിളവെടുപ്പും വലിയ പരീക്ഷണമാണ് കര്‍ഷകര്‍ക്ക്. ഈ സ്ഥിതി മാറുകയും കര്‍ഷകര്‍ക്ക് ഏതു സാഹചര്യത്തിലും സാമൂഹികസുരക്ഷയും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പുവരുത്തുകയും വേണം.
ലോകത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റിയ കാല്‍വെപ്പായിരുന്നു കേരളത്തിലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം. ജനാഭിപ്രായങ്ങള്‍ കൂടി ആരാഞ്ഞ് ഏറെ സൂക്ഷ്മതയോടെ തയാറാക്കിയ നിയമമായിരുന്നു അത്. കേരളത്തിലെ അവശേഷിക്കുന്ന നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയുമെങ്കിലും സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നിയമനിര്‍മാണം. എന്നാല്‍ ഈ നിയമത്തെ അട്ടിമറിക്കുന്ന ഭേദഗതിയാണ് പ്രതിപക്ഷത്തിന്റെയും വിവിധ ജനകീയ കൂട്ടായ്മകളുടെയും എതിര്‍പ്പ് വകവെക്കാതെ സര്‍ക്കാര്‍ കൊുവന്നത്. ഈ ഭേദഗതി പിന്‍വലിച്ച് നിയമത്തെ 2008-ലെ അതിന്റെ പൂര്‍വ നിലയിലേക്ക് തിരിച്ചു കൊണ്ടുവരണം. അതി ഭീകരമായ കുടിവെള്ള ക്ഷാമം നേരിടേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുളളത്. പ്രളയത്തിനു ശേഷം അവശേഷിച്ച നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കണം. അവശേഷിച്ചിരുന്ന പല നീര്‍ത്തടങ്ങളും നെല്‍വയലുകളും ഉപയോഗശൂന്യമായിക്കഴിഞ്ഞെന്ന് നാം തിരിച്ചറിയണം. പുതുതായി ചില നീര്‍ത്തടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. നിലവിലുള്ള നീര്‍ത്തടങ്ങളെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് നവകേരള നിര്‍മാണത്തില്‍ കൈക്കൊള്ളേണ്ടത്.
കേരളത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ധാതുസമ്പത്ത്. തീരപ്രദേശങ്ങളിലെ കരിമണല്‍ മുതല്‍ മലയോര മേഖലകളിലെ കരിങ്കല്ല് വരെ നിരവധി ധാതുക്കളാണ് കേരളത്തെ സമ്പുഷ്ടമാക്കുന്നത്. കേരളത്തിലെ കെട്ടിട നിര്‍മാണത്തില്‍ പ്രകൃതി വിഭവങ്ങളുടെ ധാരാളിത്തത്തിന് ഒരു കാരണം സുലഭമായ ഈ ധാതുസമ്പത്ത് തന്നെയാണ്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വന്‍തോതില്‍ ധാതുസമ്പത്തുണ്ടെന്നതും അവയില്‍ പലരും കണ്ണുവെക്കുന്നുവെന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. ഖനനം നിയന്ത്രിതമായി നടത്താനേ അനുവാദം നല്‍കാവൂ. ദൗര്‍ഭാഗ്യവശാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഓരോ ഘട്ടത്തിലും ഉള്ള നിയന്ത്രണങ്ങള്‍ കൂടി ഇല്ലാതാക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഖനന ലോബിക്ക് ഉത്സവ കാലമായിരുന്നു എന്നു പറയണം. പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ തുടര്‍ന്ന് അടച്ചുപൂട്ടിപ്പോയ രണ്ടായിരത്തിലധികം ക്വാറികള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാനുള്ള അവസരമാണ് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതിലൂടെ നിലവിലെ ഇടതു സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. കക്കാടംപൊയില്‍ അടക്കമുള്ള മേഖലകളിലെ വലിയ തോതിലെ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായത് ഇത്തരം അനിയന്ത്രിത ഖനനങ്ങളാണ്. ഖനനം സമ്പൂര്‍ണമായി ദേശസാല്‍ക്കരിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള ധാതുക്കള്‍ ആവശ്യമായ അളവില്‍ മാത്രം സര്‍ക്കാര്‍ വിപണനം നടത്തുകയും ചെയ്യുന്ന രീതിയാണ് കൊുവരേണ്ടത്.
കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷത്തിനിടക്ക് നാം നേരിട്ട വലിയ വെല്ലുവിളിയാണ് മാലിന്യനിര്‍മാര്‍ജനം. അതിനു മുമ്പ് അത്തരം ഒരു സ്ഥിതിവിശേഷത്തെപ്പറ്റി കാര്യമായ ചിന്ത പോലുമില്ലായിരുന്നു. ഇന്ന് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇത് കനത്ത വെല്ലുവിളിയാണ്. പ്രളയാനന്തരം പുഴകളില്‍നിന്നും മറ്റും പുറന്തള്ളപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ളവയുടെ അളവ് അമ്പരപ്പിക്കുന്നതാണ്. പ്ലാസ്റ്റിക്കുകള്‍, ഡിസ്‌പോസബിള്‍ വസ്തുക്കള്‍ എന്നിവക്ക് കര്‍ശന നിയന്ത്രണവും റീസൈക്ലിംഗിന് സാധ്യതയുള്ളവക്ക് പ്രോത്സാഹനവും നല്‍കുന്നത് മാലിന്യങ്ങളുടെ അളവ് കുറക്കാന്‍ വഴിയൊരുക്കും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌കരിക്കാനുള്ള രീതിയും രൂപപ്പെടുത്തണം.
മാലിന്യ നിര്‍മാര്‍ജനത്തിലെ വലിയ പ്രഹേളിക ആണ് പ്ലാസ്റ്റിക് മാലിന്യം. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ തൃപ്തികരമായ ഉത്തരം കൊടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിയാറില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരുകയും ചെയ്യുന്നു. പ്ലാസ്റ്റിക് ഉപഭോഗം കുറക്കാനാവുമെങ്കിലും സമ്പൂര്‍ണമായി ഇല്ലാതാക്കാനാവില്ല. പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനത്തെ ഒരു ബദല്‍ രീതിയായി വികസിപ്പിക്കാനുള്ള സാധ്യതയാണ് ആരായേണ്ടത്. ഇതില്‍ ഒരു സാധ്യത പ്ലാസ്റ്റിക് റോഡുകളാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി 7500 കിലോമീറ്റര്‍ റോഡ് ഈ സാധ്യത ഉപയോഗപ്പെടുത്തി നാഷ്‌നല്‍ റൂറല്‍ റോഡ് ഡെവലപ്‌മെന്റ് ഏജന്‍സീസ് നിര്‍മിച്ചിട്ടുണ്ട്. നിലവിലെ റോഡ് നിര്‍മാണ രീതി നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഉറപ്പും ആയുസ്സും പ്ലാസ്റ്റിക് റോഡുകള്‍ക്കുണ്ട് എന്നാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തവര്‍ അവകാശപ്പെടുന്നത്. ഈ മേഖലയില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും വൈദഗ്ധ്യമുള്ള തമിഴ്‌നാട്ടിലെ ഡോ. രാജഗോപാലന്‍ വാസുദേവനെപ്പോലുള്ളവരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരമൊരു ബദലിന്റെ സാധ്യത കൂടി പരിശോധിക്കണം.
ഊര്‍ജമാണ് വലിയ പ്രതിസന്ധി നേരിടുന്ന മറ്റൊരു മേഖല. നിലവില്‍ ജലവൈദ്യുത പദ്ധതികളെയാണ് കേരളം ഏറെ ആശ്രയിക്കുന്നത്. ഡാമുകളെ ആശ്രയിച്ചാണ് അവ നിലകൊള്ളുന്നത്. പ്രളയജലം ഡാമുകളെ നിറച്ചെങ്കിലും അതു വന്നപോലെ കുത്തിയൊലിച്ചുപോയി. അഭൂതപൂര്‍വമായി റിസര്‍വോയറുകള്‍ വറ്റിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍. തുലാമഴയാണ് ഇനി പ്രതീക്ഷ. കൂടുതല്‍ വൈദ്യുതി ആവശ്യമായ സന്ദര്‍ഭത്തില്‍ വലിയ നഷ്ടം സംഭവിച്ച കെ.എസ്.ഇ.ബിക്ക് കൂടുതല്‍ ഉല്‍പാദനം നടത്താനുള്ള ശേഷിയോ വിഭവങ്ങളോ ഇല്ല എന്നതാണ് സ്ഥിതി. കേന്ദ്രീകൃതമായ വലിയ പദ്ധതികള്‍ ഇനി പുതുതായി ആരംഭിക്കാനാവില്ല. അപ്പോള്‍ ചെറിയ തോതിലുള്ള ഊര്‍ജോല്‍പാദന യൂനിറ്റുകള്‍ ഉണ്ടായിവരിക എന്നതാണ് പോംവഴി. കൊച്ചിന്‍ എയര്‍പോര്‍ട്ട് സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ചെറിയ ഒരു സോളാര്‍ പാനല്‍ യൂനിറ്റ് സജ്ജീകരിക്കണമെന്ന വ്യവസ്ഥ വെച്ചാല്‍ പത്തു ശതമാനം ഊര്‍ജം ആ അളവില്‍ ഉണ്ടാക്കാനാവും. തദ്ദേശ സ്ഥാപനങ്ങള്‍ മനസ്സു വെച്ചാല്‍ വ്യത്യസ്ത പാരമ്പര്യേതര മാര്‍ഗങ്ങളിലൂടെ അതത് പ്രദേശത്ത് ആവശ്യമുള്ള ഊര്‍ജത്തിന്റെ പത്തു ശതമാനം കൂടി ഉണ്ടാക്കാനാവും. അത്തരം സാധ്യതകളെ വിപുലപ്പെടുത്തേിയിരിക്കുന്നു.
പരിസര മലിനീകരണം കുറഞ്ഞതും ചെലവു കുറഞ്ഞതുമായ സി.എന്‍.ജി വാഹനങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടണം. സ്വകാര്യവാഹനങ്ങളുടെ പെരുപ്പം കുറക്കാന്‍ പൊതുഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുക എന്നത് മുന്‍നിര്‍ത്തി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നടപ്പിലാക്കുകയാണ് വേണ്ടത്. ഈ രംഗത്ത് ഇന്ത്യയില്‍ തന്നെ നിരവധി വിദഗ്ധരുണ്ട്. റോഡുകളുടെ നിര്‍മാണത്തിലും മറ്റും വകുപ്പുകള്‍ തമ്മില്‍ കോഡിനേഷന്‍ ഇല്ലാത്തതുമൂലം സംഭവിക്കുന്ന അധിക നിര്‍മാണ ബാധ്യതകള്‍ ഇല്ലാതാക്കണം.
കേരളത്തിലെ വലിയ മനുഷ്യ വിഭവമാണ് പ്രവാസികള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല മേഖലകളിലും കഴിവ് തെളിയിച്ച ഒട്ടനവധി പ്രഗത്ഭമതികള്‍ പ്രവാസികളിലുണ്ട്. പ്രവാസികളെ പണം തരുന്ന യന്ത്രങ്ങളായി മാത്രമേ നാം കാണുന്നുള്ളൂ. പ്രളയാനന്തര കേരളത്തിന്റെ നിര്‍മാണത്തില്‍ പ്രവാസികളുടെ സമ്പത്ത് തേടിയാണ് മന്ത്രിമാര്‍ യാത്രാ പ്ലാനുകളൊക്കെയും തയാറാക്കിയിരിക്കുന്നത്. കേരള പുനര്‍നിര്‍മാണത്തിന് വ്യത്യസ്ത മേഖലകളില്‍ സാങ്കേതികമായും വൈജ്ഞാനികമായും സംഭാവന ചെയ്യാന്‍ കഴിയുന്ന പ്രഗത്ഭരായ പ്രവാസികളെ കത്തെി അവരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള നീക്കവും ഉാകണം.
സാങ്കേതിക അറിവുകളേക്കാള്‍ പ്രായോഗിക അറിവുകള്‍ പ്രയോജനപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. പ്രളയജലം കേരളത്തെ ആകെ മുക്കിയപ്പോള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംവിധാനങ്ങളാകെ പകച്ചുനില്‍ക്കുകയായിരുന്നു. അതിശയിപ്പിക്കുന്ന രക്ഷാദൗത്യവുമായി അപ്പോഴെത്തിയത് കാറ്റിനെയും കോളിനെയും പ്രായോഗിക ജ്ഞാനത്തിലൂടെ മറികടക്കുന്ന മത്സ്യത്തൊഴിലാളികളായിരുന്നു. കേരള നവനിര്‍മാണത്തിന് ഇത് വലിയ പാഠമാണ്. പുതിയ കേരള നിര്‍മാണത്തിന് വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുടെയും സാധാരണ ജനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഒക്കെ വിലപ്പെട്ട സംഭാവനകള്‍ ആവശ്യമാണ്. ആദ്യം വേണ്ടത് മാസ്റ്റര്‍ പ്ലാനാണ്. അതു തയാറാക്കുന്നതില്‍ പൊതുജന പങ്കാളിത്തം കൂടി ഉറപ്പാക്കിയേ തീരൂ. ഏതോ രാജ്യത്തുള്ള ഒരു കണ്‍സള്‍ട്ടന്‍സി, കമീഷനു വേണ്ടി നടത്തുന്ന നിര്‍ദേശങ്ങളെ കണ്ണുംപൂട്ടി സ്വീകരിക്കുകയല്ല വേണ്ടത്. കേരളത്തിലെ ഭൂപ്രകൃതിയും സാധ്യതകളും അറിയുന്നവരുടെ പ്രായോഗിക നിര്‍ദേശങ്ങളും കൂടി ചേര്‍ത്തു വേണം കേരളത്തെ പുനര്‍നിര്‍മിക്കാന്‍.
Comments