Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 21

3068

1440 മുഹര്‍റം 10

ഖുര്‍ആനിലെ ഇസ്രായേല്‍ സന്തതികള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

[മുഹമ്മദുന്‍ റസൂലുല്ലാഹ്-70]

മുഹമ്മദ് നബിക്ക് തന്റെ പ്രബോധന ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടിയിരുന്നത് മക്കക്കാരെയും കഅ്ബാ സന്ദര്‍ശകരെയും മക്കയിലെ കമ്പോളങ്ങളില്‍ കച്ചവടത്തിന് എത്തുന്നവരെയുമായിരുന്നു. പക്ഷേ മക്കയിലോ മിനയിലോ (തീര്‍ഥാടകര്‍ വന്നെത്തുന്ന സ്ഥലം) വെച്ച് ജൂത-ക്രൈസ്തവ വിഭാഗങ്ങളില്‍നിന്നുള്ളവരെ അധികമൊന്നും അദ്ദേഹം കാണാന്‍ ഇടവന്നിട്ടില്ല. അതിനാല്‍ ഈ ഘട്ടത്തില്‍ അവതീര്‍ണമായ ഖുര്‍ആനിക സൂക്തങ്ങളില്‍ തൃതീയ പുരുഷനില്‍ (Third Person) മാത്രമാണ് ഇരുവിഭാഗങ്ങളും അഭിസംബോധന ചെയ്യപ്പെടുന്നത്. അവര്‍ പ്രതിനിധീകരിക്കുന്ന മതങ്ങളുടെ ദൈവിക ഉത്ഭവത്തെ അംഗീകരിക്കുന്ന അത്തരം സൂക്തങ്ങള്‍, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഏക ദൈവത്വത്തിന് സാക്ഷികളാവാന്‍ അവരെ ഉണര്‍ത്തുകയും ചെയ്യുന്നു.

തുടര്‍ന്ന്, പ്രവാചകന്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ക്ക് ഒരു പുതിയ തലം രൂപപ്പെടുന്നു. ഈ ഘട്ടത്തില്‍ അവതരിച്ച വിശുദ്ധ ഖുര്‍ആനിലെ ഒരു അധ്യായം1, ഖുര്‍ആന്‍ ദിവ്യവെളിപാടാണെന്ന് സ്ഥാപിച്ച ശേഷം ഫറോവക്ക് മോസസ് നല്‍കുന്ന സന്ദേശത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുന്നു; എന്നാല്‍ മുമ്പത്തേക്കാള്‍ വിശദാംശങ്ങളോടെ. അതിനു ശേഷം സോളമന്റെയും ശീബ രാജ്ഞിയുടെയും ജീവിത കഥ പറയുന്നു; ശീബ എങ്ങനെയാണ് 'ഇസ്‌ലാം' ആശ്ലേഷിച്ചതെന്നും. ഖുര്‍ആന്റെ ഭാഷയില്‍ (22:78) 'ഇസ്‌ലാം' എന്നാല്‍ ദൈവേഛക്ക് വിധേയപ്പെടലാണ്. ആ വിധേയപ്പെടലാണ് ഏതു കാലത്തും യഥാര്‍ഥ മതം. ആ വാക്ക് ആദ്യമായി പ്രയോഗിക്കുന്നത് അബ്രഹാമാണ്. 'ഇസ്രായേല്‍ സന്തതികള്‍ ഭിന്നിച്ച പല കാര്യങ്ങളിലും യഥാര്‍ഥ വസ്തുത എന്ത്' എന്നാണ് പിന്നീട് ഖുര്‍ആന്‍ ഊന്നിപ്പറയുന്നത്.2 ഈ സൂചനകള്‍ വെച്ച്, അക്കാലത്ത് ജൂതരില്‍ ചിലരെങ്കിലും പ്രവാചകനില്‍ വിശ്വസിച്ചുവെന്നും അവരെ മറ്റുള്ളവര്‍ തള്ളിപ്പറഞ്ഞുവെന്നും കരുതാമോ? ഏതായിരുന്നാലും പിന്നീട് അവതീര്‍ണമാകുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ ജൂതന്മാരിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നാം കാണുന്നത്. തുടര്‍ന്നുള്ള രണ്ട് അധ്യായങ്ങളില്‍3 മോസസിനെയും അദ്ദേഹത്തിന്റെ ദൗത്യത്തെയും വിശദമായി പരിചയപ്പെടുത്തുന്നു. 'തോറ'യെ ആ സൂക്തങ്ങളില്‍ പരിചയപ്പെടുത്തുന്നത്, ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ച പകരുന്നത്, അവരുടെ വഴികാട്ടി, അവര്‍ക്ക് നല്‍കപ്പെട്ട കാരുണ്യം എന്നൊക്കെയാണ്. ഇതേ അധ്യായത്തിലെ മറ്റൊരു പരാമര്‍ശം (17:103-103) ചില ജൂതന്മാര്‍ പ്രവാചകനില്‍ വിശ്വസിച്ചിരിക്കാമെന്ന സാധ്യതയെ നിരാകരിക്കുന്നുമില്ല.

''മോസസിന് നാം പ്രത്യക്ഷത്തില്‍ കാണാവുന്ന ഒമ്പത് തെളിവുകള്‍ (ആയാത്ത്) നല്‍കി. താങ്കള്‍ ഇസ്രായേല്‍ സന്തതികളോട് ചോദിച്ചുനോക്കുക: അദ്ദേഹം അവരിലേക്ക് ചെന്ന സന്ദര്‍ഭം. അപ്പോള്‍ ഫറോവ പറഞ്ഞു: 'മോസസ്, നിന്നെ മാരണം ബാധിച്ചതായാണ് ഞാന്‍ കരുതുന്നത്.' മോസസ് പറഞ്ഞു: 'ഉള്‍ക്കാഴ്ചയുണ്ടാക്കാന്‍ പോന്ന ഈ തെളിവുകള്‍ ഇറക്കിയത് ആകാശഭൂമികളുടെ നാഥനല്ലാതെ മറ്റാരുമല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഫറോവാ, നിങ്ങള്‍ തുലഞ്ഞവനാണെന്നാണ് ഞാന്‍ കരുതുന്നത്.' അപ്പോള്‍ അവരെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഫറോവ തീരുമാനിച്ചു. എന്നാല്‍ അയാളെയും അയാളുടെ കൂടെയുള്ളവരെയും നാം മുക്കിക്കൊന്നു.''

ദൈവത്തിന്റെ അടയാളങ്ങളോ ദൃഷ്ടാന്തങ്ങളോ ആയ 'ഒമ്പത് തെളിവുകള്‍' മോസസിന് ലഭിച്ച പത്തു കല്‍പനകള്‍ തന്നെയാണ്. സാബത്ത് നാളിനെക്കുറിച്ച ഒരു കല്‍പ്പന മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. പ്രവാചകന്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെടാന്‍ ഇടവന്ന ജൂതന്മാരുടെ അന്വേഷണങ്ങളാവാം മേല്‍പ്പറഞ്ഞ വിശദീകരണത്തിന് നിദാനം. ഫറോവയെ മുക്കിക്കൊന്ന കാര്യം4 പരാമര്‍ശിച്ചത് മക്കയിലെ അവിശ്വാസികള്‍ക്കുള്ള ഒരു താക്കീതായും എടുക്കാം. ഇതിനിടയില്‍ പ്രവാചകനും മക്കയിലെ അവിശ്വാസികളും തമ്മിലുടലെടുത്ത വാദപ്രതിവാദങ്ങളില്‍ ചില ജൂതന്മാര്‍ വളരെയേറെ ഉത്സുകരായി. പ്രവാചകത്വത്തിന്റെ ഗുണവിശേഷങ്ങളൊന്നും മുഹമ്മദ് നബിക്കില്ല എന്ന് അവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവണം. പിന്നെയുള്ള ഖുര്‍ആനിക സൂക്തങ്ങളില്‍5, മോസസിനെക്കുറിച്ചും ആരണിനെ(ഹാറൂന്‍)ക്കുറിച്ചും ദീര്‍ഘമായി സംസാരിക്കവെ, 'വിവരങ്ങള്‍ വ്യക്തമായി വന്നുകിട്ടിയ ശേഷമാണ് ജൂതന്മാര്‍ ഭിന്നിച്ചത്' എന്നും സൂചിപ്പിക്കുന്നുണ്ടല്ലോ. 'താങ്കള്‍ക്ക് നാം അവതരിപ്പിച്ചു തന്നതില്‍ താങ്കള്‍ക്ക് വല്ല സംശയവും ഉണ്ടെങ്കില്‍, വേദങ്ങള്‍ പാരായണം ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ. തീര്‍ച്ചയായും, താങ്കള്‍ക്ക് ലഭിച്ചിട്ടുള്ളത് ദൈവത്തില്‍നിന്നുള്ള പരമസത്യം തന്നെയാണ്. അതിനാല്‍ സംശയാലുക്കളില്‍ താങ്കള്‍ പെട്ടു പോകരുത്' എന്നും ഉണര്‍ത്തുന്നു. ചരിത്രകാരന്മാര്‍6 ജൂതന്മാരും മക്കക്കാരും തമ്മില്‍ നടത്തിയിരുന്ന ആശയക്കൈമാറ്റത്തെക്കുറിച്ചും ഹിജ്‌റക്കു മുമ്പ് തന്നെ ഇരുപത് ക്രിസ്ത്യാനികള്‍ ഇസ്‌ലാം സ്വീകരിച്ചതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. തൊട്ടുടനെ അവതരിച്ച അധ്യായത്തിലെ ഉള്ളടക്കത്തിലും അത് പ്രതിഫലിക്കുന്നുണ്ട്.7 പറയുന്നത് ഇതാണ്: അല്ലാഹു മോസസിന് വേദം നല്‍കി, പക്ഷേ, അദ്ദേഹത്തിന്റെ ജനം അതേക്കുറിച്ച് തര്‍ക്കിക്കാനും സംശയിക്കാനും തുടങ്ങി. അതേസമയം മോസസിന് നല്‍കപ്പെട്ട വേദത്തിന്റെ/വേദങ്ങളുടെ സ്രോതസ്സ് ദൈവികമാണെന്നും ബൈബിളില്‍ പറയുന്ന പ്രവാചകന്മാര്‍ (നോഹ, അബ്രഹാം, ഇശ്മയേല്‍, ഇസാഖ്, ജേക്കബ്, ജോസഫ്, മോസസ്, ആരണ്‍, ലോത്ത്, എലിഷ, സഖരിയ, ഏലിയാസ്, ജോബ്, ജീസസ്, ജോണ്‍ ദ ബാപ്റ്റിസ്റ്റ് പോലുള്ളവര്‍) ദൈവനിയുക്തരായവര്‍ തന്നെയെന്നുമുള്ള ഖുര്‍ആന്റെ അംഗീകാരം,8 അവരില്‍ ചിലര്‍ക്കെങ്കിലും നന്നായി മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടാവണം. അവസാനം സൂചിപ്പിച്ച ഖുര്‍ആന്‍ ഖണ്ഡികയില്‍ പതിനെട്ടു പ്രവാചകന്മാരെ പേരെടുത്തു പറഞ്ഞശേഷം മുഹമ്മദ് നബിയെ ഇങ്ങനെ ഉണര്‍ത്തുന്നു: 'ദൈവം മാര്‍ഗദര്‍ശനം നല്‍കിയവരാണിവര്‍. അവരുടെ മാര്‍ഗത്തെ പിന്‍പറ്റുക.' ഈ പ്രവാചകന്മാരില്‍ ചിലരെക്കുറിച്ച ബൈബിള്‍ വിവരണം വായിച്ചാല്‍ അവര്‍ അനുകരണീയ മാതൃകാ വ്യക്തിത്വത്തിന്റെ ഉടമകളായിരുന്നു എന്ന് പറയാന്‍ പ്രയാസപ്പെടും. മക്കക്കാരില്‍ ബൈബിള്‍ വിവരണങ്ങള്‍ നന്നായി അറിയുന്നവര്‍ ആരുമുണ്ടായിരുന്നില്ലെങ്കിലും, ഇതു സംബന്ധമായി ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെട്ടിരുന്നു. അതിനുള്ള മുഴുവന്‍ ഉത്തരങ്ങളും തൃപ്തികരമായ രീതിയില്‍ ഖുര്‍ആന്‍ നല്‍കുന്നത് പ്രവാചകന്റെ മദീനാ ജീവിത കാലത്താണെന്നു മാത്രം. പക്ഷേ, ജൂത ചരിത്രവുമായി ബന്ധപ്പെട്ട സൂചനകള്‍ മക്കാ ജീവിത കാലത്തിറങ്ങിയ സൂക്തങ്ങളിലും കൃത്യതയോടെ ഉള്‍ച്ചേര്‍ക്കപ്പെട്ടിരുന്നു. ജൂതന്മാര്‍ ദിവ്യസന്ദേശങ്ങളില്‍ മാറ്റം വരുത്തിയ കാര്യമൊക്കെ പില്‍ക്കാലത്ത് മദീനയില്‍ അവതീര്‍ണമായ സൂക്തങ്ങളിലാണ് കാണാനാവുക. അതേസമയം, ബൈബിള്‍ പഴയ നിയമത്തിന് ചരിത്രത്തില്‍ ഉണ്ടായ ദുര്‍ഗതി എല്ലാവര്‍ക്കും അറിവുള്ളതാണ്. അവിശ്വാസികളായ അതിക്രമികള്‍, അച്ചടി ഇല്ലാതിരുന്ന അക്കാലത്ത്, രണ്ടു തവണയാണ് പഴയ നിയമത്തിന്റെ പ്രതികള്‍ പൂര്‍ണമായി നശിപ്പിച്ചത്. ഈ രണ്ടു തവണയും ഒരു വ്യക്തിയുടെ ഓര്‍മയില്‍നിന്നാണ് അത് വീണ്ടും പകര്‍ത്തി പുസ്തകരൂപത്തിലാക്കിയത്. പകര്‍ത്തിയതാകട്ടെ തലമുറകള്‍ കഴിഞ്ഞ ശേഷവും. നഷ്ടപ്പെട്ടുപോയ വേദവാക്യങ്ങളെ കണ്ടെടുക്കുന്നവര്‍ എത്ര വിശുദ്ധാത്മാക്കളാണെങ്കിലും ഓര്‍മെത്തറ്റുകള്‍ വരാതിരിക്കില്ല. നിലവിലുള്ള പഴയ നിയമത്തില്‍ മുമ്പ് നഷ്ടപ്പെട്ടുപോയ അധ്യായങ്ങളിലേക്കുള്ള സൂചനകള്‍ നമുക്ക് കാണാം. ചിലപ്പോള്‍ ബൈബിള്‍ പാഠമേതാണ്, അതിന്റെ വിശദീകരണമേതാണ് എന്ന് തിരിച്ചറിയാന്‍ കഴിയാതെ രണ്ടും കൂടിക്കലര്‍ന്ന നിലയിലുമായിരിക്കും. പകര്‍പ്പെഴുത്തുകാരുടെ അശ്രദ്ധയാവാം കാരണം. മോസസിലേക്ക് ചേര്‍ക്കപ്പെടുന്ന ഒരു ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ മരണ വിവരവും പ്രതിപാദിക്കുന്നത് അതുകൊണ്ടാണ്. ചിലപ്പോള്‍ ദുരൂഹമായ പരാമര്‍ശങ്ങളില്‍ മതനേതാക്കള്‍ വ്യക്തതക്കു വേണ്ടി ചില മാറ്റങ്ങളും വരുത്തും.

കൈയെഴുത്തു പ്രതികളിലെ വ്യത്യാസങ്ങള്‍ വളരെയധികമാണ്. ഇവ നൂറുകണക്കിനല്ല, ആയിരക്കണക്കിനാണ്. ഈയടുത്ത് കണ്ടെടുക്കപ്പെട്ട ചാവുകടല്‍ ചുരുളുകള്‍ ഏറക്കുറെ യേശുവിന്റെ കാലത്തേതാണെന്നാണ് പറയപ്പെടുന്നത്. അവ വെച്ച് തുലനം ചെയ്യുകയാണെങ്കില്‍ നിലവിലുള്ള ടെക്സ്റ്റുകളില്‍ വളരെ പ്രധാനമായ ഒട്ടനവധി തിരുത്തലുകള്‍ വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജൂത ആവാസ ഭൂമികൡലുണ്ടായിരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും പരസ്പര പോരുകളും നമുക്ക് അവഗണിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് സോളമന്‍ രാജാവ്, കലാപമുണ്ടാക്കിയതിന് ജെറബോം(ഖലൃീയീമാ) എന്നയാളെ പുറത്താക്കുന്നുണ്ട്. അയാള്‍ പിന്നീട് വിഗ്രഹാരാധകനായി മാറി. എന്നു മാത്രമല്ല, പത്ത് ജൂത ഗോത്രങ്ങളെ തന്റെ പിന്നില്‍ അണിനിരത്തുകയും ചെയ്തു. അതേസമയം സോളമന്റെ മകനും പിന്തുടര്‍ച്ചാവകാശിയുമായ റൊബോമി(ഞീയീമാ)ന് രണ്ട് ജൂത ഗോത്രങ്ങളെ മാത്രമേ തന്നോടൊപ്പം നിര്‍ത്താനായുള്ളൂ. ഇവര്‍ തമ്മിലുള്ള പോരുകള്‍ അവരുടെ എഴുത്തുകളെയും ബാധിക്കുമല്ലോ. ജെറബോമിന്റെ പക്ഷക്കാര്‍ സോളമന്റെ കുടുംബത്തിനെതിരെ പല ദുരാരോപണങ്ങളും ഉന്നയിച്ചിരിക്കാനിടയുണ്ട്. അവയും ടെക്സ്റ്റുകളില്‍ കയറിപ്പറ്റും. കൃത്യമായ വിവരത്തിന്റെ അഭാവത്തില്‍, ഏതാണ് യഥാര്‍ഥ ടെക്സ്റ്റ്, ഏതൊക്കെയാണ് കൂട്ടിച്ചേര്‍ത്തത് എന്ന് വേര്‍തിരിക്കുക ദുഷ്‌കരം; പില്‍ക്കാലത്ത്, ജൂതസമൂഹത്തിന് അത്യന്തം പ്രശ്‌നസങ്കീര്‍ണമായ ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും. സോളമനെതിരെ സത്യനിഷേധം ആരോപിക്കുന്ന നിലവിലെ ബൈബിളിലെ പരാമര്‍ശം ഇങ്ങനെ വന്നു ചേര്‍ന്നതാകാം. ഖുര്‍ആന്‍ അത് ശക്തമായി നിഷേധിച്ചിട്ടുണ്ട് (2:102).

എന്തായിരുന്നാലും, പിന്നീട് അവതരിക്കുന്ന ഖുര്‍ആന്‍ അധ്യായങ്ങളില്‍ ജൂതന്മാര്‍ അറിഞ്ഞുകൊണ്ട്, വളരെ മനപ്പൂര്‍വം സത്യവചനങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുകയാണെന്നും വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോപിക്കുന്നുണ്ട്.9 അതേസമയം, ആ സമൂഹത്തിന്റെ ഗുണഗണങ്ങള്‍ എടുത്തു പറയുന്നതില്‍ ഖുര്‍ആന്‍ ഒട്ടും പിശുക്ക് കാണിക്കുന്നില്ലെന്നതും നമ്മെ അത്ഭുതപ്പെടുത്തും. ''ഇസ്രായേല്‍ സന്തതികള്‍ക്ക് നാം വേദഗ്രന്ഥവും യുക്തിജ്ഞാനവും പ്രവാചകത്വവും നല്‍കി. നല്ല വസ്തുക്കള്‍ അവരെ ഭക്ഷിപ്പിച്ചു. ലോകരേക്കാളെല്ലാം അവരെ ഉത്കൃഷ്ടരാക്കി. വ്യക്തമായ പ്രമാണങ്ങളും (കല്‍പ്പനകള്‍) അവര്‍ക്ക് നല്‍കി'' (45:16,17).

പിന്നെയുള്ള ഒരു സൂക്തം10 ഇങ്ങനെ: 'ഇതിനു മുമ്പ് മോസസിന്റെ ഗ്രന്ഥം ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും കാരുണ്യവുമായി വന്നിട്ടുണ്ട്. ഇതാകട്ടെ മുമ്പുള്ളതിനെ ശരിവെക്കുന്ന അറബിയിലുള്ള ഗ്രന്ഥവും.' മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഖുര്‍ആന്‍ ബൈബിളിന്റെ പ്രതിയോഗിയല്ല. അതിലുള്ള സത്യവചനങ്ങളെ സാക്ഷ്യപ്പെടുത്തുകയും പിന്തുണക്കുകയുമാണ് ഖുര്‍ആന്‍. പിന്നെ വരുന്ന ഒരു ഖുര്‍ആന്‍ അധ്യായത്തില്‍ മോസസിന്റെ ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങളെ (ജലിമേലtuരവ), 'സത്യാസത്യങ്ങളെ വേര്‍തിരിക്കുന്നതും വെളിച്ചം നല്‍കുന്നതും' ആണെന്ന് വിശേഷിപ്പിക്കുന്നു.11

(തുടരും)

 

 

കുറിപ്പുകള്‍

1. ഖുര്‍ആന്‍ XLVIII/27: 1-44, 76

2. ഇക്കാര്യം വിശദീകരിക്കാന്‍ ചില ഉദാഹരണങ്ങള്‍ പറയാം. 'ഉല്‍പ്പത്തി' യിലെ വിവരണമനുസരിച്ച് (22:2) ദൈവം അബ്രഹാമിനോട് കല്‍പ്പിക്കുന്നു: 'ബലിയര്‍പ്പിക്കുക, നിന്റെ മകനെ, നിന്റെ ഏക മകനെ, അവന്‍ നിനക്ക് ഏറ്റവും പ്രിയപ്പെട്ടവനല്ലോ.' പുറപ്പാടിലും (13:2, 12/22:29) സംഖ്യ, പുസ്തകത്തിലും (3:13, 8:17), ബലിയര്‍പ്പിക്കപ്പെടേണ്ടത് ആദ്യം ജനിച്ച പുത്രനാണ്. നിയമപ്രകാരം അങ്ങനെയാണ് വരേണ്ടത്. യിസാഖ് ആവട്ടെ അബ്രഹാമിന്റെ ആദ്യ പുത്രനല്ല; ആ പിതാവിന്റെ ജീവിതത്തിലൊരിക്കലും യിസാഖ് ഒരേയൊരു പുത്രനുമായിരുന്നിട്ടുമില്ല. ബലിയറുക്കപ്പെടാന്‍ തെരഞ്ഞെടുക്കപ്പെട്ടത് ഇസ്മാഈല്‍ ആയിരുന്നുവെന്ന ഖുര്‍ആന്‍ വിവരണം (37:112) ആണ് അതിനാല്‍തന്നെ യുക്തിഭദ്രം. യാതൊരു മുറുമുറുപ്പോ പതര്‍ച്ചയോ ഇല്ലാതെ ആദ്യജാതനെ ബലിയറുക്കാന്‍ അബ്രഹാം സന്നദ്ധനായപ്പോള്‍ അതിനുള്ള പാരിതോഷികമായാണ് അബ്രഹാമിന്റെ രണ്ടാമത്തെ ഭാര്യയും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.

മറ്റൊരു ഉദാഹരണം. സാമുവല്‍ ഒന്നാം പുസ്തകത്തിലെ (അധ്യായം: 7)-ലെ വിവരണപ്രകാരം, സാവുള്‍ (Saul) രാജാവായി നിയമിക്കപ്പെടുന്നത് നറുക്കെടുപ്പിലൂടെയാണ്; അത് ദൈവേഛക്ക് എതിരാണെന്നും പറയുന്നു. അതിലെ തന്നെ 9-ാം അധ്യായത്തില്‍, ദൈവനിര്‍ദേശപ്രകാരം സാമുവല്‍, സാവുളിനെ രാജാവായി നിയമിക്കുകയായിരുന്നു എന്നുമുണ്ട്. അധ്യായം പതിനൊന്നില്‍ എത്തുമ്പോള്‍, ശത്രുവിനെ ആട്ടിയോടിച്ച ഒരു സംഘം പടയാളികളുടെ നേതാവായി വന്ന സാവുള്‍ സ്വയം രാജാവായി പ്രഖ്യാപിക്കുകയായിരുന്നു. ഖുര്‍ആന്‍ പറയുന്നത് (2:246) ഇങ്ങനെ: ഇസ്രാഈല്യര്‍ സാമുവലിനോട് തങ്ങള്‍ക്കൊരു രാജാവിനെ നിശ്ചയിച്ചുതരാന്‍ ആവശ്യപ്പെട്ടു. അത് വേണ്ടെന്നായിരുന്നു സാമുവലിന്റെ ഉപദേശം. ഇസ്രായേല്യര്‍ നിര്‍ബന്ധിച്ചപ്പോള്‍ സാവുളിനെ രാജാവായി നിശ്ചയിച്ചു കൊടുത്തു.

ആരണ്‍ ഒരു സ്വര്‍ണപ്പശുവിനെ ഉണ്ടാക്കി. അതിനെ ആരാധിക്കാന്‍ ഉത്തരവിട്ടു (പുറപ്പാട് 32:4; 24). ഇതിന് നേര്‍വിരുദ്ധമായി ഖുര്‍ആന്‍ പറയുന്നു (7:150, 20:90-94), പശുക്കുട്ടിയെ ആരാധിക്കരുതെന്നാണ് ആരണ്‍ തന്റെ ജനതയോട് ആവശ്യപ്പെട്ടത്. അതില്‍ രോഷാകുലരായി അദ്ദേഹത്തെ അപായപ്പെടുത്താന്‍ വരെ അവര്‍ തുനിഞ്ഞു.

'രാജാക്കന്മാര്‍' രണ്ടാം പുസ്തകത്തില്‍ (11:7) പറയുന്നത്, സോളമന്‍ അവിശ്വാസി ആയെന്നും വിഗ്രഹാരാധന ഇഷ്ടപ്പെട്ടുവെന്നുമാണ്. ഈ ദുരാരോപണത്തെ ഖുര്‍ആന്‍ ശക്തമായി ഖണ്ഡിക്കുകയും അദ്ദേഹത്തിന്റെ നിരപരാധിത്വം ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നു (2:102).

3. ഖുര്‍ആന്‍ XLIX/28:43, L/17:2

4. ജൂതന്മാര്‍ അവരുടെ കലണ്ടറിലെ 'നിസ്സാന്‍' മാസം (ഏഴാം മാസമാണിത്) ഇത് ആചരിച്ചുവരുന്നുണ്ട് (അതോടനുബന്ധിച്ച് വ്രതം ഇല്ല). ഒരു പ്രവാചക വചനത്തില്‍ (ബുഖാരി 30:68 No. 4, മുസ്‌ലിം 13, No 128, ഇബ്‌നുമാജ, No 1734, അബൂദാവൂദ് 14:64, ദാരിമി 4:46, ഇബ്‌നു ഹമ്പല്‍ I, 291, 310, 336, 340‑, II‑, 359‑, IV-409) ഇതിനെ ഒരു ജ്യൂയിഷ് വ്രതവുമായി (Yom Kippur എന്നാണ് ഈ ദിവസത്തിന് പറയുക. അത് തിശ്‌രി മാസം പത്തിനാണ്) ബന്ധിപ്പിക്കുന്നുണ്ട്. ''ആശൂറാ ദിവസം ജൂതന്മാര്‍ നോമ്പെടുക്കുന്നതു കണ്ട് പ്രവാചകന്‍ അതേക്കുറിച്ച് അവരോട് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'ദൈവം ഇസ്രാഈല്യരെ രക്ഷപ്പെടുത്തിയ ദിനമാണത്. പ്രവാചകന്‍ മോസസ് ആ ദിനം നോമ്പെടുത്തിരുന്നു.' അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'നിങ്ങളേക്കാള്‍ മോസസിനോട് അടുത്ത് നില്‍ക്കുന്ന വനാണ് ഞാന്‍.' അങ്ങനെ ആ ദിവസം പ്രവാചകന്‍ നോമ്പെടുത്തു. അനുയായികളോട് നോമ്പെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.'' ആശൂറാ ദിനത്തെക്കുറിച്ച് മറ്റൊരു നിരീക്ഷണം കൂടിയുണ്ട്. പ്രവാചകന്‍ തന്നെ നല്‍കുന്ന സൂചനയനുസരിച്ച് (ത്വബരി-താരീഖ് 1, 197-198, ഇബ്‌നു കസീര്‍-തഫ്‌സീര്‍ കക 44711:44 സൂക്തത്തിന്റെ വ്യാഖ്യാനം) പ്രളയാനന്തരം പ്രവാചകന്‍ നോഹ കരപറ്റിയ ദിവസം കൂടിയാണത്. നന്ദിസൂചകമായി അന്നേ ദിവസം അദ്ദേഹം നോമ്പെടുക്കുകയും ചെയ്തു. അബ്രഹാമീ-ഇസ്മാഈലീ പാരമ്പര്യത്തിന്റെ ഭാഗമായി മക്കക്കാരും ഒപ്പം പ്രവാചകനും ആ ദിവസം നോമ്പെടുത്തിരുന്നു (ബുഖാരി 30:1, No: 3, 30:68, ചീ 3, 63:25, ഇബ്‌നു ഹമ്പല്‍ ഢക, 162). അന്നേ ദിവസം തന്നെ മറ്റൊരു പ്രവാചകനായ മോസസിന് ദൈവം മറ്റൊരു അനുഗ്രഹം ചൊരിഞ്ഞു എന്നത് ആ ദിവസത്തിന്റെ പവിത്രത വര്‍ധിപ്പിക്കുന്നു. ഇസ്‌ലാം ആദം മുതല്‍ക്കുള്ള വിശ്വ മതദര്‍ശനം എന്ന നിലക്ക് ഇതിനെയൊക്കെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ്. മോസസ് ജൂതന്മാരുടെ മാത്രം പ്രവാചകനല്ല, മുസ്‌ലിംകളുടെയും പ്രവാചകനാണ്.

5. ഖുര്‍ആന്‍ LI/10:7594

6. വസാഇഖ് No 43, ഇബ്‌നു ഹിശാം,  പേജ് 192,259

7. ഖുര്‍ആന്‍ LII/11:110

8. ഖുര്‍ആന്‍ LII/11:17, LXVI/46:12, XXIII/53:36, LV/6 : 83-90

9. ഖുര്‍ആന്‍ LXI/41:45, LXII/42:14, LXV/45:16-18

10. ഖുര്‍ആന്‍ LXVI/46:12

11. ഖുര്‍ആന്‍ LXXIII/21:48

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (28 - 35)
എ.വൈ.ആര്‍

ഹദീസ്‌

വര്‍ധിക്കുന്ന കൊലപാതകങ്ങള്‍
കെ.സി സലീം കരിങ്ങനാട്