Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 21

3068

1440 മുഹര്‍റം 10

ലൈംഗികത, സ്വവര്‍ഗ വിവാഹം, സദാചാരം

ശൈഖ് മുഹമ്മദ് കാരകുന്ന്

പല പടിഞ്ഞാറന്‍ നാടുകളിലുമെന്ന പോലെ ഇന്ത്യയിലും സുപ്രീം കോടതി സ്വവര്‍ഗ വിവാഹം നിയമപരമായി അനുവദിച്ചിരിക്കുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികവേഴ്ചക്ക് അനുവാദമുള്ള രാജ്യത്ത് ഇത്തരമൊരു വിധി വന്നതില്‍ ഏറെയൊന്നും അത്ഭുതപ്പെടാനില്ല. ജീവിതത്തെ തീര്‍ത്തും ഭൗതികവാദപരമായി വീക്ഷിക്കുന്നവര്‍ മത, ധാര്‍മിക, സദാചാര നിയമങ്ങളെയും മാനവിക മൂല്യങ്ങളെയും അംഗീകരിക്കണമെന്ന് വാശി പിടിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല.

ഭൗതിക വീക്ഷണത്തില്‍ മനുഷ്യന്‍ കേവലം ഒരു ജന്തുവാണ്. സംസാരിക്കുന്ന മൃഗം എന്നാണ് പഴയകാലത്ത് അവനെ പരിചയപ്പെടുത്തിയിരുന്നത്. ചാള്‍സ് ഡാര്‍വിന്‍ മനുഷ്യനെ സംബന്ധിച്ച് സംസാരിച്ചപ്പോഴൊക്കെയും അവന്റെ ശരീരത്തെപ്പറ്റിയും അതിലുണ്ടായ പരിണാമത്തെയും പറ്റിയാണ് പറഞ്ഞത്.

അത് വിശദീകരിച്ചുകൊണ്ട് ഫ്രെഡറിക് എംഗല്‍സ് പറയുന്നു: 'കൈ ജോലി ചെയ്യാനുള്ള ഒരായുധമല്ല. അത് ജോലിയുടെ ഒരു ഉല്‍പ്പന്നം കൂടിയാണ്. ജോലിയിലൂടെ മനുഷ്യന്റെ കൈ വന്‍ തോതിലുള്ള പൂര്‍ണത നേടി. അതിന് റാഫേലിന്റെ ചിത്രങ്ങളും തോര്‍വാട്ട്‌സെനിന്റെ ശില്‍പങ്ങളും പഗാനിയുടെ സംഗീതവും രചിക്കാന്‍ സാധിച്ചു' (The Influence  of Work in the Evolution of Man കാണുക).

കൈകള്‍ അല്ല ഇതൊന്നും ചെയ്യുന്നതെന്ന കാര്യം എംഗല്‍സ് സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. കൈയുള്ളവരൊക്കെ ചിത്രം വരക്കുകയോ ശില്‍പം നിര്‍മിക്കുകയോ സംഗീതം രചിക്കുകയോ ചെയ്യാറില്ലല്ലോ. കൈയില്ലാത്തവരും അതൊക്കെ ചെയ്യാറുമുണ്ട്.

കുട്ടികള്‍ക്കു വേണ്ടി മലയാളത്തില്‍ തയാറാക്കപ്പെട്ട പുസ്തകത്തില്‍ ഇത് കുറേക്കൂടി വ്യക്തമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു. അതനുസരിച്ച് നമ്മുടെ പൂര്‍വികര്‍ വനാന്തരങ്ങളിലെ വൃക്ഷത്തലപ്പുകളില്‍ ഓടിച്ചാടി നടക്കുന്ന വാനരന്മാരായിരുന്നു. അവിടെയുള്ള പഴങ്ങള്‍ പറിച്ചുതിന്നാണ് ജീവിച്ചിരുന്നത്. പഴം തിന്നു തീര്‍ന്നപ്പോള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നു. കായ്കനികള്‍ കഴിക്കാന്‍ തുടങ്ങി. മരക്കൊമ്പുകളിലെ പഴം അടിച്ചു വീഴ്ത്താനും എറിയാനുമായി മുന്നിലെ കാലുകള്‍ ഉപയോഗിച്ചപ്പോള്‍ ക്രമേണ അവ കൈകളായി മാറി . വാലറ്റ് പോവുകയും  താടിയെല്ല്  വളരുകയും നട്ടെല്ല് നിവരുകയും രോമം കൊഴിഞ്ഞുപോവുകയും ചെയ്തപ്പോള്‍ വാനരന്‍ നരനായി മാറി (ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'ബാലസംഘം എന്ത് എന്തിന്', പേജ് 122,123). എംഗല്‍സ് മനുഷ്യനെത്തന്നെ തൊഴിലിന്റെ ഒരുപകരണമായാണ് കാണുന്നത്. മനുഷ്യന്‍ അവന്റെ പരിതോവസ്ഥയുടെയും ജോലിയുടെയും ഉല്‍പന്നമാണ് (ഉദ്ധരണം: ഇസ്‌ലാം രാജമാര്‍ഗം, പേജ് 23).

മനസ്സുപോലും കൈകളെടുത്ത ജോലിയിലൂടെ രൂപപ്പെട്ടതാണെന്ന് ഭൗതികവാദികള്‍ അവകാശപ്പെടുന്നു. എച്ച്. ബെര്‍ എഴുതുന്നു: 'മനുഷ്യന്റെ കരങ്ങളാണ് അവന്റെ മനസ്സംബന്ധിയായ വികാസത്തിന് ഹേതുവും പ്രോത്സാഹനവും നല്‍കുന്നത്.'

 

ജീവിതവീക്ഷണം

മനുഷ്യന്‍ ശരീരകേന്ദ്രിതമായ ജന്തുവാണെങ്കില്‍ സ്വാഭാവികമായും ജീവിത ലക്ഷ്യം ശാരീരിക താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണമായിരിക്കും. മനസ്സിന്റെയും ആത്മാവിന്റെയും ആവശ്യങ്ങള്‍ അപ്പോള്‍ അവഗണിക്കപ്പെടുക അനിവാര്യമത്രെ. കാള്‍ മാര്‍ക്‌സ് എഴുതുന്നു: ''നമ്മുടെ ബോധവും ചിന്തയും ഇന്ദ്രിയങ്ങള്‍ക്ക് അഗോചരമാണെങ്കിലും  ഭൗതിക ജഡത്തിലെ അവയവമായ മസ്തിഷ്‌കത്തിന്റെ സൃഷ്ടിയായാണ് കണക്കാക്കപ്പെടുന്നത്. പദാര്‍ഥം മനസ്സിന്റെ ഉല്‍പ്പന്നമല്ല. മറിച്ച് മനസ്സ് സ്വയം തന്നെ പദാര്‍ഥത്തിന്റെ ഏറ്റവും പരമോന്നതമായ ഒരു ഉത്പന്നം മാത്രമാണ്'' (K. Marx: Selected Works, volume: 1. page: 322).


തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക തുടങ്ങിയ ശാരീരിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണമാണ് ഭൗതിക വീക്ഷണത്തില്‍ ജീവിത ലക്ഷ്യം. നാസ്തിക ദാര്‍ശനികനായ ആള്‍ഡസ് ഹക്‌സ്‌ലി  പറയുന്നു: 'നിങ്ങള്‍ക്ക് ഇന്ന് ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന ഒരു  ആനന്ദവും ഒരു കാരണവശാലും നാളേക്ക് മാറ്റിവെക്കരുത്.' പ്രമുഖ സ്വിസ് ചിന്തകനായ കാര്‍ ജാസ്‌പേഴ്‌സ് എഴുതി: 'ജീവിതപാതയില്‍ സ്ഥായിത്വം നല്‍കുന്ന ഒന്നേയുള്ളൂ. അത്യന്താനുഭൂതിയാണത്.'

 

മൂല്യനിരാസം

ജീവിതത്തിന്റെ പരമമായ ലക്ഷ്യം പരമാവധി ആസ്വദിക്കലാണെന്നു വരുമ്പോള്‍ അതിന് തടസ്സമായി നില്‍ക്കുന്ന എല്ലാറ്റിനെയും നിരാകരിക്കുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഭൗതിക ദര്‍ശനങ്ങള്‍  മനുഷ്യരാശി തലമുറ തലമുറകളായി പിന്തുടര്‍ന്നു വരുന്ന എല്ലാ മൂല്യങ്ങളെയും ധാര്‍മിക, സദാചാര നിയമങ്ങളെയും നിരാകരിച്ചു. ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് വാദിക്കുന്നു: 'മനുഷ്യന്റെ ജന്മവാസനകള്‍ക്ക് തഴച്ചുവളരാന്‍ വിഘാതം വരുത്തുന്ന മൂല്യ സങ്കല്‍പങ്ങളും സാമൂഹിക സമ്മര്‍ദങ്ങളുമാണ് എല്ലാ ദുരിതങ്ങളുടെയും മൂലകാരണം.' പ്രശസ്ത ഭൗതിക ദാര്‍ശനികനായ ഇമ്മാനുവല്‍ കാന്റ്, 'മനുഷ്യരെ നിയമങ്ങളും ചട്ടങ്ങളും ചിട്ടകളും വ്യവസ്ഥകളും പഠിപ്പിക്കുന്ന ഗുരുവര്യന്മാരും മാതാപിതാക്കളുമാണ് അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍' എന്ന് പ്രഖ്യാപിക്കുന്നു.

ഴാന്‍ പോള്‍ സാര്‍ത്രെ പറയുന്നു: 'മനുഷ്യ ജീവിതത്തെ നയിക്കാനുതകുന്ന തത്ത്വങ്ങളോ വിശ്വാസപ്രമാണങ്ങളോ ഒന്നുമില്ല.' 'മാനുഷികമായ നന്മയെന്നത് വെറും കെട്ടുകഥയാണ്' എന്നവകാശപ്പെടുന്ന അദ്ദേഹം 'ദൈവം ഇല്ല, അതിനാല്‍ എല്ലാം അനുവദനീയമാണ്' എന്നും വാദിക്കുന്നു.

'ക്രിയക്കുശേഷം നല്ലതെന്ന് തോന്നുന്നതാണ്  സദാചാരം, ചീത്തയെന്ന് തോന്നുന്നതാണ് ദുരാചാരം' എന്ന് ഏണസ്റ്റ് ഹെമിംഗ്‌വെ.

'നന്മയെന്നത് ഒരു പേരു മാത്രമാണ്' എന്ന് നിക്കോളോ മാക്യവല്ലിയും അവകാശപ്പെടുന്നു.

കാള്‍ മാര്‍ക്‌സ് പറയുന്നു: 'ഉല്‍പാദന രീതികളാണ് സാമൂഹിക-രാഷ്ട്രീയ-വൈജ്ഞാനിക ജീവിതം നിര്‍ണയിക്കുന്നത്' (A Contribution to the Critique of Political Economy - Preface).

'തൊഴിലാളിയെ സംബന്ധിച്ചേടത്തോളം നിയമവും സദാചാരവും മതവും എല്ലാം വെറും ബൂര്‍ഷ്വാ പക്ഷപാതിത്വങ്ങള്‍ ആണ്' (മൂലധനം, വാള്യം 1. രണ്ടാം പതിപ്പിനുള്ള അവസാന കുറിപ്പ്, പേജ് 22).

ഭൗതിക ദാര്‍ശനികന്മാര്‍ മുഴുവന്‍ മാനവിക മൂല്യങ്ങളെയും സദാചാര, ധാര്‍മിക നിര്‍ദേശങ്ങളെയും നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളത്.

മലയാളകവിക്ക് പറയാനുള്ളതും മറ്റൊന്നല്ല:

'സത്യമെന്നൊന്നില്ലല്ലോ

മിഥ്യയാണെല്ലാം വെറും

മര്‍ത്യ ഭാവനയുടെ

സ്വപ്‌നവും സങ്കല്‍പവും.'

 

കുടുംബം ചോദ്യം ചെയ്യപ്പെടുന്നു

ഭൗതികവാദികളുടെ വീക്ഷണത്തില്‍ കുടുംബം അനാവശ്യവും അപകടകരവുമാണ്. സ്വകാര്യസ്വത്ത് സംരക്ഷിക്കാനായി രൂപീകരിക്കപ്പെട്ടതാണ് കുടുംബമെന്ന് കമ്യൂണിസം നിരീക്ഷിക്കുന്നു (കാള്‍ മാര്‍ക്‌സും ഫ്രെഡറിക് എംഗല്‍സും കൂടി രചിച്ച 'വ്യക്തി, കുടുംബം, സമൂഹം' എന്ന കൃതി കാണുക).

മതനിരാസത്തിന്റെ മുദ്രയണിഞ്ഞ സ്ത്രീവാദികള്‍ കുടുംബ ഘടനയെയും സദാചാര സങ്കല്‍പത്തെയും ചോദ്യം ചെയ്യുന്നു. ഗീത എഴുതുന്നു: 'ഒരാള്‍ക്ക് സ്വന്തം ലൈംഗികത കൊണ്ടോ സ്വവര്‍ഗ ലൈംഗികത കൊണ്ടോ ആനന്ദം അനുഭവിക്കാവുന്നതാണ്. പക്ഷേ ബലപ്രയോഗത്തിലൂടെ അത് അരുതാത്തതാണെന്ന് പറയാനുള്ള അവകാശമില്ലേ? ആണോ പെണ്ണോ ആയവര്‍ക്ക് ആണോ പെണ്ണോ ആയവരുമായി ലൈംഗികാനുഭവം പങ്കിടാം. ഉഭയസമ്മത പ്രകാരമായിരിക്കണം' (പ്രണയം, ലൈംഗികത, അധികാരം, പേജ് 91). കുടുംബമെന്ന സ്ഥാപനത്തെ പുരുഷാധിപത്യത്തിന്റെ സൃഷ്ടിയായാണ് അവര്‍ കാണുന്നത്. 'മാതൃത്വം പെണ്ണിന്റെ ജൈവമായ ഒരവസ്ഥയാണ്. ഇതിനെ കൃത്രിമമായ ഒരു സാമൂഹിക സ്ഥാപനമാക്കി മാറ്റുകയാണ് പുരുഷാധിപത്യം ചെയ്തതെന്ന് കാണാം' (അതേ പുസ്തകം, പേജ് 99).

ഭര്‍ത്താവില്‍നിന്ന് മാത്രമേ ഗര്‍ഭം ധരിക്കാവൂ എന്ന കുടുംബ ഘടനയെ ഒരു തിന്മയായാണ് ഭൗതികവാദികള്‍ വീക്ഷിക്കുന്നത്. 'സമൂഹം അംഗീകരിച്ച ആചാരങ്ങളിലൂടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ശേഷം ഭര്‍ത്താവിലൂടെ മാത്രമേ ഗര്‍ഭം ധരിക്കാവൂ എന്ന് ലിഖിതമായി തന്നെ  വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വ്യവസ്ഥയെ കണ്ണടച്ച് അംഗീകരിക്കുന്ന പൊതു സാമൂഹിക മൂല്യങ്ങളില്‍നിന്നാണ് അവിവാഹിതരായ അമ്മമാര്‍ ഉണ്ടാകുന്നത്' (പുസ്തകം, പേജ് 99). ഇത് അംഗീകരിക്കപ്പെടുന്നതോടെ മനുഷ്യന്‍ മൃഗസമാനനായി മാറുന്നു. വിവാഹവും കുടുംബജീവിതവും ജന്തുലോകത്തിന് അന്യമാണല്ലോ. 'പാറി നടക്കും പറവകളൊന്നും വേളി കഴിക്കാറില്ലെന്ന്' പാടി നടക്കുന്നവര്‍ വിളംബരം ചെയ്യുന്നതും ഈ ആശയം തന്നെയാണല്ലോ.

 

സദാചാരത്തിന്റെ ദാര്‍ശനികാടിത്തറ

മനുഷ്യനെയും ജീവിതത്തെയും സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം ഭൗതികതയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. മനുഷ്യന്‍ കേവലം ഒരു ജന്തുവല്ല. ദൈവത്തിന്റെ സവിശേഷമായ സൃഷ്ടിയാണ്. അവന് ശരീരം മാത്രമല്ല, മനസ്സും ആത്മാവുമുണ്ട്. ആത്മാവ് സന്നിവേശിക്കപ്പെട്ടതിനാലാണ് അവന്‍ മനുഷ്യനായി മാറിയത്, അഥവാ ജന്തുതയില്‍നിന്ന് മാനവതയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

താന്‍ എവിടെ ജനിക്കണമെന്നും ആരുടെ മകനാകണമെന്നും ഏത് കാലക്കാരനാകണമെന്നും ഏത് ഭാഷ സംസാരിക്കണമെന്നും തന്റെ ശരീരം എങ്ങനെ ആകണമെന്നതുമുള്‍പ്പെടെ തന്നെപ്പറ്റി ഒന്നും തീരുമാനിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത, തന്റെ ജന്മത്തിലും വളര്‍ച്ചയിലും ഒരു പങ്കും വഹിക്കാന്‍ കഴിയാത്ത മനുഷ്യന്‍ ഒരിക്കലും സര്‍വതന്ത്ര സ്വതന്ത്രനല്ല. അവന് ഒന്നിന്റെ മേലും പൂര്‍ണമായ ഉടമാവകാശമില്ല. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഉള്‍പ്പെടെ ഒന്നും അവന്‍ ഉണ്ടാക്കിയതല്ലല്ലോ.

അതിനാല്‍ സ്രഷ്ടാവായ ദൈവത്തിനു മാത്രമേ മനുഷ്യന്റെ മേല്‍ പരമമായ ഉടമാവകാശമുള്ളൂ. അവന്റെ കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവും ദൈവദത്തമായതിനാല്‍ അവയുടെ മേലുള്ള ഉടമാവകാശവും അവനു മാത്രമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശത്തിന്റെ ഭാഗമാണിത്. അതുകൊണ്ടുതന്നെ അവന്റെ ജീവനും ജീവിതവും ആയുസ്സും ആരോഗ്യവും എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള  പരമാധികാരം പ്രപഞ്ചനാഥനായ ദൈവത്തിനു മാത്രമേയുള്ളൂ. ശരീരത്തിലെ ഓരോ അവയവവും ഉപയോഗപ്പെടുത്തുന്നത് ദൈവനിശ്ചിതമായ നിയമങ്ങള്‍ക്കനുസൃതമായിരിക്കണം. മുഴു ജീവിത മേഖലകളിലുമെന്നപോലെ ലൈംഗിക ജീവിതത്തിലും മനുഷ്യന്‍ സ്വീകരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും എന്തൊക്കെയെന്ന് ഇസ്‌ലാം കൃത്യമായി പഠിപ്പിക്കുന്നുണ്ട്. ജന്മസിദ്ധമായി മനുഷ്യനില്‍ നിലീനമായ ലൈംഗികവികാരം ശമിപ്പിക്കാന്‍ അനുവദിക്കപ്പെട്ട ഏക മാര്‍ഗം വൈവാഹിക ജീവിതമാണ്. അതുകൊണ്ടുതന്നെ അനിയന്ത്രിതമായ ലൈംഗികബന്ധം ഇസ്‌ലാം അനുവദിക്കുന്നില്ല. സദാചാര ലംഘനം സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നിയമ നിര്‍ദേശങ്ങള്‍ കൃത്യമായി അത് നല്‍കുകയും ചെയ്യുന്നു. കണ്ണിനെയും കാതിനെയും നാക്കിനെയും കണിശമായി നിയന്ത്രിക്കാന്‍ കല്‍പിക്കുന്നു. സമീപനത്തിലും ഇടപഴകലിലും കൃത്യമായ നിയമങ്ങള്‍ നല്‍കുന്നു. വിവാഹബാഹ്യ ബന്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ എല്ലാ നിയന്ത്രണങ്ങളും മുന്‍കരുതലുകളും എടുക്കണമെന്ന്  ശഠിക്കുന്നു.

 

കുടുംബ ജീവിതം

മനുഷ്യനുള്‍പ്പെടെ മുഴുവന്‍ ജീവജാലങ്ങളിലും ലൈംഗികത പ്രകൃത്യാ തന്നെ നിക്ഷേപിച്ചതിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് അവയുടെ അവിരാമമായ നിലനില്‍പ്പാണ്. ജന്മവാസനകള്‍ക്കനുസൃതമായി മനുഷ്യനൊഴിച്ചുള്ള ജീവികളെല്ലാം ഈ പ്രക്രിയ കൃത്യമായി നിര്‍വഹിക്കുന്നു.

മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന് ദീര്‍ഘകാലത്തെ പരിരക്ഷണം അനിവാര്യമാണ്. കോഴിക്കുഞ്ഞ് മുട്ടയില്‍നിന്ന് പുറത്തു വരുന്നതോടെ അരിമണി കൊത്തി തിന്നാന്‍ തുടങ്ങുന്നു. പശുക്കിടാവ് പിറന്നു വീഴുന്നതോടെ അതിന്റെ അമ്മയുടെ അകിടില്‍നിന്ന് പാല് കുടിക്കുന്നു. എന്നാല്‍ മനുഷ്യക്കുഞ്ഞിന് കരയാന്‍ മാത്രമേ കഴിയുകയുള്ളൂ.

കോഴിക്കുഞ്ഞ് ആരും പഠിപ്പിച്ചുകൊടുക്കാതെ തന്നെ കല്ലും അരി മണിയും തിരിച്ചറിയുന്നു. എന്നാല്‍ മനുഷ്യക്കുഞ്ഞ് ആരും നിയന്ത്രിച്ചില്ലെങ്കില്‍ സ്വന്തം വിസര്‍ജ്യം പോലും വാരിത്തിന്നും. അതിനാല്‍ മനുഷ്യന്റെ ശരീര വളര്‍ച്ചക്ക് മാത്രമല്ല, മാനസിക വികാസത്തിനും പരസഹായം അനിവാര്യമാണ്. മനുഷ്യന്‍ വളര്‍ത്തുന്ന കുരങ്ങിന് കുരങ്ങിന്റെ പ്രകൃതം ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. അത് മറ്റു കുരങ്ങന്മാരെ പോലെ തന്നെ വളരുകയും ജീവീക്കുകയും ചെയ്യും. എന്നാല്‍ കുരങ്ങന്‍ വളര്‍ത്തുന്ന മനുഷ്യക്കുഞ്ഞ് ഒരിക്കലും മറ്റു മനുഷ്യരെപ്പോലെ ആവുകയില്ല. എല്ലാം ചെയ്യുക കുരങ്ങനെപ്പോലെയായിരിക്കും. മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള പ്രകടമായ ഈ അന്തരം പോലും പലര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതാണ് ഏറെ വിചിത്രം.

മനുഷ്യരാശിയുടെ തുടര്‍ച്ചക്ക് കുടുംബം അനിവാര്യമായി വരുന്നത് അവന്റെ സവിശേഷമായ ഈ പ്രകൃതം കാരണമായാണ്. കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്ക് മാതാപിതാക്കളുടെ പരിചരണം അനിവാര്യമാണ്. കുടുംബത്തില്‍നിന്നും വീടുകളില്‍നിന്നും പിഴുതെടുത്ത് വളര്‍ത്തപ്പെടുന്ന കുട്ടികള്‍ എവ്വിധമായിരിക്കും എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ജര്‍മനിയില്‍ സംഭവിച്ചത്.

ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിക്കാനായി ഹിറ്റ്‌ലര്‍  ഒരു ബാലവാടി സ്ഥാപിച്ചു. പ്രത്യേകം തെരഞ്ഞെടുത്ത സുന്ദരന്മാരെയും സുന്ദരിമാരെയും കല്യാണം കഴിപ്പിച്ചു. അവരിലുണ്ടായ കുട്ടികളെ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അഛനമ്മമാര്‍ അവരെ കണ്ടിരുന്നില്ല. രണ്ടാം ലോക യുദ്ധാനന്തരം കുട്ടികളെ പരിശോധിച്ച മ്യൂണിച്ച്   യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോക്ടര്‍ തിയോഡര്‍ ഹെല്‍ബെഗ് പറയുന്നു: 'കുട്ടികള്‍ സുന്ദരന്മാരായിരുന്നു. പക്ഷേ അവരുടെ നോട്ടം തീര്‍ത്തും അചേതനമായിരുന്നു. പൊട്ടന്മാരെ പോലെയായിരുന്നു.'

വിവാഹം കുറയുകയും കുടുംബഘടന തകരുകയും സ്ത്രീകള്‍ പ്രസവിക്കാനും കുട്ടികളെ സംരക്ഷിക്കാനും വിമുഖത കാണിക്കുകയും ചെയ്തതിനാല്‍ യൂറോപ്പും അമേരിക്കയുമൊക്കെ വൃദ്ധന്മാരുടെ നാടുകളായി മാറുകയാണുണ്ടായത്. അവിടങ്ങളിലെ ഗ്രാമങ്ങള്‍ ശൂന്യമായിക്കൊണ്ടിരിക്കുന്നു. നഗരങ്ങള്‍ താരതമ്യേന ഭേദമാണെങ്കിലും പല പ്രദേശങ്ങളും തീര്‍ത്തും ജനശൂന്യങ്ങളായി മാറി എന്ന് പറയേിവരും. പുതിയ മാധ്യമം വാര്‍ഷികപ്പതിപ്പില്‍  ഇ. സന്തോഷ്‌കുമാര്‍ ആളൊഴിഞ്ഞ ഗ്രാമങ്ങളെക്കുറിച്ചാണ്  വിശദമായി എഴുതിയത് (2018).

ഇസ്‌ലാം കുടുംബത്തിന് വമ്പിച്ച പ്രാധാന്യമാണ് നല്‍കിയത്. അതിനെ ഒരു ദൈവിക സ്ഥാപനമായി പരിചയപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സ്വന്തം പേരാണ് കുടുംബത്തിന്  നല്‍കിയത്. മാതാവിന്റെ ഗര്‍ഭാശയത്തിനും അതേ പേരു തന്നെ നല്‍കി. മാതൃത്വത്തിനും കുടുംബത്തിനും ഇസ്‌ലാം നല്‍കിയ പ്രാധാന്യത്തെയാണിത് വിളംബരം ചെയ്യുന്നത്. ലൈംഗിക ജീവിതത്തെ നിയന്ത്രിക്കുന്ന ഇസ്‌ലാം നിശ്ചയിച്ച സദാചാരനിയമങ്ങള്‍ ഈ കുടുംബഘടനയെ ഭദ്രമാക്കാന്‍ അനിവാര്യമത്രെ. അതിന്റെ ലംഘനം കൊടിയ കുറ്റവും ശിക്ഷാര്‍ഹവുമാണ്.

 

സ്വവര്‍ഗരതി

വിവാഹബാഹ്യ ലൈംഗിക ബന്ധങ്ങള്‍ കുറ്റകൃത്യമായി കാണാത്ത അര്‍ജന്റീന, ബെല്‍ജിയം, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, കനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, മെക്‌സിക്കോ,  പോളണ്ട്, ന്യൂസിലന്റ്, നോര്‍വേ, ആഫ്രിക്ക, സ്വീഡന്‍, ഉറുഗ്വ, അമേരിക്കയിലെ ഇരുപതിലേറെ സ്റ്റേറ്റുകള്‍, ബ്രിട്ടനിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ളത്.

സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളും ഇണകളായി സൃഷ്ടിക്കപ്പെട്ടത് സ്വാഭാവിക രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ഇണചേരാനും ആണ്, അതിലൂടെ വംശവര്‍ധനവിനും. എതിര്‍ലിംഗത്തിലുള്ളവരുമായി ബന്ധപ്പെടലാണ് സ്വാഭാവികവും പ്രകൃതിപരവും. പ്രകൃതിവിരുദ്ധമായ എല്ലാം മനുഷ്യവിരുദ്ധവുമാണ്.

ദാമ്പത്യ ബന്ധത്തെ ഭദ്രമാക്കുന്നതിലും തകരാതെ നിലനിര്‍ത്തുന്നതിലും മുഖ്യമായ പങ്കുവഹിക്കുന്നത് മക്കളാണ്. ദമ്പതികള്‍ക്കിടയിലെ ബന്ധം ദുര്‍ബലമാവുകയും പ്രണയം ലോലമാവുകയും അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ ചേര്‍ത്തുനിര്‍ത്താറുള്ളത് ഇരുവരെയും കൂട്ടിയിണക്കുന്ന ശക്തമായ കണ്ണിയെന്ന നിലയില്‍ മക്കളാണ്. ഇരുവരുടെയും അവരോടുള്ള സ്‌നേഹവും അവരുടെ ഭാവിയെ സംബന്ധിച്ച ആകുലതകളും ബന്ധം പിരിയാതിരിക്കാന്‍ പ്രേരകമായിത്തീരുന്നു. സ്വവര്‍ഗ വിവാഹിതര്‍ക്കിടയില്‍ മക്കളില്ലാത്തതിനാല്‍ സ്വവര്‍ഗ വിവാഹം ദീര്‍ഘകാലം നീണ്ടുനില്‍ക്കാറില്ല. ഡേവിഡ് പാമാക്വേര്‍ട്ടര്‍, ആന്‍ഡ്രൂ എം. മാറ്റിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് 156 പുരുഷ ജോഡികളെ പഠിച്ച് തയാറാക്കിയ ഗവേഷണ പ്രബന്ധത്തില്‍ അവരില്‍ ഭൂരിഭാഗവും അഞ്ചു വര്‍ഷത്തില്‍ താഴെ മാത്രമേ ഒന്നിച്ച് ജീവിച്ചിട്ടുള്ളൂവെന്ന് വ്യക്തമാക്കുന്നു. ശരാശരി മൂന്നു വര്‍ഷം മാത്രമാണ് സ്വവര്‍ഗ വിവാഹിതര്‍ ഒന്നിച്ച് ജീവിച്ചതെന്ന് മറ്റൊരു പഠനത്തില്‍ പറയുന്നു.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വവര്‍ഗരതിയും സ്വവര്‍ഗ  വിവാഹവും അനുവദിക്കുന്നത് സമൂഹത്തിന് അപകടം വരുത്തിവെക്കും. സ്വാഭാവികമായും സ്വവര്‍ഗ വിവാഹിതര്‍ക്ക് കുടുംബമോ മക്കളോ ഉണ്ടാവുകയില്ല. വാര്‍ധക്യത്തില്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനും രാജ്യത്തിനും ആയിത്തീരും. സമൂഹം ഒന്നാകെ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്താല്‍ വലിയ വിപത്ത് ഉണ്ടാകുമെന്ന് ഉറപ്പുള്ള ഒന്ന് വ്യക്തികള്‍ക്ക് അനുവദിച്ചുകൊടുക്കുന്നത് നീതിയോ ന്യായമോ അല്ല. എല്ലാവരും സ്വവര്‍ഗ ഭോഗികളും സ്വവര്‍ഗ വിവാഹിതരുമായാല്‍ അതോടെ മനുഷ്യരാശി തന്നെ ഇല്ലാതാവും.

1973-ല്‍ അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ സ്വവര്‍ഗരതി മാറ്റിയെടുക്കാവുന്ന രോഗമായി ഗണിക്കാനാവില്ല എന്നും അത് ലൈംഗിക രൂപാന്തരമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. പിന്നീട് പലരും അതിനെ ചികിത്സിക്കാനാവാത്ത അവസ്ഥയായാണ് പരിഗണിക്കുന്നത്.  എന്നാല്‍ മദ്യപാനം, അക്രമവാസന പോലുള്ള പലതും ഈ ഗണത്തില്‍ പെടുന്നവയാണ്. അതിന്റെ പേരില്‍ ആണ് സ്വവര്‍ഗ രതി അനുവദിക്കുന്നതെങ്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും അനുവദിക്കേണ്ടി വരും. 

സ്വവര്‍ഗാനുരാഗവും പീഡോഫീലിയയും പോലെത്തന്നെ കണ്ണില്‍ കാണുന്ന  സുന്ദരികളെയൊക്കെ തുറിച്ചുനോക്കുന്ന കാമഭ്രാന്തന്മാരും കടന്നുപിടിക്കുന്ന സ്ത്രീലമ്പടന്മാരും സമൂഹത്തിലുണ്ട്. അവരെയൊന്നും മരുന്നുകൊടുത്ത് ചികിത്സിക്കുക സാധ്യമല്ല. ഇതൊക്കെയും ശരീര തൃഷ്ണകളാണ്. നല്ല ഇഛാശക്തിയിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ശാരീരികേഛകളെയും ഭോഗാസക്തിയെയും നിയന്ത്രിക്കാനും അതിജയിക്കാനും സാധിക്കും.  കര്‍ശന നിയമം അതിനനിവാര്യമാണ്. അതോടൊപ്പം സ്വന്തത്തില്‍ മാറ്റങ്ങളുാക്കാന്‍ യഥാര്‍ഥ ദൈവവിശ്വാസത്തിലൂടെയും സുദൃഢമായ മരണാനന്തര ജീവിതബോധത്തിലൂടെയും സാധിക്കും. ഇതിന് ചരിത്രത്തില്‍ എണ്ണിയാലൊടുങ്ങാത്ത സാക്ഷ്യങ്ങളുണ്ട്.

 

ഇസ്‌ലാമിക സമീപനം

ഇസ്‌ലാം വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യം അരാജകത്വമാണ്. നാട്ടിലും സമൂഹത്തിലും സത്യവും ധര്‍മവും നന്മയും നീതിയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും അതിനെ പിന്തുണക്കാനാവില്ല. വ്യക്തിയുടെ സ്വാതന്ത്ര്യം ദൈവിക നിയമ നിര്‍ദേശങ്ങളാലും സാമൂഹിക താല്‍പര്യങ്ങളാലും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. അരാജകത്വം  താന്തോന്നിത്തമാണ്. ദേഹേഛയെ ദൈവമാക്കുന്നവരാണ് ഇസ്‌ലാമിക വീക്ഷണത്തില്‍ അരാജകവാദികള്‍. അതുകൊണ്ടുതന്നെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ സുപ്രീംകോടതി വിധിയെ പിന്തുണക്കാന്‍ മൂല്യബോധമുള്ള ആര്‍ക്കും സാധ്യമല്ല.

വിവാഹബാഹ്യമായ എല്ലാ ബന്ധങ്ങളെയും കര്‍ക്കശമായി നിരോധിക്കുന്ന ഇസ്‌ലാം സ്വാഭാവികമായും സ്വവര്‍ഗ രതിയെയും ശക്തമായി വിലക്കുന്നു. ഗുരുതരമായ കുറ്റകൃത്യമായി കാണുന്നു. വിശുദ്ധ ഖുര്‍ആന്‍ ഏതാനും പ്രവാചകന്മാരുടെ  പ്രബോധന ചരിത്രമേ വിശദമായി വിവരിച്ചിട്ടുള്ളു. അതിലൊന്ന് ലൂത്വ് നബിയുടേതാണ്. അദ്ദേഹത്തിന്റെ ജനത സ്വവര്‍ഗരതിയില്‍ വിഹരിക്കുന്നവരായിരുന്നു. അവര്‍ അതിനെ മാന്യമായ കാര്യമായും സാമൂഹ്യമായ ആചാരമായും കണക്കാക്കിയിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അതിനെ മ്ലേഛ  വൃത്തി, നീച കമ്മം എന്നൊക്കെയാണ് വിശേഷിപ്പിച്ചത്. വ്യഭിചാരത്തിന് ഉപയോഗിക്കുന്ന അതേ പദമാണ് സ്വവര്‍ഗരതിക്കും പ്രയോഗിച്ചത്. മുമ്പ് ആരും ചെയ്യാത്ത ഹീനകൃത്യമെന്നും അതേക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു. അതിനാല്‍ ലൂത്വ് നബി അവരോട് ആ നീച പ്രവൃത്തിയില്‍നിന്ന് പിന്തിരിയാന്‍ അതിശക്തമായി ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ പ്രബോധനത്തില്‍ മുഖ്യ ഊന്നല്‍ നല്‍കിയതും അതിനുതന്നെ. പക്ഷേ ജനം അതംഗീകരിച്ചില്ല. അവര്‍ തങ്ങളുടെ ഹീന വൃത്തി തുടര്‍ന്നു. അതുകൊണ്ടുതന്നെ ആ ജനതയെ അല്ലാഹു സമൂലം നശിപ്പിച്ചു. ആ ജനതയും അവരുടെ വാസസ്ഥലങ്ങളും ചാവുകടലില്‍ മുങ്ങി പ്പോയതായാണ് മനസ്സിലാക്കപ്പെടുന്നത്. 

ഇസ്‌ലാം സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമായിട്ടാണ് കാണുന്നത്; നല്‍കപ്പെടേണ്ട ശിക്ഷയുടെ കാര്യത്തില്‍ പ്രവാചക ശിഷ്യന്മാര്‍ക്കിടയിലും പില്‍ക്കാല പണ്ഡിതന്മാര്‍ക്കിടയിലും അഭിപ്രായാന്തരങ്ങളുണ്ടെങ്കിലും. അല്ലാഹു നിശ്ചയിച്ച ലൈംഗികാസ്വാദന പരിധിയുടെ ലംഘനമായതിനാലാണ് അത് ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നത്; അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കും ശിക്ഷക്കും കാരണമായിത്തീരുന്നതും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (28 - 35)
എ.വൈ.ആര്‍

ഹദീസ്‌

വര്‍ധിക്കുന്ന കൊലപാതകങ്ങള്‍
കെ.സി സലീം കരിങ്ങനാട്