Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 21

3068

1440 മുഹര്‍റം 10

പുളിക്കൂല്‍ അബൂബക്കര്‍ ലാളിത്യവും സൗമ്യതയും മുഖമുദ്രയാക്കിയ അഭിഭാഷകന്‍

ടി.കെ ഹുസൈന്‍

കാല്‍ നൂറ്റാണ്ടിലധികം പരിചയമുള്ള, എല്ലാവരും ആദരവോടെ നോക്കിക്കാണുന്ന പുളിക്കൂല്‍ അബൂബക്കര്‍ സാഹിബ് നിര്യാതനായ വിവരം മനസ്സിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അദ്ദേഹവുമായി ഇടപെട്ട സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുതല്‍ നിയമ ഇടപെടലുകള്‍വരെയുള്ള കാര്യങ്ങള്‍ ഓര്‍മയിലെത്തി. സെപ്റ്റംബര്‍ 2-ന് ദല്‍ഹിയില്‍ നടക്കുന്ന  എ.പി.സി.ആറിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ ഞങ്ങളൊരുമിച്ച് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു സ്ട്രോക്ക് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ര് ദിവസം ചികിത്സക്ക് വിധേയനായ ശേഷം അദ്ദേഹം മരണപ്പെട്ടത്. 

അഞ്ച് പതിറ്റാണ്ടിലധികം നിയമരംഗത്ത് സജീവമായിരുന്ന വടകര സ്വദേശിയായ പുളിക്കൂല്‍ അബൂബക്കര്‍ അഭിഭാഷക വൃന്ദത്തിന്റെ ആദരവു പിടിച്ചുപറ്റിയ വ്യക്തിത്വമാണ്. സാമൂഹിക, സാംസ്‌കാരിക, നിയമ, മനുഷ്യാവകാശ രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ദേശീയ ഡെപ്യൂട്ടി ചെയര്‍മാന്‍, അഭിഭാഷക വേദിയായ ജസ്റ്റീഷ്യയുടെ വൈസ് പ്രസിഡന്റ്, എഫ്.ഡി.സി.എ കേരള ചാപ്റ്ററിന്റെ ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടു്. ഇന്ത്യന്‍ ലോയേര്‍സ് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ എന്നിവയില്‍ സജീവസാന്നിധ്യവുമായിരുന്നു.

നീതി നിഷേധിക്കപ്പെട്ടവരുടെ പക്ഷത്തു നിന്ന് അവര്‍ക്കുവേണ്ടി ധൈര്യപൂര്‍വം പോരാടിയ മികച്ചൊരു സംഘാടകനെ കൂടിയാണ് പുളിക്കൂലിന്റെ ദേഹവിയോഗത്തോടെ നഷ്ടമായത്. കോണ്‍ഗ്രസിലെ വയലാര്‍ രവി, എ.കെ ആന്റണി തുടങ്ങിയ സമശീര്‍ഷരായ ദേശീയ നേതാക്കളോടൊപ്പം എറണാകുളം ഡി.സി.സി ഭാരവാഹിത്വം വഹിച്ചിരുന്നു. ജീവിതത്തിലും പ്രവര്‍ത്തന ശൈലിയിലും അദ്ദേഹം ലാളിത്യവും സൗമ്യതയും കാത്തുസൂക്ഷിച്ചു. എല്ലാവരോടും സൗഹൃദം പുലര്‍ത്തിയിരുന്ന അഭിഭാഷകന്‍. ജീവിതത്തിലും പ്രവര്‍ത്തനത്തിലും ധാര്‍മിക പ്രതിബദ്ധത നിലനിര്‍ത്തി.

മത ധാര്‍മിക രംഗങ്ങളിലും അദ്ദേഹത്തിന്റെ സേവനം എടുത്തു പറയത്തക്കതാണ്. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഹിന്ദു-മുസ്ലിം ഡയലോഗിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. ഗോവിന്ദ് ഭരതിന്റെ കൂടെ വൈസ് ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചു. തന്റെ സംഘടനാ വൈഭവംകൊണ്ട് പ്രദേശവാസികളെ വലിയ തോതില്‍ സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

78-ലെത്തിയ ആ കര്‍മയോഗിയുടെ നിര്യാണത്തോടെ പിതൃസഹജമായ സ്നേഹം നല്‍കിയ നല്ല സഹപ്രവര്‍ത്തകന്‍, പ്രസ്ഥാന സ്നേഹി, നിയമ-പൗരാവകാശ മേഖലയിലെ നിശ്ശബ്ദ സേവകന്‍ തുടങ്ങിയ ഗുണങ്ങളുള്ള വ്യക്തിത്വമാണ് നഷ്ടമായത്.  ഹൈക്കോടതി ചേമ്പര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ വിവിധതുറകളിലുള്ള നിരവധി പേരാണ് എത്തിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എമാരായ വി.ഡി സതീശന്‍, പി.ടി തോമസ്, മുന്‍ എം.പിമാരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, പി.സി ചാക്കോ, മുന്‍ എം.എല്‍.എമാരായ എം.എം യൂസുഫ്, ബെന്നി ബെഹനാന്‍, ഡൊമനിക് പ്രസന്റേഷന്‍, ജസ്റ്റിസുമാരായ ദേവന്‍, രാമചന്ദ്രന്‍, എം.എം ഷഫീഖ്, സി.കെ റഹീം, എ. മുഹമ്മദ് മുഷ്താഖ്, മേരി ജോസഫ്, റിട്ടയേര്‍ഡ് ജസ്റ്റിസുമാരായ സിറിയക് ജോസഫ്, ഭാസ്‌കരന്‍, പി.കെ ഗോപിനാഥന്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍. നഗരേഷ്, ഇന്ത്യന്‍ ലോയേഴ്സ് പ്രസിഡന്റ് ടി. ആസിഫലി,  ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയവരും നിരവധി അഭിഭാഷകരും അദ്ദഹത്തിന്റെ വസതിയിലും കോടതിയിലും എത്തിച്ചേര്‍ന്നു. 

സഹധര്‍മിണി കോട്ടയം മൗലാനാ കുടുംബാംഗം മുംതാസ്, മകന്‍ അഡ്വ. ഷഹരിയാര്‍ ബക്കര്‍, മകള്‍ ഷെറിന്‍ ബക്കര്‍, മരുമകന്‍ നടുവിലകത്ത് ബഷീര്‍, മരുമകള്‍ അഡ്വ. റഹ്ന ഷുക്കൂര്‍. സര്‍വലോക രക്ഷിതാവായ നാഥന്‍ അദ്ദേഹത്തിന്റെ വീഴ്ചകളും പാപങ്ങളും പൊറുത്തു കൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ.

 

 

 

എം.എന്‍ അഹമ്മദ് മാസ്റ്റര്‍

ആയഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും സാമ്പത്തിക-സാമൂഹിക ചൂഷണങ്ങള്‍ക്കുമെതിരെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന വ്യക്തിയായിരുന്നു എം.എന്‍ അഹമ്മദ് മാസ്റ്റര്‍; നാട്ടുകാരുടെ  എമ്മെന്‍ മാഷ്. 

പ്രാദേശികമായി നവോത്ഥാനം പ്രയോഗവത്ക്കരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി 1968-ല്‍ ആയഞ്ചേരി മുസ്‌ലിം യുവജനസംഘം രൂപീകരിക്കാനും പള്ളി, മദ്‌റസ,  ഖബ്‌റിസ്ഥാന്‍ എന്നിവ യാഥാര്‍ഥ്യമാക്കാനും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. ഇന്നും സംഘടനാതീതമായി നിലകൊള്ളുന്ന മഹല്ലും പള്ളിയുമൊക്കെ മുസ്‌ലിം ഐക്യം സാധ്യമാക്കാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ഫലം കൂടിയാണ്.

പരന്ന വായനയും ആകര്‍ഷകമായ പ്രഭാഷണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ജനകീയനാക്കി. സമുദായത്തിന്റെ സാമൂഹികക്രമങ്ങള്‍ കുലമഹിമയാല്‍ നിര്‍ണയിക്കപ്പെട്ടിരുന്ന ആഢ്യ സംസ്‌കാരത്തെ തിരുത്താനുള്ള കൂട്ടായ്മ സൃഷ്ടിച്ചു എന്നതാവും അദ്ദേഹത്തിന്റെ സേവനസഞ്ചിയിലെ പൊന്‍തൂവല്‍. ബഹുജനസംഗമവേദികളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായത് ഈ പൊതുസമ്മതിയുടെ പ്രതിഫലനമായിരുന്നു.

സാമുദായിക ഉച്ചനീചത്വങ്ങളും ജാതിവാഴ്ചയും കൊടി പറത്തിയ നാളുകളില്‍ തന്റെ ക്ലാസ്മുറി ഇരിപ്പിടങ്ങള്‍ സമ്മിശ്രമാക്കാനും അരികു പറ്റിപ്പോയ വിഭാഗത്തെ പുസ്തകവും അനുബന്ധസാമഗ്രികളും നല്‍കി അറിവാലയത്തിലേക്ക് ആനയിക്കാനും അദ്ദേഹം കാട്ടിയ ഔത്സുക്യം എക്കാലത്തും ഓര്‍ക്കപ്പെടും. അധ്യാപനം ലഹരി പോലെ അദ്ദേഹം ആസ്വദിച്ചു. മൂന്ന് തലമുറകള്‍ വരെ ആ ജ്ഞാനപ്രസരണത്തിനു മുന്നിലിരുന്നിട്ടുണ്ട്.

ചേരാപുരം, കുറ്റ്യാടി, കായക്കൊടി, ആയഞ്ചേരി  എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം വലിയ ശിഷ്യസമ്പത്തിനുടമയായിരുന്നു. റിട്ടയര്‍മെന്റിനു ശേഷം പഴയങ്ങാടി വാദിഹുദ സ്‌കൂള്‍, പെരിങ്ങാടി അല്‍ഫലാഹ് സ്‌കൂള്‍, ആയഞ്ചേരി ഫാത്വിമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ കര്‍മനിരതനായി. ആദ്യ ജോലി സ്ഥലമായ കായക്കൊടി പ്രദേശത്തെ സ്വന്തത്തോട് ചേര്‍ത്തുവെക്കുകയും കര്‍മദേശത്തെ ജന്മനാടായി കരുതി അവിടത്തെ ദീനീപ്രവര്‍ത്തനങ്ങള്‍ക്ക് തിരി കൊളുത്തുകയും ചെയ്തു. കായക്കൊടി മഹല്ല് സെക്രട്ടറിയാവുന്നതുവരെ ആ ഇടപെടലുകള്‍ വളര്‍ന്നു.

ആദ്യകാലത്ത് സജീവ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന എം.എന്‍, ഇസ്‌ലാമിക്  സ്റ്റഡി സര്‍ക്കിളിലൂടെയാണ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്നത്. ഹല്‍ഖാ നാസിമായും സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐവ ചാരിറ്റബിള്‍ ട്രസ്റ്റ്, ഫാത്വിമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തു.

ഹാരിസ് എടവന

 

 

പയ്യോളിക്കാരുടെ സ്വന്തം ഡോക്ടര്‍

പേരെഴുതിയ നീണ്ട ബിരുദ ബോര്‍ഡിന് താഴെ ഫീസ് തുക എഴുതി വെച്ചിട്ടില്ല. ഫീസ് കുറഞ്ഞാല്‍ പരാതിയില്ല. ഫീസില്ലെങ്കിലും ഡോക്ടര്‍ രോഗിയെ പരിശോധിക്കും. മരുന്നും സൗജന്യമായി നല്‍കും. ഇതായിരുന്നു 37 വര്‍ഷത്തോളം പയ്യോളിക്കാരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത സുബ ക്ലിനിക്കിലെ ഡോ. സി. മുഹമ്മദ്.

ഡോക്ടര്‍മാരുടെ പതിവ് രീതികളില്‍നിന്ന് തികച്ചും വ്യത്യസ്തനായ ഈ ഡോക്ടര്‍ പയ്യോളിക്കാരുടെ മനസ്സില്‍ ഇടം പിടിച്ചു.

സ്വന്തം നാടായ കൂത്തുപറമ്പിലെ തൊക്കിലങ്ങാടിയില്‍നിന്ന് ബസ്സിലാണ് യാത്ര. രാവിലെ പയ്യോളിയിലെത്തുമ്പോഴേക്കും ക്ലിനിക് രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞിട്ടുണ്ടാവും. പരിശോധന രാത്രിയും തുടരും. ഒട്ടും വിശ്രമമില്ലാത്ത തിരക്കിനിടയിലും മറ്റു സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തിയിരുന്നു. രോഗം നിര്‍ണയിക്കുന്നതിലും ചികിത്സിക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.

ഒരിക്കല്‍ ദൂരെ ദിക്കില്‍നിന്ന് അദ്ദേഹത്തെ അത്രയൊന്നും പരിചയമില്ലാത്ത കുറച്ചു പേര്‍ പാമ്പ് കടിയേറ്റ ഒരാളെയും താങ്ങിപ്പിടിച്ച് ക്ലിനിക്കിലെത്തി. ഡോക്ടര്‍ പരിശോധനക്കു ശേഷം വളരെ നിസ്സാര മട്ടില്‍ വീട്ടില്‍ പോകാനാണ് നിര്‍ദേശിച്ചത്. ഇത് അവരെ ചൊടിപ്പിച്ചു. അവര്‍ നേരെ പോയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. അവിടെ നിന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടറുടെ അഭിപ്രായം എത്രമാത്രം ശരിയായിരുന്നുവെന്ന് അവര്‍ക്ക് ബോധ്യമായത്. പിറ്റേന്ന് അവര്‍ ഡോക്ടറോട് മാപ്പ് പറയാനാണ് വന്നത്. ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങള്‍ പലര്‍ക്കും പങ്ക് വെക്കാനുണ്ട്.

വായനക്കാരനും ഗ്രന്ഥകര്‍ത്താവുമായിരുന്നു ഡോക്ടര്‍. മാധ്യമം ദിനപത്രത്തിന്റെ തുടക്കം മുതലേയുള്ള നല്ല വരിക്കാരന്‍. എത്ര തിരക്കായാലും ഹിറാ മസ്ജിദിലെ ജുമുഅ ഖുത്വ്ബ കേള്‍ക്കാന്‍ അദ്ദേഹം തിടുക്കപ്പെട്ട് എത്തുമായിരുന്നു.

വിവാഹം പോലുള്ള നാട്ടിലെ എല്ലാ ആഘോഷങ്ങളിലും ഡോക്ടറുടെ സാന്നിധ്യമുണ്ടാകും; ജാതിയോ മതമോ വലുപ്പച്ചെറുപ്പങ്ങളോ ഒന്നും നോക്കാതെ.

തികച്ചും അനാര്‍ഭാടമായ ലളിത ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ടി.പി സുബൈദയാണ് ഭാര്യ. മക്കള്‍: സഹീര്‍ (ദുബൈ), നഫാസ് (പൂനെ), ഡോ. ഷാനിദ് (കണ്ണൂര്‍ മെഡിക്കല്‍ കോളേജ്), നൂഫ.

റസാഖ് പള്ളിക്കര

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (28 - 35)
എ.വൈ.ആര്‍

ഹദീസ്‌

വര്‍ധിക്കുന്ന കൊലപാതകങ്ങള്‍
കെ.സി സലീം കരിങ്ങനാട്