Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 21

3068

1440 മുഹര്‍റം 10

ഫിറോസ് ഷാ തുഗ്ലക്കും യുനാനി വൈദ്യവും

സബാഹ് ആലുവ

ഗ്രീക്കുകാര്‍ വികസിപ്പിച്ചെടുത്തതാണ് യുനാനി ചികിത്സാ രീതി. ചരിത്രത്തില്‍ അതിനെ ഏറ്റെടുത്തതും ലോകത്തുടനീളം വ്യാപിപ്പിച്ചതും മുഖ്യമായും മുസ്‌ലിംകളായിരുന്നു. യൂറോപ്പ് ഇരുണ്ട യുഗത്തിലേക്ക് കടന്നപ്പോള്‍ ഇസ്‌ലാമിക നാടുകളില്‍ വമ്പിച്ച പ്രചാരവും സ്വീകാര്യതയുമാണ് യുനാനി ചികിത്സക്ക് ലഭിച്ചത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡവും യുനാനി ചികിത്സയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ചരിത്രത്തില്‍ സ്ഥാനപ്പെടുകയുണ്ടായി. ദല്‍ഹി സുല്‍ത്താന്മാരുടെ കാലം യുനാനി ചികിത്സാ രീതികളുടെ സുവര്‍ണ കാലമായാണ് അറിയപ്പെടുന്നത്. ത്വിബ്ബെ യുനാനി, ഹിക്മത് എന്നീ പേരുകളില്‍ അവ പ്രശസ്തമായി. ശംസുദ്ദീന്‍ ഇല്‍തുമിഷിന്റെയും, തുടര്‍ന്ന് വന്ന ഗിയാസുദ്ദീന്‍ ബാല്‍ബന്റെയും കാലം ആ ചികിത്സാ രീതിയെ വളരെക്കൂടുതലായി പരിപോഷിപ്പിച്ചു.

ലോകപ്രശസ്തരായ ഒട്ടേറെ ഭിഷഗ്വരരുണ്ടായിരുന്നു ദല്‍ഹിയില്‍, അലാവുദ്ദീന്‍ ഖില്‍ജി ഭരിക്കുന്ന കാലത്ത്. തുഗ്ലക്ക് ഭരണാധികാരികള്‍ അധികാരത്തിലെത്തിയതോടെ ദല്‍ഹിയുടെ മുഖഛായ തന്നെ മാറി. മുഹമ്മദ് ബ്ന്‍ തുഗ്ലക്കിന്റെ ഭരണകാലത്ത് ചികിത്സാ രംഗത്ത്, പ്രത്യേകിച്ച് യുനാനി ചികിത്സയില്‍ നിരവധി ചുവട് വെപ്പുകളുണ്ടായി. അക്കാലത്ത് കൊട്ടാര ഭിഷഗ്വരര്‍ക്ക് മലികുല്‍ ഹുകമാ (ഞീ്യമഹ ജവ്യശെരശമി)െ എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. ഹാകിം ഖാജാ, ശംസുദ്ദീന്‍ മുസ്ത്വാഫി, ഹാകിം സിയാ മുഹമ്മദ്, മസൂദ് റാശിദ് സങ്കി, ഉമര്‍ ഗസ്‌നവി തുടങ്ങിയ പ്രമുഖര്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കൊട്ടാര വൈദ്യ പദവി അലങ്കരിച്ചവരാണ്.

സിയാഉദ്ദീന്‍ നഖ്ഷബി എന്ന പണ്ഡിതന്റെ പ്രശസ്ത ഗ്രന്ഥങ്ങളായ കിതാബുന്‍ ഫീ കുല്ലിയാത്ത് വ ജുസ്ഇയ്യാത്ത്, കിതാബുന്‍ ഫീ സ്വനാഇഅ് ത്വിബ്ബിയ്യ എന്നിവ അക്കാലത്ത് എഴുതപ്പെട്ടതാണ്. ചികിത്സാ രംഗത്തെ മുസ്‌ലിം സംഭാവനകളില്‍ വലിയ കാല്‍വെപ്പുകളിലൊന്നാണിത്. മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്ത് ദല്‍ഹിക്ക് വിവിധ രാജ്യങ്ങളുമായി ധാരാളം വാണിജ്യ-വ്യാപാര-സാംസ്‌കാരിക ബന്ധങ്ങള്‍ ഉണ്ടായിരുന്നു. വിദേശ ഭിഷഗ്വരന്മാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ചികിത്സാ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ അത് കാരണമായി. ദല്‍ഹിയില്‍ ഹെല്‍ത്ത് കെയര്‍ ഡെലിവറി സിസ്റ്റത്തിന് രൂപം നല്‍കുകയുമുണ്ടായി. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിച്ചു.

മുഹമ്മദിന്റെ കൊട്ടാര വൈദ്യ പദവി അലങ്കരിച്ച സിയാ മുഹമ്മദ് ക്രോഡീകരിച്ച പേര്‍ഷ്യന്‍ ഗ്രന്ഥം അന്നത്തെ മരുന്ന് കൂട്ടുകളുടെ ചിത്രം മനസ്സിലാക്കി തരുന്നു. ദല്‍ഹിയില്‍ മാത്രം എഴുപതോളം ആശുപത്രികള്‍ സ്ഥാപിച്ചു. 1500-ഓളം വൈദ്യന്മാരുടെ സേവനം ദല്‍ഹിയില്‍ ലഭ്യമാക്കി.

ചരിത്രകാരനായും സഞ്ചാരിയായും അറിയപ്പെടുന്ന അല്‍ ബിറൂനി അന്നത്തെ ദല്‍ഹിയെയും ഫിറോസ് ഷായുടെ കാലത്തെ യുനാനി ചികിത്സയെയും കുറിച്ചു എഴുതുന്നത് കാണുക: ''യുനാനി ചികിത്സയില്‍ ദല്‍ഹിയുടെ സുവര്‍ണ കാലമായിരുന്നു ഫിറോസ് ഷായുടേത്. ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഇബ്‌നു സീനയുടെ അല്‍ ഖാനൂനിലോ, ഇസ്മാഈല്‍ ജുര്‍ജാനിയുടെ ദാഇറതുല്‍ ഖവാരിസ്മ് ശാഹി എന്ന ഗ്രന്ഥത്തിലോ പരാമര്‍ശിക്കാത്ത നിരവധി ചികിത്സാ രീതികള്‍ ഫിറോസ് ഷാ സ്വന്തമായി ക്രോഡീകരിച്ച ത്വിബ്ബെ ഫിറോസ് ഷാഹി എന്ന ഗ്രന്ഥത്തില്‍ കാണാം. സുകുമാര കലകളുടെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളായി അന്നറിയപ്പെട്ട സമര്‍ഖന്ദ്, ബഗ്ദാദ്, തിബരിസ്, ഖവാരിസം, ദമസ്‌കസ്, ഇസ്വ്ഫഹാന്‍, ഈജിപ്ത് തുടങ്ങിയ നാടുകളേക്കാള്‍ ദല്‍ഹിയുടെ പ്രൗഢി വിളിച്ചോതുന്ന മാതൃകകളാണ് തുഗ്ലക്ക് ഭരണം മുന്നോട്ട് വെച്ചത്.''

ദല്‍ഹിയില്‍ പൊതുജനക്ഷേമം എന്ന പേരില്‍ ആതുര സേവന രംഗത്ത് ഫിറോസ് ഷാ പുതിയ അധ്യായം കുറിച്ചു. നേത്ര ചികിത്സയില്‍ വ്യക്തിപരമായിത്തന്നെ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. കറുത്തയിനം പാമ്പുകളുടെ ത്വക്കില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ചില പദാര്‍ഥങ്ങളും മറ്റു മരുന്നു കൂട്ടുകളും ചേര്‍ത്ത് അദ്ദേഹം സ്വയം വികസിപ്പിച്ചെടുത്ത സുറുമ പ്രസിദ്ധമാണ്. കുഹുലെ ഫിറോസ് ഷാഹി എന്ന പേരിലറിയപ്പെട്ട സുറുമ നേത്ര രോഗങ്ങള്‍ക്കുള്ള യുനാനി ഔഷധമായാണ് അറിയപ്പെട്ടത്.

ഫുതൂഹാതെ ഫിറോസ് ഷാഹി എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതുന്നു: ''അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഒരുപോലെ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി സൗകര്യങ്ങള്‍ ഞാനിവിടെ ഒരുക്കിയിരിക്കുന്നു. കഴിവുറ്റ ഭിഷഗ്വരന്മാരെ ഏതവസ്ഥയിലും നിങ്ങള്‍ക്കിവിടെ ലഭ്യമാണ്. ഇവിടെ നല്‍കപ്പെടുന്ന മരുന്ന്, ഭക്ഷണ ചെലവുകള്‍ ഒരു ഭരണാധികാരിയെന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്. ദല്‍ഹി നിവാസികള്‍ക്കും പുറമെ നിന്ന് വരുന്നവര്‍ക്കും ഇവിടെ സൗജന്യ ചികിത്സ ലഭ്യമായിരിക്കും.'' ജനങ്ങളിലേക്കിറങ്ങി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫിറോസ് ഷായുടെ ചരിത്രം മറ്റു ഭരണാധികാരികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ഷാ ഖുലി എന്ന പണ്ഡിതന്‍ ഫിറോസ് ഷാ തുഗ്ലക്കിന്റെ നിര്‍ദേശപ്രകാരം എഴുതിയ തിബ്ബെ-ഫിറോസ് ഷാഹി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ യുനാനി ചികിത്സയുടെ സുപ്രധാന സംഭാവനകളിലൊന്നായാണ് കണക്കാക്കുന്നത്.

യുനാനി വൈദ്യത്തില്‍ സമൂല മാറ്റം കൊണ്ടുവരാന്‍ ഫിറോസ് ഷാ തുടക്കം കുറിച്ച നൂതന മദ്‌റസാ സംവിധാനത്തിന് കഴിഞ്ഞു എന്നത് എടുത്തു പറയണം. വികലമായ മദ്‌റസാ വിദ്യാഭ്യാസത്തെ മാറ്റിനിര്‍ത്തി ഫിറോസ് ഷാ തന്റേതായ നിരീക്ഷണ-വിശകലനങ്ങളിലൂടെ പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചു. മത-ഭൗതിക വിജ്ഞാനീയങ്ങളെ കോര്‍ത്തിണക്കി യുനാനി ത്വിബ്ബെ മദ്‌റസ പദ്ധതി ദല്‍ഹിയില്‍ നടപ്പിലാക്കി. ഈ പാഠ്യപദ്ധതിയിലൂടെ ദല്‍ഹിയിലെ മദ്‌റസാ സംവിധാനങ്ങളുടെ മുഖഛായ തന്നെ തിരുത്തിക്കുറിച്ചു. ഇന്നത്തെ ദല്‍ഹിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹൗസ് ഖാസില്‍ യുനാനി തിബ്ബെ മദ്‌റസ സംവിധാനത്തിന്റെ ശേഷിപ്പുകള്‍ ഇന്നും കാണാം. പ്രശസ്ത സ്‌കോട്ടിഷ് ചരിത്രകാരനായ വില്യം ഡാല്‍റമ്പിള്‍ 1993-ല്‍ എഴുതിയ യാത്രാവിവരണ ഗ്രന്ഥമായ ഇശ്യേ ീള ഉഷശിി:െ അ ഥലമൃ ശി ഉലഹവശ യില്‍ ഫിറോസ് ഷാ തുഗ്ലക്കിന്റെ നൂതന മദ്‌റസാ വിദ്യാഭ്യാസത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഗണിതം, ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയവ യുനാനി തിബ്ബെ മദ്‌റസയിലെ പ്രധാന വിഷയങ്ങളായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്ത് ദല്‍ഹിയിലെ ചെറിയ ഉള്‍പ്രദേശങ്ങളില്‍ പോലും അത്തര്‍ കടകളും ഔഷധശാലകളും ക്ലിനിക്കുകളും സ്ഥാപിക്കപ്പെട്ടിരുന്നു. ദല്‍ഹിയിലെ അന്തരീക്ഷത്തിനു പോലും മരുന്ന് കൂട്ടുകളുടെയും അത്തറിന്റെയും മണമായിരുന്നുവത്രെ. ആയുര്‍വേദ-യുനാനി ചികിത്സാ വിധികളെ സംയോജിപ്പിച്ചുള്ള നൂതനരീതികള്‍ രൂപപ്പെട്ടതും ദല്‍ഹി സുല്‍ത്താന്മാരുടെ കാലത്താണ്. മരുന്നുകള്‍ക്ക് പുറമെ ധാരാളം ഔഷധാഹാരങ്ങളും (ങലറശരശിമഹ എീീറ) ആഹാര രീതികളും ആവിഷ്‌കരിക്കപ്പെട്ടു. ഹൃദ്രോഗം, നാഡീ രോഗം, മസ്തിഷ്‌ക രോഗം തുടങ്ങിയവക്കുള്ള 'ഖമീറ' ചികിത്സ അന്ന് പ്രശസ്തമായിരുന്നു.

യുനാനി, ആയുര്‍വേദം, ഇന്ത്യന്‍ വൈദ്യം എന്നീ മൂന്ന് ചികിത്സാ രീതികളെക്കുറിച്ച് കൃത്യമായി വിശകലനം ചെയ്തിട്ടുള്ള ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഗ്രന്ഥമായ തിബ്ബെ സിക്കന്ദരി ദല്‍ഹി സല്‍ത്തനത്തിന്റെ അവസാനഘട്ടത്തില്‍ എഴുതപ്പെട്ടതാണ്. മുഗള്‍ കാലഘട്ടത്തില്‍ യുനാനി ചികിത്സക്ക് വിവിധ ഭാവങ്ങള്‍ കൈവന്നു. ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. മരുന്നു കൂട്ടുകള്‍ കണ്ടുപിടിക്കപ്പെട്ടു.

ബ്രിട്ടീഷ് ഇന്ത്യയില്‍ യുനാനി വൈദ്യ മേഖലയില്‍ മഹനീയ കാല്‍വെപ്പുകള്‍ നടത്തിയ വ്യക്തിയാണ് ഹകീം അജ്മല്‍ ഖാന്‍. സ്വാതന്ത്ര്യ സമര സേനാനി, ഇസ്‌ലാമിക പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം 1916-ല്‍ ദല്‍ഹിയില്‍ യുനാനി ആയുര്‍വേദ ത്വിബ്ബിയ്യ കോളേജ് സ്ഥാപിച്ചു. ദല്‍ഹിയിലെ കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയുടെ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. 1920-ല്‍ അദ്ദേഹം തന്നെയായിരുന്നു യൂനിവേഴ്‌സിറ്റിയുടെ ആദ്യ ചാന്‍സലറും. 1906-ല്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ഹംദര്‍ദ് ലബോറട്ടറി യുനാനി മരുന്ന് നിര്‍മാണ രംഗത്ത് വലിയ മുന്നേറ്റം നടത്തി വരുന്നു. 1948-ല്‍ വഖ്ഫ് ലബോറട്ടറിയായി മാറ്റപ്പെട്ട സ്ഥാപനത്തിന് ഹംദര്‍ദ് എന്ന് നാമകരണം ചെയ്തതും അദ്ദേഹമാണ്.

1989-ല്‍ ഹകീം അബ്ദുല്‍ ഹമീദ് ദല്‍ഹിയിലെ തുഗ്ലക്കാബാദില്‍ സ്ഥാപിച്ച സര്‍വകലാശാല ഇന്ത്യയിലെ യുനാനി പഠന മേഖലയില്‍ വലിയൊരു കാല്‍വെപ്പാണ്. ദല്‍ഹിയിലെ കരോള്‍ ബാഗില്‍ പ്രവര്‍ത്തിക്കുന്ന അജ്മല്‍ യുനാനി തിബ്ബെ കോളേജ്, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ആരംഭിച്ച അജ്മല്‍ ഖാന്‍ തിബ്ബെ കോളേജ്, അഅ്‌സംഗഢിലെ ജാമിഅത്തുല്‍ ഫലാഹ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ യുനാനി വൈദ്യ മേഖലയില്‍ പ്രസിദ്ധി നേടിയ വിദ്യാകേന്ദ്രങ്ങളാണ്.

അറബി, ഉര്‍ദു ഭാഷകളാണ് യുനാനി പഠനത്തില്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ കൂടുതല്‍ പരിഗണിക്കപ്പെടുന്നത്. മികച്ച തൊഴിലവസരങ്ങളുള്ള ഈ മേഖലയിലേക്ക് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ നന്നേ കുറവാണ്. യുനാനി പഠനത്തില്‍ ഫാര്‍മക്കോളജി, സര്‍ജറി എന്നീ മേഖലകളില്‍ ഉയര്‍ന്നു പഠിക്കാന്‍ അവസരങ്ങള്‍ നിരവധിയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (28 - 35)
എ.വൈ.ആര്‍

ഹദീസ്‌

വര്‍ധിക്കുന്ന കൊലപാതകങ്ങള്‍
കെ.സി സലീം കരിങ്ങനാട്