അടിയന്തരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയം
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ഇടിച്ചിട്ടു പായുന്ന കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്ന് ക്ലാസിക്കല്‍ മാതൃകകളാണ് പോയ മാസം കാഴ്ച വെച്ചത്. അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിച്ച ചില അറസ്റ്റുകളായിരുന്നു അവ. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ആക്ടിവിസ്റ്റുകളെ രാജ്യദ്രോഹ കുറ്റം ചുമത്തി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തതായിരുന്നു ഇതില്‍ ആദ്യത്തേത്. ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നതില്‍ മുമ്പിലുള്ള ബുദ്ധിജീവികളെ 'നഗര മാവോയിസ്റ്റുകള്‍' എന്ന പുതിയൊരു സംജ്ഞക്കു കീഴെ കൊണ്ടുവരാനുള്ള ശ്രമം കൂടി അതിലടങ്ങിയിരുന്നു. ദല്‍ഹിയില്‍ നടന്ന ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് യോഗം ഈ നീക്കത്തെ ഔദ്യോഗികമായി പ്രശംസിച്ചതോടെ കൈയബദ്ധമായിരുന്നില്ല, ആലോചിച്ചുറച്ച ഒരു 'രാഷ്ട്രീയ' നീക്കം തന്നെയായിരുന്നു അതെന്ന് വ്യക്തമാവുകയും ചെയ്തു. ഈ ശ്രമം പിന്നീട് സുപ്രീം കോടതി കയറിയപ്പോള്‍ നീതിപീഠം സര്‍ക്കാറിനെ ഓര്‍മിപ്പിച്ച ഒരു വാചകമുണ്ട്: 'ജനാധിപത്യത്തിന്റെ സുരക്ഷാ സുഷിരമാണ് വിയോജിപ്പ്.'
അങ്ങനെ പറഞ്ഞാലുമില്ലെങ്കിലും ബി.ജെ.പിക്കെന്ത്! ഈ വാചകം മുന്നോട്ടുവെക്കുന്ന തത്ത്വത്തെയായിരുന്നല്ലോ അവര്‍ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി തിരിച്ചടിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച കുറ്റത്തിന് ലൂയിസ് സോഫിയ എന്ന ഗവേഷക വിദ്യാര്‍ഥിനിയെ തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ പാവ എന്ന് വിശേഷിപ്പിക്കാവുന്ന എടപ്പാടി പളനി സ്വാമി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. തമിളിസൈ സൗന്ദരാജന്‍ എന്ന സംസ്ഥാന പാര്‍ട്ടി അധ്യക്ഷക്കു മുമ്പാകെ തൂത്തുക്കുടി വിമാനത്താവളത്തില്‍ വെച്ച് 'ഫാഷിസ്റ്റ് ബി.ജെ.പി സര്‍ക്കാര്‍ തുലയട്ടെ' എന്ന മുദ്രാവാക്യം വിളിച്ചതായിരുന്നു സോഫിയക്കെതിരെയുള്ള കേസിന് വഴിയൊരുക്കിയത്. 20 വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ഗുജറാത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഇതിനിടയിലായിരുന്നു. കോടികള്‍ ചെലവിട്ട് ബി.ജെ.പി തീറ്റിപ്പോറ്റുന്ന സൈബര്‍ പോരാളികളെ ട്വിറ്ററില്‍ തേച്ചൊട്ടിക്കുന്ന ഭട്ടിനെ അങ്ങനെയല്ലാതെ പിന്നെങ്ങനെ നേരിടാനാവുമായിരുന്നു നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും?
പിന്നാക്ക-അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയില്‍, വികസന ബുള്‍ഡോസറുകള്‍ ചതച്ചരക്കുന്ന പാവങ്ങള്‍ക്കിടയില്‍, അധികാര ഹുങ്കിനെതിരെ ഒച്ചയിടുന്ന സൈബര്‍ ഇടങ്ങളില്‍, വിദ്യാര്‍ഥി സമൂഹത്തില്‍... ശബ്ദമുയര്‍ത്തുന്ന എല്ലാ മസ്തിഷ്‌കങ്ങളിലേക്കും ഭീതിയുടെ വിഷം കുത്തിവെക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇന്ത്യയിലെ അടിസ്ഥാനപരവും ബുദ്ധിപരവുമായ ഓരോ പോരാട്ടത്തെയും മരണത്തെ പോലെ അവര്‍ ഭയപ്പെടുകയാണ്. പാകിസ്താനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഹാമിദ് മിര്‍ കുറിച്ചിട്ട ഒരു ട്വീറ്റുണ്ട്; 'ഓ.....തെരഞ്ഞെടുപ്പ് വിജയിച്ച നിങ്ങളുടെ പ്രധാനമന്ത്രിയേക്കാള്‍ എന്റെ ഏകാധിപതി എത്രയോ ഭേദം! പര്‍വേസ് മുശര്‍റഫിനെ ഞാന്‍ പല തവണ ലിബറല്‍ ഫാഷിസ്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ടി.വി സ്‌ക്രീനില്‍ വിലക്കുന്നതിലപ്പുറം മുശര്‍റഫ് എന്നെ അറസ്റ്റ് ചെയ്തിട്ടില്ല. മോദിയെ ഫാഷിസ്റ്റ് എന്നു വിളിച്ചതിന് ജനാധിപത്യ ഇന്ത്യയില്‍ ഒരു വിദ്യാര്‍ഥിനിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.' ജിയോ ടി.വിയില്‍ അവതാരകനായ മിര്‍ പട്ടാള ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകരിലൊരാളായിരുന്നു. പാകിസ്താനിലേക്ക് ആളെ ആട്ടിയോടിക്കാനിറങ്ങിയവര്‍ മനസ്സിലാക്കുന്നുണ്ടല്ലോ ഈ നാണക്കേടിന്റെ ആഴം. പട്ടാളഭരണകൂടങ്ങളുടെ നാട്ടിലുള്ളവരാണ് നമ്മുടെ ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്നത്. പത്രപ്രവര്‍ത്തകരും കാര്‍ട്ടൂണിസ്റ്റുകളും ആക്ടിവിസ്റ്റുകളും മാത്രമല്ല ഗവണ്‍മെന്റ് ജീവനക്കാര്‍ പോലും ഇന്ത്യയില്‍ ഭീതിയിലാണെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് പോലുള്ള ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സര്‍ധാനയിലെ സ്‌കൂള്‍ മാനേജറായ മുദസ്സിര്‍ റാണയെ യു.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത് മോദിക്കെതിരെ ആരോ വരച്ച ഒരു കാര്‍ട്ടൂണ്‍ സ്വന്തം ഫേസ്ബുക്ക് മതിലില്‍ പോസ്റ്റ് ചെയ്തതിനാണ്. പങ്കജ് മിശ്രയെന്ന കോണ്‍സ്റ്റബിളിന് ജോലി പോയതും അസമിലെ ജോറാഹട്ട് ജയിലില്‍ തടവുശിക്ഷ അനുഭവിക്കേണ്ടിവന്നതും മോദിയെയും രാജ്നാഥിനെയും വിമര്‍ശിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനാണ്. സി.ആര്‍.പി.എഫ് ജവാനായിരുന്ന സ്വന്തം സഹോദരന്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായിരുന്നു മിശ്ര ഭരണകൂടത്തെ വിമര്‍ശിക്കാനുണ്ടായ കാരണം. തമിളിസൈ സൗന്ദര രാജനെ കണ്ടപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് വെറുതെ ആളാകാന്‍ വേണ്ടിയല്ല സോഫിയ മുദ്രാവാക്യം വിളിച്ചത്. സ്റ്റര്‍ലിംഗ് വിരുദ്ധ സമരത്തില്‍ പോലീസിന്റെ വെടിയുണ്ടയേറ്റു കൊല്ലപ്പെട്ട 13 സഹജീവികളോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആ മുഷ്ടി. കാനഡയില്‍നിന്നും ഈ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരുന്ന സോഫിയ തൂത്തുക്കുടിയില്‍ എത്തിയപ്പോള്‍ കണ്ടുമുട്ടിയ ബി.ജെ.പിയുടെ പ്രതീകമായിരുന്നു തമിളിസൈ. അവളുടെ മുദ്രാവാക്യത്തിന് ഒരു ജനതയുടെ പോരാട്ടവീര്യത്തിന്റെ ചൂടും ചൂരുമുണ്ടായിരുന്നു. ആ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പടരാന്‍ തുടങ്ങിയപ്പോള്‍ ഇനിയൊരാള്‍ കൂടി മുദ്രാവാക്യം വിളിക്കാതിരിക്കാനുള്ള 'ജനാധിപത്യ' പോംവഴി തേടുകയേ മോദി സര്‍ക്കാറിന് അറിയാമായിരുന്നുള്ളൂ. സോഫിയയെ വാര്‍ത്താ സമ്മേളനത്തില്‍ തമിളിസൈ വിളിച്ചത് 'ഭീകരവാദി' എന്നായിരുന്നല്ലോ.
എ.ബി.പി ന്യൂസിന്റെ അവതാരകനായിരുന്ന പുണ്യപ്രസൂണ്‍ ബാനര്‍ജി രാജിവെച്ചതിനു ശേഷം പുറത്തു വിട്ട വാര്‍ത്താ കുറിപ്പില്‍ പറഞ്ഞത് നരേന്ദ്ര മോദിയുടെ പേര് ഒരു പരിപാടിയിലും പരാമര്‍ശിക്കരുതെന്ന് എഡിറ്റര്‍ വിലക്കിയതു കൊണ്ടാണ് താന്‍ പടിയിറങ്ങിയതെന്നാണ്. നാഷ്‌നല്‍ മീഡിയയില്‍ സര്‍ക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍ 200 ഐ.ടി ജീവനക്കാരുള്ള ഒരു ഓഫീസ് തന്നെ ദല്‍ഹിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന വിവരം പ്രസൂണ്‍ ഈ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ ബോബി ഘോഷിന് രാജിവെക്കേണ്ടി വന്നത് മുസ്ലിംകള്‍ക്കും ദലിതര്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന കുറ്റകൃത്യങ്ങള്‍ 'ഹേറ്റ് ട്രാക്കര്‍' എന്ന പംക്തിയിലുടെ നിരന്തരമായി തുറന്നു കാട്ടിയതിന്റെ പേരിലാണ്. ഘോഷിന്റെ രാജിക്കു ശേഷം ഈ പംക്തി പത്രത്തില്‍നിന്നും അപ്രത്യക്ഷമായി. വിമര്‍ശനം തന്റെ ഗവണ്‍മെന്റിനെ ശക്തിപ്പെടുത്തുമെന്ന ചാരിത്ര്യ പ്രസംഗം മോദിയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെടുന്നുണ്ടാവാം. വിദേശത്ത് വാര്‍ത്താ സമ്മേളനങ്ങളില്‍ അദ്ദേഹം പരമ മാന്യതയോടെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടാവാം. പക്ഷേ ഇന്ത്യയില്‍ ഒരു വാര്‍ത്താ സമ്മേളനം പോലും നരേന്ദ്ര മോദി ഇന്നോളം വിളിച്ചിട്ടില്ല. രാജ്യത്തെ ഓരോ ഞരമ്പുകളിലേക്ക് പോലും ഭയം സംക്രമിച്ചു കഴിഞ്ഞു. മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ അതിലകപ്പെട്ട വ്യക്തികളെ മാത്രമായിരുന്നില്ല ബാധിച്ചത്. സംഘ് പരിവാര്‍ നിയന്ത്രിത വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലുമൊക്കെ ഇതൊരു മുന്നറിയിപ്പായി നാടൊട്ടുക്കും പടരുന്നുമുണ്ട്. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ട്രോളുകള്‍ എന്റെ ഇന്‍ബോക്സിലേക്ക് ഷെയര്‍ ചെയ്യരുതെന്ന് യു.പിയില്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ പുതിയ പ്രൊഫൈല്‍ വാചകമായി മാറുകയാണ്.
ഇന്ത്യയിലെ ഏതാണ്ടെല്ലാ പ്രധാനപ്പെട്ട മീഡിയാ ഗ്രൂപ്പുകളും തത്ത്വത്തില്‍ ചത്തു മലച്ച അവസ്ഥയിലാണ് ഇന്നുള്ളത്. സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകള്‍ നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള കൃത്യമായ നിര്‍ദേശം ദേശീയ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പെട്രോളിന്റെ വില വര്‍ധിക്കുന്നതു പോലും ചര്‍ച്ചക്കെടുക്കാനുള്ള ആംപിയര്‍ ഇന്നൊരുത്തനുമില്ലാതായി. ലക്ഷത്തിലേറെ കര്‍ഷകര്‍ ദല്‍ഹിയില്‍ നടത്തിയ റാലി വിരലിലെണ്ണാവുന്നവര്‍ പങ്കെടുത്ത ഇടതുപക്ഷ റാലിയെന്നാണ് മിക്ക ചാനലുകളും റിപ്പോര്‍ട്ട് ചെയ്തത്. റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം മിക്കവരും മുക്കി. നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ കോര്‍പറേറ്റ് ലോബികളുടെ കൂട്ടായ്മകള്‍ ഏതു ചാനലിന്റെയും പരസ്യ വരുമാനം ഇടിയുന്ന സാഹചര്യം നിഷ്പ്രയാസം സൃഷ്ടിച്ചെടുക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ 'നിക്ഷേപമേള'കളിലും വിദേശ പര്യടനങ്ങളിലും ഈ ചാനലുകള്‍ ബഹിഷ്‌കരിക്കപ്പെടുകയും ചെയ്യും. സോഷ്യല്‍ മീഡിയയാകട്ടെ വ്യാജവാര്‍ത്തകളുടെ പ്രളയം തന്നെ സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍. യു.പിയില്‍നിന്നും പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ര് ലക്ഷം കാര്യകര്‍ത്താക്കള്‍ക്ക് ഫേസ് ബുക്കിലും സോഷ്യല്‍ മീഡിയയിലും സജീവമാകാനും ഫോട്ടോഷോപ്പും മറ്റു സോഫ്റ്റ്വെയറുകളും കൃത്രിമമായി ഉപയോഗിക്കാനുമുള്ള പരിശീലനം ബി.ജെ.പി നല്‍കി കഴിഞ്ഞുവെന്നാണ്. നുണയുടെയും വിദ്വേഷ പ്രചാരണത്തിന്റെയും പെരുമഴക്കാലം വരാനിരിക്കുന്നേയുള്ളൂ എന്നര്‍ഥം.
മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയയെയും ഭയപ്പെടുത്തി അടക്കിയിരുത്തുമ്പോഴും അടിത്തട്ടില്‍ പടരുന്ന ജനരോഷം സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ ഉദാഹരണമായിരുന്നു മഹാരാഷ്ട്രയിലെ അറസ്റ്റുകള്‍. ഭീമാ കൊറിഗാംവ് യുദ്ധ സ്മരണയില്‍ എല്‍ഗാര്‍ പരിഷത്ത് എന്ന കൂട്ടായ്മയുടെ ബാനറില്‍ ദലിതര്‍ വര്‍ഷംതോറും നടത്തിവരുന്ന ശൗര്യദിവസ് ആഘോഷത്തിനു നേര്‍ക്ക് നടന്ന പോലീസ് വെടിവെപ്പ് സംഘ് പരിവാര്‍ നയിക്കുന്ന വലതുപക്ഷ നിലപാടുകളുടെ കൂടി ഭാഗമായിരുന്നു. ബ്രാഹ്മണര്‍ക്കു മേല്‍ ദലിതര്‍ നേടിയ വിജയത്തിന്റെ ഓര്‍മ പുതുക്കലാണ് ഈ ആഘോഷം. ദലിതരുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട് നടന്നുവരാറുള്ള ഈ ആഘോഷത്തിന്റെ 200-ാം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്. ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സമ്മേളനത്തില്‍ പങ്കെടുത്ത ദലിതരെ വഴിയില്‍ ആക്രമിച്ചു കൊന്നതിനു പിന്നില്‍ സംഘ് പരിവാര്‍ സഹയാത്രികരായ ഹിന്ദു ഏകതാ അഘാദ്, ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്നീ സംഘടനകളാണ്. കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്ത മിലിന്ദ് ഏക്ബോത്തെ, മനോഹര്‍ സാംഭാജി ഭിഡെ എന്നീ നേതാക്കള്‍ക്കെതിരെ ദൃക്സാക്ഷികള്‍ കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി. അവരില്‍ ഏക്ബോത്തെയെ അറസ്റ്റ് ചെയ്യാതിരിക്കാനായി സുപ്രീംകോടതി വരെയും ഫട്നാവിസ് സര്‍ക്കാര്‍ ഒപ്പം ചെന്നു. ഭിഡെയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. അതേസമയം ഈ റാലിയെ ചൊല്ലിയാണ് സംസ്ഥാനത്തുടനീളം 70-ഓളം ദലിത് നേതാക്കള്‍ക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമൊടുവില്‍ ദേശീയ തലത്തില്‍ അഞ്ച് പ്രമുഖ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യാനൊരുമ്പെട്ടത് റാലിക്ക് ദേശദ്രോഹപരമായ പുതിയൊരു മുഖം നല്‍കി കൊണ്ടാണ്. വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവ്ലാക്ക, അരുണ്‍ ഫെരേറിയ, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നീ അറിയപ്പെടുന്ന സാംസ്‌കാരിക-പൗരാവകാശ പ്രവര്‍ത്തകരെയാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച മാവോയിസ്റ്റുകളെന്ന് ആക്ഷേപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ഇടപെട്ട് അവരെ തല്‍ക്കാലം വീട്ടു തടങ്കലിലേക്ക് മാറ്റിയെങ്കിലും.
ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയും രോഹിത് വെമുലയുടെ അമ്മ രാധികയും ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദുമൊക്കെ കൊറിഗാംവ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതാണ് സംഘ് പരിവാറിനെ വിറളി പിടിപ്പിച്ചത്. ദലിതരില്‍ പുതിയൊരു രാഷ്ട്രീയ തിരിച്ചറിവിന്റെ വേദിയാകുക കൂടിയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ ആഘോഷം. 250-ഓളം സംഘടനകള്‍ മഹാരാഷ്ട്രയിലുടനീളം അന്ന് ശൗര്യദിവസ് റാലികള്‍ നടത്തിയിരുന്നുവെങ്കിലും സംഘ് പരിവാര്‍ രാഷ്ട്രീയം പൈശാചികവല്‍ക്കരിച്ച ഉമര്‍ ഖാലിദിനെ ചുറ്റിപ്പറ്റിയായിരുന്നു മാധ്യമങ്ങളും മഹാരാഷ്ട്രാ സര്‍ക്കാറും. രാജ്യവിരുദ്ധമായ ഗാനങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിയെന്നും പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് പരിപാടിയുടെ മുഖ്യ സംഘാടകരായ എല്‍ഗാര്‍ പരിഷദ് നേതാക്കള്‍ക്കെതിരെ പോലീസ് ചുമത്തിയ കുറ്റം. ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ പോരാടുമെന്നും ഇന്ത്യന്‍ ഭരണഘടന ശക്തിപ്പെടുത്തുമെന്നുമാണ് ഈ സമ്മേളനത്തില്‍ പക്ഷേ ദലിതര്‍ പ്രതിജ്ഞയെടുത്തത്. മാവോയിസ്റ്റുകളാണ് യോഗം നടത്തിയതെന്നും അവര്‍ മോദിയെ വധിക്കാന്‍ ആയുധം സംഭരിച്ചതിന് തെളിവുണ്ടെന്നും അവകാശപ്പെട്ട് പോ
ലീസ് പിന്നീട് വാര്‍ത്താ സമ്മേളനം നടത്തി. ഭീകരാക്രമണ പരമ്പരാ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ കണ്ടു പരിചയിച്ച അതേ രീതിയായിരുന്നു ഇത്. കോടതിയില്‍ അതുവരെ തെളിയിച്ചിട്ടില്ലാത്ത ദുരൂഹമായ കത്തുകളും ഭൂപടങ്ങളും മറ്റും മാധ്യമ പ്രവര്‍ത്തകരുടെ മുമ്പാകെ ഹാജരാക്കുന്ന ഈ തിണ്ണമിടുക്കാണ് കേസില്‍ കാണാനുണ്ടായിരുന്നത്. ഇതാദ്യമായി ഇത്തരം വാര്‍ത്താ സമ്മേളനങ്ങളെ കോടതി വിമര്‍ശിക്കുന്ന സാഹചര്യം പോലുമുണ്ടായി. ഈ കത്തിലെ 'തെളിവുകള്‍' പരസ്പരവിരുദ്ധവും കോടതിയില്‍ നിലനില്‍ക്കാത്തവയുമാണെന്നും അവ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും എന്‍.ഡി.ടി.വി പിന്നീട് റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ ആരോപിക്കപ്പെട്ട കുറ്റം മാവോയിസ്റ്റ് ബന്ധം എന്നതായിരുന്നുവല്ലോ. ഒരു പൗരന്‍ മാവോയിസ്റ്റ് സിദ്ധാന്തത്തിലോ മറ്റേതെങ്കിലും പ്രത്യയശാസ്ത്രങ്ങളിലോ വിശ്വസിക്കുന്നത് കുറ്റകരമല്ലെന്ന് ശ്യാം ബാലകൃഷ്ണന്‍ കേസില്‍ കേരളാ ഹൈക്കോടതി അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതിനു ശേഷമാണിത് സംഭവിക്കുന്നത്. കേവല വിമര്‍ശനം രാജ്യദ്രോഹമാവില്ലെന്ന് 2015-ല്‍ സുപ്രീം കോടതിയും വ്യക്തമാക്കിയതാണ്. മാവോയിസ്റ്റ് ആണെന്ന ആരോപണമുന്നയിച്ചാല്‍ പോലീസിന് എന്തുമാവാം എന്ന നടപ്പു യാഥാര്‍ഥ്യത്തിന് കവി വരവര റാവുവിനെയും അഭിഭാഷക സുധാ ഭരദ്വാജിനെയും പോലുള്ള രാജ്യം ആദരിക്കുന്ന വ്യക്തിത്വങ്ങള്‍ പോലും അപവാദമാവില്ലെന്നാണ് ഫട്നാവിസ് സര്‍ക്കാര്‍ തെളിയിച്ചത്. മാവോയിസ്റ്റുകള്‍ ആണെന്നതിന് ഒരു തെളിവും സര്‍ക്കാറിന്റെ പക്കലുണ്ടായിരുന്നില്ല. ഭീമ കൊറിഗാംവ് കലാപത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന വാദവും അടിസ്ഥാനരഹിതമായിരുന്നു. അംബേദ്കര്‍ സംഘടനകളും ഇടതുപക്ഷവും ലിബറലുകളുമൊക്കെയാണ് യഥാര്‍ഥത്തില്‍ എല്‍ഗാര്‍ പരിഷത്തിലുണ്ടായിരുന്നത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവലെ തന്നെ ശൗര്യദിവസ് ആഘോഷവും മാവോയിസ്റ്റുകളും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. അത്താവലെ ഒരു കാലത്ത് ദലിത് പാന്തേഴ്സ് എന്ന സംഘടനയുടെ ഭാഗമായിരുന്നല്ലോ. 1960-കളില്‍ മാവോ ബന്ധത്തെ ചൊല്ലിയാണ് അംബേദ്കറുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ദലിത് പാന്തേഴ്സും വേര്‍പിരിഞ്ഞത്. പില്‍ക്കാലത്താണ് മാനസാന്തരം വന്ന് അത്താവലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മടങ്ങിയെത്തിയത്. മാവോയിസ്റ്റ് ബന്ധത്തെ കുറിച്ച് പറയാന്‍ സര്‍വഥാ യോഗ്യനായ അത്താവലെ പറഞ്ഞിട്ടു പോലും മഹാരാഷ്ട്ര പോലീസ് തട്ടിക്കൂട്ടിയ അപസര്‍പ്പക കഥക്ക് മാറ്റമുണ്ടായില്ലെന്നര്‍ഥം.
ബി.ജെ.പി കാലത്ത് ആരാണ് കുറ്റവാളിയാകേണ്ടത് എന്നതാണ് ആദ്യം തീരുമാനിക്കപ്പെടുന്നത്. കുറ്റം പോലീസിനെ ഉപയോഗിച്ച് ആരുടെ മേലും ചാര്‍ത്തിയെടുക്കാവുന്നതേയുള്ളൂ. ഏറ്റവുമൊടുവില്‍ മുന്‍ ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരെ നടന്ന നീക്കം ഉദാഹരണം. ഗോധ്ര സംഭവത്തെ തുടര്‍ന്ന് മുസ്ലിംകള്‍ക്കെതിരെ ഹിന്ദുക്കളെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ അനുവദിക്കണമെന്ന് പോലീസിനോട് ഗുജറാത്ത് കലാപകാലത്ത് യോഗം വിളിച്ചു ചേര്‍ത്ത് അന്ന് സംസ്ഥാന മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് അന്വേഷണ കമീഷനിലും സുപ്രീംകോടതിയിലും മൊഴി നല്‍കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ഭട്ട്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ജനകീയ അന്വേഷണ കമീഷന് മുമ്പാകെ ഇത്തരമൊരു മൊഴി നല്‍കിയ മുന്‍ ആഭ്യന്തര മന്ത്രി ഹരിണ്‍ പാണ്ഡ ദുരൂഹമായ രീതിയില്‍ കൊല്ലപ്പെടുകയാണുണ്ടായത്. അതേസമയം ഈ യോഗത്തിലേക്ക് ഭട്ടിനെ കൊണ്ടുപോയ ഡ്രൈവര്‍ മൊഴി മാറ്റിപ്പറഞ്ഞതും പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥര്‍ ഭട്ടിന്റെ മൊഴിയെ തള്ളിപ്പറഞ്ഞതും കേസില്‍നിന്നും മോദിയെ സാങ്കേതികമായി രക്ഷപ്പെടുത്തുകയും ചെയ്തു. ഈ നീക്കത്തിനൊടുവില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്നും പുറത്താക്കപ്പെട്ട ഭട്ട് ട്രെയ്‌നിംഗ് കോളേജ് പ്രിന്‍സിപ്പിലായും ജയില്‍ വകുപ്പ് മേധാവിയായും മാറി. ജയിലില്‍ വെച്ച് ഹരിണ്‍ പാണ്ഡ്യ വധക്കേസില്‍ ജയിലില്‍ കഴിയുന്ന അസ്ഗര്‍ അലിയില്‍നിന്നും സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന നിര്‍ണായകമായ മൊഴി ഭട്ട് ശേഖരിച്ചിരുന്നു. പാണ്ഡ്യയെ കൊന്നത് സൊഹ്റാബുദ്ദീന്‍ ശൈഖിന്റെ വിശ്വസ്തനായ തുളസീറാം പ്രജാപതി ആണെന്നായിരുന്നു അലിയുടെ വെളിപ്പെടുത്തല്‍. ശൈഖും പ്രജാപതിയുമൊക്കെ ഏതോ പ്രകാരത്തില്‍ അമിത് ഷായിലേക്ക് ബന്ധപ്പെടുന്നുണ്ടായിരുന്നു. അലിയുടെ ഈ വെളിപ്പെടുത്തലിനു ശേഷം പ്രജാപതി മറ്റൊരു 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടു. ഈ മൊഴി പിന്നീട് കോടതിയിലെത്തിച്ചെങ്കിലും ഭട്ടിന് അത് തെളിയിക്കാനായില്ല. തുടര്‍ന്ന് പോലീസ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും പ്രമോഷന്‍ നിഷേധിക്കപ്പെട്ട ഭട്ടിനെതിരെ അച്ചടക്ക ലംഘനത്തിന് നിരവധി വകുപ്പുതല അന്വേഷണങ്ങളും കേസുകളും പ്രഖ്യാപിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ അനധികൃതമായി ജോലിയില്‍നിന്നും വിട്ടുനിന്നെന്നാരോപിച്ച്, ഭട്ടിന്റെ വിശദീകരണം പോലും സ്വീകരിക്കാതെ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുകയും അത് അംഗീകരിക്കപ്പെടുകയുമാണുായത്. വിട്ടുനിന്ന ഈ ദിവസങ്ങളില്‍ ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമീഷനില്‍ മൊഴി കൊടുക്കുകയായിരുന്നു ഭട്ട്.
ബോംബെ ഐ.ഐ.ടിയില്‍നിന്നും എം.ടെക് ബിരുദം നേടിയ സഞ്ജീവ് ഭട്ട് ഗുജറാത്ത് പോലീസില്‍ നേരിട്ട് നിയമിക്കപ്പെട്ട സംസ്ഥാനത്തെ ആദ്യ ഐ.പി.എസുകാരിലൊരാളായിരുന്നു. പക്ഷേ മോദിക്കെതിരെ തിരിഞ്ഞതോടെ ഭട്ട് ഒറ്റപ്പെട്ടു. പക്ഷേ ഭരണഘടനാപരമായ തന്റെ ഉത്തമബോധ്യങ്ങള്‍ അധികാരികള്‍ക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ പിന്നീടും അദ്ദേഹം തയാറായിരുന്നില്ല. ഗുജറാത്തില്‍നിന്നും ദല്‍ഹിയിലേക്ക് രാഷ്്രടീയ തട്ടകം മാറിയ മോദിയെ സോഷ്യല്‍ മീഡിയയില്‍ ഭട്ട് നിരന്തരം പിന്തുടര്‍ന്നു. നോട്ട് നിരോധനം, പെട്രോള്‍ വില, കള്ളപ്പണം, വ്യാജ ബിരുദം തുടങ്ങിയ വിഷയങ്ങളില്‍ മോദിക്കെതിരെ സമീപകാലത്തെ ഏറ്റവും മൂര്‍ച്ചയേറിയ ട്രോളുകള്‍ സഞ്ജീവ് ഭട്ട് ആയിരുന്നു പോസ്റ്റ് ചെയ്തത്. തന്റെ പ്രതിഛായ വര്‍ധിപ്പിക്കാനായി കോടികള്‍ മുടക്കി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്ന മോദിയെ 280 അക്ഷരങ്ങള്‍ കൊണ്ട് ഓരോ തവണയും ഭട്ട് പൊളിച്ചടുക്കി. ബി.ജെ.പിയും വെറുതെ ഇരുന്നില്ല. ഇക്കഴിഞ്ഞ ജൂലൈയില്‍ ഭട്ടിന്റെ വീടിന്റെ ഒരു ഭാഗം അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചുനീക്കി. ഇതിനെല്ലാമൊടുവിലാണ് 22 വര്‍ഷം മുമ്പ് ഒരു അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഭട്ടിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയത്. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പെ സെപ്റ്റംബര്‍ 4-ന് ഭട്ട് പോസ്റ്റ് ചെയ്ത അവസാന ട്വീറ്റുകളില്‍ ഒന്ന് ബംഗാളില്‍ പാലം തകര്‍ന്ന വിഷയത്തില്‍ ബഹളം വെക്കുന്ന ബി.ജെ.പി നേതാക്കളെ പരിഹസിച്ചുകൊണ്ടാണ്. മോദിയുടെ മണ്ഡലമായ വാരാണസിയില്‍ തകര്‍ന്ന ഒരു പാലത്തിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിരുന്നു. അധ്യാപക ദിനത്തില്‍ മോദിയുടെ വ്യാജ ബിരുദത്തെ സൂചിപ്പിച്ച് അന്ന് ദല്‍ഹി സര്‍വകലാശാലയിലെ ഏതെങ്കിലുമൊരു അധ്യാപകന്‍ മോദിയെ കുറിച്ച് അഭിമാനം കൊണ്ടിരുന്നെങ്കിലെന്ന മറ്റൊരു ട്വീറ്റും പുറത്തുവന്നു. വലിയൊരു ബറ്റാലിയന്‍ പോലീസിനെ അണിനിരത്തി വീടു വളഞ്ഞ് ഗുജറാത്ത് പോലീസ് ഭട്ടിനെ അറസ്റ്റ് ചെയ്തത് തൊട്ടു പിന്നാലെയാണ്. ഇദ്ദേഹത്തെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെട്ടുവെങ്കിലും അക്കാര്യത്തില്‍ മാത്രം കോടതി ഗുജറാത്ത് സര്‍ക്കാറിനൊപ്പം നിന്നില്ല.
ഏതാണ്ട് ഇതേ സമയത്തു തന്നെയാണ് സി.എസ്.ഡി.എസ് സ്ഥാപകനും പൊതുപ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവ് തമിഴ്നാട്ടില്‍ അറസ്റ്റിലായത്. സേലം ജില്ലയില്‍ പുതിയ എട്ടുവരിപ്പാതക്കു വേണ്ടി സമ്മതമില്ലാതെ കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിഷയം പഠിക്കാനെത്തിയതായിരുന്നു യാദവ്. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് മുകളില്‍ നിന്നാണെന്നും വേറെ നിവൃത്തിയില്ലെന്നും പോലീസ് തന്നെ വ്യക്തമാക്കി. സ്റ്റര്‍ലിംഗ് സമരത്തിന്റെ മറ്റൊരു ആവര്‍ത്തനം സേലത്തു രൂപപ്പെട്ടേക്കുമെന്നായിരിക്കാം ഒരുപക്ഷേ മോദി സര്‍ക്കാറിന്റെ ഭയം. മാധ്യമങ്ങള്‍ സ്വാഭാവികമായും ഈ പ്രക്ഷോഭത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. 2019 തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കാനായി ബി.ജെ.പി ദല്‍ഹിയില്‍ ദേശീയ എക്സിക്യുട്ടീവ് യോഗം ചേര്‍ന്നത് ഇതേ ദിവസങ്ങളില്‍ തന്നെയായിരുന്നു. പ്രതീക്ഷിച്ചതു പോലെ 'അഛേ ദിന്‍' മുദ്രാവാക്യവും വികസന വായ്ത്താരിയുമൊന്നും യോഗത്തില്‍ ഉയര്‍ന്നു കേട്ടതേയില്ല. ഭാരത്മാതാ സങ്കല്‍പ്പത്തെ ശക്തിപ്പെടുത്തി 'അജയ്യ ഭാരത്, അടല്‍ ബി.ജെ.പി' എന്നതാവും ഇത്തവണത്തെ മുദ്രാവാക്യം. അതായത് കേവലമായ വൈകാരികത മാത്രം. ആര് ബി.ജെ.പിയെയും മോദിയെയും എതിര്‍ക്കുന്നുവോ അവനായിരിക്കും രാജ്യത്തിന്റെ ശത്രു. അതായത് ഭാരത് മാതാവിന്റെ ശത്രു. അതിന്റെ സാമ്പിള്‍ വെടിക്കെട്ടായിരുന്നു ഒരുപക്ഷേ ഇതുവരെ കണ്ടത്.
Comments