പുതിയ ശീതയുദ്ധത്തിന്റെ കേളികൊട്ട്
ചരിത്രത്തിന്റെ ഭാഗമായി എന്ന് കരുതപ്പെട്ടിരുന്ന ശീതയുദ്ധം പുതിയ രൂപഭാവങ്ങളോടെ തിരിച്ചുവരികയാണ്. രണ്ടാം ലോകയുദ്ധാനന്തരമുള്ള ശീതയുദ്ധത്തില് ഒരു പക്ഷത്ത് അമേരിക്കന് ചേരിയും മറുപക്ഷത്ത് സോവിയറ്റ് ചേരിയുമായിരുന്നു. ഏറക്കുറെ തുല്യ ശക്തികള് തമ്മിലുള്ള പ്രോക്സി യുദ്ധം. പ്രബലമായ ആ രണ്ട് ശാക്തിക ചേരികളിലൊന്ന് ഇന്ന് നിലനില്ക്കുന്നില്ല. ഇത് അമേരിക്കക്ക് തങ്ങളുടേതായ ഒരു ലോകക്രമം കൊണ്ടുവരാനുള്ള അവസരം തുറന്നുകൊടുക്കുന്നു. വലതുപക്ഷ തീവ്രതയുടെയും വര്ണവെറിയുടെയും പ്രതീകമായ ഡൊണാള്ഡ് ട്രംപ് അമേരിക്കന് പ്രസിഡന്റായതോടുകൂടി യാതൊരു മറയുമില്ലാതെ, മുഷ്കിന്റെ ഭാഷയില് ലോക രാഷ്ട്രങ്ങളെ വരച്ച വരയില് നിര്ത്താനുള്ള നീക്കങ്ങള് തുടങ്ങിക്കഴിഞ്ഞു. ഈ രണ്ടാം ശീതയുദ്ധത്തില് മുസ്ലിം സമൂഹവും മുസ്ലിം രാഷ്ട്രങ്ങളും അമേരിക്കയുടെയും സയണിസ്റ്റ് രാഷ്ട്രത്തിന്റെയും മുഖ്യ ലക്ഷ്യമാണെന്ന് തിരിച്ചറിയാന് സാമാന്യ ബുദ്ധി മതി. പക്ഷേ, ട്രംപ് ഉരുവിട്ടുകൊടുക്കുന്ന 'പരിഷ്കാരങ്ങള്' അപ്പടി സ്വീകരിച്ച് നല്ലപിള്ള ചമയാനാണ് മിക്ക മുസ്ലിം രാഷ്ട്രത്തലവന്മാരുടെയും ശ്രമം. വരുതിയില് നില്ക്കാത്തവര്ക്ക് കനത്ത ശിക്ഷ നല്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്കുന്നു. അത്തരമൊരു ശിക്ഷയാണ്, വഴങ്ങാന് കൂട്ടാക്കാത്ത തുര്ക്കിക്കെതിരെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തുര്ക്കി കറന്സിയായ ലീറയുടെ മൂല്യമിടിക്കാന് ഒരുവശത്ത് ഉപജാപങ്ങള് നടത്തിക്കൊണ്ടിരിക്കെ തന്നെ, ഒരു വ്യാപാരയുദ്ധത്തിനും അമേരിക്ക തുടക്കമിട്ടിരിക്കുന്നു. തുര്ക്കിയില്നിന്നുള്ള അലൂമിനിയത്തിന്റെയും സ്റ്റീലിന്റെയും ഇറക്കുമതി ചുങ്കം ഇരട്ടിയായാണ് അമേരിക്ക വര്ധിപ്പിച്ചത്. പുതുക്കിയ താരീഫനുസരിച്ച് തുര്ക്കിയില്നിന്ന് അമേരിക്കയിലെത്തുന്ന അലൂമിനിയത്തിന് ഇരുപത് ശതമാനവും സ്റ്റീലിന് അമ്പത് ശതമാനവും ചുങ്കം കൊടുക്കണം.
'നാറ്റോ'യില് അമേരിക്കയുടെ സഖ്യകക്ഷിയായ തുര്ക്കിക്കെതിരെ ഇത്തരമൊരു കടുത്ത നടപടിക്ക് ന്യായമെന്ത് എന്ന് ചോദിച്ചാല്, അമേരിക്കന് പുരോഹിതനായ ആന്ഡ്രൂ ബര്സനെ ഉര്ദുഗാന് ഗവണ്മെന്റ് അറസ്റ്റ് ചെയ്തതിന് തിരിച്ചടിയാണിതെന്നാണ് മറുപടി. 2016-ല് തുര്ക്കി ഗവണ്മെന്റിനെ അട്ടിമറിക്കാന് നടത്തിയ വിഫലമായ സൈനിക നീക്കത്തിനു പിന്നില് അമേരിക്കയില് പ്രവാസ ജീവിതം നയിക്കുന്ന ഫത്ഹുല്ല ഗുലന് എന്ന വിമത നേതാവാണെന്നാണ് തുര്ക്കി ഗവണ്മെന്റിന്റെ ആരോപണം. ഗുലനുമായും തുര്ക്കിയിലെ നിരോധിത സംഘടനയായ കുര്ദിസ്താന് വര്ക്കേഴ്സ് പാര്ട്ടിയുമായും ഈ പുരോഹിതന് അടുത്ത ബന്ധമുണ്ടെന്നും ഗവണ്മെന്റ് വൃത്തങ്ങള് പറയുന്നു. ആരോപണങ്ങള് തെറ്റാണെന്ന് കോടതിയില് തെളിയിക്കപ്പെട്ടാല് പുരോഹിതനെ മോചിപ്പിക്കുകയും ചെയ്യും. അതിന് മുമ്പ് കഴിയില്ല. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത് എന്ന് പ്രത്യക്ഷത്തില് തോന്നാമെങ്കിലും, ഇതൊരു ഒഴികഴിവ് മാത്രമാണ്. തുര്ക്കിയെ പാഠം പഠിപ്പിക്കാന് കുറേകാലമായി അമേരിക്ക നേതൃത്വം നല്കുന്ന ഉപജാപ ശക്തികള് തന്ത്രം മെനയുകയായിരുന്നു. മറ്റു പല കാരണങ്ങളാല് ചൈന, ഇറാന്, റഷ്യ പോലുള്ള രാജ്യങ്ങളുമായും അമേരിക്ക ഉടക്കി നില്ക്കുകയാണ്. ഈ രാഷ്ട്രങ്ങളുമായി തുര്ക്കിക്ക് പല നിലക്കുള്ള വിയോജിപ്പുകള് -പ്രത്യേകിച്ച് സിറിയന് പ്രശ്നത്തില്- ഉണ്ടെങ്കിലും പ്രതിസന്ധിഘട്ടത്തില് ഇവര് ചില പൊതു വിഷയങ്ങളില് ഒന്നിച്ചേക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്. അത് മേഖലാ സഹകരണത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കമായേക്കാം.
Comments