Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 21

3068

1440 മുഹര്‍റം 10

സ്വവര്‍ഗരതി നിയമവിധേയമാകുമ്പോള്‍

അബ്ദുല്‍ അസീസ് പൊന്‍മുണ്ടം

ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ല എന്ന 2018 സെപ്റ്റംബര്‍ 6-ലെ സുപ്രീം കോടതി വിധിയാണല്ലോ ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം. യഥാര്‍ഥത്തില്‍ ഈ വിവാദ വിധി പ്രഖ്യാപനത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നവര്‍ക്ക്  നിയമത്തിന്റെ തണല്‍ വിരിച്ചുകൊടുത്തിരിക്കുകയാണ്. ഈ വിധിദിനം സ്വവര്‍ഗരതിക്കാര്‍ക്ക്  എന്തെന്നില്ലാത്ത ആഹ്ലാദവും ആനന്ദവും പ്രദാനം ചെയ്യുന്ന 'സ്വാതന്ത്ര്യ ദിനം' ആയിരിക്കാമെങ്കിലും വാസ്തവത്തിലത് മതപരമായി മാത്രമല്ല, ചരിത്രപരമായും നരവംശശാസ്ത്രപരമായും അംഗീകരിക്കപ്പെട്ട വിവാഹം, കുടുംബം, സമൂഹം, സദാചാരം എന്നീ സങ്കല്‍പങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്നതും അവയുടെ തായ്‌വേര് പിഴുതെടുക്കുന്നതുമായ ലൈംഗികാഭാസത്തിന് സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മാന്യതയുടെയും പുറംചാര്‍ത്ത് നല്‍കിയ കറുത്ത ദിനമാണ്. ലക്കും ലഗാനുമില്ലാത്ത സ്ത്രീ-പുരുഷ ബന്ധത്തെയും സ്വവര്‍ഗരതിയുള്‍പ്പെടെയുള്ള ഉദാര ലൈംഗികതയെയും മഹത്വവല്‍ക്കരിക്കുന്ന തലതിരിഞ്ഞതും മനുഷ്യത്വവിരുദ്ധവും തികച്ചും അസാന്മാര്‍ഗികവുമായ ഒരു ചിന്താഗതിക്ക് നല്‍കപ്പെടുന്ന നിയമപരമായ ഈ അംഗീകാരത്തെ, നിയമപീഠത്തോടുള്ള എല്ലാ ആദരവുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനാധിപത്യപരമായി എതിര്‍ക്കാതിരിക്കാന്‍ സംസ്‌കാരവും സദാചാരബോധവുമുള്ള ആര്‍ക്കും സാധ്യമല്ല. ദൈവികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന, മാനുഷിക-ധാര്‍മിക മൂല്യങ്ങള്‍ എന്ന ഒന്നുണ്ടെന്ന് അംഗീകരിക്കുന്ന മതവിശ്വാസികള്‍ക്ക് വിശേഷിച്ചും.

പ്രായപൂര്‍ത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതിയും വേശ്യാവൃത്തിയും ക്രിമിനല്‍ കുറ്റമല്ലാതാവുകയും നിയമപരമായി അനുവദിക്കപ്പെടുകയും ചെയ്യുന്നതിലൂടെ തകര്‍ക്കപ്പെടുന്നത് സമൂഹത്തിന്റെ സുരക്ഷിതമായ നിലനില്‍പിന്റെ അസ്തിവാരമാണ്. സംസ്‌കാരം, സദാചാരം, കെട്ടുറപ്പുള്ള കുടുംബ-സാമൂഹിക ബന്ധങ്ങള്‍ തുടങ്ങി പരമ്പരാഗതമായി നാം തുടര്‍ന്നുവരുന്ന ദൈവികവും മാനുഷികവുമായ മൂല്യങ്ങള്‍ ഇവിടെ പുഛിച്ചുതള്ളപ്പെടുന്നു. പകരം, സ്വവര്‍ഗരതി, ലൈംഗിക തൊഴില്‍, വിവാഹ-കുടുംബ നിരാകരണം തുടങ്ങിയവ വ്യാപകമാകാന്‍ അവസരമൊരുങ്ങുന്നു. സമൂഹത്തെയോ നിയമത്തെ തന്നെയോ ഭയക്കേണ്ടതില്ല എന്ന അവസ്ഥ സംജാതമാകുമ്പോള്‍ വളരുന്ന തലമുറ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും അങ്ങനെ മനുഷ്യകുലം നാശത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു. ഈ തിരിച്ചറിവ് പക്ഷേ നമ്മുടെ ന്യായാധിപന്മാര്‍ക്ക് ഇല്ലാതെ പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 'സ്വവര്‍ഗാനുരാഗം ഒരു മനോവൈകല്യമല്ല, പൂര്‍ണമായും സ്വാഭാവിക അവസ്ഥതന്നെയാണ്. സ്ത്രീ-പുരുഷഭേദമില്ലാത്ത തുല്യതയാണ് അനുരാഗത്തിന്റെ കാര്യത്തില്‍ വേണ്ടത്. ഇക്കാര്യത്തില്‍ സാമൂഹികമനോഭാവം മാറ്റേണ്ട സമയമായി. ചരിത്രം തിരുത്താനാവില്ല, എന്നാല്‍, മെച്ചപ്പെട്ട ഭാവിക്കുവേണ്ടി വഴിയൊരുക്കാനാവും. 157 വര്‍ഷം പഴക്കമുള്ള നിയമവ്യവസ്ഥ ഇല്ലാതാക്കാന്‍ കഴിയുന്നവിധം വ്യത്യസ്തതകള്‍ അംഗീകരിക്കാന്‍ ഇന്ത്യന്‍ സമൂഹം പക്വതയാര്‍ജിച്ചു' തുടങ്ങിയ സ്വവര്‍ഗരതി നിയമവിധേയമാക്കവെ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ആശങ്കക്ക് വകനല്‍കുന്നതാണ്.

ഒരാള്‍ക്ക്  തോന്നുന്നതെല്ലാം അനുഭവിക്കാന്‍ അനിയന്ത്രിതമായ അവസരം സൃഷ്ടിക്കുക എന്നതാണ് സ്വാതന്ത്ര്യത്തിന്റെ അര്‍ഥമെങ്കില്‍, അതാണ് വ്യത്യസ്തതകളെ അംഗീകരിക്കാന്‍ കഴിയുന്ന പക്വതയെങ്കില്‍, അത്തരം നിലപാടുകളാണ് മെച്ചപ്പെട്ട ഭാവി പ്രദാനം ചെയ്യുകയെങ്കില്‍, താന്തോന്നിത്തരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് വിവേചനമെങ്കില്‍ ഇത്തരം വിധി പ്രസ്താവിക്കുന്നവര്‍ക്ക് പോലും ഇന്നാട്ടില്‍ ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. 'നിങ്ങളുടെ ഭാര്യയെ എനിക്കിഷ്ടമാണ്, അവള്‍ക്ക്  എന്നെയും ഇഷ്ടമാണ്' എന്ന വാദവുമായി മനുഷ്യാവകാശത്തിന്റെയും നവലിബറലിസത്തിന്റെയും വക്താക്കള്‍ നാളെപ്പിറ്റേന്ന് കോടതിയെ സമീപിച്ചാല്‍, അല്ലെങ്കില്‍ എനിക്ക് വിവസ്ത്രനായി നടക്കണം, അതെന്റെ ലൈംഗിക സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്, അതുമല്ലെങ്കില്‍ എനിക്ക് സമൂഹമധ്യേ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണം, അത് ഒരു 'തൊഴിലാ'യി അംഗീകരിക്കപ്പെട്ട കാര്യമാണല്ലോ എന്നൊരാള്‍ വാദിച്ചാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്റെ ഉദാരതയില്‍ ന്യായാധിപന്മാര്‍ അതും അനുവദിക്കുമോ എന്നാണ് വിനയത്തോടെ നമുക്കവരോട് ചോദിക്കാനുള്ളത്.

മെക്കാളെ പ്രഭുവും ബ്രിട്ടീഷുകാരും നമ്മുടെ നാടിനു ഒട്ടേറെ ദുരിതങ്ങള്‍ വരുത്തിവെച്ച കൂട്ടത്തില്‍ ചില നന്മകളും അവശേഷിപ്പിച്ചിരുന്നു. അതിലൊന്നാണ് സ്വവര്‍ഗരതി ലൈംഗിക ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ്. 'പ്രകൃതിയുടെ സ്വാഭാവിക മാര്‍ഗത്തിനു വിരുദ്ധമായി ഒരു പുരുഷനുമായോ സ്ത്രീയുമായോ മൃഗവുമായോ ലൈംഗികബന്ധം പുലര്‍ത്തുന്നയാള്‍ ജീവപരന്ത്യം ശിക്ഷാര്‍ഹനാണ്. അതല്ലെങ്കില്‍ പത്തുവര്‍ഷം  തടവും പിഴയും നല്‍കാവുന്നതാണ്' എന്നതാണ് പ്രസ്തുത വകുപ്പ്. എന്നാല്‍ ഈ കണ്ടെത്തലിന് പ്രസക്തിയില്ലെന്നും അത് രാജ്യത്തെ പൗരന്മാര്‍ക്ക്  തുല്യാവകാശം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 14,15,21 വകുപ്പുകള്‍ക്ക് എതിരാണെന്നുമാണ് കുറേകാലമായി രഹസ്യമായും കുറച്ചുകാലമായി പരസ്യമായും ലോകാടിസ്ഥാനത്തില്‍ തന്നെ ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നത്. 'ആണ്‍-പെണ്‍ഭേദം നോക്കാതെ തുല്യത ഉറപ്പാക്കണമെന്ന 14-ാം ഭരണഘടനാ വകുപ്പിന് വിരുദ്ധമാണ് 377-ാം വകുപ്പ്. യുക്തിരഹിതവും സ്വേഛാപരവും നീതീകരിക്കാനാവാത്തതുമാണത്' എന്ന നിരീക്ഷണത്തിലൂടെ ഇപ്പോള്‍ സുപ്രിം കോടതി പറഞ്ഞുവെച്ചിരിക്കുന്നതും അതുതന്നെ. സ്വവര്‍ഗരതി കമ്പോളാധിഷ്ഠിത ലോകത്ത് നല്ലൊരു ചരക്കായിരിക്കാം. പക്ഷേ, മനുഷ്യനെ കമ്പോളത്തിനപ്പുറത്ത് കാണുന്നവര്‍ക്ക് മെക്കാളെയുടെ ഈ വിഷയത്തിലെ നിരീക്ഷണം തെറ്റിയെന്നു പറയാനാവില്ല (മെക്കാളെയുടെ പിന്‍ഗാമികള്‍ പക്ഷേ ഇതിനെതിരാണ്. അദ്ദേഹത്തിന്റെ നാട്ടുകാരായ നാസ് ഫൗണ്ടേഷനായിരുന്നു 2001-ല്‍ സ്വവര്‍ഗരതിക്കാര്‍ക്ക് വേണ്ടി പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത് എന്ന കാര്യം കൂടി ഇതിനോട് ചേര്‍ത്ത്  മനസ്സിലാക്കുക).

സ്വവര്‍ഗരതി പ്രകൃതിവിരുദ്ധവും ചികിത്സ ആവശ്യവുമായ ഒരുതരം മാനസിക രോഗമാണ് എന്നതാണ് ശരി. പടിഞ്ഞാറിന്റെ  ചീഞ്ഞളിഞ്ഞ നവലിബറല്‍ ഉദാര ലൈംഗികതയുടെ ഭാഗമാണത്. ലൈംഗിക രോഗങ്ങള്‍, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് ഉപയോഗം, സാമൂഹിക ഘടനയുടെ തകര്‍ച്ച, കൗമാരക്കാര്‍ അതിനടിപ്പെടുന്നതോടെ ഭാവിതലമുറയില്‍ സംഭവിക്കുന്ന അരാജകത്വം തുടങ്ങി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കളമൊരുക്കുന്ന ഒരു സാമൂഹിക തിന്മയാണ് സ്വവര്‍ഗരതി. യൂറോപ്പില്‍ വ്യാപകമാകുന്ന കുടുംബ തകര്‍ച്ചയുടെയും നാഗരികതയുടെ നിലനില്‍പ്പിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീഷണിയുടെയും മുഖ്യമായ കാരണം, കുത്തഴിഞ്ഞ ലൈംഗികതയാണെന്ന് അവര്‍ പോലും തിരിച്ചറിഞ്ഞ് മാറിച്ചിന്തിക്കാനും തിരിഞ്ഞുനടക്കാനും ശ്രമിക്കുമ്പോഴാണ് അവരുടെ ഇന്നലെകളിലെ വൈകൃതങ്ങളെ പുരോഗമനം എന്ന ലേബലൊട്ടിച്ച് നാം ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നത്. അതിനാണിവിടെ നിയമത്തിന്റെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്!

സ്വവര്‍ഗരതിക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ചോദിക്കുന്ന കോടതി, സ്വവര്‍ഗരതിക്ക് അനുകൂലമായി ശാസ്ത്രീയവും മൂല്യാധിഷ്ഠിതവുമായ തെളിവുകളുണ്ടോ എന്ന് വിശദീകരിക്കുന്നില്ല. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ് തന്നെ സദാചാരത്തിലും ധാര്‍മിക മൂല്യങ്ങളിലും അധിഷ്ഠിതമാണെന്നും അവ തകര്‍ക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ മൃഗങ്ങളും അവരും തമ്മില്‍ അന്തരമില്ലെന്നും അത്തരം അവസ്ഥ വന്നാല്‍ മനുഷ്യസമൂഹത്തിന് നിലനില്‍പില്ലെന്നുമുള്ള വസ്തുത കോടതി ബോധപൂര്‍വമോ അല്ലാതെയോ വിസ്മരിച്ചിരിക്കുകയാണിവിടെ. അതുപോലെ, പുരുഷന്മാരുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് അനുയോജ്യമായ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവര്‍ സ്ത്രീകളാണ്. സ്ത്രീകള്‍ക്ക്  പുരുഷന്മാരും. ഇതിനു വിപരീതമായി പുരുഷന്മാര്‍ തങ്ങളുടെ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനു പുരുഷന്മാരെയും സ്ത്രീകള്‍ സ്ത്രീകളെയും സമീപിക്കുമ്പോള്‍ അവിടെ മറുവിഭാഗത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത് എന്ന വശവും കാണാതെ പോകുന്നു. 'രാഷ്ട്രത്തിന്റെ സാന്മാര്‍ഗിക വിയോജിപ്പ്' സ്വവര്‍ഗഭോഗികളായ ചെറു ന്യൂനപക്ഷത്തിന് ആലോസരമുണ്ടാക്കരുതെന്ന നിലപാട് എന്തുമാത്രം പ്രതിഷേധാര്‍ഹവും സങ്കടകരവുമല്ല?! പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഗുരുതരമായ സാമൂഹിക തിന്മകളിലും ഏര്‍പ്പെടുന്നവരെ ന്യൂനപക്ഷം എന്ന് കാറ്റഗറൈസ് ചെയ്ത് 'അവകാശ'ങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതും, നീതിപീഠം അവരുടെ അവകാശവാദങ്ങള്‍ അപ്പടി അംഗീകരിക്കാന്‍ തുടങ്ങിയതും ഗൗരവപൂര്‍വം കാണേണ്ടതാണ്. സ്വവര്‍ഗഭോഗികള്‍ 'ലൈംഗിക ന്യൂനപക്ഷം' ആണെങ്കില്‍ വ്യഭിചാരികളും മദ്യപാനികളും കള്ളന്മാരും തെമ്മാടികളുമൊക്കെ ബഹുസ്വര സമൂഹത്തിലെ പലതരം സാംസ്‌കാരിക ന്യൂനപക്ഷങ്ങളാണെന്നും ഒരാള്‍ക്ക് എന്തുകൊണ്ട് വാദിച്ചുകൂടാ? അവക്കില്ലാത്ത എന്ത് മാന്യതയാണ് സ്വവര്‍ഗരതിക്കുള്ളത്? ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടേണ്ട പോയിന്റാണിത്. വാസ്തവത്തില്‍, മനുഷ്യസംസ്‌കാരം അനുവദിക്കാത്ത ഒരു വൈകൃതത്തിന് മാന്യതയുടെ പരിവേഷമണിയിക്കാന്‍ അതിന്റെ ആളുകള്‍ കണ്ടെത്തിയതാണ് ഈ ലൈംഗിക ന്യൂനപക്ഷ വാദം.

സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് പറയേണ്ടതും അതിനുവേണ്ടി നിയമങ്ങള്‍ ഉണ്ടാക്കേണ്ടതും സമൂഹത്തിന്റെ സുരക്ഷിതമായ നിലനില്‍പിനു വേണ്ടിയായിരിക്കണം. അതല്ലാതെ, കുടുംബ ഘടനയെയും സമൂഹ ജീവിതത്തെയും നാഗരികതയെയും തകര്‍ക്കാനുള്ള കെണിയൊരുക്കിയ ശേഷം സ്വാതന്ത്ര്യവും ജന്മാവകാശവും പ്രസംഗിച്ചതുകൊണ്ട് എന്തു കാര്യം?! അതുകൊണ്ടുതന്നെ നാം നിയമപരമായും രാഷ്ട്രീയമായും ശക്തമായി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിത്. വ്യക്തികളുടെ താല്‍പര്യങ്ങളും സമൂഹത്തിന്റെ താല്‍പര്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അവിടെ ചില ചട്ടങ്ങളും വ്യവസ്ഥകളും അനിവാര്യമായി വരും. അതിനാണ് നിയമം എന്ന് പറയുന്നത്. ഒരു വ്യക്തിക്ക് വേണ്ടി, അല്ലെങ്കില്‍ ഏതാനും വ്യക്തികള്‍ക്ക്  വേണ്ടി ഒരു സമൂഹത്തിന്റെ  തന്നെ ധാര്‍മികതയെ തകര്‍ക്കുന്നതും സദാചാര ബോധത്തെ നശിപ്പിക്കുന്നതുമായ നിലപാട് സ്വീകരിക്കുന്നവര്‍ സാമൂഹിക തിന്മകള്‍ക്ക്  പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നത്. പുരുഷന് ലൈംഗിക സംതൃപ്തിക്ക് സ്ത്രീ ആവശ്യമില്ല, പുരുഷന്‍ തന്നെ മതി എന്നുവന്നാല്‍ അവിടെ കുടുംബം എന്ന മഹത്തായ സ്ഥാപനം തിരസ്‌കൃതമാവുകയായിരിക്കും ഫലം. പ്രകൃതി നമുക്ക് നല്‍കുന്ന സുഖങ്ങള്‍ക്ക്  വിലയായി നമ്മെ ഏല്‍പിക്കുന്ന ചില ബാധ്യതകളാണ് സന്താനോല്‍പാദനവും കുടുംബ പരിപാലനവും. ഈ ബാധ്യത ഏറ്റെടുക്കാന്‍ മനസ്സുവരാത്തവിധം മനോവൈകല്യം സംഭവിച്ചവര്‍ക്കാണ് സ്വവര്‍ഗരതി ആനന്ദദായകമാകുന്നത്. പ്രകൃതി തരുന്ന സുഖം അനുഭവിക്കുകയും അതിനു വില കൊടുക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു എന്നതുകൊണ്ടുതന്നെ സ്വവര്‍ഗരതി പ്രകൃതിയോടുള്ള ധിക്കാരവും വഞ്ചനയുമാണ്; ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള സമര്‍ഥമായ ഒളിച്ചോട്ടവും. ഇത്തരം ആത്മവഞ്ചന നടത്തുന്നവര്‍ സമൂഹ വഞ്ചകരായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ലോകത്ത് നിലവിലുള്ള മതങ്ങളും മൂല്യ സങ്കല്‍പങ്ങളുമെല്ലാം സ്വവര്‍ഗ രതിക്കെതിരാണ്. കേവല കുറ്റകൃത്യമായല്ല, പാപവൃത്തിയായാണ് സ്വവര്‍ഗരതിയെ അവ കാണുന്നത്. മുന്‍കര്‍ (നീചകൃത്യം), ഫാഹിശത്ത് (മ്ലേഛമായത്) എന്നൊക്കെയാണ് വിശുദ്ധ ഖുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ചെയ്തി വ്യാപകമായിരുന്ന സദോം (ഇന്നത്തെ ട്രാന്‍സ് ജോര്‍ഡാന്‍) നിവാസികളെ കുറിച്ചും അതിനെതിരെ ശക്തമായി പ്രതികരിച്ച ലൂത്വ് പ്രവാചകനെ കുറിച്ചും വിശദമായി തന്നെ ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. സംസ്‌കാരം ജീര്‍ണിക്കുക, മൂല്യങ്ങള്‍ ശിഥിലമാവുക, ആത്മാഭിമാനവും ധാര്‍മികതയും ചോര്‍ന്നു പോവുക, നന്മയും തിന്മയും തിരിച്ചറിയാനാവാത്ത അവസ്ഥ സംജാതമാവുക, പരിസരബോധമില്ലാതെ പെരുമാറുക, ബന്ധങ്ങള്‍ വഷളാവുക, ശരീരം രോഗാതുരമാവുക, ദൈവിക ശിക്ഷ പിടികൂടുക തുടങ്ങിയ കാര്യങ്ങള്‍ സ്വവര്‍ഗരതിയുടെ ഫലമായുണ്ടാകാമെന്ന് സദോം ജനതയുടെ ചരിത്രം വിശദീകരിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു (നോക്കുക: അല്‍അഅ്‌റാഫ് 80, ഹൂദ് 77, ശുഅറാഅ് 165). കൂടാതെ, അത് ചെയ്യുന്നത് നിരോധിച്ചുകൊണ്ടും അവരെ ശപിച്ചുകൊണ്ടുമുള്ള ധാരാളം പ്രവാചക വചനങ്ങളും കാണാം. സ്വവര്‍ഗരതിക്കാരായ പുരുഷന്മാരെ വധിക്കണമെന്നാണ് ബൈബിള്‍ (ലേവ്യര്‍ 18:22) പറയുന്നത്. സ്വവര്‍ഗരതി ശപിക്കപ്പെട്ട പാപമാണെന്നും അതിലേര്‍പ്പെടുന്നവര്‍ക്ക്  ഇരട്ടി ശിക്ഷ നല്‍കണമെന്നും സമൂഹത്തെ സാക്ഷിയാക്കിയാണത് നല്‍കേണ്ടത് എന്നും ഹൈന്ദവ വേദങ്ങളും പറയുന്നു.

നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് സദോം ജനത സഞ്ചരിച്ച അതേ ധര്‍മച്യുതിയിലൂടെയാണിപ്പോള്‍ ഉത്തരോത്തരാധുനിക ജനതയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ  പ്രത്യക്ഷ ലക്ഷണങ്ങളാണ് സ്വവര്‍ഗരതിയെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും അതിനു വേിയുള്ള കൂട്ടായ്മകളും. ലൈംഗിക സ്വാതന്ത്ര്യം, ലൈംഗിക ന്യൂനപക്ഷം, ലൈംഗിക തൊഴിലാളികള്‍ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ആ ഗണത്തിലേക്ക് ചേര്‍ക്കാം. ലൈംഗിക വൈകൃതത്തെ ലൈംഗിക വൈജാത്യമായി ചിത്രീകരിക്കുകയാണ്. വൃത്തികേടുകള്‍ ചെയ്യുന്നവര്‍ക്ക്  മാന്യതയുടെ പരിവേഷം നല്‍കുന്നു. മൃഗങ്ങള്‍ പോലും നാണിച്ചു തലതാഴ്ത്തിയേക്കാവുന്ന ചെയ്തികള്‍ക്ക്  മനുഷ്യത്വത്തിന്റെ നിറക്കൂട്ട് ചാര്‍ത്തുന്നു.

പല യൂറോപ്യന്‍ രാജ്യങ്ങളും സ്വവര്‍ഗരതിയും സ്വവര്‍ഗവിവാഹവുമെല്ലാം നിയമവിധേയമാക്കിയിട്ടു്. ലോകത്ത് ആദ്യമായി സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ച രാജ്യം നെതര്‍ലാന്റ്‌സാണ്. ശേഷം നോര്‍വേ, സ്വീഡന്‍, ബെല്‍ജിയം, സ്‌പെയിന്‍, കനഡ എന്നിവ കൂടി പ്രകൃതിവിരുദ്ധ വിവാഹത്തെ അംഗീകരിച്ചു. ഭരണഘടനയുടെ 377-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ പട്ടികയില്‍ ഇന്ത്യയും ഇടം കത്തെും. അങ്ങനെ സകല മേഖലകളിലും കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യ നിയമപരിരക്ഷയുടെ തണലില്‍ പ്രകൃതിവിരുദ്ധ ലൈംഗിക 'തൊഴിലി'ലും 'സ്വാതന്ത്ര്യ'ത്തിലും വന്‍ 'വളര്‍ച്ച' നേടിയേക്കും! ഈ സുപ്രീംകോടതി വിധി അതിനൊന്നും ഇടവരുത്താതിരിക്കട്ടെ എന്നാശിക്കുക. സ്വവര്‍ഗ വിവാഹത്തെ നിയമപരമായി അംഗീകരിച്ച പാശ്ചാത്യേതര രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇന്ന് സ്വവര്‍ഗവേഴ്ചയെ അംഗീകരിക്കുന്ന ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയുടെ വഴിക്ക് പോകില്ലെന്ന് ആരുകണ്ടു?

കേരളത്തിലെ ചില കോളേജുകളില്‍ സ്വവര്‍ഗരതിക്കാരുടെ യൂനിറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. പുതിയ കോടതിവിധി ഇത്തരം സാമൂഹിക വിരുദ്ധര്‍ക്ക് നിയമത്തിന്റെ തണല്‍ വിരിക്കുകയും അവര്‍ക്ക് സമൂഹത്തില്‍ മാന്യത നല്‍കുകയുമാണ് ചെയ്യുക. വേശ്യാവൃത്തി മാന്യമായ ലൈംഗിക തൊഴിലായി അംഗീകരിക്കുന്ന, സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവുമെല്ലാം അലംഘനീയമായ പൗരാവകാശമായി ഗണിക്കപ്പെടുന്ന, അതിനെ എതിര്‍ക്കുന്നത് നാഗരിക വികാസത്തെ മാനിക്കാത്ത പിന്തിരിപ്പന്‍ മത-സാംസ്‌കാരിക മൗലികവാദമാകുന്ന അപകടത്തിലേക്കാണ് ഇത്തരം സാഹചര്യങ്ങള്‍ നമ്മുടെ നാടിനെ കൊണ്ടെത്തിക്കുക.

ഭിന്നലൈംഗിക ശേഷിക്കാര്‍ക്ക് വേണ്ടിയാണ് ഈ വിധിയെന്നും അവരെയാണ് ഈ വിധി സന്തോഷിപ്പിക്കുന്നതെന്നും അവരുടെ ഏറെ കാലത്തെ കാത്തിരിപ്പിനാണ് ഫലം ഉണ്ടായിരിക്കുന്നതെന്നുമൊക്കെയാണ് പലരുടെയും വിശകലനങ്ങളെങ്കിലും യാഥാര്‍ഥ്യം  മറ്റൊന്നാണ്. ലിംഗപരമായ വ്യത്യസ്തത കാരണം അന്യവല്‍രിക്കപ്പെട്ട വലിയൊരു വിഭാഗം ട്രാന്‍സ്‌ജെന്ററുകള്‍ ലൈംഗികതയുടെ പേരില്‍ കാലങ്ങളായി നേരിടുന്ന അതിക്രമങ്ങളെയും വിവേചനങ്ങളെയും നിയമപരമായി ചോദ്യം ചെയ്യാന്‍ സാധ്യമായേക്കും എന്ന നിലക്ക് ഈ നിയമഭേദഗതി അവരെ സംബന്ധിച്ചേടത്തോളം പ്രതീക്ഷാദായകമാണെന്ന വിലയിരുത്തല്‍ ശരിയായിരിക്കാം. അതോടൊപ്പം തന്നെ, ട്രാന്‍സ് ജെന്റേഴ്‌സ് അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനും അവരുടെ സ്വത്വത്തെയും സത്തയെയും ലൈംഗികതയുമായി മാത്രം ബന്ധിപ്പിച്ച് നിര്‍ത്തി മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താനുമുള്ള ശ്രമം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എല്‍.ജി.ബി.ടിയില്‍ (lesbian, gay, bisexual, and transgender) ഉള്‍പ്പെടുത്തി അവരോടൊപ്പം എണ്ണപ്പെടുന്ന മറ്റു വിഭാഗങ്ങളുടെ കാര്യം അങ്ങനെയല്ല. അവര്‍ക്ക്  ഈ വിധി തങ്ങളുടെ പ്രകൃതിവിരുദ്ധതക്ക് ലഭിക്കുന്ന അംഗീകാരമാണ്. അതിനാല്‍ തന്നെ അപകടകരവും. സ്വവര്‍ഗരതി ലൈംഗികാഭിമുഖ്യം എന്നോ മറ്റോ വ്യവഹരിക്കാവുന്ന sexual orientation എന്ന ബയോളജിക്കല്‍ നിര്‍ബന്ധിതാവസ്ഥയല്ല, sexual preference  എന്ന ബോധപൂര്‍വ തെരഞ്ഞെടുപ്പാണ്. അതിനാല്‍ തന്നെ ഇത്തരമൊരു മാനസിക വൈകൃതത്തെയും മറ്റു ചിലരുടെ സൃഷ്ടിപരമായ ശാരീരിക വൈകല്യത്തെയും ഒരേ നുകത്തില്‍ കെട്ടി പ്രകൃതിവിരുദ്ധ ലൈംഗികതക്ക് മറപിടിക്കുന്നതാണ് എല്‍.ജി.ബി.ടി എന്ന പ്രയോഗം പോലും. ഭിന്ന ലൈംഗികശേഷിയുള്ളവരും സ്വവര്‍ഗാനുരാഗികളും എങ്ങനെയാണ് ഒരു കമ്യൂണിറ്റി ആയി മാറുന്നത്? എല്‍.ജി.ബി.ടി എന്ന ചുരുക്കപ്പേരില്‍ എങ്ങനെയാണ് ഇവരെ ഒന്നായി കൂട്ടിക്കെട്ടുക? വാസ്തവത്തില്‍ 'എല്‍.ജി.ബി'കളുടെ സ്വഭാവ വൈകൃതങ്ങള്‍ക്ക് ആദരവോ പരിഗണനയോ അല്ല, ബോധവല്‍ക്കരണവും ശിക്ഷയുമാണ് വേണ്ടത്.

'ടി'ക്ക് അവരുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞുള്ള പരിഗണനയും. ഇസ്‌ലാമിക വീക്ഷണത്തില്‍ ഇനിയും വികസിക്കേണ്ട പഠനങ്ങള്‍ ആവശ്യമായ വിഷയമാണ് ഭിന്നശേഷിക്കാരുടേത്.

ദൈവത്തെയും അവനില്‍നിന്നുള്ള ധാര്‍മിക ശിക്ഷണങ്ങളെയും അംഗീകരിക്കാത്തവരെ സംബന്ധിച്ചേടത്തോളം സ്വവര്‍ഗ ലൈംഗികത ഒരു പ്രശ്‌നമല്ലായിരിക്കാം. എങ്കിലും മനുഷ്യത്വം, മാനവികത എന്നതൊക്കെ അവരെയും അലട്ടേണ്ട വിഷയങ്ങളാണല്ലോ. അതുപോലെ സദാചാരവുമായി ബന്ധപ്പെട്ട് വ്യക്തിയെയും സമൂഹത്തെയും സ്വാധീനിക്കുന്നത് നിയമങ്ങളേക്കാള്‍ വിശ്വാസ ജീവിത കാഴ്ചപ്പാടുകളാണെന്നതിനാല്‍ സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതില്‍ വലിയ രീതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല, കോടതി വിധി ആരെയും സ്വവര്‍ഗരതിക്ക് നിര്‍ബന്ധിക്കുന്നില്ലല്ലോ എന്ന ന്യായവും ഉന്നയിക്കപ്പെട്ടേക്കാം. ഇത്തരം ന്യായവാദങ്ങളൊന്നും പ്രസക്തമല്ല. തങ്ങളുടെ കാഴ്ചപ്പാടില്‍ തെറ്റായതും സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ ഒരു കാര്യത്തിനു നിയമത്തിന്റെ പരിരക്ഷയും സമൂഹത്തില്‍ സ്വീകാര്യതയും മാന്യതയും ലഭിക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയും തുറന്നു കാണിക്കുകയും ചെയ്യുക എന്നത് സമൂഹത്തോടുള്ള ഗുണകാംക്ഷ എന്ന നിലക്കും ധാര്‍മികബാധ്യത എന്ന നിലക്കും ഇസ്ലാം പഠിപ്പിക്കുന്ന ഏറെ ഗൗരവമുള്ള അധ്യാപനമാണെന്ന കാര്യം വിശ്വാസികള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണ്.  'തെറ്റ് കണ്ടിട്ടും തടയാന്‍ ശ്രമിക്കാതെ മിണ്ടാതിരിക്കുന്നവന്‍ ഊമയായ പിശാചാണ്' എന്നാണല്ലോ നബിവചനം. തിന്മകളുടെ വ്യാപനവും, അത് നിര്‍മാര്‍ജനം ചെയ്യാന്‍ രംഗത്തിറങ്ങേണ്ടവരുടെ നിഷ്‌ക്രിയത്വവും നിസ്സംഗതയും ഈ ലോകത്ത് തന്നെ അല്ലാഹുവിന്റെ ശിക്ഷ വന്നുഭവിക്കാന്‍ ഇടയാക്കുന്ന ഗുരുതരമായ കുറ്റമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ടെന്നിരിക്കെ, മൗനത്തിന്റെ വാല്‍മീകത്തിലൊളിക്കാന്‍ അതിന്റെ അനുയായികള്‍ക്ക് സാധ്യമല്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (28 - 35)
എ.വൈ.ആര്‍

ഹദീസ്‌

വര്‍ധിക്കുന്ന കൊലപാതകങ്ങള്‍
കെ.സി സലീം കരിങ്ങനാട്