Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 21

3068

1440 മുഹര്‍റം 10

തുറന്നെഴുത്തുകാലത്തെ ഒളിഞ്ഞുനോട്ട സുഖങ്ങള്‍

ഷുമൈസ് നാസര്‍, തിരൂര്‍

മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ എത്രത്തോളം അബദ്ധജടിലമാകുമെന്ന് ചിന്തിപ്പിക്കുന്നതായിരുന്നു ലിബറലിസത്തെപ്പറ്റിയുള്ള പി. റുക്‌സാനയുടെ വിലയിരുത്തലുകള്‍ (ആഗസ്റ്റ് 17). സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണും സജീവമായതോടെ സ്ത്രീപക്ഷ തുറന്നെഴുത്തുകള്‍ക്കും പറച്ചിലുകള്‍ക്കും അതിരുകളില്ലാത്ത പ്ലാറ്റ്‌ഫോമുകള്‍ രൂപപ്പെട്ടിരിക്കുകയാണല്ലോ. ഏറ്റവും അവസാനം രേഖാ രാജിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. ഈ തുറന്നെഴുത്തു സാധ്യതകളെ ഉപയോഗപ്പെടുത്തി 'പച്ചക്ക്' രചിക്കപ്പെട്ട ചില കവിതകള്‍ സമീപകാലങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചെറുതല്ലാത്ത വാഗ്വാദങ്ങള്‍ സൃഷ്ടിച്ചുവിട്ടിരുന്നു. ഇത്തരം രചനകള്‍ സാഹിത്യമായി പരിഗണിക്കാന്‍ പോലുമാവില്ല എന്ന് ഒരു വശത്ത് ഇകഴ്ത്തപ്പെട്ടപ്പോള്‍ ശക്തവും ധീരവുമായ സൃഷ്ടികള്‍ എന്ന് മറുവശത്ത് വാഴ്ത്തപ്പെട്ടു. വാസ്തവത്തില്‍ സ്ത്രീപക്ഷ തുറന്നെഴുത്തുകള്‍ എന്ന് ഘോഷിക്കപ്പെടുന്ന ഇത്തരം പ്രകടനങ്ങള്‍ ആണ്‍കോയ്മയുടെ സര്‍വാധിപത്യത്തെ തരിമ്പും അസ്വസ്ഥപ്പെടുത്തുന്നില്ല. മറിച്ച് അതിനെ കൂടുതല്‍ തൃപ്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പെണ്ണിനെ തുറന്നിടല്‍ ആണിന്റെ ലക്ഷ്യമായിരിക്കെ ആണധികാര പ്രയോഗത്തിനെതിരെ പെണ്ണ് തുറന്നിടുന്നത് എങ്ങനെയാണ് ആയുധമാവുന്നത്?

ഫലത്തില്‍ കപടമായ കുറച്ച് ലൈക്കുകള്‍ക്കും സപ്പോര്‍ട്ട് കമന്റുകള്‍ക്കും അപ്പുറം ഒരു ദീര്‍ഘനേര ഒളിഞ്ഞുനോട്ടത്തിന്റെ സുഖമാണ് പുരുഷന് നല്‍കുന്നത്. കേരളത്തില്‍ ഈയടുത്ത് വളരെ വേഗത്തില്‍ വിറ്റുപോയ വത്തക്ക സമരവും പുറംചട്ടയില്‍ മുലയൂട്ടുന്ന ചിത്രം പ്രസിദ്ധീകരിച്ച പ്രമുഖ മാസികയും ഇതേ നൂലില്‍ കോര്‍ക്കാവുന്നതാണ്. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ആന്തരിക പ്രത്യയശാസ്ത്രമായ ആണ്‍കോയ്മക്കെതിരെയുള്ള വൈകാരികവും വ്യക്തിഗതവുമായ സാഹസങ്ങള്‍ ഇതേ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തെ തന്നെയാണ് പങ്കിടുന്നത്. പുരുഷനെതിരെ സ്ത്രീയെ തിരിച്ചുവിടുക, സ്ത്രീ പുരുഷനെ അനുകരിക്കുക എന്നൊക്കെയുള്ള ഉണക്ക പാശ്ചാത്യ സ്ത്രീ വിമോചന അടവുകള്‍ പയറ്റുമ്പോള്‍ ഇത് സ്വാഭാവികമാണ്. മനുഷ്യ കേന്ദ്രീകൃതമായി നിര്‍മിക്കപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ക്കൊന്നും സ്ത്രീയെ വിമോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്ന് ജനാധിപത്യത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ഗ്രീസ് മുതലിങ്ങോട്ടുള്ള രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാണ്.

സകല സര്‍ഗാത്മകതയും വകവെച്ചു കൊണ്ടുതന്നെ ഇസ്‌ലാം സ്ത്രീ-പുരുഷ ഇടകലരുകള്‍ക്ക് കൃത്യമായ അതിര്‍വരമ്പുകള്‍ വരച്ചുകൊടുത്തപ്പോള്‍ ആറാം നൂറ്റാണ്ടിന്റെ കാടന്‍ വ്യവസ്ഥയായത് മാറ്റിനിര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഇസ്‌ലാമിക സ്ത്രീ വിമോചന സങ്കല്‍പങ്ങളെ മുഖ്യധാരയില്‍ അവതരിപ്പിക്കാന്‍ കഴിയണം. സംവാദ മുഖങ്ങള്‍ തുറന്നെടുക്കാന്‍ സാധിക്കണം. സര്‍ഗാത്മകതയില്ലാത്ത വൈകാരിക സാഹസങ്ങള്‍ ആണ്‍കാഴ്ചകളുടെയും വായനകളുടെയും ആനന്ദവൃത്തങ്ങള്‍ ഭേദിക്കാന്‍ കഴിയാത്ത ഉണ്ടയില്ലാ വെടികള്‍ മാത്രമാവും.

 

 

 

രണ്ട് കവര്‍ സ്റ്റോറികള്‍, രണ്ട് ധ്രുവങ്ങള്‍

പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ആഗസ്റ്റ് 10-ലെ പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ച രണ്ട് കവര്‍ സ്റ്റോറികള്‍ രണ്ട് ധ്രുവങ്ങളിലായിപ്പോയെന്ന് തോന്നുന്നു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, സുശീര്‍ ഹസന്‍ എന്നിവരുടേതാണ് ലേഖനങ്ങള്‍. 'പ്രീ സ്‌കൂള്‍ കുട്ടികളുടെ പക്ഷത്ത് നില്‍ക്കണം' എന്ന കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ ലേഖനം സാധാരണക്കാരായ വായനക്കാരുടെയും വിദ്യാഭ്യാസ പ്രേമികളുടെയും പക്ഷത്ത് നിന്നുകൊണ്ടുള്ള ചിന്തകളാണ് അവതരിപ്പിച്ചത്. പ്രീ സ്‌കൂളുകള്‍ മാനേജ്‌മെന്റുകള്‍ക്കും അധ്യാപകര്‍ക്കും ലേഖനത്തില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനുമുണ്ട്. ഖലീല്‍ ജിബ്രാന്റെ കവിതാ ശകലം അന്വര്‍ഥമാക്കിക്കൊണ്ട് കുട്ടികളുടെ ചിന്ത പുഷ്‌കലമാക്കാനും അവരുടെ ആത്മാക്കളെ ചങ്ങലക്കിടാതിരിക്കാനുമുള്ള ആഹ്വാനമാണ് പുലവത്തിന്റെ ലേഖനത്തില്‍ പ്രതിധ്വനിക്കുന്നത്. അധ്യാപകന്‍ ഏകരൂപേണ ചിന്തിക്കുമ്പോള്‍ കുട്ടികള്‍ ഭിന്ന ദിശയില്‍ ചിന്തിക്കുന്നു എന്ന മനഃശാസ്ത്ര വസ്തുത വളരെ സരളമായ രീതിയില്‍ പ്രതിപാദിക്കുന്നതില്‍ ലേഖകന്‍ വിജയിച്ചിരിക്കുന്നു. സഹദേവന്‍ മാസ്റ്ററുടെ അനുഭവം കൂടി സരളമായി അവതരിപ്പിച്ചപ്പോള്‍ വിഷയം വായനക്കാരന് അനായാസം മനസ്സിലാക്കാനും സാധിച്ചു. 

അതേ അവസരത്തില്‍  'പ്രീ പ്രൈമറി വിദ്യാഭ്യാസം ആത്മീയമാകുമ്പോള്‍' എന്ന സുശീര്‍ ഹസന്റെ ലേഖനത്തിന്റെ തലക്കെട്ടും ഉള്ളടക്കവും തമ്മില്‍ പൊരുത്തക്കേടുള്ളതായി തോന്നുന്നു. ശൈശവ വിദ്യാഭ്യാസം ഇസ്‌ലാമിക ദര്‍ശനത്തില്‍ രൂപപ്പെടണം എന്നു പറയുന്ന ലേഖകന്‍ തൊട്ടടുത്ത ഖണ്ഡികയില്‍ 'ഉന്നത വ്യക്തിത്വം എന്ന നിലയില്‍ ഒരു കുട്ടിയെ പ്രാപ്തനാക്കാനുതകുന്ന പാര്‍ശ്വവത്കരിക്കപ്പെടാത്ത മനോഭാവങ്ങളും കാഴ്ചപ്പാടുകളുമാണ് നമുക്കാവശ്യമെന്നും സംഘടനകളുടെയോ മതത്തിന്റെയോ പേരില്‍ രൂപപ്പെടുമ്പോള്‍ അത്തരം ചിന്താഗതികളുണ്ടായാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും' എഴുതുന്നു. ഇത് ഒന്നുകില്‍ വൈരുധ്യമാണ്. അല്ലെങ്കില്‍ വായനക്കാരന് അനായാസം മനസ്സിലാക്കാന്‍ കഴിയാത്ത ആഖ്യാനരീതിയാണ്.

നസീന പെരിന്തല്‍മണ്ണ

 

 

 

രചനകള്‍ സുതാര്യമാകണം

ഏതൊരു സാഹിത്യ രചനയുടെയും ഉള്ളടക്കം വായനക്കാരന്‍ ഉള്‍ക്കൊള്ളണമെങ്കില്‍ അതിന്റെ ഭാഷ, പ്രതിപാദന ശൈലി, ഉള്ളടക്കം തുടങ്ങിയവ സരളവും സുതാര്യവുമാകണം. പ്രതിപാദ്യ വിഷയം വായനക്കാരന് അനായാസം മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തിലാണ് രചനയെങ്കില്‍ കൂടുതല്‍ നല്ലത്. ഏതൊരു വിഷയവും സമര്‍ഥിക്കാന്‍ ഉപയോഗിക്കുന്ന പരാമര്‍ശങ്ങളും ഉദ്ധരണികളും വാചക ഘടനയും വായനക്കാരനെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതും താല്‍പര്യജനകവുമായിരിക്കണം. ഒപ്പം ആശയം കെട്ടിക്കുടുക്കുകളോന്നുമില്ലാതെ മനസ്സിലാക്കാന്‍ സാധിക്കുകയും വേണം.

'ഹിംസ-മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യം' എന്ന ലേഖനം (3-8-2018) കുറേയൊെക്ക ക്ലിഷ്ടമായിപ്പോയില്ലേ? 'ഒരു കൊലയെയും ഇനിമേല്‍ നാം രാഷ്ട്രീയ കൊലയെന്നും മത കൊലയെന്നും വിളിക്കാതിരിക്കണമെന്നാണ്' ലേഖകന്‍ ആവശ്യപ്പെടുന്നത്. 'കാരണം രാഷ്ട്രീയത്തെയും മതത്തെയും തെറ്റായി അവതരിപ്പിക്കലാണ'ത്രെ അത്. 'ഹിംസയും ഹത്യയും പാതകവും തെറ്റുമാണ്. രാഷ്ട്രീയമായ തെറ്റും മതപരമായ തെറ്റും സംഭവിക്കാം. എന്നാല്‍ തെറ്റ് ഒരിക്കലും മതപരമോ രാഷ്ട്രീയമോ ആവുകയില്ല.' ഈ പരാമര്‍ശത്തിലൂടെ എന്താണ് വായനക്കാരന്‍ ഉള്‍ക്കൊള്ളേണ്ടതെന്ന് വ്യക്തമല്ല. അതേ അവസരത്തില്‍ തന്റെയോ താന്‍ ഉള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെയോ മേല്‍ക്കോയ്മയും അധികാരവും മറ്റുള്ളവരുടെ മേല്‍ സ്ഥാപിച്ചെടുക്കുക എന്ന അധീശത്വമാണ് ഹിംസയുടെ മറ്റൊരു കാരണമായി ലേഖകന്‍ എടുത്തുകാട്ടുന്നത്. മതപരവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മക്കു വേണ്ടിയും ഇത്തരം ഹിംസകള്‍ നടന്നതായി കാണാന്‍ കഴിയുന്നുണ്ടെന്ന വസ്തുത ഇവിടെ അവഗണിക്കാന്‍ കഴിയുകയില്ല. സദ്‌വിചാരമോ നീതിബോധമോ അല്ല, ആയിരിക്കുകയില്ല ഹിംസ നടത്തുന്ന ആള്‍ക്കൂട്ടത്തെ നയിക്കുന്നതെന്നും മറിച്ച് അഹന്ത പെരുത്ത ആള്‍ക്കൂട്ട മനഃശാസ്ത്രമാണ് ഇതിന് ഇടയാകുന്നതെന്നുമുള്ള വീക്ഷണം ശരിതന്നെ. അമിതമായ വികാരവും ആവേശവും ഏതൊരു വ്യക്തിയില്‍ കടന്നുകൂടുന്നുണ്ടോ അവിടെ ആലോചനയും വിവേകവും ഇല്ലാതാവുകയും അഭിലഷണീയമല്ലാത്ത തിന്മകളിലേക്ക് അത് കൊണ്ടെത്തിക്കുകയും ചെയ്യും. അധമമായ അക്രമവാസനയും ക്രിമിനലിസവും ഇതിന്റെ പിന്നില്‍ കാണാം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നടക്കുന്ന ഹിംസകളെയും ഇവിടെ കാണാതിരിക്കാന്‍ കഴിയുകയില്ല. ഹിംസയോട് വിട്ടുനില്‍ക്കല്‍ ഭക്തിയുടെ താല്‍പര്യമാണെന്ന് ഇസ്‌ലാം ദര്‍ശിക്കുന്നുണ്ടെന്ന ലേഖകന്റെ വീക്ഷണം ശരിതന്നെയാണ്. പക്ഷേ മതത്തിന്റെ വീക്ഷണങ്ങള്‍ യഥാവിധി ഉള്‍ക്കൊള്ളാത്തവരാണ് ഇത്തരം ഹിംസകള്‍ നടത്തുന്നതെന്നും മനസ്സിലാക്കണം.

ഹിംസയുടെയും കുറ്റകൃത്യത്തിന്റെയും കൊലപാതകത്തിന്റെയും മതപരവും ഇസ്‌ലാമികവുമായ വീക്ഷണങ്ങളിലേക്കും അതിന്റെ പരിഹാര മാര്‍ഗത്തിലേക്കും ഇറങ്ങിച്ചെല്ലാന്‍ ലേഖകന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇന്ന് ലോകാടിസ്ഥാനത്തില്‍ അരങ്ങേറുന്ന യുദ്ധങ്ങളും ആള്‍ക്കൂട്ടകൊലകളും ആത്മീയ ധാര്‍മിക മൂല്യങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കാതെ പോയതിന്റെ അനന്തരഫലമാണെന്നും കാണേതുണ്ട്.

പി.എ.എം അബ്ദുല്‍ ഖാദര്‍

 

 

 

'സ്‌കങ്കുകാല'ത്തെ സര്‍ഗാത്മകത!

ജൂലൈ 27-ന്റെ ലൈക് പേജ് (നിശ്ശബ്ദം ഒച്ച വെക്കുന്ന നമ്മള്‍) സോഷ്യല്‍ മീഡിയ ദുരന്തം മാത്രമല്ല, വര്‍ത്തമാനത്തിന്റെ മൊത്തം ദുരന്തത്തെയും വരച്ചുകാട്ടലായി. ഒട്ടേറെ ശരികളുള്ള ലോകത്ത് തന്റെ ശരികളിലേക്കു മാത്രം ലോകത്തെ വലിച്ചുകൂട്ടാനുള്ള ത്വരയാണ് എല്ലാത്തരം മുഷ്‌കുകളുടെയും അലര്‍ച്ചകളുടെയും ഉറവിടം. കെ.ഇ.എന്‍ പറഞ്ഞ സ്‌കങ്കുകള്‍ സ്വയം രക്ഷപ്പെടാന്‍ വേി ദുര്‍ഗന്ധം വമിപ്പിക്കുമ്പോള്‍ വര്‍ത്തമാനകാല 'സ്‌കങ്കു'കള്‍ സഹജീവികളെ ഭീതിപ്പെടുത്തി ഭീകര ശബ്ദമുാക്കി ഓരിയിട്ടുകൊണ്ട് ഓടിപ്പിക്കുകയാണ്, ചോര കുടിക്കുകയുമാണ്. സ്‌കങ്കുകാലം സര്‍ഗാത്മക സംഹാരകാലം!. എം. മുകുന്ദന്റെ 'കിട്ടു'വായി മാറുന്നതും വൈക്കം മുഹമ്മദ് ബഷീറിന്റെ വരട്ടു ചൊറിയനായി മാറുന്നതുമെല്ലാം നല്ലതുതന്നെ. പക്ഷേ, ചില 'വിദ്യാധര'ന്മാര്‍ മൗനം സമ്മതമാക്കി മുതലെടുക്കും.

അലവി വീരമംഗലം

 

 

 

ലോകം നമ്മെ ഉറ്റുനോക്കുന്നു

എം.ഐ അബ്ദുല്‍ അസീസിന്റെ 'പ്രളയാഴങ്ങളിലെ പവിഴ സൗന്ദര്യം' (സെപ്റ്റംബര്‍ 7) വായിച്ചു. പ്രളയാനന്തരം നടന്ന ആത്മാര്‍ഥ സേവനങ്ങള്‍ നമ്മള്‍ നേരില്‍ കാണുന്നതുപോലെ അവതരിപ്പിച്ചിരിക്കുന്നു. പ്രായം ചെന്നവര്‍, വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥിനികള്‍, ചെറുപ്പക്കാര്‍, ജാതി മത ഭേദമന്യേ എല്ലാ ജനങ്ങളും കേരളത്തെ ഒന്നായി കാണുകയും പ്രയാസങ്ങളില്‍ അകപ്പെട്ട എല്ലാവര്‍ക്കും വേണ്ടി കൈയും മെയ്യും മറന്ന്, രാഷ്ട്രീയം മറന്ന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. ഇത് വളര്‍ന്നുവരുന്ന തലമുറക്ക് ഒരു പാഠമാണ്. പദവികളും ആടയാഭരണങ്ങളുമെല്ലാം മാറ്റിവെച്ച് സാധാരണ മനുഷ്യരായി ഒരേ മനസ്സുമായി ഒരേ കേരളീയരായി ജീവിച്ച് മുന്നേറുക, ലോകം നമ്മെ ഉറ്റുനോക്കുന്നുണ്ട്.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ

 

 

 

 

പ്രളയമൊരു പാഠമാവട്ടെ

പ്രളയമൊരു പാഠമാവട്ടെ മനുഷ്യന്റെ

ദുരമൂത്ത പ്രകൃതിയെ, പ്രകൃതി ശിക്ഷിക്കുന്ന

കഥയുടെ തുടക്കമാവട്ടെ

ഈ പ്രളയമൊരു പാഠമാവട്ടെ

പ്രകൃതിയേക്കാള്‍ വലിയ ഗുരുവില്ല, ഗുരുവിനെ

പരിചരിക്കാത്തവര്‍ക്കെന്നും ഒടുങ്ങാത്ത

ദുരിതങ്ങളേ വന്നുചേരൂ.

തലയെ തണുപ്പിച്ച തണലായൊരഛനെ

പുഴയില്‍ മുലപ്പാലൊഴുക്കുന്നൊരമ്മയെ

വഴിവിട്ട വികസന ഭ്രാന്താല്‍ നിരന്തരം

സഹികെടുത്തുന്നൊരീ മക്കള്‍ക്ക് മേലിലീ

പ്രളയമൊരു പാഠമാവട്ടെ

കരകവിഞ്ഞെത്തുന്ന മലവെള്ളമുന്നതര്‍തന്‍

പണിത കൊട്ടാരവും പതിതന്റെ ചാളയും

ഒരുപോലെ മുക്കി കളഞ്ഞു.

ഇത് കണ്ട് നമ്മളും പ്രകൃതിക്ക് മക്കളില്‍

വക ഭേദമില്ലെന്നറിഞ്ഞു

തലതിരിഞ്ഞെത്തുന്ന മത വര്‍ഗ ചിന്തയും

തലവെട്ടി നിലനില്‍പ് നേടുന്ന കൂട്ടരും

ഇത് കണ്ട് നിലപാട് മാറ്റുവാനായെങ്കില്‍ 

പ്രളയമൊരു പാഠമാവട്ടെ

ഇനിയും വരും ദുരിതം, അതില്‍നിന്ന് നമ്മള്‍ക്ക്

കരകേറുവാനുള്ള ശക്തി നേടാനുമീ

പ്രളയമൊരു പാഠമാവട്ടെ

ഈ പ്രളയമൊരു പാഠമാവട്ടെ.

പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (28 - 35)
എ.വൈ.ആര്‍

ഹദീസ്‌

വര്‍ധിക്കുന്ന കൊലപാതകങ്ങള്‍
കെ.സി സലീം കരിങ്ങനാട്