ചരിത്രത്തിലെ പ്രവാചകന്മാര്‍
പ്രവാചകന്മാരെയെല്ലാം നമുക്കറിയില്ല. എല്ലാ ഭൂ ഭാഗത്തും പ്രവാചകന്മാര്‍ വന്നിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (35:24). പലരെയും പില്‍ക്കാല സമൂഹം വിഗ്രഹവല്‍ക്കരിക്കുകയും അവരുടെ സന്ദേശങ്ങളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. അതുകൊണ്ട് പ്രചാരത്തിലിരിക്കുന്ന ചരിത്രം വസ്തുനിഷ്ഠമല്ല. ചാരിത്ര്യം നഷ്ടപ്പെട്ട ചരിത്രമാണേറെയും. ആകയാല്‍ അത് അവലംബനീയമല്ല, പ്രയോജനപ്രദവുമല്ല.
ലോകത്ത് പ്രചരിക്കുന്ന 'ഖസ്വസ്വുല്‍ അമ്പിയ' സ്വഭാവത്തിലുള്ള പല കൃതികളിലും വിവിധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും പരന്നു കിടക്കുന്ന ഇസ്രാഈലിയ്യാത്ത് ഉണ്ടാക്കിയ വിനകള്‍ വിവരണാതീതമാണ്. ഇസ്‌ലാമിനെതിരെ കുതന്ത്രങ്ങള്‍ മെനയുന്നവര്‍ തങ്ങളുടെ വിക്രിയകള്‍ക്ക് തെരഞ്ഞെടുത്ത മുഖ്യ മേഖല ചരിത്രം തന്നെയാണ്. ഉദാഹരണത്തിന് ബ്രിട്ടീഷ് ഗ്രന്ഥകാരനായ ആല്‍ഫ്രഡ് ഗില്ലോമെ (Alfred Guillaume) ഇബ്‌നു ഇസ്ഹാഖിന്റെ ചരിത്രകൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് പലവിധ കള്ളക്കഥകള്‍ക്കും കൂടുതല്‍ പ്രചാരം നല്‍കാനും ഇസ്‌ലാമിനെതിരെ കുതന്ത്രങ്ങള്‍ മെനയാനുമാണ്. അദ്ദേഹം തന്നെ ഇബ്‌നു ഇസ്ഹാഖിന്റെ ചരിത്ര കൃതിയെ ആധികാരികമെന്നോണം ഉദ്ധരിച്ചുകൊണ്ട് 'ISLAM' എന്ന കൃതിയില്‍ പല ഭീമാബദ്ധങ്ങളും എഴുന്നള്ളിച്ചിട്ടുണ്ട്.
സുലൈമാന്‍ നബി (അ), യൂസുഫ് നബി (അ), ലൂത്വ് നബി (അ), ഇബ്‌റാഹീം നബി (അ), ഈസാ നബി (അ) തുടങ്ങിയ പല നബിമാരെപ്പറ്റിയും വൃത്തികെട്ട കള്ളക്കഥകള്‍ പല മാര്‍ഗേണ പ്രചരിപ്പിക്കുകയും തദടിസ്ഥാനത്തില്‍ തങ്ങളുടെ അധാര്‍മികതകള്‍ക്ക് ന്യായം ചമക്കുകയും ചെയ്ത ജൂത-ക്രൈസ്തവ പുരോഹിതര്‍ പരിശുദ്ധ ഇസ്‌ലാമിന്റെയും മുഹമ്മദ് നബിയുടെയും ചരിത്രവും വക്രീകരിച്ചിട്ടുണ്ട്. ആദം-ഹവ്വ ചരിത്രത്തില്‍ പലതും കടത്തിക്കൂട്ടിയിട്ടാണല്ലോ സ്ത്രീയെ രണ്ടാം കിടയാക്കി ഇകഴ്ത്താനും അവളെ ആദിപാപത്തിന്റെ കാരണക്കാരിയാക്കാനും കച്ച കെട്ടിയത്.
ഈയൊരു പശ്ചാത്തലത്തിലാണ് ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഖുര്‍ആനിലെ 25 പ്രവാചകന്മാര്‍ എന്ന കൃതി പ്രസക്തമാകുന്നത്. മുഖ്യമായും വിശുദ്ധ ഖുര്‍ആനിനെയാണ് ഗ്രന്ഥകര്‍ത്താവ് അവലംബിക്കുന്നത്. ഖുര്‍ആനിനോട് തികച്ചും യോജിക്കുന്ന, ഒരിക്കലും ഖുര്‍ആനിന് വിരുദ്ധമാകാത്ത വര്‍ത്തമാനങ്ങളേ ഇതിലൂള്ളൂ. ഖുര്‍ആനിക പരാമര്‍ശങ്ങളുടെ ന്യായയുക്ത വിശദീകരണങ്ങളായി അതനുഭവപ്പെടുകയും ചെയ്യുന്നു.
ഖുര്‍ആന്‍ ചരിത്രത്തെ സംക്ഷേപിച്ച് നമ്മുടെ മുമ്പാകെ സമര്‍പ്പിച്ചത് നമ്മുടെ മാര്‍ഗദര്‍ശനത്തിന് (ഹിദായത്ത്) വേണ്ടിയണ്. ഗുണപാഠപ്രധാനവും കാര്യമാത്രപ്രസക്തവുമായ ഖുര്‍ആനിക ശൈലിയെ നിഷ്ഠാപൂര്‍വം അവലംബിച്ചതിനാല്‍ നല്ലൊരു പാഠപുസ്തകത്തിന്റെ ആധികാരികത ഈ കൃതിക്കുണ്ട്. ഗ്രന്ഥകാരന്‍ ഉദ്ധരിച്ച ഖുര്‍ആനിക സൂക്തങ്ങളുടെ മൂലരൂപവും അതിന്റെ വിശദീകരണവും കൂടി ചേര്‍ത്തുവെച്ച് ഗൗരവപൂര്‍വമുള്ള വായനക്കും പഠനത്തിനും മനനത്തിനും ഈ കൃതി പ്രചോദനമേകുന്നുണ്ട്. ഖുര്‍ആനിന്റെ മൂശയില്‍ ചരിത്രപഠനവും വിശകലനവും നടത്താന്‍ ഈ കൃതി സഹായകമാണ്. സര്‍വ പ്രവാചകന്മാരും പ്രഘോഷണം ചെയ്ത പ്രമേയം ഒന്നാണെന്ന് മനസ്സിലാക്കാനും പ്രവാചകന്മാരും അതത് കാലത്തെ പ്രതിയോഗികളും തമ്മിലുള്ള സംവാദത്തിന്റെ മര്‍മം ഗ്രഹിക്കാനും ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) വരെയുള്ള സകല പ്രവാചകന്മാരും പ്രബോധനം ചെയ്ത സന്ദേശത്തിന്റെ അന്തര്‍ധാര അറിയാനും സഹായകമാണ് കൃതിയുടെ പ്രതിപാദന രീതി.
Comments