ഇസ്‌ലാമില്‍ കുടുംബം ഭാരവും ബാധ്യതയുമല്ല
മനുഷ്യ ജീവിതത്തെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെ നാല് ആശ്രമങ്ങളായാണ് ഭാരതീയര്‍ വിഭജിച്ചിരിക്കുന്നത്. ധര്‍മത്തിന് വിരുദ്ധമല്ലാത്ത കാമത്തെ അനുഭവിച്ച് സമുന്നതമായ ലക്ഷ്യത്തിലേക്കുയരുന്നതിനുള്ള വ്യക്തവും സുനിശ്ചിതവും ആസൂത്രിതവുമായ ആചരണ പദ്ധതിയാണ് ആശ്രമവ്യവസ്ഥ. അതില്‍ വൈവാഹിക ജീവിതം ഉള്‍പ്പെടുന്നത് ആശ്രമത്തില്‍തന്നെയാണെന്നത് ശ്രദ്ധേയമത്രെ. ലോകയാഥാര്‍ഥ്യങ്ങളെ താത്ത്വികവും പ്രായോഗികവുമായ സമഗ്രതയോടെ സ്വാംശീകരിച്ചുകൊണ്ടുള്ള ബ്രഹ്മചര്യാശ്രമത്തിന്റെ തുടര്‍ച്ചയെന്ന നിലക്കാണ് ഗൃഹസ്ഥാശ്രമം എന്ന സംജ്ഞ അന്വര്‍ഥമാകുന്നത്. 'വേദോക്തമായ ഗൃഹസ്ഥാശ്രമ ധര്‍മങ്ങള്‍ പതിവായി ആചരിച്ചാല്‍ അതുതന്നെ പരമമായ ഗതിക്ക് കാരണമാകുന്നു' വെന്ന് മനുസ്മൃതി(4-14)യിലുണ്ട്. വ്യക്തിയുടെ പരമമായ നിശ്ശ്രേയസ്സിനും ലോകഹിതത്തിനും നിത്യവും അനുഷ്ഠിക്കേണ്ട പഞ്ച മഹാ യജ്ഞങ്ങ(ദേവ-പിതൃ-ഭൂത-മനുഷ്യ-ബ്രഹ്മ യജ്ഞങ്ങള്‍)ളുടെ സ്ഥാനപീഠവും അതുതന്നെ. അതായത് ഈശ്വരാരാധന, ധര്‍മപ്രചരണം, സമുദായസേവനം, ലോകവ്യവഹാരം എന്നിവ നിര്‍വഹിക്കേണ്ട ഗൃഹസ്ഥാശ്രമമുള്‍പ്പെടെയുള്ള ആശ്രമധര്‍മങ്ങളൊന്നും അതിനുവേണ്ടി മാത്രമെന്ന(എീൃ ശെേലഹള) നിലയില്‍ തറഞ്ഞുറഞ്ഞു കിടക്കുന്നില്ല. നിയതമായ എല്ലാ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും അതീതമായി ഉയര്‍ന്ന് ജീവിതലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിലാണ് അവയെല്ലാം ബദ്ധശ്രദ്ധമായിരിക്കുന്നത്. സ്ത്രീ പുരുഷബന്ധങ്ങള്‍ ക്രമീകരിക്കാനും സമൂഹവുമായി ഒരു വ്യക്തിയുടെ ബന്ധം നിര്‍ണയിക്കാനുമുള്ള സംവിധാനമെന്നതു പോലെത്തന്നെ, സമൂഹത്തിലെ അംഗങ്ങളെ ഏകീകരിക്കാന്‍ ഉപയുക്തമായ, ലോകത്തില്‍ തങ്ങളുടെ സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ ധര്‍മം ഇന്നും എന്നും നിറവേറ്റാന്‍ അവരെ പ്രാപ്തരാക്കുന്ന അടിസ്ഥാന ഘടകം കൂടിയാണ് കുടുംബം. വ്യക്തിസ്വാതന്ത്ര്യത്തിന് പരിധികള്‍ ഏര്‍പ്പെടുത്തി സമൂഹത്തില്‍ ക്രമസമാധാനം പരിപാലിക്കുന്നതിനും, വ്യക്തികളെ വിഭവസമാഹരണത്തിനും വികേന്ദ്രീകരണത്തിനും ത്യാഗത്തിനും പ്രേരിപ്പിക്കുന്നതിനും അത് പ്രതിജ്ഞാബദ്ധമാണ്. ഞാന്‍, എന്റെ, എനിക്ക്, എന്റേത് തുടങ്ങിയ വ്യക്തിഭാവത്തില്‍നിന്ന് ഞങ്ങള്‍, ഞങ്ങളുടെ, ഞങ്ങള്‍ക്ക്, ഞങ്ങളുടേത് എന്ന അവബോധവികാസത്തിലേക്കും മാനസികവും വൈകാരികവും നൈതികവും ആത്മീയവുമായ സാമൂഹിക പ്രയാണത്തിലേക്കും അത് നയിക്കുന്നു. കൂടുമ്പോള്‍ ഇമ്പമുള്ളതാകേണ്ടുന്ന കുടുംബത്തിന് കുടുംബവ്യവസ്ഥ ജീര്‍ണിക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്താല്‍ മുഴുവന്‍ സംസ്‌കാരത്തിന്റെയും ഭാവി അപകടത്തിലാകും.
മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയും ഭൂമിയില്‍ അവന്റെ പ്രതിനിധി(ഖലീഫ)യുമാണെന്ന കാഴ്ചപ്പാടില്‍നിന്നാണ് ഇസ്‌ലാമിക കുടുംബസങ്കല്‍പം ഉരുത്തിരിയുന്നത്. കുടുംബത്തിന്റെ ഉത്ഭവം, പരിണാമം, ഉദ്ദേശ്യലക്ഷ്യങ്ങള്‍, സ്വഭാവം, ധര്‍മം, ഘടന, പ്രക്രിയ എന്നിവ ദൈവനിശ്ചയമാണെന്ന വ്യക്തമായ കാഴ്ചപ്പാടാണ് ഇസ്‌ലാമിനുള്ളത്. വിശുദ്ധ ഖുര്‍ആന്റെ വ്യാവഹാരിക വിധികളില്‍ മൂന്നിലൊന്നോളം ഭാഗം വിവാഹം, വിവാഹമോചനം, ലിംഗനീതി, അനന്തരാവകാശം എന്നിങ്ങനെ കുടുംബജീവിതം, അതിന്റെ നിര്‍വഹണം, ക്രമീകരണം എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ്. കാലക്രമത്തില്‍ രൂപമെടുത്ത ഒരു സാമൂഹികസ്ഥാപനം എന്നതിലുപരി മനുഷ്യനോടൊപ്പം കുടുംബവും ഉത്ഭവിച്ചു എന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. എല്ലാ വസ്തുക്കളില്‍നിന്നും നാം ഈരണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നുവെന്ന് സ്പഷ്ടമാക്കുന്ന ഖുര്‍ആന്‍ (5:49) 'മനുഷ്യരേ, നിങ്ങളെ ഒരാത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി ധാരാളം സ്ത്രീകളെയും പുരുഷന്മാരെയും ഭൂമിയില്‍ പരത്തുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് സൂക്ഷിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനത്രെ' (4:1), 'നിങ്ങളില്‍നിന്നുതന്നെ അല്ലാഹു നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും നല്‍കി' (അന്നഹ്ല്‍: 72), 'ദാമ്പത്യത്തില്‍ സ്ത്രീ പുരുഷന്മാരുടെ ബാധ്യതക്ക് തുല്യമായി അവര്‍ക്ക് അവകാശങ്ങളുമുണ്ട്' (ഖുര്‍ആന്‍ 2:228) എന്നിങ്ങനെ കുടുംബ വീക്ഷണം സംബന്ധിച്ച് നിരവധി വചനങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ ഭരിക്കപ്പെടുന്നവളും ഭരിക്കുന്നവനും എന്ന അര്‍ഥമുള്ള ഭാര്യാഭര്‍ത്താക്കന്മാരല്ല ഇസ്‌ലാമിലുള്ളത്, മറിച്ച് സ്‌നേഹിച്ചും സഹകരിച്ചും പരസ്പരം ഉള്‍ച്ചേര്‍ന്നും അവകാശങ്ങളും ബാധ്യതകളും അറിഞ്ഞ് ജീവിക്കുന്ന ഇണ(സൗജ്)കളാണ്.
സ്ത്രീകളോട് മാന്യമായി പെരുമാറുക
തലമുറകളെ പെറ്റുപോറ്റുന്ന സ്ത്രീകളില്ലെങ്കില്‍ മാനവരാശിയില്ലെന്ന് അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ധനായ തിയോഡര്‍ റൈക്ക് 'സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍' എന്ന കൃതിയില്‍ പറയുന്നു. ഏകദൈവവിശ്വാസം (തൗഹീദ്) പ്രത്യയശാസ്ത്രപരമായ ആധാരശിലയാണെങ്കില്‍ ദൈവിക പ്രാതിനിധ്യം നിര്‍വഹിക്കുന്നത് (ഖിലാഫത്ത്) മാനവികമായ ബാധ്യതയാണ്. മനുഷ്യ സൃഷ്ടിയിലുള്ള സ്ത്രീയും പുരുഷനും ബാഹ്യമായി എത്രതന്നെ വ്യത്യസ്തരാണെങ്കിലും സത്താപരമായി സമത്വമുള്ളവരെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിലക്കപ്പെട്ട കനി തിന്നുക മാത്രമല്ല, തിന്നാന്‍ ആദമിനെ പ്രേരിപ്പിച്ചുവെന്ന ഗൗരവപ്പെട്ട കുറ്റം ചില മതങ്ങള്‍ സ്ത്രീയില്‍ ചുമത്തുമ്പോള്‍, ഇസ്‌ലാം ആദമിനോടൊപ്പം അവളെയും പാപത്തില്‍നിന്നും ശാശ്വതമുക്തിയേകി പുരുഷനെയും സ്ത്രീയെയും ഒരേ ആത്മാവില്‍നിന്നാണ് സൃഷ്ടിച്ചത് എന്നതിനാല്‍ സ്ത്രീയുടെ അവകാശാധികാരങ്ങളെയും സ്ഥാനമാനങ്ങളെയും ആദരിക്കുകയാണ് ചെയ്യുന്നത്. ജൈവികവും സാമൂഹികവുമായ അസ്തിത്വതലം, പെരുമാറ്റതലം, ഗ്രന്ഥനിര്‍ദിഷ്ടമായ വിമോചനതലം എന്നീ നിലകളാണ് സ്ത്രീകള്‍ക്ക് ഖുര്‍ആനില്‍ ഉള്ളത്. മക്കയില്‍ നബിതിരുമേനി ഇസ്‌ലാമിക പ്രബോധനം ആരംഭിക്കുന്ന വേളയില്‍ മര്‍ദനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായി ദയനീയാവസ്ഥയില്‍ കഴിയുകയായിരുന്നു സ്ത്രീ സമൂഹം. പെണ്‍കുഞ്ഞ് പിറന്നിട്ടുണ്ടെന്ന വാര്‍ത്ത അറിയിച്ചാല്‍ ദുഃഖവും കോപവും കടിച്ചൊതുക്കി അപ്രത്യക്ഷരാവുകയോ, അപമാനം സഹിച്ച് കുഞ്ഞിനെ മണ്ണിട്ടു മൂടുകയോ ചെയ്യുന്ന സമൂഹമായിരുന്നു അന്ന്. അനാഥരുടെയും സ്ത്രീകളുടെയും അവകാശമോര്‍ത്താണ് താന്‍ വ്രണിതഹൃദയനാകുന്നതെന്ന് നബി പറയുകയുണ്ടായി. പ്രായപൂര്‍ത്തിയാകുന്നതുവരെ രണ്ട് പെണ്‍കുട്ടികളെ സംരക്ഷിച്ച് വളര്‍ത്തുന്നവന്‍ വരാനുള്ള ലോകത്ത് തന്റെ രണ്ട് വിരലുകളെപ്പോലെ എന്നോട് വളരെ അടുത്തവനായിരിക്കുമെന്നും മനുഷ്യന്റെ രണ്ട് പകുതിയില്‍ ഒന്നായതുകൊണ്ട് സ്ത്രീയുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അവിടുന്ന് അരുളി: 'പുരുഷന്‍ സ്ത്രീയുടെ വസ്ത്രവും സ്ത്രീ പുരുഷന്റെ വസ്ത്രവുമത്രെ' (വിശുദ്ധ ഖുര്‍ആന്‍ 2:187) എന്ന സൂക്തം നിയമപരമായ സമത്വവും സമാവകാശങ്ങളുമെന്നതിനപ്പുറം ഉദാത്തമായ നിദര്‍ശനമാണ് മുന്നോട്ടുവെക്കുന്നത്. ഒരാള്‍ വസ്ത്രവും മറ്റെയാള്‍ ദേഹവുമായിട്ടല്ല മറിച്ച്, മനുഷ്യദേഹത്തോട് ഏറ്റവും ചേര്‍ന്നുനിന്ന് ദേഹത്തിന് പുറത്തുനിന്നും നമ്മുടെ ആത്മഭാവത്തെ സംരക്ഷിക്കുന്നതാണ് വസ്ത്രം. സ്‌നേഹവും കരുണയും കൂടിയാലോചനയുമെല്ലാം അടിസ്ഥാന ഘടകമാകേണ്ട കുടുംബജീവിതത്തില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരായി കല്‍പിച്ചിരിക്കുന്നു (നാഥത്വം എന്ന അര്‍ഥം വരുന്ന ഖിവാമ എന്ന പദം ഒറ്റത്തവണ മാത്രമേ ഖുര്‍ആനില്‍ ഉപയോഗിക്കുന്നുള്ളൂ). സ്ത്രീയെ സംരക്ഷിക്കുകയും ഗൃഹപരിപാലനത്തിന്റെ ഉത്തരവാദിത്തങ്ങളും ജീവിതഭാരങ്ങളും ഏറ്റെടുക്കുകയും സൗകര്യപ്രദമായ ജീവിതസാഹചര്യമൊരുക്കി ഭാര്യയെ ഗാര്‍ഹികഭരണത്തിന് സഹായിക്കുകയും ചെയ്യുന്ന ആള്‍ എന്നാണ് കുടുംബനാഥനെന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്.
വിവാഹബന്ധം
വിവാഹം, വിവാഹമോചനം, കുടുംബപ്രശ്‌നം, മരണപത്രം, ഇഷ്ടദാനം, അനന്തരാവകാശം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഇസ്‌ലാമിലുണ്ട്. വിവാഹം ദൈവനിര്‍ണിതമാണെങ്കിലും ഓരോ വിവാഹബന്ധവും കരാറിന്റെ സ്വഭാവത്തിലുള്ളതാണ്. വിവാഹത്തിന് സമാനപദമായ നികാഹിന്റെ അര്‍ഥം അഖ്ദ് (ഉടമ്പടി, കരാര്‍) എന്നാണ്. അല്ലാഹുവിന്റെ ഒരു സ്വതന്ത്രസൃഷ്ടി മറ്റൊരു സ്വതന്ത്രസൃഷ്ടിയുമായി ഏര്‍പ്പെടുന്ന കരാറാണിത്. സ്ത്രീപുരുഷ ബന്ധം നിയമവിധേയമാക്കുന്നതിനുള്ള ഈ സുശക്തമായ കരാര്‍ (മീസാഖുന്‍ ഗലീള്) ഉടമ്പടികളില്‍ നിറവേറ്റാന്‍ ഏറ്റവും ബാധ്യസ്ഥമായതാണെന്ന പ്രവാചക വചനവും ഇതിന് പിന്‍ബലമേകുന്നു. വിവാഹം എന്ന കര്‍മം മനുഷ്യസമുദായത്തിന്റെ സുരക്ഷിതത്വത്തിനും തെറ്റില്‍നിന്നും ചാരിത്ര്യഭംഗത്തില്‍നിന്നും മനുഷ്യരാശിയെ സ്വയം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി കല്‍പ്പിതമായിട്ടുള്ളതാണ്.
ദൈവത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങളുടെ നിയോഗ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായ ആദര്‍ശപ്പൊരുത്തമാണ് കുടുംബരൂപീകരണത്തിന്റെ അടിത്തറയായി ഇസ്‌ലാം വിലയിരുത്തുന്നത്. വിവാഹം നിയമതടസ്സമില്ലാത്ത സ്ത്രീപുരുഷന്മാര്‍ തമ്മില്‍ അവരുടെ ഉഭയസമ്മതമനുസരിച്ചുള്ള ഒരു സ്ഥിര ബന്ധമാണ്. സ്ത്രീയെന്ന വ്യക്തിയില്‍ യാതൊരവകാശവും അത് പുരുഷന് നല്‍കുന്നില്ല. രണ്ടാമത്തെ അടിത്തറ സദാചാര സംരക്ഷണമാണ്. ചാര്‍ച്ചക്കാരുമായുള്ള വിവാഹബന്ധവും വിവാഹബാഹ്യമായ ലൈംഗിക ബന്ധവും നിരോധിച്ച് ഇണകളെ തെരഞ്ഞെടുക്കുമ്പോള്‍ സ്വഭാവവൈശിഷ്ട്യത്തിനും ധാര്‍മികതക്കും വിശ്വാസ(ഈമാന്‍)ത്തിനും മുന്‍ഗണന നല്‍കണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. സ്ത്രീ-പുരുഷന്മാരുടെ സമ്പത്ത്, അധികാരം, പദവി, പ്രശസ്തി, സ്വാധീനം എന്നിവയൊന്നും അവിടെ വിഷയമല്ല. അതുകൊണ്ടുതന്നെ സ്ത്രീധനമുള്‍പ്പെടെയുള്ള തിന്മകള്‍ക്കൊന്നും അവിടെ ഇടമില്ല. സ്ത്രീയും പുരുഷനും തനിച്ചിരിക്കുമ്പോള്‍ പിശാച് അവരോടൊപ്പമുണ്ടാകുമെന്നരുളി പ്രണയമുള്‍പ്പെടെയുള്ള എല്ലാ ബന്ധങ്ങളെയും അത് നിരുത്സാഹപ്പെടുത്തുന്നു. 'സദ്‌വൃത്തകള്‍ സദ്‌വൃത്തന്മാര്‍ക്കും സദ്‌വൃത്തന്മാര്‍ സദ്‌വൃത്തകള്‍ക്കുമാകുന്നു' (24:26) എന്നും 'വ്യഭിചാരി വ്യഭിചാരിണിയെയല്ലാതെ വിവാഹം കഴിക്കുന്നില്ല' (24:3) എന്ന് മറ്റൊരിടത്തും ഖുര്‍ആന്‍ പറയുന്നു. 'സ്വത്ത്, സ്ഥാനം, സൗന്ദര്യം, മതം (സ്വഭാവം) എന്നിവ നോക്കി ഒരു സ്ത്രീയെ വരിക്കാം. മതബോധത്തിലും സ്വഭാവശുദ്ധിയിലും ഏറ്റവും നല്ലവളെ വിവാഹം കഴിച്ച് അഭിവൃദ്ധിപ്പെടുക' എന്നാണ് പ്രവാചക നിര്‍ദേശം. വിശ്വാസശുദ്ധിയും മതനിഷ്ഠയും ധര്‍മബോധവും സദാചാര ചിന്തയുമില്ലാത്തവര്‍ക്ക് കുട്ടികളെ വിവാഹം കഴിച്ചുകൊടുക്കരുതെന്നും അനുശാസിക്കുന്നു.
ഇസ്‌ലാമില്‍ വിവാഹത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും വ്യക്തികളുടെയും സമൂഹങ്ങളുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ചും സദാചാര സംരക്ഷണം, സ്വഭാവമഹിമ, സാംസ്‌കാരിക ഔന്നത്യം, വിശ്വാസശുദ്ധി എന്നിവക്കനുസരിച്ചും സ്വതന്ത്രമായി വിട്ടുകൊടുത്തിരിക്കുകയാണ്. എങ്കിലും വാര്‍ധക്യം ബാധിച്ചവര്‍ക്ക് യുവതികളെ വിവാഹം ചെയ്തുകൊടുക്കുന്നത് നിഷിദ്ധമെന്ന് ഖല്‍യൂബി അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്ത്രീയെ അവളുടെ തറവാടിത്തത്തിനുവേണ്ടി ആരെങ്കിലും വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അധമത്വമല്ലാതെ അല്ലാഹു അയാള്‍ക്ക് അധികരിപ്പിച്ചുകൊടുക്കില്ല (ഇബ്‌നു ഹിബ്ബാന്‍). പ്രജനന ശേഷിയുള്ളവളും പതിവ്രതയും മാന്യ തറവാട്ടിലുള്ളവളും ഭര്‍ത്താവിനോട് വിനയം കാണിക്കുന്നവളും അയാളുമായി സ്‌നേഹസല്ലാപം നടത്തുന്നവളും പാതിവ്രത്യം പരിരക്ഷിക്കുന്നവളും ഭര്‍ത്താവിന്റെ വാക്കുകള്‍ വിലവെക്കുന്നവളും ആജ്ഞകള്‍ അനുസരിക്കുന്നവളും അസാന്നിധ്യത്തില്‍ അയാളുദ്ദേശിക്കുന്ന വിധം ചെലവഴിക്കുന്നവളും നാണമില്ലായ്മ പ്രകടിപ്പിക്കാത്തവളുമാകുന്നു ഉത്തമസഹധര്‍മിണിയെന്നാണ് ഇസ്‌ലാമിക നിരീക്ഷണം.
ദാമ്പത്യബന്ധം
പരസ്പര വിശ്വാസത്തിലും ധാരണയിലും അധിഷ്ഠിതമായ സുതാര്യതയാണ് ദാമ്പത്യത്തില്‍ സ്ഥൈര്യവും സ്വാസ്ഥ്യവും സമാധാനവും പ്രദാനം ചെയ്യുന്നത്. 'സ്വര്‍ഗത്തില്‍നിന്നുതന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ (ഭാര്യമാരെ) സൃഷ്ടിച്ചു തന്നിട്ടുള്ളത്. നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന് മനസ്സമാധാനം കൈവരാനായി. അവന്‍ നിങ്ങള്‍ക്കിടയില്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുണ്ട്.' (ഖുര്‍ആന്‍ 30:21) എന്ന് ഇണകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു. ഭാര്യമാരോടുള്ള ബാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍, 'നീ ആഹരിക്കുന്നുണ്ടെങ്കില്‍ അവളെയും ആഹരിപ്പിക്കുക. നീ വസ്ത്രം ധരിക്കുന്നുണ്ടെങ്കില്‍ അവള്‍ക്കും വസ്ത്രം നല്‍കുക. മുഖത്ത് അടിക്കാതിരിക്കുക, വീട്ടിലൊഴികെ അവളുമായി അകന്ന് കഴിയാതിരിക്കുക' (അബൂദാവൂദ്).
സ്ത്രീകളെ അപേക്ഷിച്ച് കായികശേഷിയും മനക്കരുത്തുമുള്ള പുരുഷനില്‍ കുടുംബത്തിന്റെ സംരക്ഷണച്ചുമതലയും മേധാവിത്വവും അര്‍പ്പിച്ച ഇസ്‌ലാം ഗൃഹഭരണം, ശിശുപരിപാലനം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ സ്ത്രീക്കാണ് നല്‍കിയത്. ഭിന്ന ശരീരപ്രകൃതിയും മാനസികാവസ്ഥയും ജൈവികമായ സവിശേഷതകളും കണക്കിലെടുത്ത് സ്ത്രീപുരുഷന്മാര്‍ക്ക് വ്യത്യസ്തവും പരസ്പരപൂരകവുമായ കടമകളും ബാധ്യതകളുമാണുള്ളത്. ഒറ്റപ്പെട്ട് പുലരാനാകാത്ത മനുഷ്യന്റെ സാമൂഹികമായ വ്യക്തിത്വം കരുപ്പിടിക്കുന്നതും വികസ്വരമാകുന്നതും സ്ത്രീപുരുഷ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കുടുംബജീവിതത്തില്‍നിന്നാണ്. 'എന്റെ കുഞ്ഞുങ്ങളെ മുലയൂട്ടിയവളാണവള്‍. എന്റെ വസ്ത്രം വൃത്തിയാക്കി സമൂഹമധ്യത്തിലേക്കെന്നെ മാന്യമായി പറഞ്ഞയക്കുന്നവളാണവള്‍. എനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നതും എന്റെ അഭിമാനം സംരക്ഷിക്കുന്നവളും എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയും അവള്‍ തന്നെ. അതിനാല്‍ ഞാനവളെ സ്‌നേഹിക്കും. നിങ്ങളും സഹിഷ്ണുതാപൂര്‍വം അവളോട് പെരുമാറുക. അവളെ സ്‌നേഹിക്കുക. സഹോദരാ, ജീവിതം കുറഞ്ഞകാലത്തെ സഹവാസവും ഒന്നിച്ചുള്ള സ്‌നേഹസാന്ദ്രമായ പൊറുതിയുമല്ലേ? പിന്നെ എന്തിന് പരാതിയും പരിഭവവും' എന്നാണ് തന്റെ ഭാര്യയെക്കുറിച്ച പരാതിയുമായി തന്നെ സമീപിച്ച സ്വഹാബിയെ ഉമര്‍ ഉപദേശിച്ചത്.
തികച്ചും സാധാരണക്കാരനായ മുഹമ്മദിന് ഹിറാ ഗുഹയില്‍വെച്ച് തികച്ചും അവിചാരിതമായി വെളിപാടുണ്ടായപ്പോള്‍ തന്നെ പിശാച് ബാധിച്ചിരിക്കുന്നുവെന്നും തന്റെ ജീവിതം അവസാനിക്കുകയാണെന്നുമുള്ള ചിന്തകൊണ്ടുണ്ടായ ഇറങ്ങിയോട്ടം ചെന്നവസാനിച്ചത് ഖദീജയിലായിരുന്നു. അത് ഈശ്വരീയമായ വെളിപാടാണെന്നും അതുണ്ടാകാന്‍ വീണ്ടും വീണ്ടും പ്രാര്‍ഥിക്കുകയാണ് വേണ്ടതെന്നുമുള്ള അവരുടെ ഉപദേശമാണ് തിരുമേനിക്ക് ആത്മവിശ്വാസവും കരുത്തും പകര്‍ന്നത്. അതിനുശേഷമാണ് വെളിപാടുകളെ തുറന്ന മനസ്സോടെ സ്വീകരിച്ച് അവിടുന്ന് പ്രവാചകത്വം കൈവരിക്കുന്നത്. അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനില്ല, മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ് എന്നത് ആദ്യമായി ഉള്‍ക്കൊണ്ട ഖദീജ തിരുമേനിയോടൊപ്പം എല്ലാം സഹിച്ചും ക്ഷമിച്ചും കൂടെനിന്നു. ഉത്തമവും ഉദാത്തവുമായ കുടുംബജീവിതത്തിന് എക്കാലത്തെയും മഹിത മാതൃകയാണവര്‍.
രക്ഷിതാക്കളുമായുള്ള ബന്ധം
അമേരിക്കയിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥനായ മകന്‍ ഒരു വര്‍ഷത്തിലേറെക്കഴിഞ്ഞ് മുംബൈയിലുള്ള അന്ധേരി ലോഖണ്ഡ് വാലയിലെ തന്റെ ആഡംബര ഫ്‌ളാറ്റിലെത്തിയപ്പോള്‍ കണ്ടത് അവിടെ തനിച്ചു താമസിക്കുകയായിരുന്ന അമ്മയുടെ കസേരയില്‍ ഉറച്ചിരിക്കുന്ന അസ്ഥികൂടം. ശരീരം അഴുകിത്തീര്‍ന്ന് എല്ലുകള്‍ മാത്രം അവശേഷിച്ചതുകൊണ്ട് മരണം നടന്നത് ഏറെ ആഴ്ചകള്‍ക്ക് മുമ്പായിരിക്കുമെന്നായിരുന്നു പോലീസിന്റെ നിഗമനം. അമ്മയോട് ഫോണില്‍ സംസാരിച്ചത് ജോലിത്തിരക്ക് കാരണം ഒന്നേകാല്‍ വര്‍ഷം മുമ്പായിരുന്നുവെന്നാണ് മകന്‍ കൊടുത്ത മറുപടി!! സമീപകാലത്ത് പത്രവാര്‍ത്തയാണിത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ഇത്തരം വിഷയങ്ങള്‍ വര്‍ത്തമാനകാലത്ത് വലിയ വാര്‍ത്തയായി ഇടംപിടിക്കുന്നു. കുടുംബസംവിധാനത്തിന്റെ വൈശിഷ്ട്യവും മഹത്വവും പവിത്രതയും പ്രാധാന്യവും ബോധിപ്പിച്ച, ഉദ്‌ഘോഷിച്ച നമ്മുടെ നാട്ടില്‍ ഇത്തരം കൊടുംപാതകങ്ങള്‍ എങ്ങനെ അരങ്ങേറുന്നു? നമുക്കെവിടെയാണ് തെറ്റുകള്‍ പിണയുന്നത്? അവയെല്ലാം എങ്ങനെ തിരുത്താം? തീര്‍ച്ചയായും അത് സൂക്ഷ്മമായി വിലയിരുത്തി മുന്നേറേണ്ടുന്ന ധാര്‍മികബാധ്യത നമുക്കുണ്ട്. അതിന്റെ ഭാഗമായി കുടുംബസംവിധാനത്തെയും മനുഷ്യജീവിതത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങളെയും നമുക്ക് വിവിധ വീക്ഷണങ്ങളിലൂടെ പരിശോധിക്കേണ്ടിവരുന്നു. മേല്‍ സാഹചര്യങ്ങളിലാണ് ഇസ്‌ലാമിക കുടുംബ വീക്ഷണത്തിന്റെ പ്രസക്തിയും സ്വീകാര്യതയും വര്‍ധിക്കുന്നത്.
എല്ലാവരെയും അവരുടെ യഥാര്‍ഥ ദൗത്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് മാതാവില്‍നിന്ന് തുടങ്ങണമെന്നും അതുണ്ടാക്കുന്ന മാറ്റം നിങ്ങളെ അത്ഭുതസ്തബ്ധരാക്കുമെന്നും ഈ പ്രഥമ വ്യതിചലനത്തില്‍നിന്നാണ് എല്ലാ നാശങ്ങളുമുണ്ടാകുന്നതെന്നും റൂസ്സോ അഭിപ്രായപ്പെടുന്നു. മാതൃത്വത്തിന്റെ ഈ മഹനീയത തന്നെയാണ് 'അമ്മേ, അവിടന്ന് എനിക്കുവേണ്ടി അനുഭവിച്ച ക്ലേശങ്ങള്‍ക്ക് അളവുണ്ടോ? ദുര്‍വഹമായ പേറ്റുനോവിന്റെ കഥയിരിക്കട്ടെ. അതെല്ലാം ആര്‍ക്കും പ്രതിക്രിയ ചെയ്യാന്‍ കഴിയാത്ത പീഡാനുഭവങ്ങളാണ്. ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഉണ്ടായ രുചിക്കുറവും തന്മൂലമുണ്ടായ ശരീരക്ഷീണവും അമ്മ അനുഭവിച്ചതിന് പ്രതിവിധി ചെയ്യാന്‍ ഒരു മകന് എങ്ങനെയാണ് കഴിയുക? ബാല്യത്തില്‍ മലമൂത്രങ്ങള്‍ നിറഞ്ഞ ശയ്യയില്‍ ഒരു വര്‍ഷത്തിലധികം കാലം പൊറുത്തുകൊണ്ട് അമ്മ കഴിച്ചുകൂട്ടി. ഗര്‍ഭമാകുന്ന വലിയ ചുമടെടുക്കുന്നതിന്റെ കൂലിപോലും എത്ര യോഗ്യനായ പുത്രനും തീര്‍ക്കാന്‍ കഴിയുന്നതല്ല. അമ്മ അനുഭവിച്ച ക്ലേശാനുഭവങ്ങളില്‍ ഒന്നിനുപോലും പ്രതിവിധി ചെയ്യാന്‍ എന്നെക്കൊണ്ടാകില്ല. അതുകൊണ്ട് അവിടത്തെ തൃച്ചേവടികളില്‍ ഈ പുത്രന്‍ സാഷ്ടാംഗപ്രണാമം ചെയ്തുകൊള്ളുന്നു' എന്ന് 'മാതൃപഞ്ചക'ത്തില്‍ ശ്രീശങ്കരനും പ്രഖ്യാപിക്കുന്നു. ഇതേ ആശയം തന്നെയാണ് 'കടുത്ത ക്ലേശത്തോടെയാണ് മാതാവ് നിന്നെ ഗര്‍ഭം ചുമന്നത്' (ലുഖ്മാന്‍: 14) എന്ന ഖുര്‍ആനിക പരാമര്‍ശത്തിലുമുള്ളത്.
എത്ര വലിയ ക്ലേശങ്ങള്‍ സഹിച്ചും ക്ഷമിച്ചും തന്റെ മക്കളെയെല്ലാം വളര്‍ത്തി വലുതാക്കാന്‍ രക്ഷിതാക്കള്‍ക്ക്, പ്രത്യേകിച്ച് അമ്മമാര്‍ക്ക് കഴിയും. എന്നാല്‍ അവരെയൊന്ന് തിരിഞ്ഞുനോക്കാന്‍ പോലും ഇന്നത്തെ പല മക്കളും തയാറല്ല. മാതൃത്വത്തിന്റെ മഹനീയ സ്ഥാനത്തെക്കുറിച്ച ചിന്ത പോലും അവര്‍ക്കില്ല. ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹതയുള്ളത് ആര്‍ക്കാണെന്ന് മൂന്നു വട്ടം ചോദിച്ചപ്പോഴും മാതാവെന്ന് അരുളിയ തിരുമേനി നാലാമതും അതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മാത്രമാണ് പിതാവെന്ന് മറുപടി കൊടുത്തത്. മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്ന് പറഞ്ഞു തിരുമേനി. രക്ഷിതാക്കളില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ വാര്‍ധക്യം ബാധിച്ച് നിന്റെ സംരക്ഷണം ആവശ്യമായി വന്നാല്‍ നീ അവരോട് 'ഛെ' എന്നുപോലും പറയരുതെന്ന് ഖുര്‍ആനും അനുശാസിച്ചു. കാരുണ്യത്തോടെ വിനയമാകുന്ന ചിറക് അവര്‍ക്ക് താഴ്ത്തിക്കൊടുക്കണം. 'നാഥാ, കൊച്ചു നാളില്‍ അവരിരുവരും എന്നെ പാലിച്ചു വളര്‍ത്തിയപോലെ നീ അവരോടും കാരുണ്യം കാണിക്കേണമേ' എന്ന് പ്രാര്‍ഥിക്കണമെന്നും ഇസ്‌ലാം ആവശ്യപ്പെടുന്നു. 'അല്ലാഹുവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അവന്റെ കോപം അവരുടെ കോപത്തിലും' (ഹാകിം). അര്‍പ്പണബോധത്തോടെ പിതാക്കളെ സഹായിക്കുന്നവനെ അല്ലാഹു സ്വര്‍ഗത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ നല്‍കി ആദരിക്കുന്നതാണ്. വിശ്വാസം, ജീവിതവീക്ഷണം, പെരുമാറ്റം, സംസ്‌കാരം എന്നിവയിലെല്ലാം മനുഷ്യരാശിയുടെ ദേശകാലാതീതമായ അവബോധമാണ് ഇസ്‌ലാം പങ്കുവെക്കുന്നത്.
സാമൂഹിക-സാമ്പത്തിക ഭദ്രത
സാമൂഹികവും സാമ്പത്തികവുമായ ഭദ്രതയും സുരക്ഷിതത്വവും കൈവരിക്കുന്നതിനുള്ള മാര്‍ഗമായും നബിതിരുമേനി കുടുംബത്തെ പരാമര്‍ശിക്കുന്നുണ്ട്. കുടുംബത്തിലെ രോഗികള്‍, വൃദ്ധജനങ്ങള്‍, തൊഴില്‍രഹിതര്‍, അവശര്‍, അനാഥര്‍ എന്നിവരെ പരിപാലിക്കുന്നതിനുള്ള ബാധ്യത കുടുംബങ്ങള്‍ക്കുണ്ട്. കുടുംബബന്ധങ്ങള്‍ വ്യാപിപ്പിച്ച് സാമൂഹികവും സാമ്പത്തികവുമായ കെട്ടുറപ്പിന്റെയും സഹകരണത്തിന്റെയും വ്യവസ്ഥയിലേക്ക് അവരെ ചേര്‍ത്തു കോര്‍ത്തു നിര്‍ത്തേണ്ടതാണ്. ദൈവം അഭിവൃദ്ധി നല്‍കുമ്പോള്‍ ആദ്യം ചെലവഴിക്കേണ്ടത് കുടുംബത്തിലാണ്. ഭാര്യ ധനികയാണെങ്കില്‍പോലും കുടുംബ പരിപാലനം ഭര്‍ത്താവിന്റെ ചുമതലയാണ്. തനിക്ക് സ്വത്തുണ്ടെന്നും തന്റെ പിതാവിന് അതാവശ്യമില്ലെന്നും ഒരാള്‍ നബി തിരുമേനിയോട് പറഞ്ഞപ്പോള്‍ നിങ്ങളും നിങ്ങളുടെ സ്വത്തുക്കളും പിതാവിന്റേതാണെന്നും നിങ്ങളുടെ സമ്പാദ്യങ്ങളില്‍വെച്ച് ഏറ്റവും നല്ലത് നിങ്ങളുടെ സന്താനങ്ങളാണെന്നും മക്കള്‍ സമ്പാദിക്കുന്നതില്‍നിന്നും ഭുജിച്ചുകൊള്ളൂ എന്നും അവിടുന്ന് പറഞ്ഞു. നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തത്തില്‍നിന്ന് പ്രസരിക്കുന്ന പ്രസാദാത്മകവും ക്രിയാത്മകവുമായ ഊര്‍ജമാണ് സമൂഹത്തെ വ്യക്തിയിലേക്കടുപ്പിക്കുന്ന മുഖ്യ ചാലകശക്തി. 'ഇഹലോകത്ത് പരിവ്രാജകനായി ജീവിക്കുക. എങ്കില്‍ അല്ലാഹു നിന്നെ സ്‌നേഹിക്കും. ജനങ്ങളുടെ കൈവശമുള്ള വസ്തുക്കളില്‍നിന്ന് വിരക്തനായി ജീവിക്കുക. എങ്കില്‍ ജനങ്ങളും നിന്നെ ഇഷ്ടപ്പെടും, സ്‌നേഹിക്കും.' എന്നാണ് പ്രവാചക വചനം.
ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിങ്ങനെ തരം തിരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അത്യാവശ്യത്തിന്റെ പട്ടികയില്‍പെടാത്ത ആഡംബരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും വേണ്ടി കടബാധ്യതകള്‍ വന്നുകൂടുന്നതിന്റെ കാരണവും അതാണ്. നാം എവിടെ എന്ത് എങ്ങനെ എപ്പോള്‍ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ബന്ധുമിത്രാദികളും അയല്‍പക്കവും വിപണികളും പരസ്യങ്ങളും ഉള്‍പ്പെടുന്ന സാമൂഹിക ചുറ്റുപാടുകളായിരിക്കുന്നു. സ്‌നേഹം, കാരുണ്യം, വാത്സല്യം തുടങ്ങിയ വികാരങ്ങള്‍ക്ക് പകരം കിടമത്സരവും സ്പര്‍ധയും അസൂയയും വൈരാഗ്യവും അവിടെ സ്ഥാനം പിടിക്കുന്നു. വൈയക്തികമായ മികവിന്റെയും മാനദണ്ഡം അവന്‍ സമാഹരിച്ച ഭൗതിക വസ്തുക്കളും അവയുടെ പ്രദര്‍ശനവുമാണെന്ന ധാരണ മനുഷ്യസമൂഹത്തില്‍ എക്കാലത്തുമുണ്ട്. മനുഷ്യനുവേണ്ടി വീട് എന്ന പരികല്‍പ്പനയില്‍നിന്ന് വീടിനു വേണ്ടി മനുഷ്യന്‍ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചേര്‍ന്നിരിക്കുന്നു. വലിയ കെട്ടിടങ്ങളുണ്ടാക്കി സുഖിച്ച അഹങ്കാരികളായ ആദ്, സമൂദ് ഗോത്രങ്ങളെ അല്ലാഹു എങ്ങനെ നശിപ്പിച്ചുകളഞ്ഞുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
സ്വത്തവകാശം
സ്വതന്ത്ര മനുഷ്യ വ്യക്തിയെന്ന നിലയില്‍ അറിവ്, വിദ്യാഭ്യാസം, ആവിഷ്‌കാര സ്വാതന്ത്ര്യം, ധനാര്‍ജനം, വിഭവസമാഹരണം, ഉടമസ്ഥത, സമ്പത്തിന്റെ എല്ലാ നിലകളും (Asset, Cash, Real estate) ജംഗമ സ്വത്തുക്ക(Moveable)ളെന്നോ സ്ഥാവര സ്വത്തു(Immoveable)ക്കളെന്നോ വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യാനുള്ള അധികാരാവകാശങ്ങള്‍ ലിംഗഭേദമന്യേ ഇസ്‌ലാം എല്ലാവര്‍ക്കും അനുവദിച്ചിട്ടുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഖുര്‍ആന്‍ (4:7) അടിവരയിടുന്നു. ഒരുഭാഗം സ്വത്തും മഹ്‌റും സ്ത്രീക്ക് അവകാശമായി നല്‍കി, രണ്ട് ഭാഗം സ്വത്ത് നല്‍കിയിട്ട് മഹ്ര്‍ കൊടുക്കാനും സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള ബാധ്യത ഏറ്റെടുക്കാനും പുരുഷനോട് ആവശ്യപ്പെടുന്നു. അപ്പോള്‍ സ്ത്രീയുടെ ഒരു ഭാഗം സ്വത്ത് + മഹ്ര്‍ = പുരുഷന്റെ രണ്ട് ഭാഗം സ്വത്ത് - മഹ്ര്‍ എന്ന കണക്കനുസരിച്ച് തുല്യമായി വരുന്നു. ഗര്‍ഭസ്ഥ ശിശു അനന്തര സ്വത്തിന് അവകാശിയായതിനാല്‍ മയ്യിത്തിന്റെ മരണശേഷം രണ്ടു കൊല്ലത്തിനകം ജീവനോടെ ജനിച്ചാല്‍ അതിന്റെ അവകാശം ഉറപ്പായിത്തീരുന്നു. ഭിന്നലിംഗക്കാരെ സ്ത്രീയോ പുരുഷനോ ആയിക്കണ്ട് ഓഹരി നിര്‍ണയിക്കേണ്ടതാണ്. ഇസ്‌ലാമിക നിയമത്തില്‍ ഒസ്യത്ത് ആകെ സ്വത്തിന്റെ മൂന്നിലൊന്നു ഭാഗത്തില്‍ കൂടാന്‍ പാടില്ല. അനന്തരാവകാശികളില്‍ ഒരാളുടെയും അവകാശം നിഷേധിക്കുകയില്ലെന്ന് അതിലൂടെ ഉറപ്പു വരുത്താനാകുന്നു.
നാളെയുടെ മുമ്പില്‍
സംസ്‌കാരത്തിന്റെ അടിസ്ഥാന സ്ഥാപനമെന്ന നിലക്ക് കുടുംബത്തെ തീവ്ര സംഹാരശക്തികള്‍ അടിമാന്തിക്കൊണ്ടിരിക്കുന്നു. കുടുംബബന്ധങ്ങളെ ഭാരവും ബാധ്യതയുമായിക്കണ്ട് പ്രസ്തുത സ്ഥാപനത്തെ നിര്‍വീര്യമാക്കി സര്‍വതന്ത്ര സ്വതന്ത്രവും ഉത്തരവാദിത്തരഹിതവുമായ വ്യക്തിജീവിതങ്ങളെ ആഘോഷിക്കുന്ന ഇക്കാലത്ത് ഉല്‍ക്കര്‍ഷത്തിലേക്ക് നയിക്കുന്ന ആദര്‍ശങ്ങള്‍, ജീവിതമൂല്യങ്ങള്‍, വ്യവസ്ഥിതികള്‍, മാതൃകകള്‍ എന്നിവ തെരഞ്ഞെടുക്കുന്നതിനും സ്വാംശീകരിക്കുന്നതിനുമുള്ള ഇഛാശക്തി പൊതുസമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. വൈയക്തികമായ അവകാശങ്ങളോടൊപ്പം ധാര്‍മികമായ ബാധ്യതയും ചുമതലകളും കാര്യക്ഷമവും ഫലപ്രദവുമായി വിനിയോഗിക്കുന്നതിനുള്ള ജീവനകല (Art of living) ഈശ്വരന്റെ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന മനുഷ്യ സമൂഹത്തിലെ പലര്‍ക്കും കൈമോശം വന്നിരിക്കുന്നു. അവനവന്റെ ബാഹ്യപ്രകൃതത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് ആത്മനിര്‍വൃതി കണ്ടെത്തുന്ന ഇന്നത്തെ 'വിനമ്രശിരസ്‌ക'രുടെ സെല്‍ഫി ജനറേഷന്‍ മദമാത്സര്യങ്ങള്‍, സ്വാര്‍ഥത, ഇടപെടലുകളിലെയും പെരുമാറ്റത്തിലെയും കൃത്രിമത്വം, നിരുത്തരവാദം, അസഹിഷ്ണുത എന്നിവ വൈയക്തികവും സാമൂഹികവുമായ സ്വാസ്ഥ്യത്തിന് പ്രതിബന്ധമായിത്തീരുന്നു. ഭൂഖണ്ഡങ്ങളും ആകാശഗോളങ്ങളും അടുത്തു വന്നപ്പോള്‍ ആത്മാവിനോട് അടുത്തു നില്‍ക്കേണ്ടവര്‍ തികഞ്ഞ അവ്യക്തതയിലേക്ക് മാഞ്ഞുപോകുന്നു. രക്ഷിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രാദികള്‍ തുടങ്ങിയ സജീവയാഥാര്‍ഥ്യങ്ങളില്‍നിന്നകന്ന് മറ്റാരുടെയൊക്കെയോ അദൃശ്യമായ സ്വാധീനവലയത്തില്‍ തിരിച്ചുവരാനാകാത്ത വിധം അടിമപ്പെട്ട് ജീവനൊടുക്കുന്ന ബ്ലൂവെയില്‍ ഗെയിംപോലുള്ള മരണക്കളികള്‍ അതിന് അടിവരയിടുന്നു.
കരുത്തും പക്വതയും പ്രതിരോധശേഷിയും ഇല്ലാത്ത, ജീവിത സങ്കീര്‍ണതകളില്‍നിന്നെല്ലാം ഓടിയൊളിച്ച് മരണത്തില്‍വരെ അഭയം കണ്ടെത്തുന്ന, യാന്ത്രികമായ വിധേയമനസ്‌കതയോടെ പുലരുന്ന, സൈബര്‍ ഇടങ്ങള്‍ക്ക് തലച്ചോര്‍ പണയപ്പെടുത്തിയ, രോഗഗ്രസ്തമായ കായികക്ഷമതയും വിഷാദാത്മകമായ മാനസികാവസ്ഥയുമുള്ള ആത്മബലമില്ലാത്ത വ്യക്തിസ്വത്വങ്ങള്‍ അനേകം ഇടനിലകള്‍ക്ക് അടിമപ്പെട്ട് സ്വയം ഇല്ലാതായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് കുടുംബബന്ധങ്ങളുള്‍പ്പെടെയുളള ജീവിതമൂല്യങ്ങളെ നിലനിര്‍ത്തുന്നത് അങ്ങേയറ്റം ശ്രമകരമായിരിക്കുന്നു. കനത്ത എതിര്‍ലിംഗാസക്തിക്കു പുറമെ സ്വവര്‍ഗാസക്തിയും രക്തബന്ധ-ജന്തുജാല-ചേതനാചേതന വ്യത്യാസങ്ങളൊന്നും പരിഗണിക്കാതെ ആര്‍ക്കും ആരോടും എവിടെവെച്ചും എങ്ങനെയും ലൈംഗികമായി ഇടപെടുന്നതിനുള്ള അരാജക ജീവിതത്തെ (ലൈംഗിക ദുസ്സ്വാതന്ത്ര്യത്തെ) വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരകോടിയെന്ന് വിലയിരുത്തുന്ന ഉത്തരാധുനിക യൗവനം ആന്തരികവും ബാഹ്യവുമായ സംസ്‌കരണത്തിലൂടെ മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങളെ മൂലധനക്കമ്പോളത്തിനു വേണ്ടി വഴിമാറ്റിയെടുക്കുന്ന പ്രതിലോമപരമായ കാഴ്ചയും ഇന്ന് സാര്‍വത്രികമാണ്. കുടുംബത്തിന്റെ ആധാരമൂല്യങ്ങള്‍ നിരവധി ബലപരീക്ഷണങ്ങളില്‍ നട്ടം തിരിയുന്ന ഇക്കാലയളവില്‍ അണുകുടുംബങ്ങള്‍ (Nuclear family) ധാര്‍മികമായ അവ്യക്തതയില്‍ ചുഴലുന്ന കുടുംബങ്ങ (No clear family)ളായി മാറിയിരിക്കുന്നു. കമ്പോള സംസ്‌കാരവും നവമാധ്യമസ്വാധീനങ്ങളും അമ്മമാരുടെ മനസ്സിലെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹവാത്സല്യത്തിന്റെ ലോലമൃദുലഭാവങ്ങള്‍ യാന്ത്രികമായ കാട്ടിക്കൂട്ടലുകളിലേക്കും നിര്‍വികാരതയിലേക്കും പാളിപ്പോയിരിക്കുന്നു.
കാര്യലാഭത്തിനു വേണ്ടിയുള്ള സൗഹൃദം (Friend with benefit), തുറന്ന ബന്ധം (Open relationship), പരീക്ഷണാര്‍ഥം ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞുകൂടുക (Trial Marriage), ഒരു നിശ്ചിതകാലത്തേക്ക് വിവാഹം കഴിക്കുക (Contract Marriage), പരസ്പര സമ്മതത്തോടെ സംഭോഗത്തിലേര്‍പ്പെടുന്നതിനുള്ള തുറന്ന വിവാഹം (Open Marriage), ഭാര്യമാരെ പരസ്പരം താല്‍ക്കാലികമായി വെച്ചുമാറല്‍ (Wife Swapping) എന്നിവയെല്ലാം പുതിയ കാലത്ത് സാധാരണയായിരിക്കുന്നു. സര്‍വോപരി ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ, ഇ-മാര്‍ക്കറ്റിംഗ്, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയുടെ മനുഷ്യ നന്മയിലൂന്നിയ വിനിയോഗത്തേക്കാളേറെ, അവയുടെ ദുരുപയോഗം സമൂഹത്തില്‍ കുടുംബബന്ധങ്ങളെയും സാരമായി ബാധിക്കുന്നു.
ആത്മീയം, ഭൗതികം, വൈയക്തികം, സാമൂഹികം, വിദ്യാഭ്യാസം, സംസ്‌കാരം, സാമ്പത്തികം, രാഷ്ട്രീയം, ദേശീയം, അന്തര്‍ദേശീയം എന്നിങ്ങനെ വിവിധ തലങ്ങളെ ക്രിയാത്മകമായി സ്വാധീനിക്കാനും ഇസ്‌ലാമിന് കഴിഞ്ഞത് അവയെയെല്ലാം ദൈവനിര്‍ദിഷ്ട മാര്‍ഗങ്ങളുമായി ബന്ധിപ്പിച്ചാണ്. കൂടാതെ വിവാഹം, കുടുംബജീവിതം, ഇടപാടുകള്‍, സുഹൃദ് ബന്ധങ്ങള്‍, സഹോദരസ്‌നേഹം, വൃദ്ധര്‍, ബലഹീനര്‍, അയല്‍ക്കാര്‍, അനാഥര്‍, വേലക്കാര്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങള്‍, ഐഹിക, പാരത്രിക ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, പൊതുമര്യാദ, അതിഥി സല്‍ക്കാരം, ആരോഗ്യം, ശുചിത്വം, വേഷവിധാനങ്ങള്‍, ഔദാര്യം, സല്‍പ്പെരുമാറ്റം എന്നീ സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങള്‍, വിനയം, മിതവ്യയം, ജീവകാരുണ്യം തുടങ്ങിയുള്ള ധാര്‍മികമൂല്യങ്ങള്‍ എന്നിവക്കെല്ലാം പ്രവാചകന്റെ മഹിതജീവിതമാണ് മഹാമാതൃകയായി നിലകൊള്ളുന്നത്. ഇസ്‌ലാമിലെ കുടുംബജീവിതമെന്ന ആവാസവ്യവസ്ഥയുടെ വേരും ചിറകും ജീവശ്വാസവും ഊര്‍ജവും പ്രവാഹവുമെല്ലാം അതു തന്നെയാണ്.
('കിം' നടത്തിയ പ്രബന്ധ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രബന്ധത്തിന്റെ സംഗ്രഹം)
Comments