Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 21

3068

1440 മുഹര്‍റം 10

'മദീനയിലെ ജ്ഞാന വസന്തം'ഇത്രകൂടി പറയാനുണ്ട്

ഹൈദറലി ശാന്തപുരം

വി.പി അഹ്മദ് കുട്ടിയുടെ 'വൈജ്ഞാനിക യാത്ര'യിലെ മദീനാ യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട ഭാഗം ഗൃഹാതുരത്വമുണര്‍ത്തുന്നതായിരുന്നു. അര നൂറ്റാണ്ട് മുമ്പ് നടന്ന പ്രസ്തുത പഠനയാത്രയില്‍ സഹയാത്രികനും സഹപാഠിയുമായിരുന്ന ഈ കുറിപ്പുകാരന്റെ ചിന്തകള്‍ മദീനാ ജീവിതകാലത്തേക്ക് പറന്നുപോയി.

ഒരു വിദേശ യാത്രയെക്കുറിച്ച് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത സാഹചര്യത്തിലാണത് സംഭവിച്ചത്. 1965 ജൂലൈ 14-ന് ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ അവസാന വര്‍ഷ പരീക്ഷയെഴുതി റിസള്‍ട്ട് വരുന്നതിനു മുമ്പുതന്നെ എന്റെ പ്രവര്‍ത്തന തട്ടകം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരുന്നു. അന്തമാനിലെ ഇസ്‌ലാമിക വിദ്യാഭ്യാസ-പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന പി.കെ ഇബ്‌റാഹീം മൗലവി(മേലാറ്റൂര്‍)യുടെ ആവശ്യമനുസരിച്ച് അദ്ദേഹത്തിന്റെ സഹായിയായി എന്നെ അങ്ങോട്ടയക്കാന്‍ പ്രസ്ഥാനം തീരുമാനിച്ചു. 1968 ആഗസ്റ്റ് 20-ന് അന്തമാനിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തില്‍ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ ഒരു ടെലഗ്രാം ലഭിക്കുന്നു. 'താങ്കളെ മദീനാ യൂനിവേഴ്‌സിറ്റിയിലെ ഉപരിപഠനത്തിന് തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഉടനെ പുറപ്പെടുക.' ഇന്നത്തെപ്പോലെ ടെലഫോണ്‍ സൗകര്യമില്ലാതിരുന്ന അക്കാലത്ത് പരമാവധി വേഗത്തില്‍ സന്ദേശമെത്തിക്കാനുള്ള മാര്‍ഗം ടെലഗ്രാം മാത്രമായിരുന്നു. അന്തമാനില്‍നിന്ന് നാട്ടിലെത്താനുള്ള യാത്രാ സൗകര്യവും കുറവായിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പോര്‍ട്ട് ബ്ലെയറില്‍നിന്ന് മദ്രാസിലേക്ക് കപ്പല്‍ സര്‍വീസുണ്ടാവും. കല്‍ക്കത്തയിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയിരുന്നു. പരമാവധി വേഗത്തില്‍ നാട്ടിലെത്തേണ്ടതുള്ളതിനാല്‍ പോര്‍ട്ട് ബ്ലെയറില്‍നിന്ന് വിമാനമാര്‍ഗം കല്‍ക്കത്തയിലേക്കും അവിടെനിന്ന് തീവണ്ടി വഴി കേരളത്തിലേക്കും യാത്ര ചെയ്യുകയാണുണ്ടായത്.

മദീനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരും വ്യത്യസ്തമായ ബാച്ചുകളില്‍ പഠനം പൂര്‍ത്തിയാക്കിയവരായിരുന്നു. ടി.കെ ഇബ്‌റാഹീം 1964-ല്‍ പുറത്തിറങ്ങിയ രണ്ടാം ബാച്ചിലും ഈയുള്ളവന്‍ 1965-ല്‍ പുറത്തിറങ്ങിയ മൂന്നാം ബാച്ചിലും വി.പി അഹ്മദ് കുട്ടി 1966-ല്‍ പുറത്തിറങ്ങിയ നാലാം ബാച്ചിലും പെട്ടവരായിരുന്നു. ആര്‍ക്കും പാസ്‌പോര്‍ട്ടുണ്ടായിരുന്നില്ല. നാട്ടിലെത്തിയ ശേഷം പാസ്‌പോര്‍ട്ടിനു വേണ്ടി ശ്രമം തുടങ്ങി. പോലീസ് വെരിഫിക്കേഷനോടുകൂടി സാധാരണ ഗതിയില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ മാസങ്ങള്‍ പിടിക്കും. അധികം താമസമില്ലാതെ പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ് വേണം. അന്വേഷണത്തില്‍, പാലക്കാട് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റായിരുന്ന ജസ്റ്റിസ് കെ.എം മുഹമ്മദലിയെ സമീപിച്ചാല്‍ എല്ലാം ശരിയാകുമെന്ന വിവരം ലഭിച്ചു. കെ.എം സീതി സാഹിബിന്റെ അനുജനായ അദ്ദേഹവുമായി പാലക്കാട്ടെ ജമാഅത്ത് പ്രവര്‍ത്തകനും പൊതുകാര്യ പ്രസക്തനുമായ ഖാസിം സാഹിബിന് അടുത്ത പരിചയമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെയും കൂട്ടി ജഡ്ജിയുടെ ചേമ്പറില്‍ ചെന്ന് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂന്നു പേര്‍ക്കും നിഷ്പ്രയാസം സര്‍ട്ടിഫിക്കറ്റെഴുതി ഒപ്പും സീലും വെച്ചു തന്നു. അന്ന് കേരളക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ മദ്രാസില്‍ പോവണം. അങ്ങനെ മേല്‍പറഞ്ഞ സര്‍ട്ടിഫിക്കറ്റടങ്ങുന്ന പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയുമായി മദ്രാസിലേക്ക് വണ്ടി കയറി. അവിടെ പരിചയക്കാരായി രണ്ടു പേരുണ്ടായിരുന്നു. എഗ്മൂറിലെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോര്‍ട്ടിലെ സൂപ്രണ്ടായ വടക്കാങ്ങര സ്വദേശി കെ. അബൂബക്കര്‍ സാഹിബും അന്തമാന്‍ ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥനായ ആലിപ്പറമ്പ് സ്വദേശി എന്‍. മുഹമ്മദ് സാഹിബും. അവര്‍ മുഖേന, എഗ്മൂറിലെ മലബാര്‍ മുസ്‌ലിം അസോസിയേഷനില്‍ താമസത്തിന് സൗകര്യം ലഭിച്ചു. രണ്ടാഴ്ചയെടുത്തു പാസ്‌പോര്‍ട്ട് ലഭിക്കാന്‍. യാത്രക്കാവശ്യമായ വിസയും ടിക്കറ്റും ന്യൂദല്‍ഹിയിലെ സുഊദി കോണ്‍സുലേറ്റ് വഴിയാണ് ലഭിക്കേണ്ടത്. ഉപരിപഠനത്തിനു തെരഞ്ഞെടുക്കപ്പെട്ട വിവരമടങ്ങുന്ന മദീനാ യൂനിവേഴ്‌സിറ്റിയുടെ കത്ത് മാത്രമാണ് ഞങ്ങളുടെ കൈവശമുണ്ടായിരുന്നത്. വിസക്കുള്ള ഓര്‍ഡര്‍ സുഊദി വിദേശകാര്യ മന്ത്രാലയം വഴിയും ടിക്കറ്റിനുള്ള പി.ടി.എ (പ്രീ ടിക്കറ്റ് അഡൈ്വസ്) സുഊദി എയര്‍ലൈന്‍സ് വഴിയുമാണ് ലഭിക്കുക. ദല്‍ഹിയില്‍ ആഴ്ചകള്‍ കഴിച്ചുകൂട്ടാതെ അത് സാധിക്കുകയില്ല. ആവശ്യമുള്ള അത്രയും ദിവസങ്ങള്‍ താമസിക്കുന്നതിന് പഴയ ജമാഅത്ത് കേന്ദ്ര ഓഫീസിലാണ് ഞങ്ങളെത്തിയത്. ഞങ്ങള്‍ ചെല്ലുന്ന വിവരം കേരള ഹല്‍ഖാ കേന്ദ്രം വഴി അവര്‍ക്ക് ലഭിച്ചിരുന്നു. ഔദ്യോഗിക കാര്യങ്ങള്‍ ശരിയാക്കാന്‍ ഒരു മാസമെടുത്തു. അതിനിടയില്‍ ആദ്യകാല ജമാഅത്ത് നേതാക്കളെയെല്ലാം അടുത്ത് പരിചയപ്പെട്ടു. മൗലാനാ അബുല്ലൈസ്, മൗലാനാ മുഹമ്മദ് യൂസുഫ്, അഫ്‌സല്‍ ഹുസൈന്‍, ഹാമിദ് ഹുസൈന്‍, ഹാമിദലി, മുഹമ്മദ് മുസ്‌ലിം, മുഹമ്മദ് യൂസുഫ് സിദ്ദീഖി, അബ്ദുല്‍ അസീം ഖാന്‍ മുതലായവരുമായെല്ലാം സൗഹൃദം സ്ഥാപിച്ചു. ഇന്ന് അവരില്‍ ആരും ജീവിച്ചിരിപ്പില്ല. അസി. സെക്രട്ടറി അബ്ദുല്‍ അസീം ഖാന്‍ സാഹിബിനായിരുന്നു ഗസ്റ്റ് റൂമിന്റെ ചുമതല.

സുഊദി എയര്‍ലൈന്‍സിലാണ് ഞങ്ങള്‍ ജിദ്ദിയിലേക്ക് യാത്ര ചെയ്തത്. ആ വര്‍ഷം മദീനാ യൂനിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ. സഈദ് മരക്കാര്‍ ജിദ്ദാ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. മദീനയിലേക്കുള്ള വിമാനം പിറ്റേന്നായതിനാല്‍ രാത്രി കഴിച്ചുകൂട്ടിയത് ജിദ്ദയിലെ 'ബൈത്തുത്ത്വലബാ (വിദ്യാര്‍ഥി ഭവന്‍)യിലായിരുന്നു. മദീനാ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ജിദ്ദയിലെത്തുമ്പോള്‍ അവരുടെ താല്‍ക്കാലിക താമസത്തിന് വാടകക്കെടുത്ത കെട്ടിടമായിരുന്നു അത്.

ഉച്ചയോടടുത്ത സമയത്താണ് ഞങ്ങള്‍ മദീനയിലെത്തിയത്. കുഞ്ഞിമുഹമ്മദ് വളാഞ്ചേരിയുടെ നേതൃത്വത്തില്‍ ഏതാനും വിദ്യാര്‍ഥികള്‍ മസ്ജിദുന്നബവിയോടടുത്ത ഒരു കെട്ടിടത്തില്‍ താമസിക്കുന്നുണ്ടായിരുന്നു. മസ്ജിദുന്നബവി കാണുമ്പോഴും ആദ്യമായി അതില്‍ ചെന്ന് നമസ്‌കരിക്കുമ്പോഴും അനുഭവപ്പെട്ട ആനന്ദാതിരേകം അനിര്‍വചനീയമാണ്.

മസ്ജിദുന്നബവിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തായിരുന്നു മദീനാ യൂനിവേഴ്‌സിറ്റി കാമ്പസ്. പിറ്റേന്ന് രാവിലെ അവിടെ പോയി അഡ്മിഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് തുടക്കമിട്ടു. കുല്ലിയ്യത്തുദ്ദഅ്‌വ വ ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റിയിലായിരുന്നു ഞങ്ങള്‍ക്ക് പ്രവേശനം ലഭിച്ചത്. ബഹുഭൂരിപക്ഷവും വിദേശികള്‍ പഠിക്കുന്ന സ്ഥാപനമായിരുന്നു അത്. ശാന്തപുരം കോളേജിലെ സിലബസിനെ അപേക്ഷിച്ച് ലളിതവും ഹ്രസ്വവുമായിരുന്നു അവിടത്തെ സിലബസ്സ്. അധ്യയന ഭാഷയിലും അധ്യാപന രീതിയിലും വ്യത്യാസമുണ്ടായിരുന്നു. താമസത്തിന് യൂനിവേഴ്‌സിറ്റി കാമ്പസില്‍ തന്നെ സൗകര്യമുണ്ടായിരുന്നു. മൂന്നോ നാലോ പേര്‍ക്ക് താമസിക്കാവുന്ന റൂമുകളില്‍ ഒരേ നാട്ടുകാര്‍ക്ക് താമസിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. വ്യത്യസ്ത നാട്ടുകാര്‍ക്കാണ് ഓരോ റൂമും അനുവദിക്കപ്പെട്ടിരുന്നത്. ഉച്ചവരെ മാത്രമാണ് ക്ലാസ്സുണ്ടായിരുന്നത്. വൈകുന്നേര സമയങ്ങളില്‍ മസ്ജിദുന്നബവിയില്‍ പോവാന്‍ അസ്ര്‍ നമസ്‌കാരാനന്തരം യൂനിവേഴ്‌സിറ്റി ബസ്സുണ്ടാവും. ഇശാ നമസ്‌കാര ശേഷമാണ് അത് തിരിച്ചുവരിക. മസ്ജിദുന്നബവിയില്‍ വെച്ച് മഗ്‌രിബ്-ഇശാ നമസ്‌കാരങ്ങളില്‍ പങ്കു ചേരാം എന്നതിന് പുറമെ ശാന്തമായ അന്തരീക്ഷത്തില്‍ പാഠഭാഗങ്ങള്‍ പാരായണം ചെയ്യാമെന്നതും അതിന്റെ ഗുണവശമായിരുന്നു. നിശ്ചയിക്കപ്പെട്ട ഖുര്‍ആന്‍ ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ അധികപേരും ഈ സൗകര്യം ഉപയോഗപ്പെടുത്തുമായിരുന്നു. അല്‍ബഖറ മുതല്‍ യൂനുസ് വരെയുള്ള അധ്യായങ്ങളാണ് നാല് വര്‍ഷം കൊണ്ട് മനഃപാഠമാക്കാന്‍ ഞങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിരുന്നത്.

വൈജ്ഞാനിക കാര്യങ്ങള്‍ പറഞ്ഞുപോകുന്ന വി.പി അഹ്മദ് കുട്ടിയുടെ ഓര്‍മക്കുറിപ്പില്‍ പരാമര്‍ശിക്കാതെ വിട്ട ചില വശങ്ങള്‍ സൂചിപ്പിക്കട്ടെ. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജ്, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക്കോളേജ്, കാസര്‍കോട് ആലിയാ കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, ഉമറാബാദ് ദാറുസ്സലാം അറബിക്കോളേജ് എന്നീ സ്ഥാപനങ്ങളില്‍ പഠിച്ചവരായിരുന്നു മലയാളി വിദ്യാര്‍ഥികള്‍. ചില സ്ഥാപന ഭാരവാഹികള്‍ തമ്മില്‍ നിലനില്‍ക്കുന്ന അകല്‍ച്ചയുടെ ദൂരം പരമാവധി കുറച്ചു കൊണ്ടുവരാനും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബന്ധം സുദൃഢമാക്കാനും ഉദ്ദേശിച്ചുകൊണ്ട് മലയാളി വിദ്യാര്‍ഥികളുടെ ഒരു കൂട്ടായ്മക്ക് രൂപം നല്‍കുന്നതിനെ സംബന്ധിച്ച് ആലോചനയുണ്ടായി. അങ്ങനെയാണ് മദീനാ യൂനിവേഴ്‌സിറ്റി മലയാളി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന വേദി രൂപീകരിച്ചത്. അതിന്റെ പ്രഥമ പ്രസിഡന്റ് കെ. ഉമര്‍ മൗലവിയുടെ സഹോദരീ പുത്രന്‍ മുഹമ്മദ് ഫാറൂഖിയും സെക്രട്ടറി ഈയുള്ളവനുമായിരുന്നു. മലയാളി വിദ്യാര്‍ഥികളെല്ലാം അംഗങ്ങളായ അസോസിയേഷന്‍ ചര്‍ച്ചായോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. കേരളത്തില്‍നിന്ന് വരുന്ന പ്രമുഖ വ്യക്തികള്‍ക്ക് സ്വീകരണം നല്‍കാനും വേദി പ്രയോജനപ്പെട്ടു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി എന്നിവര്‍ക്ക് സ്വീകരണം നല്‍കിയത് ഓര്‍ക്കുന്നു.

പ്രസ്ഥാന ബന്ധമുള്ള മലയാളി വിദ്യാര്‍ഥികള്‍ പ്രാസ്ഥാനിക രംഗത്തും സജീവമായിരുന്നു. ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ നാട്ടിലെ മാതൃകയില്‍ വാരാന്ത യോഗം ചേരുകയും പഠനപാരായണങ്ങളും ചര്‍ച്ചകളും നടത്തുകയും ചെയ്തിരുന്നു. ജാമിഅത്തുല്‍ ഫലാഹ് ബിലിയാര്‍ ഗഞ്ച്, ദാറുല്‍ ഉലൂം ലഖ്‌നൗ, ദാറുസ്സലാം ഉമറാബാദ് മുതലായ സ്ഥാപനങ്ങളില്‍ പഠിച്ചവരായിരുന്നു അവര്‍. ശാന്തപുരം അല്‍ജാമിഅ ഖുര്‍ആന്‍ ഫാക്കല്‍റ്റി ഡീനായിരുന്ന മൗലാനാ ഇനായത്തുല്ലാ സുബ്ഹാനിയുടെ ജ്യേഷ്ഠ സഹോദരന്‍ അമാനത്തുല്ലയായിരുന്നു അതിന് നേതൃത്വം വഹിച്ചിരുന്നത്.

ശാന്തപുരത്തെയും കോഴിക്കോട് ജമാഅത്ത് കേന്ദ്രത്തിലെയും ലൈബ്രറികള്‍ വികസിപ്പിക്കുന്നതിനു വേണ്ടി, ഉദാരമതികളായ അറബികളില്‍നിന്നും ഹാജിമാരില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ച് ലൈബ്രറികള്‍ക്കാവശ്യമായ റഫറന്‍സ് ഗ്രന്ഥങ്ങള്‍ വാങ്ങി ഹാജിമാര്‍ വഴി അവ നാട്ടില്‍ എത്തിക്കാനും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഹാജിമാരുടെ യാത്ര കപ്പലിലായിരുന്നതിനാല്‍ പുസ്തകങ്ങളുടെ ഭാരം പ്രശ്‌നമായിരുന്നില്ല. ശാന്തപുരത്തെയും വെള്ളിമാടുകുന്ന് ഐ.എസ്.ടിയിലെയും ലൈബ്രറികളിലുള്ള പഴയ ഗ്രന്ഥങ്ങളില്‍ ഒരു ഭാഗം അങ്ങനെ ശേഖരിച്ചതാണ്.

ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അവയുടെ പ്രവര്‍ത്തകരെയും അടുത്തറിയാന്‍ ലഭിച്ച സുവര്‍ണാവസരം കൂടിയായിരുന്നു മദീനാ ജീവിതകാലം. 1969-ല്‍ റബാത്തിലെ ഒരന്താരാഷ്ട്ര കോണ്‍ഫറന്‍സ് കഴിഞ്ഞ് മൗലാനാ മൗദൂദി തിരിച്ചുപോയത് മദീന വഴിയാണ്. മസ്ജിദുന്നബവിയുടെ സമീപത്തുള്ള തൈസീര്‍ ഹോട്ടലില്‍ താമസിച്ചിരുന്ന അദ്ദേഹം മസ്ജിദുന്നബവിയില്‍ എത്തിയായിരുന്നു നമസ്‌കരിച്ചിരുന്നത്. എന്റെ ഭാര്യയടക്കമുള്ള പല സഹോദരിമാര്‍ക്കും തദവസരത്തില്‍ മൗദൂദിയെ നേരില്‍ കാണാന്‍ സൗകര്യം ലഭിക്കുകയുണ്ടായി. മലയാളി വിദ്യാര്‍ഥികള്‍ക്കു വേണ്ടി മാത്രമുള്ള ഒരു സിറ്റിംഗില്‍ മൗദൂദി സാഹിബ് സംബന്ധിച്ചു. അതില്‍ ഹാജി വി.പി മുഹമ്മദലി സാഹിബിനെ അദ്ദേഹം പ്രത്യേകം അനുസ്മരിക്കുകയും ഹാജി സാഹിബിന്റെ ത്യാഗസന്നദ്ധതയെയും നിശ്ചയദാര്‍ഢ്യത്തെയും പ്രകീര്‍ത്തിക്കുകയും ചെയ്തു.

ഞങ്ങളുടെ മദീനാ ജീവിത കാലത്ത് മദീന സന്ദര്‍ശിച്ച പ്രമുഖ മലയാളി വ്യക്തിത്വമായിരുന്നു മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഞങ്ങള്‍ പ്രത്യേക യോഗം ചേരുകയും സന്ദര്‍ശനം വിജയകരമാക്കാന്‍ ആവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യുകയുമുണ്ടായി. യാത്രയിലുടനീളം അബ്ദുര്‍റഹ്മാന്‍ തറുവായിയും ഈ കുറിപ്പുകാരനും മൗലവിയെ അനുഗമിച്ചു. മക്ക, മദീന, ജിദ്ദ, രിയാദ് മുതലായ സ്ഥലങ്ങളിലെ പ്രമുഖ വ്യക്തികളെയും പണ്ഡിതന്മാരെയും സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. പ്രസ്തുത യാത്രയില്‍ ഫൈസല്‍ രാജാവിനെയും രിയാദ് അമീറായിരുന്ന ഇന്നത്തെ സല്‍മാന്‍ രാജാവിനെയും സന്ദര്‍ശിക്കുകയും ശാന്തപുരത്തിന്റെ സന്ദേശമെത്തിക്കുകയും ചെയ്തു.

പഠനം കഴിഞ്ഞ് ഞങ്ങള്‍ മൂന്ന് പേരും തിരിച്ചെത്തിയത് വ്യത്യസ്ത സമയങ്ങളിലായിരുന്നു. ഓരോരുത്തരുടെ ഭാവിപരിപാടികള്‍ക്കനുസരിച്ച് സമയ വ്യത്യാസമുണ്ടായി. പരീക്ഷക്കു മുമ്പുതന്നെ, ഹല്‍ഖാ അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിയുടെ ഒരെഴുത്ത് എനിക്ക് കിട്ടി: 'പഠനം കഴിഞ്ഞ ഉടനെ നാട്ടിലേക്കു തിരിച്ചുവരിക. അമീറെ ജമാഅത്ത് മുഹമ്മദ് യൂസുഫ് സാഹിബ് താങ്കളെ ദല്‍ഹി കേന്ദ്രത്തിലേക്ക് ആവശ്യപ്പെട്ടിരിക്കുന്നു' - ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. അതനുസരിച്ച് പരീക്ഷ കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഉടനെ ഞാന്‍ തിരിച്ചു വന്നു. 1972 ആഗസ്റ്റ് 15-നായിരുന്നു അത്. ദല്‍ഹിയില്‍ പോവേണ്ടി വരുമെന്ന ചിന്തയിലാണ് ഞാന്‍ തിരിച്ചുവന്നത്. പക്ഷേ, ഞാന്‍ തിരിച്ചെത്തുന്നതിനു മുമ്പുതന്നെ ഒരു ശൂറാ യോഗത്തില്‍ വെച്ച്, എന്റെ സാന്നിധ്യം കൂടുതല്‍ ആവശ്യം പ്രബോധനം വാരികയിലാണെന്നു കാണിച്ച് യൂസുഫ് സാഹിബിനോട് ഒഴികഴിവ് പറയാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ദല്‍ഹിക്കു പകരം വെള്ളിമാടുകുന്നിലായി എന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (28 - 35)
എ.വൈ.ആര്‍

ഹദീസ്‌

വര്‍ധിക്കുന്ന കൊലപാതകങ്ങള്‍
കെ.സി സലീം കരിങ്ങനാട്