Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 21

3068

1440 മുഹര്‍റം 10

മലീഹ മ്യൂസിയവും ചരിത്ര ശേഷിപ്പുകളും

സദ്‌റുദ്ദീന്‍ വാഴക്കാട്

മനോഹരിയാണ് മലീഹ. സ്വര്‍ണവര്‍ണമാര്‍ന്ന മരുഭൂമണല്‍ ചേല ചുറ്റി, പൗരാണിക അറബ് സംസ്‌കാരത്തിന്റെ നിധികുംഭങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് അഭിമാനം കൊള്ളുന്ന ചരിത്രനഗരി. പ്രകൃതിയുടെ മരുഭൂസൗന്ദര്യം, നാഗരിക  പൈതൃകത്തിന്റെ അടയാളക്കുറികള്‍, ഈ ചരിത്ര ശേഷിപ്പുകളോടുള്ള അഭിമാനകരമായ അഭിനിവേശം, അത് തലമുറകളിലേക്ക് പകര്‍ന്ന് നല്‍കാനുള്ള ആവേശം, പ്രകൃതിയുടെ ഹൃദയമിടിപ്പിനോട് ഇഴുകിച്ചേര്‍ന്ന ജനജീവിതം, അറിവും ആസ്വാദനവും സമന്വയിപ്പിച്ച അനുഭവയാത്രകള്‍.... ഇതെല്ലാം കൊണ്ട് മലീഹ നമുക്ക് ഹൃദ്യമായ വിരുന്നൊരുക്കുന്നു. 

ഉമ്മുന്നാര്‍ ശവക്കല്ലറ, മലീഹ കോട്ട, ഗുഹ, അല്‍ഫയാ മലനിര, അല്‍ തുഖൈബ, ജബല്‍ ബുഹൈസ്, അല്‍മദാം, ചരിത്രാവശിഷ്ടങ്ങളുടെ മാതൃകാ ശേഖരമുള്ള മലീഹ മ്യൂസിയം, കൃഷിഭൂമിയും കര്‍ഷക ജീവിതവും, സവിശേഷമായ മണല്‍ കുന്നുകള്‍, മരുഭൂമിയിലെ സാഹസിക യാത്ര, സൂര്യാസ്തമന ദര്‍ശനം, നിശാ ക്യാമ്പ് തുടങ്ങിയ വിസ്മയങ്ങള്‍ പലതും  ചേരുമ്പോള്‍ വിനോദ സഞ്ചാരികള്‍ക്കും ചരിത്രകുതുകികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ പ്രിയങ്കരമായിത്തീരുന്നു മലീഹയും  പരിസര പ്രദേശങ്ങളും.

 

മലീഹ യാത്ര

ഷാര്‍ജ എമിറേറ്റിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലീഹയിലേക്ക് ദുബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരമുണ്ട്, ദൈദില്‍നിന്ന് 20 കി.മീറ്ററും. മണല്‍കുന്നുകളും മലകളും കൃഷിഭൂമിയുമെല്ലാം കൂടിച്ചേര്‍ന്ന ഇവിടത്തെ ജനസംഖ്യ 2015-ലെ കണക്കനുസരിച്ച് 4,768 ആണ്. 

മലീഹ ചരിത്ര മ്യൂസിയത്തിനു മുന്നില്‍ ചെന്നിറങ്ങുന്നതു വരെ ഈ പൈത്യക നഗരിയെക്കുറിച്ച്  എനിക്ക് അധികമൊന്നും അറിയുമായിരുന്നില്ല. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിയും റാസല്‍ഖൈമയിലെ താജ് അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമസ്ഥനുമായ വി.എന്‍.കെ ഇംറാനോടൊപ്പമായിരുന്നു എന്റെ മലീഹാ സന്ദര്‍ശനം. അദ്ദേഹവും മ്യൂസിയം സന്ദര്‍ശിക്കുന്നത് ആദ്യമായായിരുന്നെങ്കിലും, മലീഹയെ കുറിച്ച് നേരത്തേ മനസ്സിലാക്കിയിരുന്നു. അന്വേഷണത്വരയുള്ള, യാത്രാ പ്രിയനായ ഇംറാന്‍ ഭായിയോടൊപ്പമായിരുന്നു യു.എ.ഇയെ തൊട്ടറിയാനുള്ള എന്റെ സഞ്ചാരത്തിന്റെ ഏറിയ പങ്കും. എ. റശീദുദ്ദീന്‍, ജുനൈദ് കരുവാരകുണ്ട്, ശഫീഖ് ബാലിയില്‍, സാബിര്‍ കൊടുങ്ങല്ലൂര്‍, വി.കെ.എന്‍ അന്‍വര്‍, പൈക്കാട്ട് നൂറുദ്ദീന്‍, ഹാറൂന്‍ തുടങ്ങി പലരും യു.എ.ഇ യാത്രയുടെ പല സന്ദര്‍ഭങ്ങളില്‍ കൂടെയുണ്ടായിരുന്നു. 

യു.എ.ഇയുടെ ചരിത്രത്തെ, സംസ്‌കാരത്തെ, ജീവിതത്തെ, പൗരാണിക നാഗരികതയെ അറിയാനും മനസ്സിലാക്കാനും അവസരം തന്ന യാത്ര. പഠിക്കാനും പകര്‍ത്താനും ഏറെയുള്ള ഒരു ജനതയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും പറ്റി പറയാനും പങ്കുവെക്കാനും പലതുമുണ്ട്. ഇന്നലെകളുടെ  നാഗരിക സ്മൃതികള്‍ മാത്രമല്ല, ഇന്ന് അവയെല്ലാം എത്ര സൂക്ഷ്മതയില്‍  പരിപാലിക്കപ്പെടുന്നുവെന്നതും ചിന്തനീയവും അനുകരണീയവും തന്നെ. ഇതു സംബന്ധിച്ച കുറിമാനങ്ങള്‍ മലീഹയില്‍നിന്ന് ആരംഭിക്കുന്നത് അര്‍ഥപൂര്‍ണമാണെന്ന് തോന്നുന്നു. കാരണം, യു.എ.ഇയുടെ പൈതൃക നഗരികളില്‍ പ്രധാനമാണ് മലീഹയുടെ മണ്ണ്. ഒരു ജനതയുടെ ചരിത്രവും സംസ്‌കാരവും പറഞ്ഞു തുടങ്ങാന്‍ നല്ലത് എത്രയും പഴകിയ വേരുകളിലേക്ക് വിരല്‍ ചൂണ്ടിയാണ്, പഴയ ആധാരശിലകളില്‍ കാലൂന്നി നിന്നാണ്. അതു കൊണ്ട് നമുക്ക് മലീഹയുടെ ചരിത്രാതീത കാലത്തിലൂടെ  യാത്ര തുടങ്ങാം.

 

മലീഹ മ്യൂസിയം

മനോഹരമായി നിര്‍മിച്ച്, ശാസ്ത്രീയമായി സംവിധാനിച്ച്, ഭംഗിയായി പരിപാലിക്കുന്ന മലീഹ പുരാവസ്തു കേന്ദ്രം, ഈ ദേശത്തിന്റെ ചരിത്രത്തിലേക്കും ജനങ്ങളുടെ സംസ്‌കാര സവിശേഷതകളിലേക്കും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. മലീഹ സന്ദര്‍ശനത്തിന്റെ തുടക്കം ഈ മ്യൂസിയത്തില്‍ നിന്നായിരുന്നു. 'മലീഹയിലെ പൗരാണിക ശവക്കല്ലറ' എന്നെഴുതി ഷാര്‍ജാ ഗവണ്‍മെന്റ് സ്ഥാപിച്ച വലിയ സൂചനാ ഫലകം കണ്ടു കൊണ്ടാണ് മ്യൂസിയത്തിലേക്ക് ചെന്നെത്തുന്നത്. പച്ച പിടിച്ച ഈത്തപ്പനത്തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ അല്‍ ഫയാ മലനിരകള്‍ അവിടെ നിന്നു തന്നെ ദൃശ്യമാകും. മ്യൂസിയത്തിനു മുന്നിലെ പാര്‍ക്കിംഗ് ഏരിയയിലെ നിഴലുകള്‍ സാംസ്‌കാരിക പാരമ്പര്യം കലര്‍ത്തി നമ്മെ വിസ്മയിപ്പിക്കുന്നു. മരത്തടിയില്‍ പണിത കാലുകളില്‍ ഈന്തപ്പനയോലകള്‍ കൊണ്ട് വിതാനിച്ച മേല്‍ക്കൂര, കാറ്റും വെളിച്ചവും യഥേഷ്ടം പ്രവഹിക്കുന്ന തുറസ്സ്. സൂര്യപ്രകാശത്തില്‍ നിലം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഈത്തപ്പനയോലയുടെ നിഴലുകള്‍ മനോഹരമായ ചിത്രപ്പണി പോലെ അനുഭവപ്പെടും. ഇതൊരു യാദൃഛികതയായി തോന്നാമെങ്കിലും ബോധപൂര്‍വം സംവിധാനിച്ചതാണ്. ആധുനികതയോട് സമന്വയിപ്പിച്ച് സംസ്‌കാര പാരമ്പര്യത്തെ എങ്ങനെ പുതിയ കാലങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യാം എന്നതിന്, യു.എ.ഇ നല്‍കുന്ന അസംഖ്യം അടയാളക്കുറികളില്‍ ഒന്നാണിത്.

മ്യൂസിയം കാഴ്ചയുടെ തുടക്കം, മലീഹയുടെ ഭൂപ്രകൃതിയും ജീവിവര്‍ഗങ്ങളും പുരാവസ്തുശേഷിപ്പുകളും സംബന്ധിച്ച ചരിത്രപരമായ ഹ്രസ്വ വിവരണത്തില്‍നിന്നാണ്. മലീഹയിലെ കല്ല്, മണല്‍, മണ്ണ്, മലകള്‍, ജലസ്രോതസ്സുകള്‍, അതിന്റെ നിര്‍ഗമന വഴികള്‍ തുടങ്ങിയവയുടെ പ്രകൃതവും സ്വഭാവവും പുരാതന ശിലായുഗം മുതല്‍ ഇസ്‌ലാം പൂര്‍വഘട്ടം വരെയുള്ള ഓരോ കാലത്തും എങ്ങനെയായിരുന്നുവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ആടുമാടുകള്‍, ഒട്ടകം, കുതിര തുടങ്ങിയ വളര്‍ത്തു മൃഗങ്ങളുടെ ഇനങ്ങളും സവിശേഷതകളും പറയുമ്പോള്‍ വിവിധ ഭൂഖണ്ഡങ്ങളിലുള്ള ഇത്തരം കാലികളുമായുള്ള സമാനതകളും അവയെ മലീഹയിലേക്ക് എവിടെ നിന്ന് കൊണ്ടുവന്നതാകാമെന്നതിന്റെ സൂചനകളും, ഫോസില്‍ പഠനത്തെയും മറ്റും ആധാരമാക്കിയുള്ള ജീവശാസ്ത്ര -പുരാവസ്തു പഠനങ്ങള്‍ ആധാരമാക്കി വിവരിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ അവസാന കാഴ്ചകളിലൊന്നായ കുതിരയെ കുറിച്ച വിവരണം ഉദാഹരണം. മെസപ്പെട്ടോമിയയില്‍ കാണപ്പെട്ടിരുന്ന കുതിരകളുടേതിന് സമാനമായ കുതിരയുടെ ഫോസിലുകള്‍ മലീഹയില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. പൗരാണിക മലീഹയുടെ രാജ്യാന്തര ബന്ധങ്ങളിലേക്കും മറ്റും വിരല്‍ ചൂണ്ടുകയാണ് ഇതിലൂടെ. 

വിവിധ കാലങ്ങളിലേതെന്ന് കരുതപ്പെടുന്ന ഫോസിലുകള്‍, പ്രദേശത്തു കാണപ്പെടുന്ന ആഭരണ-അലങ്കാരങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന സ്ഫടികക്കല്ലുകള്‍, പഴയ പാത്രങ്ങള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങി പൊതുവെ മ്യൂസിയങ്ങളില്‍ കാണപ്പെടുന്ന പൈതൃക ശേഖരമാണ് മറ്റൊരു കാഴ്ച. മലീഹ കോട്ട, ഉമ്മുന്നാര്‍ ശവക്കല്ലറ തുടങ്ങിയ ചരിത്രാവശിഷ്ടങ്ങളുടെ ചിത്രങ്ങളും അവിടങ്ങളില്‍ നടത്തിയ പര്യവേക്ഷണത്തെ കുറിച്ച വിവരണങ്ങളും മ്യൂസിയത്തിലുണ്ട്.

 

ചരിത്രം

പുരാവസ്തു മ്യൂസിയത്തിലെ വിവരണമനുസരിച്ച്, 130,000 - 120,000 വര്‍ഷങ്ങള്‍ക്കപ്പുറം, ആദി ശിലായുഗ (ജമഹമലീഹശവേശര) കാലത്തോളം പഴക്കമു് മലീഹയിലെ ജനവാസത്തിന്.  ഈ പ്രദേശത്തു നിന്ന് പര്യവേക്ഷണം നടത്തി കണ്ടെത്തിയ പുരാവസ്തു തെളിവുകളാണ് ഇതിന് ആധാരമാക്കപ്പെടുന്നത്. ശരീരശാസ്ത്ര നിര്‍വചന പ്രകാരമുള്ള ആധുനിക മനുഷ്യന്‍ (ങീറലൃി ഔാമി) ആഫ്രിക്കയില്‍നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കുടിയേറി വ്യാപിച്ച്, സ്ഥിരതാമസമാക്കാന്‍ തുടങ്ങിയ കാലമാണിത്. ഒരു പക്ഷേ, ആ കാലത്തു തന്നെ ജനവാസമാരംഭിച്ച മലീഹ, അറേബ്യന്‍ ഉപദ്വീപിലെ ആദ്യ ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായിരിക്കാം! ഇത്രയും പുരാതനമായ ജനവാസ കേന്ദ്രം ഇവിടെ വേറെയുള്ളതായി അറിയില്ല. അതുകൊണ്ട്, മലീഹയുടെ മണല്‍ത്തരികളില്‍ അതിപുരാതന ഭൂതകാലത്തിന്റെ മുഴക്കം കേള്‍ക്കാം. 

ഒരു കാലത്ത് ചെങ്കടല്‍ കടന്ന്, ഇന്ത്യയും ഇറാനും ഉള്‍പ്പെടെ, ആഫ്രിക്ക - ഏഷ്യ- യൂറോപ്പ് എന്നിവയെ ബന്ധിപ്പിച്ച്, ഗള്‍ഫ് ഉപദ്വീപ് വഴി നടന്ന ഗതാഗതത്തിന്റെയും ആശയ വിനിമയത്തിന്റെയും കേന്ദ്രമായിരുന്നു മലീഹയെന്നും നിരീക്ഷണമുണ്ട്.  ഒമാന്‍, അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവയാല്‍ മൂന്ന് ഭാഗം അതിരിടുന്ന മലീഹയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഈ സാധ്യതയെ ശരിവെക്കുന്നതാണ്. ഇന്ന് ദുബൈ ലോക വ്യാപാര ഭൂപടത്തില്‍ നിര്‍ണായക കേന്ദ്രമായി നിലകൊള്ളുന്നത് പരിശോധിച്ചാല്‍, ഈ ചരിത്രം മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. ആഫ്രിക്കയില്‍നിന്ന് കണ്ടെടുക്കപ്പെട്ട ആദി ശിലായുഗ കാലത്തെ, പുരാവസ്തുക്കളില്‍പെട്ട ശിലാ നിര്‍മിതമായ ഉപകരണങ്ങള്‍ക്ക് സമാനമായവ മലീഹയില്‍നിന്നും പുരാവസ്തു ഖനനത്തിലൂടെ  ലഭ്യമായിട്ടുണ്ടെന്ന് മ്യൂസിയത്തിലെ രേഖകള്‍ പറയുന്നു. ആഫ്രിക്കയില്‍നിന്ന് സൗത്തേഷ്യയിലേക്ക് ഇതുവഴി സഞ്ചാരപാത ഉണ്ടായിരുന്നുവെന്നതിന്റെ പ്രധാന തെളിവായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.

തെക്കു-കിഴക്കന്‍ അറേബ്യയുടെ നവീന ശിലായുഗ കാലത്തെക്കുറിച്ച് പഠിക്കാന്‍ മലീഹ അതിപ്രധാനമാണെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രദേശത്തെ നവീന ശിലായുഗ കാലത്തെ ശ്മശാന അവശിഷ്ടങ്ങളില്‍ നടത്തിയ പര്യവേക്ഷണം ആ ഘട്ടത്തിലെ മൃതദേഹ സംസ്‌കരണ രീതികളെക്കുറിച്ച ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. ബി.സി 8000-ഓടെയാകണം നവീന ശീലായുഗ മനുഷ്യര്‍ ഇവിടെ എത്തിയിട്ടുണ്ടാവുക. ഹിമയുഗ കാലം (കരല മഴല) പൂര്‍ത്തിയായ ഉടനെയാകാം  ഇത്. നേരത്തെ ജനവാസം ഇല്ലാതിരുന്ന മലയടിവാരങ്ങളിലാണ് നവീന ശിലായുഗ മനുഷ്യര്‍ താമസിച്ചിരുന്നത്. ആട്, ഒട്ടകം തുടങ്ങി കന്നുകാലികളെ കൂടെ കൊണ്ടുവന്നിരുന്ന ഇവര്‍ മരങ്ങള്‍ നട്ടുവളര്‍ത്തിയിരുന്നില്ല. ഇതും മലീഹയുടെ ഭൂപ്രകൃതിയോടും കണ്ടെത്തലുകളോടും യോജിക്കുന്നു. ബി.സി 4000-ത്തോടെയാണ് ഈ കാലം അവസാനിക്കുന്നത്.

വെങ്കല യുഗത്തിലും (ബി.സി 3000) മലീഹയില്‍ ജനവാസമുണ്ടായിരുന്നുവെന്ന് ഇതു സംബന്ധിച്ച പു

രാവസ്തു വിവരണങ്ങളില്‍നിന്ന് മനസ്സിലാകുന്നു. വ്യത്യസ്ത വികാസ ഘട്ടങ്ങളായി ഇക്കാലത്തെ തരം തിരിക്കാം. ഒന്ന്, ഹഫീത്ത് ഘട്ടം. അല്‍ഐനിനടുത്ത ഹഫീത്ത് മലയില്‍ (ജബല്‍ ഹഫീത്ത്) ശവക്കല്ലറകള്‍ കണ്ടെടുക്കപ്പെട്ട ശേഷമാണ്, വെങ്കല യുഗത്തിന്റെ ആദ്യഘട്ടത്തിന് (ബി.സി 3200-2600) ഈ പേര് വന്നത്. ഉമ്മുന്നാര്‍ (ഡാാ മി  ചമൃ, ബി.സി 2600-2000), വാദീ സൂഖ് (ബി.സി 2000- 1300) ഘട്ടങ്ങളാണ് അടുത്തത്. പര്യവേക്ഷണത്തിലൂടെ കണ്ടെടുക്കപ്പെട്ട ഈ രണ്ട് ചരിത്ര ശേഷിപ്പുകളും നിലനിന്നിരുന്ന ചരിത്ര കാലമാണിത്. പില്‍ക്കാല വെങ്കല യുഗം വരുന്നത്, ലോഹയുഗത്തിനും വെങ്കല യുഗത്തിനും ഇടയിലെ പരിവര്‍ത്തന പ്രക്രിയയെ കുറിച്ച കൂടുതല്‍ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. വെങ്കല യുഗത്തില്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഹജര്‍ മലനിരകളില്‍ നിന്നുള്ള ചെമ്പിന്റെ പല ഉപകരണങ്ങളും ഖനനത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒമാനിന്റെ തെക്കു കിഴക്കും യു.എ.ഇയുടെ കിഴക്കുമായാണ് അല്‍ ഹജര്‍ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. ഈ മലയില്‍നിന്നുള്ള ചെമ്പയിര് ആ ഘട്ടത്തില്‍ ഇവിടെ ഉപയോഗിച്ചിരുന്നുവെന്നത്, അന്ന് നിലനിന്നിരുന്ന, ആദ്യഘട്ട വിദൂര വ്യാപാര ബന്ധങ്ങളുടെ പ്രധാന തെളിവായാണ് ചരിത്രകാരന്മാര്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തെ പര്യവേക്ഷണങ്ങള്‍, വെങ്കല യുഗത്തിലെ മലീഹ മേഖലയിലെ താഴ്‌വരകളിലെ ജനജീവിതത്തെക്കുറിച്ച്  പ്രബലമായ തെളിവുകള്‍ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. മലീഹ സമതലം, മരുഭൂമിയിലെ സവിശേഷമായ കൃഷിക്ക് (ഛമശെ െരൗഹൗേൃല) ഏറ്റവും ചേര്‍ന്ന മണ്ണാണ്. അതു കൊണ്ട് തന്നെ, വെങ്കല യുഗ മനുഷ്യര്‍ ഇവിടെ കൃഷിയിറക്കുകയും വിളവെടുത്ത് ഒരു വര്‍ഷം വരെ സൂക്ഷിക്കുകയും ചെയ്തിരുന്നുവെന്നാണ് മനസ്സിലാകുന്നത്. പില്‍ക്കാലത്തേതാകാമെങ്കിലും, പുരാതന ജലസേചന സംവിധാനങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ ഇതിന്റെ തുടര്‍ച്ചക്കുള്ള തെളിവായി മനസ്സിലാക്കാം. മാത്രമല്ല, ഒരു ഭാഗം മലയും മരുഭൂമിയുമായിരിക്കെത്തന്നെ മലീഹയുടെ താഴ്‌വരയില്‍ ഇന്നും പച്ചപിടിച്ച കൃഷിത്തോട്ടങ്ങള്‍ കാണാനായിട്ടുണ്ട്. 

ബി.സി 1200-400 കാലത്തെ ഹൃീി മഴല-ലും മലീഹക്ക് ചരിത്രപരമായ ഭാഗധേയമുണ്ട്. തുഗൈബ അധിവാസ കേന്ദ്രവും അനേകം ശവക്കല്ലറകളും ഈ കാലഘട്ടത്തിലേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അല്‍ മദാമിനടുത്തുള്ള, നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ട കാര്‍ഷിക ഗ്രാമമാണ് തുഗൈബ. കിണറുകളും ഫലജ് സൗകര്യവുമുള്ള മികച്ച ജലസേചന സംവിധാനം ഈ ഘട്ടത്തില്‍ വിജയകരമായി നടപ്പിലാക്കപ്പെട്ട കാര്‍ഷിക മേഖലയായിരുന്നു ഇതെന്നത് ഒരു ജനതയുടെ നാഗരിക സംസ്‌കാരത്തെ സംബന്ധിച്ച് അതിപ്രധാനമായ ചരിത്ര വിവരമാണ്. കല്ലുകള്‍ അടുക്കി വെച്ച് മരുഭുമിയില്‍ നിര്‍മിച്ച കനാലുകളിലൂടെ, ആവശ്യമുള്ള പ്രദേശങ്ങളിലേക്ക്  വെള്ളം ഒഴുക്കിവിടുന്ന പുരാതനവും ശാസ്ത്രീയവുമായ ജലസേചന സംവിധാനമാണ് ഫലജ്. മലീഹക്കു പുറമെ, അല്‍ ഐനിലും പുരാതനമായ ഫലജ് സംവിധാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.  വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ്, ലോഹയുഗത്തില്‍ മലീഹ പ്രദേശത്തെ ജനവാസം അവസാനിക്കുന്നത്.

ബി.സി മൂന്ന്, നാല് നൂറ്റാണ്ടുകളിലെ,  'ഇസ്‌ലാംപൂര്‍വ കാലം' എന്ന് വിളിക്കപ്പെടുന്ന ഘട്ടം (ഘമലേ ജൃല  കഹെമാശര ജലൃശീറ) വിവിധങ്ങളായി വിഭജിക്കപ്പെടുന്നുണ്ട്. സാസാനിയന്‍ സ്വാധീന ഘട്ടത്തോടെയാണ് ഈ കാലം അവസാനിക്കുന്നത്. ഈ കാലവും പ്രധാനമാണെങ്കിലും ഇതിനുമുമ്പുള്ള ഘട്ടങ്ങളാണ് അതിപ്രധാനം എന്നതുകൊണ്ടാണ് അവ അല്‍പം വിശദീകരിച്ചത്. കാരണം, അറബ് നാഗരികതയുടെ വേരുകള്‍ക്ക് എത്രമേല്‍ പഴക്കവും പാരമ്പര്യവുമുണ്ട് എന്നത് ലോക ചരിത്രത്തെ സംബന്ധിച്ച് രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമാണ്. മനുഷ്യ നാഗരികതയുടെ വികാസത്തിന്റെ ഏടുകള്‍ മറിക്കുമ്പോള്‍, വേരില്ലാത്തവരല്ല അറബ് ജനത എന്ന് തെളിയിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇസ്‌ലാമിക നാഗരികതയുടെയും ശാസ്ത്ര- വൈജ്ഞാനിക ഗവേഷണ മുന്നേറ്റങ്ങളുടെയും ഒരു പാദം ഈ പാരമ്പര്യത്തിലാണല്ലോ ഊന്നി നില്‍ക്കുന്നത്. 

 

ഉമ്മുന്നാര്‍ കല്ലറ

ബി.സി 2600-2000 കാലത്തേതെന്ന് കരുതപ്പെടുന്ന ശവക്കല്ലറയാണ് ഉമ്മുന്നാര്‍ (ഡാാ.മിചമൃ). ഇതിനോട് ചേര്‍ന്നാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിയം കണ്ട് പുറത്ത് കടക്കുമ്പോള്‍ വലതു ഭാഗത്ത് ഉമ്മുന്നാര്‍ കാണാം. മരുഭൂമിയിലെ  കല്ലുകള്‍ അടുക്കി വെച്ച് നിര്‍മിച്ച, വൃത്താകൃതിയിലുള്ള ഈ ശവക്കല്ലറക്ക് 13.85 മീറ്റര്‍ വ്യാസമുണ്ട്. 14 മീറ്റര്‍ വ്യാസമുള്ള മറ്റൊരു കല്ലറ റാസല്‍ഖൈമയില്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കിഴക്ക് - പടിഞ്ഞാറ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ട  മലീഹ കല്ലറക്ക്, എട്ട് ഉപഭാഗങ്ങളുണ്ട്. ഇതിനകത്താണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന അറകള്‍. ഈ കാലഘട്ടത്തിലെ പലതരം പാത്രങ്ങളും ഉപകരണങ്ങളും മറ്റും ഫോസിലുകളോടൊപ്പം ഇതിനകത്തുനിന്ന് കണ്ടെത്തിയതായി ഉമ്മുന്നാറിനടുത്ത് സ്ഥാപിച്ച പുരാവസ്തു വകുപ്പിന്റെ വിവരണ ഫലകത്തില്‍ പറയുന്നു. വടക്കുഭാഗത്താണ് അകത്തേക്കുള്ള പ്രവേശന കവാടം. മേല്‍ക്കൂരയില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാവുന്ന വിധത്തില്‍ ഓവുചാല്‍ മാതൃകയില്‍ സ്ഥാപിച്ച വലിയ കല്ലാണ് ഈ കല്ലറയുടെ ഒരു ആകര്‍ഷണം. വെള്ളം ഒഴുക്കുന്ന ഇത്തരം സംവിധാനങ്ങള്‍ അറേബ്യന്‍ നാഗരികതയുടെ ഭാഗമായി പലയിടങ്ങളിലും കാണാന്‍ സാധിച്ചിട്ടുണ്ട്. 

 

മലീഹ കോട്ട

ക്രി. 2-3 നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങളാണ് മലീഹയുടെ മറ്റൊരു കാഴ്ച. ഏതാണ്ട് സമചതുരാകൃതിയിലുള്ള കോട്ട, 56.11 ഃ 51.77 മീറ്റര്‍ വിസ്തൃതിയില്‍, മണ്‍കട്ടകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പര്യവേക്ഷണത്തിലൂടെ കണ്ടെടുക്കപ്പെടുമ്പോള്‍, തകര്‍ന്ന തറയിടങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇതിനകത്തുള്ള റൂമുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും അവശിഷ്ടങ്ങള്‍, കോട്ടയിലെ ജനവാസത്തെക്കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ട്. കുഴിച്ചെടുത്ത, ലഭ്യമായ അവശിഷ്ടങ്ങള്‍ക്കു മേല്‍ അറ്റകുറ്റ പണികള്‍ നടത്തി, മഴയിലും മറ്റും നശിച്ചു പോകാതിരിക്കാന്‍ മേല്‍ക്കൂര കെട്ടി സംരക്ഷിച്ചിട്ടുണ്ട് ഷാര്‍ജാ പുരാവസ്തു വകുപ്പ്. ഈ ചരിത്രാവശിഷ്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതോടൊപ്പം അവ കൂടി ഉള്‍പ്പെടുത്തി, മരുഭൂമിയുടെ സൗന്ദര്യം അനുഭവിക്കാവുന്ന വിധത്തില്‍ മാതൃകാപരമായ ഇക്കോ ടൂറിസവും വികസിപ്പിച്ചിട്ടുണ്ട് ഷാര്‍ജാ ഭരണകൂടം.

മലീഹയോട് അടുത്തു കിടക്കുന്ന, ചരിത്ര- ഭൂമി ശാസ്ത്ര പ്രാധാന്യമുള്ള അല്‍ഫയാ മലനിരകള്‍, അല്‍ഫയാ ഗുഹ, ശവക്കല്ലറകള്‍ തുടങ്ങി, മദാമിലെ പഴയ ടൗണ്‍, ദൈദ്, ഗോര്‍ഫുഖാന്‍, കല്‍ബ, റാസല്‍ ഖൈമ ഉള്‍പ്പെടെയുള്ള യു.എ.ഇയിലെ പൗരാണിക അറബികളുടെ അധിവാസ കേന്ദ്രങ്ങള്‍  മഹത്തായ പാരമ്പര്യത്തിന്റെ മടിത്തട്ടാണെന്ന് പറയാം. യു.എ.ഇയിലെ അറബ്  സംസ്‌കാരത്തിന്റെ ലഭ്യമായ ആദിമ രൂപങ്ങള്‍ തൊട്ടറിയാന്‍ ഇതുവഴിയൊക്കെ യാത്ര ചെയ്യണം. ടെന്റുകളുടെ തറവാട് (റഅ്‌സുല്‍ ഖൈമ) എന്ന പേര് ലഭിക്കാന്‍ കാരണമാകും വിധം, ദേശാന്തര സഞ്ചാരികളുടെ കേന്ദ്രമായി വര്‍ത്തിച്ചിരുന്ന റാസല്‍ഖൈമയും, ഇന്ത്യക്കാര്‍ക്ക് പൊതുവെയും കേരളീയര്‍ക്ക് പ്രത്യേകിച്ചും ഈ മണലാരണ്യത്തിലേക്ക് വഴിതുറന്ന ആദ്യ കേന്ദ്രമായ ഗോര്‍ഫുഖാനും ഈ പൈതൃക പുസ്തകത്തിലെ സുവര്‍ണാധ്യായങ്ങളാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (28 - 35)
എ.വൈ.ആര്‍

ഹദീസ്‌

വര്‍ധിക്കുന്ന കൊലപാതകങ്ങള്‍
കെ.സി സലീം കരിങ്ങനാട്