Prabodhanm Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

എവിടെയും സ്വാഗതമില്ലാത്ത ചിലര്‍

മെഹദ് മഖ്ബൂല്‍

ഇനിയും നമുക്കെത്ര കൂടി ജീവിതം കാണും എന്ന് ആര്‍ക്കും യാതൊരു ഉറപ്പുമില്ല. ആയുസ്സ് എന്നത് നമ്മുടെ ആരുടെയും കൈയിലുള്ള ഒന്നല്ലല്ലോ. എതിരെ പാഞ്ഞു വരുന്ന വണ്ടിയില്‍നിന്ന് ഒഴിഞ്ഞുമാറി രക്ഷ നേടാന്‍ ഏത് പിച്ചക്കാരനും ശ്രമിക്കുമെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. കാരണം പിച്ചതെണ്ടിയെങ്കിലും അയാള്‍ക്കും ജീവിക്കണം! 

'നിങ്ങളെവിടെ വസിക്കുന്നു എന്നതിനനുസരിച്ചും കൂടിയാണ് നിങ്ങളുടെ ആയുസ്സ്' എന്നെഴുതിയത്  'എ ലാന്റോഫ് പെര്‍മനന്റ് ഗുഡ്ബയ്‌സ്' (വിടചോദിക്കലുകളുടെ മാത്രം നാട്) എന്ന നോവലില്‍ ആത്വിയ അബവിയാണ്. 

ഈ വര്‍ഷം പുറത്തിറങ്ങിയ, സിറിയയുടെ നോവ് പറയുന്ന ഈ നോവല്‍ വായിച്ചുതീരുമ്പോള്‍ അകം പൊള്ളാതിരിക്കില്ല. 

ലോകം ദുരിതമാക്കുന്നത് ഒരുപക്ഷേ വലിയ രാജ്യങ്ങള്‍ ഭരിക്കുന്ന ഏതാണ്ട് പത്തോളം വരുന്ന മനുഷ്യരായിരിക്കുമെന്ന് നോവല്‍ നിരീക്ഷിക്കുന്നുണ്ട്.

അവരൊന്ന് പുഞ്ചിരിച്ചാലോ വിട്ടുവീഴ്ച കാണിച്ചാലോ മതിയാകും ലക്ഷക്കണക്കായ മനുഷ്യരുടെ ജീവിതം സ്വസ്ഥമായിത്തീരാന്‍, അവര്‍ക്ക് ആഹ്ലാദമാകാന്‍, മനശ്ശാന്തിയോടെ അവരവരുടെ വീടുകളില്‍ തന്നെ പാര്‍ക്കാന്‍.. വര്‍ഷങ്ങളായി പാത്തുവെച്ച സമ്പാദ്യങ്ങളെല്ലാം കൊള്ള ചെയ്യപ്പെടാതിരിക്കാന്‍.. അന്നാട്ടിലെ കുഞ്ഞുമക്കള്‍ക്ക് വിദ്യ നേടാന്‍.. പട്ടം പറത്തി മനം നിറക്കാന്‍.. 

ഓരോ നിമിഷവും ശ്വാസത്തിലും ഭയം നിറയുകയാണ് സിറിയയില്‍. നിര്‍ഭാഗ്യങ്ങളുടെ പെയ്ത്താണെങ്ങും. ഭാഗ്യം എന്ന പദം പോലും നാടുവിട്ടിരിക്കുന്നു. ഏതു നേരവും ആകാശത്തു നിന്ന് അപകടം വീശാം. മീതെ റഷ്യയും അമേരിക്കയും, താഴെ ദാഇശ്. ഷെല്ലാക്രമണങ്ങളില്‍നിന്ന് ഭയന്നോടുന്നവരെ ദാഇശ് തടയും, എന്നിട്ട് ചോദിക്കും; താടിക്ക് വലുപ്പം പോരല്ലോ, എന്തിന് ജീന്‍സ് ധരിക്കുന്നു, മോളുടെ മക്കനക്ക് ഒട്ടും വലുപ്പമില്ല, മൊബൈല്‍ ഫോണില്‍ ചിത്രങ്ങളോ പാട്ടുകളോ ഉണ്ടോ..! 

ജീവന്‍ രക്ഷിക്കാന്‍ കിട്ടിയതും എടുത്തോടുന്ന മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളാണിതെല്ലാം!

നൂറ - ഫയ്ദ് ദമ്പതികളുടെയും മക്കളുടെയും കഥയാണ് ആത്വിയ അബവി പറയുന്നത്. വല്യുമ്മയും ഉമ്മയും രണ്ട് അനുജന്മാരും സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നു. ഫയ്ദും മകന്‍ താരിഖും കുഞ്ഞുപെങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. അവര്‍ റാഖയിലുള്ള എളാപ്പയുടെ വീട്ടിലെത്തി, അവിടെ നിന്ന് ഇസ്തംബൂളിലേക്കും യൂറോപ്പിലേക്കും സാഹസികമായി അഭയം തേടിപ്പോകുന്ന കഥയാണ് എഴുത്തുകാരി പങ്കുവെക്കുന്നത്.

എന്തുകൊണ്ടാണ് ചിലരെല്ലാം രക്ഷപ്പെടാതെ ഇവിടെ തന്നെ തങ്ങുന്നത് എന്നതിന് മൂസ പറയുന്ന മറുപടിയുണ്ട്: ''നമ്മള്‍ വീട്ടില്‍നിന്നിറങ്ങിയാല്‍ വേറെ ചിലര്‍ വന്ന് വീടിന് സ്‌പ്രേ പെയിന്റടിക്കും, ശേഷം വീട് അവര്‍ സ്വന്തമാക്കും. ഇതെല്ലാം ചാരന്മാര്‍ വസിച്ചിരുന്ന വീടാണെന്നതിന് അവര്‍ തെളിവുണ്ടാക്കും. തീരെ ജീവിതം മുട്ടുമ്പോഴാണ് എല്ലാവരും വീടു വിടാന്‍ സന്നദ്ധരാവുന്നത്.''   

ഓരോ അതിര്‍ത്തിയിലും അഭയാര്‍ഥികളെ സ്വീകരിക്കുന്നത് പുഛവും അവഹേളനവുമാണ്. ക്രിമിനലുകളെ പോലെയാണ് അവരോടുള്ള പെരുമാറ്റം. 

അനവധി മനുഷ്യരുടെ അലച്ചിലുകളാണ് നോവലിലുടനീളം. വിശന്നു വലഞ്ഞും നടന്നു മുഷിഞ്ഞും, എല്ലാവരുടെയും ആട്ടും അവഹേളനവും സഹിച്ചും ആണെങ്കിലും അവര്‍ക്ക് അല്‍പം കൂടി ജീവിക്കണം,  സ്വസ്ഥതയുടെ രണ്ടു സെന്റില്‍ ജീവിതം നടണം! 

ജീവിക്കാനുള്ള കൊതികൊണ്ടാണ് തീരെ സുരക്ഷ കുറഞ്ഞ ബോട്ടുകളിലൂടെ സഞ്ചരിച്ച് അവര്‍ ജീവിതം പരതുന്നത്. ഐലന്‍ കുര്‍ദി പോയ വഴികളിലൂടെയാണ് അവരുടെയും യാത്ര. ഐലന് എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന ജീവിതം ഒരുപക്ഷേ തങ്ങള്‍ക്ക് വിധിച്ചിട്ടുണ്ടെങ്കിലോ എന്നതാണവരുടെ പ്രതീക്ഷ.

 പല നാടുകളില്‍നിന്നും അഭയം തേടുന്നവര്‍ ആ ബോട്ടുകളിലുണ്ട്. അഫ്ഗാനില്‍നിന്നുള്ള നജീബയും ജമീലയുമുണ്ട്. അഭയാര്‍ഥികളായി പാകിസ്താനില്‍ ജനിച്ചവരാണവര്‍. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി കുരുതികളില്ലാത്ത ഒരു ദിവസം പോലും അഫ്ഗാനിലില്ല എന്ന് അവര്‍ പറയുന്നു. 

ഒരു രാജ്യത്തും ഞങ്ങള്‍ക്ക് സ്വാഗതമില്ലെങ്കിലും എല്ലായിടത്തും ഞങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്ന നല്ല മനുഷ്യരുണ്ട് എന്നതാണ് ആത്വിയയുടെ ആശ്വാസം. പാരീസ് ആക്രമണത്തിനു ശേഷം അഭയാര്‍ഥികളുടെ മേല്‍ സംശയത്തിന്റെ കണ്ണുകള്‍ നീളുന്ന വേദനയും ഒപ്പം പങ്കുവെക്കുന്നു.  അഭയാര്‍ഥികളെ പോലും സാമ്പത്തികമായി ചൂഷണം ചെയ്യുന്ന മനുഷ്യരെ വായിച്ച് തീര്‍ച്ചയായും നമുക്ക് നടുക്കം കൂടും.

വിടപറച്ചിലുകളാണ് നോവലിലുടനീളം. യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ പറയുന്ന ഉപ്പ, മകന്‍ മൂസയോട് 'എന്നെങ്കിലും യുദ്ധം അവസാനിച്ചാല്‍ അന്ന് കാണാം മോനേ' എന്നു പറയുന്നുണ്ട്. യുദ്ധം അവസാനിക്കാന്‍ ആരാണ് തീരുമാനിക്കേണ്ടത് എന്നുമാത്രം അവര്‍ക്ക് യാതൊരു തീര്‍ച്ചയുമില്ല.

എവിടെയും വരവേല്‍പ്പില്ലാത്ത മനുഷ്യരുടെ കഥയാണിത്. ജീവിതം പരതി രാജ്യം വിടുന്നതോടെ  ഒന്നുമില്ലാതാവുന്ന മനുഷ്യരുടെ കഥ. വിശപ്പ് മാത്രമാണ് അന്നേരം മുതല്‍  അവരുടെ വീടും രാജ്യവും. ആരൊക്കെയോ നീട്ടുന്ന വെള്ളവും ഭക്ഷണവും കഴിച്ച് എവിടെയെങ്കിലും ഇത്തിരി സ്വസ്ഥത കാണും എന്നന്വേഷിച്ച് ഭാവിയിലേക്ക് കാലു വെക്കുന്ന ഈ മനുഷ്യര്‍ യാഥാര്‍ഥ്യമാണല്ലോ, ഭാവനയല്ലല്ലോ എന്നോര്‍ത്താകും അകം ഇങ്ങനെ കലങ്ങുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി