ടി.കെ ഹസ്സന്‍ മാസ്റ്റര്‍
എടവനക്കാട് പ്രദേശത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും കാരണവരും മൂന്നു തലമുറകളുടെ ഗുരുനാഥനുമായിരുന്നു താനത്ത്പറമ്പില്‍ ടി.കെ. ഹസ്സന്‍ മാസ്റ്റര്‍. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍തന്നെ മുന്‍ഷി പരീക്ഷ പാസ്സായ ഹസ്സന്‍ മാസ്റ്റര്‍ 1958-ല്‍ എടവനക്കാട് ഹംദര്‍ദ് ഹല്‍ഖ രൂപീകരിച്ച കാലം മുതല്‍ പ്രസ്ഥാനത്തില്‍ സജീവമായി. കിഴക്കേവീട്ടില്‍ കുഞ്ഞുമുഹമ്മദ് ഹാജിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹല്‍ഖാ ഓഫീസ് കേന്ദ്രമാക്കി വടക്കേ വീട്ടില്‍ മൊയ്തു, വി. മൂസ മൗലവി, വി.കെ അബ്ദുകുഞ്ഞി, വി.കെ അഹ്മദ് കുഞ്ഞി, കറുകശ്ശേരി മക്കാര്‍, എം.കെ അബ്ദുര്‍റഹ്മാന്‍ മൗലവി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച മാസ്റ്റര്‍ 1964-ല്‍ എടവനക്കാട് കെ.പി.എം.എച്ച്.എസ് സ്‌കൂളില്‍ അധ്യാപകനായി. 1956-ല്‍ സി.എം അബ്ദുല്ല മൗലവിയുടെ കാലം മുതല്‍ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ വിദ്യാര്‍ഥിയായ ഹസ്സന്‍ മാസ്റ്റര്‍ എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി, ഇ.വി ആലിക്കുട്ടി മൗലവി, എന്‍.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം. ഇബ്‌റാഹീം മൗലവി എന്നിവരോടൊപ്പം എടവനക്കാടിന്റെ നവോത്ഥാന സംരംഭങ്ങളില്‍ ഭാഗഭാക്കായി. ഈ കാലഘട്ടത്തില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമി നേതാക്കളായ ഇസ്ഹാഖലി മൗലവി, കെ.ടി അബ്ദുര്‍റഹീം മൗലവി എന്നിവരുടെ ശിഷ്യനാകാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
1961-ല്‍ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയില്‍ അധ്യാപകനായി പ്രവേശിച്ച മാസ്റ്റര്‍ ടി.ടി.സിക്ക് പഠിക്കുമ്പോള്‍ രാവിലെയും രാത്രിയും മദ്‌റസയില്‍ അധ്യാപനവും നടത്തിയിരുന്നു. ആദ്യ ശമ്പളം 25 രൂപ 'ഇര്‍ശാദി'നു സംഭാവനയായി നല്‍കുകയായിരുന്നു അദ്ദേഹം. കെ.പി.എം.എച്ച്.എസ് സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്യുമ്പോഴും രണ്ടു വര്‍ഷം ഒഴികെ 1995-ല്‍ വിരമിക്കുന്നതു വരെയും ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയില്‍ അധ്യാപകനായിരുന്നു. ശേഷം ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിച്ചുകൊിരിക്കെയാണ് 2007-ല്‍ മാനേജ്‌മെന്റിന്റെ അഭ്യര്‍ഥന പ്രകാരം ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയുടെ പ്രധാന അധ്യാപക സ്ഥാനം എറ്റെടുത്തത്. 2013-ല്‍ മദ്‌റസയിലെ സേവനം അവസാനിപ്പിച്ച അദ്ദേഹം മരണം വരെ ഇല്ലത്തുടി നജാത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ സദ്ര്‍മുദരിസായി തുടര്‍ന്നു.
കൃത്യനിഷ്ഠയില്‍ കണിശക്കാരനായ ഹസ്സന്‍ മാസ്റ്റര്‍ വാര്‍ധക്യ കാലത്തും ചുറുചുറുക്കോടെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ഏതു പ്രായക്കാരുമായും ഇടപഴകാനും അവരുടെ ബഹുമാനാദരവുകള്‍ നേടിയെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. ഏവരെയും പുഞ്ചിരിയോടെ സമീപിച്ചിരുന്ന അദ്ദേഹം ഒരേസമയം കര്‍ക്കശക്കാരനായ അധ്യാപകനും കാരണവരുമായി വര്‍ത്തിച്ചു. പ്രസ്ഥാന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികാടിത്തറയുണ്ടാക്കുന്നതില്‍ ഹസ്സന്‍ മാസ്റ്റര്‍ പ്രധാന ഘടകമായിരുന്നു.
എടവനക്കാട് പ്രാദേശിക ജമാഅത്തംഗമായിരുന്ന ഹസ്സന്‍ മാസ്റ്റര്‍ വൈപ്പിന്‍ ഏരിയാ ഓര്‍ഗനൈസര്‍, ഇല്ലത്തുപടി നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് ചെയര്‍മാന്‍, ഐ.സി.എയുടെ ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നായരമ്പലം മഹല്ല് സെക്രട്ടറി, തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസ സെക്രട്ടറി, എടവനക്കാട് ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സഭയുടെ ഭരണസമിതിയംഗം, സകാത്ത് ശേഖര- വിതരണ സംരംഭമായ എടവനക്കാട് അല്ലജ്‌നത്തുല്‍ ഇസ്‌ലാമിയ ലിബൈത്തില്‍ മാലിന്റെ സാരഥി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു. ആണ്‍മക്കളില്ലാതിരുന്ന അദ്ദേഹം വ്യക്തിപരമായ പ്രയാസങ്ങള്‍ക്കിടയിലും അവസാന കാലം വരെ ഒഴികഴിവുകള്‍ പറയാതെ ക്ഷമയോടെ പ്രാസ്ഥാനിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു.
എടവനക്കാട്ടുകാരുടെ സുഊദി അറേബ്യയിലെ കൂട്ടായ്മയായ 'സേവ'യുടെ കോര്‍ഡിനേറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എടവനക്കാട് പ്രദേശത്തെ ജനസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാറയില്‍ ബാബുവിന്റെയും രോഗിയായ അശോകന്‍ ചേട്ടന്റെയും ഭവനനിര്‍മാണം പൂര്‍ത്തിയാക്കാനായത് ഹസ്സന്‍ മാസ്റ്ററുടെ ആവേശകരമായ പ്രവര്‍ത്തനം കൊണ്ടുമാത്രമായിരുന്നു. യാഥാസ്ഥിതിക നിലപാടുകള്‍ പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്കിടയിലും തന്റേതായ ഇടപെടലുകള്‍ നടത്താനും സ്വാധീനം നേടാനും മാസ്റ്റര്‍ക്ക് സാധിച്ചിരുന്നു.
എടവനക്കാട് പ്രദേശത്ത് വ്യാപകമായി ജനസേവന പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ച എടവനക്കാട് ഇസ്‌ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ (കഇഅ) സ്ഥാപിക്കുന്നതില്‍ കാട്ടുപറമ്പില്‍ ഖാദര്‍ സാഹിബ്, വി.കെ.അലിക്കുഞ്ഞിമാസ്റ്റര്‍ എന്നിവരോടൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ റിട്ട: അധ്യാപിക കുഞ്ഞൈശ, മക്കള്‍ ബുഷ്‌റ, ബഷീറ, ബരീറ.
കുഞ്ഞാലി
ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ നിദര്‍ശനമായിരുന്നു സഹോദരന്‍ കുഞ്ഞാലി. കൊച്ചി എടപ്പള്ളി സ്വദേശിയും തിരുവനന്തപുരം ശ്രീകാര്യത്ത് താമസക്കാരനുമായിരുന്ന അദ്ദേഹത്തിന് 50 വയസ്സായിരുന്നു പ്രായം. ഖത്തര്‍ കള്‍ച്ചറല്‍ ഫോറം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും സി.ഐ.സി റയ്യാന്‍ സോണ്‍ ട്രഷററുമായിരുന്നു. സുഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലായി കാല്‍നൂറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ ഓരോരുത്തരെയും പുഞ്ചിരിയോടെ അഭിമുഖീകരിക്കാനും വലുപ്പ-ചെറുപ്പ വ്യത്യാസമില്ലാതെ ആരെയും തന്റെ സുഹൃദ് വലയത്തിലേക്ക് ആകര്‍ഷിക്കാനും സവിശേഷമായ സിദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നല്ല ആദ്യമായി പരിചയപ്പെടുന്നവരോട് പോലും മുഴുവന്‍ വിശേഷങ്ങളും അന്വേഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ ആവശ്യമുള്ളവരാണെന്ന് മനസ്സിലാക്കിയാല്‍ മടിയേതുമില്ലാതെ അതിന് മുന്നിട്ടിറങ്ങുകയും ചെയ്യുമായിരുന്നു.
കള്‍ച്ചറല്‍ ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖത്തറിലും നാട്ടിലുമായി നടത്തിയ അനേകം ജനക്ഷേമ സംരംഭങ്ങളില്‍ അദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചു. ഒട്ടനവധി സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറില്‍ നിന്നുകൊണ്ട് പിന്തുണ നല്‍കി. നാട്ടില്‍ ചെല്ലുമ്പോഴൊക്കെ അത്തരം പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ ഉണ്ടാകുമായിരുന്നു.
സഹോദരന്‍ കുഞ്ഞാലി നേതൃത്വം കൊടുത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് ഏറെ നീണ്ടതാണ്. അതില്‍ എടുത്തു പറയേണ്ടതാണ് തിരുവനന്തപുരം അഭയകേന്ദ്രത്തിന്റെ കാര്യം. ആര്‍.സി.സിയില്‍ ചികിത്സക്ക് വരുന്ന നൂറുകണക്കിന് പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് താങ്ങും തണലുമാകുന്ന അഭയകേന്ദ്രം, ഊണിലും ഉറക്കിലും അദ്ദേഹത്തിന്റെ സുപ്രധാന അജണ്ടയായിരുന്നു. ഖത്തറിലെന്നല്ല, നാട്ടിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പരിചയമുള്ളവരില്‍നിന്നൊക്കെ പിന്തുണ തേടിക്കൊണ്ട് ആ സ്ഥാപനത്തിനു വേണ്ടി നിതാന്ത പരിശ്രമം നടത്തി അദ്ദേഹം. അതുപോലെയുള്ള എത്രയെത്ര കാരുണ്യപ്രവര്‍ത്തനങ്ങള്‍!
വിടപറയുന്നതിന്റെ തലേന്നു വരെ 'സ്‌കിയ' സംഘടിപ്പിച്ച രക്തദാന പരിപാടിയില്‍ ആദ്യന്തം തന്റെ പങ്ക് നിര്‍വഹിച്ചുകൊണ്ട്, മനുഷ്യസ്‌നേഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
50 വയസ്സ് താരതമ്യേന ചെറിയ ജീവിത കാലയളവാകാം. എന്നാല്‍ കര്‍മമണ്ഡലത്തില്‍ സജീവമാകുന്നവര്‍ക്ക് അതൊരു പുരുഷായുസ്സിനുമപ്പുറമാണ്. ഇവിടെ ജീവിച്ചിരുന്നുവെന്നതിന് തെളിവ് അവശേഷിപ്പിച്ചുപോകാന്‍ അപൂര്‍വം ചിലര്‍ക്കേ ഭാഗ്യമുണ്ടാകൂ. അതിലൊരാളായി നമ്മുടെ സഹോദരനും മാറുന്നു. വിട, നിറകണ്ണുകളോടെ! ഒപ്പം പരലോകത്തെ നിത്യശാന്തിക്കു വേണ്ടിയുള്ള പ്രാര്‍ഥനകളും!
ഖത്തറിലെ സൗത്ത് കേരള എക്‌സ്പാറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ജീവകാരുണ്യ രംഗത്ത് തിരുവനന്തപുരം അഭയകേന്ദ്രം ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍, സാന്ത്വനം കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യയും 2 മക്കളുമുണ്ട്.
താജ് ആലുവ
പി.എം അബ്ദുല്‍ ഖാദിര്‍
അര നൂറ്റാണ്ടിലേറെ കാലം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പി.എം അബ്ദുല്‍ഖാദിര്‍ സാഹിബ് (89). ജമാഅത്തെ ഇസ്‌ലാമി മലയാളക്കരയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യഘട്ടത്തില്‍ തന്നെ സംഘടനാ അംഗത്വം ലഭിച്ചവരില്‍ ഒരാളാണ് അദ്ദേഹം.
കമ്യൂണിസ്റ്റുകാരനും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകനുമായിരുന്ന പി.എം ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ എത്തിച്ചേരുകയായിരുന്നു. വായനയും ചര്‍ച്ചകളും വഴി രാഷ്ട്രീയ-സാംസ്‌കാരിക പ്രബുദ്ധരായ ബീഡിത്തൊഴിലാളികളില്‍നിന്നാണ് അദ്ദേഹത്തിന്റെ മാറ്റം. പത്തോ അമ്പതോ പേര്‍ ഇരുന്ന് ജോലി ചെയ്യുന്ന ബീഡിക്കമ്പനിയില്‍ പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്ന പതിവു്. ഒരാള്‍ ഉറക്കെ വായിക്കുകയും മറ്റുള്ളവര്‍ നിശ്ശബ്ദരായി കേള്‍ക്കുകയുമാണ് രീതി. വായനയില്‍ പ്രബോധനവും ഇസ്‌ലാമിക സാഹിത്യങ്ങളും ഉള്‍പ്പെട്ടു. അക്കാലത്ത് പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചുവന്ന 'ഇന്ത്യയുടെ ലക്ഷ്യം സോഷ്യലിസമോ' എന്ന ലേഖനം ചൂടുള്ള ചര്‍ച്ചക്ക് വിഷയമായി. പി.എം മാറിച്ചിന്തിക്കാന്‍ തുടങ്ങി. അതിനിടെ, പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞ ചില സിലോണ്‍ പ്രവാസികള്‍ നാട്ടിലെത്തിയിരുന്നു. അങ്ങനെ ഹാജി വി.പി മുഹമ്മദലി സാഹിബ്, ടി.കെ അബ്ദുല്ല സാഹിബ്, അബ്ദുല്‍ അഹദ് തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ദിവസങ്ങളോളം നീണ്ട പരിപാടികള്‍ പി.എമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു.
തൃശൂര്‍ ജില്ലയില്‍ ഒന്നാമത്തെ ഫര്‍ഖയാണ് നാട്ടിക. ഈ ഫര്‍ഖയിലെ ആദ്യ പ്രാദേശിക ജമാഅത്ത് രൂപീകൃതമായത് പി.എം അമീറായ, പി.കെ അബ്ദുല്‍ ഖാദിര്‍ സാഹിബും പി.ബി മുഹമ്മദ് സാഹിബും ഉള്‍പ്പെട്ട തളിക്കുളത്തായിരുന്നു. വിമര്‍ശനങ്ങളും എതിര്‍പ്പുകളും തരണം ചെയ്യാന്‍ പി.എമ്മിന്റെ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കി. ഓര്‍ഫനേജും കോളേജുകളുമായി ഇപ്പോള്‍ വളര്‍ന്നു വികസിച്ച, 1968-ല്‍ പ്രവര്‍ത്തനം തുടങ്ങിയ വാടാനപ്പള്ളി എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ തുടക്കക്കാരില്‍ ഒരാളാണ് പി.എം. വാര്‍ധക്യസഹജമായ രോഗത്താല്‍ കിടപ്പാവുന്നതുവരെയും കര്‍മനിരതനായിരുന്ന അദ്ദേഹത്തിന്റെ കൃത്യനിഷ്ഠ, പ്രവര്‍ത്തന നൈരന്തര്യം, സൗമ്യഭാവം എന്നിവയൊക്കെ മാതൃകാപരമായിരുന്നു. മക്കളായ ജമാല്‍, സഗീര്‍, സകരിയ്യ എന്നിവര്‍ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകരാണ്.
ഡോ. ടി.വി മുഹമ്മദലി
Comments