Prabodhanm Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

പ്രകൃതി ദുരന്തങ്ങളുടെ പാഠങ്ങള്‍

കാലവര്‍ഷം കനത്തതിനെത്തുടര്‍ന്ന് വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചളിയും മണ്ണും വലിയ പാറക്കല്ലുകളും കുത്തിയൊലിച്ച് വന്ന് ആ മലയോരത്ത് താമസിച്ചിരുന്ന നിരവധി കുടുംബങ്ങളുടെ കിടപ്പാടങ്ങള്‍ വീണ്ടെടുക്കാനാവാത്ത വിധം ഉപയോഗശൂന്യമാക്കിക്കഴിഞ്ഞിരിക്കുന്നു. കുന്നുകളും മലകളും നിറഞ്ഞ, മാസങ്ങളോളം കാലവര്‍ഷം തകര്‍ത്തു പെയ്യുന്ന കേരളത്തില്‍ ഉരുള്‍പൊട്ടല്‍ അപൂര്‍വമല്ലെങ്കിലും, കരിഞ്ചോല മലയിലെ ദുരന്തഭൂമിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ പെട്ടെന്നൊന്നും മനസ്സില്‍നിന്ന് മായില്ല. അത്രക്ക് നടുക്കമുളവാക്കുന്നവയാണ് അവ.

ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് സംസ്ഥാന സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും അവസാനത്തെ മൃതദേഹവും കണ്ടെടുക്കുന്നതുവരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നത് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. കരിഞ്ചോല മലയിലും മറ്റിടങ്ങളിലും കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്കും നാല് ലക്ഷം രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 

സന്നദ്ധ സംഘടനകളും നാട്ടുകാരുമാണ് കരിഞ്ചോല മലയിലെ ദുരന്തഭൂമിയില്‍ അവസാനം വരെ ഉണ്ടായിരുന്നത്. ഈദുല്‍ ഫിത്വ്‌റിനെ സ്വീകരിക്കാന്‍ തയാറെടുത്തുകൊണ്ടിരിക്കെ ദുരന്ത വാര്‍ത്തയറിഞ്ഞ് അവര്‍ അവിടെ ഓടിയെത്തുകയായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കൂടെയായിരുന്നു അവരുടെ പെരുന്നാള്‍. ഒരുപക്ഷേ അവരുടെ ജീവിതത്തിലെ ഏറ്റവും സാര്‍ഥകമായ പെരുന്നാള്‍. ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകരുടെ സമര്‍പ്പണവും സേവന മനസ്സും പലരും എടുത്തു പറഞ്ഞു. വീടു നഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടു വെക്കാന്‍ കട്ടിപ്പാറ പഞ്ചായത്തില്‍ അഞ്ച് സെന്റ് ഭൂമി വീതം നല്‍കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷന്‍ എം.ഐ അബ്ദുല്‍ അസീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. അവിടെ അവര്‍ക്കൊരു വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിക്കൊടുക്കേണ്ടത് സര്‍ക്കാറും പിന്നെ സന്നദ്ധ സംഘടനകളുമാണ്.

പ്രകൃതി ദുരന്തങ്ങള്‍ ഒരു മുന്നറിയിപ്പാണ്. കരിഞ്ചോല മലയുടെ ഉച്ചിയില്‍ സ്വകാര്യ ആവശ്യത്തിനായി കുഴിച്ചുണ്ടാക്കിയ ഭീമന്‍ ജലസംഭരണിയാണ് ദുരന്തത്തിന് നിമിത്തമായതെന്ന ആക്ഷേപം വ്യാപകമാണ്. വികസനത്തിന്റെ മറവില്‍ നടക്കുന്ന ആര്‍ത്തിപിടിച്ച നിര്‍മാണ പ്രവൃത്തികളാണ് ദുരന്തമായി പരിണമിക്കുന്നത്. ഇതൊരു വശം. പ്രകൃതിക്ക് മേല്‍ മനുഷ്യന്റെ കൈകടത്തലുകള്‍ ഇല്ലെങ്കിലും, ദൈവത്തിന്റെ അജയ്യതയും മനുഷ്യന്റെ നിസ്സഹായതയും സാക്ഷ്യപ്പെടുത്തുന്ന ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതൊക്കെയും പരീക്ഷണമായി കണ്ട് പാഠമുള്‍ക്കൊള്ളാനാണ് ഖുര്‍ആന്റെ ആഹ്വാനം. ഈയൊരു വശമാണ് മത സംഘടനകളും പണ്ഡിതന്മാരും പൊതു സമൂഹത്തിന് വിശദീകരിച്ചുകൊടുക്കേണ്ടിയിരുന്നത്. പകരം ചിലരുടെ 'കറാമത്തുകള്‍' പൊലിപ്പിച്ചെടുത്ത്, അസത്യ പ്രസ്താവനകള്‍ നടത്തി സ്വയം അപഹാസ്യരാവുകയായിരുന്നു ചില വ്യക്തികളെങ്കിലും. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ക്ക് കണക്കിന് കിട്ടുന്നുമുണ്ട്. ഇത്തരം അന്ധവിശ്വാസ ഇറക്കുമതികള്‍ സ്വന്തം അണികള്‍ പോലും ഇനി ഏറ്റെടുക്കാന്‍ പോകുന്നില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായെങ്കില്‍, അത്രയും നല്ലത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി