Prabodhanm Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

'തവാസുല്‍ യൂറോപ്പ്' സഹവര്‍ത്തിത്വത്തിന്റെ പാഠങ്ങള്‍

എ. റശീദുദ്ദീന്‍

ഒരു കെട്ടിടത്തില്‍നിന്നും തൊട്ടടുത്ത മറ്റൊന്നിലേക്കു പോകുന്നതു പോലെയേ ഇറ്റലിയില്‍നിന്നും വത്തിക്കാനിലേക്കുള്ള യാത്ര ഒറ്റനോട്ടത്തില്‍ അനുഭവപ്പെടൂ. പക്ഷേ അത്യസാധാരണമായൊരു അന്താരാഷ്ട്ര അതിര്‍ത്തിയാണത്. സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍ ഗേറ്റിലൂടെ വത്തിക്കാനിലേക്കു കടക്കുമ്പോള്‍ പുതിയ രാജ്യത്തെ അനുഭവിപ്പിക്കുന്ന സവിശേഷമായ ഒന്നും തന്നെ കാണാനാവില്ല. ഒറ്റ തെരുവാണെങ്കിലും അതിന്റെ അങ്ങേത്തലക്കല്‍ എത്തുമ്പോള്‍ നിയമവും പോലീസും സംസ്‌കാരവുമൊക്കെ തികച്ചും വ്യത്യസ്തമായ മറ്റൊന്നാവുകയാണ്. 1929-ല്‍ മുസോളിനിയുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് രൂപം കൊണ്ട ഈ കൊച്ചു രാജ്യത്തിന് പക്ഷേ ലോകത്തുടനീളമുള്ള ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ജീവിതം അതിസൂക്ഷ്മമായി ചിട്ടപ്പെടുത്തുന്നതില്‍ പങ്കുണ്ടായിരുന്നു. വിസ്തീര്‍ണം കൊണ്ട് ചെറുതെങ്കിലും അധികാരം കൊണ്ട് ശക്തമായ രാജ്യം. ഹ്രസ്വമായിരുന്നെങ്കിലും പോപ്പുമായുള്ള കൂടിക്കാഴ്ചയില്‍ പറയാന്‍ കഴിഞ്ഞ വിഷയങ്ങളും അദ്ദേഹം ഏറ്റുവാങ്ങുകയും അംഗീകരിക്കുകയും ചെയ്ത കാര്യങ്ങളും യൂറോപ്പിലെ മുസ്ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം സുപ്രധാനമായിരുന്നു. വിനയത്തോടെ തന്റെ മുമ്പില്‍ വന്നു നില്‍ക്കുന്ന ആ മഹാമനുഷ്യന്റെ കൈപിടിച്ച് അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി അബ്ദുല്ലത്വീഫ് ചാലിക്കി എന്ന മലയാളി മുസ്‌ലിം യുവാവ് നന്ദി പറഞ്ഞു, 'പോ

പ്പ് ഫ്രാന്‍സിസ്, മുസ്ലിംകള്‍ താങ്കളെ ബഹുമാനിക്കുന്നവരാണ്. പ്രശ്നസങ്കീര്‍ണമായ കാലത്ത് ഞങ്ങളോടൊപ്പം നില്‍ക്കാനുള്ള സന്മനസ്സ് കാണിക്കുന്നതില്‍ താങ്കളോട് അളവറ്റ നന്ദിയുമുണ്ട്.' മതങ്ങള്‍ക്കിടയില്‍ അനുരജ്ഞനം സാധ്യമാക്കുന്നതില്‍ 'തവാസുല്‍' വഹിക്കുന്ന പങ്ക് ഹ്രസ്വമായ വാക്കുകളില്‍ അബ്ദുല്ലത്വീഫ് വിവരിക്കുമ്പോള്‍ പോപ്പ് സാകൂതം കേട്ടുനിന്നു. വിശുദ്ധ ഖുര്‍ആന്‍ ഇറ്റാലിയനിലേക്ക് ഭാഷാന്തരം ചെയ്യാനുള്ള തന്റെ പത്നിയുടെ ശ്രമങ്ങള്‍ അബ്ദുല്ലത്വീഫ് പോപ്പിനെ അറിയിച്ചു. ഈ ഉദ്യമത്തെ പോപ്പ് അഭിനന്ദിക്കുകയും ചെയ്തു. 

1990-കളില്‍ ഇന്ത്യയില്‍നിന്ന് ഉപരിപഠനാര്‍ഥം ഇംഗ്ലിലെത്തുകയും പിന്നീട് ഇറ്റലിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത കണ്ണൂര്‍ തലശ്ശേരി വേങ്ങാട് സ്വദേശിയാണ് അബ്ദുല്ലത്വീഫ് ചാലിക്കി. കോഴിക്കോട് ലോ കോളേജില്‍നിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഫസ്റ്റ് ക്ലാസ്സോടെയാണ് എല്‍.എല്‍.എം പാ

സ്സായത്. 'മധ്യകാല ക്രൈസ്തവ തത്ത്വശാസ്ത്ര'ത്തില്‍ ഇംഗ്ലിലെ ബിര്‍മിംഗ്ഹാം യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.എഫില്‍ പൂ

ര്‍ത്തിയാക്കി. ക്ലാസിക്കല്‍ ഇസ്‌ലാമിക നിയമങ്ങളിലും പരിജ്ഞാനമുള്ള അദ്ദേഹം, വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലും ആശയസംവാദങ്ങളിലും സജീവമാണ്.

ആല്‍ബര്‍ട്ടോ -മരിയാ റോസ്താരിയോ ദമ്പതികളുടെ മകളും ഇസ്‌ലാമിക പ്രബോധന രംഗത്ത് വിശ്രുതയുമായ ഡോ. സമ്പ്രീന ലീയെ വിവാഹം ചെയ്ത അബ്ദുല്ലത്വീഫ് 'തവാസുല്‍ യൂറോപ്പി'ന്റെ സാംസ്‌കാരിക ഉപദേശാവായി പ്രവര്‍ത്തിക്കുന്നു. ഐക്യരാഷ്ട്ര സഭയില്‍ തവാസുലിന് എന്‍.ജി.ഒ എന്ന നിലക്ക് നിരീക്ഷക പദവിയു്.

അറബ് അമേരിക്കന്‍ പണ്ഡിതനായ ഡോ: ശഫീഅ് കാസ്‌കസും അമേരിക്കന്‍ ക്രിസ്ത്യന്‍ പണ്ഡിതനായ ഡോ. ഡേവിഡ് ഹംഗ്ഫോര്‍ഡും ചേര്‍ന്ന് തയാറാക്കിയ ഖുര്‍ആന്‍ വിവര്‍ത്തനമാണ് ഇറ്റാലിയന്‍ ഭാഷയില്‍ ആദ്യം പ്രസിദ്ധീകരിച്ചത്. ബൈബിളില്‍നിന്നുള്ള സമാന്തര വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഈ ഖുര്‍ആന്‍ പ്രതി പോപ്പ് കാസ്‌കസില്‍നിന്നും ഏറ്റുവാങ്ങുകയും തന്റെ മേശപ്പുറത്തു തന്നെ സൂക്ഷിക്കാന്‍ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. അബ്ദുല്ലാ യൂസുഫ് അലിയുടെ 1934-ലെ വിഖ്യാത ഇംഗ്ലീഷ് വിവര്‍ത്തനം ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ഡോ. സബ്രീനയുടെ ശ്രമങ്ങള്‍ അപ്പോള്‍ ആരംഭിച്ചിരുന്നതേ ഉള്ളൂ. ഏതാനും മാസങ്ങള്‍ക്കു മുമ്പെയാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഈ വിവര്‍ത്തനം പ്രസ്സിലെത്തിയത്. ഈ വര്‍ഷം തന്നെ അത് ജനങ്ങളിലേക്കെത്തും. യൂസുഫ് അലിയുടെ ഇംഗ്ലീഷ് പരിഭാഷയുമായി ഇടപഴകിയ കാലത്ത്, ബ്രിട്ടീഷ് രാജ് അക്കാലത്തെ ഇസ്ലാമിക സാഹിത്യ മേഖലക്ക് നല്‍കിയ സംഭാവനകളിലൂടെ സ്വാഭാവികമായും സബ്രീനക്ക് കടന്നുപോകേണ്ടി വന്നു. ജസ്റ്റിസ് അമീര്‍ അലി, അല്ലാമാ ഇഖ്ബാല്‍, ജസ്റ്റിസ് അബ്ദുര്‍റഹീം മുതലായവരുടെ കൃതികള്‍ അങ്ങനെയാണ് സബ്രീനയുടെ സജീവ ശ്രദ്ധയില്‍ വരുന്നത്. 1870 മുതല്‍ 1940 വരെയുള്ള ഈ കാലയളവില്‍ മുസ്ലിം നവോത്ഥാനത്തിന്റെ ചുക്കാന്‍ പി

ടിക്കുകയും പിന്നീട് മറവിയിലേക്ക് വഴുതിവീഴുകയും ചെയ്ത നിരവധി കനപ്പെട്ട കൃതികള്‍ സബ്രീന വീണ്ടും വായിച്ചു. ഇസ്ലാമും പാശ്ചാത്യ ലോകവും തമ്മിലുള്ള ആശയസംവാദത്തിന്റെ ഭാഗമായിരുന്നു ഈ ഗ്രന്ഥങ്ങള്‍. ഇന്ത്യയിലും പാ

കിസ്താനിലും മാത്രമല്ല ഇംഗ്ലണ്ടിലും ഇവയില്‍ ചിലത് വെളിച്ചം കണ്ടിരുന്നു. 1873-ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച അമീര്‍ അലിയുടെ 'പ്രവാചകന്റെ ജീവചരിത്രം' എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റെ തന്നെ 'ഇസ്ലാമിന്റെ ആത്മസത്ത'യും തവാസുല്‍ കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ ഭാഷയില്‍ പുനഃപ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ പ്രവാചക ജീവചരിത്രമായിരുന്നു ഇത്. ഇസ്ലാമിക ക്ലാസിക്കുകള്‍ എന്ന ഗണത്തില്‍പെടുത്താവുന്ന 10 ഗ്രന്ഥങ്ങളാണ് ഇങ്ങനെ വെളിച്ചം കണ്ടത്.

അഞ്ചു വര്‍ഷം മുമ്പ് 'തവാസുല്‍ യൂറോപ്പി'ന് ഇന്നുള്ള പ്രശസ്തി കൈവന്നിട്ടില്ല. മതങ്ങള്‍ക്കിടയില്‍ സമാധാനവും സഹവര്‍ത്തിത്വവും പരസ്പര ധാരണയും ശക്തിപ്പെടുത്തുന്നതിന് റോം കേന്ദ്രീകരിച്ച് അബ്

ദുല്ലത്വീഫും ഭാര്യ ഡോ. സബ്രീന ലീയും 2013-ല്‍ തുടക്കമിട്ട സംരംഭമാണ് തവാസുല്‍. ഇസ്ലാമിക നമസ്‌കാര ക്രമത്തെ കുറിച്ചുള്ള തന്റെ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ഒരു സ്പോണ്‍സറെ കണ്ടെത്താനാവാതെ അക്കാലത്ത് അദ്ദേഹം പ്രയാസപ്പെടുന്നുണ്ടായിരുന്നു. ഇതറിഞ്ഞ മരിയ റൊസാരിയോ സന്തോഷപൂര്‍വം പ്രസാധനം ഏറ്റെടുത്തു. തന്റെ വിശ്വാസത്തെ തെല്ലും അംഗീകരിക്കാത്ത ഒരു സമൂഹത്തില്‍ മൂന്ന് ദശാബ്ദങ്ങളായി താമസിക്കുമ്പോഴും പരസ്പര ബന്ധങ്ങളിലെ അസാധാരണമായ ഇത്തരം അനുഭവങ്ങള്‍ അദ്ദേഹത്തെ പില്‍ക്കാലത്തുടനീളം പിന്തുടര്‍ന്നു. കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും ഒരുപോലെ അബ്ദുല്ലത്വീഫ്-സബ്രീന ദമ്പതികള്‍ക്ക് പിന്തുണയെത്തി. ഇറ്റലിയില്‍നിന്നുള്ളവര്‍ മാത്രമല്ല യൂറോപ്പിലെയും അമേരിക്കയിലെയും ബുദ്ധിജീവികള്‍ പോലും തവാസുലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായി. സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ പലതരം പ്രൊജക്ടുകളില്‍ ഇന്ന് അവരോടൊപ്പം നില്‍ക്കുന്നവരില്‍ മതവിശ്വാസികള്‍ അല്ലാത്തവര്‍ പോലുമുണ്ട്. ഇസ്ലാമും ഇതര മതങ്ങളുമായുള്ള നിരവധി ചര്‍ച്ചകള്‍ക്ക് ഇറ്റലിയില്‍ 'തവാസുല്‍' വേദിയൊരുക്കുകയായിരുന്നു. പക്ഷേ ആദ്യകാലത്ത് ഏറെ പ്രയാസകരമായ ദൗത്യമായിരുന്നു അത്. ക്രമേണ തവാസുല്‍ അതിന്റെ വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഓരോന്നായി പിന്നിട്ടു. വിശുദ്ധ ഖുര്‍ആന്റെ ഇറ്റാലിയന്‍ ഭാഷയിലേക്കുള്ള വിവര്‍ത്തനമടക്കം ഇസ്ലാമിനെ ആധുനിക ലോകത്ത് അടയാളപ്പെടുത്താന്‍ സഹായിക്കുന്ന ധാരാളം ഗ്രന്ഥങ്ങള്‍ ഡോ. സബ്രീന ലീയുടെ നേതൃത്വത്തില്‍ തവാസുല്‍ പ്രസിദ്ധീകരിച്ചു. ഈ വളര്‍ച്ചയുടെ സ്വാഭാവിക പരിണതിയായിട്ടായിരുന്നു അബ്ദുല്ലത്വീഫിന് പോപ്പുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയത്.

2016-ലെ കാരുണ്യ ജൂബിലിയുടെ ഭാഗമായി മതങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സജീവമാക്കുന്നുണ്ടായിരുന്നു.  ലോകത്തുടനീളമുള്ള കത്തോലിക് സഭകള്‍ മാര്‍പാപ്പയുടെ നീക്കത്തിന്റെ ഭാഗമായി സ്വന്തം നാടുകളില്‍ സമാന്തരമായി വേറെയും ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. തവാസുലിന് വത്തിക്കാനിലേക്കുള്ള ക്ഷണമെത്തുന്നത് അങ്ങനെയാണ്. യൂറോപ്പിലെ ഒരു മുസ്ലിം പ്രബോധക സംഘത്തെ മാര്‍പാപ്പ നേരിട്ട് കൂടിക്കാഴ്ചക്കായി ക്ഷണിക്കുമ്പോള്‍ പരമ്പരാഗത മുസ്ലിം രാജ്യങ്ങളിലെ സംഘടനകളേക്കാളും സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യം കൈവരുന്നുണ്ടായിരുന്നു. എല്ലാറ്റിനുമുപരി തവാസുല്‍ എന്ന ഈ കൊച്ചു സംഘത്തിനു ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമായിരുന്നു അത്. ആല്‍ബര്‍ട്ടോയൊടൊപ്പം അതിര്‍ത്തിയിലേക്ക് നീങ്ങവെ ജൂബിലി ആഘോഷങ്ങള്‍ക്ക് പഴയ പൊലിമയില്ലെന്നാണ് അബ്ദുല്ലത്വീഫിനു തോന്നിയത്. കേരളത്തില്‍നിന്നും കുടിയേറുന്നതിനു മുമ്പുള്ള കാലത്തെ ഓര്‍മകളില്‍ എസ്.കെ. പൊറ്റക്കാടിന്റെ പഴയ യൂറോപ്യന്‍ യാത്രകളുടെ ഒരു വിവരണം ഇന്നും ഒളിമങ്ങാതെ കിടക്കുന്നുണ്ട്. ജൂബിലി വേളയില്‍ നിറയെ കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച റോമിനെ കുറിച്ചും സന്ദര്‍ശകരുടെ ബഹളത്തെ കുറിച്ചുമൊക്കെ അതില്‍ പറയുന്നുണ്ട്. പക്ഷേ എടുത്തു പറയാവുന്ന പൊലിമകളൊന്നും 66 വര്‍ഷങ്ങള്‍ക്കിപ്പുറം കാണാനുണ്ടായിരുന്നില്ല.

ഇറ്റലിയുടെയും യൂറോപ്പിന്റെയും മാറിവരുന്ന ചിത്രമാണത്. 90 ശതമാനം ജനങ്ങളും ജന്മനാ കത്തോലിക്കരായ രാജ്യമാണ് ഇറ്റലി. പക്ഷേ ചില കണക്കുകള്‍ പറയുന്നത് അവരിലെ നാലിലൊരാള്‍ മാത്രമാണ് ചര്‍ച്ചുകളില്‍ പോകുന്നത് എന്നാണ്. ശേഷിച്ച മഹാഭൂരിപക്ഷത്തിനും ക്രൈസ്തവത എന്നത് സാംസ്‌കാരികമോ പാരമ്പര്യപരമോ ആയ ചില അടയാളങ്ങള്‍ മാത്രമാണ്. ആത്മീയ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അപചയം പോപ്പ് തിരിച്ചറിയുന്നുണ്ട്. അനുയായികളില്‍ മതവിശ്വാസം ശക്തിപ്പെടുത്താനുള്ള നവീനവും യുക്തിഭദ്രവുമായ നീക്കങ്ങള്‍ ഇന്ന് വത്തിക്കാനില്‍നിന്നും ഉണ്ടാകുന്നുണ്ട്. പോപ്പ് ഫ്രാന്‍സിസിന്റെ മനുഷ്യമസൃണവും കരുണാര്‍ദ്രവുമായ രീതികള്‍ കത്തോലിക്കാ വിശ്വാസികളില്‍ മാത്രമല്ല പുറത്തുള്ളവരിലും മതിപ്പുളവാക്കുന്നുമുണ്ട്. മതങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദം ശക്തിപ്പെടുത്താനുള്ള നീക്കം തന്നെയായിരുന്നു ഇതില്‍ പ്രധാനം. പോപ്പ് ബെനഡിക്ടിന്റെ സ്ഥാനത്യാഗത്തിനു ശേഷം 2013-ല്‍ പേപ്പല്‍ പദവിയിലെത്തിയ ഫ്രാന്‍സിസ് സഭയുടെ തന്നെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വിവിധ മതവിശ്വാസങ്ങളുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഇസ്ലാം, ഹിന്ദു, ജൂത, സിഖ് വിഭാഗങ്ങളെയെല്ലാം അദ്ദേഹം വത്തിക്കാനിലേക്ക് ക്ഷണിച്ചു വരുത്തി. 1962-ലും '65-ലും അബ്രഹാമിക് മതങ്ങളുമായി സഭക്കുള്ള നാഭീനാള ബന്ധം ഉദ്ഘോഷിച്ചുകൊണ്ട് വത്തിക്കാന്‍ അംഗീകരിച്ച കൗണ്‍സില്‍ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു ഇതെങ്കിലും ഇത്തവണ സമീപനത്തില്‍ പ്രകടമായ അന്തരം കാണാനുണ്ടായിരുന്നു.  ട്രംപിനെ പോലുള്ള പാശ്ചാത്യ ലോകത്തെ രാഷ്ട്രീയ നേതാക്കള്‍ ഇസ്ലാമോഫോബിയയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമ്പോള്‍ മുസ്ലിംകള്‍ക്ക് അനുകൂലമായ തുറന്ന സമീപനമാണ് പോപ്പ് ഫ്രാന്‍സിസ് സ്വീകരിച്ചുവരുന്നത്. പല അവസരങ്ങളിലും അദ്ദേഹം സ്വീകരിച്ച നിലപാടുകളാണ് മീഡിയയുടെ വാര്‍പ്പുമാതൃകകളെയും ഇസ്ലാമോഫോബിയയെയും അതിജീവിക്കാന്‍ ഇന്ന് യൂറോപ്പിലെ മുസ്ലിംകള്‍ക്ക് സഹായകരമായി മാറുന്നതും.

കടല്‍തീരം വഴി  ഇറ്റലിയിലേക്ക് ധാരാളമായി എത്തിച്ചേരുന്ന അഭയാര്‍ഥികളോട് പൊതുവെ അനുഭാവപൂര്‍ണമായ സമീപനമാണ് ഇന്ന് രാജ്യത്തിനകത്തുള്ളത്. മാര്‍പാപ്പയുടെ ഇടപെടല്‍ തന്നെയാണ് ഇതിന്റെ മുഖ്യകാരണം. വത്തിക്കാന്റെ കീഴിലുള്ള ചില ഗ്രൂപ്പുകളാണ് ഏറ്റവും ഫലപ്രദമായ രീതിയില്‍ ഇറ്റലിയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ നടത്തുന്നത്. ഇത്തരത്തില്‍പെട്ട ഒരു ഏജന്‍സിയുമായി ചേര്‍ന്ന് തവാസുല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്ലാമുമായി നാമമാത്ര ബന്ധം മാത്രമുള്ള അഭയാര്‍ഥികളാണ് ക്യാമ്പുകളില്‍ കൂടുതലും. അവരില്‍ പലരും ക്രിസ്തു മതത്തിലേക്കു പോലും മാറുന്നുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ആവശ്യമുളള പുസ്തകങ്ങളും മറ്റും നല്‍കി സഹായിക്കുന്നത് ഇന്ന് തവാസുല്‍ ആണ്. വിവിധ മതവിഭാഗങ്ങളെ പരിചയപ്പെടാന്‍ സഹായിക്കുന്ന  പ്രഭാഷണ പരമ്പരകള്‍ വത്തിക്കാന്‍ മുന്‍കൈയെടുത്ത് സംഘടിപ്പിക്കാറുണ്ട്. അത്തരം ചില സെമിനാറുകളില്‍ അബ്ദുല്ലത്വീഫ് പങ്കെടുത്തതാണ് അദ്ദേഹത്തിന് പോപ്പുമായുള്ള കൂടിക്കാഴ്ചക്ക് പിന്നീട് വഴിയൊരുക്കിയത്. രോഗങ്ങളെയും രോഗശാന്തിയെയും കുറിച്ച് വത്തിക്കാന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറായിരുന്നു അതിലൊന്ന്. രോഗങ്ങളെ കുറിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്നും മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എങ്ങനെയാണ് ഇസ്ലാം രോഗചികിത്സ കണ്ടെത്തുന്നതെന്നും അബ്ദുല്ലത്വീഫ് അവതരിപ്പിച്ച  പ്രബന്ധം ചൂണ്ടിക്കാട്ടി. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുഷ്ഠ രോഗികളുടെ ദയനീയ അവസ്ഥയുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരുന്നു പ്രധാനമായും സെമിനാറില്‍ ഉണ്ടായിരുന്നത്. അബ്ദുല്ലത്വീഫിന്റെ പ്രബന്ധം സാമൂഹിക ആരോഗ്യ മേഖലയില്‍ ആസ്ട്രിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന പിന്നീട് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കുഷ്ഠം പോലുള്ള രോഗങ്ങളെ ദൈവത്തില്‍നിന്നുള്ള ശാപമായി ഇസ്ലാം കാണുന്നില്ലെന്ന കാഴ്ചപ്പാടിലായിരുന്നു പ്രബന്ധം ഊന്നിയത്. ഇത് കോണ്‍ഫറന്‍സിനു ശേഷം പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ സംഘാടകര്‍ എടുത്തു പറഞ്ഞു.

യൂറോപ്പ് നേരിടുന്ന വിശ്വാസപരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ വത്തിക്കാന്‍ തന്നെ മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ക്കുന്ന കോണ്‍ഫറന്‍സുകളിലും ചര്‍ച്ചകളിലും ഇസ്ലാമിന് പ്രാതിനിധ്യം ലഭിക്കുന്നത് ഏറെ സഹായകരമാവുന്നുണ്ടെന്ന് അബ്

ദുല്ലത്വീഫ് ചൂണ്ടിക്കാട്ടുന്നു. മീഡിയ ഉയര്‍ത്തിക്കൊണ്ടു വരുന്ന വൈകാരിക വിഷയങ്ങളെ പോലും അടിസ്ഥാനപരമായി ചെറുക്കാനാവുന്നുണ്ട്. വത്തിക്കാനിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് യൂറോപ്പില്‍ ജീവിക്കുന്ന പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ പൊതുവായി പഠിക്കാനും വിലയിരുത്താനുമുള്ള ശ്രമങ്ങളും തവാസുല്‍ ഇന്ന് നടത്തുന്നുണ്ട്. മതവിശ്വാസികളെയും അല്ലാത്തവരെയും ഉള്‍ക്കൊള്ളുന്ന വിശാല വേദിയായി നിലകൊണ്ട് സാംസ്‌കാരികവും മതവിശ്വാസപരവുമായ വൈജാത്യങ്ങളെ അടുത്തറിയാന്‍ സമൂഹങ്ങളെ സഹായിക്കുകയാണ് തവാസുലിന്റെ ലക്ഷ്യം.  മനുഷ്യര്‍ക്കിടയിലുള്ള മതപരവും സാംസ്‌കാരികവും വംശീയവും ദേശീയവുമായ എല്ലാതരം മനുഷ്യനിര്‍മിത വിഭാഗീയതകളെയും പൂര്‍ണമായും നിരാകരിക്കുന്ന ഇസ്ലാമിന്റെ തനത് മാനവികത ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ് തവാസുലിന്റെ സ്വീകാര്യത വര്‍ധിപ്പിച്ച പ്രധാന ഘടകം. മനുഷ്യകുലത്തിന്റെ അന്തിമ വിധി ഒന്നു തന്നെയാണെന്ന തവാസുലിന്റെ വിലയിരുത്തല്‍ യൂറോപ്പിനെ ആകര്‍ഷിക്കുന്നുണ്ട്. ഡോ. സബ്രീനയുടെയും അബ്ദുല്ലത്വീഫിന്റെയും സോഷ്യല്‍ മീഡിയയിലെ പേജുകള്‍ ഭൂഖണ്ഡങ്ങള്‍ക്കതീതമായി നിരവധി അനുവാചകരെ ആകര്‍ഷിക്കുന്നവയാണ്.

യൂറോപ്പില്‍ ഇസ്ലാമോഫോബിയ വ്യാപകമാവുകയും ഒരു പിന്തിരിപ്പന്‍ മതമെന്ന പ്രതിഛായ ഇസ്ലാമിന് പതിച്ചു കിട്ടുകയും ചെയ്ത കഴിഞ്ഞ ദശാബ്ദങ്ങളില്‍ തന്നെയാണ് ഡോ. സബ്രീന ഇസ്‌ലാമില്‍ എത്തിച്ചേരുന്നത്. പി.എച്ച്.ഡിക്കു വേണ്ടി റോമിലെ പ്രശസ്തമായ കലാലയങ്ങളിലൊന്നില്‍ പഠിക്കുന്ന കാലത്തായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. അല്ലാമാ ഇഖ്ബാലിന്റെ തത്ത്വചിന്തകള്‍ ഇക്കാലത്ത് സബ്രീനയെ വല്ലാതെ ആശ്ചര്യപ്പെടുത്തി. അബൂ ഹാമിദ് അല്‍ ഗസാലി, മൗലാനാ മൗദൂദി, പ്രഫ. ഹമീദുല്ല, മുഹമ്മദ് അസദ് തുടങ്ങിയ പ്രമുഖരെയും സബ്രീന വായിക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ ഉണ്ടായ  അസാധാരണമായ ഒരു വൈയക്തിക അനുഭവവും അവരുടെ ഇസ്ലാമിലേക്കുള്ള യാത്രയുടെ വേഗം കൂട്ടി. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം; സബ്രീനയുടെ പൂച്ചക്ക് രോഗം പിടിപെട്ടു. ചാവുമെന്ന് വെറ്ററിനറി ഡോക്ടര്‍ വിധിയെഴുതിയ പൂച്ച ഒരു മുസ്ലിം സുഹൃത്ത് രണ്ട് റക്അത്ത് നമസ്‌കരിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചതിന്റെ ഫലമായി മണിക്കുറുകള്‍ക്കകം ജീവിതത്തിലേക്ക് മടങ്ങിയെത്തി. അല്ലാഹു അവനിഛിക്കുന്നവര്‍ക്ക് സന്മാര്‍ഗദര്‍ശനം (ഹിദായത്ത്) നല്‍കാന്‍ ഓരോ കാരണങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുന്നു എന്നതിലപ്പുറം അതിന്റെ യുക്തി തിരയുന്നതില്‍ അര്‍ഥമുണ്ടായിരുന്നില്ല. അങ്ങനെ ഇസ്ലാമിനെ കുറിച്ച പഠന ഗവേഷണങ്ങള്‍ക്കിടയില്‍ 2009-ലെ റമദാന്‍ കാലത്ത് സബ്രീന ഇസ്ലാമിലേക്ക് കടന്നുവന്നു. ഫിലോസഫിയിലും ക്ലാസിക്കല്‍ ഭാഷകളിലും അഗാധ പാണ്ഡിത്യമുള്ള  ഡോ. സബ്രീന ലീ യൂറോപ്പില്‍നിന്നും ഇസ്ലാമിലേക്ക് അടുത്ത കാലത്തു പ്രവേശിച്ച ധിഷണാശാലികളായ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. ബുദ്ധിപരമായി മികച്ച പശ്ചാത്തലങ്ങളില്‍നിന്നുള്ളവര്‍ ഇസ്ലാമിലേക്ക് കടന്നുവന്നത് പാശ്ചാത്യലോകത്ത് പക്ഷേ അപൂര്‍വമായിരുന്നില്ല. മര്‍മഡ്യൂക് പിക്താള്‍, മുഹമ്മദ് അസദ്, റജാ ഗരോഡി, മുറാദ് ഹോഫ്മാന്‍ തുടങ്ങിയ ഈ പ്രമുഖരുടെ പട്ടികയിലേക്കാണ് ഇന്ന് സബ്രീന ചേര്‍ന്നു നില്‍ക്കുന്നത്. 

മധ്യകാലഘട്ടത്തിലെ ക്രൈസ്തവ ദര്‍ശനങ്ങളും രചനാ സമ്പ്രദായങ്ങളും വിശുദ്ധ ഖുര്‍ആനെ മനസ്സിലാക്കുന്നിടത്തു പോലും യൂറോപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഡോ. സബ്രീനയുടെ പക്ഷം. പ്രത്യേകിച്ചും ഇസ്ലാമിനോടുള്ള മധ്യകാലഘട്ടത്തിലെ ക്രൈസ്തവ ലോകത്തിന്റെ മുന്‍വിധികള്‍ മിക്ക ഓറിയന്റലിസ്റ്റ് വിവര്‍ത്തകരുടെയും ഭാഷയില്‍ കാണാനുണ്ട്. വിശുദ്ധ ഖുര്‍ആന്റെ ആദ്യ വിവര്‍ത്തനം നടക്കുന്നത്  1143-ല്‍ ലാറ്റിന്‍ ഭാഷയിലേക്കാണ്. വ്യാജ പ്രവാചകനായ മുഹമ്മദിന്റെ നിയമം എന്നായിരുന്നു അതിന്റെ തലക്കെട്ടു തന്നെ. എന്നാല്‍ അബദ്ധ പഞ്ചാംഗങ്ങളായിരുന്ന ഈ വിവര്‍ത്തനങ്ങളും കുരിശുയുദ്ധ കാലഘട്ടത്തില്‍ എഴുതപ്പെട്ട മറ്റു ചില രചനകളുമാണ് പിന്നീട് ഇസ്ലാം പഠിക്കാനുള്ള അടിസ്ഥാന സ്രോതസ്സുകളായി മാറിയത്. യൂറോപ്പില്‍ പൊതുവെയും ഇറ്റലിയില്‍ പ്രത്യേകിച്ചും ഓറിയന്റലിസ്റ്റ് തുടര്‍ച്ചയുള്ള പഠനങ്ങളാണ് ഇസ്ലാമുമായി ബന്ധപ്പെട്ട മേഖലകളില്‍ ഇന്നും അവലംബിക്കപ്പെടുന്നത്. പാശ്ചാത്യ സമൂഹവുമായി സാംസ്‌കാരികമായ സംവാദം സാധ്യമാക്കുന്നതും ഭാഷാപരമായി മികച്ചുനില്‍ക്കുന്നതുമായ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷ് ഒഴികെയുള്ള യൂറോപ്യന്‍ ഭാഷകളില്‍ ഇല്ലെന്നു തന്നെ വേണം പറയാന്‍. പ്രചാരണ സ്വഭാവത്തിലുള്ള പുസ്തകങ്ങളാണ് കൂടുതലും കാണാനാവുക. ഈ വസ്തുത ഉള്‍ക്കൊണ്ട് ഇസ്ലാമിക സാഹിത്യത്തിലെ ക്ലാസിക്ക് ഗ്രന്ഥങ്ങള്‍ കണ്ടെത്തി ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള നീക്കങ്ങളിലാണ് തവാസുല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇസ്ലാമിക ലോകത്തെ അറിയപ്പെട്ട 40-ല്‍ പരം വിഖ്യാത ഗ്രന്ഥങ്ങളെ സബ്രീന ഇറ്റാലിയന്‍ സമൂഹത്തിന് പരിചയപ്പെടുത്തിക്കഴിഞ്ഞു. അബ്ദുല്ലാ യൂസുഫലി, ഗസാലി, നാസിറുദ്ദീന്‍ അല്‍ബാനി, ഇമാം ബുഖാരി, ഇമാം മുസ്ലിം, പ്രഫ ആര്‍നോള്‍ഡ് തുടങ്ങിയ വിവിധ കാലഘട്ടങ്ങളിലെ പ്രഗത്ഭരുടെ രചനകള്‍ ഇന്ന് ഇറ്റാലിയന്‍ ഭാഷയില്‍ ലഭ്യമാണ്. മഖാസ്വിദുശ്ശരീഅഃ, ഇസ്ലാമും ആധുനിക സമൂഹവും, ഇസ്ലാം ബഹുമത സമൂഹത്തില്‍ തുടങ്ങിയ യൂറോപ്യന്‍ ജനതയുമായി എളുപ്പത്തില്‍ സംവദിക്കാനാവുന്ന വിഷയങ്ങളിലും തവാസുല്‍ പഠനാര്‍ഹമായ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

ലയോള, തോര്‍ വെര്‍ഗറ്റ മുതലായ ഇറ്റാലിയന്‍ യൂനിവേഴ്സിറ്റികളില്‍ ഇന്ന് തവാസുല്‍ പുറത്തിറക്കിയ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെടുന്നുണ്ട്. ഇറ്റാലിയന്‍ നരവംശ ശാസ്ത്രജ്ഞനായ പിയറോ വെറേണിയുടെ അഭിപ്രായത്തില്‍ സോഷ്യോളജിയിലും നരവംശ ശാസ്ത്രത്തിലും മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന ഗ്രന്ഥങ്ങളാണ് തവാസുലിന്റേത്. തന്റെ വിദ്യാര്‍ഥികളുമായി അദ്ദേഹം തവാസുല്‍ പതിവായി സന്ദര്‍ശിക്കാറുണ്ട്. ഉയര്‍ന്നു വരുന്ന യൂറോപ്യന്‍, ഇറ്റാലിയന്‍ മുസ്ലിം സ്വത്വത്തെ കുറിച്ച് തവാസുല്‍ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് പ്രഫ. പിയറോയുടെ ഇലാരിയ എന്ന വിദ്യാര്‍ഥി ഗവേഷണ പ്രബന്ധം തയാറാക്കിയത്. ഇറ്റാലിയന്‍ മുസ്ലിം വനിത നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് അലിസണ്‍ എന്ന അമേരിക്കന്‍ വിദ്യാര്‍ഥിനി സബ്രീനയുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ പഠനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് ഹാര്‍വാര്‍ഡില്‍ ഉപരിപഠനത്തിനായി ചേര്‍ന്ന അലിസണ് ഡോ. സബ്രീന നല്‍കിയ റഫറന്‍സ് എഴുത്താണ് സഹായകമായത്. അമേരിക്കക്കാരിയും റോമില്‍ യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. ആനും റോമിലെ ഗ്രാന്‍ഡ് മോസ്‌കുമായും തവാസുലുമായും ബന്ധപ്പെട്ട് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ലിംഗസമത്വവുമായും ബഹുസ്വരതയുമായും ബന്ധപ്പെട്ട മേഖലയിലെ ഇസ്ലാമിക പഠനങ്ങളിലാണ് ഡോ. ആന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം സ്വന്തം മതവിശ്വാസത്തിനകത്ത് ഉറച്ചുനിന്നു കൊണ്ടുതന്നെയാണ് ഒരു ഉപദേശകയെ പോലെ അവര്‍ തവാസുലിനൊപ്പം നില്‍ക്കുന്നത്.

ഇസ്ലാമിനെ പക്ഷേ ഇറ്റലി ഇപ്പോഴും അംഗീകരിച്ചിട്ടില്ല. വളരെ പതുക്കെയാണ് ഈ വിഷയത്തിലെ നടപടിക്രമങ്ങള്‍ മുന്നോട്ടു പോകുന്നത്. ഭരണഘടനാപരമായ അംഗീകാരം ഇപ്പോഴും ലഭിച്ചിട്ടില്ലാത്തത് മുസ്ലിംകളെ നല്ലൊരളവില്‍ ബാധിക്കുന്നുണ്ട്. ഇറ്റലിയില്‍ കുടിയേറ്റക്കാരായുള്ള 48 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകള്‍ക്ക്, സാംസ്‌കാരികവും ആശയപരവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് കൂട്ടായ ഒരു വേദി രൂപീകരിക്കാന്‍ ഇതുവരെ കഴിയാത്തതാണ് ഗവണ്‍മെന്റുമായി ഉടമ്പടി ഒപ്പുവെക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നത്. അത്തരമൊരു വേദി ഉണ്ടാക്കാനുള്ള സജീവ ശ്രമങ്ങളിലാണ് തവാസുല്‍ ഇപ്പോഴുള്ളത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി