Prabodhanm Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

ഇസ്‌ലാമിക സംസ്‌കാരനിര്‍മിതിയുടെ അടിത്തറകള്‍, സവിശേഷതകള്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഇന്നത്തെ ലോകത്ത് എന്താണ് സംസ്‌കാരം എന്ന ചോദ്യം ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. 'മത'വും 'സംസ്‌കാര'വും കൂട്ടിക്കുഴക്കുന്നു എന്ന ആരോപണം ഇസ്‌ലാമിന്റെ വക്താക്കള്‍ക്കെതിരെ ഉയര്‍ത്തപ്പെടാറുണ്ട് പലപ്പോഴും. സംസ്‌കാരത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഖ്യധാരക്കൊപ്പം നില്‍ക്കണമെന്നും തനതായ സാംസ്‌കാരിക സ്വത്വം ഉയര്‍ത്തിപ്പിടിക്കരുതെന്നുമുള്ള വാദഗതിയും പ്രബലമാണിന്ന്. ഇസ്‌ലാമിക സംസ്‌കാരവും മുസ്‌ലിംകളുടെ പരമ്പരാഗത ആചാരങ്ങളും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന് വാദിക്കുന്നവരെ സമുദായത്തിനകത്തും കാണാം. ഈ ലേഖനത്തില്‍ ഇസ്‌ലാമിക സംസ്‌കാരം എന്ത് എന്ന് വളരെ ഹ്രസ്വമായി, ലളിതമായി പരിചയപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിന്റെ മൗലിക സവിശേഷതകള്‍ എണ്ണിപ്പറയുന്നതോടൊപ്പം മറ്റു സംസ്‌കാരങ്ങളില്‍നിന്ന് കടമെടുക്കുന്നതിന്റെ അടിസ്ഥാനങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

 

എന്താണ് സംസ്‌കാരം?

സംസ്‌കാരം(Culture), നാഗരികത (Civilization) എന്നീ സംജ്ഞകള്‍ തത്ത്വചിന്ത, സാമൂഹികശാസ്ത്രം, ചരിത്രം തുടങ്ങിയ നിരവധി ജ്ഞാനമണ്ഡലങ്ങളില്‍ നിരന്തരം പ്രയോഗിക്കപ്പെടാറുള്ളതാണ്. പണ്ഡിതര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ ഈ സംജ്ഞകളുടെ നിര്‍വചനത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളും നിലനില്‍ക്കുന്നു. സംസ്‌കാരവും നാഗരികതയും ഒരേ അര്‍ഥത്തില്‍ പ്രയോഗിക്കുന്നവരുമുണ്ട്.

നമ്മുടെ അഭിപ്രായത്തില്‍, ഏതെങ്കിലുമൊരു സമൂഹത്തിന്റെ പൊതുമൂല്യങ്ങള്‍, വികാരങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍, ജീവിത കാഴ്ചപ്പാടുകള്‍ ഇവക്കെല്ലാം മൊത്തമായി പ്രയോഗിക്കുന്ന വാക്കാണ് സംസ്‌കാരം. ഈ മൂല്യങ്ങളും വിശ്വാസ പ്രമാണങ്ങളും വികാരങ്ങളും പ്രകടമാവുന്നത് അവരുടെ ജീവിത ശൈലികളിലും പെരുമാറ്റ മര്യാദകളിലും വസ്ത്ര-ഭക്ഷണ അഭിരുചികളിലും കലാസാഹിത്യങ്ങളിലുമൊക്കെയായിരിക്കും. ഇതൊക്കെയും സംസ്‌കാരത്തിന്റെ പ്രത്യക്ഷ ഭാവങ്ങളാണ്. നാം എന്താണ് (What we are) എന്ന ചോദ്യത്തിന്റെ ഉത്തരമാണ് സംസ്‌കാരത്തെ നിര്‍ണയിക്കുന്നത് എന്നര്‍ഥം.

ഈ പ്രത്യക്ഷ ഭാവങ്ങള്‍ നാഗരികതക്കും ഉണ്ട്. നാഗരിക ജീവിതം സംവിധാനിക്കുക, അത് സുഖപ്രദവും ക്ഷേമസമ്പൂര്‍ണവുമാക്കാന്‍ വേണ്ട സ്ഥാപനങ്ങളും സംവിധാനങ്ങളുമൊരുക്കുക എന്നൊക്കെയാണ് നാഗരികത എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്. രാഷ്ട്രീയ-സാമ്പത്തിക സ്ഥാപനങ്ങള്‍, ശാസ്ത്രവും സാങ്കേതിക വിദ്യയും, വാര്‍ത്താ-വിനിമയ മാധ്യമങ്ങള്‍, പൊതുജനക്ഷേമ പദ്ധതികള്‍, കെട്ടിടനിര്‍മാണ രീതികള്‍, അവയുടെ പ്ലാനിംഗ് ഇതൊക്കെ നാഗരികതയുടെ പ്രത്യക്ഷങ്ങളാണ്. മറ്റൊരു വാക്കില്‍, നമുക്ക് ഉള്ളത് എന്താണ് (What we have)  എന്ന ചോദ്യത്തിന്റെ ഉത്തരമാണ് നാഗരികതയെ നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നത്.

 

ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അടിസ്ഥാനം

ഇസ്‌ലാം എന്ന ജീവിത വ്യവസ്ഥയുടെ പ്രത്യേകത, അത് സ്വതന്ത്രമായ ചില വിശ്വാസ പ്രമാണങ്ങളിലും കാഴ്ചപ്പാടുകളിലും നിലകൊള്ളുന്നു എന്നതാണ്. ആ വിശ്വാസപ്രമാണങ്ങളുടെ അടിത്തറയിലാണ് ജീവിതത്തിന്റെ മുഴുവന്‍ നിര്‍മിതികളും ഉണ്ടാവേണ്ടത്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും അടിത്തറ ഈ വിശ്വാസ പ്രമാണങ്ങളാണ്. ഇസ്‌ലാമിക നാഗരികതയും പടുത്തുയര്‍ത്തപ്പെടുന്നത് അതേ അടിത്തറയില്‍ തന്നെ. ഈ വിശ്വാസ പ്രമാണങ്ങളില്‍ കേന്ദ്ര സ്ഥാനത്ത് വരുന്നത് ഏകദൈവവിശ്വാസം (തൗഹീദ്) ആണ്. സകലതിന്റെയും സ്രഷ്ടാവും ഉടമസ്ഥനും പരിപാലകനും അല്ലാഹുവാണ്, അല്ലാഹു മാത്രമാണ്. ഇക്കാര്യങ്ങളിലൊന്നും അവനുമായി പങ്കുചേരുന്ന യാതൊരു ശക്തിയും ഇല്ല. സകലതിലും അവന്റെ ശക്തിവിശേഷമാണ് എല്ലായ്‌പ്പോഴും പ്രവര്‍ത്തന ക്ഷമമാവുന്നത്. മുഴുവന്‍ പ്രപഞ്ച സംവിധാനവും ആ ഏകദൈവത്തിന്റെ നിര്‍ദേശാനുസാരം ചരിച്ചുകൊണ്ടിരിക്കുന്നു. അറിവിന്റെ യഥാര്‍ഥ ഉറവിടം അവനാകുന്നു. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായിത്തീരേണ്ടത് ആ ശക്തിയാണ്.

ഭൂമിയില്‍ ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി മനുഷ്യനാണ്. അതിനാല്‍തന്നെ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണ് മനുഷ്യന്‍. ദൈവം സകല മനുഷ്യരെയും സൃഷ്ടിച്ചിരിക്കുന്നത് ഒരേ മാതാവില്‍നിന്നും പിതാവില്‍നിന്നുമാണ്. അതായത് മനുഷ്യരൊന്നാകെയും ഒരൊറ്റ കുടുംബം. വംശമോ വര്‍ണമോ ദേശമോ ചരിത്ര പൈതൃകമോ അതുപോലുള്ളതോ ആയ ഒന്നും തന്നെ മനുഷ്യര്‍ക്കിടയില്‍ ഭിന്നതയും ഉച്ചനീചത്വവും കല്‍പ്പിക്കാന്‍ ഒരിക്കലും ഇടയായിക്കൂടാത്തതാണ്. തന്റെ പ്രാതിനിധ്യം മനുഷ്യനെ ഏല്‍പ്പിച്ചതുകൊണ്ടാണ് ഭൂമിയിലുള്ളതൊക്കെയും ദൈവം മനുഷ്യന് അധീനപ്പെടുത്തിക്കൊടുത്തത്. താന്‍ മനുഷ്യനു വേണ്ടി ഇഷ്ടപ്പെടുന്ന ജീവിത പദ്ധതി എന്താണെന്ന് പ്രവാചകന്മാരിലൂടെ കാലാകാലങ്ങളില്‍ മാനവ സമൂഹത്തെ ദൈവം അറിയിച്ചുകൊണ്ടിരുന്നു. പ്രവാചകത്വ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയായ മുഹമ്മദ് നബിയുടെ ആഗമനത്തോടെ, ദൈവം ഇഷ്ടപ്പെടുന്ന ജീവിത വ്യവസ്ഥ എന്താണെന്ന് അറിയാന്‍ ഇനി ലോകാവസാനം വരേക്കുമുള്ള ഏകമാര്‍ഗം ഖുര്‍ആനും പ്രവാചക ചര്യയുമായി നിര്‍ണയിക്കപ്പെടുകയും ചെയ്തു.

തനിക്ക് എന്തെല്ലാം നല്‍കപ്പെട്ടുവോ അതിനെല്ലാം ഒരു നാള്‍ ദൈവത്തിന്റെ മുമ്പില്‍ ഉത്തരം പറയാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ദൈവത്തിന്റെ ഇഛക്കും തൃപ്തിക്കുമൊത്താണ് ജീവിതം നയിച്ചതെങ്കില്‍ ശാശ്വത മുക്തിയും വിജയവും പരലോകത്ത് കരസ്ഥമാക്കാം. അതല്ലാത്ത പക്ഷം മനുഷ്യനെ കാത്തിരിക്കുന്നത് നോവേറിയ ശിക്ഷയാണ്. അതിനാല്‍ മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യം ദൈവപ്രീതിയാണ്. അത് നേടിയെടുക്കാനുള്ള അനിവാര്യ ഉപാധിയാണ് ആ ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുക എന്നത്, അവനെ യഥാര്‍ഥ ഉടമസ്ഥനും വിധികര്‍ത്താവും നിയമദാതാവുമായി അംഗീകരിക്കുക എന്നത്, യാതൊരു പരിഭവവുമില്ലാതെ ദൈവേഛയാല്‍ തന്റെ ജീവിതം ചിട്ടപ്പെടുത്തുക എന്നത്. ദൈവം വിശ്വസിച്ചേല്‍പ്പിച്ചതെന്തോ അതെല്ലാം പരിപൂര്‍ണ സത്യസന്ധതയോടെ കൈകാര്യം ചെയ്യണം. ഇതാണ് ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ സാരാംശം. ഈ സംഹിതയില്‍നിന്ന് ഉരുത്തിരിഞ്ഞു വന്ന തത്ത്വങ്ങളാണ് ധാര്‍മികത, നിയമം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വെളിച്ചം വിതറി വഴികാട്ടിയായി മാറുന്നത്. മനുഷ്യന്റെയും മനുഷ്യ സമൂഹത്തിന്റെയും ലക്ഷ്യങ്ങള്‍ അങ്ങനെ നിര്‍ണയിക്കപ്പെടും. മനുഷ്യര്‍ തമ്മിലെ ബന്ധങ്ങള്‍, വികാരങ്ങള്‍, ഭാവനകള്‍, പ്രതീക്ഷകള്‍ ഇവക്കെല്ലാം സ്ഥായിയായ അടിത്തറകള്‍ അപ്പോള്‍ രൂപപ്പെട്ടുവരും.  ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അടിത്തറയും രൂപം കൊള്ളുന്നത് ഇങ്ങനെത്തന്നെയാണ്.

 

സവിശേഷതകള്‍

ഈ അടിത്തറകളില്‍ ഉയര്‍ത്തപ്പെടുന്ന സംസ്‌കാരത്തിന് താഴെപ്പറയുന്ന വ്യതിരിക്ത സവിശേഷതകള്‍ ഉണ്ടായിരിക്കും:

1. തൗഹീദ്: ഇസ്‌ലാമിക ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ അടിത്തറ തൗഹീദ്/ഏകദൈവവിശ്വാസമാണ്. ഏകദൈവത്തിലുള്ള അടിയുറച്ച വിശ്വാസം, അവനോടുള്ള സ്‌നേഹത്താല്‍ ഹൃദയം പ്രശോഭിതമാവല്‍, ഭയത്തെയും പ്രതീക്ഷയെയും അവനുമായി ബന്ധിപ്പിക്കല്‍, അവന് വഴിപ്പെടലും അവന്റെ പ്രാതിനിധ്യമേല്‍ക്കലും ജീവിത ലക്ഷ്യമായി അംഗീകരിക്കല്‍, പ്രശ്‌നങ്ങളും പ്രതിസന്ധികളും വന്നു മൂടുമ്പോള്‍ അവനോട് സഹായമിരക്കല്‍, അവന്റെ തീരുമാനങ്ങളില്‍ തൃപ്തിയടയല്‍, അവനെ മാത്രം അംഗീകരിക്കല്‍, അവനെ മാത്രം ഭയപ്പെടല്‍, ദൈവസ്മരണകളാല്‍ ഹൃദയം പ്രശാന്തിയടയല്‍- ഇതൊക്കെയും ഈയൊരു വിശ്വാസത്തിന്റെ ഫലമായി വന്നുചേരുന്നതാണ്. തൗഹീദിനെ സ്വാംശീകരിച്ച വ്യക്തിയുടെ ധൈഷണിക ചക്രവാളം വിശാലമാകുന്നു. അവന്‍ ധീരനും ദൃഢചിത്തനുമായിത്തീരുന്നു. ചിന്തകള്‍ സുഭദ്രവും ക്രിയാത്മകവുമായിരിക്കും. പ്രതീക്ഷ കൈവിടുകയില്ല. പ്രയാസങ്ങള്‍ക്ക് മുമ്പില്‍ ക്ഷമിച്ചും ലഭിച്ച അനുഗ്രഹത്തിന് നന്ദി കാണിച്ചും ദൈവത്തില്‍ ഭരമേല്‍പ്പിച്ചും ഒട്ടുമേ പ്രക്ഷുബ്ധമല്ലാത്ത മനസ്സുമായി ഒരു പ്രയാണം. ഈ അന്യാദൃശമായ മാനസിക കരുത്ത് നേടുന്നതിന്റെ പേരാണ് തൗഹീദ്. ചരിത്രത്തിലുടനീളം മുസ്‌ലിം സമൂഹങ്ങളുടേത് നിരാശക്ക് വശംവദമാവാതെയും പ്രതീക്ഷ കൈവിടാതെയുമുള്ള പ്രയാണമായിരുന്നു.

2. എല്ലാം സാര്‍ഥകം. ഒന്നും അസംബന്ധമല്ല. എല്ലാറ്റിനും ലക്ഷ്യമുണ്ട്, അര്‍ഥമുണ്ട്. പാശ്ചാത്യ സംസ്‌കാരത്തെ നോക്കൂ. ആദര്‍ശമോ സമുന്നത ലക്ഷ്യമോ നാമവിടെ കാണുന്നില്ല. ആഡംബര ജീവിതവും ഉല്ലാസവും ലൈംഗിക തൃഷ്ണകളുടെ ശമനവും കഴിഞ്ഞാല്‍ പാശ്ചാത്യ സംസ്‌കാരം പിന്നെ ശ്രദ്ധിക്കുന്നത് മുതലാളിത്ത ശക്തികളുടെ താല്‍പ്പര്യ സംരക്ഷണത്തിനാണ്. അപ്പപ്പോഴത്തെ സാമൂഹിക-രാഷ്ട്രീയ താല്‍പര്യങ്ങളും ഉപരിപ്ലവമായ രീതിയില്‍ അത് ഏറ്റെടുക്കുന്നുമുണ്ടാവും. റോക്-പോപ് പോലുള്ള മ്യൂസിക് ബാന്‍ഡുകള്‍, ക്ലബ്-പബ് സംസ്‌കാരം, നഗ്നതയെ ആഘോഷിക്കുന്ന കലയും സാഹിത്യവും ഇതെല്ലാം പാശ്ചാത്യ സംസ്‌കൃതിക്ക് നിയതമായ ലക്ഷ്യമില്ലെന്നതിന് തെളിവാണ്.

കേവല കളിവിനോദങ്ങള്‍ (ലഹ്‌വ്) ഇസ്‌ലാമിക അഭിരുചിക്ക് ഇണങ്ങുന്നതല്ല. ചൂതാട്ടവും അതുപോലുള്ള ഭാഗ്യം പരീക്ഷിക്കുന്ന കളികളും മനുഷ്യന് ശാരീരികമോ ധൈഷണികമോ ആയ യാതൊരു പ്രയോജനവും ചെയ്യാത്തതിനാല്‍ അവ വിലക്കപ്പെട്ടിരിക്കുന്നു ഇസ്‌ലാമില്‍. കവിതയും പെയ്ന്റിംഗും മറ്റേതു കലാരൂപങ്ങളും ആശയപരമായി അസംബന്ധമായിക്കൂടാത്തതാണ്. ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയെന്ന നിലക്ക് മനുഷ്യ ജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ പരിപോഷണവും ജനസേവനവുമൊക്കെ ലക്ഷ്യമായി നിര്‍ണയിക്കാം. ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് വിനിയോഗിക്കപ്പെടേണ്ടത്. സാഹിത്യവും കലയും ഈ മഹദ് മൂല്യങ്ങളെ പ്രകാശിപ്പിക്കുന്നതായിരിക്കണം. ഇങ്ങനെ മൂല്യാധിഷ്ഠിതമായിരിക്കും രാഷ്ട്രീയ-സാമ്പത്തിക മേഖലകളും.

3. ഇതൊരു ഉത്തരവാദിത്തമുള്ള (Responsible)  സംസ്‌കാരമായിരിക്കും. താന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്നും തനിക്കുള്ളതെല്ലാം, തന്നെ വിശ്വസിച്ചേല്‍പിച്ചത് (അമാനത്ത്) മാത്രമാണെന്നും അതില്‍ വീഴ്ച വരുത്തുന്ന പക്ഷം ദൈവത്തിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരുമെന്നുമുള്ള ബോധം മനുഷ്യനെ സദാ ഉത്തരവാദിത്തബോധമുള്ളവനാക്കുന്നു. സത്യവിശ്വാസികളെക്കുറിച്ച് 'വിശ്വസിച്ചേല്‍പ്പിച്ചത് സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരും' എന്ന് ഖുര്‍ആന്‍ പ്രശംസിക്കുന്നുണ്ട്. പാശ്ചാത്യ സംസ്‌കാരത്തെക്കുറിച്ച് നമുക്ക് പറയാനാവുക, തീര്‍ത്തും നിരുത്തരവാദപരമായി അത് ഇടപെടുന്നു എന്നാണ്. സദാചാരത്തെയും കുടുംബ ഘടനയെയും തകര്‍ത്തുകളയുന്ന രീതിശാസ്ത്രം അത് തെരഞ്ഞെടുത്തത് ഈ ഉത്തരവാദിത്തമില്ലായ്മക്ക് തെളിവാണ്. മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്തുന്ന തരത്തിലുള്ള മാരകായുധങ്ങള്‍ നിര്‍മിക്കാന്‍ അത് ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയത് മറ്റൊരു ഉദാഹരണം. ഭാവിതലമുറകളുടെ അതിജീവനത്തിന് ഭീഷണിയുയര്‍ത്തി ജലവും അന്തരീക്ഷവുമൊക്കെ അത് മലിനപ്പെടുത്തിയിരിക്കുന്നു.

മനുഷ്യമനസ്സിനെയും അവന്‍ നടത്തുന്ന സ്ഥാപനങ്ങളെയും ഉത്തരവാദിത്തബോധമുള്ളതാക്കി മാറ്റുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഒരു മുസ്‌ലിം ഒഴുകുന്ന പുഴയില്‍ വെച്ചാണ് വുദൂ (അംഗശുദ്ധി) എടുക്കുന്നതെങ്കിലും അവന്‍ വെള്ളം അമിതമായി ഉപയോഗിച്ചു കൂടാത്തതാണ്. തന്റെ അനുചരന്‍ സഅ്ദിന് അങ്ങനെയൊരു ഉപദേശം പ്രവാചകന്‍ നല്‍കിയതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. യുദ്ധ സന്ദര്‍ഭത്തിലാണെങ്കിലും ശത്രുക്കളോട് ന്യായം വിട്ട് പെരുമാറരുതെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു: 'ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ധര്‍മപാലനത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത്' (5:8). കുടുംബത്തെ തകര്‍ക്കുന്ന അശ്ലീല സംസ്‌കാരത്തോട് അടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു: 'തെളിഞ്ഞതും മറഞ്ഞതുമായ നീച വൃത്തികളോടടുക്കരുത്' (6:151). ജീവിതത്തെ അതിന്റെ ഗൗരവത്തോടെ സമീപിക്കാത്ത, അതിനെ കേവലം ആട്ടവും പാട്ടുമായി കാണുന്ന ശൈലിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. 'വ്യര്‍ഥ ഭാഷണം (ലഹ്‌വുല്‍ ഹദീസ്) വിലയ്ക്ക് വാങ്ങുന്ന ചിലരുണ്ട്. ഒരു വിവരവുമില്ലാതെ മനുഷ്യരെ ദൈവമാര്‍ഗത്തില്‍നിന്ന് തെറ്റിച്ചു കളയാന്‍ വേണ്ടിയാണിത്; ദൈവമാര്‍ഗത്തെ പുഛിച്ചു തള്ളാനും. അത്തരക്കാര്‍ക്കാണ് നിന്ദ്യമായ ശിക്ഷയുള്ളത്' (31:6). ചുരുക്കത്തില്‍, ഇസ്‌ലാമിക സംസ്‌കൃതിയില്‍ എഞ്ചിനീയറോ സാഹിത്യകാരനോ കലാകാരനോ ആരാവട്ടെ, അവരെല്ലാവരും തികഞ്ഞ ഉത്തരവാദിത്തബോധമുള്ളവരായിരിക്കും. വ്യക്തിയുടെ ജീവന്‍, ധനം, അഭിമാനം, സദാചാരം, മതം തുടങ്ങിയവയെ ക്ഷതപ്പെടുത്തുന്ന യാതൊന്നും ആരില്‍നിന്നും ഉണ്ടാകില്ല.

4. മൂല്യങ്ങളുടെ ശാശ്വതികത്വം. ഇസ്‌ലാമിക സംസ്‌കൃതി സംവിധാനിക്കപ്പെട്ടിരിക്കുന്നത് ചില ശാശ്വത മൂല്യങ്ങളില്‍ (Permanent Values)  ആണ്. ഖുര്‍ആനും പ്രവാചക ചര്യയും വഴി സ്ഥിരപ്പെട്ട ആ മൂല്യങ്ങള്‍ക്ക് മാറ്റമില്ല. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഒരു വലിയ പ്രശ്‌നം, അതിന് ശാശ്വത മൂല്യങ്ങളൊന്നും ഇല്ല എന്നതാണ്. അവിടെ ധാര്‍മിക മൂല്യങ്ങള്‍, വസ്ത്രധാരണ രീതി മാറുന്നതുപോലെ കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കും. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം ധാര്‍മിക മൂല്യങ്ങള്‍ മാത്രമല്ല, ചില നിയമ വ്യവസ്ഥകളും ശാശ്വതമാണ്. ഇസ്‌ലാമിക സംസ്‌കാരത്തില്‍ പലിശക്ക് ഒരിടവും ഉണ്ടാകില്ല. സ്വവര്‍ഗ ലൈംഗികതക്കും സ്ഥാനമുണ്ടാവില്ല. ലജ്ജയുടെ ഒരു സവിശേഷ സംസ്‌കാരം മുന്നോട്ടു വെക്കുന്ന ഇസ്‌ലാമിന്, ഇതിലൊന്നും വിട്ടുവീഴ്ച ചെയ്യാനാവില്ല. ദരിദ്രരെയും അധഃസ്ഥിതരെയും ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് അവരുടെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ ഇസ്‌ലാമിക സംസ്‌കാരം പ്രതിജ്ഞാബദ്ധമാണ്. അക്കാര്യത്തിലും മാറ്റമൊന്നും ഉണ്ടാവില്ല. ഖുര്‍ആനും ഹദീസും പരിശോധിച്ചാല്‍ ആ ശാശ്വതമൂല്യങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാവും. ഭരണഘടന എപ്രകാരമാണോ ഒരു രാഷ്ട്രത്തിന്റെ വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നത്, അതുപോലെ ഈ ശാശ്വത മൂല്യങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തെ നിയന്ത്രിക്കുന്നു. വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ തങ്ങളുടെ ദേഹേഛകള്‍ക്കനുസരിച്ച് തോന്നുംപടി അരാജക ജീവിതം നയിക്കാനുള്ള അവസരം ഇസ്‌ലാമിക സംസ്‌കൃതിയില്‍ നല്‍കപ്പെടുകയില്ല. ആയതിനാല്‍ തന്നെ ഇസ്‌ലാമിക ചരിത്രത്തിലൊരിടത്തും അജന്ത-ഖജുരാഹോയില്‍ കാണുന്നത് പോലെ കാമകേളികള്‍ ആഘോഷിക്കുന്ന ചിത്രങ്ങളോ ശില്‍പ്പങ്ങളോ കാണാനാകില്ല. ഫ്രഞ്ച്-ഇംഗ്ലീഷ് നോവലുകളില്‍ കാണുന്ന അശ്ലീല വര്‍ണനകളും അതിന് അന്യമാണ്.

5. നല്ലതിനെയൊക്കെ സ്വാംശീകരിക്കാനും ഉള്‍ച്ചേര്‍ക്കാനുമുള്ള വികാസക്ഷമത. ശാശ്വത മൂല്യങ്ങളെ ആധാരമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ, പുതിയ പരീക്ഷണങ്ങള്‍ നടത്താനും ഇതര സമൂഹങ്ങളില്‍നിന്ന് നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാനും ഇസ്‌ലാമിക സംസ്‌കൃതി മടിച്ചുനില്‍ക്കുന്നില്ല. മൂല്യങ്ങളില്‍ മാറ്റമില്ലാത്തതും(Permanent) മാറ്റമുള്ളതും (Variable) ഏതൊക്കെ എന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത സമൂഹങ്ങള്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാനാവാതെ അന്തിച്ചുനില്‍ക്കും. തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വം തകര്‍ന്നുപോകുമോ എന്ന ആശങ്കയിലായിരിക്കും അത്തരം സമൂഹങ്ങള്‍. ഇസ്‌ലാമിക സംസ്‌കാരത്തെ സംബന്ധിച്ചേടത്തോളം അതിന്റെ സ്വത്വം എന്ന് പറയുന്നത് ശാശ്വത മൂല്യങ്ങള്‍ ആണ്. ഏതൊക്കെ മാറാം, ഏതൊക്കെ മാറരുത്, ഏതൊക്കെ സ്വീകരിക്കാം, ഏതൊക്കെ സ്വീകരിക്കരുത് എന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ട് നല്ല ഏത് കാര്യങ്ങളും നിയതമായ അടിത്തറകളില്‍ നിലയുറപ്പിച്ചുകൊണ്ടുതന്നെ ഇസ്‌ലാമിക സംസ്‌കൃതിക്ക് ഉള്‍ക്കൊള്ളാനാവും.

ശാശ്വത മൂല്യങ്ങളോട് ഏറ്റുമുട്ടുന്നതുകൊണ്ടാണ് സ്ത്രീകളുടെ നഗ്നത വെളിപ്പെടുന്ന വസ്ത്രധാരണം മുസ്‌ലിംലോകം അംഗീകരിക്കാതിരിക്കുന്നത്. ഇന്തോനേഷ്യ മുതല്‍ യൂറോപ്പ്-അമേരിക്ക വരെയും മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനം ഹിജാബായിത്തീരുന്നതും മറ്റൊന്നും കൊണ്ടല്ല (പാശ്ചാത്യ സംസ്‌കാരം മുഴുലോകത്തിനും ധരിക്കാനായി നല്‍കുന്നത് സ്‌കേര്‍ട്ടും കോട്ടും ടൈയുമൊക്കെയാണ്). അതേസമയം, തദ്ദേശീയമായ ചുറ്റുപാടുകളില്‍നിന്നാണ് ഓരോ നാട്ടിലെയും വസ്ത്രധാരണ രീതികള്‍ രൂപപ്പെടുന്നത്. ഇവയെ വേണ്ട തിരുത്തലുകള്‍ വരുത്തി ഉള്‍ക്കൊള്ളുകയാണ് ഇസ്‌ലാം ചെയ്യുന്നത്. യവന തത്ത്വചിന്ത ഇസ്‌ലാമിക സമൂഹത്തിലേക്ക് കടത്തിക്കൊണ്ടുവരാന്‍ ശ്രമം നടന്നപ്പോള്‍, അടിസ്ഥാനങ്ങളുമായി ഏറ്റുമുട്ടുന്നു എന്നതിനാല്‍, അത് നിരാകരിക്കപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍, ഹിന്ദു പണ്ഡിറ്റുകളില്‍നിന്ന് ഗണിതം പഠിക്കാനും അങ്ങനെ ഇന്ത്യന്‍ ഗണിതശാസ്ത്രത്തിന് ലോകത്തെമ്പാടും പ്രചാരം നല്‍കാനും അറബികള്‍ മടികാണിച്ചിട്ടുമില്ല. ഇസ്‌ലാമിക സംസ്‌കൃതി എന്നത് ഏതെങ്കിലും പ്രത്യേക സമൂഹത്തിലോ ഭൂമിശാസ്ത്രപരിധികളിലോ പരിമിതപ്പെട്ട ഒന്നല്ലാത്തതിനാല്‍ നല്ലതിനെ സ്വാംശീകരിക്കാന്‍ അതിന് സവിശേഷമായ കഴിവ് തന്നെയുണ്ട്.

5. സാര്‍വലൗകിക സഹോദര്യം. മനുഷ്യസമത്വത്തിലും ആഗോള സാഹോദര്യത്തിലും നിലയുറപ്പിച്ച ഒരു സംസ്‌കാരമാണിത്. എല്ലാ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണമാണ്. അവര്‍ക്കിടയില്‍ ഉച്ചനീചത്വങ്ങളില്ല. വര്‍ണം, വംശം, ജാതി തുടങ്ങിയ വേര്‍തിരിവുകള്‍ ഇല്ലായ്മ ചെയ്തതോടൊപ്പം, ദേശീയതയുടെ പേരിലുളള പൊങ്ങച്ച പ്രകടനങ്ങളെയും വംശമഹിമാ സിദ്ധാന്തങ്ങളെയും ഇസ്‌ലാം നിരാകരിച്ചു. ഇന്ന് പല പരിഷ്‌കൃത സമൂഹങ്ങളിലും കാണുന്ന പലതരം വിവേചനങ്ങളെ ഒരടയാളവും ബാക്കിവെക്കാതെ എന്നോ മായ്ച്ചുകളഞ്ഞിട്ടുമുണ്ട് ഇസ്‌ലാം. ഈ സമത്വ-സാഹോദര്യം എന്നത് കേവല പ്രകടനങ്ങളല്ല. അത്തരമൊരു വികാരം മനുഷ്യമനസ്സില്‍ ആഴത്തില്‍ സന്നിവേശിപ്പിക്കാന്‍ ഇസ്‌ലാമിന് കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ അരങ്ങേറുന്ന അതിക്രമവും ഒരു മുസ്‌ലിമിനെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും.

6. ലജ്ജാബോധം ഈ സംസ്‌കൃതിയുടെ മറ്റൊരു അടിസ്ഥാനമാണ്. 'എല്ലാ മതത്തിനും ഒരു ധാര്‍മികതയുണ്ട്, ഇസ്‌ലാമിന്റെ ധാര്‍മികത ലജ്ജയാണ്' (ഇബ്‌നുമാജ), 'ലജ്ജ നന്മയല്ലാതെ കൊണ്ടുവരില്ല, ലജ്ജയത്രയും നന്മയാകുന്നു' (ബുഖാരി) തുടങ്ങിയ നബിവചനങ്ങള്‍ ഇതിന്റെ സാക്ഷ്യമാണ്. ശുദ്ധാത്മാവും മാന്യനുമായ ഒരാള്‍ക്ക് തെറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന പിടച്ചിലും അങ്കലാപ്പും അസ്വസ്ഥതയുമാണ് ഇവിടെ ലജ്ജ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശുദ്ധപ്രകൃതിക്കും മനസ്സാക്ഷിക്കും നിരക്കുന്ന പ്രവൃത്തികളേ ചെയ്യാവൂ എന്നാണ് മനസ്സിന്റെ ഉള്‍വിളി. അതിന് പരിക്കേല്‍ക്കുന്ന ചലനങ്ങള്‍ മനുഷ്യനില്‍നിന്നുണ്ടാവുമ്പോള്‍ അവന്‍ വല്ലാതെ അസ്വസ്ഥനാവുന്നു. ഈ വികാരമാണ് ലജ്ജ. ഈ ശുദ്ധപ്രകൃതം നശിപ്പിക്കപ്പെടുകയും പൈശാചിക ശക്തികള്‍ അവിടെ കുടിയേറുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ ലജ്ജാരഹിതനായിത്തീരുന്നു. ലജ്ജ എന്ന ആ ശുദ്ധ പ്രകൃതത്തെ തിരിച്ചു പിടിക്കുകയാണ് ഇസ്‌ലാം. ഒരു വിശ്വാസി മറ്റുള്ളവരുടെ മുമ്പില്‍ മാത്രമല്ല സ്വന്തത്തിന്റെ മുമ്പിലും ലജ്ജാലുവാണ്. തന്റെ രക്ഷിതാവിന്റെ മുമ്പിലും ആ ലജ്ജാശീലമുണ്ട്. ലജ്ജയെന്ന ഈ ശുദ്ധ പ്രകൃതം ഒരാളുടെ വസ്ത്രം, സ്വകാര്യത, വ്യക്തിബന്ധങ്ങള്‍ തുടങ്ങി ഒട്ടനേകം മേഖലകളില്‍ കളങ്കമില്ലാത്ത ജീവിതം നയിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നു. ഇസ്‌ലാമിന്റെ സവിശേഷമായ ധാര്‍മിക ജീവിതം രൂപപ്പെട്ടുവരുന്നതും ഈയൊരു ലജ്ജാബോധത്തില്‍നിന്നാണ്.

7. മാനവതയുടെ ക്ഷേമം. മനുഷ്യന്‍ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി ആയതുകൊണ്ട് അവന്‍ ആദരിക്കപ്പെടുക എന്നത് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തേട്ടമാണ്. ഓരോ മനുഷ്യന്റെയും ക്ഷേമം ഉറപ്പു വരുത്തിക്കൊണ്ടേ അവന് ആദരവ് നല്‍കാനാവൂ. ആ സംസ്‌കാരത്തിന്റെ വീക്ഷണത്തില്‍ ഒരാളെ അന്യായമായി കൊല്ലുന്നത് മനുഷ്യനെയൊന്നടങ്കം കൊല്ലുന്നതിന് തുല്യമാണ്. കൊല്ലുന്നത് മാതാവിന്റെ ഗര്‍ഭപാത്രത്തിലെ കുഞ്ഞിനെയാണെങ്കിലും അങ്ങേയറ്റം അധിക്ഷേപാര്‍ഹമായ കുറ്റകൃത്യം തന്നെ അതും. വിശപ്പും പട്ടിണിയും മനുഷ്യകുലത്തെ തളര്‍ത്തുമെന്നതിനാല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം ഈ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ക്ഷേമം കളിയാടുന്ന ഒരു സമൂഹത്തെയാണ് അത് വിഭാവനം ചെയ്യുന്നത്. അതിനാല്‍ ശാസ്ത്രജ്ഞരുടെയും മറ്റു വിദഗ്ധരുടെയുമെല്ലാം കഴിവുകള്‍ ഈ ആവശ്യാര്‍ഥമാണ് പ്രയോജനപ്പെടുത്തുക. അപ്പോള്‍ കലാകാരന്റെയും സാഹിത്യകാരന്റെയും സൃഷ്ടികള്‍ കേവല വിനോദാപാധികള്‍ ആയിരിക്കില്ല. അവ മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പ്രകാശിപ്പിക്കുന്നവയായിരിക്കും. 

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി