പ്രഫ. അഹ്മദ് കുട്ടി ശിവപുരം: ഒരു മിസ്റ്റിക് പണ്ഡിതന്റെ വിയോഗം ഉണര്‍ത്തുന്ന ചിന്തകള്‍
ആശുപത്രിക്കിടക്കയില്‍ വെച്ചാണ് ഞാന്‍ അവരെ പരിചയപ്പെട്ടത്. പേര് ജാനറ്റ്. അമേരിക്കക്കാരി. മനോഹരമായി മക്കന ധരിച്ചിരുന്ന അവര്‍ എന്റെ കണ്ണുകളിലെ അമ്പരപ്പും സന്ദേഹവും തിരിച്ചറിഞ്ഞാവണം മധുരമായി പുഞ്ചിരിച്ചും സമാധാനിപ്പിച്ചും പറഞ്ഞു: 'ഞാന്‍ തന്നെയാണ് നിങ്ങള്‍ അന്വേഷിക്കുന്ന വ്യക്തി. ജാനറ്റ് എന്നാണ് ഔദ്യോഗിക രേഖകളിലെ പേര്. കൂട്ടുകാരും കുടുംബക്കാരും ഇപ്പോള്‍ നൂറ എന്ന് വിളിക്കുന്നു.'
ഏതാനും നാളുകള്‍ക്കുള്ളില്‍ അവരും കുടുംബവും ഞങ്ങളുടെ അടുത്ത കുടുംബ സുഹൃത്തുക്കളായി മാറി. പ്രവാസത്തിന്റെ ആദ്യ നാളുകളില്‍ അനുഭവപ്പെട്ടിരുന്ന മടുപ്പിന് അവരുമായുള്ള കുടുംബ സൗഹൃദം ഒരു പരിധിവരെ അറുതിവരുത്തി. പ്രശാന്തമായ ഒരു സായാഹ്നത്തിലെ സൗഹൃദ സംഗമത്തില്‍ നൂറയുടെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ വിശ്വാസവും ജീവിതവും കടന്നുപോയ സന്ദിഗ്ധതകള്‍ വിവരിച്ചു. അറിവും വിനയവും ശാന്തിയും സ്ഫുരിക്കുന്ന മുഖഭാവമുള്ള മധ്യവയസ്‌കനായ അദ്ദേഹത്തിന്റെ പേര് അബ്ദുല്‍ ഖാദര്‍. ഇടതൂര്‍ന്ന താടി രോമങ്ങള്‍ക്കിടയില്‍ കൈവിരലുകള്‍ കോര്‍ത്ത് അദ്ദേഹം കഥ പറഞ്ഞുതുടങ്ങി.
യൂനിറ്റേറിയന്‍ ക്രൈസ്തവ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനവും ബാല്യവും. അക്കാലത്തെ ശരാശരി അമേരിക്കക്കാരനെ പോലെ അദ്ദേഹവും ഇസ്‌ലാമിനെക്കുറിച്ച് പ്രത്യേകിച്ചൊന്നും അറിയുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. സംഗീതത്തെയും യാത്രയെയും പ്രണയിച്ച യൗവനം. ഒരിക്കല്‍ അദ്ദേഹം തുര്‍ക്കിയില്‍ എത്തിപ്പെട്ടു. തീവ്രവും സമൂലവുമായി മതരഹിതമാവാന്‍ വെമ്പിയിരുന്നു അക്കാലത്തെ തുര്‍ക്കിയെങ്കിലും, ചക്രവാളങ്ങളെ ഉമ്മവെക്കുന്ന അവിടത്തെ മിനാരങ്ങളും, അന്തസ്സും ആഭിജാത്യവും തുടിക്കുന്ന ചന്തകളും, ആത്മാവിനെ മുട്ടി വിളിക്കുന്ന ശ്രവണസുന്ദരമായ ബാങ്കുവിളിയും, ഹൃദയത്തിന്റെ സൂക്ഷ്മ തന്ത്രികളില്‍ തമ്പുരു മീട്ടുന്ന സൂഫി സംഗീതവും അദ്ദേഹത്തിന്റെ മനസ്സില്‍ ഇസ്‌ലാമിനെക്കുറിച്ച് കൗതുകം ജനിപ്പിച്ചു. സാമൂഹിക ജീവിതത്തിന്റെ സാധ്യമായ എല്ലാ ഇടങ്ങളില്‍നിന്നും ഇസ്‌ലാമിന്റെ അടയാളങ്ങളെയും ആവിഷ്‌കാരങ്ങളെയും റദ്ദു ചെയ്യാന്‍ തുര്‍ക്കി ഭരണകൂടം സാഹസപ്പെടുമ്പോഴും, അനവധി നൂറ്റാണ്ടുകളുടെ അടരുകളുള്ള അനത്തോളിയയിലെ ഇസ്‌ലാമിന്റെ ഗതകാല പ്രതാപത്തിന്റെ ഗൃഹാതുരതകള്‍ അവരുടെ കലകളിലും സംഗീതത്തിലും തുടിച്ചുനില്‍ക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അബ്ദുല്‍ ഖാദര്‍ സംഗീതപ്രിയനായിരുന്നു. മൂകസാന്ദ്രമായ സൂഫി സംഗീതത്തിന്റെ താളാത്മകതയും ആരോഹണ അവരോഹണവും ആത്മാവിന്റെ സൂക്ഷ്മ തന്ത്രികളെ സ്പര്‍ശിച്ചു. ഈശ്വര ചിന്തയും പ്രകീര്‍ത്തനങ്ങളും അലൗകിക ഭാവങ്ങളുമുള്ള നേര്‍ത്ത ശബ്ദത്തിലുള്ള സംഗീതം.
അബ്ദുല്‍ ഖാദര്‍ കാല്‍പനികനായ സഞ്ചാരി എന്നതുപോലെ ആഴത്തിലേക്ക് പോകുന്ന സത്യാന്വേഷകനുമായിരുന്നു. പ്രപഞ്ചത്തിന്റെ പരമാര്‍ഥവും ജീവിതത്തിന്റെ പരംപൊരുളും അറിയാന്‍ മനസ്സു തുടിച്ചുകൊണ്ടിരുന്നു. അനവധി നാടുകളിലൂടെ പല ഘട്ടങ്ങളിലായി യാത്രയും അന്വേഷണവും തുടര്‍ന്നു. അന്തലൂസിലെ നഗരങ്ങളുടെയും നാട്ടിന്‍പുറങ്ങളുടെയും ഞരമ്പുകളില്‍ ഇസ്‌ലാമിന്റെ ചരിത്രവും കലയും സംസ്‌കാരവും സ്പന്ദിച്ചുനില്‍ക്കുന്നത് അദ്ദേഹം അനുഭവിച്ചു. ഇസ്തംബൂളിലെ കാപ്പിക്കടകളില്‍നിന്നും കേട്ട സൂഫി സംഗീതത്തോടുള്ള പ്രണയം ഗൗരവമായ അന്വേഷണമായി വികസിക്കുകയും പത്തു വര്‍ഷങ്ങള്‍ക്കൊടുവില്‍ മോറോക്കോയിലെ മറാക്കഷിലെ പള്ളിയിലെ മട്ടുപ്പാവില്‍ വെച്ച് ഗാഢമായ വിശ്വാസമായി പൂര്‍ണത പ്രാപിക്കുകയും ചെയ്തു.
പിന്നീട് കഥ പറഞ്ഞത് ജാനറ്റാണ്. ആര്‍ദ്രമായ കണ്ണുകളും ചുണ്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പുഞ്ചിരിയുമുള്ള രണ്ട് കുട്ടികളുടെ മാതാവും സംഗീതാധ്യാപികയുമായ ജാനറ്റ്. അബ്ദുല്‍ ഖാദര്‍ അവരെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ ഒരു ഉറച്ച ക്രൈസ്തവ വിശ്വാസിയായിരുന്നു. അയാള്‍ ജാനറ്റിന്റെ വിശ്വാസത്തെ നോവിക്കാനോ പരിവര്‍ത്തിപ്പിക്കാനോ ശ്രമിച്ചതുമില്ല. പക്ഷേ, വര്‍ഷങ്ങള്‍ നീണ്ട സ്വതന്ത്രമായ അന്വേഷണത്തിലൂടെ അവരും അബ്ദുല്‍ ഖാദറിന്റെ വിശ്വാസത്തെ പുണര്‍ന്നു.
പ്രാര്‍ഥനാനിര്‍ഭരവും ധ്യാനാത്മകവുമായ മതത്തിന്റെ ആത്മാവ് തേടിയുള്ള തീര്‍ഥാടനമാണ് ഒരു യഥാര്‍ഥ സൂഫിയുടെ വഴി. സൗമ്യനും സഹൃദയനും ജ്ഞാനിയുമായ അത്തരം ഒരു തീര്‍ഥാടകനായിരുന്നു ഈയിടെ അന്തരിച്ച പ്രഫ. അഹ്മദ് കുട്ടി ശിവപുരം. അനുഷ്ഠാനപരവും ആചാരപരവുമായ മതത്തിന്റെ ബാഹ്യ ഘടനക്ക് അപ്പുറം കടക്കാനാവാതെ ശരാശരി വിശ്വാസികള്‍ ശബ്ദഘോഷങ്ങളും വാദപ്രതിവാദങ്ങളുമായി കാലം കഴിക്കുമ്പോള്‍ മതദര്‍ശനത്തിന്റെ സൗന്ദര്യവും ആഴവുമറിയുന്നു ജ്ഞാനികള്‍. ഇസ്‌ലാമിക സമൂഹം ബാഹ്യമായ സമ്മര്‍ദങ്ങളില്‍ ഞെരുങ്ങുകയും ആഭ്യന്തര ശൈഥല്യങ്ങളില്‍ ക്ലേശിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് സാത്വികരായ ഇത്തരം പണ്ഡിതന്മാരാണ് സമുദായത്തിന്റെ നങ്കൂരങ്ങള്‍. അതുകൊണ്ടുതന്നെ അവരുടെ വേര്‍പാടുകള്‍ സമുദായത്തെ കൂടുതല്‍ അനാഥരും അരക്ഷിതരും അശാന്തരുമാക്കുന്നു. ആഗോള മുസ്‌ലിം സമൂഹത്തെപോലെ കേരളീയ മുസ്‌ലിംകളും ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളെയും ഭീഷണികളെയും അഭിമുഖീകരിക്കുകയാണ്. സ്‌ഫോടനാത്മകമായ സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് കേരളീയ മുസ്‌ലിം സമൂഹം. ഈ പരിവര്‍ത്തനത്തിന്റെ വ്യാപ്തി വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വ്യക്തമാവും. ഒരു സമൂഹം ചിന്താപരവും ബൗദ്ധികവുമായ സ്‌ഫോടനങ്ങള്‍ക്കും അട്ടിമറികള്‍ക്കും വിധേയമാവുമ്പോള്‍ അവരെ അരാജകത്വത്തിലേക്കും അശുഭ ചിന്തയിലേക്കും അക്രമത്തിലേക്കും വിശ്വാസ വൈകല്യത്തിലേക്കും നീങ്ങാന്‍ അനുവദിക്കാതെ, അവര്‍ക്ക് ലക്ഷ്യവും ദിശയും നിര്‍ണയിച്ചുകൊടുക്കാന്‍ വൈജ്ഞാനികമായ ത്രാണിയും ചിന്താപരമായ ശേഷിയുമുള്ള പണ്ഡിതന്മാര്‍ സമുദായത്തിന് ധാരാളമുണ്ടാവണം. മുസ്‌ലിം സമുദായത്തിലെ ഭിന്ന വിഭാഗങ്ങള്‍ക്കിടയിലും, മുസ്‌ലിം സമുദായത്തിനും പൊതു സമുദായത്തിനുമിടയിലും പാലമായി നിലകൊള്ളാന്‍ സാധിച്ച പണ്ഡിതനായിരുന്നു അഹ്മദ് കുട്ടി ശിവപുരം. പൊതു സ്വീകാര്യനായ അത്തരം പണ്ഡിതന്മാര്‍ നമുക്കിടയില്‍ വിരളമാണ്.
സാമൂഹിക ജീവിതത്തിന്റെ സമ്മര്‍ദങ്ങളില്‍നിന്നുള്ള പലായനമോ ആത്മീയ ഉല്ലാസത്തിനുള്ള കുറുക്കുവഴികളോ അല്ല ഇസ്‌ലാമിന്റെ ആധ്യാത്മികത. നിതാന്തമായ അന്വേഷണത്തിന്റെയും സാന്ദ്രമായ ചിന്തകളുടെയും കനല്‍പഥങ്ങള്‍ താണ്ടി വരുന്നവരാണ് യഥാര്‍ഥ സൂഫികള്‍. ദൈനംദിന ജീവിതത്തിന്റെ യാന്ത്രികതക്കും ആവര്‍ത്തനത്തിനുമപ്പുറത്തുള്ള പരമാര്‍ഥം തേടിയവര്‍. ജീവിതത്തിന് ആത്മീയ ഉള്ളടക്കമോ ശാശ്വതമായ പൊരുളോ കാണാന്‍ സാധിക്കാത്ത ഭൗതികവാദികളായ മഹാ ചിന്തകന്മാര്‍ക്ക് മനുഷ്യജന്മം ആകസ്മികവും നിരര്‍ഥകവുമായ ഒരു പ്രഹേളികയും നൈരാശ്യവും അസംബന്ധവും കലര്‍ന്ന ഒരു സമസ്യയുമായി അനുഭവപ്പെടുമ്പോള്‍, സൂഫി തത്ത്വജ്ഞാനികള്‍ക്ക് ഗാഢമായ അര്‍ഥതലങ്ങളുള്ള ദൈവ സമര്‍പ്പണത്തിന്റെ സംഗീതവും സൗന്ദര്യവുമാണ് ജീവിതം.
മതത്തിന്റെ തത്ത്വശാസ്ത്രപരവും കലാപരവും വിമോചനപരവുമായ മാനങ്ങള്‍ കണ്ടെത്തുന്നതിലും വികസിപ്പിക്കുന്നതിലും മുസ്‌ലിം മിസ്റ്റിക്കുകള്‍ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മുഹമ്മദ് (സ) ഒരിക്കല്‍ ഒരിടത്ത് ജീവിച്ച് മരിച്ചുപോയ ചരിത്ര പുരുഷന്‍ എന്ന ലളിത ആഖ്യാനത്തിനപ്പുറത്ത്, വിശ്വാസി സമൂഹത്തിന്റെ വിളിപ്പാട് അകലെയുള്ള നിതാന്ത സാന്നിധ്യമായി അനുഭവിപ്പിക്കുന്നതില്‍ അവരുടെ കലാപരവും വൈജ്ഞാനികവുമായ ഇടപെടലുകള്‍ക്ക് പങ്കുണ്ട്. മധ്യകാല സൂഫികള്‍ രചിച്ച ഇമ്പമാര്‍ന്നതും അര്‍ഥസാന്ദ്രവുമായ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് മാഹിര്‍ സൈന്‍ പകര്‍ന്ന സംഗീതം സ്റ്റീരിയോകളില്‍നിന്ന് ഒഴുകിവരുമ്പോള്‍ താളം പിടിക്കാതിരിക്കാനും റസൂലിന്റെ ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ടിരിക്കാതിരിക്കാനും ആര്‍ക്കാണ് സാധിക്കുക!
പ്രഫസര്‍ അഹ്മദ് കുട്ടി ശിവപുരം ധിഷണാപരമായും വൈകാരികമായും ഇസ്‌ലാമിലെ സൂഫി പരമ്പരയിലെ ഇളംമുറക്കാരനായിരുന്നു. വിശ്വാസത്തിന്റെ പേരിലുള്ള താര്‍ക്കികയുക്തികളുടെ ചതുപ്പുകള്‍ക്കും പേശിസങ്കോചങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കും അപ്പുറത്ത് ശാന്തിയും സമാധാനവും സമഭാവനയും അറിഞ്ഞ മിസ്റ്റിക് പണ്ഡിതന്‍. അദ്ദേഹത്തിന്റെ ഭാഷക്കും ചിന്തകള്‍ക്കും അലിവും ആര്‍ദ്രതയുമുണ്ടായിരുന്നു. ഈ അലിവിന്റെ പേരിലാണ് അദ്ദേഹത്തിന്റെ തീര്‍പ്പുകളോട് വിയോജിക്കുന്നവര്‍ പോലും അദ്ദേഹത്തെ സ്‌നേഹിച്ചുപോവുന്നത്.
കറുത്തവരുടെയും അടിമകളുടെയും സ്ത്രീകളുടെയും അപരവത്കരിക്കപ്പെട്ടവരുടെയും കുടിയിറക്കപ്പെട്ടവരുടെയും നിന്ദിതരുടെയും പീഡിതരുടെയും വിമോചനപാതയായി അദ്ദേഹം ഇസ്‌ലാമിനെ തിരിച്ചറിഞ്ഞു. ബിലാലിന്റെ ഓര്‍മകളും ഹാജറിന്റെ കണ്ണീരും ഹജ്ജിന്റെ അനുഷ്ഠാനങ്ങളും ഇസ്‌ലാമിന്റെ വിമോചനപരമായ ഉള്ളടക്കത്തിന്റെ കുറിമാനങ്ങളും രൂപകങ്ങളുമാണ്, കാലപ്രവാഹത്തിന് മായ്ച്ചുകളയാനാവാത്ത അടയാളങ്ങളും ചിഹ്നങ്ങളും.
സഹോദര മതങ്ങളുമായി വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും പൊതു ഇടങ്ങള്‍ കണ്ടെത്തുന്നതിലും, മതങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ക്കപ്പുറം അവ തമ്മിലുള്ള ആന്തരിക ഐക്യത്തെ ഊന്നുന്നതിലും സാത്വികരായ സൂഫികള്‍ ശ്രദ്ധാലുക്കളായിരുന്നു. മണ്ണും മനസ്സും കൊള്ളയടിക്കാനുള്ള കൗശലമായല്ല, സമൂഹത്തില്‍ ധര്‍മബോധവും ഈശ്വര ചിന്തയും വളര്‍ത്താനുള്ള സമര്‍പ്പണത്തിന്റെയും കാരുണ്യത്തിന്റെയും കരസ്പര്‍ശമായാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിന് അനുഭവപ്പെട്ടത്. മത മത്സരങ്ങളുടെയും സംഘര്‍ഷത്തിന്റെയും ഭരണകൂട ഉന്മൂലനങ്ങളുടെയും ഭീകരതയുടെയും വര്‍ത്തമാനകാലത്ത് കരുണാര്‍ദ്രതയോടെ പ്രപഞ്ചത്തെ പുണരുന്ന സൂഫി തത്ത്വചിന്തകള്‍ക്കും ആധ്യാത്മിക ദര്‍ശനങ്ങള്‍ക്കും പ്രസക്തിയുണ്ട്.
ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക അപഭ്രംശങ്ങള്‍ക്കും വിഭ്രാന്തികള്‍ക്കും അപചയത്തിനും പരിഹാരം തേടേണ്ടത് കലയും കാലിഗ്രഫിയും സംഗീതവും തത്ത്വചിന്തയും ധ്യാനവും നീതിക്കുവേണ്ടിയുള്ള സമരങ്ങളും സമന്വയിക്കുന്ന നമ്മുടെ തന്നെ ഉജ്ജ്വലമായ ചരിത്രത്തില്‍നിന്നാണ്. ഈ പാരമ്പര്യത്തിന്റെ ബലത്തിലാണ് നിഷ്ഠുരമായ ഭരണകൂട ധ്വംസനങ്ങളെ അതിജീവിക്കാനും ഇസ്‌ലാമിന്റെ വിശ്വാസവും സംസ്‌കാരവും അണഞ്ഞുപോവാതെ നിലനിര്‍ത്താനും ബാള്‍ക്കനിലെയും മധ്യേഷ്യയിലെയും മുസ്‌ലിം സമുദായത്തിന് സാധിച്ചത്. കര്‍ക്കശമായ ശാസനകള്‍ക്കും താക്കീതുകള്‍ക്കും പകരം സ്‌നേഹപൂര്‍വമായ തലോടലുകളിലൂടെ ഈ ഗുരുപരമ്പരകള്‍ പകര്‍ന്ന വെളിച്ചത്തിലാണ് പശ്ചിമാഫ്രിക്ക മുതല്‍ ദക്ഷിണേഷ്യ വരെയുള്ള നാടുകളിലെ മുസ്‌ലിംകള്‍, യുദ്ധങ്ങളുടെയും കലാപങ്ങളുടെയും കുരുതികളുടെയും നടുവിലും വിസ്മയകരമായ സഹനത്തോടെയും പ്രത്യാശയോടെയും ആന്തരിക ഐക്യത്തോടെയും ഇപ്പോഴും ബാക്കി നില്‍ക്കുന്നത്. ദുരന്തങ്ങളും ദുരിതങ്ങളും പേമാരിയായി വര്‍ഷിക്കുമ്പോഴും ഭീകര സംഘടനകളും ഫാഷിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങളും വേട്ടയാടുമ്പോഴും, ശുഷ്‌കമായ വിഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടും പുഞ്ചിരി അന്യംനിന്നു പോവാതെയും ജീവിക്കുന്ന നിഷ്‌കളങ്കരായ വിശ്വാസികളുടെ നിര്‍മലമായ പെരുമാറ്റത്തെ ലോകം ആദരവോടെയും അത്ഭുതത്തോടെയും നോക്കുന്നു.
വിഷാദാത്മകവും സംഘര്‍ഷഭരിതവുമായ സമകാലീന ലോകത്തിന്റെ ആത്മീയ ദാരിദ്ര്യത്തിന് പരിഹാരമായി സൂഫിസത്തിന്റെ വികൃത രൂപങ്ങളും ആധ്യാത്മികതയുടെ വികല സ്വത്വങ്ങളും സുലഭമായി വിറ്റുപോകുന്ന ആത്മീയ കമ്പോളത്തില്‍ വിവേചന ബുദ്ധിയോടെ പെരുമാറാന്‍ വിശ്വാസി സമൂഹത്തിന് സാധിക്കുന്നു. കാരണം, ഭൗതികവാദത്തിന്റെ ചതിക്കുഴികളേക്കാള്‍ ഭീകരവും അഗാധവുമാണ് കമ്പോള കേന്ദ്രീകൃത ആത്മീയതയുടെ ലോകത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്ന വഞ്ചനയുടെയും കാപട്യത്തിന്റെയും മഹാ ഗര്‍ത്തങ്ങള്‍. വിശുദ്ധ റമദാന്‍ മാസത്തിലെ പുണ്യ രാവുകളിലെ അന്ത്യയാമങ്ങളില്‍ ഒന്നില്‍ പ്രഫ. അഹ്മദ് കുട്ടി സാഹിബിന്റെ ജീവിതം ശാന്തമായി അണഞ്ഞപ്പോള്‍ ഇസ്‌ലാമിന്റെ നിര്‍മലമായ ആത്മീയ സൗന്ദര്യത്തെ സ്വാംശീകരിച്ച ഒരു മഹാ പണ്ഡിതനാണ് തിരശ്ശീലക്കപ്പുറത്തേക്ക് മാഞ്ഞുപോയത്. ഇത്തരം പണ്ഡിതന്മാരുടെ ചിന്തകളെ ഗൗരവപൂര്‍വം പഠിച്ച് ക്രിയാത്മക സംവാദത്തിന്റെയും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ധന്യമായ ഒരു ഭാഷയും സംസ്‌കാരവും വികസിപ്പിക്കുകയാണ് ഇസ്‌ലാമിക സമൂഹത്തിന്റെ വര്‍ത്തമാനകാല ദുരന്തങ്ങളില്‍ ഉത്കണ്ഠപ്പെടുന്ന എല്ലാ സംഘടനകളും നേതാക്കളും ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ധന്യമാവട്ടെ എന്ന് വിനയപൂര്‍വം പ്രാര്‍ഥിക്കുന്നു.
Comments