Prabodhanm Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

ഗെയ്ന്‍ പീസുമായി സബീല്‍ അഹ്മദിന്റെ പ്രബോധന യാത്രകള്‍

ഹാമിദ് കാവനൂര്‍

17-ാം വയസ്സില്‍ ഇന്ത്യയില്‍നിന്ന് അമേരിക്കയിലെത്തിയ സബീല്‍ അഹ്മദിനു അമേരിക്കയില്‍ തനിക്കു സ്ഥാനമില്ലെന്ന് തോന്നിത്തുടങ്ങാന്‍ അധികകാലമൊന്നുമെടുത്തില്ല. സ്‌കൂളിലെ ജിം ക്ലാസ്സില്‍ തന്റെ ശരീരത്തില്‍ തുപ്പി ഇസ്‌ലാംവിരോധം പ്രകടിപ്പിച്ചുകൊണ്ടാണ്  സഹപാഠികള്‍ അദ്ദേഹത്തെ വരവേറ്റത്. തുടര്‍ന്ന് 'പ്രിന്‍സിപ്പലിന്റെ മുറിയില്‍ തുപ്പിയതാര്' എന്ന ചോദ്യത്തിന് ഉത്തരം പറയാതെ അവരെ ശിക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം പ്രിന്‍സിപ്പലിനോട് അഭ്യര്‍ഥിച്ചു.

പ്രതിബന്ധങ്ങള്‍ക്കിടയിലും തന്റെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സബീല്‍, ഇല്ലിനോയിസ് സ്റ്റേറ്റിലെ സ്‌കോക്കിയില്‍ ഒരു ഫാമിലി ഡോക്ടറായി പ്രഫഷനല്‍ ജീവിതം ആരംഭിച്ചു. അമേരിക്കയില്‍ ധാരാളം മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണം ഡോ. സബീലിന്റെ  ജീവിതത്തെയും  പുതിയ മേഖലയിലേക്ക് തിരിച്ചുവിട്ടു. 9/11-നു ശേഷം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച സംശയവും പേടിയും നിറഞ്ഞ സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍, പണ്ട് ജിം ക്ലാസ്സില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭീതിതമാണെന്നു ബോധ്യപ്പെട്ട ഡോ. സബീല്‍ അഹ്മദ് സ്റ്റെതസ്‌കോപ്പ് മാറ്റിവെച്ചു. മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ഇസ്‌ലാം എന്ത് എന്ന് പഠിപ്പിക്കാനിറങ്ങുകയായിരുന്നു പിന്നീട് അദ്ദേഹം. അന്ന് ആശുപത്രിയില്‍നിന്ന് ഇറങ്ങുമ്പോള്‍ പറഞ്ഞതു തന്നെയാണ് ഇന്നും ഡോ. സബീല്‍ അഹ്മദ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ''നല്ലവരും ചീത്തവരും എല്ലാ  മതവിഭാഗങ്ങളിലുമുണ്ട്. തെറ്റുകാരായ മുസ്‌ലിംകളെ വെച്ച് നാമെങ്ങനെയാണ് ഇസ്‌ലാമിനെ അളക്കുക?''

തുടര്‍ന്ന്, അദ്ദേഹവും ഏതാനും സഹപ്രവര്‍ത്തകരും ചില വളന്റിയര്‍മാരും ചേര്‍ന്ന് ഗെയ്ന്‍ പീസി(Gain Peace)-ന് തുടക്കം കുറിച്ചു. ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഇക്‌ന) കീഴിലുള്ള ഈ സംരംഭത്തിന്റെ ഡയറക്ടറാണ് ഇന്ന്  ഡോ. സബീല്‍. ഇംഗ്ലീഷിലും സ്പാനിഷിലുമായി 16-ഓളം ലഘുലേഖകള്‍, ഖുര്‍ആന്‍ ഭാഷ്യങ്ങള്‍, 1-മിനിറ്റ്് കാര്‍ഡുകള്‍, ഹൈവേയുടെ വശങ്ങളില്‍ സ്ഥാപിക്കുന്ന വലിയ പരസ്യ ബോര്‍ഡുകള്‍, ടി.വി പരസ്യങ്ങള്‍ തുടങ്ങി സ്ഥിരം നടന്നുകൊണ്ടിരിക്കുന്ന പ്രബോധന-പ്രചാരണ പരിപാടികള്‍ക്കു പുറമെ, അമേരിക്കയിലെ 30-ലധികം സംസ്ഥാനങ്ങളില്‍  വിവിധ പള്ളികളിലായി ഓപണ്‍ മോസ്‌ക് പരിപാടികള്‍ സംഘടിപ്പിക്കാനാവശ്യമായ പരിശീലനവും വിഭവങ്ങളും നല്‍കുന്നു ഇപ്പോള്‍ ഗെയ്ന്‍ പീസ്.

ഗൈഡിംഗ് ലൈറ്റ് ഇസ്‌ലാമിക്  സെന്ററില്‍ (ലൂയിവില്‍, കെന്റക്കി) ഓപ്പണ്‍ മോസ്‌ക് പരിപാടി നടത്താന്‍ വന്നപ്പോള്‍ നമസ്‌കാരത്തെ കുറിച്ചും നോമ്പിനെ കുറിച്ചുമെല്ലാമുള്ള പതിവു ചോദ്യങ്ങള്‍. പിന്നെ പിന്നെ 'സ്ത്രീകളെന്തേ പള്ളിയുടെ മെയിന്‍ ഹാളില്‍ നമസ്‌കരിക്കാന്‍ വരാത്തത്? നിങ്ങള്‍ ആനുവദിക്കാഞ്ഞിട്ടാണോ', 'ഐസിസ് മുസ്‌ലിംകളല്ലേ?' തുടങ്ങിയ ചോദ്യങ്ങളും വന്നു.

അപരിചിതരായ കുറേ പുരുഷന്മാരുടെ കൂട്ടത്തില്‍ സ്ത്രീകള്‍ ഒരുമിച്ചു നമസ്‌കരിക്കുന്നതിനേക്കാള്‍ ഭേദമല്ലേ, പ്രാര്‍ഥിക്കാനായി അവര്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നത് എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചപ്പോള്‍ ചോദിച്ച വിദ്യാര്‍ഥിനിക്ക്  അത് കൊള്ളാമല്ലോ എന്നായി അഭിപ്രായം. അമേരിക്കയിലെ കു ക്ലൂസ് ക്ലാന്‍  (KKK) വിഭാഗത്തെ ക്രിസ്ത്യാനികളായാണോ നിങ്ങള്‍ കാണുന്നത് എന്ന മറുചോദ്യം ചോദിച്ചപ്പോള്‍, ഐസിസിനെ കുറിച്ച് ചോദിച്ചയാള്‍ക്ക് കാര്യം പെട്ടെന്ന് പിടികിട്ടി (KKK ഒരു കുപ്രസിദ്ധ വലതു തീവ്രവാദ  സംഘടനയാണ്).

എല്ലാ വര്‍ഷവും രണ്ടു തവണയെങ്കിലും ഷിക്കാഗോയില്‍നിന്ന് ലൂയിവില്ലില്‍ വരാറുണ്ട്  ഡോ. സബീല്‍ അഹ്മദ്. മറ്റനേകം അമേരിക്കന്‍ നഗരങ്ങളിലും വിദേശങ്ങളിലുമായി ധാരാളം ഓപ്പണ്‍ മോസ്‌കുകള്‍ സംഘടിപ്പിച്ചും, ടി.വി/ റേഡിയോ അഭിമുഖങ്ങള്‍ നല്‍കിയും നിതാന്തമായ ദഅ്‌വാ യാത്രകളിലാണ് ഈ ഡോക്ടര്‍.

വാല്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ താമസിക്കുകയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി സലീം. അദ്ദേഹത്തിന്റെ ഓഫീസില്‍ പുതിയ ഡയറക്ടര്‍ ചാര്‍ജെടുത്ത സമയം. സലീമുള്‍പ്പെടെ ഓഫീസിലെ തന്റെ സഹപ്രവര്‍ത്തകരെയെല്ലാം നേരിട്ട് പരിചയപ്പെടാന്‍ വേണ്ടി പുതിയ ഡയറക്ടര്‍ ഓരോരുത്തരുമായും സംസാരിക്കാന്‍ സമയം നിര്‍ദേശിച്ചു കൊടുത്തു. വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ കുറച്ച് നേരത്തേ ഓഫീസില്‍നിന്ന് ഇറങ്ങേിവരും, തണുപ്പു കാലത്ത് ളുഹ്ര്‍, അസ്വ്ര്‍ നമസ്‌കാരങ്ങള്‍ക്ക് രണ്ടു തവണ ജോലി നിര്‍ത്തിവെച്ച് പോകാന്‍ അനുവാദം വേണം, ടീം ലഞ്ചുകളില്‍ ഹലാല്‍ ഭക്ഷണം മാത്രമേ തെരഞ്ഞെടുക്കാന്‍ നിര്‍വാഹമുള്ളൂ, അത് കിട്ടിയില്ലെങ്കില്‍ വെജിറ്റേറിയനാകും... ഇങ്ങനെ, ചെറിയതെങ്കിലും ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അനുമതി വാങ്ങണം എന്നും മറ്റും ഓര്‍ത്ത് മീറ്റിംഗിന് കയറിയ ഈ സുഹൃത്തിനോട് മാനേജര്‍ ഇങ്ങോട്ട് ചോദിച്ചുവത്രെ; 'ജോലി സമയത്ത് നമസ്‌കരിക്കാനൊക്കെയുള്ള സൗകര്യം ഓഫീസിനകത്തുണ്ടോ' എന്ന്!

ഒരു വലിയ ക്ലാസ്സെടുത്ത് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് വെച്ചിരുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ പുതിയ ഡയറക്ടറിതാ ഇങ്ങോട്ട് തിരക്കുന്നു. 'എന്റെ നമസ്‌കാരങ്ങളെ കുറിച്ച് എങ്ങനെയറിയാം' എന്ന് സലീം തിരിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു കഥ പറഞ്ഞു.

9/11-ന് തൊട്ടുടനെ താന്‍ ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന സന്ദര്‍ഭം. ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ തന്റെ ഓഫീസില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എല്ലാവരും പേടിയോടും തെല്ലൊരു കരുതലോടെയുമാണ് അയാളുമായി ഇടപഴകിയത്. അയാള്‍ തന്റെ സമയമാകുമ്പോള്‍ നമസ്‌കാരത്തിന് പോകും, മറ്റെല്ലാവരെയും പോലെ ജോലി ചെയ്യും. വളരെ പേടിയോടെ മാത്രം കണ്ടിരുന്ന അയാള്‍ വളരെ സൗഹാര്‍ദപരമായും  മാന്യമായുമാണ് എല്ലാവരുമായും ഇടപഴകുന്നത്. പിന്നീട്  നമസ്‌കാരവും അതിന്റെ സമയക്രമങ്ങളും ഭക്ഷണത്തിലെ ഹലാലും മറ്റുമെല്ലാം ആ ചെറുപ്പക്കാരനില്‍നിന്ന് ഈ മാനേജരുള്‍പ്പെടെ ടീമംഗങ്ങളെല്ലാം സാവധാനം മനസ്സിലാക്കിയെടുത്തു. 

പുതിയ ഡയറക്ടറുമായുള്ള സ്വകാര്യ സംഭാഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ 2001-ല്‍ വളരെ പ്രതികൂല സാഹചര്യത്തില്‍ മുസ്‌ലിമായി ജീവിച്ച ഒരാള്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ജീവിതത്തില്‍ ഇടപെടുന്നതിന്റെ  സന്തോഷത്തിലായിരുന്നു സലീം. 

 

(കെന്റക്കിയിലെ ലൂയി വില്ലയില്‍ ഐ.ടി എഞ്ചിനീയറാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി