ത്വാഇഫ് കീഴടങ്ങുന്നു
മുഹമ്മദുന്‍ റസൂലുല്ലാഹ്-60
ഉര്‍വത്തുബ്‌നു മസ്ഊദ് ത്വാഇഫുകാരനാണ്. തീര്‍ത്തും വ്യത്യസ്തനായ വ്യക്തി. ഹുദൈബിയ സന്ധി നടക്കുന്ന സമയത്ത് മക്കക്കാരുടെ പ്രതിനിധിയായി അദ്ദേഹം അവരുടെ സംഘത്തിലുണ്ട്. പ്രവാചകനോട് അദ്ദേഹത്തിന്റെ അനുയായികള്‍ കാണിക്കുന്ന ആദരവ് ഉര്‍വത്തിനെ വല്ലാതെ ആകര്‍ഷിച്ചു. ഹുദൈബിയ ഉടമ്പടി കഴിഞ്ഞ ശേഷം അദ്ദേഹം നേരെ പോകുന്നത് യമനിലേക്കാണ്. തെറ്റാലി പോലുള്ള യുദ്ധോപകരണങ്ങള്‍, തുകല്‍ കവചിത യുദ്ധ വാഹനങ്ങള്‍ എന്നിവ എങ്ങനെ നിര്‍മിക്കാം എന്ന് പഠിക്കാനാണ്1 ഈ ധൃതിപിടിച്ചുള്ള യാത്ര. കൂടെ ത്വാഇഫിലെ പ്രശസ്തനായ മറ്റൊരു വ്യക്തി കൂടിയുണ്ട്. തങ്ങള്‍ക്ക് നേരെ മുസ്‌ലിം പടനീക്കമുണ്ടാവുമെന്ന് ത്വാഇഫുകാര്‍ നേരത്തേ കണക്കുകൂട്ടിയിരുന്നു എന്നര്‍ഥം. ത്വാഇഫ് ഉപരോധം കഴിഞ്ഞ് പ്രവാചകന്‍ തിരിച്ചുപോകുന്ന സമയത്ത് അദ്ദേഹത്തെ കാണാനായി ഉര്‍വത്ത് ചെന്നു. ഇരുവരും സന്ധിച്ചത് ഒന്നുകില്‍ മദീനയിലേക്കുള്ള വഴിയില്‍ വെച്ചാണ്; അല്ലെങ്കില്‍ മദീനയില്‍ വെച്ചുതന്നെ. താന്‍ ഇസ്‌ലാം സ്വീകരിക്കുകയാണെന്ന് ഉര്‍വത്ത് പ്രവാചകനെ അറിയിച്ചു. ഉടന്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ത്വാഇഫില്‍ ഇസ്‌ലാം പ്രബോധനം ചെയ്യാനുള്ള അനുവാദം തനിക്ക് നല്‍കണമെന്നായി പിന്നീട് ഉര്‍വത്ത്. പ്രവാചകന്‍ കൂട്ടാക്കിയില്ല. കാരണം, അത്തരമൊരു പ്രവൃത്തി ഉര്‍വത്തിന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന് പ്രവാചകന്‍ ആശങ്കിച്ചിരുന്നു. ത്വാഇഫ് ഉപരോധം കഴിഞ്ഞ ഉടനെയായതിനാല്‍ ത്വാഇഫുകാര്‍ക്ക് മുസ്‌ലിംകളോട് കഠിന ശത്രുതയുള്ള സമയമാണ്. ഉര്‍വത്ത് നിര്‍ബന്ധിച്ചപ്പോള്‍ പ്രവാചകന് അനുവാദം കൊടുക്കുകയല്ലാതെ നിവൃത്തിയില്ലെന്നായി. ത്വാഇഫില്‍ വളരെ ജനകീയനായിരുന്നു ഉര്‍വത്തെങ്കിലും, അദ്ദേഹം പരസ്യമായി ഇസ്‌ലാം പ്രബോധനം ചെയ്യുന്നത് അവര്‍ക്ക് സഹിച്ചില്ല. അവര്‍ അദ്ദേഹത്തെ അമ്പെയ്ത് കൊന്നുകളഞ്ഞു.2 തങ്ങളുടെ പ്രവൃത്തിയില്‍ ത്വാഇഫുകാര്‍ പിന്നീട് വളരെയേറെ ഖേദിച്ചു. ആ നിരപരാധിയുടെ രക്തസാക്ഷ്യം അവരുടെ മനസ്സില്‍ വലിയ ചലനങ്ങളുണ്ടാക്കി. മക്കയിലെ കമ്പോളം നഷ്ടമായത്, തൊട്ടയല്‍പക്കത്തെ മുസ്‌ലിം ഗോത്രങ്ങളുടെ ശത്രുത പോലുള്ള സമ്മര്‍ദങ്ങള്‍ക്കൊന്നും തന്നെ ഇത്ര വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ വളരെ അവധാനപൂര്‍വം ത്വാഇഫുകാര്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ തുടങ്ങി. അതിനൊക്കെ മാര്‍ഗദര്‍ശനം നല്‍കിയത് വിവേകിയും ഇലാജ് ഗോത്രമുഖ്യനുമായ അംറുബ്‌നു ഉമയ്യ. പരുഷപ്രകൃതക്കാരനും നബിയുടെ ബന്ധുവുമായ മറ്റൊരു ത്വാഇഫ് പ്രമുഖന്‍ അബ്ദ് യാലീലുമായി അംറുബ്‌നു ഉമയ്യയുടെ ബന്ധം ഒട്ടും സുഖത്തിലായിരുന്നില്ല. ഒരു ദിവസമുണ്ട് അംറ് വന്ന് അബ്ദ് യാലീലിന്റെ വാതിലില്‍ മുട്ടുന്നു; ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ്. അംറ് പറയുന്നത് കൂടി കേട്ടതോടെ അബ്ദ് യാലീലിന്റെ അങ്കലാപ്പ് ഇരട്ടിച്ചു. അംറ് പറഞ്ഞത് ഇതാണ്: ''നമ്മള്‍ ഇനി മേല്‍ പരസ്പരം അകന്നു കഴിയുന്നത് ശരിയല്ല. കാരണം പ്രശ്‌നം അത്രയധികം ഗുരുതരമായിക്കഴിഞ്ഞിരിക്കുന്നു. ഈ മനുഷ്യന്‍-പ്രവാചകനെ ഉദ്ദേശിച്ച്- എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ടല്ലോ. നമ്മുടെ മേഖലയില്‍ ഇസ്‌ലാം നടത്തുന്ന കുതിപ്പുകളും നിങ്ങള്‍ കാണുന്നുണ്ട്. ഇതേക്കുറിച്ച് അടിയന്തരമായി ആലോചിക്കേണ്ടിയിരിക്കുന്നു.''
അങ്ങനെയവര്‍ കൂടിയാലോചിച്ചു. മദീനയിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കാനും തീരുമാനിച്ചു. അതില്‍ ത്വാഇഫിലെ എല്ലാ വിഭാഗക്കാരുടെയും പ്രതിനിധികള്‍ ഉണ്ടാവണം. ബനൂ മാലിക്, അഹ്‌ലാഫ് വിഭാഗങ്ങള്‍ അവരുടെ പ്രതിനിധികളെ പ്രഖ്യാപിച്ചു. സംഘത്തിന്റെ തലവനായി അബ്ദ് യാലീലിനെയും തെരഞ്ഞെടുത്തു. ഈ പ്രതിനിധി സംഘം മദീനയിലെത്തുമ്പോള്‍ പ്രവാചകനും അനുചരന്മാരും തബൂക്ക് സൈനിക നീക്കം കഴിഞ്ഞ് തിരിച്ചെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഹിജ്‌റ ഒമ്പതാം വര്‍ഷം റമദാന്‍ മാസമായിരുന്നു. മദീനയുടെ പ്രാന്തപ്രദേശത്ത് ത്വാഇഫ് പ്രതിനിധി സംഘത്തെ കണ്ട് മദീനക്കാര്‍ അമ്പരന്നു. ഇങ്ങനെയൊരു പ്രതിനിധി സംഘത്തെ അവര്‍ പ്രതീക്ഷിച്ചിട്ടേ ഉണ്ടായിരുന്നില്ല. അവരെ തിരിച്ചറിഞ്ഞ മുഗീറത്തുബ്‌നു ശുഅ്ബ വിവരം പ്രവാചകനെ അറിയിക്കാനായി ധൃതിയില്‍ നടന്നു. വഴിയില്‍ വെച്ച് അബൂബക്ര്‍ സിദ്ദീഖിനെ കണ്ടപ്പോള്‍ വിവരം പറഞ്ഞു. ഈ വിവരം താന്‍ പ്രവാചകനെ അറിയിക്കാമെന്നും അതിനുള്ള അനുവാദം തരണമെന്നുമായി അബൂബക്ര്‍. ത്വാഇഫ് പ്രതിനിധി സംഘത്തിന്റെ വരവിന് എത്രമാത്രം രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നുവെന്ന് ഇതില്‍നിന്ന് ഊഹിക്കാം. പ്രവാചകന്‍ അവരെ സ്വീകരിച്ചതും ആ പ്രാധാന്യം കണക്കിലെടുത്തുതന്നെ. അവര്‍ക്ക് താമസിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയത് മദീനാ പള്ളിയില്‍. ആതിഥ്യചുമതലകള്‍ പ്രവാചകന്‍ സ്വയം തന്നെ ഏറ്റെടുത്തു. ഇസ്‌ലാം സ്വീകരിക്കാന്‍ തയാറാണെന്ന് ത്വാഇഫ് പ്രതിനിധി സംഘം പ്രഖ്യാപിച്ചുവെങ്കിലും ചില ഉപാധികള്‍ അവര്‍ മുന്നോട്ടു വെച്ചിരുന്നു:
1. നിത്യേനയുള്ള നമസ്‌കാരങ്ങളില്‍നിന്ന് ത്വാഇഫുകാരെ ഒഴിവാക്കിത്തരണം.
2. സകാത്തും അവരുടെ മേല്‍ ചുമത്താന്‍ പാടില്ല.
3. ത്വാഇഫിനെ വിശുദ്ധ നഗരിയായി നിലനിര്‍ത്തണം (മക്കയെപ്പോലെ തന്നെ. ഹജ്ജിന് മക്കയിലേക്ക് വരണം എന്ന ബാധ്യതയില്‍നിന്ന് തങ്ങളെ ഒഴിവാക്കണം എന്നാവാം അവര്‍ ഉദ്ദേശിച്ചത്).
4. സൈനിക സേവനത്തില്‍നിന്നും വിടുതല്‍ നല്‍കണം.
5. നഗരത്തിലുള്ള ദേവാലയത്തിലെ വിഗ്രഹം തകര്‍ക്കരുത് (വിഗ്രഹാരാധന തുടരാന്‍ അുവദിക്കണം എന്നായിരിക്കുമോ അവര്‍ ഉദ്ദേശിച്ചത്?)
6. വ്യഭിചാരം തങ്ങള്‍ക്ക് വിലക്കാന്‍ പാടില്ല.
7. പണം പലിശക്ക് കൊടുക്കുന്നത് തടയരുത്.
8. മദ്യം കുടിക്കാന്‍ അനുവാദം നല്‍കുകയും വേണം.3
ഈ വ്യവസ്ഥകളൊക്കെ നേരത്തേ എഴുതി തയാറാക്കിയാണ് അവര്‍ വന്നതെന്നും അതില്‍ സീല്‍ വെക്കാനായി പ്രവാചകന് ഒരു ഭാഗം ഒഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും പറയപ്പെടുന്നു. റമദാന്‍ വ്രതത്തില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന് അവര്‍ എഴുതിയതായി കാണുന്നില്ല. എങ്കില്‍ ലിസ്റ്റ് പൂര്‍ണമായേനെ! നബിയെ ദൈവദൂതന്‍ എന്ന നിലക്ക് അവര്‍ അംഗീകരിക്കാന്‍ തയാറാണ്. പക്ഷേ, അനുഷ്ഠാനങ്ങളൊന്നും അവര്‍ക്ക് നിര്‍വഹിക്കാന്‍ വയ്യ. ഇസ്‌ലാമിനും അതിന്റെ പരമോന്നത നേതാവിനും രാഷ്ട്രീയമായി വിധേയപ്പെടുക എന്നത് മാത്രമായിരിക്കണം അവര്‍ ഇസ്‌ലാം സ്വീകരണം കൊണ്ട് ഉദ്ദേശിച്ചിരിക്കുക. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് നിലകൊള്ളുന്ന ഒരാളായാണ് അവര്‍ പ്രവാചകനെ കണ്ടത്.
ഇവരുടെ ഇത്തരം വിചിത്രമായ ഉപാധികളെ അവഗണിച്ചുതള്ളാമായിരുന്നു പ്രവാചകന്. പക്ഷേ, അവരെ ആ വിധത്തില്‍ മടക്കി അയക്കുന്നതിന് പകരം വളരെ മൃദുവായി കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയാണ് പ്രവാചകന്‍ ചെയ്തത്. അതൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ അത്തരം ഉപാധികള്‍ വെച്ചതിന് അവര്‍ക്ക് തന്നെ ലജ്ജ തോന്നിയിട്ടുണ്ടാവും. പ്രവാചകന്‍ അവരെ ബോധ്യപ്പെടുത്തി: പ്രാര്‍ഥന/ നമസ്‌കാരം അല്ലാഹുവിനെ അംഗീകരിക്കുന്നു എന്നതിന്റെ പ്രത്യക്ഷത്തിലുള്ള അടയാളമാണ്. ദൈവവിശ്വാസത്തില്‍ കേന്ദ്രീകരിച്ച ഒരു ദര്‍ശനം പ്രാര്‍ഥനയിലൂടെ അല്ലാഹുവിനെ അംഗീകരിക്കാന്‍ തയാറാവുന്നില്ലെങ്കില്‍ നിലവില്‍ ആ ദര്‍ശനത്തിന് നല്‍കപ്പെട്ട പേര് അതിന് യോജിച്ചതാവുകയില്ല. വ്യഭിചാരത്തെക്കുറിച്ചാണെങ്കില്‍ സാമൂഹിക ജീവിതത്തില്‍ അത്രയേറെ വെറുക്കപ്പെട്ട മറ്റൊന്നില്ല. നിങ്ങളുടെ ഭാര്യയെയോ മാതാവിനെയോ മകളെയോ മറ്റൊരാള്‍ വ്യഭിചരിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുമോ? അതുപോലെ മറ്റുള്ളവരും തങ്ങളുടെ സ്ത്രീ ബന്ധുജനങ്ങള്‍ നിങ്ങളാല്‍ വ്യഭിചരിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല. ചരിത്ര രേഖകളില്‍ പ്രവാചകന്‍ ഈ സന്ദര്‍ഭത്തില്‍ മദ്യത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞതായി കാണുന്നില്ല. എന്നിരുന്നാലും, മദ്യപാനം ഒരാളുടെ ധാര്‍മികതയെയും അന്തസ്സിനെയും എങ്ങനെ ഹാനികരമായി ബാധിക്കുന്നു എന്ന് പ്രവാചകന്‍ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടാവണം. ത്വാഇഫ് വിശുദ്ധ നഗരമായി തുടരണമെന്ന ആവശ്യത്തിനു മേല്‍ പ്രവാചകന്‍ എതിരഭിപ്രായമൊന്നും പറഞ്ഞു കാണുന്നില്ല. നിര്‍ബന്ധ സൈനിക സേവനം, സകാത്ത് ബാധ്യതകള്‍ എന്നിവയില്‍നിന്ന് പ്രവാചകന്‍ അവര്‍ക്ക് വിടുതി നല്‍കുകയും ചെയ്തു. പലിശയുടെ കാര്യത്തില്‍- അതേക്കുറിച്ച് നാം പിന്നീട് പറയുന്നുണ്ട്- കുറച്ച് കാലത്തേക്ക് ചില ഇളവുകള്‍ നല്‍കിയതായി മനസ്സിലാവുന്നു. നഗരത്തിലെ നേതാക്കളെ വരുതിയിലാക്കാന്‍ വേണ്ടിയായിരിക്കാം അങ്ങനെയൊരു നിലപാട്. വിഗ്രഹത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ അവരോട് പറഞ്ഞു: അത് നാം നോക്കിക്കൊള്ളാം. നിങ്ങളത് നശിപ്പിക്കണമെന്ന് നാം പറയുന്നില്ല. നാം അയക്കുന്ന ആരെങ്കിലും അത് ചെയ്തുകൊള്ളും. വിഗ്രഹത്തിന് എന്തെങ്കിലും ശക്തിയുെങ്കില്‍ അത് അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവനെ ശിക്ഷിച്ചുകൊള്ളും. വിഗ്രഹത്തിന്റെ കോപം നശിപ്പിക്കുന്നവന് നേരെയല്ലേ, നിങ്ങള്‍ക്ക് നേരെയല്ലല്ലോ!
പ്രവാചകന്റെ നിലപാട് ചര്‍ച്ച ചെയ്യാന്‍ ത്വാഇഫ് പ്രതിനിധി സംഘം കുറച്ചപ്പുറത്തേക്ക് മാറിനിന്നു. ഇരുപക്ഷത്തിനുമിടയില്‍ സന്ദേശവാഹകനായി ഒരാള്‍ അങ്ങോട്ടുമിങ്ങോട്ടും പോയ് വന്നുകൊണ്ടിരുന്നു. ഒടുവില്‍ പ്രവാചക നിര്‍ദേശങ്ങളെ പ്രതിനിധി സംഘം അംഗീകരിച്ചു. അതീവ സൂക്ഷ്മമായ ഈ ചര്‍ച്ചയില്‍നിന്ന് പ്രവാചക സന്ദേശത്തിന്റെ സത്ത എന്താണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. ദൈവത്തിന്റെ ഏകത്വം, ബിംബാരാധനയുടെ നിരാകരണം ഇതിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. വ്യഭിചാരം പോലുള്ള അധാര്‍മികവൃത്തികളെയും ഒരിക്കലും അംഗീകരിക്കില്ല. മറ്റുള്ള കാര്യങ്ങളെ ഏത് സന്ദര്‍ഭത്തിലും ഇസ്‌ലാമിന്റെ അനിവാര്യ ഘടകങ്ങളായി (ടശില ൂൗമ ിീി) അവതരിപ്പിക്കുന്നില്ല. അതുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റിന് സകാത്ത്/നികുതി വിഹിതം നല്‍കേണ്ടതില്ലെന്നും സൈനിക സേവനത്തില്‍നിന്ന് വിടുതല്‍ നല്‍കിയിരിക്കുന്നുവെന്നും അവരെ അറിയിച്ചത്. സൈനിക നീക്കമുണ്ടാവുമ്പോള്‍ അവര്‍ സൈനിക ദളങ്ങളെ അയക്കേണ്ടതുമില്ല. അബൂദാവൂദിന്റെ റിപ്പോര്‍ട്ട് പ്രകാരം, തന്റെ ഈ നിലപാടില്‍ അമ്പരന്നുപോയ സ്വന്തം അനുയായികള്‍ക്ക് പ്രതിനിധി സംഘം മദീന വിട്ട ശേഷം പ്രവാചകന്‍ അതിന്റെ ന്യായങ്ങളും വിശദീകരിച്ചുകൊടുക്കുന്നുണ്ട്. ഈ രണ്ട് ഇസ്‌ലാമിക ബാധ്യതകളും താന്‍ റദ്ദാക്കുകയല്ല ചെയ്തത്. ത്വാഇഫുകാര്‍ക്ക് ഇളവ് ചെയ്തു കൊടുക്കുക മാത്രമാണ്. ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കുമ്പോള്‍ ഈ രണ്ട് ബാധ്യതകളുടെ പ്രാധാന്യം അവര്‍ക്ക് സ്വയം തന്നെ മനസ്സിലാകും. അപ്പോള്‍ മറ്റാരും നിര്‍ബന്ധിക്കാതെ സ്വമേധയാ തന്നെ അവരാ ബാധ്യതകള്‍ നിര്‍വഹിച്ചുകൊള്ളും. പണവും സൈന്യവുമൊന്നും ഭരണത്തലവന്റെ സുഖാഡംബരങ്ങള്‍ക്കുള്ളതല്ലെന്ന് അവര്‍ക്ക് വൈകാതെ മനസ്സിലാവും. പ്രവാചകന്റെ അനുമാനം തെറ്റിയില്ല. രണ്ടു വര്‍ഷം കഴിയുന്നതിനു മുമ്പ് തന്നെ, അബൂബക്ര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് മതപരിത്യാഗികളെ നേരിടാന്‍ കേന്ദ്ര ഭരണത്തിന് സൈന്യത്തെ അയച്ചുകൊടുക്കുന്നുണ്ട് ത്വാഇഫുകാര്‍.4
ത്വാഇഫ് താഴ്‌വരയുടെ പരിപാവനതയായി അവിടത്തുകാര്‍ മനസ്സിലാക്കി വെച്ചിരുന്നത്, അവിടത്തെ മരങ്ങള്‍ മുറിക്കരുതെന്നും മൃഗങ്ങളെ വേട്ടയാടരുതെന്നുമാണ്. ഇതിനൊന്നും ഇസ്‌ലാം എതിരല്ലല്ലോ. ആ താഴ്‌വരയെ ഒരു 'ദേശീയ പാര്‍ക്ക്' ആയി സംരക്ഷിക്കുന്നത് ഇസ്‌ലാമിന് ഒരു അസൗകര്യവും ഉണ്ടാക്കുന്നില്ല.5 അതിനര്‍ഥം ത്വാഇഫ് താഴ്‌വര, മക്കയിലെ കഅ്ബക്ക് പകരമാണ് എന്നുമല്ല. ഒടുവില്‍ എന്താണ് സംഭവിച്ചത് എന്നു ചോദിച്ചാല്‍, ത്വാഇഫിന്റെ പരിപാവനതയെക്കുറിച്ച കഥകള്‍ ത്വാഇഫുകാര്‍ തന്നെ മറന്നു. ആര്‍ക്കും അക്കാര്യത്തില്‍ ഒരു നിര്‍ബന്ധവും ചെലുത്തേണ്ടിവന്നില്ല. മദീനയിലെ കേന്ദ്ര ഗവണ്‍മെന്റ് അധ്യാപകരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും അങ്ങോട്ടേക്കയച്ച് അന്നാട്ടുകാരെ ഇസ്‌ലാം എന്താണെന്ന് പഠിപ്പിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്.
(തുടരും)
കുറിപ്പുകള്‍
1. ഇബ്‌നു ഹിശാം, പേജ് 869
2. അതേ പുസ്തകം, പേജ് 914
3. അതേ പുസ്തകം പേജ് 916, അബൂദാവൂദ് - 19:26
4. ത്വബ്‌രി 1, 1871. ഒരു നികുതി പിരിവുകാരനെ അവരില്‍നിന്നു തന്നെ പ്രവാചകന്‍ നിയമിച്ചിരുന്നു (ബലാദുരി, 1 നമ്പര്‍ 1067).
5. കാലാവസ്ഥയും മണ്ണിന്റെ ഫലപുഷ്ടിയും പരിഗണിച്ചാല്‍ അറേബ്യയില്‍ ഒരു ദേശീയ വന്യ മൃഗ-സസ്യ സംരക്ഷിത മേഖലയായി തെരഞ്ഞെടുക്കാന്‍ ത്വാഇഫിനോളം പറ്റിയ ഒരു മേഖലയുമില്ല. അത്തരമൊരു തീരുമാനത്തിന് എന്തെങ്കിലും തരത്തില്‍ മതകീയ മാനമുണ്ടെങ്കില്‍ ഗവണ്‍മെന്റ് തീരുമാനത്തെ ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ അത് ഉതകും എന്നേ കരുതേണ്ടതുള്ളൂ.
Comments