Prabodhanm Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

ഇപ്പോഴും വീശുന്നു, ആ വെള്ളക്കോട്ടില്‍ ചിതറിയ ചോരയുടെ സുഗന്ധം

സി.എസ് ഷാഹിന്‍

മെലിഞ്ഞ ശരീരം. ഹൃദയം കവരുന്ന പുഞ്ചിരി. ഒടിഞ്ഞ വലതുകൈ. ചോര ചിതറിയ വെള്ളക്കുപ്പായം. ഗസ്സയിലെ പോരാട്ട ഭൂമിയില്‍ ഓടിനടന്ന ഒരു ഇരുപത്തൊന്നുകാരിയുടെ ചിത്രമാണിത്. അവളെക്കുറിച്ച് ലോകം അറിയുമ്പോഴേക്കും അവള്‍ ദുന്‍യാവില്‍നിന്ന് പടിയിറങ്ങിപ്പോയിരുന്നു. പക്ഷേ, മുമ്പേ ഗസ്സയിലെ കുട്ടികളും യുവാക്കളും യുവതികളും നെഞ്ചോട് ചേര്‍ത്തുവെച്ച പേരായിരുന്നു റസാന്‍. ഗസ്സയിലെ മരങ്ങള്‍ക്കും മതിലുകള്‍ക്കും അവളെക്കുറിച്ച് ഒട്ടേറെ കഥകള്‍ പറയാനുണ്ട്. ആ മണ്ണിന് അവളുടെ ശരീരത്തില്‍നിന്ന് ഒലിച്ചിറങ്ങിയ ചോരയുടെയും വിയര്‍പ്പിന്റെയും ഗന്ധമുണ്ട്.

അന്ന് നോമ്പ് പതിനാറാം ദിനത്തിലേക്ക് കടന്നിരുന്നു. പതിനഞ്ച് ദിവസവും റസാനില്ലാതെയാണ് ഉമ്മയും ഉപ്പയും നോമ്പ് തുറന്നത്. കാരണം, കഴിഞ്ഞ അറുപത് ദിവസമായി അവള്‍ ഗസ്സയിലെ പോരാളികള്‍ക്കൊപ്പമാണ്. മാര്‍ച്ച് 30-ന് ആരംഭിച്ച 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണി'ല്‍ അണിനിരന്ന പ്രക്ഷോഭകരുടെ കൂടെ. ഇസ്രയേല്‍ ബോംബിംഗിലും വെടിവെപ്പിലും ഓരോ ദിവസവും നിരവധി പേര്‍ പരിക്കേറ്റ് വീഴുന്നു. അവരെ ശുശ്രൂഷിക്കാന്‍ റസാന്‍ ഓടി നടക്കുന്നു. മുറിവേറ്റ് പൊട്ടിയൊഴുകുന്ന ചോര തുടച്ച് മരുന്ന് വെച്ചു കെട്ടി ചികിത്സിക്കുന്നു. അവള്‍ സ്വയം ഏറ്റെടുത്ത ദൗത്യമാണത്. സത്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ പ്രവാചകന്‍ നയിച്ച യുദ്ധമാണ് ഓര്‍മയില്‍ വരുന്നത്. പ്രവാചകനോടൊപ്പം ചില സ്വഹാബി വനിതകളും യുദ്ധത്തില്‍ അണിനിരന്നിരുന്നു. പരിക്കേറ്റവരെ ശുശ്രൂഷിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ചുമതല. ആ ദൗത്യ നിര്‍വഹണത്തിന്റെ ആവര്‍ത്തനമാണ് റസാനിലൂടെ ലോകം കണ്ടത്.

ഗസ്സയിലെ ഖാന്‍ യൂനിസിന് സമീപമാണ് പ്രക്ഷോഭം നടക്കുന്നത്. റസാന്റെ വീട്ടില്‍നിന്ന് 200 മീറ്റര്‍ ദൂരം. അതിരാവിലെ വെള്ളക്കോട്ടെടുത്ത് റസാന്‍ സമരഭൂമിയിലേക്ക് പുറപ്പെടും. പ്രക്ഷോഭകാരികള്‍ എത്തുന്നതിന് മുമ്പേ അവിടെ ഹാജരാകും. വൈകുന്നേരം എല്ലാവരും തിരിച്ചുപോയെന്ന് ഉറപ്പുവരുത്തിയ ശേഷമേ വീട്ടിലേക്ക് മടങ്ങൂ. അപ്പോഴേക്കും പകല്‍ രാവിന് വഴിമാറിയിരിക്കും. രാത്രി വീട്ടിലെ കതക് തട്ടുമ്പോള്‍ ഉമ്മ വന്ന് വാതില്‍ തുറക്കും. ചോരയില്‍ പുരണ്ട വെള്ള വസ്ത്രത്തില്‍ ക്ഷീണിതയായി നില്‍ക്കുന്ന റസാന്‍. ഉപ്പ അവളുടെ കുപ്പായത്തിലേക്ക് നോക്കുമ്പോള്‍ അവള്‍ പറയുമായിരുന്നു: 'ദുന്‍യാവിലെ ഏറ്റവും പരിശുദ്ധമായ രക്തമാണിത്. ചിലപ്പോള്‍ ഇത് നമ്മെ രക്ഷിച്ചേക്കാം.'

പക്ഷേ, അന്ന് റമദാന്‍ പതിനാറിന് രാത്രി റസാന്റെ കാലൊച്ച ഉമ്മ കേട്ടില്ല. അവള്‍ വീട്ടിന്റെ വാതില്‍ മുട്ടിയില്ല. അന്ന് എന്താണ് സംഭവിച്ചത്? അവസാന നിമിഷം വരെ റസാന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി വിശദീകരിക്കുന്നു:

'വൈകുന്നേരം അഞ്ച് മണി. റസാന്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന തിരക്കിലാണ്. പെട്ടെന്ന് ഇസ്രയേല്‍ അതിര്‍ത്തിയിലെ വേലിക്കടുത്ത് ഒരാള്‍ വെടിയേറ്റ് വീണു. ഉടന്‍ റസാന്റെ കാലുകള്‍ അങ്ങോട്ട് നീങ്ങി. സീറോ പോയിന്റിലേക്ക് പ്രവേശിക്കാന്‍ അസാമാന്യ ധൈര്യം വേണം. സീറോ പോയിന്റ് മരണ പോയിന്റാണ്. റസാന്‍ വേലിക്കടുത്തെത്തി. വേലിക്കപ്പുറത്ത് ഇസ്രയേല്‍ തമ്പില്‍ രണ്ടു മൂന്ന് സൈനികര്‍. റസാന്‍ തന്റെ കൈകള്‍ ഉയര്‍ത്തി ആരോഗ്യ പ്രവര്‍ത്തകയാണെന്ന സൂചന നല്‍കി. ആരോഗ്യ പ്രവര്‍ത്തകരെ തൊടാന്‍ പാടില്ല എന്നാണ് അന്താരാഷ്ട്ര പ്രോട്ടോക്കോള്‍. വഞ്ചന ശീലമാക്കിയവരാണ് സയണിസ്റ്റുകള്‍. എങ്കിലും പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ മാത്രം അവര്‍ തരംതാഴില്ലെന്ന് ആ നിഷ്‌കളങ്ക ഹൃദയം കരുതിയിരിക്കണം. അവള്‍ ശുശ്രൂഷ തുടങ്ങി. മടങ്ങിപ്പോകാന്‍ നേരത്ത് സൈനികരില്‍ ഒരാള്‍ തമ്പിന് പുറത്ത് വന്നു. തോക്ക് നീട്ടിപ്പിടിച്ചു. വഞ്ചനയുടെ വെടിയുണ്ടകള്‍ തോക്കിന്‍ കുഴലില്‍നിന്ന് ചീറി. റസാന്റെ മുതുക് തുളച്ചു. ഹൃദയം പിളര്‍ത്തി. മറ്റൊരു സുമയ്യ ബീവിയായി റസാന്‍ മണ്ണില്‍ വീണു.'

ഗസ്സയിലെ ദരിദ്ര കുടുംബത്തിലാണ് റസാന്‍ ജനിച്ചതും വളര്‍ന്നതും. അവള്‍ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. ഏതെങ്കിലും ഒരു ആശുപത്രിയില്‍ വെള്ളക്കോട്ട് ധരിച്ച് രോഗികളെ സ്‌നേഹത്തോടെ പരിചരിക്കണം. മികച്ച നഴ്‌സാകാന്‍ അവള്‍ ആഗ്രഹിച്ചു. മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മനസ്സായിരുന്നു അവളുടേത്. ഫലസ്ത്വീനിലെ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നഴ്‌സിംഗിന് ചേര്‍ന്നു. സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളക്കാന്‍ തുടങ്ങി. പഠനം ഒരു വര്‍ഷം പൂര്‍ത്തിയായി. അപ്പോഴാണ് അവളുടെ സ്വപ്‌നത്തിനു മേല്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്. അഥവാ 2014-ലെ ഇസ്രയേല്‍ ആക്രമണത്തില്‍ റസാന്റെ ഉപ്പയുടെ കട തകര്‍ന്ന് തരിപ്പണമായി. ദാരിദ്ര്യത്തോട് മല്ലടിച്ച് നില്‍ക്കാന്‍ കെല്‍പ്പ് നല്‍കിയത് ആ കടയായിരുന്നു. അത് ചാരമായതോടെ കുടുംബം കടത്തില്‍ മുങ്ങി. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയല്ലാതെ അവളുടെ മുമ്പില്‍ മറ്റൊരു മാര്‍ഗം തെളിഞ്ഞില്ല. സ്വപ്‌ന ലോകത്തിന്റെ കതകടച്ച് അവള്‍ പുറത്തുവന്നു. കലാലയത്തിന്റെ പടിയിറങ്ങി. നഴ്‌സുമാര്‍ ധരിക്കുന്ന വെള്ളക്കോട്ട് റസാന് ഏറെ പ്രിയപ്പെട്ടതാണ്. പഠനം ഉപേക്ഷിച്ചപ്പോഴും വെള്ളക്കോട്ട് ഉപേക്ഷിക്കാന്‍ അവള്‍ തയാറായില്ല. എപ്പോഴും അത് അവളുടെ ചുമലില്‍ ഉണ്ടായിരുന്നു. അതേ കുപ്പായത്തില്‍ തന്നെയാണ് അവള്‍ രക്തസാക്ഷിയായതും.

പഠനം നിര്‍ത്തിയ റസാന്‍ പോരാട്ടഭൂമിയിലേക്കാണ് പ്രവേശിച്ചത്. പിറന്ന മണ്ണിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ട വീഥിയില്‍ അവള്‍ തന്റെ ഇടം കണ്ടെത്തി. ഗസ്സ ആരോഗ്യ മന്ത്രാലയത്തിനു

കീഴിലുള്ള പാരാമെഡിക്കല്‍ വിഭാഗത്തില്‍ വളന്റിയറായി ചേര്‍ന്നു. ഗസ്സ സമരഭൂമിയില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യ വനിതാ നഴ്‌സായി ചരിത്രത്തില്‍ ഇടം നേടി. പ്രതിഫലമായി ഒന്നും വാങ്ങാതെയാണ് റസാന്‍ കര്‍മനിരതയായത്. നിരവധി യുവതികള്‍ക്ക് റസാന്‍ പ്രചോദനമായി. പലരും അവളുടെ പാത പിന്തുടര്‍ന്നു. അങ്ങനെയാണ് ഗസ്സയിലെ സമരഭൂമിയില്‍ വെള്ളക്കോട്ട് അണിഞ്ഞ കാരുണ്യത്തിന്റെ മാലാഖമാര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.

റസാന്റെ ഇഛാശക്തിയും ധീരതയും ലോകത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു. മാര്‍ച്ച് 30-നാണ് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രക്ഷോഭം തുടങ്ങിയത്. അന്ന് മുതല്‍ ഒന്നാം നിരയില്‍ അവള്‍ സജീവമായി. അത് മരണത്തിലേക്കുള്ള മാര്‍ച്ചാണെന്ന് അവള്‍ക്കറിയാമായിരുന്നു. പത്തിലധികം തവണ റസാന്‍ ആക്രമണത്തിന് ഇരയായി. ഓരോ ആക്രമണവും അവളില്‍ സമരവീര്യം വര്‍ധിപ്പിച്ചു. ഒരിക്കല്‍ എല്ലുപൊട്ടി കൈയൊടിഞ്ഞു. ബാന്റേജ് ചെയ്ത കൈയുമായി  സമരഭൂമിയിലേക്ക് ഉടന്‍ തിരിച്ചുവന്നു. അവളുടെ കോട്ടിന്റെ കീശയില്‍ എപ്പോഴും ഒരു തൂവാലയുണ്ടാകും. ഇടക്കിടെ പരിക്കേല്‍ക്കുമെന്ന് ഉറപ്പ്. ശരീരം മുറിപ്പെട്ട് ചോരയൊലിക്കുമ്പോള്‍ തുടക്കാനായി കരുതിയ തൂവാലയാണത്. ഇസ്രയേല്‍ പട്ടാളത്തോട് അവള്‍ പറഞ്ഞ വാക്കുകള്‍ നോക്കൂ: 'ആക്രമണം ഒന്നിനു പിറകെ മറ്റൊന്നായി എന്റെ നേരെ വന്നാലും, എല്ലാ കരുത്തും ഉപയോഗിച്ച് ഞാന്‍ എന്റെ ദൗത്യം പൂര്‍ത്തീകരിക്കും. പരിക്കേറ്റ എല്ലാ പോരാളികളെയും രക്ഷിക്കും. അങ്ങനെ അവര്‍ പോരാട്ട ഭൂമിയിലേക്ക് മടങ്ങിപ്പോകട്ടെ. ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാകും. ഞങ്ങളുടെ ഭൂമി തിരിച്ചു പിടിക്കുന്നതുവരെ.'

സുഹൃത്തുക്കളില്‍ ചിലര്‍ റസാനെ ഉപദേശിച്ചു: 'ജാഗ്രത പുലര്‍ത്തണം, വഴിമാറി നടക്കണം, ആവേശം കുറക്കണം, അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്.' അക്കാര്യം അവള്‍ കുറിച്ചത് ഇങ്ങനെ: 'അവര്‍ പറയുന്നു: കുറച്ച് മാറിനിന്നോളൂ, അല്‍പം തലകുനിച്ചോളൂ. നിന്റെ നേരെ വെടിയുണ്ടകള്‍ വരുന്നുണ്ട്. ഞാന്‍ അവരോട് പറഞ്ഞു: ആ വെടിയുണ്ടകള്‍ എന്നെ പുല്‍കിയേക്കാം. കാരണം, എനിക്ക് തലകുനിക്കാന്‍ അറിയില്ല!' അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റസാന്‍ പറഞ്ഞു: 'പരമാവധി ആളുകളെ വെടിവെച്ച് കൊല്ലുക എന്നതാണ് ഇസ്രയേല്‍ സേനയുടെ ലക്ഷ്യം. എന്റെ ജനത വെടിയേറ്റ് പിടയുമ്പോള്‍ അവിടെ നിന്ന് അകന്നു നില്‍ക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു.'

റസാന്റെ മൃതദേഹം കാത്ത് ആശുപത്രി വരാന്തയില്‍ ആളുകള്‍ കൂടിനില്‍ക്കുന്ന രംഗം. കൂട്ടത്തില്‍ ഒരാള്‍ കനത്ത നിശ്ശബ്ദതയിലാണ്. കണ്ണുകള്‍ മാത്രം കണ്ണീരിലൂടെ സംസാരിക്കുന്നു. സമരഭൂമിയില്‍ വെച്ചാണ് റസാനെ അവന്‍ പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടപ്പെട്ടപ്പോള്‍ വീട്ടുകാര്‍ വിവാഹ തീയതി നിശ്ചയിച്ചു. റമദാന്‍ കഴിഞ്ഞ് കല്യാണം. സമരഭൂമിയില്‍ വിരിഞ്ഞ പ്രണയമാണത്. ആ പ്രണയിനികള്‍ പരസ്പരം കൈമാറിയത് സമരാവേശമായിരുന്നു. വിവാഹ വസ്ത്രത്തില്‍ റസാനെ അവന്‍ പല പ്രാവശ്യം സ്വപ്‌നം കണ്ടിട്ടുണ്ട്. വിവാഹവസ്ത്രത്തിന് പകരം കഫന്‍ പുടവയില്‍ അവസാനമായൊന്ന് അവളെ കാണാന്‍ കാത്തുനില്‍ക്കുന്ന കാഴ്ച.

മയ്യിത്ത് കഫന്‍ ചെയ്തു. ജനാസയെ അനുഗമിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. മയ്യിത്ത് എടുക്കാന്‍ നേരത്ത് ഉമ്മ പൂന്തോട്ടത്തിലേക്ക് ഓടി. റോസാപൂക്കള്‍ പറിച്ചെടുത്ത് കൊണ്ടുവന്നു. മയ്യിത്തിന് മുകളില്‍ വിതറി. അത്രയേറെ ഇഷ്ടമായിരുന്നുവത്രെ റസാന് റോസാപ്പൂക്കള്‍.

ജനാസയെ അനുഗമിക്കുന്ന ആയിരങ്ങള്‍ക്കിടയില്‍ ഊന്നുവടിയില്‍ ഞൊണ്ടി നടക്കുന്ന ഒരു നാല്‍പത്തൊന്നുകാരി. പേര് സ്വാബിരീന്‍. ശരീരത്തിന്റെ പല ഭാഗത്തും പരിക്കേറ്റ പാടുകളുണ്ട്. സങ്കടം തളം കെട്ടി നില്‍ക്കുന്ന മുഖം. അവരും റസാനും തമ്മില്‍ എന്ത് ബന്ധം? അവര്‍ തന്നെ പറയട്ടെ: 'മാര്‍ച്ചില്‍ ഞങ്ങളോടൊപ്പം മുന്‍നിരയില്‍ അവള്‍ ഉണ്ടായിരുന്നു. എനിക്ക് പലതവണ പരിക്കേറ്റു. എന്നെ അവളാണ് ശുശ്രൂഷിച്ചത്. സമരഭൂമിയില്‍ ഒരു പ്രാവിനെ പോലെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് അവള്‍ പറന്നു നടക്കുകയായിരുന്നു!!'

ഒരുനാള്‍ ഇസ്രയേല്‍ അധിനിവേശ ശക്തികള്‍ കടപുഴകി വീഴും, ഗസ്സയുടെ മണ്ണില്‍ വിജയ പതാക ഉയരും; തീര്‍ച്ച. അന്ന് ആ പതാകയില്‍ റസാന്റെ ശരീരത്തില്‍ നിന്നും പൊടിഞ്ഞ ചോരയുടെ കറ തെളിഞ്ഞു കാണും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി