Prabodhanm Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടം ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്നാവട്ടെ

സി.കെ. അന്‍വര്‍ അഴീക്കോട്

'കാലത്തിന്റെ വിളി കേള്‍ക്കണം കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങള്‍' - ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ ലേഖനം (2018 ജൂണ്‍ 08) വായിച്ചു.

വിജ്ഞാനത്തിന്റെ കുത്തക തകര്‍ന്നു തരിപ്പണമാവുകയും അറിവിന്റെ ജനാധിപത്യവത്കരണത്തിനു വേഗത കൂട്ടുകയും ചെയ്തുവെന്നതാണ് ഇന്റര്‍നെറ്റിന്റെ വ്യാപനത്തിലൂടെ സംഭവിച്ച ഏറ്റവും ഗുണപരമായ കാര്യം. പാണ്ഡിത്യം എന്നത് പുനര്‍ നിര്‍വചനത്തിന് വിധേയമാക്കുകയാണ് ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ. ഗുരുകുലവും പള്ളിദര്‍സുകളും ആശാന്മാരും സൃഷ്ടിച്ചുവിട്ട 'പണ്ഡിതന്മാര്‍' സ്വന്തം പരിമിതികള്‍ തിരിച്ചറിയേണ്ട കാലം! കാല പ്രവാഹത്തിന്റെ ഓരോ നിമിഷ തുടര്‍ച്ചയും ഒരായിരം പുതിയ അറിവുകള്‍ നമ്മിലേക്കു പകര്‍ന്നുതന്നുകൊണ്ടാണ് കടന്നുപോകുന്നത്.   പാരമ്പര്യ മതവും രാഷ്ട്രീയവും  സംസ്‌കാരവും അതിന്റെ ശാഠ്യ മുഖങ്ങളില്‍നിന്നും ജീര്‍ണ ഭാവങ്ങളില്‍നിന്നും പുറത്തുകടക്കാനും സുതാര്യമാകാനുമുള്ള പതിവു വിമുഖത ഒളിപ്പിച്ചുവെക്കാന്‍ കഴിയാതെ വിയര്‍ക്കുന്ന കാലം! എല്ലാ യാഥാസ്ഥിതിക സമീപനങ്ങളും സ്വയമറിയാതെ നവീകരിക്കപ്പെടാന്‍ വിവരസാങ്കേതിക വിദ്യയുടെ വിപുല സാധ്യതകള്‍ വ്യക്തിയെയും സമൂഹങ്ങളെയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു, പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. അറിവിന്റെ പ്രയോഗവത്കരണവും അതിലൂടെയുള്ള സമൂഹത്തിന്റെ നേട്ടങ്ങളും വളര്‍ച്ചയും അജ്ഞതയുടെ അനന്തരാവകാശം മുറുകെ പിടിക്കുന്നവര്‍ക്ക് സമരസപ്പെടാന്‍ കഴിയാത്ത 'ബിദ്അത്തു'കള്‍ മാത്രമാണ്. കാലത്തിന്റെ വിളി കേള്‍ക്കാന്‍ കഴിയാത്ത വിധം ബധിരമാണീ (മുഖ്യ)ധാര! മിക്കവാറും  ഇസ്‌ലാമിക കലാലയങ്ങള്‍ അഥവാ അറബിക്കോളേജുകളുടെ പ്രഭവ കേന്ദ്രം ഈ ധാരയാണ്. അവികസിതമായ ഒരു സാമൂഹിക, സാംസ്‌കാരികാവസ്ഥയില്‍ വിശ്വാസി പക്ഷത്തു നിന്നും എന്തിനൊക്കെയോ ഉള്ള പരിഹാര മാര്‍ഗമായിട്ടായിരുന്നു ഉത്ഭവമെങ്കിലും ഇന്നത് സ്ഥാപനോദ്ദേശ്യം തന്നെ വിസ്മരിച്ച് സ്വയമൊരു സമസ്യയായി മാറിയിരിക്കുന്നു. മുസ്‌ലിം സമൂഹത്തില്‍ ആഭ്യന്തര ജനാധിപത്യവും അതിലൂടെ ഇതള്‍ വിരിയുന്ന ആവിഷ്‌കാര ബഹുസ്വരതയും ഇല്ലാതാക്കുന്നതിലും പരസ്പരമുള്ള അപരവത്കരണത്തിന്റെ പുതിയ (പ്രാകൃത) 'ആത്മീയ പാന്ഥാവുകള്‍'ക്കു തുടക്കം കുറിക്കുന്നതിലും അറിഞ്ഞോ അറിയാതെയോ ഈ കലാലയങ്ങള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. സങ്കുചിതത്വമല്ലാതെ മറ്റൊന്നും ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത വിധം ഒരു പ്രതിലോമ വിജ്ഞാന വികിരണത്തിനുള്ള പൗരോഹിത്യ ലോഞ്ചിംഗ് പാഡുകളായി  അവയില്‍ പലതും മാറി. മതത്തില്‍ സമൂഹത്തിനു ഗുണമുള്ളതൊന്നും പറയാനും പ്രചരിപ്പിക്കാനും പ്രയോഗിക്കാനും കഴിയാത്ത വിധമുള്ള നിര്‍ഗുണ ആത്മീയവ്യവഹാരങ്ങള്‍ കൊണ്ട് സ്വയം പിന്നാക്കമാവുകയും പൊതു സമൂഹത്തിന് സാംസ്‌കാരിക നേതൃത്വം നല്‍കാനുള്ള സ്വന്തം സാധ്യതകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു ഈ കലാലയങ്ങളില്‍ പലതും. ആചാരപരതയുടെ ആധിക്യത്തില്‍ അനുയായിവൃന്ദത്തെ സ്വയം തളച്ചിടുകയും ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രപരവും ദാര്‍ശനികവുമായ വിമോചനപരതയെ തമസ്‌കരിക്കുകയും ചെയ്യുന്നതിലാണ് ഈ കലാലയങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന വലിയ ശതമാനവും വ്യാപൃതരായിട്ടുള്ളത്. ഭൗതിക സൗകര്യങ്ങളുടെ ലഭ്യത കൊണ്ടു മാത്രം മാറ്റാവുന്നതല്ല ഈ പ്രശ്‌നം. കലാലയങ്ങളെ നിയന്ത്രിക്കുന്ന മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ കാലങ്ങളായി തുടരുന്ന ചിന്താപരമായ പിന്നാക്കാവസ്ഥയും അതുണ്ടാക്കുന്ന അലസതയും ഉള്‍വലിയലുകളും  കുടഞ്ഞെറിയുകയും നവോത്ഥാനം സാധ്യമാക്കുന്ന സമന്വയ രീതി ഉള്‍ക്കൊള്ളാന്‍ തയാറാവുകയും ചെയ്താല്‍ മാത്രമേ പ്രതീക്ഷക്കു അല്‍പമെങ്കിലും വകയുള്ളൂ.

 

 

 

 

നല്ല വായനാനുഭവം

'ഭൂമിയിലാണ് ജീവിതം, ആകാശത്തുനിന്നാണ് വെളിച്ചം' - പി.എം.എ ഗഫൂറിന്റെ ലേഖനം വിശുദ്ധ ഖുര്‍ആന്‍ വായനയെ പുതിയ അനുഭൂതിയിലേക്ക് നയിക്കുന്നു. ഖുര്‍ആനികമായ അറിവിന്റെ വെളിച്ചത്തിലേക്ക് വളരെ മനോഹരമായി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഖുര്‍ആന്റെ ആഴങ്ങളിലേക്കും പരപ്പുകളിലേക്കും ഊളിയിട്ട് മുത്തുകളും പവിഴങ്ങളും വാരിയെടുക്കുകയും വേദഗ്രന്ഥത്തെ നെഞ്ചോടു അണച്ച്, അളന്നു മുറിച്ച പദങ്ങളില്‍ ഇടമുറിയാതെ എഴുതി ചേര്‍ത്ത വരികളില്‍ മനസ്സ് കേന്ദ്രീകരിക്കുകയും ചെയ്തുകൊ് ഖുര്‍ആനോടൊപ്പം സഞ്ചരിക്കാനാകണം. അപ്പോള്‍ ഖുര്‍ആന്‍ ആസ്വാദ്യകരമായ ഒരനുഭൂതിയായിത്തീരും.

നേമം താജുദ്ദീന്‍ തിരുവനന്തപുരം

 

 

 

 

ബദ്ര്‍ ലേഖനത്തിലെ പിശകുകള്‍

പി.ടി കുഞ്ഞാലി എഴുതിയ 'നീതിയുടെ തേന്മാരി പെയ്തപ്പോള്‍ ബദ്‌റില്‍ സംഭവിച്ചത്' എന്ന ലേഖനത്തില്‍ (വാള്യം 75, ലക്കം 02) വസ്തുതാപരമായ ചില പിശകുകളുണ്ട്. യുദ്ധാനന്തരം ശത്രുക്കള്‍ ചേതനയറ്റു കിടക്കുന്ന പടപ്പറമ്പ് നോക്കി ഗതകാലം ഓര്‍ക്കുന്ന പ്രവാചകനെ വര്‍ണിക്കുന്ന ഭാഗത്ത് 'ദുല്‍ഹുലൈഫയിലെ ചന്തകള്‍' എന്ന് കാണുന്നു. ദുല്‍ഹുലൈഫ മക്കയിലല്ല, മദീനയിലാണ്. മസ്ജിദുന്നബവിയില്‍നിന്ന് മക്കയിലേക്ക് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്ററാണ് അങ്ങോട്ടുള്ള ദൂരം. അബ്‌യാര്‍ അലി എന്നും അറിയപ്പെടുന്ന ഈ പ്രദേശം മദീന വഴി ഹജ്ജിനും ഉംറക്കും പോകുന്നവരുടെ മീഖാത്ത് കൂടിയാണ്. മക്കയില്‍ പ്രവാചകന്‍, ജാഹിലിയ്യാ കാലത്ത് പോയിരുന്ന മൂന്ന് പ്രധാന ചന്തകളാണുണ്ടായിരുന്നത്. ഉക്കാദ്, ദൂമജിന്ന, ദുല്‍മജാസ് എന്നിവ. ഇതില്‍ ഉക്കാദ് ത്വാഇഫിന്റെ ഭാഗത്തും മറ്റു രണ്ടെണ്ണം മക്കയോട് അടുത്ത അറഫ, ജമൂം ഭാഗങ്ങളിലുമായിരുന്നു. ലേഖനത്തില്‍ ഉക്കാദിനെ തൊട്ടടുത്ത വാക്കില്‍ ഉദ്ധരിക്കുന്നതിനാല്‍ ദുല്‍ഹുലൈഫ ചന്ത എന്നതിന് പകരം ദൂ മജിന്ന എന്നോ ദുല്‍മജാസ് എന്നോ ആണ് പറയേണ്ടിയിരുന്നത്. 

'അടുത്ത പ്രഭാതത്തില്‍ കുടീരം പൊളിച്ച് പ്രവാചകനും സൈന്യവും ദേശത്തിലേക്ക് സഞ്ചാരികളായി' എന്ന പ്രയോഗത്തിലും സൂക്ഷ്മതക്കുറവുണ്ട്. യുദ്ധം കഴിഞ്ഞ് മൂന്ന് ദിവസം നബി(സ) ബദ്‌റില്‍ താമസിച്ചിരിക്കാന്‍ ഇടയുണ്ട്. കാരണം വിജയിച്ച എല്ലാ യുദ്ധങ്ങളിലും പ്രസ്തുത പ്രദേശത്ത് മൂന്ന് രാത്രി തങ്ങിയാണ് പ്രവാചകന്‍ മദീനയിലേക്ക് മടങ്ങാറുണ്ടായിരുന്നത് എന്ന് അനസ് (റ) ഉദ്ധരിച്ചിട്ടുണ്ട്. എന്നല്ല ബദ്‌റിലെ വിജയം മദീനയിലുള്ളവരെ അറിയിക്കാന്‍ അബ്ദുല്ലാഹിബ്‌നു റവാഹ, സൈദുബ്‌നു ഹാരിസ എന്നീ അനുചരന്മാരെ നബി മദീനയിലേക്ക് മുന്‍കൂട്ടി അയക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ പിറ്റേന്ന് വെളുപ്പിന് നബി ബദ്ര്‍ വിട്ടിരിക്കാന്‍ ഇടയില്ല.

'പ്രവാചക സൈന്യം മദീനക്ക് യാത്രയായി. യുദ്ധഭൂമിയിലേക്ക് വന്ന ഇത്തിരിപ്പോന്ന മുസ്‌ലിം സൈന്യത്തില്‍ പതിമൂന്ന് പേര്‍ ഇപ്പോള്‍ ഒപ്പമില്ല' എന്ന വാചകവും സൂക്ഷ്മമല്ല. ബദ്‌റില്‍ വിശ്വാസികളില്‍നിന്ന് 14 പേര്‍ രക്തസാക്ഷികളായിട്ടുണ്ട്. മുഹാജിറുകളില്‍നിന്ന് ആറും അന്‍സ്വാറുകളില്‍നിന്ന് എട്ടും. അവരുടെ പേരുകള്‍ ഇപ്പോഴും ബദ്ര്‍ രണഭൂമിയിലെ ഫലകത്തില്‍ കാണാം.

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

 

 

 

ഇസ്‌ലാമിക കലാലയങ്ങള്‍ ആര്‍ജവമുള്ള നിലപാടുകളാണാവശ്യം

മനസ്സുകൊണ്ടാഗ്രഹിച്ചതാണ് ഏറെ കാലത്തിനു ശേഷം വായിക്കാന്‍ കഴിഞ്ഞ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ ലേഖനം. വേറിട്ട ചിന്തയും ഉള്‍ക്കരുത്തും കൊണ്ട് സമ്പുഷ്ടമായ ലേഖനം ആര്‍ക്കൊക്കെയോ നേരെ കണ്ണാടി പിടിക്കുന്നുണ്ട്. സ്വതവേ ദുര്‍ബലത തെര്യപ്പെടുത്തി നിലകൊള്ളുന്ന ഇസ്‌ലാമിക കലാലയങ്ങള്‍, ദുരഭിമാന ശാഠ്യം പേറി വഴിമാറി നടക്കാന്‍ തയാറാകാത്ത നേതൃത്വം, സ്വന്തം മക്കളെ ഇത്തരം കലാലയങ്ങളിലേക്ക് അടുപ്പിക്കാന്‍ വിമുഖത കാട്ടുന്ന നടത്തിപ്പുകാര്‍ തുടങ്ങി ഒട്ടേറെ തലങ്ങളിലേക്ക് ലേഖനം കടന്നു ചെല്ലുന്നുണ്ട്. കേരളത്തില്‍ മര്‍ഹൂം കെ.സി അബ്ദുല്ല മൗലവി ഉള്‍പ്പെടെയുള്ളവരുടെ കാലത്ത് തുടക്കം കുറിച്ച വിദ്യാഭ്യാസ രീതിയും സ്ഥാപനങ്ങളും അല്‍പം പോലും മുന്നോട്ടുപോവാതെ സ്തംഭിച്ചുനില്‍ക്കുന്നത് അനുഭവ യാഥാര്‍ഥ്യമാണ്. പാഠ്യവിഷയങ്ങളിലെ മാറ്റങ്ങളും അധ്യാപകരുടെ ഗുണനിലവാരവും ഭൗതിക സൗകര്യങ്ങളുമടക്കം മാറ്റമാഗ്രഹിക്കുന്ന പലതും കാലം കഴിഞ്ഞതിനു ശേഷമേ ചിന്തയില്‍ വരികയും നടപ്പിലാക്കുകയുമുള്ളൂ എന്നൊരു ശാഠ്യം നാമറിയാതെ നമ്മെ പിടികൂടിക്കൊണ്ടിരിക്കുന്നു. മൗലികമായ മാറ്റങ്ങള്‍ വേണ്ട സ്ഥാപനങ്ങളില്‍ പ്രായോഗികമായി അത് നടപ്പിലാക്കുന്നതില്‍ നാം പലപ്പോഴും പരാജയപ്പെടുന്നു. ആക്ടിവിസ്റ്റുകളുമായും സിനിമാ നിരൂപകരുമായും ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കുന്നവര്‍ അതിന്റെ നാലിലൊന്ന് താല്‍പര്യം പോലും കേരളത്തിലെയും പുറത്തെയും ഇസ്‌ലാമിക പണ്ഡിത പ്രതിഭകളെ കാമ്പസിലേക്ക് കൊണ്ടുവരുന്നതില്‍ കാണിക്കുന്നില്ല. സിനിമാ നിരൂപണവും ആക്ടിവിസവും ഇസ്‌ലാമിക കോളേജുകളിലെ അതിപ്രധാന സംഭവങ്ങളായി കാണുന്നതും വിവിധ ദീനീ പഠന മേഖലകളെ വിദ്യാര്‍ഥികളുമായി ബന്ധിപ്പിക്കുന്നതില്‍ സംഭവിക്കുന്ന പരാജയവും ഗൗരവതരമായി വിലയിരുത്തേണ്ടത് തന്നെയാണ്.

കാലം ആവശ്യപ്പെടുന്ന പണ്ഡിതന്മാരുടെ കുറവ് നികത്താന്‍ നാം ഉദ്‌ഘോഷിക്കുന്ന സ്ഥാപനങ്ങളിലൂടെ സാധ്യമാകുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്.

എന്‍.പി അബ്ദുല്‍ കരീം ചേന്ദമംഗല്ലൂര്‍

 

 

 

സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആധുനികോത്തര സാമൂഹിക മാധ്യമങ്ങള്‍ പുതിയ കാല മനുഷ്യരെ ഏറെ സ്വാധീനിക്കുന്നുണ്ട്. പുതിയ ടെക്‌നോളജിയുടെ സംഭാവനയായ ഈ സാമൂഹിക മാധ്യമങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നത് പ്രായോഗികമോ ആശാസ്യമോ അല്ല തന്നെ. എന്നാല്‍ അതിന്റെ ദുരുപയോഗവും ദുഃസ്വാധീനവും വലിയൊരു സാമൂഹിക പ്രശ്‌നമായി വളര്‍ന്നിരിക്കുന്നുവെന്നത് കാണാതിരിക്കാനുമാവില്ല. സാക്ഷര പ്രബുദ്ധ കേരളത്തില്‍ ഒരു ഹര്‍ത്താല്‍ സംഘടിപ്പിക്കാന്‍ ഒരു വ്യാജ പോസ്റ്റിന് സാധിച്ച സംഭവം ഉദാഹരണം.

നമ്മുടെ സമൂഹത്തെയാകെ ഭീതിയിലാഴ്ത്തിയ 'നിപ്പ' രോഗബാധക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുകയുണ്ടായി. 'നിപ്പ'യെക്കുറിച്ച് അതിശയോക്തിപരവും ഭീതിജനകവുമായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ തൊടുത്തുവിട്ടപ്പോള്‍ പ്രവാസികള്‍ക്കിടയില്‍ അത് സൃഷ്ടിച്ച അങ്കലാപ്പ് കുറച്ചൊന്നുമായിരുന്നില്ല. റമദാന്‍ അവധിക്ക് നാട്ടിലേക്ക് വന്ന പലര്‍ക്കും അവധി തീരാന്‍ കാത്തുനില്‍ക്കാതെ ഗള്‍ഫിലേക്ക് തിരിച്ചുപോവേിവന്നു. പേരാമ്പ്രയില്‍ ഭീതിജനകമായ അവസ്ഥയാണെന്ന തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത് വലിയ കുഴപ്പത്തിന് വഴിവെച്ചു.

സാമൂഹിക മാധ്യമങ്ങള്‍ വ്യാജ-വിദ്വേഷ പ്രചാരണങ്ങളിലൂടെ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്നതാണ് ഏറെ അപകടകരം. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍, ദിവസങ്ങള്‍ക്കു മുമ്പ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്നതില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഒരു പറ്റം ആളുകള്‍ വിഷയം ഏറ്റെടുത്തത് പ്രകോപനത്തിന് ചൂടു പകര്‍ന്നപ്പോള്‍, പ്രതിഷേധ പ്രകടനത്തിലും കല്ലേറിലും തുടങ്ങിയ അസ്വസ്ഥതകള്‍ കലാപമായി വളരുകയുണ്ടായി.

വ്യാജ-വിദ്വേഷ പ്രചാരകര്‍ തങ്ങളുടെ ദുഷ്ട ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ആയുധം മുഖ്യമായും വാട്ട്‌സ്ആപ്പാണ്. ഇന്ത്യയില്‍ 20 കോടി വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുണ്ടത്രെ. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വര്‍ഗീയ വിദ്വേഷവും മുന്‍വിധികളും വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. ഈ വാട്ട്‌സ്ആപ്പ് പ്രചാരണങ്ങള്‍ രാഷ്ട്രീയത്തെയും ഭരണത്തെയും പോലീസിനെയും ജുഡീഷ്യറിയെയും വരെ പല നിലയില്‍ സ്വാധീനിക്കുന്നു.

തനിക്ക് ഒരു ബന്ധു അയച്ച വാട്ട്‌സ്ആപ്പ് സന്ദേശം, സമര്‍ ഹലര്‍ങ്കള്‍ എന്നയാള്‍ എഴുതിയ ഒരു ലേഖനത്തില്‍ ഉദ്ധരിക്കുന്നതിങ്ങനെ: ''മുസ്‌ലിം-ക്രിസ്തന്‍ സുഹൃത്തുക്കളില്‍നിന്ന് എനിക്ക് വരുന്ന സന്ദേശങ്ങളില്‍, അവര്‍ ബി.ജെ.പിക്കാരെ സ്ത്രീപീഡകരായി കാണിക്കുന്നു. രാജ്യത്തിന്റെ പ്രതിഛായ തങ്ങള്‍ തകര്‍ക്കുകയാണെന്ന് അവരോര്‍ക്കുന്നില്ല. ഇതെല്ലാം ചെയ്യുന്നത് ഇസ്‌ലാമിക ഭീകരരും ക്രിസ്ത്യന്‍ മിഷനറിമാരുമാണ്. അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെ സജീവമാണ്.''

''അടുത്ത കാലത്തായി വ്യാജ വാര്‍ത്തകളുടെ കൊടുങ്കാറ്റാണ് കര്‍ണാടകയില്‍ വീശിയടിക്കുന്നത്. മിക്കവാറുമെല്ലാം സാമുദായിക സ്പര്‍ധ ലക്ഷ്യമിട്ടുള്ളതാണ്. ഹിന്ദുത്വ ശക്തികളുടെ ഹീനശ്രമമാണിതെല്ലാം.'' വ്യാജ വാര്‍ത്തകള്‍ നിരീക്ഷിക്കുന്ന ഒരു വെബ്‌സൈറ്റിലെ വാക്യങ്ങളാണ് മുകളിലുദ്ധരിച്ചത്. ഉന്നത നേതാക്കളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും വരെ വ്യാജ വാര്‍ത്തകളെയും വിദ്വേഷ പ്രചാരണങ്ങളെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുമ്പോള്‍ എന്തൊരു അവസ്ഥയിലേക്കായിരിക്കും നാട് എത്തിപ്പെടുക! പുതിയ സാങ്കേതിക വിദ്യ മനുഷ്യ മനസ്സുകളെ സങ്കുചിതമായ തുരുത്തുകളാക്കി മാറ്റിയിരിക്കുന്നുവെന്നതാണ് ഇന്നത്തെ ഗുരുതരമായ ഒരു സാമൂഹിക പ്രതിസന്ധി.

റഹ്മാന്‍ മധുരക്കുഴി

 

 

 

 

കൃത്യനിഷ്ഠയുടെ സംസ്‌കാരം

1973-ല്‍ തലശ്ശേരിയില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി മേഖലാ സമ്മേളനമാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രസ്ഥാന സമ്മേളനം. ഇന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ആ മഹാ സമ്മേളനത്തില്‍ ഏറ്റവും ആകര്‍ഷിച്ചത് ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച സിമ്പോസിയമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ നേതാവ് കെ. ചാത്തുണ്ണി മാസ്റ്റര്‍, ജമാഅത്തെ ഇസ്‌ലാമിയുടെ അമരക്കാരന്‍ ടി.കെ അബ്ദുല്ല സാഹിബ് തുടങ്ങി സ്റ്റേജ് നിറഞ്ഞിരിക്കുന്നു. നിശ്ശബ്ദമായ പതിനായിരങ്ങളുടെ സദസ്സ്. പക്ഷേ, പരിപാടി ആരംഭിക്കുന്നില്ല. ഈയുള്ളവന് ഇതിന്റെ സാഹചര്യം മനസ്സിലായില്ല. സദസ്സും സ്റ്റേജും നിറഞ്ഞിരിക്കെ എന്തുകൊണ്ട് പരിപാടി ആരംഭിക്കുന്നില്ല എന്ന എന്റെ സംശയം പെട്ടെന്ന് നീങ്ങി. സ്റ്റേജിലെ ക്ലോക്കില്‍ സമയം രണ്ട് മണി ആയെന്ന് ക്ലോക്ക് ബെല്ലടിച്ചു ഓര്‍മപ്പെടുത്തി. സമയമായപ്പോള്‍ പരിപാടി ആരംഭിച്ചു. ചാത്തുണ്ണി മാസ്റ്ററുടെ ദീര്‍ഘമായ പ്രസംഗത്തില്‍ രണ്ട് കാര്യങ്ങളാണ് അദ്ദേഹം ആശ്ചര്യപൂര്‍വം ആവര്‍ത്തിച്ചത്. നിറഞ്ഞ സദസ്സിന്റെ നിശ്ശബ്ദതയും പരിപാടികളുടെ സമയനിഷ്ഠയുമായിരുന്നു അവ. സമയത്തിന്റെ കാര്യത്തില്‍ കണിശത പുലര്‍ത്തി പരിപാടികള്‍ നടത്തിയതുകൊണ്ടാവാം വിവിധങ്ങളായ പ്രസ്ഥാന സദസ്സുകളില്‍ മറ്റു പ്രസംഗകര്‍ കൃത്യനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയോട് വിയോജിപ്പുള്ളവര്‍ പോലും ജമാഅത്ത് പരിപാടികളില്‍ കൃത്യനിഷ്ഠ പുലര്‍ത്തി നേരത്തേ എത്തിയതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.

എന്നാല്‍ ഈയിടെയായി ചില പരിപാടികളെങ്കിലും തീരുമാനിച്ചതിലും വൈകി ആരംഭിക്കുന്നതായാണ് അനുഭവം. ഏതെങ്കിലും പ്രമുഖ വ്യക്തികളുടെ വരവ് പ്രതീക്ഷിച്ച് സമയനിഷ്ഠയുടെ സംസ്‌കാരം കളയുന്നത് നല്ല ലക്ഷണമായി കണ്ടുകൂടാ. ഏത് പ്രമുഖനേക്കാളും വലുത് സമയനിഷ്ഠയില്‍ കണിശത പുലര്‍ത്തുന്ന ഉയര്‍ന്ന രീതി തന്നെയാണ്.

പാലാഴി മുഹമ്മദ് കോയ, പരപ്പനങ്ങാടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി