Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 27

3049

1439 ശഅ്ബാന്‍ 10

ശഅ്ബാന്‍ മാസത്തിന്റെ സവിശേഷതകള്‍

ഇല്‍യാസ് മൗലവി

ശഅ്ബാന്‍ മാസത്തിന് വല്ല ശ്രേഷ്ഠതയുമുണ്ടോ? എന്തുകൊണ്ട്?

  എല്ലാ സമയങ്ങളും ദിവസങ്ങളും ഒരു പോലെയല്ല. ചിലതിന് മറ്റു ചിലതിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. അത്തരത്തില്‍ ശ്രേഷ്ഠത കല്‍പിക്കപ്പെട്ട ഒരു മാസമാണ് ശഅ്ബാന്‍. നബി (സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാന്‍ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും അവിടുന്ന്  നോമ്പനുഷ്ഠിച്ചിരുന്നില്ല. 

ആഇശ (റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍ പതിവായി നോമ്പെടുക്കാറുണ്ടായിരുന്നു; തിരുമേനി ഒട്ടും നോമ്പ് ഒഴിവാക്കാറേ ഇല്ല എന്ന് ഞങ്ങള്‍ പറയുവോളം. അതുപോലെ തിരുമേനി നോമ്പ് എടുക്കാറില്ല എന്ന് പറയുവോളം ചില സന്ദര്‍ഭങ്ങളില്‍ നോമ്പെടുക്കാത്ത സ്ഥിതിയും ഉണ്ടാവാറുണ്ട്. എന്നാല്‍ റമദാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി തിരുമേനി(സ) നോമ്പനുഷ്ഠിച്ചതായി ഞാന്‍ കണ്ടിട്ടില്ല. റമദാന്‍ കഴിഞ്ഞാല്‍ പിന്നെ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും നോമ്പനുഷ്ഠിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല'' (ബുഖാരി, മുസ്ലിം). മറ്റു ചില റിപ്പോര്‍ട്ടുകളില്‍ ശഅ്ബാന്‍ മുഴുവനും തിരുമേനി നോമ്പനുഷ്ഠിച്ചിരുന്നു എന്നും കാണാം. ഇത്തരം നിരവധി ഹദീസുകളില്‍നിന്ന് നബി (സ) ഏറ്റവും കൂടുതല്‍ സുന്നത്ത് നോമ്പുകള്‍ എടുത്തിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് മനസ്സിലാക്കാം.

ഇതിന്റെ രഹസ്യമെന്തെന്ന് സ്വഹാബിവര്യന്‍ ഉസാമ (റ) തിരുമേനിയോട് അന്വേഷിക്കുകയുണ്ടായി: 'അല്ലാഹുവിന്റെ റസൂലേ, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ?' തിരുമേനി പറഞ്ഞു: ''റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെപോകുന്ന മാസമാണത്. യഥാര്‍ഥത്തില്‍ ലോകരക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. അതിനാല്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്'' (നസാഈ).

ഇവിടെ പരാമര്‍ശിക്കപ്പെട്ട റജബ് മാസം യുദ്ധം വിലക്കപ്പെട്ട പവിത്ര മാസങ്ങളിലൊന്നാണ്. മറ്റൊന്ന് പരിശുദ്ധ മാസമായ റമദാനും. അവ രണ്ടിനുമിടയിലുള്ള ശഅ്ബാന്‍ ശ്രദ്ധിക്കപ്പെടാതെ പോവുക സ്വാഭാവികം. എന്നാല്‍ അങ്ങനെ അവഗണിക്കേണ്ട മാസമല്ല അതെന്നും, പ്രത്യുത പരമാവധി സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ച് തങ്ങളുടെ കര്‍മരേഖ അല്ലാഹുവിന് സമര്‍പ്പിക്കപ്പെടാന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കേണ്ട മാസമാണ് ശഅ്ബാനെന്നും ആ മാസത്തില്‍ ചെയ്യാവുന്ന പുണ്യകര്‍മങ്ങളില്‍ ഏറ്റവും ഉത്തമം സുന്നത്ത് നോമ്പുകള്‍ ആണെന്നും പഠിപ്പിക്കുകയാണ് ഇവിടെ തിരുമേനി (സ).

 

ശഅ്ബാന്‍ 15-ാം രാവിന് വല്ല ശ്രേഷ്ഠതയുമുണ്ടോ? ഉണ്ടെങ്കില്‍ ആ രാവില്‍  വല്ല പ്രത്യേക ചടങ്ങുകളോ കര്‍മങ്ങളോ ഉണ്ടോ?

ഈ രാവിനാണ് ബറാഅത്ത് രാവ് എന്ന് പറയുന്നത്. ബറാഅത്ത് എന്ന പദത്തിനര്‍ഥം 'മോചനം' എന്നാണ്. നരകശിക്ഷക്ക് അര്‍ഹരായ നിരവധി മനുഷ്യരെ ആ രാവില്‍ അല്ലാഹു മോചിപ്പിക്കുമെന്ന് കരുതുന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. 

ഒരു നൂതന സമ്പ്രദായമെന്ന നിലക്ക് ശഅ്ബാന്‍ പതിനഞ്ചിനു മാത്രം നോമ്പനുഷ്ഠിക്കുന്നതും അന്ന് അങ്ങനെയൊരു നോമ്പുണ്ടെന്ന് ധരിക്കുന്നതും ശരിയല്ല. എന്നാല്‍ ഒരാളുടെ സാധാരണ നോമ്പിന്റെ കൂട്ടത്തില്‍ ശഅ്ബാന്‍ പതിനഞ്ച് കൂടി ഉള്‍പ്പെടുന്നതില്‍ വിരോധവുമില്ല. തിങ്കള്‍, വ്യാഴം ദിവസങ്ങളിലും ചാന്ദ്രമാസത്തിലെ മൂന്നു നോമ്പിന്റെ ദിവസങ്ങളിലും അതു പോലെയുള്ളതിലും അത് വരുന്നതു പോലെ. അപ്പോള്‍ അത് അനഭിലഷണീയമോ കുറ്റകരമോ അല്ല.

ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ടോ എന്ന വിഷയത്തില്‍ രണ്ട് ഭിന്നവീക്ഷണങ്ങളാണ് പണ്ഡിതന്മാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. തല്‍സംബന്ധമായി വന്ന ഹദീസുകളുടെ സ്വീകാര്യതയാണ്  ഈ ഭിന്നതക്ക് ഒരു കാരണം. ഈ വിഷയകമായി വന്നിട്ടുള്ള ഒറ്റ ഹദീസ്‌പോലും സ്വഹീഹായിട്ടില്ല എന്നാണ് ഇമാം ഇബ്നുല്‍ ജൗസിയെപ്പോലുള്ള ഇമാമുമാരുടെ അഭിപ്രായം. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍നിന്ന് മനസ്സിലാവുന്നതും, പ്രഗത്ഭരായ പൗരാണികരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍  അഭിപ്രായപ്പെട്ടതുമെല്ലാം വെച്ചുനോക്കുമ്പോള്‍ ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ട് എന്നാണ് വ്യക്തമാകുന്നത്. ധാരാളം ഹദീസുകള്‍ ഈ വിഷയകമായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും അവയില്‍ ബഹുഭൂരിഭാഗവും ദുര്‍ബലങ്ങളോ കെട്ടിയുണ്ടാക്കിയതോ ആയ ഹദീസുകളാണ്. കൂട്ടത്തില്‍ സ്വീകാര്യയോഗ്യമെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇപ്രകാരമാണ്: 

മുആദുബ്നു ജബല്‍ (റ) നബി(സ)യില്‍നിന്ന് നിവേദനം ചെയ്യുന്നു. തിരുമേനി പറഞ്ഞു: ''ശഅ്ബാന്‍ 15-ാം രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളെയെല്ലാവരെയും വീക്ഷിക്കും. എന്നിട്ട് മുശ്രിക്കിനും പകയും വിദ്വേഷവുമായി പിണങ്ങി നില്‍ക്കുന്നവനുമൊഴിച്ച് എല്ലാവര്‍ക്കും അവന്‍ പൊറുത്തുകൊടുക്കും'' (ത്വബറാനി). ഈ ഹദീസ് ഉദ്ധരിച്ച ശേഷം ശൈഖ് അല്‍ബാനി പറയുന്നു: ''ഇത് സ്വഹീഹായ ഹദീസാണ്. വ്യത്യസ്ത വഴികളിലൂടെ ഒരു കൂട്ടം സ്വഹാബിമാരില്‍നിന്നുതന്നെ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഓരോന്നും മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നു. മുആദുബ്നു ജബല്‍, അബൂ സഅ്ലബ, ഇബ്നു ഉമര്‍, അബൂമൂസല്‍ അശ്അരി, അബൂഹുറയ്റ, അബൂബക്ര്‍, ഔഫുബ്‌നു മാലിക്, ആഇശ തുടങ്ങിയവരാണവര്‍.''

അദ്ദേഹം തുടരുന്നു: ''ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയും വ്യത്യസ്തങ്ങളായ നിവേദക പരമ്പരകളെല്ലാം തന്നെ ചേരുമ്പോള്‍ ഈ ഹദീസ് സ്വഹീഹായിത്തീരുന്നതാണ്. ഈ ഹദീസ് പോലെയുള്ള ഒരു ഹദീസ് സ്വഹീഹാകാന്‍  കാര്യമായ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്തിടത്തോളം ഇതിലും കുറഞ്ഞ എണ്ണം ഉണ്ടായാല്‍ തന്നെ മതിയാകുന്നതാണ്. ഇസ്വ്ലാഹുല്‍ മസാജിദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഖാസിമി, ശഅ്ബാന്‍ 15-ാം രാവുമായി  ബന്ധപ്പെട്ട് സ്വഹീഹായ ഒറ്റ ഹദീസും ഇല്ല എന്ന് ഹദീസ് വിശാരദന്മാരെ അവലംബിച്ച് അഭിപ്രായപ്പെട്ടത് അവലംബിക്കാവുന്ന ഒന്നല്ല. അവരിലാരെങ്കിലും ഇങ്ങനെ സാമാന്യവല്‍ക്കരിച്ച് അഭിപ്രായം പറയുന്നത് അവധാനതയില്ലായ്മ കൊണ്ടും വ്യത്യസ്ത നിവേദക ശ്രേണികളെ സൂക്ഷ്മ നിരീക്ഷണം നടത്താന്‍ പരിശ്രമിക്കാത്തതുകൊണ്ടുമാണ്'' (സില്‍സിലത്തുല്‍ അഹാദീസുസ്സ്വഹീഹ 1143 3/135). സലഫി ആശയക്കാരനായ ശൈഖ് അല്‍ബാനി ശഅ്ബാന്‍ 15-ാം രാവിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ഹദീസ് സ്വീകാര്യമാണെന്ന് വിധിയെഴുതിയിരിക്കുന്നു എന്നര്‍ഥം.

ഇബ്‌നുമാജ ഉദ്ധരിച്ച ഹദീസില്‍ നബി(സ) പറഞ്ഞു: ശഅ്ബാന്‍ പകുതിയിലെ രാത്രിയായാല്‍ ആ രാത്രി നമസ്‌കരിക്കുകയും അതിലെ പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുവിന്‍. അതില്‍ അസ്തമയ സമയത്ത് അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങും എന്നുള്ള ഹദീസിനെ അടിസ്ഥാനപ്പെടുത്തി നോമ്പനുഷ്ഠിക്കുന്നത് അഭികാമ്യമാണോ അല്ലേ, ഈ ഹദീസ് സ്വഹീഹാണോ അല്ലേ എന്നത് സംബന്ധിച്ചും,  അത് അഭികാമ്യമാണെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഫുഖഹാക്കള്‍ എന്തുകൊണ്ട് അത് പരാമര്‍ശിച്ചില്ല എന്നും,  അതിലെ രാത്രിനമസ്‌കാരം കൊണ്ടുള്ള വിവക്ഷ എന്താണെന്നും, അത് സ്വലാത്തുല്‍ ബറാഅയാണോ എന്നും അദ്ദേഹത്തോട് ചോദിച്ചു. 

അദ്ദേഹം മറുപടി നല്‍കി: 

ഇമാം നവവി മജ്മൂഇല്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു:  റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ മഗ്‌രിബിനും ഇശാഇനും ഇടക്ക് നിര്‍വഹിക്കുന്ന സ്വലാത്തുര്‍റഗാഇബും - അത് പന്ത്രണ്ട് റക്അത്താണ് - ശഅ്ബാന്‍ പാതിയിലെ രാത്രിയിലെ നൂറു റക്അത്ത് നമസ്‌കാരവും അധിക്ഷേപാര്‍ഹവും ദുഷ്ടവുമായ ബിദ്അത്തുകളാണ്.  ഖൂത്തുല്‍ ഖുലൂബിലും ഇഹ്‌യാ ഉലൂമിദ്ദീനിലും അത് രണ്ടും പരാമര്‍ശിച്ചിരിക്കുന്നു എന്നതുകൊണ്ടും അത് രണ്ടും സംബന്ധിച്ചു വന്ന പ്രസ്തുത ഹദീസ് കൊണ്ടും വഞ്ചിതനാവരുത്.  അതത്രയും ബാത്വിലാണ് (നിഷ്ഫലം).

അത് രണ്ടും അസാധുവാണന്ന് സമര്‍ഥിച്ചു കൊണ്ട് ഇബ്‌നു അബ്ദുസ്സലാം അമൂല്യമായ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അക്കാര്യം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. അത് രണ്ടിനെയും അവമതിച്ചും അധിക്ഷേപിച്ചും തള്ളിപ്പറഞ്ഞും ഇമാം നവവി തന്റെ ഫത്‌വകളില്‍ ദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്. അത് രണ്ടും സംബന്ധിച്ചുള്ള ഇബ്‌നു സ്വലാഹിന്റെ ഫത്‌വകള്‍ പരസ്പരവിരുദ്ധമാണ്. അത് രണ്ടും ബിദ്അത്താണെങ്കില്‍ സോപാധികമല്ലാത്ത നമസ്‌കാരം സംബന്ധിച്ചുവന്ന പരാമര്‍ശങ്ങളില്‍ അതും ഉള്‍പ്പെടുന്നു എന്നതുകൊണ്ട് രണ്ടും തടയേണ്ടതില്ലന്ന് മറ്റൊരിടത്ത് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.

നമസ്‌കരിക്കാനുള്ള കേവല നിര്‍ദേശം മാത്രമുണ്ട് എന്നൊക്കെ പറയാവുന്ന ഒന്നുമായി ബന്ധപ്പെടുത്തി സവിശേഷമായ ഒന്നും നിര്‍ദേശിക്കാവതല്ലെന്ന് പറഞ്ഞുകൊണ്ട് സുബ്കി അതിനെ ഖണ്ഡിച്ചിട്ടുമുണ്ട്. അതിനാല്‍ തന്നെ പ്രത്യേക കാലവുമായോ സ്ഥലവുമായോ മറ്റു വല്ലതുമായോ ബന്ധപ്പെടുത്തി അങ്ങനെ വല്ലതിനും സവിശേഷത നല്‍കുന്നുവെങ്കില്‍ അത് ബിദ്അത്തിന്റെ ഇനത്തിലാവും ഉള്‍പ്പെടുക. അതില്‍ നിര്‍ദേശിച്ചിരിക്കുന്നത് സാമാന്യമായുള്ളത് മാത്രമാണ്. 

അതിനാല്‍തന്നെ സാമാന്യമായുള്ളത് മാത്രമേ ചെയ്യാവൂ. സവിശേഷമായി നിര്‍ദേശിച്ചത് എന്ന നിലക്കല്ല അത് ചെയ്യേതും. അപ്പോള്‍, അത് രണ്ടും സംബന്ധിച്ച് തെറ്റായ ഊഹം വെച്ചുപുലര്‍ത്തുന്നവരുടെ അഭിപ്രായത്തില്‍നിന്ന് വ്യത്യസ്തമായി സംഘടിതമായോ വ്യക്തിതലത്തിലോ അത് നിര്‍വഹിക്കുന്നത് തടയേണ്ടത് അനിവാര്യമാെണന്നു വന്നു. പൊതു മനസ്സിലും ഫഖീഹുകളായും  ആബിദുകളായും ചമയുന്നവരുടെ മനസ്സിലും കടന്നുകൂടിയ, രണ്ടും പ്രബല സുന്നത്താണെന്നും രണ്ടും പ്രത്യേകം നിര്‍ദേശിക്കപ്പെട്ടതാണെന്നുമുള്ള ധാരണയും അതുമായി ബന്ധപ്പെട്ട ധാരാളം വോത്ത കാര്യങ്ങളും ദൂരീകരിക്കാനാണത്. ശഅ്ബാന്‍ പാതിയിലെ രാത്രി നമസ്‌കാരത്തിന്റെ വിധിയുമായി ബന്ധപ്പെട്ട കാര്യമാണിത് (ഇബ്‌നു ഹജറിന്റെ അല്‍ഫതാവല്‍ ഫിഖ്ഹിയ്യല്‍ കുബ്‌റായില്‍നിന്ന് 2/80).

ഇവ്വിഷയകമായി ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം ഇബ്നു ഹജര്‍ ഹൈതമിയുടെ ഫത്വയാണ് നാം ഉദ്ധരിച്ചത്. ഇനി സലഫി വീക്ഷണക്കാര്‍ക്ക് അഭിമതനായ ഇമാം ഇബ്നു തൈമിയ്യ(റ) പറയുന്നതു കൂടി കാണുക:

ശഅ്ബാന്‍ 15-ാം രാവിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന ധാരാളം ഹദീസുകളും അസറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളില്‍ ചിലര്‍ അതില്‍ പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. ശഅ്ബാന്‍ മാസത്തിലെ നോമ്പിന്റെ വിഷയത്തില്‍ സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. മദീനക്കാരിലും അല്ലാത്തവരിലും പെട്ട മുന്‍ഗാമികളും പിന്‍ഗാമികളുമായ മഹാന്മാരില്‍ ചിലര്‍ അതിന്റെ ശ്രേഷ്ഠത നിഷേധിക്കുകയും, ശഅ്ബാന്‍ 15-ാം രാവില്‍ കലബ ഗോത്രത്തിന്റെ ആട്ടിന്‍പറ്റങ്ങളുടെ രോമത്തിന്റെ എണ്ണത്തിലധികം പേര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കും എന്നതടക്കം ഈ വിഷയകമായി വന്നിട്ടുള്ള സകല ഹദീസുകളും സ്വീകാര്യയോഗ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. പക്ഷേ നമ്മുടെ പക്ഷക്കാരും അല്ലാത്തവരുമായ ഒരുപാട് പണ്ഡിതര്‍ അതിന് ശ്രേഷ്ഠതയുണ്ടെന്ന വീക്ഷണക്കാരാണ്. ഇമാം അഹ്മദിന്റെ അഭിപ്രായവും അതുതന്നെയാണ്. ആ വിഷയകമായി നിരവധി ഹദീസുകളും പൂര്‍വസൂരികളുടെ ചര്യകളുമെല്ലാം വെച്ചുകൊണ്ടാണ് അവരങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിന്റെ ശ്രേഷ്ഠതകള്‍ വ്യക്തമാക്കുന്ന ഹദീസുകള്‍ മുസ്നദുകളിലും സുനനുകളിലുമെല്ലാം തന്നെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു, അല്ലാത്ത പലതും അവയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും (ഇഖ്തിദാഉസ്സ്വിറാത്തില്‍ മുസ്തഖീം  2/63).

ചുരുക്കത്തില്‍, ശഅ്ബാനുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ ഗ്രഹിക്കാം.

1. ശഅ്ബാന്‍ ശ്രേഷ്ഠമായ മാസമാണെന്നതിലോ, തിരുമേനി ആ മാസം വളരെയേറെ ശ്രദ്ധ കൊടുക്കുകയും ഏറ്റവുമധികം സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു എന്നതിലോ തര്‍ക്കമില്ല. 

2. ഒരു വര്‍ഷത്തെ കര്‍മങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണ് ശഅ്ബാന്‍ എന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്.

3. ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ടെന്നാണ് ഹദീസുകളും പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗവും വ്യക്തമാക്കുന്നത്. മറുവീക്ഷണമുള്ളവരും ഉണ്ട്.

4. അന്നേ ദിവസം പകല്‍ പ്രത്യേകം നോമ്പോ രാവില്‍ പ്രത്യേകം പ്രാര്‍ഥനകളോ നമസ്‌കാരമോ ചടങ്ങുകളോ ഒന്നും തന്നെ പ്രമാണങ്ങളിലൂടെയോ സ്വഹാബിമാരുടെ ചര്യയിലൂടെയോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അത്തരത്തില്‍ വന്നവയെല്ലാം അതീവ ദുര്‍ബലമായവയോ കെട്ടിച്ചമയ്ക്കപ്പെട്ടവയോ ആണ്.

5. 15-ാം രാവില്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ക്കും പരസ്പരം പിണങ്ങി പകയും വിദ്വേഷവുമായി കഴിയുന്നവര്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം അല്ലാഹു പാപമുക്തി നല്‍കുന്നു എന്ന ഹദീസ് ശൈഖ് അല്‍ബാനിയുള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ സ്വീകാര്യയോഗ്യമാണെന്ന് വ്യക്തമാക്കിയിരിക്കെ അതു പ്രകാരം ബറാഅത്ത് (വിമുക്തി) എന്ന് ആ രാവിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

6. ആ രാവില്‍ ഈ അനുഗ്രഹം ലഭിക്കാനായി ശിര്‍ക്കുപരമായ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും, പിണക്കവും വിദ്വേഷവുമെല്ലാം അവസാനിപ്പിച്ച് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഊഷ്മളമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. 

7. പ്രാമാണികരായ ഇമാമുകള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരിക്കെ ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പ്രത്യേകതയും  അംഗീകരിക്കുന്നവരെ ആക്ഷേപിക്കാനോ അപഹസിക്കാനോ വകുപ്പില്ല.

 

ശഅ്ബാന്‍ 15-ാം രാവിനാണ് ഖുര്‍ആന്‍ അവതീര്‍ണമായത് എന്ന് പറയുന്നതിന് വല്ല അടിസ്ഥാനവുമുണ്ടോ?

വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തിനാലാം (44) അധ്യായമായ സൂറത്തുദ്ദുഖാനിന്റെ ആരംഭത്തില്‍ പറഞ്ഞിട്ടുള്ള അനുഗൃഹീത രാത്രി കൊണ്ടുള്ള വിവക്ഷ ശഅ്ബാന്‍ പതിനഞ്ചാണെന്ന് ഒരു വിഭാഗം വാദിക്കുകയും അന്ന് പ്രത്യേകം ആരാധനകള്‍ നിര്‍വഹിക്കുകയും ഭക്ഷണ വിഭവങ്ങളുണ്ടാക്കി വിതരണം നടത്തുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും നോമ്പ് നോല്‍ക്കുകയുമെല്ലാം ചെയ്തുവരുന്ന സമ്പ്രദായം ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നു. ഇത് വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. കാരണം ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്:

''തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനെ) ഒരു അനുഗൃഹീത രാവിലാണ് അവതരിപ്പിച്ചിട്ടുള്ളത്'' (സൂറ ദുഖാന്‍: 2) എന്നാണ്. പ്രസ്തുത രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുല്‍ ഖദ്‌റാണെന്നും അത് റമദാനിലാണ് എന്നുമുള്ള കാര്യം ഖുര്‍ആന്‍ തന്നെ മറ്റു സൂറത്തുകളിലൂടെ നമുക്ക് വ്യക്തമാക്കിത്തരികയും ചെയ്യുന്നുണ്ട്:

''തീര്‍ച്ചയായും നാം അതിനെ ലൈലത്തുല്‍ ഖദ്‌റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനെ സംബന്ധിച്ച് നീ എന്താണ് മനസ്സിലാക്കിയിരിക്കുന്നത്? അത് ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയത്രെ'' (സൂറത്തുല്‍ ഖദ്ര്‍).

മേല്‍ പറയപ്പെട്ട രാത്രി റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി(സ) റമദാനിനെ നമുക്ക് ഇപ്രകാരം പരിചയപ്പെടുത്തിതും ഹദീസില്‍ കാണാം: 

''നിങ്ങള്‍ക്കിതാ അനുഗൃഹീതമായ ഒരു മാസം വന്നെത്തിയിരിക്കുന്നു അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്'' (നസാഈ, അല്‍ബാനി 4/129 നമ്പര്‍: 2106).

ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് റമദാനിലാണെന്ന കാര്യവും നമുക്ക് ഖുര്‍ആനില്‍ തന്നെ കണ്ടെത്താവുന്നതാണ്: 

''റമദാന്‍ മാസം, ആ മാസത്തിലാകുന്നു മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും സത്യാസത്യ വിവേചനത്തിനും മാര്‍ഗദര്‍ശനത്തിനുമുള്ള തെളിവുകളുമായിക്കൊണ്ടും ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്'' (അല്‍ബഖറ 185).

പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നുകസീര്‍ (റ) പറയുന്നത് കാണുക: ''ആരെങ്കിലും പ്രസ്തുത (അനുഗൃഹീത രാവ്) ശഅ്ബാന്‍ പതിനഞ്ചിനാണെന്ന് പറഞ്ഞാല്‍ അവന്‍ സത്യത്തില്‍നിന്നും വളരെ ദൂരം അകലെയാണ്, കാരണം ഖുര്‍ആനിന്റെ നസ്സ്വ് (ഖണ്ഡിതമായ അഭിപ്രായം) അത് റമദാന്‍ മാസത്തിലാണ് എന്നതു തന്നെ'' (തഫ്‌സീര്‍ ഇബ്‌നുകസീര്‍ 4/13).

ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു: ''ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ദുഖാനിലെ ആയത്ത് കൊണ്ട് ഉദ്ദേശ്യം ശഅ്ബാന്‍ പകുതിയാണെന്ന് പറയുന്നു. അതു പിഴവാണ്. കാരണം അല്ലാഹു വീണ്ടും പറയുന്നു: 'നിശ്ചയം നാം അതിനെ ലൈലത്തുല്‍ ഖദറില്‍ ഇറക്കി.' ഈ ആയത്ത് ദുഖാനിലെ ആയത്തിനെ വ്യാഖ്യാനിക്കലാണ്'' (ശറഹുല്‍ മുഹദ്ദബ് 6 /448).

ഇമാം റാസി (റ) പറയുന്നു:  ''ബറകത്തായ രാവ് എന്നതിന്റെ വിവക്ഷ ശഅ്ബാന്‍ പകുതിയുടെ രാവാണെന്ന് പറയുന്നവര്‍ക്ക് അവലംബിക്കാന്‍ പറ്റുന്ന യാതൊരു തെളിവും ഞാന്‍ കണ്ടിട്ടില്ല. ഏതോ ചിലയാളുകളില്‍നിന്നും ഈ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് അവര്‍ സംതൃപ്തരാവുകയാണ്. എന്നാല്‍ പ്രതിപാദ്യ വിഷയത്തില്‍ നബി(സ)യില്‍നിന്ന് എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അതിലപ്പുറം ഒന്നും ആവശ്യമില്ല. അങ്ങനെ ഉണ്ടാകാത്തതിനാല്‍ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ബറകത്തായ രാവ് എന്നതിന്റെ വിവക്ഷ ലൈലത്തുല്‍ ഖദ്ര്‍ ആണെന്ന ആദ്യത്തെ അഭിപ്രായമാണ് ശരി'' (തഫ്‌സീര്‍ റാസി 27/238). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (38-42)
എ.വൈ.ആര്‍