പൊതുബോധത്തിനെതിരെയുള്ള സര്‍ഗാത്മക കലാപങ്ങള്‍
പ്രാദേശിക - ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ രാഷ്ട്രീയ - സാംസ്‌കാരിക-സാമ്പത്തിക മണ്ഡലങ്ങള്‍ അതിവേഗം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന പരിസരത്ത്, പ്രാദേശികമായ പച്ചയായ ജീവിതാനുഭവങ്ങള്‍ പോലും മഞ്ഞ കണ്ണട കാഴ്ചയില്‍ ആഗോളവല്‍ക്കരിക്കപ്പെടുന്ന കാലത്ത്, രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ വിവിധ അതിജീവന തന്ത്രങ്ങള്‍ പ്രത്യേകിച്ച് ചലച്ചിത്രമടക്കമുള്ള സര്‍ഗാത്മക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഗഹനമായി ആലോചിക്കേണ്ടതുണ്ട്. സംഗീതം പോലെ സകലതിനെയും ഹറാമാക്കാന്‍ ഊര്‍ജവും സമയവും നീക്കിവെക്കാന്‍ വെമ്പുന്ന കൂട്ടരുള്ള കാലത്ത്, പരമ്പരാഗതമായ യാഥാസ്ഥിതിക ചിന്തകള്‍ കൈവെടിയാന്‍ കൂട്ടാക്കാത്തവരുടെ മുന്നില്‍ മേല്‍ ചിന്തകള്‍ പ്രയോഗവല്‍ക്കരിക്കുക തികച്ചും വെല്ലുവിളി നിറഞ്ഞത് തന്നെയാണ്.
സംഘടനകള്‍ പരമ്പരാഗതമായി കൊണ്ടു നടന്നിരുന്ന പല പ്രചാരണ-പ്രബോധന പ്രവര്‍ത്തനങ്ങളെയും യുക്തിഭദ്രമായി പുനഃസംഘടിപ്പിച്ച്, പ്രബോധിത സമൂഹങ്ങളുടെ മനോഗതികളെ ഉള്‍ക്കൊണ്ട് ഈ ബഹുസ്വര സമൂഹത്തില്‍ അവയെ എങ്ങനെ ശാസ്ത്രീയമായി പുനരാവിഷ്‌ക്കരിക്കാമെന്ന് കൂട്ടായി ആലോചിക്കേണ്ടതാണ്; ചില രാഷ്ട്രീയ-സാംസ്‌കാരിക വാര്‍പ്പുമാതൃകകള്‍ ബോധപൂര്‍വം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇന്നിന്റെ സാഹചര്യത്തില്‍ പ്രത്യേകിച്ചും. അയവും വികാസ ക്ഷമതയും ഊന്നി പിടിക്കുന്ന ഇസ്‌ലാമിക പാഠങ്ങള്‍ ഇതിന് അനുകൂലമാണെന്നതാണ് യാഥാര്‍ഥ്യം. ഇതിനനുഗുണമായ രീതിയില്‍ കര്‍മശാസ്ത്ര സങ്കേതങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടതുമാണ്. അക്ഷര വായനകള്‍ക്കുപരിയായി, വരികള്‍ക്കിടയില്‍നിന്നും സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍നിന്നും ആശയതലങ്ങളും തന്ത്രങ്ങളും പരികല്‍പനകളും രൂപീകരിക്കുക എന്നതാണ് ആദ്യമായി വേണ്ടത്.
തുടക്കത്തില്‍, പൂര്‍ണമായ അര്‍ഥത്തില്‍ ഇസ്‌ലാമിക സംസ്‌കൃതിയിലൂന്നി സിനിമയെടുക്കല്‍ പ്രായോഗികമല്ലെങ്കിലും, അതിനെ പടിക്കു പുറത്തു നിര്‍ത്താതെ ക്രമാനുഗതമായി ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിന്റെ വലയത്തില്‍ കൊണ്ടുവരാന്‍ സാധിക്കേണ്ടതാണ്. ആ വീക്ഷണകോണില്‍ കൂടി തന്നെ ചലച്ചിത്രം എന്ന മാധ്യമത്തെ കാണേണ്ടതുണ്ട്. വളരെ അനുകൂല പ്രതികരണങ്ങള്‍ സൃഷ്ടിച്ച ഉമര്‍ മുഖ്താര്‍, മെസ്സേജ് പോലുള്ള സിനിമാ കലാവിഷ്‌കാരങ്ങള്‍ പ്രചോദനമായി നമ്മുടെ മുന്നിലുണ്ട്. പുറമെ നിരവധി പ്രവാചക - ഖുര്‍ആന്‍ കഥാവിഷ്‌കാരങ്ങളും. അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച അനവധി ഇറാന്‍ ചലച്ചിത്രങ്ങള്‍ നിര്‍മിത പൊതുബോധങ്ങള്‍ക്കെതിരെയുള്ള മികച്ച സര്‍ഗാത്മക പ്രതിരോധ പ്രവര്‍ത്തനങ്ങളായി ഇന്നും എന്നും ജ്വലിച്ചുനില്‍ക്കുന്നവയാണ്. ഈയിടെ ഏറെ ശ്രദ്ധയാകര്‍ഷിച്ച 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയും ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. സകല മേഖലകളിലുമുള്ള പാര്‍ശ്വവല്‍ക്കരണത്തെയും നിഷേധാത്മക പ്രതിനിധാനങ്ങളെയും ഭംഗിയായും ശക്തമായും പ്രതിരോധിക്കുന്നതിന് ചലച്ചിത്രം എന്ന കലാവിഷ്‌കാരത്തെ മികച്ച രീതിയില്‍ ഉപയോഗിക്കാം എന്ന പാഠമാണ് നമുക്കത് നല്‍കുന്നത്.
ഏഴു പതിറ്റാണ്ടിലെത്തി നില്‍ക്കുന്ന നന്മയുടെ ജിഹ്വ
2018 മാര്‍ച്ച് 23 ലക്കത്തിലെ മുഖവാക്ക് ഓര്‍മകളെ നാലരപ്പതിറ്റാണ്ട് പിറകിലേക്ക് കൊണ്ടുപോയി. എസ്.കെ.ഐ.എം.വി ബോര്‍ഡിന്റെ കീഴിലുള്ള കോങ്ങാട് അസാസുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകനായി ജോലി നോക്കുകയായിരുന്നു ഈ കുറിപ്പുകാരന്‍. 1960, 70കളില്‍ ഒരു ബീഡിക്കമ്പനിയിലെ പ്രബോധനം വാരികയുടെ 'വായനക്കാരനാ'യിരുന്നു. അന്നത്തെ ബീഡിത്തൊഴിലാളികള്‍ പാവപ്പെട്ടവരാണെങ്കിലും പ്രബുദ്ധരായിരുന്നു. നക്‌സലൈറ്റ് മുതല്‍ ഇസ്‌ലാമിസ്റ്റ് വരെ അവരിലുണ്ടാവും.
സത്യവും ധര്‍മവും നീതിയും അന്വേഷണ ബുദ്ധിയും കരിഞ്ഞുപോയിട്ടില്ലെന്നും ആ മൂല്യങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഏഴു പതിറ്റാണ്ടിലെത്തിനില്‍ക്കുന്ന പ്രബോധനത്തിന്റെ നിലനില്‍പുതന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രബോധനം ധര്‍മകാഹളമാണ്, വിചാര വിപ്ലവധ്വനിയാണ്. അതിന്റെ വളര്‍ച്ച സമാധാനപ്രേമികള്‍ക്ക് സന്തോഷമാണ്.
അലവി വീരമംഗലം
പ്രസന്നന്റെ ജീവിതമെഴുത്ത്
പ്രസന്നന്റെ ജീവിതം അഞ്ചാം ലക്കവും വായിച്ചു. മഹ്മൂദ് വാടിക്കല്‍ എഴുതിയ പോലെ, വരികളിലുള്ളതിനേക്കാള്‍ വായിക്കാനുള്ളത് വരികള്‍ക്കിടയിലാണ്. രണ്ട് പതിറ്റാണ്ടു മുമ്പ് പ്രസന്നന്റെ ചിന്തോദ്ദീപകമായ കത്തുകള്‍ ഇടക്കിടെ പ്രബോധനത്തില്‍ വരാറുണ്ടായിരുന്നത് ഓര്‍മയിലുണ്ട്. പ്രസന്നന്‍ തൂണേരി എന്ന പേരിലാണെന്ന് തോന്നുന്നു അക്കാലത്ത് എഴുതാറുണ്ടായിരുന്നത്. നീണ്ടകാലത്തിനു ശേഷമാണ് പ്രസന്നന്‍ തന്റെ ജീവിതാനുഭവങ്ങള്‍ എഴുതുന്നത്.
പാണ്ഡിത്യമോ പാരമ്പര്യമോ നോക്കിയല്ല പടച്ചതമ്പുരാന്‍ തന്റെ ഹിദായത്ത് നല്‍കി ഒരാളെ അനുഗ്രഹക്കുന്നതെന്ന് ഈ ജീവിതമെഴുത്ത് നമ്മോട് മന്ത്രിക്കുന്നു.
മമ്മൂട്ടി കവിയൂര്‍
ദയാവധമോ ദയയില്ലാത്ത വധമോ?
ദയാവധത്തെപ്പറ്റി പ്രബോധനത്തില്‍ വന്ന ലേഖനങ്ങള്‍ (ലക്കം 43) വായിച്ചു. ആസന്ന മരണാവസ്ഥയിലുള്ള ഒരാള്‍ മരിക്കുന്ന കൃത്യസമയം ആര്‍ക്കും പ്രവചിക്കാനാകില്ല.
ഒരനുഭവം പറയാം. 1972-ല്‍ ഞാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുമ്പോള്‍ 22 വയസ്സുള്ള ഒരു യുവതി ഈരാറ്റുപേട്ടയില്‍നിന്ന് വന്നു. യുവതിയുടെ കാഴ്ച വളരെ പെട്ടെന്ന് നഷ്ടപ്പെട്ടു. രക്തസമ്മര്‍ദം വളരെ ഉയര്‍ന്ന നിലയിലുമായിരുന്നു. പ്രസവത്തോടനുബന്ധിച്ചായിരുന്നു ഈ രോഗം പിടിപെട്ടത്. ഒന്നു രണ്ട് ദിവസത്തിനകം കാഴ്ച അല്‍പാല്‍പം വന്നുതുടങ്ങി. ക്രമേണ രക്തസമ്മര്‍ദം വളരെ താഴ്ന്ന് അപകടകരമായ നിലയില്‍ എത്തി. മരുന്നുകള്‍ പലതും പ്രയോഗിച്ചെങ്കിലും രക്തസമ്മര്‍ദം സാധാരണ നിലയിലെത്തുന്നില്ല. ഇനി ചികിത്സയൊന്നുമില്ല; രോഗിയെ വീട്ടില്‍ കൊണ്ടുപോകാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആംബുലന്‍സ് ഒരുക്കിനിര്‍ത്തി. രോഗി എന്റെ ഒരകന്ന ബന്ധുവായിരുന്നു. ഞാന്‍ പറഞ്ഞാലേ പോവൂ എന്ന് രോഗി നിര്‍ബന്ധം പിടിച്ചു. രോഗം ഗുരുതരമാവുമ്പോള്‍ വീട്ടില്‍ കൊണ്ടുപോവാന്‍ ഞാന്‍ ഒരു രോഗിയോടും ഉപദേശിക്കാറില്ലെന്ന് രോഗിയോട് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം വേണമെങ്കില്‍ പോകാമെന്നും പറഞ്ഞു. ചുരുക്കത്തില്‍ ആ രോഗി ആശുപത്രിയില്‍നിന്ന് പോവാന്‍ വിസമ്മതിച്ചു. ക്രമേണ രോഗിയുടെ നില മെച്ചപ്പെടാന്‍ തുടങ്ങി. ഒന്നു രണ്ടാഴ്ചക്കുള്ളില്‍ കാഴ്ചയും ശരിയായി, രക്തസമ്മര്‍ദവും സാധാരണയായി.
രണ്ടോ മൂന്നോ കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം 25 വര്‍ഷങ്ങള്‍ക്കു ശേഷം രോഗി മരണപ്പെട്ടു. പ്രഫസര്‍ ഹാക്കിന്‍സിന്റെ കാര്യവും പ്രബോധനത്തില്‍ പ്രതിപാദിച്ചുകണ്ടു. നാം ഒരു രോഗിയെയും എഴുതിത്തള്ളരുത്. പരമാവധി രക്ഷപ്പെടുത്താന്‍ ശ്രമിക്കണം. ശുഭപ്രതീക്ഷ കൈവിടരുത്.
മനുഷ്യന്‍ പൊതുവെ സ്വാര്‍ഥനാണല്ലോ. ദയാവധത്തിന്റെ (ദയയില്ലാത്ത വധം) പേരില്‍ പലരെയും പരലോകത്തേക്കയക്കാന്‍ മടിയില്ലാത്തവരാണ് പലരും. ഇസ്‌ലാമികദൃഷ്ട്യാ ദയാവധത്തിന് ഒരു ന്യായീകരണവുമില്ല. രോഗിയെ വേദനയില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണല്ലോ ദയാവധം. മരണം എല്ലാറ്റിന്റെയും അവസാനമാണോ? അതു കഴിഞ്ഞ് ജീവിതമില്ലേ? അവിടെ വേദനയും കഷ്ടപ്പാടുമില്ലേ? ശവക്കല്ലറയാണ് അന്തിമ ലക്ഷ്യം, അതു കഴിഞ്ഞ് ഒന്നുമില്ല എന്നാണെങ്കില്‍ ദയാവധം നൂറു ശതമാനം ശരിയാണ്. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് മരണം വേദനകളില്‍നിന്നുമുള്ള മോചനമാകുന്നതെങ്ങനെ? അപ്പോള്‍ ദയാവധത്തിന് ഇസ്‌ലാമില്‍ എന്തു പ്രസക്തി?
ഡോ. എം ഹനീഫ് കോട്ടയം
പുനര്‍ജന്മവും ഖബ്ര്‍ ശിക്ഷയും
പ്രബോധനം 45-ാം ലക്കത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയതിന് ഒരനുബന്ധം. ഖബ്ര്‍ എന്നു പറയുന്നത് കല്ലറ മാത്രമാണെങ്കില്‍ ഖബ്ര്‍ ശിക്ഷ മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ശിക്ഷയായിരിക്കും. ഖുര്‍ആനിനെയും അല്ലാഹുവിനെയും നിഷേധിക്കുന്ന എല്ലാവര്‍ക്കും ഈ ശിക്ഷ ബാധകമാണെങ്കില്‍ കത്തിച്ച് ചാരമാക്കിയാലും മരുഭൂമിയില്‍ ആരോരുമറിയാതെ മരിച്ചുവീണ് അവിടെ കിടന്ന് ഉണങ്ങി പൊടിഞ്ഞുപോയാലും കടലില്‍ കെട്ടിത്താഴ്ത്തിയാലും ഈ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനാവില്ല.
അങ്ങനെയെങ്കില്‍ അവരുടെ ഖബ്ര്‍ ഏത്? ശരീരത്തെ വെട്ടിനുറുക്കി പല ഭാഗത്തും കൊണ്ടുപോയി ഉപേക്ഷിക്കുന്ന കൊലപാതകങ്ങള്‍ നടക്കാറുണ്ട്. കുറ്റവാളികള്‍ പിടിക്കപ്പെടാത്ത കൊലപാതകങ്ങളില്‍ ചിലപ്പോള്‍ ശരീര ഭാഗങ്ങള്‍ വീണ്ടെടുക്കപ്പെടാതെ ഇങ്ങനെ തന്നെ ഇല്ലാതായെന്നു വരാം. ഇങ്ങനെ വിടപറഞ്ഞവര്‍ക്കും ഖബ്ര്‍ ഉണ്ടാവേണ്ടതുണ്ടല്ലോ. അപ്പോള്‍ യാതൊരു സംശയത്തിനും വകയില്ലാത്തവിധം വ്യക്തമാണ്, ഖബ്ര്‍ ശിക്ഷ ആത്മാവിനാണെന്ന്. ലേഖകന്‍ പറഞ്ഞപോലെ, നമ്മള്‍ ചിലപ്പോള്‍ സ്വപ്‌നത്തില്‍ ഭയാനക രംഗങ്ങള്‍ അനുഭവിക്കാറുണ്ട്. അപ്പോള്‍ ശരീരം വിയര്‍ക്കുകയും വിറക്കുകയുമൊക്കെ ചെയ്യും. നാം ഞെട്ടിയുണരും. കുറച്ച് വെള്ളമൊക്കെ കുടിച്ച് കണ്ടത് യാഥാര്‍ഥ്യമായിരുന്നില്ല, സ്വപ്‌നമായിരുന്നു എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. അത്തരം സ്വപ്‌നങ്ങളില്‍നിന്ന് ഉണരുകയോ ആരും നമ്മെ ഉണര്‍ത്തുകയോ ചെയ്യുന്നില്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ! അപ്പോഴത് 'ശാരീരിക'മായ യാഥാര്‍ഥ്യം കൂടി ആയി മാറുന്നു. മുസ്‌ലിംകളിലേറെയും ഖബ്ര്‍ ശിക്ഷയെക്കുറിച്ച് പറയുമ്പോള്‍ മരണപ്പെട്ട ആളിന്റെ യഥാര്‍ഥ ശരീരത്തെത്തന്നെയാണ് സങ്കല്‍പിക്കുന്നത്.
എന്നാല്‍ ഹിന്ദു സഹോദരന്മാര്‍ പുരാണങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ സ്വര്‍ഗ നരകങ്ങളില്‍ വിശ്വസിക്കുന്നതോടൊപ്പം പുനര്‍ജന്മത്തിലും വിശ്വസിക്കുന്നു. മനുഷ്യന്‍ അവന്‍ ചെയ്ത പാപത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് പക്ഷി, മൃഗ, സസ്യ, വൃക്ഷാദികളുടെ ശരീരമുള്‍ക്കൊണ്ട് ആത്മാവിലൂടെ പാപഭാരം അനുഭവിക്കേണ്ടിവരും എന്നാണ് വിശ്വാസം. നാം കാണുന്ന നായയോ പൂച്ചയോ ഒക്കെ മുജ്ജന്മ പാപത്തിന്റെ ഫലമായി അങ്ങനെ ആയതാണ് എന്ന് അവരില്‍ പലരും വിശ്വസിക്കുന്നു. നായയുടെയോ പൂച്ചയുടെയോ ഉള്ളില്‍ ഇങ്ങനെ ഏതെങ്കിലും മനുഷ്യന്റെ ആത്മാവാണ് ഉള്ളതെങ്കില്‍, ആ നായയും പൂച്ചയുമൊക്കെ മുജ്ജന്മത്തിലെ പാപഭാരത്താല്‍ ദുഃഖാകുലരായി ഏതെങ്കിലും മൂലയില്‍ ഒതുങ്ങിക്കഴിയുകയല്ലേ വേണ്ടിയിരുന്നത്? എന്നാല്‍ കളിച്ചുരസിക്കുന്ന നായക്കുട്ടികളെയും പൂച്ചക്കുട്ടികളെയുമാണ് നാം കാണുന്നത്. താഴ്ന്ന ജാതിക്കാരുടെ ജന്മവും മുജ്ജന്മ പാപത്തിന്റെ ഫലമാണെന്നാണ് പറയുന്നത്. ഏതെങ്കിലും താഴ്ന്ന ജാതിക്കാരനോട് നീ കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപമെന്തായിരുന്നുവെന്ന് ചോദിച്ചാല്‍ അയാള്‍ക്ക് പറയാന്‍ കഴിയുമോ? ചെയ്ത പാപം ബോധിപ്പിക്കാതെ ശിക്ഷിക്കുന്നത് നീതിക്ക് നിരക്കുന്നതാണോ?
ആമിനാ തെസ്‌കിന്‍ കക്കോടി
മികവുറ്റ ലേഖനങ്ങള്‍
ഏപ്രില്‍ 6 ലക്കം പ്രബോധനം കവര്‍ സ്‌റ്റോറികള്‍ ആകര്‍ഷകവും ചിന്തോദ്ദീപകവുമായി (ജി.കെ എടത്തനാട്ടുകര, അബ്ദുല്‍ ഹകീം നദ്‌വി, ശൈഖ് മുഹമ്മദ് കാരകുന്ന്). ജി.കെ എടത്തനാട്ടുകരയുടെ 'മണ്ണിലൊടുങ്ങുന്നതല്ല, വിണ്ണിലേക്കുയരേണ്ടതാണ് മനുഷ്യഭാഗധേയം' എന്ന ലേഖനം മികച്ചതായി അനുഭവപ്പെട്ടു.
സി.എച്ച് മുഹമ്മദലി കൂട്ടിലങ്ങാടി
Comments