Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 27

3049

1439 ശഅ്ബാന്‍ 10

സിറിയന്‍ ദുരിതം പിന്നെയും ബാക്കി

കിഴക്കന്‍ ഗൂത്വയില്‍ സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദ് സിവിലിയന്മാര്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും സിറിയയിലെ വിവിധ ലക്ഷ്യങ്ങള്‍ക്കു നേരെ നടത്തിയ മിസൈലാക്രമണം, കരുതപ്പെട്ടിരുന്നതുപോലെ വലിയൊരു സംഭവമൊന്നുമല്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. രാസായുധ പ്രയോഗത്തെ തുടര്‍ന്ന് ഇതുപോലൊരു ആക്രമണം കഴിഞ്ഞ വര്‍ഷവും അമേരിക്ക നടത്തിയിരുന്നു. അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല. കാരണം ദുരിതങ്ങളുടെ അറ്റമില്ലാ കടല്‍ താണ്ടുന്ന സിറിയന്‍ ജനതയെ സംരക്ഷിക്കണമെന്ന ഉദ്ദേശ്യമൊന്നും അതിന് പിന്നിലുണ്ടായിരുന്നില്ല. തങ്ങള്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഹിംസ് പ്രവിശ്യയിലെ യുദ്ധ വിമാനത്താവളത്തിനെതിരെ അമേരിക്ക തൊടുത്തുവിട്ട 58 തൊമഹോക്ക് മിസൈലുകള്‍ കാര്യമായ നാശനഷ്ടമൊന്നുമുണ്ടാക്കിയില്ല. അമേരിക്ക നേരത്തെ തന്നെ വിവരം കൊടുത്തിരുന്നതിനാല്‍ എയര്‍ബേസിലെ യുദ്ധ വിമാനങ്ങളും മറ്റും സിറിയയും റഷ്യയും നേരത്തെ തന്നെ മാറ്റിയിരുന്നു! ഇത്തവണത്തെ ആക്രമണവും അത്തരത്തിലുള്ള ഒന്നുതന്നെ. ഇത്തരമൊരു അഭ്യാസം ഏതു നിമിഷവും ട്രംപില്‍നിന്ന് പ്രതീക്ഷിച്ചിട്ടുള്ളതിനാല്‍ റഷ്യ വളരെ കരുതലോടെയിരിക്കുകയായിരുന്നു. മാത്രമല്ല, സിറിയയിലെ റഷ്യയുടെയോ ഇറാന്റെയോ തുര്‍ക്കിയുടെയോ കേന്ദ്രങ്ങളിലൊന്നിനെ പോലും അമേരിക്കന്‍ സഖ്യ സേന ടാര്‍ഗറ്റ് ചെയ്തിരുന്നുമില്ല. അതുകൊണ്ടാണ് റഷ്യ പേരിനൊന്ന് പ്രതിഷേധിച്ച് പിന്‍വാങ്ങിയത്.

അതിസങ്കീര്‍ണമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിയില്‍ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ ഈ മിസൈലാക്രമണത്തിന് കഴിഞ്ഞിട്ടില്ല. കിഴക്കന്‍ ഗൂത്വ ഏതാണ്ട് പൂര്‍ണമായി തന്നെ ബശ്ശാറിന്റെ കൈപ്പിടിയിലമര്‍ന്നു കഴിഞ്ഞു. അരദശ ലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ ബശ്ശാര്‍ എന്ന രക്തദാഹിയുടെ നരമേധത്തിന് ഒരു കുറവും വരികയില്ല. റഷ്യ പിന്നിലുള്ള കാലത്തോളം ആരെയും പേടിക്കേണ്ടാത്ത സ്ഥിതിയിലേക്ക് ബശ്ശാര്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി റഷ്യയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് സിറിയയിലെ കാര്യങ്ങള്‍. ബശ്ശാറിനെ പുറത്താക്കാന്‍ അവസരങ്ങള്‍ തുറന്നുകിട്ടയപ്പോഴൊക്കെ അത് ചെയ്യാതെ ഒബാമ ഭരണകൂടം ആടിക്കളിച്ചതിന്റെ തിക്തഫലം. ഒബാമയുടെ കാലത്ത് തന്നെ കൃത്യമായ ഒരു സിറിയന്‍ അജണ്ട അമേരിക്കക്ക് ഇല്ല. മണിക്കൂറുകള്‍ക്കകം പറഞ്ഞത് വിഴുങ്ങുകയും മാറ്റിപ്പറയുകയുമൊക്കെ ചെയ്യുന്ന ട്രംപില്‍നിന്ന് പിന്നെയെന്ത് പ്രതീക്ഷിക്കാനാണ്! ട്രംപിന്റെ വിദേശനയമാണെങ്കില്‍, സൈനിക വിന്യാസത്തിന്റെ വരവ് ചെലവ് കണക്കുകള്‍ നോക്കി ലാഭമുണ്ടെങ്കില്‍ മാത്രം ഇടപെടാം എന്ന നിലയിലും. അമേരിക്കക്കോ സഖ്യകക്ഷികള്‍ക്കോ വിശ്വാസയോഗ്യമായ ഒരു ദീര്‍ഘകാല പ്ലാന്‍ സിറിയന്‍ വിഷയത്തില്‍ ഇല്ല എന്നതാണ് യഥാര്‍ഥ പ്രശ്‌നം. അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് ഏറെ സഹിച്ചുകഴിഞ്ഞ സിറിയന്‍ ജനതയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (38-42)
എ.വൈ.ആര്‍