പദ്മാവതി ഒരു സാങ്കല്‍പിക കഥാപാത്രം മാത്രമാണ്
നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും വായനക്കാരെ ആകര്‍ഷിക്കുന്ന രചനയാണ് പദ്മാവത് കാവ്യം. സമൂഹത്തെ ആത്മസംസ്‌കരണത്തിലേക്ക് നയിക്കാനുള്ള സൂഫി ആശയങ്ങളാണ് കവിതയുടെ കാതല്‍. എന്നാല്‍, ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ പദ്ധതിക്കുവേണ്ടി ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാര്‍ അതിനെ ദുര്‍വ്യാഖ്യാനിച്ചു.ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് സൈദ്ധാന്തികവും പ്രായോഗികവുമായി കൊളോണിയല്‍ ശക്തികള്‍ ഉള്‍ക്കൊണ്ടിരുന്നു. മൗണ്ട് സ്റ്റുവര്‍ട്ട് എല്‍ഫിന്‍സ്റ്റണ്‍, ലണ്ടനിലെ ഈസ്റ്റിന്ത്യാ കമ്പനിയുടെ മേധാവിയെ ഇന്ത്യക്കാരെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ ഉപദേശിക്കുന്നുണ്ട്. Divide et impera എന്നത് ഒരു പഴയ റോമന്‍ ആപ്തവാക്യമാണ്. അത് നമ്മുടേതു കൂടിയാവണം എന്നായിരുന്നു എല്‍ഫിന്‍സ്റ്റണ്‍ നല്‍കിയ നിര്‍ദേശം.1ബോംബെ പ്രവിശ്യയുടെ ഗവര്‍ണര്‍ പദവിവരെ അലങ്കരിച്ച അദ്ദേഹം ചരിത്രം എഴുതുകയും സഹപ്രവര്‍ത്തകരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഹ്വാനം ശിരസ്സാ വഹിച്ചവരില്‍ ഒരാളായിരുന്നു ജയിംസ് ടോഡ്.
തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയിച്ചടക്കിയതിന്റെയും കുരിശുയുദ്ധങ്ങളുടെയും ഫലമായി രൂപപ്പെട്ട യൂറോപ്പിന്റെ ഇസ്‌ലാം-മുസ്‌ലിം ശത്രുതയാണ് ഇന്ത്യാ ചരിത്ര രചനയില്‍ അവര്‍ പ്രകടിപ്പിച്ചത്. ഇസ്‌ലാമിന്റെ പ്രചാരകര്‍ ഇന്ത്യയില്‍ വന്നതോടെ ഹിന്ദുവും മുസ്‌ലിമും പരസ്പരം ഏറ്റുമുട്ടി, അത് സാമുദായിക ധ്രുവീകരണത്തിലേക്ക് നയിച്ചു എന്നൊരു സിദ്ധാന്തമുാക്കി അതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊളോണിയല്‍ ചരിത്ര രചന ഇന്ത്യാ ചരിത്രത്തില്‍ ഇടപെട്ടത്.2 അതിന് സഹായകമായ രേഖകളും പ്രമാണങ്ങളും കണ്ടെത്തിപ്രചരിപ്പിക്കുന്നത്, ജീവിതവ്രതമായി അവര്‍ തെരഞ്ഞെടുത്തു. കോളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് സ്വമേധയാ വഴങ്ങാത്ത രേഖകളെയും രചനകളെയും അനുകൂലമായി വ്യാഖ്യാനിക്കാനും സാമൂഹികമായ അഭിപ്രായ രൂപീകരണം നടത്താനും ശ്രമിച്ചു. അതിന് പൗരസ്ത്യ പഠനങ്ങള്‍ (Oriental Studies) എന്ന ഗവേഷണ പദ്ധതിക്ക് അവര്‍ തുടക്കം കുറിച്ചു.
പശ്ചിമേന്ത്യ(രജപുത്താന )യിലെ വിവിധ ഗോത്രങ്ങളുടെ ചരിത്രം രചിക്കാന്‍ ജയിംസ് ടോഡ് കണ്ടെത്തിയ രേഖകളില്‍ സുപ്രധാനംപദ്മാവത് കാവ്യമായിരുന്നു. ആത്മസംസ്‌കരണാര്‍ഥം രചിച്ച തികച്ചും സാങ്കല്‍പികമായ കാവ്യമാണിതെന്ന് കവിതയുടെ അവസാനം കവി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കവിയുടെ തുറന്നുപറച്ചില്‍ അംഗീകരിക്കാതെ, കൊളോണിയല്‍ ലക്ഷ്യങ്ങള്‍ക്ക് പദ്മാവത് കാവ്യത്തെ ചരിത്രരേഖയായി വ്യാഖ്യാനിക്കാനാണ് ജയിംസ് ടോഡ് ശ്രമിച്ചത്. പശ്ചിമേന്ത്യന്‍ ചരിത്ര ഗ്രന്ഥമായ Annals and Antiquities of Rajastan (രാജസ്ഥാന്റെ പ്രാചീനതകളും പുരാവൃത്തങ്ങളും) എന്ന ഗ്രന്ഥത്തില്‍3 ആ രീതിയിലാണ് പദ്മാവത് കാവ്യത്തെ അദ്ദേഹം സമീപിക്കുന്നത്. കാവ്യത്തിന്റെ തെരഞ്ഞെടുത്ത ഭാഗങ്ങളായിരുന്നു നാടോടി ഗായകന്മാര്‍ പാടി നടന്നത്. അവയെ യഥാര്‍ഥ പ്രാദേശിക ചരിത്രമായി ആഘോഷിക്കുകയാണ് ജയിംസ് ടോഡ്. അതിലൂടെ കൊളോണിയല്‍ ചരിത്രവും പൗരസ്ത്യ പഠനങ്ങളും ലക്ഷ്യമാക്കുന്ന തത്ത്വശാസ്ത്രത്തില്‍ എത്തിച്ചേരാന്‍ ടോഡിന് കഴിഞ്ഞതായി റോമിലാ ഥാപ്പര്‍ വ്യക്തമാക്കിയിരിക്കുന്നു. പരമ്പരാഗതമായ കുലീന ജനവിഭാഗമാണ് രജപുത്രന്മാര്‍. മുസ്‌ലിം രാജവംശവുമായും മുസ്‌ലിം ഭരണകൂടങ്ങളുമായും തങ്ങള്‍ക്കുണ്ടായിരുന്ന വിവാഹ ബന്ധങ്ങളെയും രാഷ്ട്രീയ സഖ്യങ്ങളെയും അവര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും, മുസ്‌ലിംകള്‍ക്കെതിരെ ജീവന്‍ ബലിനല്‍കി ചെറുത്തുനിന്നു എന്നുമുള്ള ധാരണയാണ് ടോഡ് പ്രചരിപ്പിച്ചത്.4 ഓറിയന്റലിസ്റ്റ് പഠനങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ്, രജപുത്താനയുടെ ചരിത്രത്തെയും പദ്മാവത് കാവ്യത്തെയും അദ്ദേഹം സമീപിച്ചതെന്ന് സമീപകാലത്തു നടന്ന പഠനങ്ങള്‍ പോലും വ്യക്തമാക്കുന്നുണ്ട്.5 ബ്രിട്ടീഷ് അധിനിവേശത്തിന്റെ മുമ്പുള്ള രജപുത്താനയുടെ ചരിത്രത്തെ കൊളോണിയല്‍ വീക്ഷണത്തിന് അനുസരിച്ചാണ് ജയിംസ് ടോഡ് അവതരിപ്പിച്ചത്.ഭിന്നിപ്പിച്ചു ഭരിക്കല്‍ പദ്ധതി അതിലൂടെ ലക്ഷ്യപ്രാപ്തിയില്‍ എത്തി.അതിന് പദ്മിനി (പദ്മാവത്) കഥയെ, ജയിംസ് ടോഡ് പുനരവതരിപ്പിച്ചതായിരമ്യ ശ്രീനിവാസനും സൂചിപ്പിക്കുന്നു.6
കൃതിയെ വിപുലമായി സംവേദനം ചെയ്യാന്‍ ശേഷിയുള്ള ചിഹ്നങ്ങളും മുദ്രകളുമാണ് രചനാവേളയില്‍ എഴുത്തുകാര്‍ തെരഞ്ഞെടുക്കുക. ചിലപ്പോള്‍ അവ പ്രമേയത്തെ പോലും കവിഞ്ഞുനില്‍ക്കും. കൃതിയെ ജനകീയവല്‍ക്കരിക്കുന്നതിലും ആസ്വാദനതലം വിപുലീകരിക്കുന്നതിലും അവക്ക് വലിയ പങ്കുണ്ട്. അത്തരം ഘടകങ്ങളിലൂടെ പദ്മാവത് കാവ്യത്തെ അലങ്കരിക്കാന്‍ മാലിക് മുഹമ്മദ് ജായസിക്ക് കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിന്റെ ഛായയുള്ള ചിത്തോര്‍, രത്തന്‍ സിംഗ്, അലാവുദ്ദീന്‍ ഖല്‍ജി എന്നിവ ഉദാഹരണം. സാങ്കല്‍പിക കഥാപാത്രമായ പദ്മാവതിലൂടെയാണ് അവയെ കോര്‍ത്തിണക്കിയത്. എന്നാല്‍ കവി പ്രയോഗിച്ച കാവ്യരസങ്ങളെ ധ്രുവീകരണശേഷിയുള്ള മുദ്രകളായി വികസിപ്പിക്കുകയായിരുന്നു ജയിംസ് ടോഡ്. അതോടെ അവ രജപുത്താനയുടെ കലാപ രസങ്ങളായി. ജായസിയുടെ പദ്മാവത് കാവ്യത്തിലെ വിവരണപ്രകാരം റാണാ രത്തന്‍ സിംഗ് കൊല്ലപ്പെടുന്നത്, പദ്മാവതിയെ അപഹരിക്കാന്‍ എത്തിയ കുംഭല്‍നേറിലെ രാജാവായ ദേവപാലനുമായുള്ളയുദ്ധത്തിലാണ്;അലാവുദ്ദീന്‍ ഖല്‍ജിയുമായി ഉണ്ടായ ഏറ്റുമുട്ടലിലൂടെയല്ല (പദ്മാവത് -ഖണ്ഡം: 55). ദേവപാലനുമായുള്ള യുദ്ധത്തില്‍ രത്തന്‍ സിംഗ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പദ്മാവതിയും നാഗമതിയുമെല്ലാം ജൗഹര്‍ (ശത്രുസേനയുടെ വിജയത്തില്‍ പ്രതിഷേധിച്ചുള്ള സതി) അനുഷ്ഠിക്കുന്നത് (പദ്മാവത് -ഖണ്ഡം: 57). എന്നാല്‍ രത്തന്‍ സിംഗിന്റെ മൃത്യുവിനെയും പദ്മാവതിയുടെ സതിയെയും ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിന്റെ ഇന്ധനമാക്കി പ്രചരിപ്പിക്കുകയായിരുന്നു ജയിംസ് ടോഡിന്റെ കൊളോണിയല്‍ ചരിത്രം. ആ വഴിയിലൂടെയാണ് പദ്മാവതി ഐതിഹ്യമായി വളര്‍ന്നതും ചരിത്രത്തിന്റെ മുഖംമൂടി അണിഞ്ഞതും.
എന്നാല്‍ ജയിംസ് ടോഡിന്റെ സാമ്രാജ്യത്വ ചരിത്രവീക്ഷണങ്ങളോട് വിയോജിച്ചവരും ഏറെയാണ്. അവര്‍ പദ്മാവത് കാവ്യം പ്രതിനിധാനം ചെയ്യുന്ന സമന്വയ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ചു.ജായസിയുടെ ധൈഷണിക ലോകത്തെ പരിചയപ്പെടുത്തി, ഭാരതീയ സൂഫിസാഹിത്യത്തിന്റെ കൈവഴികളിലേക്ക് വിരല്‍ചൂണ്ടുന്ന പഠനങ്ങള്‍ നടത്തിയിട്ടു് ആചാര്യ രാമചന്ദ്ര ശുക്ല. ഹൈന്ദവ പശ്ചാത്തലമുള്ള ഒരു കഥാതന്തുവിലൂടെ സൂഫീ ആശയത്തിലെ ഭക്തിയും ജീവിതസുകൃതവും കൈവരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് ജായസി. അതിലൂടെസമന്വയ സംസ്‌കാരത്തെയാണ് കവി പ്രതിനിധീകരിക്കുന്നത്. ഹിന്ദു-മുസ്ലിം ചിന്താധാരകള്‍ രണ്ടു വഴിക്ക് പോകാതെ അവ സാംസ്‌കാരികമായ ആദാനപ്രദാനങ്ങള്‍ക്കുള്ളവഴിയൊരുക്കുകയാണ് ചെയ്തത്. ഏതെങ്കിലും ഒന്ന് ഇകഴ്ത്തപ്പെടേണ്ടതല്ലെന്നും രണ്ടിനെയും സാഹോദര്യബുദ്ധ്യാ സമീപിക്കുകയാണ് വേണ്ടതെന്നുംപദ്മാവത് കാവ്യത്തിന്റെ ആമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യസരണിയില്‍പെട്ട ജായസിയുടെ ഗുരു പരമ്പരകളെയും രാമചന്ദ്ര ശുക്ല പരാമര്‍ശിക്കുന്നു.7
ചരിത്ര പഠനങ്ങള്‍
അലാവുദ്ദീന്‍ ഖല്‍ജി ചിത്തോര്‍ കീഴടക്കിയതും റാണാരത്തന്‍ സിംഗ് പരാജയപ്പെട്ടതും ചരിത്രമാണ്. എന്നാല്‍ അതിനപ്പുറം പദ്മാവത് കാവ്യത്തിലെ വിവരണത്തിന് ചരിത്രത്തിന്റെ സ്ഥാനം നല്‍കുന്നത് വസ്തുനിഷ്ഠമായ ചരിത്ര രചനയല്ല; മിത്തുകളുടെയും കഥകളുടെയും ചരിത്രവല്‍ക്കരണമാണ്. ജയിംസ് ടോഡിന്റെ ഇടപെടല്‍ മുഖേന സംഭവിച്ചത്, വസ്തുനിഷ്ഠമായ ചരിത്രത്തിന്റെ സ്ഥാനത്തേക്കുള്ള മിത്തുകളുടെയും സങ്കല്‍പ്പങ്ങളുടെയും ആഗമനമായിരുന്നു.അതിനെതിരെ ഒട്ടേറെ ചരിത്രകാരന്മാര്‍ രംഗത്തുവരികയുണ്ടായി.രാജസ്ഥാനിലെ വിഖ്യാത ചരിത്രകാരനായ ഗൗരീശങ്കര്‍ ഹീരാചന്ദ് ഓജ (1863-1947) 'രജപുത്താന കാ ഇതിഹാസ്' എന്ന രചനയിലൂടെ പദ്മാവതിയുടെ ചരിത്രപരമായ നിലനില്‍പ്പിനെ ചോദ്യം ചെയ്തു.8 ചരിത്ര രേഖകളിലെ റാണാ രത്തന്‍ സിംഗോ അലാവുദ്ദീന്‍ ഖല്‍ജിയോ, ചിത്തോറോ അല്ല ജായസിയുടെ കവിതയിലേത്. ചിത്തോറിലെ കൊട്ടാരത്തില്‍ പദ്മാവതി എന്ന രാജ്ഞിയോ രാജകുമാരിയോ ജീവിച്ചിരുന്നതായി, പദ്മാവത് കാവ്യത്തിനു മുമ്പ് ഒരു രേഖയിലും പ്രതിപാദിച്ചിട്ടില്ല. രത്തന്‍ സിംഗിന്റെ സമകാലികനായ ശ്രീലങ്കന്‍ ഭരണാധികാരി പരാക്രം ഭാഹു നാലാമനാണ്. ജായസി സൂചിപ്പിച്ച ഗന്ധര്‍വ സേനനോ, ജയിംസ് ടോഡ് പറയുന്ന ഹാമിര്‍ സംഗോ അല്ലെന്നും ഓജ വ്യക്തമാക്കി. ഈശ്വരി പ്രസാദ്, മുഹമ്മദ് ഹബീബ്, ഖലീഖ് അഹ്മദ് നിസാമി, കിഷോരി ശരണ്‍ ലാല്‍, സതീഷ് ചന്ദ്ര തുടങ്ങിയ ചരിത്രകാരന്മാരെല്ലാം ഓജയുടെ പഠനങ്ങളെയാണ്പിന്തുണക്കുന്നത്.
ചരിത്രത്തിന്റെ പിന്‍ബലം ഇല്ലാത്തതാണ് ഇന്ന് പ്രചാരത്തിലുള്ള പദ്മാവതി കഥ. മേവാറിലെയും രജപുത്താനയിലെയും ജനങ്ങള്‍ക്ക് അത് അറിയാമായിരുന്നു എന്നാണ് ഓജയുടെ പഠനം നല്‍കുന്ന സൂചന. കഥയുടെ ഇതിവൃത്തത്തില്‍(ജഹീ)േനിന്ന് പല ഭാഗങ്ങളും ഉപേക്ഷിച്ച ശേഷമാണ് നാടോടി ഗായകന്മാര്‍ അത് പാടി നടന്നതെന്ന് ഈശ്വരി പ്രസാദും സൂചിപ്പിക്കുന്നു. രത്തന്‍ സിംഗിന്റെയും പദ്മാവതിയുടെയും പ്രേമവര്‍ണന, അലാവുദ്ദീന്‍ ഖല്‍ജിയുടെ ആക്രമണങ്ങള്‍, പദ്മാവതിയുടെ സതിയാചരണം തുടങ്ങിയവയാവണം നാടോടി ഗായകര്‍ പ്രചരിപ്പിച്ചിട്ടുണ്ടാവുക. പദ്മാവതിയുടെ പ്രതീകമായി പൊതുബോധത്തില്‍ കത്തിനില്‍ക്കുന്നവയും അവയാണല്ലോ. കവിതയിലെ സൂഫി വീക്ഷണങ്ങളോ ദുരാഗ്രഹങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനുള്ള അധ്യാപനങ്ങളോ പ്രവാചകന്റെയും നാല് ഖലീഫമാരുടെയും സരണി പിന്തുടരാനുള്ള കവിയുടെ ആഹ്വാനമോ നാടോടി ഗായകരെ സ്വാധീനിച്ചിട്ടുണ്ടാവില്ല. നാടുനീളെ വാമൊഴിയായി പ്രചരിക്കുന്ന നാടോടി ഗാനങ്ങള്‍ക്ക് പദ്മാവത്കവിതയില്‍നിന്നുള്ള വ്യത്യാസം വിലയിരുത്തി വീഴ്ച തിരുത്തുന്നതിനുള്ള ശ്രമവും ഉണ്ടായില്ല. പകരം ഉദയ്പൂര്‍ കൊട്ടാരത്തിലെ പില്‍ക്കാലക്കാര്‍ നാടോടി ഗാനാലാപനം ഒരു കീഴ്‌വഴക്കമായി സ്വീകരിച്ചു.അത് പിന്നീട് പദ്മാവതി തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന വീക്ഷണത്തിലേക്ക് അവരെ നയിക്കുകയായിരുന്നു എന്നാണ് ഈശ്വരി പ്രസാദ് സൂചിപ്പിക്കുന്നത്.9
ചരിത്ര യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാത്ത ഒട്ടേറെ പരാമര്‍ശങ്ങള്‍ കവിതയില്‍ ഉണ്ടെന്നാണ്കിഷോരി ശരണ്ടണ്‍ ലാലിന്റെ നിരീക്ഷണം. അലാവുദ്ദീന്‍ ഖല്‍ജി ചിത്തോര്‍ ആക്രമിക്കുമ്പോള്‍ റാണാ രത്തന്‍ സിംഗ് അധികാരത്തില്‍ വന്ന് ഒരു വര്‍ഷം പിന്നിടുന്നേ ഉണ്ടായിരുന്നുള്ളൂ. ആ ചുരുങ്ങിയ കാലത്തിനിടയില്‍ പദ്മാവതിയെ തേടി ശ്രീലങ്കയിലേക്ക് പുറപ്പെട്ടു എന്നും പന്ത്രണ്ടു വര്‍ഷം അവിടെ താമസിച്ചു എന്നുമുള്ള ആഖ്യാനത്തിന് ചരിത്രവുമായി ബന്ധമില്ല.10കവിതയിലെ ദുര്‍ബലമായ മറ്റൊരു വാദം, എട്ടു വര്‍ഷം കൊണ്ടാണ് ചിത്തോര്‍ കീഴ്‌പ്പെടുത്തിയതെന്ന പരാമര്‍ശമാണ്. എന്നാല്‍ അലാവുദീന്‍ ഖല്‍ജിയോടൊപ്പം ചിത്തോറില്‍ എത്തിയ അമീര്‍ ഖുസ്‌റു യുദ്ധം ആരംഭിച്ചതും അവസാനിച്ചതുമായ കാലഗണന കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് ഹിജ്‌റ വര്‍ഷം 702 ജമാദുസ്സാനി (ജമാദുല്‍ ആഖിര്‍) എട്ടു മുതല്‍ 703 മുഹര്‍റം പതിനൊന്ന് വരെയായിരുന്നു ചിത്തോര്‍ കോട്ട ഉപരോധിച്ചത്. അഥവാ ഹിജ്‌റ വര്‍ഷ പ്രകാരം എട്ട് മാസം. ക്രിസ്തു വര്‍ഷത്തിലെ കാലഗണന അനുസരിച്ച് 1303 ജനവരി 28 മുതല്‍ ആഗസ്റ്റ് 26 വരെയുള്ള ഏഴു മാസം. മഴക്കാലവും റമദാനുമെല്ലാം അതിനിടയില്‍ കഴിഞ്ഞതായി അമീര്‍ ഖുസ്‌റു വിവരിച്ചിട്ടുണ്ട്.
ചിത്തോര്‍ കോട്ട കീഴടക്കിയപ്പോള്‍ ജൗഹര്‍ (ശത്രുസേനയുടെ വിജയത്തില്‍ പ്രതിഷേധിച്ചുള്ള സതി) നടന്നതായ സൂചനകളൊന്നും അമീര്‍ ഖുസ്‌റുവിന്റെ വിവരണത്തിലില്ല. ഖല്‍ജിയും റാണാ രത്തന്‍ സിംഗും തമ്മില്‍ നടന്ന യുദ്ധത്തിന്റെ എല്ലാ വിശദാംശങ്ങളും ഖുസ്‌റു നല്‍കുന്നുണ്ട്.
അവിടെ സതി അനുഷ്ഠാനം നടന്നിട്ടുണ്ടെങ്കില്‍ അത് മാത്രം രേഖപ്പെടുത്താതിരിക്കാന്‍ ന്യായമില്ല. അതിനാല്‍ ചിത്തോറിലെ സതിയെ പരാമര്‍ശിക്കാതിരുന്നത് അവിടെ സതിനടക്കാതിരുന്നതിനാലാവാം എന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.11 ചിത്തോര്‍ കോട്ടയിലെ സതിയെ വര്‍ണിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ പില്‍ക്കാലത്തെ ചരിത്രബാഹ്യമായ കഥകളില്‍നിന്ന് കടംകൊണ്ടതാണ് എന്നതിലും തര്‍ക്കമില്ല. ദേവപാലനുമായുണ്ടായ യുദ്ധത്തില്‍ റാണാ രത്തന്‍ സിംഗ് വധിക്കപ്പെട്ടപ്പോഴായിരുന്നു സതി നടന്നതെന്നാണ് പദ്മാവത് കാവ്യത്തില്‍. എന്നാല്‍ ജയിംസ് ടോഡ് കൊളോണിയല്‍ താല്‍പര്യങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അലാവുദ്ദീന്‍ ഖല്‍ജിയുടെ പേരിലേക്ക് അത് മാറ്റിയെഴുതി. ഒപ്പം തടവിലുള്ള രത്തന്‍ സിംഗിന് വീരമൃത്യു ചാര്‍ത്തികൊടുക്കാനും മറന്നില്ല.
അതോടെ ജായസിയും കവിതയിലെ സൂഫി ദര്‍ശനവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. പില്‍ക്കാലത്ത് രജപുത്ര വീര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായി റാണാ രത്തന്‍ സിംഗും പദ്മാവതിയും ഉയര്‍ന്നുവന്നു. ഒപ്പം മുസ്‌ലിം ഭരണാധികാരികളുടെ ഹൈന്ദവ മര്‍ദനത്തിന്റെ പ്രതിബിംബമായി അത് വായിക്കപ്പെടാനും ഇടയായി. ഹിന്ദു - മുസ്‌ലിം വിഭാഗീയതയുടെ വിത്തും തേടി നടന്ന ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ക്ക് കവി തെരഞ്ഞെടുത്ത ചിഹ്നങ്ങളും പ്രതീകങ്ങളും ഉപേക്ഷിക്കാന്‍ പറ്റാത്ത വിഭവമായത് അങ്ങനെയാണ്. അതിന്റെ ഫലമായി അന്ന് കൊളോണിയല്‍ താല്‍പര്യങ്ങളുടെ പ്രസാരണത്തിനും, പിന്നീട് വര്‍ഗീയ മേധാവിത്വത്തിന്റെ ആണിക്കല്ലായി ആഘോഷിക്കപ്പെടാനും ജായസിയുടെ പദ്മാവത് ഇരയായി. ജായസിക്ക് മുമ്പുള്ള ഏതെങ്കിലും ചരിത്ര ഗ്രന്ഥങ്ങളിലോ സാഹിത്യ കൃതികളിലോ നാടോടി ഗാനങ്ങളിലോ രാജസ്ഥാനിലെ പുരാവൃത്തങ്ങളില്‍ പോലുമോ, സിംഹള ദേശത്തെ രാജകുമാരിയായ പദ്മാവതിയെപ്പറ്റി പരാമര്‍ശിക്കുന്നില്ല. രജപുത്താനയിലോ സമീപ ദേശത്തോ ഉള്ള, രാജകൊട്ടാരത്തിലോ കുടിലിലോ ഒരു പദ്മിനിയോ പദ്മാവതിയോ ജീവിച്ചത് ചരിത്രപരമായി ഇനിയും തെളിയിക്കപ്പെട്ടിട്ടുമില്ല. മുകളില്‍ പരാമര്‍ശിച്ചതുപോലെ ഖല്‍ജിയുടെ ചിത്തോര്‍ ആക്രമണം കഴിഞ്ഞ് 237 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പദ്മാവത് കാവ്യം പിറക്കുന്നത്. അതിനാല്‍ ജായസിയുടെ പദ്മാവത് കവിത ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത പൂര്‍ണമായും സാങ്കല്‍പികമായ രചനയാണ്. കവിയുടെ കാവ്യരസങ്ങളെ കൊളോണിയല്‍ പരിപ്രേക്ഷ്യത്തില്‍ അടയാളപ്പെടുത്തിയതിന്റെ അനിവാര്യമായ ദുരന്തമാണ് സമൂഹത്തില്‍ അവ സൃഷ്ടിക്കുന്ന കലാപങ്ങള്‍.
അലാവുദ്ദീന്‍ ഖല്‍ജിയുടെ ചിത്തോര്‍ ആക്രമണത്തെപ്പറ്റിയുള്ള ചരിത്ര രേഖകളെ അവഗണിച്ച്, ജയിംസ് ടോഡിന്റെ കൊളോണിയല്‍ ദുര്‍വ്യാഖ്യാനത്തെ പിന്തുടരുകയാണ് പലരും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 2018 ജനുവരിയില്‍ പുറത്തിറങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ഹിന്ദി ചലച്ചിത്രമായ പദ്മാവത്. ചരിത്ര വസ്തുതകള്‍ക്കു നേരെ കണ്ണടച്ച്, കൊളോണിയല്‍ ബിംബങ്ങള്‍ ജനകീയമാക്കാനുള്ള ശ്രമമാണ് അതില്‍. മധ്യകാല ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ സാന്നിധ്യത്തെ വെറുപ്പിലൂടെ അടയാളപ്പെടുത്തുന്ന ആ സിനിമക്കെതിരെ തുടക്കത്തില്‍ സംഘ് പരിവാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിന് അത് സഹായകമാണെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ പ്രതിഷേധം മയപ്പെടുത്തുകയാണുായത്.
(അവസാനിച്ചു)
അവലംബം
1. 1. Shashi Tharoor-An Era of Darkness: The British Empire in India - page 120, New Delhi-2016. അതൊരു റോമന്‍ ആപ്തവാക്യമായിരുന്നില്ലെന്നും മാസിഡോണിയയിലെ ഫിലിപ്പ് രാമനായിരുന്നു ആ പ്രയോഗം നടത്തിയിരുന്നതെന്നും ശശി തരൂര്‍ സൂചിപ്പിക്കുന്നു.
2. Romila Thapar-Early India: From the Origins to AD 1300, page 20, New Delhi
3. James Tod- Annal and Antiquities of Rajasthan- Vol- One - Page 262-266. London - 1829
4. Romila Thaper- Early India : From the Origins to AD 1300, page 10
5. Renu Bahuguna - James Tod: A Critical Examination- Proceedings of the Indian History Congress- 74th Session- 2013
6. Ramya Sreenivasan- The Many Lives of A Rajput Queen: Historical pasts in India- 2007.
7. ആചാര്യ രാമചന്ദ്ര ശുക്ല-ജായസി ഗ്രന്ഥാവലി (ഹിന്ദി), പേജ് 1-10
8. Gauri Shankar Hirachand Ojha- Rajapatana Ka Itihas (Hindi) Vol- Two page 461. Quoted from History of the Khaljis
9. Ishwari Prasad- History of the Mediaval India page 188- Allahabad- 1976
10. History of the Khaljis- page 106
11. Muhamed Habib, Khaliq Ahamed Nizami A Comprehensive History of India- The Delhi Sultanate- page 368
Comments