Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 27

3049

1439 ശഅ്ബാന്‍ 10

കാമം, കാമന, കാമിനി

മുഹമ്മദ് ശമീം

''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെപ്പറ്റി ബോധവാന്മാരായിരിക്കണം. ഒരേ സ്വത്വത്തില്‍നിന്ന് നിങ്ങള്‍ക്കുയിരുതന്നതവനാകുന്നു. അതില്‍നിന്നു തന്നെയാണ് നിങ്ങളുടെ ഇണക്കും അസ്തിത്വം ലഭിച്ചത്. എന്നിട്ടാ യുഗ്മത്തില്‍നിന്നത്രെ ലോകത്തെമ്പാടും സ്ത്രീപുരുഷന്മാരെ വ്യാപിപ്പിച്ചത്'' (ഖുര്‍ആന്‍- അന്നിസാഅ് 1). 

എല്ലാ ഗോത്ര, വംശ വൈവിധ്യങ്ങളെയും മനുഷ്യന്‍ എന്ന ഏക സ്വത്വത്തിലേക്ക് ചുരുക്കുന്ന പ്രസ്താവമാണ് ഇത്. അതിനേക്കാള്‍ പ്രധാനം ഇണ, പ്രണയം, രതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളിലേക്ക് വികസിക്കുന്ന ദര്‍ശനമാണ് ഇത് എന്നതാണ്. 

മനുഷ്യനിലേക്കുണര്‍ന്ന ഹോമോസേപ്പിയന്‍സിനെ ഖുര്‍ആന്‍ ആദം എന്ന് വിളിക്കുന്നു. എബ്രായ ഭാഷയിലെ (ഹീബ്രു) ആദാം എന്ന പദത്തിന് to be red എന്നാണ് അര്‍ഥം. മനുഷ്യ ചര്‍മത്തിന്റെruddy colour-നെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പറയാം. ചര്‍മത്തിന്റെ നിറം എന്നതിലുപരി ചുവക്കുക എന്നത് മനുഷ്യന്റെ വൈകാരിക പ്രകൃതത്തെ സൂചിപ്പിക്കുന്നു. ആദ്യത്തെ സെമിറ്റിക് ഭാഷാ ജനത മെസൊപ്പൊട്ടേമിയയിലെ അക്കേദിയന്മാരാണല്ലോ. അക്കേദിയന്‍ ഭാഷയില്‍ നിന്നാണ് എബ്രായയില്‍ ആ പദം വന്നത്. അക്കേദിയനിലാകട്ടെ, അദമു (adamu) എന്ന ഒരു പ്രയോഗമുണ്ട്. to make എന്നാണ് അതിനര്‍ഥം. ആയിത്തീരുക എന്ന് മലയാളം, സൃഷ്ടിക്കുക എന്നും. ആയിത്തീരുന്നവനാണ് മനുഷ്യന്‍ എന്നാണ് തനാക്കിന്റെ (യൂദ വേദം, പഴയ നിയമം എന്നറിയപ്പെടുന്നു) തത്ത്വം. അദമാ എന്ന മറ്റൊരു എബ്രായ പദത്തെയും ആദാമിന്റെ നിഷ്പത്തിയായി ചൂണ്ടിക്കാണിക്കാറുണ്ട്. മണ്ണ് അഥവാ ഭൂമി എന്നര്‍ഥം. 

ഇതില്‍നിന്നൊക്കെ രൂപം കൊണ്ട ആദാം എന്ന വാക്കിന് ശരിക്കും പറയാവുന്ന അര്‍ഥം മനുഷ്യന്‍ എന്നു തന്നെയാകുന്നു. ആയിത്തീരുക എന്ന അര്‍ഥത്തില്‍ ഹോമോസേപ്പിയന്‍സ് എന്ന ജീവജാതി മനുഷ്യന്‍ ആയിത്തീരുകയാണ് ചെയ്യുന്നത് എന്നും പറയാം. മനുഷ്യനെക്കുറിച്ച വസ്തുനിഷ്ഠ ശാസ്ത്ര വിശകലനങ്ങള്‍ ഏറ്റവും ശരിയായ വസ്തുതകള്‍ പറഞ്ഞുതരുമെങ്കിലും മനുഷ്യന്‍ എന്ന ആശയം അതിലെല്ലാം പുറത്താണ് നില്‍ക്കുന്നത്. അതില്‍ മനുഷ്യന്‍ ഒരു ജീവജാതി മാത്രമാണ്. മനുഷ്യന് മാത്രമായിട്ടെന്താണ് ഇത്ര സവിശേഷത എന്ന് ശാസ്ത്രവാദികള്‍ ചോദിക്കുന്നതും കാണാം. 

ആദമിനെയും അവന്റെ ഇണയെയും ചേര്‍ത്ത ഒരാഖ്യാനമാണ് ഖുര്‍ആന്‍ നടത്തുന്നത്. ഇണയോടൊപ്പം ഈ തോട്ടത്തിലെ, ഉലകത്തിലെ, ജീവിതത്തിലെ മധുരഫലങ്ങള്‍ ആസ്വദിക്കുവിന്‍ എന്നാണ് ദൈവത്തിന്റെ പ്രഥമ കല്‍പന. ജീവിതം ഇണയോടൊപ്പമാവുക എന്നത് ഒന്നാമത്തെ കാര്യം, ജീവിതം ആസ്വദിക്കുക എന്നത് രണ്ടാമത്തെതും. പ്രണയത്തെയും ജീവിതത്തെയും സംബന്ധിച്ച ഏറ്റവും പ്രകാശമാനവും ഉജ്ജ്വലവുമായ കാഴ്ചപ്പാടാണ് ഇവിടെ വേദഗ്രന്ഥം മുന്നോട്ടു വെക്കുന്നത് എന്ന് കാണാം. പെണ്ണ് പാപമാണെന്നും വിലക്കപ്പെട്ട കനി രതിയാണെന്നും ഒക്കെയുള്ള വൈരാഗ്യ കാഴ്ചപ്പാടിനെ നിരാകരിക്കുകയാണ് അത് ചെയ്യുന്നത്. 

അതുകൊണ്ടുതന്നെ ലോകത്തെത്തന്നെ തിന്മയോ സാത്താനിക പ്രലോഭനമോ ആയി കണക്കാക്കുന്ന സന്യാസജീവിതത്തിനും ഖുര്‍ആന്റെ അംഗീകാരമില്ല. സാത്താന്റെ കരു ഐഹികതയോടുള്ള ആസക്തിയാണ് എന്ന കാര്യം അത് സമ്മതിക്കുന്നുണ്ട്. എന്നാല്‍ വിഹിതമായ വൈകാരികാസക്തികളെ സ്വാര്‍ഥമായ ആര്‍ത്തികളായി പരിവര്‍ത്തിപ്പിക്കുകയാണ് സാത്താന്‍ ചെയ്യുന്നത്. അതിനാല്‍ ഐഹികജീവിതത്തോടുള്ള സാത്താനികാസക്തികളെയല്ലാതെ ഐഹികജീവിതത്തെത്തന്നെ ഉപേക്ഷിക്കാന്‍ വേദഗ്രന്ഥം ആവശ്യപ്പെടുന്നില്ല. നിന്റെ ഇണയോടൊപ്പം രമിക്കുന്നതില്‍ നിനക്ക് പുണ്യമുണ്ട് എന്നത്രെ ഒരു പ്രവാചക വചനം. 

ഉസ്മാനുബ്‌നു മദ്ഊന്‍ എന്ന ഒരു അനുചരന്‍ ദൈവത്തോടുള്ള അനുരാഗം മൂത്ത് തന്റെ ഇണയെ ഒട്ടും ശ്രദ്ധിക്കുകയോ അവരോടൊത്തുറങ്ങുകയോ ചെയ്യാതായി. അവരാകട്ടെ, ഇക്കാര്യത്തില്‍ പരാതിയുമായി നബിയെ സമീപിച്ചു. അതിഭക്തനായിത്തീര്‍ന്ന ഉസ്മാനെ നബി വിളിച്ച് ശാസിക്കുകയാണ് ചെയ്തത്. ഇത്തരം ജീവിതം ഹിതകരമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

ഭര്‍ത്താവ് തന്നോടൊപ്പം ശയിക്കുന്നില്ല എന്ന പരാതിയുമായി ഒരു സ്ത്രീ പ്രവാചകനെ സമീപിച്ചു എന്നതില്‍നിന്ന് രണ്ട് കാര്യങ്ങള്‍ പഠിക്കാം. ഒന്ന്, പ്രവാചകന്‍ വളര്‍ത്തിയെടുത്ത സമൂഹത്തില്‍ ഒരു സ്ത്രീയുടെ ആര്‍ജവം. രണ്ട്, രതിയോടുള്ള ക്രിയാത്മക സമീപനം. വിരക്തി ദൈവകല്‍പനയല്ലെന്നും ദൈവസ്‌നേഹത്തെ ഒരുതരം റലഹൗശെീി ആയി കണ്ടു പോയവര്‍ ഉണ്ടാക്കിയ ഏര്‍പ്പാടാണെന്നും ഒരിക്കലും ഐഹികതയെ പൂര്‍ണമായും ഉപേക്ഷിച്ചു കൊണ്ട് സന്യാസം പാലിക്കാന്‍ മനുഷ്യ പ്രകൃതിക്ക് സാധ്യമല്ലെന്നും ഖുര്‍ആന്‍ സൂറഃ അല്‍ ഹദീദില്‍ പറയുന്നുണ്ട്. 

മനുഷ്യനും ഇണയും എന്ന ദ്വൈതത്തിലെ മനുഷ്യന്റെ ലിംഗവിഭാഗമേത് എന്ന അന്വേഷണം പ്രസക്തമല്ല. അതിന് ശാസ്ത്രീയമോ തത്ത്വശാസ്ത്രപരമോ ആയ ഉത്തരം സാധ്യവുമല്ല. അതുകൊണ്ടായിരിക്കാം, ആദമിന്റെ ഇണയുടെ പേര് ഖുര്‍ആന്‍ പറയുന്നില്ല. ആധികാരികമായ നബിവചനങ്ങളിലും അതില്ലെന്നാണ് ഇതെഴുതുന്നയാളിന്റെ അറിവ്. 

അതേസമയം ഹീബ്രു പാരമ്പര്യത്തില്‍ ഹവ്വ എന്ന ഒരു പേര് പറയുന്നുണ്ട്. ഇത് മുസ്‌ലിം പാരമ്പര്യത്തിലും സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇണ എന്ന നിലക്ക് ഈ പദത്തിനുമുണ്ട് തത്ത്വചിന്താപരമായ ഒരു സൗന്ദര്യം. 

ചവ്വാഹ് എന്നതാണത്രെ ഇതിന്റെ ഹീബ്രു ഒറിജിന്‍. to breath എന്നാണ് ഇതിന്റെ അര്‍ഥം. ഇതിനോട് ബന്ധമുള്ള ഹയാ എന്നതില്‍നിന്നാണ് ഹവ്വ (Eve) വന്നത് എന്നും പറയപ്പെടാറുണ്ട്. to live എന്നാണ് ഇതിന്റെ അര്‍ഥം. അറബിയില്‍ ഈ പദം ഹയാ, ഹയ്യ് എന്നീ പ്രയോഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ജീവിതം (life) ആണ് ഹയാ (ഹയാത്ത്) എങ്കില്‍, ഹയ്യ് എന്നാല്‍ ജീവത്തായത് (living) എന്നര്‍ഥം. 

ഈ വിശകലനങ്ങള്‍ പ്രകാരം ഹവ്വാ എന്നതിന് living one എന്നോ Source of life (or Giver of life)  എന്നോ അര്‍ഥം പറയാം. 

ചുരുക്കിപ്പറഞ്ഞാല്‍ ആദം എന്നാല്‍ മനുഷ്യന്‍. മനുഷ്യന് ഉയിരു നല്‍കുന്നതെന്തോ അത് ഹവ്വ, അഥവാ അതാണ് പ്രണയം. എത്ര മനോഹരമായാണ് മനുഷ്യന്റെ സ്വത്വത്തെയും സത്തയെയും വേദപുസ്തകം പ്രണയത്തിലേക്കും രതിയിലേക്കും ചേര്‍ത്തുവെക്കുന്നതെന്ന് നോക്കൂ. ഇത്തരം ഉല്‍പ്രേക്ഷകളുടെ മിത്തുവല്‍ക്കരണത്തില്‍നിന്നാണ് സ്വയം പാപവും പാപപ്രേരണയുമായ പെണ്ണ് ജനിക്കുന്നത്. തല്‍മൂദിന്റെ ബാബിലോണിയന്‍ വെര്‍ഷനില്‍ (തല്‍മൂദ് ബാബിലി അഥവാ ബാബിലോണിയന്‍ തല്‍മൂദ് എന്നും തല്‍മൂദ് യരുശാല്‍മി അഥവാ പാലസ്തീനിയന്‍ തല്‍മൂദ് എന്നും രണ്ട് വെര്‍ഷനുണ്ട്, തനാക്ക് കഴിഞ്ഞാല്‍ യൂദരുടെ ഏറ്റവും പ്രധാന മതഗ്രന്ഥമായ തല്‍മൂദിന്) സമത്വം വാദിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ലിലിത്ത് ആണ് ആദ്യത്തെ സ്ത്രീ എന്നും പിന്നീട് അത്തരം വാദങ്ങള്‍ ഉന്നയിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ആദാമിന്റെ വാരിയെല്ലില്‍നിന്ന് ഹവ്വയെ സൃഷ്ടിച്ചതെന്നും ഒരു കഥ കയറിക്കൂടിയിട്ടുണ്ട്. 

പ്രണയച്ചരടില്‍ ഇണകളെ കോര്‍ത്തുവെക്കുമ്പോഴും ഓരോരുത്തരുടെയും വ്യക്തിത്വം പ്രധാനമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഈ ജീവിതത്തോപ്പില്‍നിന്ന് നിങ്ങള്‍ സ്വഛന്ദം ആഹരിക്കുക എന്ന് പറയുന്നേടത്ത് ഹയ്‌സു ശിഅ്തുമാ എന്നാണ് പ്രയോഗം. ഇരുവര്‍ക്കും ഇഷ്ടമുള്ളത് എന്നര്‍ഥം. എന്നുവെച്ചാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടം പ്രധാനമാണെന്നു തന്നെ. 

ഈ ഇരുവരുടെ ഇഷ്ടം എന്നതിനെ തന്റെ ഇഷ്ടം എന്നതാക്കി പരിവര്‍ത്തിപ്പിക്കുന്നേടത്താണ് പുരുഷാധിപത്യപരമായ ചട്ടക്കൂട് മാത്രമായി കുടുംബം തരംതാഴുന്നത്. സ്വഛന്ദതയാണ് പ്രണയത്തിന്റെ കാതല്‍, അതില്‍ അധികാരപ്രയോഗങ്ങളില്ല. ഇഷ്ടം, ശീലം, സൗഹൃദങ്ങള്‍ എന്നിവ ഓരോ വ്യക്തിക്കും പ്രധാനമാണ്. അതിന് കിട്ടുന്ന പിന്തുണയാണ് പങ്കാളിയോടുള്ള അഭിനിവേശത്തെ ത്വരിപ്പിക്കുക. ദാമ്പത്യത്തിന്റെ ഏഴ് നിയമങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഡെയില്‍ കാര്‍നഗി (How to Win Friends and Influence People)  മുന്നോട്ടു വെക്കുന്ന രണ്ടാമത്തെ തത്ത്വം Don't try to make your partner over  എന്നതാണ്. പങ്കാളി എന്താണോ അതാകുന്നതില്‍നിന്നും അവരെ തടയാതിരിക്കുക എന്നര്‍ഥം. 

മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത്, നിങ്ങളില്‍നിന്നുതന്നെ നിങ്ങളുടെ ഇണയെയും സൃഷ്ടിച്ചത് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാകുന്നു എന്നാണ്. ഇണയുടെ സാന്നിധ്യത്തില്‍ നിങ്ങളില്‍ ശാന്തി നിറയാന്‍ എന്ന് തുടരുന്നു. ഒപ്പം നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രണയവും കാരുണ്യവും നിക്ഷേപിച്ചു എന്നും (അര്‍റൂം 21). ഓരോ വ്യക്തിയുടെയും സ്വത്വത്തിന്റെ പൂര്‍ണതയുമായി ബന്ധപ്പെട്ടതാണ് ഇണയുടെ സാന്നിധ്യം. വ്യക്തിത്വത്തിന്റെ പൂര്‍ണതയാണല്ലോ വ്യക്തിയുടെ ശാന്തിയുടെ ആധാരം. ഈ ശാന്തി കരസ്ഥമാക്കുന്നതിനുള്ള കരുക്കള്‍ പ്രണയ കാരുണ്യങ്ങള്‍ തന്നെ. 

ചാര്‍ലി ചാപ്ലിന്റെ മൊസ്യൂ വെര്‍ദൂ (Monsieur Verdoux) എന്ന സിനിമയില്‍ ഒരു പെണ്‍കുട്ടിയോട് വെര്‍ദു വാട്ട് ഇസ് ലൗ എന്ന് ചോദിക്കുന്നുണ്ട്. 

അതിന് ആ പെണ്‍കുട്ടി ഇങ്ങനെ മറുപടി പറഞ്ഞു: "Giving, Sacrificing. The same way a mother feels for her child.' 


പ്രണയത്തെ ആത്മീയതയിലേക്കുയര്‍ത്തുന്ന നിര്‍വചനമാണിത്. പ്രണയം സ്വാര്‍ഥമാണ്, എന്നാല്‍ ആ സ്വാര്‍ഥത പരാര്‍ഥൈകമാണ്. സ്വാഭിനിവേശങ്ങള്‍ പ്രധാനമായിരിക്കെത്തന്നെ ഒരുതരം self devotion തന്നെയാണത്. 

വിഖ്യാതമായ റൂമിക്കഥയുടെ ആഴവും ഇതു തന്നെ. പുറത്താരാണ് എന്ന കാമിനിയുടെ ചോദ്യത്തിന് പുറത്ത് ഞാനാണെന്ന് കാമുകന്റെ മറുപടി. രണ്ടു പേര്‍ക്കിരിക്കാനുള്ള ഇടമില്ലിവിടെ, പോവുക എന്ന് അകത്തുനിന്ന് ശബ്ദം. പിറ്റേന്നും ഇതു തന്നെ ആവര്‍ത്തിച്ചു. മൂന്നാം നാള്‍ പുറത്താരാണ് എന്ന ചോദ്യത്തിന് കാമുകന്‍ പുറത്ത് നീയാണ് എന്ന് മറുപടി പറഞ്ഞപ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടു എന്നാണ്. 

ഇപ്രകാരം ഞാന്‍ നീയായിത്തീരുമ്പോഴും ഇരുവര്‍ക്കുമിടയില്‍ ഹയ്‌സു ശിഅ്തുമാ എന്ന, മേല്‍പ്പറഞ്ഞ തത്ത്വം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഖുര്‍ആന്‍ പ്രഘോഷിക്കുന്ന മധ്യമ ദര്‍ശനത്തിന്റെ സ്വഭാവവുമാണ്. 

മൊസ്യു വെര്‍ദു എന്ന സിനിമയില്‍തന്നെ കരുണയെയും നിര്‍വചിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ പ്രതീകമാണ് ഇതിലെ വെര്‍ദു എന്ന കഥാപാത്രം. തന്നിലെ മനുഷ്യത്വം പ്രവര്‍ത്തനക്ഷമമാകാതിരിക്കാന്‍ അയാള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ദയാരഹിതമായ ഒരു വ്യവഹാരമാണ് വ്യാപാരം (Business is a ruthless business)  എന്നതാണ് അയാളുടെ സിദ്ധാന്തം. അങ്ങനെയുള്ള എല്ലാവരെയും പോലെ അയാള്‍ എപ്പോഴും ലോകത്തെ കുറ്റപ്പെടുത്തുന്നു. ലോകം തന്നെ ദയാരഹിതവും ക്രൂരവുമാണ് എന്നാണ് അയാള്‍ പറയുന്നത്. 

എന്നാല്‍, അയാളെ സംബന്ധിച്ചേടത്തോളം വളരെ താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്ന അതേ പെണ്‍കുട്ടി തന്നെ അതിന് ഇങ്ങനെ മറുപടി പറയുന്നു: "No. It's a blundering world and a very sad one, yet a little kindness can make it beautiful.'

വെര്‍ദുവിലെ മനുഷ്യന്‍ ഉണര്‍ന്നെങ്കിലും അയാളിലെ മൂലധനോപാസകന്‍ ഉടന്‍ ജാഗ്രത്തായി. നിന്റെ തത്ത്വശാസ്ത്രം എന്നെ ചീത്തയാക്കുന്നതിന് മുന്നേ നീ ഇവിടെനിന്ന് പോകുന്നതാണ് നല്ലത്, അയാള്‍ പറഞ്ഞു. 

ചാപ്ലിന്‍ സിനിമയിലെ ഈ രണ്ട് വാക്യങ്ങളിലുണ്ട് പ്രണയത്തെയും കാരുണ്യത്തെയും കുറിച്ച ശരിയായ വര്‍ത്തമാനങ്ങള്‍. 

ശേഷം ഇണകളുടെ പാരസ്പര്യത്തെ ഖുര്‍ആന്‍ ഇങ്ങനെ ഉപമിക്കുന്നു; നിങ്ങളുടെ ഇണകള്‍ നിങ്ങളുടെ വസ്ത്രമാണ്, നിങ്ങള്‍ അവരുടെയും. 

ഈ വസ്ത്രം, ഈ ആവരണമാണ് ശരിയായ സാന്ത്വനം. ഖദീജയോട് നബി 'സമ്മിലൂനീ' എന്ന് പറഞ്ഞേടത്ത് ഇതുണ്ട്. വിറപൂണ്ടു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പ്രേയസിയുടെ ശരീരത്തിന്റെയും പ്രണയത്തിന്റെയും ഊഷ്മളതയാണ് പ്രവാചകന്‍ കൊതിച്ചത് എന്നു പറയാം. പുതപ്പ് എന്ന ഉപകരണം അവിടെ അപ്രധാനമാണ്. 

പ്രണയത്തിന്റെ ആകാരമാണ് ഖദീജ. സാന്ത്വനത്തിന്റെ മാലാഖയാണവര്‍. ഇണയുടെ അന്തസ്സും കരുത്തുമാണ്. നിങ്ങളും ഇണകളും പരസ്പരം വസ്ത്രമാണ് എന്ന വചനത്തില്‍ ഇതെല്ലാം അടങ്ങുന്നുണ്ട്. അതേസമയം സ്വന്തം അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് മാത്രമേ പങ്കാളിയുടെ അന്തസ്സായി വര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന തത്ത്വത്തിനും മാതൃകയാണ് അവരുടെ ജീവിതം. 

ഉയിരില്‍ തുടങ്ങി സാന്ത്വനത്തിലൂടെയും പ്രണയകാരുണ്യങ്ങളിലൂടെയും വികസിച്ച് അന്തസ്സുള്ള, അനിവാര്യമായ ആവരണത്തില്‍ നില്‍ക്കുന്നതാണ് കാമനകളെക്കുറിച്ച ഖുര്‍ആനിക സങ്കല്‍പം എന്നര്‍ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (38-42)
എ.വൈ.ആര്‍