ചോരപ്പാല്‍
ആസിഫാ..
പൂക്കളുടെ പുഞ്ചിരി കാണുവാന്‍
പൂമ്പാറ്റകളുടെ നര്‍ത്തനം കാണുവാന്‍
കിളികളുടെ പാട്ടുകള്‍ കേള്‍ക്കുവാന്‍
ഉദയസൂര്യന്റെ ശോഭ കാണുവാന്‍
അസ്തമയ ശോണിമയുടെ
കാന്തി കാണുവാന്‍
മൃദുലതകളെ സ്പര്‍ശിക്കുവാന്‍
മോഹങ്ങളുടെ പ്രപഞ്ചിമ അറിയുവാന്‍
സംവേദകങ്ങള്‍ അശക്തമാകുന്നു.
മാനസം മടിക്കുന്നു.
ആത്മാവ് കത്തുന്നു.
പേപ്പട്ടികള്‍ കുരയ്ക്കുന്നുവോ
കാടന്‍പൂച്ചകള്‍ ചോരക്കുഞ്ഞിനെത്തേടുന്നുവോ
പാതിരാക്കൂമന്‍ മൂളുന്നുവോ
ശവംതീനികള്‍ ദംഷ്ട്ര ദൃഷ്ടികള്‍ കൂര്‍പ്പിക്കുന്നുവോ
രാക്കൂട്ടര്‍ ക്രൗര്യകാഹളം മുഴക്കുന്നുവോ
കടവാതിലുകള്‍ കരിങ്കൊടിപ്പിണറുകളാകുന്നുവോ
പ്രകൃതിപരപ്പേടികള്‍...
പ്രകൃത്യാതീതപ്പേടികള്‍....
ആസിഫയെ പേടിപ്പിച്ച
കൊടും പൈശാചികപ്പേടി
തന്‍ പടുപേരെന്ത്?
പച്ചയില്‍ കത്തുന്നു മരങ്ങള്‍,
പഴങ്ങള്‍.
മൊട്ടില്‍ കരിയുന്നു പൂവുകളെല്ലാം
മൃദുലതകള്‍ കരിമ്പാറകളാല്‍ അമരുന്നു.
സുസ്‌മേരങ്ങള്‍ ലാവാജലത്തിനാല്‍ പൊലിയുന്നു.
ആസിഫാ.. ആശയറ്റ ലോകത്തിന്‍ ഇന്ധനമേ
കത്തിച്ചുതീര്‍ത്തിട്ടും കത്തിത്തീര്‍ന്നില്ല നീ
ചാരം മൂടിക്കിടക്കുന്നവള്‍ നീ
മണലു കാക്കുന്ന മരതകമായ് നീ.
പേടിയാണെനിക്ക് ഭോഗസന്ദര്‍ഭങ്ങളെ
വിശപ്പിന്‍ വിളികളെ,
പ്രണയ കാമനകളെ..
ജൈവശമനങ്ങളെ താഴിട്ടുപൂട്ടി നിന്‍
ലോലഭാവങ്ങള്‍ക്ക്
കാവലാകാന്‍ കഴിഞ്ഞെങ്കില്‍.
ഇനിയും പ്രണയകവിതകള്‍ എഴുതണമെന്നോ?
പ്രളയകാലത്തെ മറന്നെഴുതുന്നൊരശ്ലീല
ഛര്‍ദികള്‍ സര്‍ഗങ്ങളാകണമെന്നോ?
എനിക്ക് പിറക്കുവാന്‍
വെമ്പിയ മകളേ..
നിന്റെ പേടികളെ പൊറുക്കാന്‍ കഴിയാതെ
ചിന്താഭ്രമത്തിനാല്‍ ഭ്രാന്തിയാകാതിരിക്കുവാന്‍
ആത്മസംയമനങ്ങളെ
കൂട്ടുപിടിക്കുന്നു.
ആത്മീയസ്വപ്നങ്ങളെ
ത്രാണിയായ്ക്കരുതുന്നു.
പേടിപ്പെടുത്താത്ത ലോകത്ത് നീയിന്ന്
വാടിക്കരിയാത്ത പൂവായ് വിരാജിക്കുന്നു.
വിടരാന്‍ വിടുന്ന
വിണ്‍കളിമേട്ടില്‍ നിന്‍
കിളിക്കൊഞ്ചലുകള്‍...
കുതിരക്കുളമ്പടി കള്‍ക്കകമ്പടിയായ് കേള്‍ക്കുന്നു.
മേഘാശ്വങ്ങള്‍ തേരു തെളിച്ച നിന്‍ മോഹാകാശത്തേക്ക്
മാതൃത്വമാലാഖ വിളിക്കുന്നു.
Comments