Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 27

3049

1439 ശഅ്ബാന്‍ 10

ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ഇന്ത്യയിലെ ഏറ്റവും ജനകീയനായ ഇസ്‌ലാമിക പ്രബോധകന്‍

കെ.ടി ഹുസൈന്‍

ഇന്ത്യയിലെ ചിശ്തിയാ സൂഫിസരണിയില്‍ ഏറ്റവും ജനകീയനായ സൂഫി ആചാര്യന്‍ ഖാജാ നിസാമുദ്ദീന്‍ ഔലിയയാണെന്ന കാര്യത്തില്‍ സംശയമില്ല. ത്വരീഖത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തിയേക്കാള്‍ ജനകീയത ഇദ്ദേഹത്തിന് നേടാനായി എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവുകയില്ല. ഇന്ത്യയുടെ പൊതു സംസ്‌കാരത്തിലും ഇദ്ദേഹത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു മുസ്‌ലിം വ്യക്തിത്വം വേറെയില്ല. ദല്‍ഹിയിലെ ഒരു പ്രദേശവും റെയില്‍വെ സ്റ്റേഷനും തീവണ്ടികളുമെല്ലാം അദ്ദേഹത്തിന്റെ പേരില്‍ ഇന്നും അറിയപ്പെടുന്നുണ്ടല്ലോ. അദ്ദേഹത്തിന്റെ ജനകീയതക്കും പൊതു സംസ്‌കാരത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനത്തിനും ഇതില്‍പരം തെളിവ് വേണമെന്നില്ല. ഈ സ്വാധീനത്തിന് പല കാരണങ്ങളുണ്ട്. മധ്യകാല ഇന്ത്യയുടെ  മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആസ്ഥാനമായിരുന്ന ദല്‍ഹി തന്നെയായിരുന്നു  അദ്ദേഹത്തിന്റെയും  ആസ്ഥാനം എന്നത്  അതിനൊരു പ്രധാന കാരണമാണ്. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ആസ്ഥാനം അജ്മീറായിരുന്നല്ലോ. അജ്മീര്‍ വളരെ കുറഞ്ഞ കാലം മാത്രമേ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആസ്ഥാനമായിരുന്നിട്ടുള്ളൂ. അദ്ദേഹത്തിന്റെ ജീവിത കാലത്തു തന്നെ മുസ്‌ലിം ഇന്ത്യയുടെ തലസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റപ്പെട്ടിരുന്നു. എന്നാല്‍ ഖാജാ മുഈനുദ്ദീന്‍ അജ്മീറില്‍ തന്നെ തുടരുകയും തന്റെ ഖലീഫ ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകിയെ ദല്‍ഹിയിലേക്ക് നിയോഗിക്കുകയുമാണുണ്ടായത്. ബഖ്തിയാര്‍ കാകി ദല്‍ഹിയില്‍ വരുമ്പോള്‍ തലസ്ഥാന നഗരിയെന്ന നിലയില്‍ ദല്‍ഹി വികസിച്ചുവരുന്നേയുണ്ടായിരുന്നുള്ളൂ. മാത്രമല്ല ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മരണത്തിനു ശേഷം നാല് വര്‍ഷം മാത്രമാണ് ബഖ്തിയാര്‍ കാകി ജീവിച്ചിരുന്നത്. അതിനാല്‍ വളരെ കുറഞ്ഞ കാലം മാത്രമേ  ദല്‍ഹിയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഖലീഫയായ ബാബാ  ഫരീദുദ്ദീന്‍ ഗന്‍ജേ ശക്‌റാകട്ടെ  ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് പഞ്ചാബിലാണ്. തുടക്കം  മുതല്‍ ഒടുക്കം വരെ ദല്‍ഹി മാത്രം പ്രവര്‍ത്തന കേന്ദ്രമാക്കിയത് നിസാമുദ്ദീന്‍ ഔലിയ മാത്രമാണ്. അദ്ദേഹം അജോദനില്‍  തന്റെ ഗുരു ഫരീദുദ്ദീന്‍ ഗന്‍ജേ ശക്‌റില്‍നിന്ന് ഖിര്‍ഖ വാങ്ങി ദല്‍ഹിയില്‍ തിരിച്ചെത്തിയതിനു ശേഷം ദല്‍ഹി വിട്ട്  മറ്റെവിടെയും പോയിട്ടില്ല. മാത്രമല്ല രാഷ്ട്രീയമായി  ദല്‍ഹി സല്‍ത്തനത്തിന്റെ സുവര്‍ണ കാലത്താണ് നിസാമുദ്ദീന്‍ ജീവിച്ചത്. ഖില്‍ജി ഭരണത്തെയും തുഗ്ലക്ക്  ഭരണത്തെയും പരോക്ഷമായി അദ്ദേഹം സ്വാധീനിച്ചിരുന്നു. ദല്‍ഹി സല്‍ത്തനത്തിലെ മഹാ പ്രതാപശാലിയായിരുന്ന അലാവുദ്ദീന്‍ ഖല്‍ജി, ഗിയാസുദ്ദീന്‍ തുഗ്ലക്ക് തുടങ്ങിയവര്‍ നിസാമുദ്ദീന്‍ ഔലിയയുമായി ബന്ധം പുലര്‍ത്തിയവരാണ്.

പേര്‍ഷ്യന്‍, ഹിന്ദുസ്ഥാനി സാഹിത്യത്തിനും  സംഗീതത്തിനും സംസ്‌കാരത്തിനും കനത്ത സംഭാവന നല്‍കിയ 'തോതിയാ ഹിന്ദ്' അഥവാ 'ഇന്ത്യയുടെ തത്ത' എന്നറിയപ്പെടുന്ന അമീര്‍ ഖുസ്‌റോ നിസാമുദ്ദീന്‍ ഔലിയയുടെ ഏറ്റവും അടുത്ത ശിഷ്യനോ മുരീദോ ആയിരുന്നുവെന്നതും പില്‍ക്കാലത്ത്  നിസാമുദ്ദീന്‍ ഔലിയ ജനകീയനാകാനും ഇന്ത്യന്‍ പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമാകാനും കാരണമായി എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ശൈഖിന്റെ പല വാക്കുകള്‍ക്കും അക്ഷരരൂപം നല്‍കിയത് അമീര്‍ ഖുസ്‌റോ ആയിരുന്നു. അമീര്‍ ഖുസ്‌റോവിന് ഒരേസമയം കൊട്ടാരവുമായും നിസാമുദ്ദീന്‍ ഔലിയയുടെ ഖാന്‍ഗാഹുമായും ബന്ധമുണ്ടായിരുന്നു. അമീര്‍ ഖുസ്‌റോ ഒഴികെ കൊട്ടാരവുമായി ബന്ധമുള്ള സുല്‍ത്താനടക്കമുള്ള ആരെയും അദ്ദേഹം തന്റെ ഖാന്‍ഗാഹുമായി അടുപ്പിച്ചിരുന്നില്ല. അലാവുദ്ദീന്‍ ഖില്‍ജി  പല തവണ അദ്ദേഹത്തിന്റെ സന്ദര്‍ശനാനുമതി തേടിയിട്ടും അദ്ദേഹത്തിന്  അതിന് അനുമതി കിട്ടുകയുണ്ടായില്ല. ഒരിക്കല്‍ സുല്‍ത്താന്‍  വിവരമറിയിക്കാതെ ഖാന്‍ഗാഹില്‍ വന്നെങ്കിലും അദ്ദേഹം വരുന്ന കാര്യം മണത്തറിഞ്ഞ് അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെടുകയാണ് ചെയ്തത.് കൊട്ടാരത്തില്‍ സുല്‍ത്താന്മാരെ മുഖം കാണിക്കാന്‍ പിന്നെ പോകുന്ന പ്രശ്‌നമില്ലല്ലോ. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹം കൊട്ടാരത്തില്‍ പോയത്. അത് സംഗീതവുമായി ബന്ധപ്പെട്ട്  ഹനഫി മതപണ്ഡിതന്മാരുമായുള്ള ഒരു സംവാദത്തിനായിരുന്നു. അതിനെ കുറിച്ച് പിന്നീട് പറയാം. കൊട്ടാരവുമായി ബന്ധം പുലര്‍ത്തുകയോ അവരുടെ ആനുകൂല്യം കൈപ്പറ്റുകയോ ഇല്ലെന്നത്  ചിശ്തി ത്വരീഖത്തിലെ ആദ്യകാല സൂഫി ആചാര്യന്മാര്‍ മുറുകെ പിടിച്ച ഒരു  തത്ത്വമായിരുന്നു.  ആ തത്ത്വം ഏറ്റവും ശക്തിയായി മുറുകെ പിടിച്ച ഒരാളായിരുന്നു ഖാജാ നിസാമുദ്ദീന്‍ മഹ്ബൂബെ ഇലാഹി. അതേസമയം സദ്ഭരണത്തിനും സമൂഹത്തിന്റെ ധാര്‍മികതയുടെ സംരക്ഷണത്തിനും ആവശ്യമെന്നു തോന്നുന്ന ഘട്ടത്തില്‍ ഭരണകൂടത്തെ ഉപദേശിക്കുന്നതില്‍  തന്റെ മുന്‍ഗാമികളായ സൂഫികളുടെ പാരമ്പര്യം നിസാമുദ്ദീന്‍ മഹ്ബൂബെ ഇലാഹിയും നിലനിര്‍ത്തിയിരുന്നു. ഇത്തരം ആവശ്യങ്ങള്‍ക്ക് സുല്‍ത്താന്മാര്‍ക്കും അദ്ദേഹത്തിനുമിടയിലെ പാലമായി അമീര്‍ ഖുസ്‌റോ വര്‍ത്തിച്ചതായി കരുതപ്പെടുന്നു.

അദ്ദേഹത്തിന്റെ ജനകീയതക്ക് മറ്റൊരു പ്രധാന കാരണം അദ്ദേഹത്തിന്റെ ഖാന്‍ഗാഹില്‍ നടന്നിരുന്ന ആത്മീയപ്രധാനമായ  സംഗീതാലാപനമായിരുന്നു. അദ്ദേഹത്തിന്റെ മുന്‍ഗാമികളില്‍ ഫരീദുദ്ദീന്‍ ആത്മീയ പ്രധാനമായ കവിതകള്‍ രചിക്കുകയും അത് മുരീദുകളെ പഠിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും കൂട്ടം ചേര്‍ന്നുകൊണ്ടുള്ള സംഗീതാലാപനം ആത്മീയതയുടെ ഭാഗമാക്കിയത് ഖാജാ നിസാമുദ്ദീന്‍ ഔലിയയാണ്. ഇക്കാര്യത്തില്‍ അദ്ദേഹവും ഹനഫി കര്‍മശാസ്ത്ര പണ്ഡിതന്മാരും തമ്മില്‍ രൂക്ഷമായ വാഗ്വാദവും  നടന്നിരുന്നു. സംഗീതം എന്തായാലും എന്തിന്റെ പേരിലായാലും ഹറാ(നിഷിദ്ധം)മാണെന്ന പക്ഷക്കാരായിരുന്നു ഹനഫി ഫഖീഹുകള്‍. എന്നാല്‍ നല്ല ആവശ്യത്തിനുള്ള സംഗീതത്തെ ഹറാമാക്കുന്നതിലൂടെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഹദീസിനേക്കാള്‍ കര്‍മശാസ്ത്രത്തിന് മുന്‍ഗണന നല്‍കുന്നുവെന്നായിരുന്നു നിസാമുദ്ദീന്‍ ഔലിയയുടെ വിമര്‍ശനം. ഹദീസുകള്‍ നിരുപാധികം സംഗീതത്തെ വിലക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതെന്തോ ആകട്ടെ, അമീര്‍ ഖുസ്‌റോ അടക്കമുള്ളവര്‍  പങ്കെടുത്ത ഖാന്‍ഗാഹിലെ സംഗീത സദസ്സുകള്‍ നിസാമുദ്ദീന്‍ ഔലിയയെ അദ്ദേഹത്തിന്റെ ജീവിതകാലത്തും ശേഷവും ജനകീയനാക്കിയെന്നതു നേരാണ്. 

ജനനവും ജീവിതവും 

മുഹമ്മദ് എന്നാണ് നിസാമുദ്ദീന്‍ ഔലിയയുടെ ശരിയായ പേര്. നിസാമുദ്ദീന്‍ എന്നത് സ്ഥാനപ്പേരാണ്. ആ പേരില്‍ പ്രശസ്തനാവുകയും ചെയ്തു. ഹുസൈനി സാദാത്തില്‍പെട്ട അഹ്മദ് അലിയാണ് പിതാവ്. അറബ് വംശജരായ ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ കുറച്ചു കാലം ബുഖാറയിലും ലാഹോറിലും താമസിച്ചതിനു ശേഷം ബദായൂനില്‍ വന്ന് സ്ഥിര താമസമാക്കുകയായിരുന്നു. സയ്യിദുമാരും പണ്ഡിതന്മാരും ഖുറാസാനില്‍നിന്നും മറ്റും ധാരാളമായി കുടിയേറി താമസിച്ച സ്ഥലമായിരുന്നു അക്കാലത്ത് ബദായൂന്‍. നിസാമുദ്ദീന്‍ ഹിജ്‌റ 636-ല്‍ ബദായൂനിലാണ് ജനിച്ചത്. അഞ്ചാമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ടു. മത ഭക്തയും ഉന്നത സ്വഭാവഗുണങ്ങള്‍ക്കുടമയുമായ മാതാവ് നിസാമുദ്ദീനെ ശ്രദ്ധയോടു കൂടി ശിക്ഷണം നല്‍കി. മൗലാനാ അലാഉദ്ദീനായിരുന്നു പ്രഥമ ഗുരുനാഥന്‍. അദ്ദേഹത്തില്‍നിന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളാണ് അദ്ദേഹം കാര്യമായി പഠിച്ചത്. അങ്ങേയറ്റം ദാരിദ്ര്യം പിടിച്ചതായിരുന്നു വീട്ടിലെ ബാല്യകാല ജീവിതം. വീട്ടില്‍ ഭക്ഷിക്കാന്‍ ഒന്നുമില്ലാത്ത ദിവസം ഇന്ന് നാം ദൈവത്തിന്റെ അതിഥികളാണെന്ന് പറയുക ഉമ്മയുടെ പതിവായിരുന്നുവെന്ന് പട്ടിണി നിറഞ്ഞ തന്റെ  ബാല്യകാല ജീവിതത്തെ കുറിച്ച് നിസാമുദ്ദീന്‍ തന്നെ പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. അത് പറയുന്ന ദിവസം ആരെങ്കിലുമൊക്കെ ഭക്ഷണസാധനങ്ങളുമായി വീട്ടില്‍ എത്താറുണ്ടെന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നു.1

പതിനാറാമത്തെ വയസ്സില്‍ നിസാമുദ്ദീന്‍ ദല്‍ഹിയിലെത്തി. നാട്ടില്‍ വെച്ചു തന്നെ നിസാമുദ്ദീന്‍ പില്‍ക്കാലത്ത് തന്റെ ആത്മീയ ഗുരുവായിത്തീര്‍ന്ന അജോദനിലെ ബാബാ ഫരീദുദ്ദീനെയും അദ്ദേഹത്തിന്റെ ഗുണഗണങ്ങളെയും കുറിച്ച്  ഏതോ പരദേശിയില്‍നിന്ന്  കേട്ടറിഞ്ഞിരുന്നു. അപ്പോള്‍ തന്നെ  അദ്ദേഹത്തോടുള്ള എന്തോ വല്ലാത്ത ഒരു സ്‌നേഹം തന്നെ കീഴടക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.2 മൂന്നോ നാലോ വര്‍ഷം അദ്ദേഹം ദല്‍ഹിയില്‍ തങ്ങി വിദ്യാഭ്യാസം നേടി. അക്കാലത്ത്  ദല്‍ഹിയില്‍ ഉണ്ടായിരുന്ന മൗലാനാ ശംസുദ്ദീന്‍ ഖുവാറസ്മി അടക്കം  ഇസ്‌ലാമിക ലോകത്തെ കിടയറ്റ പണ്ഡിതന്മാരുടെ  ശിഷ്യനാകാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. മൗലാനാ ശംസുദ്ദീന്റെ പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളായിരുന്നു നിസാമുദ്ദീന്‍. സവിശേഷമായ ബുദ്ധിയും കഠിനാധ്വാനവും ചേര്‍ന്നപ്പോള്‍  തന്റെ സതീര്‍ഥന്മാരേക്കാളെല്ലാം  പഠനത്തില്‍ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പൗരാണിക പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന വൈജ്ഞാനിക സംവാദങ്ങളിലും ചോദ്യോത്തരങ്ങളിലും അസാമാന്യമായ പാടവവും  അദ്ദേഹത്തിനുണ്ടായിരുന്നു. വൈജ്ഞാനിക സംവാദങ്ങളില്‍ സഹപാഠികളെ പതിവായി ഉത്തരം മുട്ടിക്കുന്നത് കാരണം ബുഹ്ഹാഥ് എന്ന ചെല്ലപ്പേരും സഹപാഠികള്‍ അദ്ദേഹത്തിന് പതിച്ചു കൊടുത്തിരുന്നു. അക്കാലത്തെ പാഠ്യപദ്ധതിയില്‍ ഹരീരിയുടെ മഖാമാതും ഉള്‍പ്പെട്ടിരുന്നു. അതിലെ സങ്കീര്‍ണവും ക്ലിഷ്ഠവുമായ പദങ്ങളും വാക്യങ്ങളും ഓര്‍ത്തുവെക്കുന്നതും ആശയം ഗ്രഹിക്കുന്നതും വിദ്യാര്‍ഥികള്‍ക്ക് പൊതുവെ പ്രയാസകരമായിരുന്നു. എന്നാല്‍ നിസാമുദ്ദീന് നാല്‍പ്പത് മഖാമകള്‍ മനഃപാഠമായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യാഭിരുചിയാണ് ഇത് തെളിയിക്കുന്നത്. അതിന്റെ പ്രായശ്ചിത്തമെന്നോണം ഹദീസിലെ പ്രശസ്തമായ മശാരിഖുല്‍ അന്‍വാര്‍ അദ്ദേഹം പൂര്‍ണമായും മനഃപാഠമാക്കിയത്രെ.3 അദ്ദേഹം ഹദീസ് പഠിച്ചത് അക്കാലത്തെ പ്രശസ്ത ഹദീസ് പണ്ഡിതനും മശാരിഖുല്‍ അന്‍വാര്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ ശൈഖ് മുഹമ്മദ് ഇബ്‌നു അഹ്മദ് അല്‍മാരീകലിയില്‍നിന്നാണ്. അദ്ദേഹത്തില്‍നിന്ന്  ഹദീസ് നിവേദനം ചെയ്യാനുള്ള ഇജാസയും അദ്ദേഹം നേടിയെടുത്തു.

വിജ്ഞാനകലകളിലും സംവാദങ്ങളിലും ആണ്ടുമുങ്ങിയിട്ടും അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. താന്‍ നാട്ടില്‍നിന്ന് കേട്ട ബാബാ ഫരിദുദ്ദീന്‍ ഗന്‍ജേ ശക്‌റിന്റെ സാമീപ്യം അദ്ദേഹം അപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നതായിരുന്നു ഈ അസ്വസ്ഥതക്ക് കാരണം. താന്‍ എന്നെങ്കിലും ഇവിടം വിട്ട് പോകുമെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറയാറുമുണ്ടായിരുന്നു. അതിനിടയില്‍ അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടു. ആത്മീയതയോടുള്ള അഭിനിവേശം ഉണ്ടെങ്കിലും തന്റെ അറിവിനും യോഗ്യതക്കും ഇണങ്ങുന്ന ഒരു ജോലി അദ്ദേഹം അക്കാലത്ത് ആഗ്രഹിച്ചിരുന്നു. ബാബാ ഫരീദുദ്ദീന്‍ ഗന്‍ജേ ശക്‌റിന്റെ  സഹോദരനും  ദല്‍ഹിയില്‍ അദ്ദേഹത്തിന്റെ പ്രതി പുരുഷനുമായിരുന്ന ശൈഖ് നജീബുദ്ദീന്‍ മുതവക്കിലുമായിട്ടായിരുന്നു അക്കാലത്ത് നിസാമുദ്ദീന്റെ കൂട്ട്. തനിക്ക്  ഖാദിസ്ഥാനം ലഭിക്കാന്‍ പ്രാര്‍ഥിക്കാന്‍ അദ്ദേഹം നജ്മുദ്ദീനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒന്നും പറയാതെ നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്. ശൈഖ് അത് കേട്ടിട്ടുണ്ടാകില്ല എന്ന് കരുതി അദ്ദേഹം കുറേകൂടി ഉച്ചത്തില്‍ അത് ആവര്‍ത്തിച്ചപ്പോള്‍ ശൈഖിന്റെ പ്രതികരണം; 'നീ ഖാദിയാകേണ്ട, നിനക്ക്  വേറെ ചെയ്യാനുണ്ട്'.4 നിസാമുദ്ദീന്‍, ഫരീദുദ്ദീന്‍ ഗന്‍ജേ ശക്‌റിന്റെ ആത്മീയശിഷ്യത്വം വരിക്കണമെന്നു തന്നെയാണ് ഇതിലൂടെ അദ്ദേഹം പറയാതെ പറഞ്ഞത.് അതോടെ അജോദനിലേക്ക് പോയി ശൈഖിന്റെ ശിഷ്യനാകണം എന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തുകയും വൈകാതെ ശൈഖിന്റെ സന്നിധാനത്തില്‍ ഹാജരാവുകയും ചെയ്തു. ശൈഖിന് അദ്ദേഹം ബൈഅത്ത് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് പ്രായം 20 വയസ്സായിരുന്നു. അപ്പോഴും ചില ഗ്രന്ഥങ്ങള്‍ കൂടി പഠിക്കാന്‍ അദ്ദേഹത്തിന് ബാക്കിയുണ്ടായിരുന്നു. ശൈഖില്‍നിന്ന്  ലഭിക്കാന്‍ പോകുന്ന ആത്മീയ വിജ്ഞാനത്തിനു മുന്നില്‍ അതെത്ര നിസ്സാരം എന്ന് കരുതി ആ പഠനം നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും ഗുരു അദ്ദേഹത്തിന് അനുമതി നല്‍കിയില്ല. പഠനം പൂര്‍ത്തീകരിച്ചിട്ട് മതി ബാക്കിയെല്ലാം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദിയുടെ അവാരിഫുല്‍ മആരിഫ് ശൈഖില്‍നിന്ന് തന്നെയാണ് അദ്ദേഹം പഠിച്ചത്. ശൈഖിന്റെ കൂടെ കുറേ കാലം കഴിഞ്ഞതിനു ശേഷം അദ്ദേഹത്തെ ദല്‍ഹിയിലേക്ക് തന്നെ  തിരിച്ചയച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം ദല്‍ഹിയായിരിക്കണമെന്ന ശൈഖ് ഫരീദുദ്ദീന്റെ തീരുമാനമായിരുന്നു അതിന്റെ പിന്നില്‍. കടമകളും അവകാശങ്ങളും പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും സല്‍പെരുമാറ്റത്തിലൂടെയും സേവനത്തിലൂടെയും എതിരാളികളുടെ കൂടി മനസ്സ് കീഴടക്കണമെന്നും ദല്‍ഹിയിലേക്ക് തന്റെ ഖലീഫയായി പറഞ്ഞയക്കുമ്പോള്‍ അദ്ദേഹം നിസാമുദ്ദീനെ ഉപദേശിച്ചിരുന്നു. പഠനത്തിനു ശേഷം ദല്‍ഹിയില്‍ തന്നെ നിന്നിരുന്നെങ്കില്‍  ഖാദി ഖുദാത്തും ശൈഖുല്‍ ഇസ്‌ലാമും വരെ ആകാന്‍ യോഗ്യതയുണ്ടായിരുന്ന യുവാവായ നിസാമുദ്ദീന്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ലോകത്തു തന്നെ അക്കാലത്തെ പ്രധാന കേന്ദ്രമായ ദല്‍ഹിയെ ആത്മീയവും ധാര്‍മികവുമായി കീഴടക്കാനായി വീണ്ടും അവിടെയെത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം താന്‍ കൈവരിച്ച വൈജ്ഞാനികവും ആത്മീയവുമായ കരുത്തല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല എന്ന് സയ്യിദ് മനാളിര്‍ ഹസന്‍ ഗീലാനി എഴുതിയിട്ടുണ്ട്. ദല്‍ഹിയില്‍ എവിടെയും അദ്ദേഹം സ്ഥിരമായി താമസിച്ചിരുന്നില്ല. പല സ്ഥലങ്ങളിലും മാറിമാറിയാണ് അദ്ദേഹം താമസിച്ചിരുന്നത്. ദല്‍ഹിയില്‍ വന്നതിനു ശേഷവും ഇടക്കിടെ  അദ്ദേഹം അജോന്ദനില്‍ ഗുരുവിന്റെ അടുക്കല്‍ പോകുമായിരുന്നു. എങ്കിലും ഗുരു മരിക്കുമ്പോള്‍ നിസാമുദ്ദീന്‍ ദല്‍ഹിയിലായിരുന്നു. ദല്‍ഹിയില്‍ ഗിയാസ്പൂരില്‍ താമസിക്കുമ്പോഴാണ് സൂഫിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി പരക്കാന്‍ തുടങ്ങിയത്. കര്‍ണാകര്‍ണികയാ കേട്ടറിഞ്ഞ് വിദൂരദിക്കുകളില്‍നിന്ന് വരെ ആളുകള്‍ അദ്ദേഹത്തിന്റെ ഖാന്‍ഗാഹില്‍ ഒരുമിച്ചുകൂടാന്‍ തുടങ്ങി. ആളുകള്‍ സമ്മാനങ്ങളും ഹദ്‌യകളുമായിട്ടാണ് ഖാന്‍ഗാഹില്‍ എത്തിയിരുന്നത്. എന്നാല്‍ അതില്‍ ഒന്നു പോലും സ്വന്തമാക്കാതെ ആളുകളില്‍ വിതരണം  ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. സമ്മാനങ്ങളില്‍ അധികവും ഭക്ഷണ പദാര്‍ഥങ്ങളായിട്ടും പല ദിവസവും അദ്ദേഹത്തിന് പട്ടിണി കിടക്കേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ എഴുതിയിട്ടുണ്ട്. വിതരണം ചെയ്ത് ഭക്ഷണം തീര്‍ന്നു പോകുന്നത് മാത്രമായിരിക്കുകയില്ല ഇതിന് കാരണം. പട്ടിണി ആത്മീയ ശിക്ഷണത്തിന്റെ ഭാഗമായി സൂഫികളില്‍ പലരും പരിശീലിച്ചിരുന്നുവല്ലോ. അനുയായികളില്‍ അപ്പപ്പോള്‍ വിതരണം ചെയ്യാന്‍ പറ്റുന്ന പാരിതോഷികങ്ങളല്ലാതെ സ്ഥായിയായ വരുമാനം ലഭിക്കുന്ന യാതൊന്നും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. ഏതോ ഒരു അമീര്‍ സ്ഥിരമായി നല്ല വരുമാനം ലഭിക്കുന്ന ഭൂമി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തപ്പോള്‍ അത്തരം കാര്യങ്ങള്‍ സ്വീകരിക്കുന്നത്  തങ്ങളുടെ  പാരമ്പര്യമല്ലെന്ന് ചൂണ്ടിക്കാട്ടി അത് വാങ്ങാന്‍ അദ്ദേഹം വിസമ്മതിച്ചു.5 അദ്ദേഹത്തിന്റെ ആധ്യാത്മിക സദസ്സിലും ഭക്ഷണത്തിന് വിരിക്കുന്ന സുപ്രക്കു ചുറ്റുമെല്ലാം  പാവപ്പെട്ടവര്‍, പണക്കാര്‍, പണ്ഡിതര്‍, പാമരര്‍ എന്നിങ്ങനെ യാതൊരു വിവേചനവുമില്ലാതെ എല്ലാവരും ഒന്നിച്ചാണിരുന്നിരുന്നത്. മുസ്‌ലിംകളല്ലാത്തവരും ഈ സദസ്സിലുണ്ടാവും. ഇസ്‌ലാമിക പ്രബോധനത്തെ കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തന്നെ അവര്‍ക്ക്  മുസ്‌ലിംകളുമായി സഹവസിക്കാന്‍ അവസരം കൊടുക്കുക എന്നതായിരുന്നു. വാചിക രൂപത്തിലുള്ള പ്രബോധനത്തേക്കാള്‍ ആ സഹവാസം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ സമീപനം നമുക്ക്  അദ്ദേഹത്തിന്റെ വായില്‍നിന്നു  തന്നെ കേള്‍ക്കാം: 'ഒരു ചെറുപ്പക്കാരന്‍ ഒരിക്കല്‍ ഒരു ഹിന്ദുവിനോടൊപ്പം ഖാന്‍ഗാഹില്‍ വന്ന് ഇത് എന്റെ സഹോദരനാണെന്ന് ഖാജക്ക് പരിചയപ്പെടുത്തി. രണ്ട് പേരോടും ഇരിക്കാന്‍ പറഞ്ഞതിനു ശേഷം എന്താ തന്റെ  സഹോദരന് ഇസ്‌ലാമിനോട് താല്‍പര്യമുണ്ടോ എന്ന്  ഖാജ ആ ചെറുപ്പക്കാരനോട് ചോദിച്ചു. താങ്കള്‍ വല്ലതും പറഞ്ഞുകൊടുത്താല്‍  അവന്‍  മുസ്‌ലിമാകും എന്നു  കരുതി തന്നെയാണ് ഞാന്‍ അവനെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് ചെറുപ്പക്കാരന്റെ മറുപടി. ഈ ജനവിഭാഗത്തോട് എന്തെങ്കിലും പറഞ്ഞതുകൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. നല്ല മനുഷ്യരുടെ സഹവാസമാണ് അവര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുക. ഖാജാ മറുപടി പറഞ്ഞു.'6  ജീവിതമാണ് സന്ദേശം എന്ന വലിയ പാഠമാണ് ഇതിലൂടെ അദ്ദേഹം നല്‍കുന്നത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ എക്കാലത്തെയും എറ്റവും പ്രയോജനപ്രദമായ രീതിശാസ്ത്രവും ഇതത്രെ. ഇന്ത്യയില്‍ ആദ്യകാല സൂഫികള്‍ വലിയ വിജയം നേടിയ മേഖല കൂടിയാണിത്. 

(തുടരും)

കുറിപ്പുകള്‍

1. സിയറുല്‍ ഔലിയാഅ് 113

2. ഫവാഇദുല്‍ ഫുആദ് 149

3. സിയറുല്‍ ഔലിയാഅ് 101

4. ഫവാഇദുല്‍ ഫുആദ് 28

5. ഫവാഇദുല്‍ ഫുആദ് 99

6. ഫവാഇദുല്‍ ഫുആദ് 182

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (38-42)
എ.വൈ.ആര്‍