Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 27

3049

1439 ശഅ്ബാന്‍ 10

ഖുസാഅ (2)

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-53

ഖുസാഅയുടെ ഉപഗോത്രമായ അസ്‌ലം ഇസ്‌ലാമുമായി എളുപ്പം ബന്ധങ്ങള്‍ സ്ഥാപിച്ചപ്പോള്‍ അതിന്റെ മറ്റൊരു ശാഖയായ ബനൂ മുസ്വ്ത്വലിഖിന് കാര്യങ്ങള്‍ അത്രത്തോളം എളുപ്പമായിരുന്നില്ല. അതിന് ന്യായമായ കാരണവും ഉണ്ട്. മുറൈസീഅ് കിണറിന് സമീപം അല്‍ ഫര്‍ഇല്‍നിന്ന് ഒരു ദിവസത്തെ വഴി ദൂരത്തായിരുന്നു അവരുടെ താമസം. ഖുറൈശികളുടെ വിശ്വസ്ത സഖ്യങ്ങളിലൊന്നായ അഹാബീശിന്റെ ഭാഗവുമായിരുന്നു ബനൂമുസ്വ്ത്വലിഖ്. മദീനക്കെതിരെ ഇസ്‌ലാമിന്റെ പ്രതിയോഗികളൊന്നടങ്കം സംഘം ചേര്‍ന്ന ഹിജ്‌റ അഞ്ചാം വര്‍ഷം (അഹ്‌സാബ്/ഖന്‍ദഖ് പോര്‍മുഖം) പ്രവാചകന് ഒരു വാര്‍ത്ത ലഭിക്കുന്നു. ബനൂ മുസ്വ്ത്വലിഖ് ഗോത്രത്തലവന്‍ 'തന്റെ ആളുകളെയും മറ്റു അറബികളെയും'1 മദീന ആക്രമിക്കാനായി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നായിരുന്നു വാര്‍ത്ത. ഉടന്‍ നബി, ബനുല്‍ മുസ്വ്ത്വലിഖിന്റെ നേതാവായ അല്‍ഹാരിസു ബ്‌നു അബീ ളിറാറിന്റെ ബന്ധുവും അസ്‌ലം ഗോത്രക്കാരനുമായ ബുറൈദ ബ്‌നുല്‍ ഹുസൈ്വബിനെ കാര്യങ്ങള്‍ അന്വേഷിക്കാനായി അങ്ങോട്ട് പറഞ്ഞയച്ചു. അവര്‍ നടത്തുന്ന യുദ്ധ ഒരുക്കങ്ങളെക്കുറിച്ച് കൃത്യമായ വിവരണങ്ങളുമായി ബുറൈദ തിരിച്ചെത്തി. ഒട്ടും നിനച്ചിരിക്കാതെയാണ് ബനുല്‍ മുസ്വ്ത്വലിഖിനെ മുസ്‌ലിം സേന കടന്നാക്രമിച്ചത്. അവരില്‍നിന്ന് ഒമ്പതുപേര്‍ കൊല്ലപ്പെട്ടു; ഒപ്പം അല്‍ ഹാരിസ് അയച്ചിരുന്ന ദൂതനും. നൂറിലധികം സ്ത്രീകളെ തടവുകാരായി പിടിച്ചു. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. അവരില്‍ ബനുല്‍ മുസ്വ്ത്വലിഖിന്റെ നേതാവ് അല്‍ ഹാരിസിന്റെ പുത്രി ജുവൈരിയയും ഉണ്ടായിരുന്നു. അവരെ സ്വതന്ത്രയാക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഏറെത്താമസിയാതെ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തി. മുസ്വ്ത്വലിഖുകാര്‍ ഇസ്‌ലാം സ്വീകരിച്ചു. ബന്ദികളെ മോചിപ്പിച്ചതിനെക്കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. ഇബ്‌നു ഹിശാം രണ്ട് ആഖ്യാനങ്ങള്‍2 നല്‍കിയിട്ടുണ്ട്. ഒന്ന്, പ്രവാചകന്‍ സ്വതന്ത്രയാക്കപ്പെട്ട ജുവൈരിയയെ വിവാഹം കഴിച്ചപ്പോള്‍, തങ്ങള്‍ക്ക് യുദ്ധമുതലായി ലഭിച്ച എല്ലാ അടിമകളെയും മുസ്‌ലിം പടയാളികള്‍ മോചിപ്പിച്ചു. രണ്ട്, തടവുകാരെ മദീനയിലേക്ക് കൊണ്ടുവരികയാണുണ്ടായത്. അതറിഞ്ഞ് തന്റെ മകള്‍ക്ക് നഷ്ടപരിഹാരത്തുകയുമായി അവിടെ എത്തിയ അല്‍ഹാരിസ് ഒടുവില്‍ ഇസ്‌ലാം സ്വീകരിക്കുകയാണുണ്ടായത്. മകളെ വിവാഹം ചെയ്തു തരുമോ എന്ന് നബി അന്വേഷിച്ചപ്പോള്‍ അതിന് അനുവാദം നല്‍കുകയും ചെയ്തു. ഇബ്‌നു സഅ്ദ് പറയുന്നത്3 ഒന്നുകില്‍ പ്രവാചകന്‍ എല്ലാ തടവുകാരെയും മോചിപ്പിച്ചു; അല്ലെങ്കില്‍ നാല്‍പതു പേരെ മോചിപ്പിച്ചു -ജുവൈരിയക്കുള്ള വിവാഹ മൂല്യമായി. രണ്ടാമത് പറഞ്ഞതാണ് ശരിയെങ്കില്‍, ബാക്കി തടവുകാരെ മോചന മൂല്യം വാങ്ങാതെയോ വാങ്ങിയോ (സ്ത്രീക്കോ കുട്ടിക്കോ ആറ് ഒട്ടകം എന്ന നിരക്കില്‍) മോചിപ്പിച്ചിട്ടുണ്ടാവും. അസ്‌ലമിക്കാരനായ ബുറൈദയുടെ മേല്‍നോട്ടത്തിലായിരുന്നു ബന്ദികള്‍ കഴിഞ്ഞിരുന്നതെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.4

ഈ സംഭവം നടന്നത് ശഅ്ബാന്‍ മാസത്തിലാണെന്ന കാര്യത്തില്‍ ഏറക്കുറെ സമവായമുണ്ട്. സംഭവം നടന്ന വര്‍ഷം ഹിജ്‌റ നാലാണെന്ന് ബുഖാരിയെ ഉദ്ധരിച്ച് മൂസബ്‌നു ഉഖ്ബ പറഞ്ഞിട്ടുണ്ട്. വാഖിദി അഞ്ചാം വര്‍ഷമെന്നും ഇബ്‌നു ഇസ്ഹാഖ് ആറാം വര്‍ഷമെന്നും രേഖപ്പെടുത്തുന്നു. ഹിജ്‌റ അഞ്ചാം വര്‍ഷം മദീനയിലെ കിടങ്ങിനപ്പുറം പതിനായിരം പടയാളികള്‍ അണിനിരന്ന പടനീക്കം അലസിപ്പോയ സാഹചര്യത്തില്‍, തൊട്ടടുത്ത വര്‍ഷം, അഥവാ ഹിജ്‌റ ആറിന് നൂറ് കണക്കിന് മാത്രം പടയാളികളുമായി ബനുല്‍ മുസ്വ്ത്വലിഖ് മദീനയെ ആക്രമിക്കാന്‍ ധൈര്യപ്പെടുമെന്ന് കരുതാന്‍ ന്യായമില്ല. അപ്പോള്‍ സംഭവം നടന്നിരിക്കുക ഹി. അഞ്ചാം വര്‍ഷം തന്നെയായിരിക്കണം. ഇബ്‌നു സഅ്ദും ബലാദുരിയും ഇത് ഒരുപോലെ അംഗീകരിച്ചിട്ടുണ്ട്. ഖന്‍ദഖ് യുദ്ധത്തിലെ ശത്രുക്കളുടെ മഹാസഖ്യവുമായി അതിനെ ബന്ധപ്പെടുത്തി മനസ്സിലാക്കുകയാണ് ഉചിതം.5 മക്കക്കാര്‍ ഖന്‍ദഖ് യുദ്ധത്തിന് പുറപ്പെട്ടിട്ടുണ്ടെന്ന് പ്രവാചകന് വിവരം നല്‍കിയിരുന്നതും ഒരു ഖുസാഅ ഗോത്രക്കാരനായിരുന്നുവെന്നതും ഇവിടെ ഓര്‍മിക്കാം. സാധാരണ ഗതിയില്‍ മദീനയിലെത്താന്‍ ദിവസങ്ങള്‍ എടുക്കുന്ന വഴിദൂരം നാല് ദിവസങ്ങള്‍ കൊണ്ട് താണ്ടിയാണ് അദ്ദേഹം ഈ വിവരം നല്‍കിയത്.6 ഇതേ കാലത്ത് മറ്റൊരു സംഭവം നടക്കുന്നുണ്ട്. ഖുളാഅക്കാരനായ അബ്ദുല്ലാഹിബ്‌നു ഉനൈസ് എന്നൊരാളെ ശത്രുപ്രമുഖരിലൊരാളായ ഹുദൈലി ഗോത്രക്കാരന്‍ സുഫ്‌യാനുബ്‌നു നുബൈഹിനെ വധിക്കാനായി നിയോഗിക്കുന്നു.7 ഈ സുഫ്‌യാന്‍, അഹ്ബാശ് ഗോത്രസഖ്യത്തിലെ ചിലരുടെ സംരക്ഷണത്തിലാണ്. താമസിക്കുന്നതാകട്ടെ മക്കയുടെ കിഴക്ക് ഭാഗത്തും. ദൗത്യനിര്‍വഹണം വളരെ ദുഷ്‌കരമാണെന്നര്‍ഥം. ഗോത്രപ്പേരിലെ ചെറിയ വ്യത്യാസം മറയാക്കിയാണ് അബ്ദുല്ലാഹിബ്‌നു ഉനൈസ് തന്ത്രത്തില്‍ അംഗരക്ഷകരെ കബളിപ്പിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നത്. അദ്ദേഹം ഖുളാഇ ഗോത്രക്കാരനാണ്; ഖുസാഇ അല്ല. അറബിയില്‍ എഴുതുമ്പോള്‍ അക്ഷരം വേറെയാണെങ്കിലും നാടന്‍ ഉച്ചാരണത്തില്‍ ഒരുപോലെ തോന്നും. ഏതായാലും ലക്ഷ്യസ്ഥാനത്ത് എത്തിയ അബ്ദുല്ലാഹിബ്‌നു ഉനൈസ് തന്റെ ദൗത്യം വിജയകരമായി നിര്‍വഹിച്ചു.8 ഒരു ശത്രുഗോത്രത്തെ നിര്‍വീര്യമാക്കാന്‍ അത് കൊണ്ട് സാധിച്ചു.

ഖുസാഅ ഗോത്രക്കാരെ സംബന്ധിച്ച പ്രധാനപ്പെട്ട ഒരു കാര്യം, ഹുദൈബിയ സന്ധി (ഹി.6)യില്‍ അവര്‍ക്കുള്ള പങ്കാണ്. ഗോത്രമെന്ന നിലക്ക് അവര്‍ മുസ്‌ലിംകളുടെ പക്ഷത്തായിരുന്നു. പക്ഷേ ഗോത്രത്തിലെ എല്ലാവരും അങ്ങനെയായിരുന്നില്ല. രണ്ട് ഖുസാഈ ഗോത്രപ്രമുഖരായ അംറ്ബ്‌നു സാലിമും ബുസ്‌റും സമ്മാനമായി പ്രവാചകന് ഏതാനും ഒട്ടകങ്ങളെയും ആടുകളെയും കൊടുത്തയച്ചപ്പോള്‍ (ഈ കാലികളെ തെളിച്ച് വന്ന ഇടയന് പ്രവാചകന്‍ ഒരു വസ്ത്രം സമ്മാനിക്കുകയുണ്ടായി. തന്റെ സൈനികര്‍ക്ക് ഒരു സദ്യയും നല്‍കി), മറ്റൊരു ഖുസാഈ പ്രമുഖനായ ബുദൈല്‍ ഖുസാഈയെയാണ് മുസ്‌ലിംകളെ ഭീഷണിപ്പെടുത്താനായി ഖുറൈശികള്‍ മദീനയിലേക്ക് പറഞ്ഞയച്ചത്. അബൂബക്ര്‍ സിദ്ദീഖുമായി അയാള്‍ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.9 മക്കാവിജയ സന്ദര്‍ഭത്തില്‍ ഈ ബുദൈലായിരുന്നു മുസ്‌ലിംകളുടെ നീക്കങ്ങള്‍ മണത്തറിയാന്‍ അബൂസുഫ്‌യാനോടൊപ്പം പുറപ്പെട്ടിരുന്നത്.10

ഈ ഖുസാഇ മുഖ്യന്റെ പ്രകൃതത്തെക്കുറിച്ച് ഏതാനും വാക്കുകള്‍ കൂടി. ഹുദൈബിയയില്‍ സന്ധി സംഭാഷണം നടക്കുമ്പോള്‍ മക്കക്കാരുടെ പ്രതിനിധിയായിട്ടാണ് ഇയാള്‍ വന്നിരുന്നത്. പക്ഷേ, സന്ധി വ്യവസ്ഥ പ്രകാരം, അയാളുള്‍പ്പെടെയുള്ള എല്ലാ ഖുസാഇ ഗോത്രക്കാരും മുസ്‌ലിം പക്ഷത്തെ വ്യവസ്ഥകളാണ് പാലിക്കേണ്ടിയിരുന്നത്. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍, ഖുസാഅക്കാരുടെ പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് കയറി ഖുറൈശികള്‍ ഹുദൈബിയ സന്ധി ലംഘിച്ചു. അപ്പോള്‍ ബുദൈലി തന്നെ മദീനയില്‍ ചെന്ന് പ്രതികാര നടപടികള്‍ക്കായി ഒരു സൈന്യത്തെ അയച്ചു തരണമെന്ന് പ്രവാചകനോട് ആവശ്യപ്പെട്ടു. മദീനയില്‍നിന്ന് തിരിച്ച് വരുമ്പോള്‍ ബുദൈല്‍ വഴിയില്‍ വെച്ച് അബൂസുഫ്‌യാനെ കണ്ടുമുട്ടി. അബൂസുഫ്‌യാന്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ മദീനയില്‍ പോയിട്ടില്ലെന്നായി ബുദൈല്‍. ഒടുവില്‍ മക്കാ വിജയ സന്ദര്‍ഭത്തില്‍, ആരുടെയും നോട്ടത്തില്‍ പെടാതെ മുസ്‌ലിം സൈന്യം മക്കയുടെ പ്രാന്തത്തിലെത്തിയപ്പോള്‍ കാര്യങ്ങളറിയാന്‍ പുറത്തേക്കിറങ്ങിയ അബൂസുഫ്‌യാനോടൊപ്പമുള്ള ബുദൈല്‍ അഭിപ്രായപ്പെട്ടത്, ആ വരുന്നത് മുസ്‌ലിംകളല്ല, ഖുസാഅ ഗോത്രക്കാരാണ് എന്നായിരുന്നു. അബൂസുഫ്‌യാനെ ആശയക്കുഴപ്പത്തിലാക്കാന്‍ പറഞ്ഞതായിരിക്കാമത്. ചുരുക്കിപ്പറഞ്ഞാല്‍, ഈ ബുദൈല്‍ ഒരേസമയം പ്രവാചകന്റെയും അബൂസുഫ്‌യാന്റെയും വിശ്വാസം നേടിയെടുത്തു!

പ്രവാചകന്‍ തന്റെ ഹുദൈബിയ യാത്രയില്‍ ഖുസാഅ പടയാളികളെ കൂടെകൂട്ടിയിരുന്നു എന്നത് അതിനാല്‍ തന്നെ നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.11 അവര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഖുസാഅ ഉപഗോത്രമായ അസ്‌ലമിക്കാരുടെ നേതാവ് നജാഹ്. അവര്‍ ബലിമൃഗങ്ങളെയും ഒപ്പം കൂട്ടിയിരുന്നു.12 കാരണം, പ്രവാചകന്‍ മക്കയിലേക്ക് തീര്‍ഥാടനത്തിന് പുറപ്പെട്ടതായിരുന്നല്ലോ. എന്ന് മാത്രമല്ല, അപരിചിത സ്ഥലങ്ങളിലെത്തുമ്പോള്‍ അസ്‌ലമിക്കാരായ വഴികാട്ടികളുടെ സഹായവും പ്രവാചകന്‍ തേടിയിരുന്നു.13 ഇവിടെ മഖ്‌രീസിയുടെ വിവരണത്തില്‍ ചില അസ്വാഭാവികതകള്‍ കാണാനുണ്ട്. മക്കയില്‍ കഅ്ബക്ക് എതിര്‍വശമുള്ള മര്‍വ കുന്നില്‍ വെച്ച് ബലിയറുക്കാനായി പ്രവാചകന്‍ ഏതാണ്ട് ഇരുപത് ഒട്ടകങ്ങളെ അങ്ങോട്ടേക്ക് അയച്ചിട്ടുണ്ടാവാം എന്നാണ് അദ്ദേഹം പറയുന്നത്. ആ മൃഗങ്ങളെ തെളിച്ചുകൊണ്ട് പോയി അസ്‌ലമിക്കാരന്‍ അവയുടെ മാംസം മക്കയിലെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു എന്നും പറയുന്നു.14 ഇത് മറ്റു എല്ലാ ചരിത്ര കൃതികളിലെയും വിവരണങ്ങള്‍ക്ക് എതിരാണ്. കാരണം ഹുദൈബിയ സന്ധി വ്യവസ്ഥ പ്രകാരം, ആ വര്‍ഷം മുസ്‌ലിംകള്‍ക്ക് മക്കയില്‍ കടക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അവര്‍ക്ക് ബലിമൃഗങ്ങളെ അയക്കാനും പാടുണ്ടായിരുന്നില്ല. 'പ്രവാചകന്‍ എവിടെയാണോ ഉള്ളത് അവിടെ വെച്ചുതന്നെ മൃഗങ്ങളെ അറുക്കും' എന്ന് സന്ധി വ്യവസ്ഥയില്‍ എഴുതിച്ചേര്‍ത്തതുമാണല്ലോ. ഒരുപക്ഷേ, അസ്‌ലമി ഉപഗോത്രത്തിന്റെ മൃഗങ്ങളെ (ബുദൈലിന്റെ ഇടപെടല്‍ കൊണ്ടാവാം ഇത്) മക്കയിലേക്ക് വിടാന്‍ അനുവാദം കിട്ടിയിരിക്കണം. പ്രവാചകനാകട്ടെ, അതിനെ എതിര്‍ത്തിട്ടുമുണ്ടാവില്ല.

(തുടരും)

 

കുറിപ്പുകള്‍

1. ഇബ്‌നു സഅ്ദ് II/i, പേ: 45, മഖ്‌രീസി I, 195

2. ഇബ്‌നു ഹിശാം പേ: 729-30, 1002-3

3. ഇബ്‌നു സഅ്ദ് II/i, പേ: 46

4. അതേപുസ്തകം; മഖ്‌രീസി: I, 197

5. കാലഗണനകള്‍ വ്യത്യസ്തമാവാന്‍ കാരണം തുടക്കത്തില്‍ കണക്കുകൂട്ടലില്‍ പല രീതികള്‍ സ്വീകരിച്ചത് കൊണ്ടാവാം. (ബൈഹഖിയുടെ ദലാഇല്‍ കക, 127യ കാണുക).

6. മഖ്‌രീസി I, 219

7. ഇതേ കാരണത്താല്‍ നമ്മള്‍ മുന്‍ഗണന കൊടുക്കുന്നതും ഹി. 5 എന്ന കാലഗണനക്കാണ്.

8. ഇബ്‌നു സഅ്ദ് II/i, പേ: 35-6. ഈ ഹുദൈലിയുടെ പേരിനെക്കുറിച്ച് അഭിപ്രായഭിന്നതയുണ്ട്. ബലാദുരി (അന്‍സാബ്, No: 780) പറയുന്നത്, അദ്ദേഹത്തിന്റെ പേര് ഖാലിദ് ബ്‌നു നുബൈഹ് ആണെന്നാണ്.

9. ഇബ്‌നു ഹിശാം പേ: 742, ഇബ്‌നുസഅ്ദ് II/i പേ: 70

10. മഖ്‌രീസി I, 368

11. സുഹൈലി II, 226

12. മഖ്‌രീസി I, 276

13. അതേ പുസ്തകം, പേ: 282

14. അതേ പുസ്തകം, പേ: 300

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (38-42)
എ.വൈ.ആര്‍