Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 27

3049

1439 ശഅ്ബാന്‍ 10

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റാ മോഷണത്തിന്റെ വഴികളും രാഷ്ട്രീയവും

യാസര്‍ ഖുത്ബ്

ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഏപ്രില്‍ അഞ്ചിന് നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം 87 ദശലക്ഷം ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളാണ് അതില്‍നിന്ന് ചോര്‍ന്നത്. ഈ ഡാറ്റാ മോഷണത്തിന്റെ ഉത്തരവാദിത്തം വ്യക്തിപരമായി താന്‍ ഏറ്റെടുക്കുന്നു എന്നു കൂടി അദ്ദേഹം കുറ്റസമ്മതം നടത്തുകയുണ്ടായി. ഇനി ഭാവിയില്‍ ഇത്തരം മൂന്നാം കക്ഷി ചോര്‍ച്ചകള്‍ തടയുന്നതിനുവേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമെന്നും ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.  

എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്? ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തില്‍  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ ഇടപെടുന്നു? നമ്മുടെ  മൊബൈല്‍ ഫോണുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയില്‍ ഇതിന്റെ സ്വാധീനം എന്ത്? നമ്മുടെ വ്യക്തിഗത വിവരങ്ങളും ഡാറ്റകളും മറ്റുള്ളവര്‍ എങ്ങനെ ചോര്‍ത്തുന്നു, ഉപയോഗപ്പെടുത്തുന്നു? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഡാറ്റക്കുള്ള പ്രാധാന്യമെന്ത്? ഈ ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ലളിതമായ ഒരു കുറിപ്പാണിത്.

ഇനിയുള്ള കാലം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേതാണെന്ന് മാധ്യമങ്ങളിലും മറ്റു ചര്‍ച്ചകളിലും നാം കേട്ടുകൊണ്ടിരിക്കുന്നു. കൃത്രിമബുദ്ധി, നിര്‍മിത ബുദ്ധി എന്നൊക്കെ അറിയപ്പെടുന്ന ഇത് യഥാര്‍ഥത്തില്‍ ഒരു പുതിയ ശാസ്ത്രശാഖയല്ല. 30 വര്‍ഷമെങ്കിലുമായി ഈ വിഷയം നമ്മുടെ പ്രാദേശിക സര്‍വകലാശാലകളില്‍ പോലും ഒരു സാധാരണ പാഠ്യവിഷയമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇതിന്  കൂടുതല്‍ പ്രാധാന്യം കൈവന്നത്?.  വര്‍ധിത അളവിലും സൗജന്യമായും ഇന്റര്‍നെറ്റിന്റെ ലഭ്യത,  ഉയര്‍ന്ന വ്യക്തതയോടു കൂടിയ വീഡിയോ, വോയിസ് എന്നിവയാണ്  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഇന്ന് കൂടുതല്‍ പ്രായോഗികമായ രീതിയിലേക്ക് പരിവര്‍ത്തിപ്പിച്ചത്. ജീവിതത്തിന്റെ സര്‍വമേഖലകളിലും അത് കടന്നുചെല്ലുന്നു, പലപ്പോഴും നാം അറിയാതെത്തന്നെ. 

ആവശ്യാനുസരണം സന്ദര്‍ഭത്തിനനുസരിച്ച് പ്രതികരിക്കാനുള്ള കഴിവാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ നമുക്ക് ലഭ്യമാവുന്നത്. കാണാന്‍ കഴിയാത്ത പ്രവൃത്തികളിലൂടെയോ ഫിസിക്കല്‍ വര്‍ക്കുകളിലൂടെയോ മെഷിനറികളിലൂടെയോ നമുക്ക് അത് അനുഭവപ്പെടുന്നത്. അത് ചിലപ്പോള്‍ കൊച്ചുകൊച്ചു പണികള്‍ മുതല്‍ മനുഷ്യന് ചെയ്യാന്‍ പറ്റാത്ത ഭീമാകാരമായ ജോലികള്‍ വരെ ആകാം. സാധാരണ കണക്കുകൂട്ടലുകള്‍ മുതല്‍ ഭൗമാന്തരീക്ഷ പ്രവചനങ്ങള്‍ നടത്താന്‍ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  ഉപയോഗിക്കുന്നു. ചെറിയ കളിപ്പാട്ടങ്ങള്‍ മുതല്‍  യന്ത്രമനുഷ്യര്‍ വരെ AI (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗപ്പെടുത്തുന്നു. ജീവിതത്തിന്റെ സര്‍വ  മേഖലകളിലും പഠന നിരീക്ഷണങ്ങള്‍ നടത്തുന്നതിന്, ചെറിയ പഠന സഹായികളില്‍ മുതല്‍ വളരെ സങ്കീര്‍ണമായ സിമുലേഷനുകളില്‍ വരെ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നു.

ലഭ്യമായ വിവരങ്ങളും നിയമങ്ങളും അനുസരിച്ച് പ്രോസസ്സ് നടത്തി വിവേചനബുദ്ധിയോടെ  സന്ദര്‍ഭാനുസരണം നമുക്ക് ഔട്ട്പുട്ടുകള്‍ തരിക എന്നതാണ് എഐ (AI)  ചെയ്യുന്നത്. ഇവിടെ നമ്മള്‍ നല്‍കുന്ന ഇന്‍പുട്ട് ഡാറ്റക്കും കണക്കുകൂട്ടലുകള്‍ക്ക് ആവശ്യമായ നിയമങ്ങള്‍ക്കും  വളരെ പ്രാധാന്യമുണ്ട്. ഇന്‍പുട്ടുകള്‍ ശബ്ദമോ വീഡിയോ ടെക്സ്റ്റുകളോ എന്തുമാകാം. മെഷീനില്‍ സൂക്ഷിച്ചിട്ടുള്ള കോടിക്കണക്കിന് ഡാറ്റകളില്‍നിന്ന് നമുക്ക് ആവശ്യമുള്ളതിനെ മാത്രം പ്രോസസ്സ് ചെയ്തുതരികയാണ് ചെയ്യുന്നത്. ജോലിയധിഷ്ഠിതമായ ചില അല്‍ഗോരിതങ്ങളിലൂടെ നമുക്ക് ആവശ്യമുള്ളതിനെ വേര്‍തിരിച്ച് നിശ്ചിത രൂപത്തില്‍ നല്‍കുന്നതിന് ഡീപ് ലേണിംഗ് (Deep Learning) എന്നു പറയാം. ഇത്തരം മെഷീന്‍ ലേണിംഗുകളുടെ മോഡലുകള്‍ മനുഷ്യന്റെ നാഡീവ്യവസ്ഥ, മസ്തിഷ്‌കം എന്നിവയുടെ പ്രവര്‍ത്തനങ്ങളോട് വളരെ സാമ്യതയുള്ളതാണ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലിയവസരങ്ങള്‍ കുറക്കുമെന്നു പറയുന്നത് അത്ര ശരിയല്ല. ഡീപ് ലേണിംഗിലും മറ്റും പ്രാവീണ്യമുള്ള വിദഗ്ധര്‍ക്കും ഡാറ്റാ സയന്റിസ്റ്റുകള്‍ക്കും തൊഴില്‍ വിപണിയില്‍ വന്‍ ഡിമാന്റാണ് ഇപ്പോഴുള്ളത്).

ചില കളിപ്പാട്ട കാറുകള്‍ (toys car), ചുമരുകളുടെയോ നിഴലുകളുടെയോ അടുത്തെത്തിയാല്‍ ഓട്ടോമാറ്റിക്കായി വഴിമാറി സഞ്ചരിക്കും. ഇത് അതിനുള്ളില്‍ ഫീഡ് ചെയ്തുവെച്ചിട്ടുള്ള ഡാറ്റയും 'സെന്‍സറുകളുടെ' ഇന്‍പുട്ടും അനുസരിച്ചിട്ടുള്ള ഒരു പ്രവര്‍ത്തനമാണ്. ഇതൊരു കൊച്ചു AI  മെഷീന്‍ ആണ്.  കമ്പ്യൂട്ടര്‍ ഗെയ്മുകളില്‍ ഭൂരിപക്ഷവും അക ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നു. ക്ലാസിക്കല്‍ ഗെയ്മുകളില്‍ ഒന്നായ ചെസ്സിന്റെ സോഫ്റ്റ്വെയര്‍ വെര്‍ഷന്‍ ഇറക്കുന്ന ഏറ്റവും വലിയ കമ്പനിയുടെ പേരു തന്നെ AI ഫാക്ടറി എന്നാണ്. ചെസ്സ് കളിയിലെ എല്ലാം കരുക്കളുടെയും നീക്കങ്ങളുടെ അടിസ്ഥാന നിയമങ്ങള്‍ ആദ്യം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതുകൂടാതെ ഒരു കളിക്കാരന്‍ നിശ്ചിത നീക്കം നടത്തിയാല്‍ മെഷീന്‍ ഏതെല്ലാം നീക്കങ്ങള്‍ നടത്തണമെന്ന്  അതു  കാല്‍ക്കുലേറ്റ്  ചെയ്യുന്നു. ഇതിന്റെ വ്യത്യസ്ത  കോമ്പിനേഷനുകള്‍ വെച്ച് ഭാവി നീക്കങ്ങളെ മുന്‍കൂറായി തിരിച്ചറിയുന്നു.  യന്ത്രങ്ങള്‍ക്ക്  മനുഷ്യനേക്കാള്‍ കാല്‍ക്കുലേഷനിലും കൃത്യതയിലും  വേഗത ഉണ്ടായിരിക്കും. അമേരിക്കയിലെ പ്രശസ്തമായ എം.ഐ.ടി (മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)യിലെ വിദ്യാര്‍ഥികള്‍ ഈയടുത്ത് നിര്‍മിച്ച AI യന്ത്രം, റൂബിക്‌സ് ക്യൂബ് ശരിയാക്കുന്നതിന്  ഒരു സെക്കന്റിന്റെ 0.38 അംശം മാത്രമാണ് എടുക്കുന്നത്. അഥവാ കണ്ണിമ വെട്ടുന്ന നേരത്തേക്കാള്‍ വേഗത്തില്‍ യന്ത്രം, ഏതു കുഴഞ്ഞുമറിഞ്ഞ റുബിക്‌സ് ക്യൂബും നിര്‍ധാരണം ചെയ്യുന്നു. 

നിര്‍മിത ബുദ്ധി  ഏറ്റവും കൂടുതല്‍  ഉപയോഗപ്പെടുത്തിയിട്ടുള്ള മേഖലകളിലൊന്ന് ആരോഗ്യരംഗമാണ്. രോഗങ്ങളുടെ നിര്‍ണയം മുതല്‍ സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ വരെ  യന്ത്രസഹായത്താല്‍ ചെയ്യുന്നു. മനുഷ്യനു കടന്നുചെല്ലാന്‍ കഴിയാത്ത ശൂന്യാകാശത്തും ആഴക്കടലിലും പര്‍വതങ്ങളിലും   യന്ത്രമനുഷ്യര്‍  ഇപ്പോള്‍  സാധാരണമാണ്. കേരളത്തില്‍ ഈയടുത്ത് ഡ്രെയ്‌നേജുകളില്‍ മാലിന്യം നീക്കം ചെയ്യാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന  വാര്‍ത്ത ശ്രദ്ധിച്ചുകാണും. റോബോട്ടുകളെ  കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക സുഊദി അറേബ്യയിലെ സോഫിയ ആയിരിക്കും.  യഥാര്‍ഥത്തില്‍ അതൊരു മെഷീന്‍ മാത്രമാണ്. ക്യാമറകള്‍ വെച്ച് കാണുകയും മൈക്രോഫോണിലടെ കേള്‍ക്കുകയും ചെയ്യുന്ന യന്ത്രം. മനുഷ്യന്റെ രൂപത്തിലുള്ള ഒരു ഉപകരണം എന്നേ ഉള്ളൂ. ആ രൂപം പരിതഃസ്ഥിതികളോടും ചോദ്യങ്ങളോടും പ്രതികരിക്കുന്നു എന്നു മാത്രം. അതിന്റെ ചലനങ്ങളും അങ്ങനെത്തന്നെ. എങ്ങനെ നടക്കണമെന്ന് അതിന്റെ മുന്നിലുള്ള സ്ഥലങ്ങളും തടസ്സങ്ങളും നോക്കി അത് തീരുമാനിക്കുന്നു. ചോദ്യങ്ങള്‍ക്കും തന്റെ ഉള്ളിലെ ഡാറ്റ അനുസരിച്ച് പ്രോസസ്സ് ചെയ്ത് ആ യന്ത്രം പ്രതികരിക്കുന്നു.   

ഇനി ഭാവിയില്‍ ഒരു യുദ്ധമുണ്ടായാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ആയുധങ്ങളാണ് ഉപയോഗിക്കുക എന്നാണ് നിരീക്ഷണം. ആണവ യുദ്ധങ്ങളുടെ കാലം കഴിഞ്ഞു എന്നാണ് പറയുന്നത്. മാത്രമല്ല ആണവ ആയുധങ്ങള്‍ പോലെ, ഇത് ഭൂമിയെയും മനുഷ്യരെയും കെട്ടിടങ്ങളെയും മുഴുവനായി തകര്‍ക്കുകയുമില്ല. ആവശ്യമുള്ള  കെട്ടിടങ്ങളെ മാത്രം, അല്ലെങ്കില്‍ ഒരു കെട്ടിടത്തിനുള്ളിലെ  മനുഷ്യരെ മാത്രം. ചിലപ്പോള്‍, ഒരു തെരുവിലെ നിശ്ചിത വിഭാഗം ആളുകളെ മാത്രം നശിപ്പിക്കാന്‍ അക ഉപയോഗിച്ചുള്ള ഡ്രോണ്‍ ആയുധങ്ങള്‍ക്ക് കഴിയും. അതായത് പുരുഷന്മാരെ മാത്രം, അല്ലെങ്കില്‍ സ്ത്രീകളെ മാത്രം, അതുമല്ലെങ്കില്‍ സാരി ധരിച്ചവരെ മാത്രം എന്നെല്ലാം കൃത്യമായി നിര്‍ദേശം നല്‍കുകയാണെങ്കില്‍ അതനുസരിച്ച് അവ പ്രവര്‍ത്തിക്കും.

ശബ്ദങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഓട്ടോമാറ്റിക്കായി യന്ത്രങ്ങള്‍ക്ക് മനസ്സിലാക്കാവുന്ന വിദ്യ വികസിപ്പിച്ചത് (വോയ്‌സ് റെക്കഗ്‌നിഷന്‍, പിക്ചര്‍ റെക്കഗ്‌നിഷന്‍), ഹൈ റെസല്യൂഷന്‍ എച്ച്.ഡി.ഡി വീഡിയോ എന്നിവ  നിര്‍മിത ബുദ്ധി മേഖലയിലെ ഏറ്റവും  പ്രധാനപ്പെട്ട  മുന്നേറ്റങ്ങളാണ്. കീ വേഡുകള്‍ ഇല്ലാതെത്തന്നെ പ്രാദേശിക ഭാഷകളിലടക്കം നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍  ഇന്ന് യന്ത്രങ്ങള്‍ക്ക് കഴിയുന്നു. നാം ടൈപ്പ് ചെയ്തുകൊടുക്കേണ്ടതില്ല  എന്നര്‍ഥം. 

ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുന്നതിന്റെ ദൈനംദിന ജീവിതത്തിലെ വളരെ ലളിതമായ ഒരു ഉദാഹരണം. നമ്മള്‍ ഓണ്‍ലൈനില്‍   ഷര്‍ട്ട് വാങ്ങുന്നതിനായി ഒരു വെബ്സൈറ്റ് തുറന്നു സെര്‍ച്ച് നടത്തുന്നു. ഉടനെ സമാനമായ കാറ്റഗറിയില്‍ പെട്ട കുറേ ഷര്‍ട്ടുകള്‍ ഓട്ടോമാറ്റിക് ആയി നമുക്ക് പ്രസ്തുത വെബ്‌സൈറ്റ് നിര്‍ദേശിച്ചുതരും.  നമ്മള്‍ പരതിയ അതേ സൈസിലും കമ്പനിയിലും മോഡലിലും നിറത്തിലും വിലയിലുമുള്ള ഷര്‍ട്ടുകളാണ് നമുക്ക് കാണിച്ചുതരിക. അതായത് നമ്മുടെ അഭിരുചി അഥവാ ടേസ്റ്റ് അത് മനസ്സിലാക്കി എന്നര്‍ഥം. ഇ-കൊമേഴ്‌സ് സൈറ്റുകള്‍  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിന്റെ  ഫലമായാണ് ഇത് നമുക്ക് ലഭിക്കുന്നത്.  

ഇതുതന്നെയാണ് സോഷ്യല്‍ മീഡിയയിലും നടക്കുന്നത്. നമ്മുടെ എല്ലാ ഡാറ്റയും അതിലുണ്ട്. നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അഭിരുചികളും യാത്രകളും അടങ്ങിയ  ഡാറ്റ കൊണ്ട്  നമ്മുടെ മുഴുവന്‍ സ്വഭാവവും മറ്റുള്ളവര്‍ക്ക് വിശകലനം ചെയ്യാം.  കച്ചവടക്കാര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെയുള്ളവര്‍ അതിന്റെ ഫലം കൊയ്യുന്നു. നമ്മള്‍ ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്ന ആളാണെങ്കില്‍, പ്രസ്തുത ഭക്ഷണം ഉണ്ടാക്കുന്ന പല  കമ്പനികളും നേരിട്ടോ അല്ലാതെയോ പല രീതികളില്‍ നമ്മെ സമീപിക്കുന്നു, സ്വാധീനിക്കുന്നു. ഇതേ തന്ത്രം തന്നെയാണ് രാഷ്ട്രീയക്കാരും പയറ്റുന്നത്. മാത്രമല്ല നമ്മുടെ  അഭിരുചികള്‍ അളന്ന്, അവര്‍ക്ക് കൃത്യമായ സാധ്യതാ സര്‍വേകളും നടത്താനാവും. അതിനനുസരിച്ച് പുതിയ നയങ്ങളും അടവുകളും സ്വീകരിക്കാം. നമ്മുടെ കാഴ്ചകളില്‍ അതിനുതകുന്ന ഇമേജുകളും ഫീഡുകളും നിറച്ചുവെക്കാനും അവര്‍ക്ക് സാധിക്കും. ഫേസ് ബുക്കിലും ഗൂഗ്‌ളിലും കാശു നല്‍കിയാല്‍ സ്‌പോണ്‍സേഡ് പോസ്റ്റുകളും പരസ്യങ്ങളും ടാര്‍ജെറ്റഡ് ഓഡിയന്‍സിന്റെ മുന്നില്‍ കൃത്യമായി അവര്‍ എത്തിക്കും. രാജ്യവും പ്രദേശവും മതവും രാഷ്ട്രീയ കാഴ്ചപ്പാടുകളും തരംതിരിച്ചു വരെ ഉപഭോക്താക്കളില്‍ നാം കൊടുക്കുന്ന വിവരങ്ങള്‍  അല്ലെങ്കില്‍ പരസ്യങ്ങള്‍ അവര്‍ എത്തിക്കും. അങ്ങനെ നമ്മുടെ കാഴ്ചപ്പാടുകളും തീരുമാനങ്ങളും അട്ടിമറിക്കപ്പെടുന്ന വിധം നാം സ്വാധീനിക്കപ്പെടുന്നു.

ഇപ്പോള്‍ വിവാദമുണ്ടായത് കേംബ്രിഡജ് അനലിറ്റിക എന്ന റിസര്‍ച്ച് കമ്പനി ഫേസ് ബുക്കില്‍ നിന്ന് ഡാറ്റ ചോര്‍ത്തി യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതാണ്. യു.കെയിലെ ചാനല്‍ 4 എന്ന ടെലിവിഷന്‍ കമ്പനിയാണ്  സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഇത് പുറത്തുകൊണ്ടുവന്നത്. ഈ കേംബ്രിഡ്ജ് അനലിറ്റിക ഇന്ത്യയിലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സജീവ പങ്കാളികളായിരുന്നു. തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് ഫേസ് ബുക്കില്‍ നിന്ന് ഡാറ്റ ചോര്‍ത്തുന്നതാണ് ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിച്ചത്. യഥാര്‍ഥത്തില്‍  ഫേസ് ബുക്ക്, ഗൂഗ്ള്‍ തുടങ്ങിയ  ഭീമന്മാര്‍ എല്ലാവരുംതന്നെ ഉപഭോക്താക്കളുടെ  ഡാറ്റ മറ്റുള്ളവര്‍ക്ക് നല്‍കുന്നുണ്ട്. കുറച്ചുവര്‍ഷം മുമ്പ്  ഫ്രീ ഇന്റര്‍നെറ്റ് എന്ന കാമ്പയിനുമായി ഇവര്‍ വന്നതുപോലും ആളുകളുടെ ഡാറ്റ ഇവരുടെ മാത്രം കുത്തകയാക്കിവെക്കുക എന്ന ദുരുദ്ദേശ്യത്തോടെയായിരുന്നു. വാട്ട്‌സ്ആപ്പിനെ ഒരുപാട് കോടികള്‍  നല്‍കിയാണ് ഫേസ് ബുക്ക് സ്വന്തമാക്കിയത്.  ഫേസ് ബുക്കിനെ പോലുള്ള ഒരു കമ്പനി കുറച്ച് എഞ്ചിനീയര്‍മാരെ വെച്ചാല്‍ ഒറ്റ ദിവസം കൊണ്ട് തന്നെ ഡെവലപ്പ് ചെയ്യാന്‍ പറ്റുന്ന ഒരു മെസഞ്ചര്‍ ടെക്‌നോളജി മാത്രമാണ് വാട്‌സ് ആപ്പിന്റേത്.  അഥവാ അവര്‍ക്ക് വാട്ട്‌സ്ആപ്പ് പോലുള്ള ഒരു മെസഞ്ചര്‍ ഒറ്റ ദിവസം കൊണ്ട് നിര്‍മിക്കാന്‍ കഴിയുമെന്നര്‍ഥം. എന്നാല്‍ അത് ചെയ്യാതെ ഇത് വാങ്ങാനുള്ള കാരണം,  വാട്‌സ് ആപ്പ് ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ഡാറ്റ ലഭിക്കാന്‍ കൂടിയാണ്. ഇതില്‍നിന്ന് അവര്‍ ഭീമമായ ലാഭവും  ഉണ്ടാക്കുന്നു. ഇന്ന് ടെലിവിഷനുകളേക്കാള്‍ കൂടുതല്‍, പരസ്യ വിപണിയുടെ വലിയ ശതമാനം  സ്വന്തമാക്കുന്നത് ഗൂഗ്‌ളും ഫേസ് ബുക്കുമടങ്ങുന്ന ഓണ്‍ലൈന്‍ ഡിജിറ്റല്‍ കമ്പനികളാണെന്നതില്‍നിന്നുതന്നെ ഇതിന്റെ ആഴം നമുക്ക് മനസ്സിലാക്കാം.  

 

സര്‍വത്ര മാര്‍ക്കറ്റിംഗ്

നമ്മുടെ ഡാറ്റകള്‍  ഉപയോഗിക്കുന്നത് മാര്‍ക്കറ്റിംഗിനും,  നമ്മുടെ സ്വഭാവവുമായി ബന്ധപ്പെട്ട അനുബന്ധ റിസര്‍ച്ചുകളിലൂടെ നയങ്ങള്‍ രൂപപ്പെടുത്താനുമാണ്. പണ്ടുകാലത്ത് Cold Call  എന്ന ഒരു മാര്‍ക്കറ്റിംഗ് രീതി ഉണ്ടായിരുന്നു. ഉപഭോക്താവിനെ കണ്ടെത്താന്‍, കിട്ടിയ ഏത് ഫോണ്‍ നമ്പറിലും അല്ലെങ്കില്‍ മനസ്സില്‍ തോന്നുന്ന നമ്പറുകളിലെല്ലാം വിളിക്കുന്ന പരിപാടിയാണിത്. ഒരു ഉല്‍പന്നം  അല്ലെങ്കില്‍  സര്‍വീസ് വില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളാണിത് ചെയ്യുക. ചിലപ്പോള്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെയായിരിക്കും എക്‌സിക്യൂട്ടീവിന് ലൈനില്‍ കിട്ടുക. ഇതിലെ വിജയസാധ്യത വളരെ ശുഷ്‌ക്കമാണ്. എന്നാല്‍ നമ്മുടെ  ഉല്‍പന്നം ആവശ്യമുള്ള ആളുകളുടെ മാത്രം ലിസ്റ്റ് നമുക്ക് ലഭിക്കുമെങ്കില്‍ വില്‍പന വളരെ പെട്ടെന്ന് നടക്കും. ചുരുക്കത്തില്‍ ഇത്തരം ലിസ്റ്റുകള്‍ ഉണ്ടാക്കുന്ന പരിപാടിയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനികളും ഓണ്‍ലൈന്‍ റിസര്‍ച്ച് കമ്പനികളും ചെയ്യുന്നത് എന്നു പറയാം.  ഭക്ഷണം, വസ്ത്രം, യാത്ര, രാഷ്ട്രീയം തുടങ്ങി വ്യക്തികളിലെ  എല്ലാ അഭിരുചികളെക്കുറിച്ച വിവരങ്ങളും ബന്ധപ്പെട്ട  ആളുകള്‍ക്ക് അല്ലെങ്കില്‍ കച്ചവടക്കാര്‍ക്ക് ഈ റിസര്‍ച്ച്  കമ്പനിക്കാരും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകാരും വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. 

കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയില്‍ അമേരിക്കക്കാരുടെ ഡാറ്റകളാണ്  ഏറ്റവും കൂടുതല്‍ ചോര്‍ന്നത്; 7.06 കോടി  ആളുകളുടെ വ്യക്തി വിവരങ്ങള്‍. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടമായ ഇന്ത്യ ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ചോര്‍ന്ന ഡാറ്റയുടെ പൂര്‍ണമായ  കണക്കുകള്‍ ഇപ്രകാരമാണ്: യുഎസ്: 7,06,32,350 (81.6 ശതമാനം) ഫിലിപ്പീന്‍സ്: 11,75,870 (1.4 ശതമാനം) ഇന്തൊനേഷ്യ: 10,96,666 (1.3 ശതമാനം) ബ്രിട്ടന്‍: 10,79,031 (1.2 ശതമാനം) മെക്‌സിക്കോ: 7,89,880 (0.9 ശതമാനം) കാനഡ: 6,22,161 (0.7 ശതമാനം) ഇന്ത്യ: 5,62,455 (0.6 ശതമാനം) ബ്രസീല്‍: 4,43,117 (0.5 ശതമാനം) വിയറ്റ്നാം: 4,27,446 (0.5 ശതമാനം) ആസ്‌ത്രേലിയ: 3,11,127 (0.4 ശതമാനം).

ഫേസ് ബുക്കിന്റെ ചീഫ് ഓപ്പറേഷനല്‍ ഓഫീസറായ സാന്‍ഡ് ബെര്‍ഗും മാധ്യമങ്ങളോട് പറഞ്ഞത്, സുക്കര്‍ബര്‍ഗ് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ്; സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ സാങ്കേതിക മുന്നൊരുക്കങ്ങളും നിക്ഷേപങ്ങളും ആവശ്യമാണെന്ന്. അതൊരു ദീര്‍ഘകാല പദ്ധതി കൂടിയാണെന്നും വ്യക്തമാക്കുന്നു. അഥവാ മോഷണങ്ങള്‍ ഇനിയും  ഉണ്ടാകാം എന്ന ധ്വനി ഇതിലുണ്ട്. ഫേസ് ബുക്കിന്റെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവ് (CTO) മൈക് ഷ്രോഫര്‍ തങ്ങളുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സുദീര്‍ഘമായ പ്രൈവസി പോളിസിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ തേഡ് പാര്‍ട്ടി ആപ്പുകള്‍ക്കുള്ള വിലക്കും ഉള്‍പ്പെടുന്നു. ഇതെല്ലാം മറ്റൊരു തരത്തില്‍ പറയുന്നത് ഫേസ് ബുക്ക് അത്ര സുരക്ഷിതമല്ല എന്നുതന്നെയാണ്.  

 

ഫോണുകളില്‍നിന്നുള്ള ഡാറ്റ ചോര്‍ച്ച 

കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയില്‍നിന്ന് ഫേസ് ബുക്കിലൂടെ നേരിട്ട് ചോര്‍ത്തിയത് വെറും 335 ആളുകളുടെ ഡാറ്റ മാത്രമാണ്. ഈ ആളുകളുടെ  ലിസ്റ്റില്‍പെട്ട മറ്റുള്ളവരുടെ ഡാറ്റ കൂടി ചോര്‍ത്തിയാണ് ആറ് ലക്ഷത്തോളം ആളുകളുടെ ഡാറ്റ അവര്‍ക്ക് ലഭിച്ചത്. 'നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം എങ്ങനെ' എന്ന ഒരു ഫേസ് ബുക്ക് ആപ്പിലൂടെയാണ് അനലിറ്റിക്ക ഇത് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഒരു ആപ്പിലൂടെ ഇവര്‍ മുമ്പ് സെന്റ് പീറ്റേഴ്‌സ് ബെര്‍ഗ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ ഡാറ്റയും ഇപ്രകാരം  ചോര്‍ത്തിയിരുന്നു.

അനലിറ്റിക്കയിലെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈലാണ് കുറച്ചധികം വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. പല ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാം അവര്‍ക്ക് ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും നല്‍കുന്നുണ്ട്.  അവര്‍ നമ്മോട് നമ്മുടെ ഫോട്ടോകളും കോള്‍ ലിസ്റ്റുകളും മെസേജുകളും വായിക്കാനും ഡിലീറ്റ് ചെയ്യാനും അനുവാദം ചോദിക്കുകയും നാം അവ വായിച്ചുനോക്കാതെ തന്നെ സമ്മതം  നല്‍കുകയും  ചെയ്യുന്നു. മോദി ആപ്പിനെ കുറിച്ച് ഈയടുത്ത് ഇത്തരമൊരു വിവാദമുണ്ടായത് എല്ലാവരും ശ്രദ്ധിച്ചുകാണും. പ്രസ്തുത ആപ്പ് യുവാക്കളുടെ ഡാറ്റാ ശേഖരണത്തില്‍ കേന്ദ്രീകരിച്ചതില്‍നിന്ന് മനസ്സിലാകുന്നത് അടുത്ത ജനറേഷനെ ഇവര്‍ കാര്യമായി ലക്ഷ്യമിടുന്നു എന്നതുതന്നെയാണ്.  

നിങ്ങളുടെ ബാങ്ക് ബാലന്‍സ് സീറോ ആണെന്ന മെസ്സേജ് (SMS) അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക ഉണ്ട് എന്ന എസ്.എം.എസ് നിങ്ങളുടെ ഫോണില്‍ ഉണ്ടെന്നിരിക്കട്ടെ. ഇത് ലോണ്‍ നല്‍കുന്നയാള്‍, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നയാള്‍  വായിക്കുകയും തുടര്‍ന്ന് നിങ്ങളുമായി ആശയവിനിമയം നടത്തി നിങ്ങളെ അവരുടെ ഒരു കസ്റ്റമര്‍ ആക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ഒരു ടെലിവിഷന്‍ വാങ്ങുന്നതിനെ കുറിച്ച് അന്വേഷിക്കുന്ന ഒരു മെസേജ്  നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍, അത്  ടി.വി വില്‍പന ഏജസികള്‍ക്ക് അവരുടെ ആപ്പുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍നിന്ന് വായിച്ചെടുക്കാനും നിങ്ങളെ 'സഹായിക്കാനും' കഴിയുമെന്നര്‍ഥം. മുമ്പ് ചില ചൈനീസ് ഫോണുകള്‍ ഉപഭോക്താക്കളുടെ  ഡാറ്റ വിറ്റതിനെ കുറിച്ച്  ആരോപണങ്ങളുയര്‍ന്നിരുന്നു. ഉപഭോക്താവ് ഫോണില്‍ സൂക്ഷിച്ച ഫോട്ടോകള്‍ ഫോണ്‍ കമ്പനിക്കാര്‍ തന്നെ വിറ്റു എന്നായിരുന്നു ആരോപണം.  ഇന്ത്യയില്‍ പ്രചാരത്തില്‍ മുന്‍പന്തിയിലുള്ള ആദ്യത്തെ രണ്ട് ചൈനീസ് ഫോണുകളിലും ഡാറ്റ സെക്യൂരിറ്റി ഇല്ല എന്ന ആരോപണം നിലനില്‍ക്കുന്നു. 

ഫോണ്‍ സേവനദാതാക്കളില്‍ ചിലര്‍ ഇന്ന് ഉപയോഗിക്കുന്നത് ടെലിഫോണ്‍ സംസാരത്തിനുള്ള നിര്‍ദിഷ്ട പ്രോട്ടോക്കോള്‍ അല്ല.  ഇന്റര്‍നെറ്റ് വോയ്‌സ് ആയാണ് സംസാരം അയക്കുന്നത്. അപ്പോള്‍ സംസാരത്തില്‍ നാം പറയുന്ന വാക്കുകള്‍ പോലും മാര്‍ക്കറ്റിംഗ് ഡാറ്റ ആയി മാറും. ഉദാഹരണത്തിന് ഒരാള്‍ തന്റെ ഫോണ്‍ സംസാരത്തില്‍ വിമാന യാത്ര പോകുന്നതിനെക്കുറിച്ച് പറഞ്ഞാല്‍, ഫ്‌ളൈറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ടെലിഫോണ്‍ കോളുകള്‍ അടുത്തദിവസം നിങ്ങളെ തേടിയെത്താം. അതായത്  നമ്മുടെ സംസാരം പോലും ഇവിടെ വില്‍പനയാക്കപ്പെട്ടു എന്നു ചുരുക്കം. ഇതാണ് ഇന്നത്തെ ലോകം. 

സിനിമകളിലും മറ്റും ഫോണ്‍ സംസാരം ഒഴിവാക്കി, വാട്ട്‌സ്ആപ്പ് വോയ്‌സ് ഉപയോഗിച്ചാല്‍ മറ്റുള്ളവര്‍ ചോര്‍ത്തുകയില്ല എന്ന് പറയുന്നതു കേള്‍ക്കാം. ഇത് പകുതി ശരിയാണ്. പൂര്‍ണമായി എന്‍ക്രിപ്ഷന്‍ ഇല്ലെങ്കിലും രണ്ടു ഡെലിവറി അഗ്രങ്ങള്‍ തമ്മിലുള്ള സിംഗ്ള്‍ ലെവല്‍ എന്‍ക്രിപ്ഷന്‍ അവര്‍ പറയുന്നുണ്ട്. ഡിജിറ്റലായി മാറ്റങ്ങള്‍ വരുത്തിയ (എന്‍ക്രിപ്റ്റഡ്) സിഗ്നലുകളാണ് ഇവിടെ ഡാറ്റ അയക്കുന്നത്.  ഇവ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കഴിയില്ല. ഇതിനാണ് ക്രിപ്‌റ്റോഗ്രാഫി എന്ന സാങ്കേതിക പേര് ഉപയോഗിക്കുന്നത്. ഇവ കൂടുതല്‍ സുരക്ഷ പ്രദാനം ചെയ്യുന്നു. ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്‌റ്റോ കോയ്‌നുകള്‍, വരാന്‍ പോകുന്ന ബാങ്കിംഗ് ടെക്‌നോളജിയായ 'ബ്ലോക്ക് ചെയ്‌നുകള്‍' തുടങ്ങിയവ ഈ എന്‍ക്രിപ്ഷന്റെ കുറച്ചുകൂടി ഉയര്‍ന്ന പടികളാണ് ഉപയോഗിക്കുന്നത്. അവ ഉപയോഗിക്കുന്നതിനു സ്വകാര്യമായ പാസ് വേര്‍ഡുകള്‍  (പ്രൈവറ്റ് കീ) കൂടി ഉണ്ടായിരിക്കും.

കുറച്ചാളുകള്‍ മാത്രം ഡാറ്റ ചോര്‍ത്തുന്ന ആപ്പുകള്‍ ഡിലീറ്റ് ചെയ്യുന്നതുകൊണ്ടോ, സെക്യൂരിറ്റി സെറ്റിംഗുകള്‍ ശക്തമാക്കിയതുകൊണ്ടോ മാത്രം ഡാറ്റാ ചോരണം തടയാന്‍ കഴിയില്ല. ഡാറ്റ എന്‍ക്രിപ്ഷനുകളും മറ്റ് പ്രൈവസി പോളിസികളും ശക്തമായി  നിര്‍ദേശിക്കുന്ന GDPR (General Data Protection Regulation (EU)   സ്റ്റാന്‍ന്റേഡുകള്‍ രാജ്യത്ത് നടപ്പിലാക്കുക എന്നതാണ് ഇതിനൊരു പരിഹാരം. ഇന്ത്യയിലെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടും  സുരക്ഷാ ആശങ്കകള്‍ തന്നെയാണ് പ്രധാനമായുള്ളത്. പൗരന്റെ മൗലിക ഡാറ്റകള്‍ പലര്‍ക്കും എടുത്തു കൊണ്ടുപോകാന്‍ പറ്റുന്ന അവസ്ഥ. സുരക്ഷയെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്, വലിയ ചുമരുകള്‍ കെട്ടി ഭദ്രമാക്കി  എന്ന വങ്കത്തമായിരുന്നു. തുടര്‍ന്ന് യൂനിക് ഐഡന്റിഫിക്കേഷന്‍ സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ സുപ്രീം കോടതിയില്‍ നടത്തിയ പ്രസന്റേഷനിലും സുരക്ഷ പൂര്‍ണമാണെന്നു ഉറപ്പു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ആധാര്‍ സി.എസ്.സി(കോമണ്‍ സര്‍വീസ് സെന്റര്‍)കളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതുതന്നെ സുരക്ഷാ വീഴ്ച കൊണ്ടല്ലേ എന്ന് സുപ്രീം കോടതി ആധാര്‍ സി.ഇ.ഒയോട് തിരിച്ചു ചോദിക്കുകയുണ്ടായി. ഇത്തരമൊരു പരിതഃസ്ഥിതിയില്‍ GDPR പോലുള്ള നിയമങ്ങള്‍ക്കു വേണ്ടി നാം രംഗത്തിറങ്ങണം

യൂറോപ്യന്‍ യൂനിയനില്‍ പാസ്സാക്കിയ ഈ നിയമം 2018 മെയ്  25-ന് നിര്‍ബന്ധമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവില്‍ വരും. ഡാറ്റാ മോഷണത്തിന്റെ 'സുഖം' അനുഭവിക്കുന്ന  രാഷ്ട്രീയക്കാരോ ബഹുരാഷ്ട്ര  കമ്പനികളോ ഇന്ത്യയില്‍ ഇത്തരം ഒരു നിയമത്തിനുവേണ്ടി മുന്നിട്ടിറങ്ങുമോ എന്ന് കണ്ടറിയണം. കാരണം എല്ലാ പാര്‍ട്ടികളും പണാധിപത്യ ശക്തികളും അതിന്റെ ഗുണഭോക്താക്കളാണ്. എന്നാല്‍ ജനങ്ങള്‍ അതിനു വേണ്ടി ഉച്ചത്തില്‍ ശബ്ദിച്ചേ മതിയാകൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (38-42)
എ.വൈ.ആര്‍