Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 27

3049

1439 ശഅ്ബാന്‍ 10

കഠ്‌വയില്‍ രംഗത്തിറങ്ങിയ ബി.ജെ.പി ഇന്ത്യയോടു പറയുന്നത്

എ. റശീദുദ്ദീന്‍

പൊടുന്നനെയായിരുന്നു കഠ്‌വ സംഭവത്തോട് ഇന്ത്യ പ്രതികരിച്ചത്. രസന ഗ്രാമത്തിലെ വീട്ടില്‍ നിന്നും കുതിരകളെ അന്വേഷിച്ചിറങ്ങിയ ഗുജ്ജറുകളിലെ ബക്കര്‍വാല്‍ സമുദായക്കാരനായ മുഹമ്മദ് യൂസുഫ് പുജ്വാലയുടെ എട്ടു വയസ്സുകാരിയായ മകളെ  ബലാത്സംഗം ചെയ്തു കൊന്നത് ഏപ്രില്‍ മാസത്തിലാണെന്ന് പോലും തോന്നിപ്പിക്കുന്ന അഭൂതപൂര്‍വമായ ജനരോഷമായിരുന്നു അത്. അതേസമയം കഴിഞ്ഞ മൂന്ന് മാസക്കാലമായി കശ്മീരിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരുന്ന ഒരു ദുരന്തമായിരുന്നു ഇത്.  ജനുവരി 10-ന് കാണാതാവുകയും 17-ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത ഈ പെണ്‍കുട്ടിക്ക് നീതി ലഭിക്കാനായി അവളുടെ സമൂഹത്തില്‍ പെട്ടവര്‍ അക്കാലത്ത് പ്രക്ഷോഭത്തിനിറങ്ങുകയും ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഉപരോധം തീര്‍ക്കുക പോലും ചെയ്തിരുന്നു. അന്നൊന്നും കാര്യമായ ഒരു പ്രാധാന്യവും നല്‍കാതെയാണ് ദല്‍ഹി കേന്ദ്രീകൃത മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. ആഴ്ചകളോളം മേഖലയില്‍ സംഘര്‍ഷം നിലനിന്നു. ലോക്കല്‍ പോലീസ് കള്ളക്കഥയുണ്ടാക്കി ഒതുക്കിത്തീര്‍ത്ത ഈ കൊലപാതകം ക്രൈം ബ്രാഞ്ച് പിന്നീട് അന്വേഷിച്ചതിനു ശേഷമാണ് സ്തോഭജനകമായ ഇപ്പോഴത്തെ യാഥാര്‍ഥ്യങ്ങള്‍ പുറംലോകമറിഞ്ഞത്. 

രസന ഗ്രാമത്തിലെ ക്ഷേത്ര പൂജാരിയായ സന്‍ജി റാമിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ സഹോദരിയുടെ മകനായ ശുഭം സാംഗ്രയും സുഹൃത്ത് മന്നു എന്ന പര്‍വേശ് കുമാറും ചേര്‍ന്ന് യൂസുഫിന്റെ മകളെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്യുന്നതു മുതല്‍ക്കാണ് സംഭവങ്ങളുടെ തുടക്കം. ഈ പെണ്‍കുട്ടിയെ കരുവാക്കി ഗ്രാമത്തിലെ മുസ്ലിംകളെ ഭയപ്പെടുത്തി ആട്ടിപ്പായിക്കാന്‍ സന്‍ജി റാമും പോലീസ് കോണ്‍സ്റ്റബിളായ ദീപക് കജൂരിയയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. മയക്കുമരുന്ന് കൊടുത്ത് ബോധം കെടുത്തിയ പെണ്‍കുട്ടിയെ ഇവര്‍ സന്‍ജിയുടെ നിര്‍ദേശപ്രകാരം ക്ഷേത്രത്തിന്റെ പിന്‍ഭാഗത്ത് ഒളിപ്പിച്ചു. ശുഭം ഫോണിലൂടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവളെ ബലാത്സംഗം ചെയ്യാനായി മാത്രം ഉത്തര്‍പ്രദേശിലെ മീറത്തില്‍നിന്നും സന്‍ജിയുടെ മകന്‍ വിശാല്‍ ജംഗോത്ര എന്ന കോളേജ് വിദ്യാര്‍ഥി എത്തിച്ചേര്‍ന്നു. ശുഭത്തിന്റെ മറ്റൊരു സുഹൃത്തും ഒപ്പം കൂടി. തുടര്‍ച്ചയായി മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയെ ഏഴുദിവസം ഭക്ഷണം പോലും നല്‍കാതെ ഇവര്‍ മൃഗീയമായി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് സന്‍ജി റാമിന്റെ നിര്‍ദേശപ്രകാരം കൊല്ലാനായി പരിസരത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോവുന്നു. കഴുത്ത് ഞെരിച്ചതും, മരിച്ചുവെന്ന് ഉറപ്പുവരുത്താനായി കല്ലുകൊണ്ട് തലക്കടിക്കുന്നതിനു മുമ്പെ അവസാനത്തെ ഊഴമെടുത്തതും ദീപക് കജൂരിയ എന്ന പോലീസുകാരനാണ്. പെണ്‍കുട്ടി തടവിലായതു മുതല്‍ ഈ മൃഗം പല തവണ അവളുടെ ശരീരത്തില്‍ കയറിയിറങ്ങിയിരുന്നു. എന്നിട്ടും ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ സന്‍ജി റാമിന്റെ കൈയില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപ വാങ്ങി സ്ഥലത്തെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്തക്ക് കൊടുക്കാന്‍ മധ്യസ്ഥനായി രംഗത്തെത്തിയതും ഇതേ കജൂരിയ ആണ്. കേസില്‍ എഫ്.ഐ.ആര്‍ തയാറാക്കിയ ദത്ത ശുഭത്തെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തുകയും ബലാത്സംഗം നടന്നിട്ടില്ലെന്നും പശുത്തൊഴുത്തിലാണ് കുട്ടിയെ കെട്ടിയിട്ടതെന്നും കള്ളക്കഥയുണ്ടാക്കി സംഭവത്തെ ഒതുക്കിത്തീര്‍ക്കുകയും ചെയ്തു. ഇത്രയും സംഭവിച്ചതിനു ശേഷവും പുറംലോകത്ത് യാതൊരു കുലുക്കവും ഉണ്ടാക്കാതിരുന്ന ഈ ബലാത്സംഗവും തുടര്‍ന്നുണ്ടായ കൊലപാതകവും ജമ്മുവിലെ വനിതാ അഭിഭാഷകയായ ദീപികാ എസ്. രാജാവത്ത് നല്‍കിയ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി ഏറ്റെടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ജമ്മു ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നത്.  

കേസന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന മന്ത്രിമാരായ ലാല്‍ സിംഗ് ചൗധരിയും ചന്ദര്‍ പ്രകാശും തുടക്കം മുതലേ രംഗത്തുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പലതവണ ഇവര്‍ ഇടപെട്ട് സ്ഥലം മാറ്റിച്ചു. കഴിഞ്ഞ മാര്‍ച്ച് 1-ന് കഠ്വയില്‍ പ്രതികള്‍ക്കു വേണ്ടി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെ പെണ്‍കുട്ടികളെ കാണാതാവുന്നത് അസാധാരണമായ സംഭവമല്ലെന്നും ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകളെ 1947-ല്‍ കാണാതായിട്ടുണ്ടെന്നും വിഭജനകാല കൂട്ടക്കൊലകളെ വ്യംഗ്യമായ ഭീഷണിയായി ലാത്സിംഗ് ഓര്‍മിപ്പിച്ചു. അവരെ കുറിച്ച് ആരും ചോദിക്കുന്നില്ലെന്നും ഈ ഒറ്റ പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാത്രം അമിതാവേശം വേണ്ടെന്നുമായിരുന്നു അദ്ദേഹം  പറഞ്ഞത്. താന്‍ കൂടി ഈ ഗവണ്‍മെന്റിന്റെ ഭാഗമാണെന്ന് മറന്നാണ് കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ പരസ്യമായി ഈ റാലിയില്‍ സിംഗ് വിമര്‍ശിച്ചത്. രണ്ടു വര്‍ഷം മുമ്പ് കാര്‍ഷിക പ്രശ്നങ്ങളെ കുറിച്ച് നിവേദനം സമര്‍പ്പിക്കാനെത്തിയ ഏതാനും മുസ്ലിം കര്‍ഷകരെ ജമ്മു കൂട്ടക്കൊല ഓര്‍മിപ്പിച്ച് ലാത്സിംഗ് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. പറഞ്ഞ വാക്കുകള്‍ പിന്‍വലിച്ചാണ് അന്ന് സിംഗ് തടിയൂരിയത്. ബക്കര്‍വാല്‍ പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തത്തില്‍ സഹതാപമുണ്ടെന്ന് പറയുന്ന അതേ വായ കൊണ്ട് 1947-ലെ കൂട്ടക്കൊല ഓര്‍മിപ്പിക്കുന്നതിന്റെ സാംഗത്യം ലാത്സിംഗ് വിശദീകരിച്ചേ മതിയാകൂ. 

റാലി വിവാദമായതോടെ ഇരുമന്ത്രിമാരും ഒടുവില്‍ രാജിവെച്ചെങ്കിലും പാര്‍ട്ടിയുടെ ഏഴ് എം.എല്‍.എമാര്‍ ബി.ജെ.പി നേതൃത്വം നിര്‍ദേശിച്ചതു പ്രകാരം വേദിയില്‍ ഉണ്ടായിരുന്നു. പാര്‍ട്ടിക്കകത്ത് ഇപ്പോഴും ഇവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല, എന്നല്ല പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് ഈ വിഷയം ഏറ്റുപിടിച്ചതെന്ന് മന്ത്രിമാര്‍ തന്നെ വ്യക്തമാക്കി. ബി.ജെ.പിയുടെ കനത്ത സമ്മര്‍ദം അതിജീവിച്ച് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ജമ്മു കോടതിയില്‍ തടഞ്ഞും നിയമ നടപടികള്‍ തടസ്സപ്പെടുത്തിയും പ്രതികള്‍ക്കു വേണ്ടി ബന്ത് പ്രഖ്യാപിച്ചും ഹിന്ദു എക്താ മഞ്ച് എന്ന സംഘടനയും ജമ്മു ബാര്‍ കൗണ്‍സിലും സംഭവത്തെ വര്‍ഗീയ തലത്തിലേക്ക് ഉയര്‍ത്തി. നരാധമന്മാരായ ഈ പ്രതികള്‍ക്കു വേണ്ടി ഹിന്ദു ഏകതാ മഞ്ച് കഠ്വ ടൗണില്‍ പ്രകടനം നടത്തി. ജയ്ശ്രീറാം വിളികളോടെയും ദേശീയ പതാക കൈയില്‍ ഏന്തിയുമായിരുന്നു രാജ്യത്തെ നാണം കെടുത്തിയ ഈ പ്രകടനം. കഠ്വ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി ബി.ജെ.പി നേതാക്കള്‍ നിരാഹാര സത്യഗ്രഹം പോലും നടത്തി. നിരപരാധികളെ പോലീസ് വേട്ടയാടുന്നുവെന്ന് സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി നിര്‍മല്‍ കുമാര്‍ പരിതപിച്ചു. ചെയ്തത് പാകിസ്താനാണെന്ന വിചിത്രമായ ആരോപണവുമായി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സത് ശര്‍മ രംഗത്തെത്തി. എങ്ങെന വിലയിരുത്തുമ്പോഴും ബക്കര്‍വാല്‍ വിഭാഗക്കാരെ  ആട്ടിയോടിക്കാന്‍ സന്‍ജിറാം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഏതോ പ്രകാരത്തിലുള്ള തുടര്‍ച്ച മാത്രമായിരുന്നു ഓരോ ബി.ജെ.പി നേതാവിന്റെയും വാക്കുകളും പ്രവൃത്തികളും. 

ബി.ജെ.പി പരസ്യമായി കൊലപാതകികളോടൊപ്പം നിന്ന, പാര്‍ട്ടി അതിന്റെ മുഴുവന്‍ മുഷ്‌കും ഉപയോഗിച്ച് വഴിതെറ്റിക്കാന്‍ ശ്രമിച്ച ഒരു കേസന്വേഷണം ഒടുവില്‍ കൈവിട്ട കളിയായി മാറി സ്വന്തം മന്ത്രിമാരുടെ രാജിയില്‍ അവസാനിപ്പിക്കേണ്ടിവന്നെങ്കിലും അതിലൂടെ സാധ്യമായ മുഴുവന്‍ വര്‍ഗീയ ധ്രുവീകരണവും പാര്‍ട്ടി ഉറപ്പുവരുത്തിക്കഴിഞ്ഞിരുന്നു. മാധ്യമങ്ങളില്‍ പൊടുന്നനെ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടപ്പോള്‍, അര്‍ണബ് ഗോസ്വാമി പോലും ബി.ജെ.പിയെ തെറിവിളിക്കുന്നുണ്ടായിരുന്നു. സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാക്കിയ വിവാദത്തില്‍നിന്ന് താല്‍ക്കാലികമായ ഒരു ശ്രദ്ധതിരിച്ചുവിടല്‍ എന്നാണ് സംഭവം പൊതുവെ വിലയിരുത്തപ്പെട്ടത്. പക്ഷേ സി.ബി.എസ്.ഇ വിവാദത്തില്‍ പുകഞ്ഞു കത്തിനിന്ന ജനം ആ രോഷം കൂടി ഈ വിഷയത്തില്‍ തീര്‍ത്തു എന്നു വേണം കരുതാന്‍. യു.പിയിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെങ്കാറിന്റെ കേസ് ഏതാണ്ടിതേ സമയത്ത് പൊന്തിവന്നതും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തതും ജനരോഷത്തെ ആളിക്കത്തിച്ചു. പക്ഷെ ബി.ജെ.പിക്ക് ഈ വിവാദത്തിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് വസ്തുത. പ്രധാനമന്ത്രി പ്രസ്താവന നടത്തിയെങ്കിലും കഠ്‌വ, ഉന്നാവോ സംഭവങ്ങളെ പേരെടുത്ത് പറയാതിരുന്നത് ശ്രദ്ധിക്കുക. അങ്ങനെ പറഞ്ഞാല്‍ പാര്‍ട്ടിക്ക് നഷ്ടമുണ്ടാകുന്ന എന്തോ ഉണ്ടെന്നും പറയാതിരിക്കലാണ് നേട്ടമെന്നും വ്യക്തം. മോദി കാലത്ത് രൂപപ്പെട്ട ഒരു പുതിയ സാമൂഹിക ഘടനക്കകത്ത് ഈ വാര്‍ത്തയറിഞ്ഞ് സങ്കടപ്പെട്ടവരേക്കാള്‍ കൂടുതല്‍ സന്തോഷിച്ചവരാണ്  ഇന്ത്യയില്‍ കൂടുതലുള്ളത്. അത്തരമൊരു ഉറച്ച ബോധ്യം ഉള്ളതുകൊണ്ടാണ്, അതല്ലെങ്കില്‍ ഇത്രയും കാലത്തെ ഭരണത്തിലൂടെ അങ്ങനെയൊരു ഭൂരിപക്ഷ സമൂഹത്തെ സൃഷ്ടിച്ചെടുത്തു എന്ന് സ്വയം ബോധ്യപ്പെട്ടതുകൊണ്ടാണ്, ഈ കേസിലെ കാപാലികരെ രക്ഷിക്കാനായി അണികളെ തെരുവിലിറക്കി പാര്‍ട്ടി റാലി നടത്തിച്ചതും അതില്‍ പങ്കെടുക്കാനായി രണ്ട് മന്ത്രിമാരെ അയച്ചുകൊടുത്തതും. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ അടുത്ത കാലത്ത് പാര്‍ട്ടിക്കു ലഭിച്ച ജനവിധിയെ എല്ലാ ജനവിരുദ്ധ നീക്കങ്ങള്‍ക്കും അടിസ്ഥാനമാക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം കഠ്‌വ കേസിലും ബി.ജെ.പിയോടൊപ്പം നിന്നവരാകും രാജ്യത്ത് കൂടുതലുണ്ടാവുക. 

ഗുജ്ജറുകളുടെ സമ്മര്‍ദത്തിനു വഴങ്ങി ഹിന്ദുക്കളോട് അനീതി കാണിക്കുന്നു എന്ന ആരോപണവുമായി ഈ കേസന്വേഷണത്തിന്റെ ആരംഭം തൊട്ടേ ബി.ജെ.പി രംഗത്തുണ്ടായിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഒരു രാജ്യത്ത് അങ്ങനെയൊരു അനീതി എങ്ങനെയാണ് നടക്കുക എന്ന ചോദ്യത്തിന് ഈ ആരോപണമുന്നയിക്കുന്ന നേതാക്കള്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ബലാത്സംഗം നടന്നിട്ടില്ല എന്ന ലോക്കല്‍ പോലീസിന്റെ സിദ്ധാന്തമാണ് കഠ്‌വയിലെ നേതാക്കളുടേതും. മരിച്ച പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അലക്കി വൃത്തിയാക്കിയതിനു ശേഷം ഫോറന്‍സിക് പരിശോധനക്ക് കൊടുത്തയച്ചതിലൂടെ ആനന്ദ് ദത്ത എന്ന പോലീസ് ഓഫീസര്‍ കൃത്രിമമായി ഉണ്ടാക്കിയ തെളിവാണത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ ദല്‍ഹിയിലെ ലാബില്‍ നടന്ന കുറേക്കൂടി ആധുനികമായ മറ്റൊരു പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്. പെണ്‍കുട്ടിയെ തൊഴുത്തിലാണ് സൂക്ഷിച്ചിരുന്നതെങ്കില്‍ ക്ഷേത്രത്തിനകത്ത് അവളുടെ മുടിയിഴകള്‍ എങ്ങനെ വന്നു? തൊഴുത്തില്‍ സ്വാഭാവികമായും ഉണ്ടാവേണ്ടിയിരുന്ന അഴുക്കുകള്‍ മൃതദേഹത്തിന്റെ ആദ്യ ഫോട്ടോകളില്‍ ഇല്ലാതിരുന്നതെന്ത്? ഒന്നിലേറെ പേര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുമ്പോള്‍ ഒരു പതിനഞ്ചു വയസ്സുകാരനെ മാത്രം മുന്നില്‍ നിര്‍ത്തിയാല്‍ കൂട്ടബലാത്സംഗത്തിലെ ശേഷിച്ച പ്രതികളെ രക്ഷപ്പെടുത്താനുള്ള പോലീസിന്റെ നീക്കത്തെ സ്ഥലത്തെ ബി.ജെ.പി നേതാക്കള്‍ ഏറ്റുപിടിക്കുന്നതെന്തിന്? 

വളരെ കൃത്യമായ ഒരു സാമൂഹിക ദുരന്തത്തിലേക്കാണ് നരേന്ദ്ര മോദിയുടെ ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ. മുസ്ലിം പെണ്‍കുട്ടിയുടെ ശരീരത്തിന്റെ മാനത്തിനും രക്തത്തിനും പകരം സ്വന്തം മന്ത്രിമാര്‍ രാജിവെക്കേണ്ടിവന്നാല്‍ പോലും പ്രതികളോടൊപ്പം നില്‍ക്കുമെന്ന അങ്ങേയറ്റം ഹീനമായ ഒരു സന്ദേശമല്ലേ ഇപ്പോള്‍ പാര്‍ട്ടി പുറത്തേക്കുവിട്ടത്? എന്തൊരു തരം സമൂഹത്തെയാണ് ഇവര്‍ സൃഷ്ടിക്കുന്നത്? 

രാഷ്ട്രീയമായി ഒരു തരിമ്പും വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പാര്‍ട്ടിയാണ് നാടു ഭരിക്കുന്നതെന്നതിനു കൂടി ഈ സംഭവം അടിവരയിടുന്നുണ്ട്. ടെലിവിഷനും പത്രങ്ങളും കാണാത്ത ഈ നാടോടികളെ ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. റേഡിയോ നല്‍കുന്ന വാര്‍ത്തകളല്ലാതെ ഗുജറാത്ത് കലാപത്തെ കുറിച്ചോ നരേന്ദ്ര മോദിയെ കുറിച്ചോ  ഒന്നും ഈ ജനത കേട്ടിട്ടുണ്ടാവാന്‍ സാധ്യതയില്ല. അവര്‍ക്കദ്ദേഹം ഗുജറാത്തിലെ മറ്റൊരു ഗുജ്ജര്‍ സഹോദരന്‍ മാത്രമായിരുന്നു. മന്‍ കീ ബാത് കേട്ട് സംഘ് പരിവാരക്കാരല്ലാത്ത ഏതെങ്കിലും കൂട്ടര്‍ ഇന്ത്യയില്‍ വിജൃംഭിതവാകുന്നുണ്ടെങ്കില്‍ അത് ഈ ഗുജ്ജറുകളായിരിക്കും. അവരെ പോലെ നിഷ്‌കളങ്കരായ മറ്റൊരു സമുദായവും കശ്മീരിലില്ല. അവരെ ആര്‍ക്കും പറഞ്ഞു പറ്റിക്കാമായിരുന്നു. എന്നിട്ടും കഴിഞ്ഞ നാലുവര്‍ഷമൊഴികെ ജീവിതത്തിലുടനീളം കോണ്‍ഗ്രസുകാരനായിരുന്ന ലാത്സിംഗിന്റെ വായിലൂടെ പോലും ഈ സമൂഹത്തെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ച സൂചനകളാണ് പുറത്തുവരുന്നത്. അതല്ലെങ്കില്‍ 1947-ല്‍ കാണാതായ ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകളുടെ കാര്യമെന്തിന് ഇദ്ദേഹം ഹിന്ദു ഏക്താ മഞ്ചിന്റെ റാലിയില്‍ ജനക്കൂട്ടത്തോടു വിളിച്ചുപറയണം? എന്തുകൊണ്ട് ഹിന്ദു മേഖലയില്‍നിന്നും പ്രാണനും കൊണ്ടോടി രക്ഷപ്പെടുന്ന ബക്കര്‍വാലുകളുടെ കാര്യം അവരുടെയും കൂടി വോട്ടു വാങ്ങി ജയിച്ച ലാത്സിംഗ് ഉറക്കെ പറയാന്‍ തയാറാവുന്നില്ല? കശ്മീര്‍ സര്‍ക്കാറിനെ പോലെ മഞ്ഞു വീഴുമ്പോള്‍ താഴ്വരയില്‍നിന്നും മലയിറങ്ങി ജമ്മുവിലേക്കും വസന്തമെത്തുമ്പോള്‍ ബാനിഹാള്‍ ചുരത്തിലൂടെയും മുഗള്‍ റോഡിലൂടെയും തിരികെ താഴ്വരയിലേക്കും നിരന്തരമായി യാത്ര ചെയ്യുന്ന ഈ നാടോടി സമൂഹത്തില്‍ പെട്ട ചില ബക്കര്‍വാലുകള്‍ രസനയില്‍ വീടുവെക്കാന്‍ ശ്രമിച്ചതായിരുന്നു അവരുടെ കുറ്റം.  

മലയിടുക്കുകളില്‍നിന്നും പൊടുന്നനെ റോഡിലേക്ക് ആടിനെയും തെളിച്ച് പ്രത്യക്ഷപ്പെടുന്ന ഇക്കൂട്ടരുടേതാണ് കശ്മീരിലെത്തുന്ന ഏത് വിനോദസഞ്ചാരികളും ഏറ്റവുമധികം ആഘോഷിച്ചിരിക്കാനിടയുള്ള ഫോട്ടോ. ചിലപ്പോള്‍ ഒരു പത്തു രൂപ പ്രതിഫലം ചോദിച്ചെന്നു വരും. കൊടുത്താലും ഇല്ലെങ്കിലും എത്ര നേരം വേണമെങ്കിലും ആ വടിയൂന്നി ആടുകളുടെ മുമ്പില്‍ അങ്ങനെ പോസ് ചെയ്തു തരും. ഉള്‍പ്രദേശങ്ങളില്‍നിന്നുള്ള ബക്കര്‍വാലുകള്‍ കുറേക്കൂടി ശുദ്ധഗതിക്കാരാണ്. അല്‍പ്പനേരം സംസാരിച്ചു നിന്നാല്‍ കൂട്ടത്തിലൊരാടിനെ കറന്ന് പാലെടുത്തു കുടിക്കാന്‍ പോലും  തരും. പാന്ത്രാസിലെ പഞ്ചായത്ത് പ്രസിഡന്റ് ഗുലാം മുഹമ്മദുമായി മുമ്പൊരിക്കല്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ജനത എങ്ങനെയാണ് ഇന്ത്യന്‍ സൈന്യത്തിന് ഉപകാരപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തണുത്തുറഞ്ഞ് മൈനസ് 60 ഡിഗ്രിവരെ താപനില താഴോട്ടു പോകുന്ന പ്രദേശമായിരുന്നു ദ്രാസും പാന്ത്രാസുമൊക്കെ. ഈ ഗ്രാമത്തിന്റെ അതിര്‍ത്തിയിലാണ് പാകിസ്താന്‍ പട്ടാളം കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ടൈഗര്‍ മലകളുള്ളത്. പാകിസ്താന്‍ സൈനികരെ കണ്ടതും അക്കാര്യം ഇന്ത്യയെ അറിയിച്ചതും ബക്കര്‍വാലുകളായിരുന്നു. രണ്ടാമത്തെ ഇന്തോ - പാക് യുദ്ധകാലത്ത് കശ്മീര്‍ പിടിച്ചടക്കാനുള്ള പാകിസ്താന്റെ പദ്ധതിയെ പൊളിച്ചടുക്കിയ ടാങ്ക്മറിലെ മുഹമ്മദ് ജാഗിര്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച  ആദ്യത്തെ ബക്കര്‍വാലായിരുന്നു. പിന്നീട് അവരില്‍പെട്ട മാലി ബീ എന്ന വനിതക്ക് പൂഞ്ചില്‍ പാകിസ്താന്‍ പട്ടാളത്തെ കുറിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചതിന് ധീരതക്കുള്ള അവാര്‍ഡ് നല്‍കി. 

രാജ്യത്തെ എത്ര കണ്ട് അപകടപ്പെടുത്തിയാലും  സ്വന്തം തെരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി എന്തും ചെയ്യുന്ന, എട്ടു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പോലും മതം നോക്കി ഇടപെടുന്ന, വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ശ്രീരാമനെയും ദേശീയ പതാകയെയുമൊക്കെ ദുരുപയോഗിക്കുന്ന ഭയാനകമായ സ്ഥിതിവിശേഷത്തിലേക്കാണ് മോദിയുടെ ഇന്ത്യ കുതിച്ചുപായുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (38-42)
എ.വൈ.ആര്‍