Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 27

3049

1439 ശഅ്ബാന്‍ 10

വെടിയുണ്ടകള്‍ക്ക് പിളര്‍ക്കാനാകാത്ത ആര്‍ദ്രതയാണ് ഫലസ്ത്വീന്‍

അജ്മല്‍ കൊടിയത്തൂര്‍

ഏകദേശം വൈകീട്ട് അഞ്ചു മണിയോടെയാണ് അഹമ്മദ്കുട്ടി സാഹിബിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ടൂറിന്റെ ആറാം ദിവസം. ഞങ്ങളുടെ 32 അംഗ ട്രൂപ്പിലെ ഏറ്റവും പ്രായംകൂടിയ യാത്രികന്‍. രാവിലെ തന്നെ അല്‍പം ക്ഷീണിതനായിരുന്നു. അല്‍ അഖ്‌സ്വാ പള്ളിയിലെ ജുമുഅ നമസ്‌കാരം കഴിഞ്ഞ് കുറേയേറെ നടന്നിട്ടുണ്ട്, അഖ്‌സ്വായും പരിസരവും കാണാന്‍. കാഴ്ചകള്‍ ഏറെയും സമയം പരിമിതവും ആയിരുന്നതിനാല്‍ ധൃതിയിലായിരുന്നു അന്നത്തെ യാത്രയും നടത്തവും. മാത്രമല്ല, അഖ്‌സ്വായിലെ ജുമുഅ കഴിഞ്ഞ് ഞങ്ങളെല്ലാം ഒത്തുകൂടാന്‍ നിശ്ചയിച്ച ഖുബ്ബത്തുസ്സ്വഖ്‌റയുടെ പരിസരത്ത് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കെ ആയിരുന്നു പള്ളി പരിസരത്തുനിന്ന് തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേള്‍ക്കുന്നത്. അകലെ പുക ഉയരുന്നുമുണ്ട്. അത് ഞങ്ങളെ പരിഭ്രാന്തരാക്കി. എന്നാല്‍ ജറൂസലം നിവാസികള്‍ക്ക് അതൊരു സാധാരണ സംഭവമാണെന്ന് അവരുടെ മുഖഭാവത്തില്‍നിന്ന് മനസ്സിലായി. ഔദ്യോഗിക ഖുത്വ്ബാ പ്രഭാഷണത്തിനു ശേഷം ഏതോ ഒരു സംഘടനാ നേതാവ് ഇസ്രയേല്‍ വിരുദ്ധ പ്രസംഗം നടത്തിയത് പിരിച്ചുവിടാന്‍ ഇസ്രയേല്‍ പട്ടാളം നടത്തിയ വെടിവെപ്പായിരുന്നത്രെ അത്. അവരെ സംബന്ധിച്ചേടത്തോളം എന്നും നടക്കുന്ന ഒരു സാധാരണ സംഭവം.

പരിസരം പന്തിയല്ലെന്നു കണ്ട ഞങ്ങളുടെ യാത്രാ അമീറും ഖുര്‍ആന്‍ ചരിത്ര ഭൂമികളിലൂടെയുള്ള യാത്രാ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയുമായ ഡോ. റസാഖ് സുല്ലമി ഇടപെട്ടു. അടുത്ത കാഴ്ചകള്‍ കാണാന്‍ മുന്നില്‍ നടന്നു. ജുമുഅക്കു മുമ്പുതന്നെ പള്ളി പരിസരവും ചരിത്ര സ്മാരകങ്ങളും മിക്കതും കണ്ടുകഴിഞ്ഞിരുന്നു. എന്നാല്‍ നമസ്‌കാര സമയം ആയതിനാല്‍ സ്ത്രീകള്‍ക്ക് പള്ളിയുടെ മുഴുവന്‍ ഭാഗങ്ങളും വിസ്തരിച്ചു കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ നമസ്‌കാരശേഷം എല്ലാവര്‍ക്കും ഒരുമിച്ച് അവ കാണാന്‍ പോകാം എന്നു പറഞ്ഞായിരുന്നു ഞങ്ങള്‍ പിരിഞ്ഞിരുന്നത്. പക്ഷേ ഇപ്പോള്‍ ആ ഭാഗത്തേക്ക് പോകാന്‍ കഴിയില്ല. സ്ത്രീജനം മുറുമുറുപ്പ് തുടങ്ങിയെങ്കിലും ആ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ വെടിയൊച്ചയും പുകയും കാരണം അവിടം സന്ദര്‍ശിക്കുക എന്ന സാഹസത്തില്‍നിന്ന് ഞങ്ങള്‍ പിന്മാറി.

വിശാലമായ മതിലുകളാല്‍ ചുറ്റപ്പെട്ട മസ്ജിദുല്‍ അഖ്‌സ്വാ അങ്കണത്തിന് നിരവധി കവാടങ്ങളുണ്ട്. കയറിയ വഴിക്കല്ല ഗൈഡ് ഞങ്ങളെ പുറത്തേക്ക് നയിച്ചത്. പുറത്തു കടന്നപ്പോള്‍ ജൂതന്മാരുടെ പുണ്യസ്ഥലമായ വിലാപ മതിലിന്റെ (ണമശഹശിഴ ണമഹഹ) ഭാഗത്തേക്കാണ് എത്തിയിരിക്കുന്നത് എന്ന് മനസ്സിലായി. കനത്ത സുരക്ഷ. ആധുനിക യന്ത്രത്തോക്കുമായി ഇസ്രയേല്‍ പോലീസ്. ജൂത റബ്ബിമാര്‍ വിശ്വാസികള്‍ക്ക് എന്തോ കൈയില്‍ കെട്ടിക്കൊടുക്കുന്നു. മറ്റു ചിലര്‍ തോറാ വായനയില്‍ മുഴുകിയിരിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സ്വായുടെ ചുമരുകൂടിയായ 'വെയ്‌ലിംഗ് വാളി'ല്‍ തല ചേര്‍ത്ത് കരഞ്ഞു പ്രാര്‍ഥിക്കുന്ന കുറേ പേര്‍. പരിസരമാകെ ഭക്തിസാന്ദ്രം. തുടര്‍ന്ന് ക്രൈസ്തവരുടെ പുണ്യസ്ഥലമായ, യേശുവിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായ ബസേലിക്ക ഓഫ് നാറ്റിവിറ്റിയിലേക്കാണ് നടക്കുന്നത്. അതിഗംഭീരമായ കൊത്തുപണികളാല്‍ സുന്ദരമാക്കിയ ചര്‍ച്ച്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്ന ക്രൈസ്തവ വിശ്വാസികള്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു. ഫ്രാന്‍സില്‍നിന്ന് തീര്‍ഥയാത്രക്കു വന്ന മലയാളി കുടുംബത്തെ നടത്തത്തിനിടയില്‍ പരിചയപ്പെട്ടു. ചര്‍ച്ചിന് തൊട്ടടുത്തായി ഒരു മസ്ജിദ്. രണ്ടാം ഖലീഫ ഉമര്‍ ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ നമസ്‌കരിക്കാന്‍ ഉപയോഗിച്ച പാറയുടെ ഭാഗത്തായി നിര്‍മിച്ചതാണ് പള്ളി. അനേകം നൂറ്റാണ്ടുകളിലായി ജൂത-ക്രൈസ്തവ-ഇസ്‌ലാം മതങ്ങളുടെ വിവിധ സ്മാരകങ്ങള്‍ സംഗമിക്കുകയാണ് ഈ രണ്ടോ മൂന്നോ കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍.

അതിവേഗം ഈ കാഴ്ചകളെല്ലാം കണ്ടു കഴിഞ്ഞപ്പോഴേക്കും സമയം വൈകിയിരുന്നു. ഭക്ഷണശാലയില്‍ എത്തിയപ്പോള്‍ കേരളത്തില്‍നിന്നുമുള്ള മറ്റൊരു യാത്രാസംഘത്തെ കണ്ടുമുട്ടി. തുടര്‍ന്ന് ബാക്കി സ്ഥലങ്ങള്‍ കാണാന്‍ പുറപ്പെട്ടു. ജറൂസലമില്‍നിന്ന് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള ഫലസ്ത്വീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലേക്കാണ് യാത്ര. ഫലസ്ത്വീനെയും ഇസ്രയേലിനെയും വേര്‍തിരിക്കുന്ന കിലോമീറ്റര്‍ നീളമുള്ള മതില്‍ കടന്നുവേണം പോകാന്‍. എല്ലാവരോടും പാസ്‌പോര്‍ട്ട് കൈയിലെടുത്തു പിടിക്കാന്‍ ഗൈഡ് പറഞ്ഞു. ഫലസ്ത്വീന്‍ ഭാഗത്തുള്ള മതിലില്‍ വലുതായി അറബിയിലും ഇംഗ്ലീഷിലും പ്രതിഷേധം എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. പോലീസ് ചെക്കപ്പ് കഴിഞ്ഞ് കുറേദൂരം താണ്ടിയപ്പോള്‍ അല്‍ ഹറമുല്‍ ഇബ്‌റാഹീമി പരിസരത്ത് എത്തിയതായി ഗൈഡ് അറിയിച്ചു.

ഒരു കുന്നിന്മുകളിലാണ് ബസ്സ് നിര്‍ത്തിയിരിക്കുന്നത്. കുത്തനെയുള്ള ഇറക്കം കഴിഞ്ഞ് വേണം പള്ളിയിലെത്താന്‍. താഴ്‌വാരത്തുനിന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു. ദാരിദ്ര്യം വിളിച്ചോതുന്ന ഫലസ്ത്വീനീ തെരുവുകള്‍. അങ്ങിങ്ങായി കുട്ടികള്‍ കളിക്കുന്നു. ഇടതൂര്‍ന്ന വീടുകളില്‍ ചിലതില്‍നിന്ന് ചെറിയ കുട്ടികള്‍ എത്തിനോക്കുന്നുണ്ട്.

ക്ഷീണിതനായ അഹമ്മദ് കുട്ടി സാഹിബിനോടും ഭാര്യയോടും അല്‍പം വിശ്രമിക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ചെങ്കിലും ആവേശം അവരെ ഞങ്ങളോടൊപ്പം ഇറക്കി നടത്തി. കുത്തനെയുള്ള ഇറക്കം പിന്നിട്ട് ഞങ്ങള്‍ ഇബ്‌റാഹീം പ്രവാചകനെയും മകന്‍ ഇസ്ഹാഖിനെയും അദ്ദേഹത്തിന്റെ ഭാര്യ രിഫ്ഖയെയും ഖബറടക്കിയ പള്ളി പരിസരത്തെത്തി. കൂടുതല്‍ ടൂറിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് പെട്ടെന്ന് അകത്തു കടന്നു. അനേകം ഫലസ്ത്വീനീ കുട്ടികള്‍ ഞങ്ങള്‍ക്കു ചുറ്റും കൂടി. യാചനയാണ്. അവര്‍ക്ക് ഡോളര്‍ വേണം. ഒരാള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ കുട്ടികള്‍ കൂട്ടമായി വന്ന് പൊതിയും.

നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ചെറിയ കുഞ്ഞുങ്ങള്‍ വരെയുണ്ട് ആ കൂട്ടത്തില്‍. അവശരായ കുറേപേരെ ഒരു ടാക്‌സി കാറുകാരനെ കിട്ടിയപ്പോള്‍ കയറ്റി മുകളിലെത്തിച്ചു. ബസ്സിലെത്തിയപ്പോള്‍ ഏതാനും പേര്‍ തിരിച്ചെത്തിയിട്ടില്ല. അല്‍പം കഴിഞ്ഞപ്പോള്‍ അഹമ്മദ് കുട്ടി സാഹിബ് കിതച്ചുകൊണ്ടു വരുന്നു. ബസ്സില്‍ കയറിയപ്പോഴേക്കും ശ്വാസതടസ്സം. ഡ്രൈവറും സഹായിയും ഗൈഡും എത്തി. ഉടനെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് മാറ്റണം. ഫലസ്ത്വീനീ കുട്ടികള്‍ ബസ്സിനടുത്തുണ്ട്. അടുത്ത് എവിടെയാണ് ആശുപത്രി എന്ന് തിരക്കി. അവര്‍ സ്ഥലം പറഞ്ഞു. ഡ്രൈവര്‍ക്ക് കൃത്യമായ വഴി അറിയില്ല. ഉടനെ 17-18 വയസ്സു തോന്നിക്കുന്ന ഒരു പയ്യന്‍ ബസ്സില്‍ ഓടിക്കയറി. വണ്ടി വിടാന്‍ പറഞ്ഞു. അവന്‍ വഴികാട്ടി. ഏതാനും മിനിറ്റുകള്‍ക്കകം ഞങ്ങള്‍ വെസ്റ്റ് ബാങ്കിലെ ഒരു ഹോസ്പിറ്റലിലെത്തി.

ബസ്സില്‍നിന്ന് ഇറങ്ങി ഓടിയ പയ്യന്‍ ഉടനെ തന്നെ കിതച്ചുകൊണ്ട് ഒരു വീല്‍ചെയറുമായി വരുന്നു. ഞങ്ങള്‍ അഹമ്മദ് കുട്ടി സാഹിബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യാത്രാസംഘം ആകെ പരിഭ്രാന്തരായിരുന്നു. ഡോക്ടര്‍മാര്‍ പുറത്തുവന്ന് ഇ.സി.ജി എടുക്കണം എന്നു പറഞ്ഞു. കൂടെ വന്ന ഫലസ്ത്വീനീ പയ്യന്‍ അടുത്തു വന്ന് ഞങ്ങളെ സമാധാനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നിനി ഡിസ്ചാര്‍ജ് കഴിയില്ല. രണ്ടുപേര്‍ ഇവിടെ നിന്ന് ബാക്കിയുള്ളവര്‍ റൂമില്‍ പോവാന്‍ തീരുമാനിച്ചു. ലാസ്റ്റ് സൈറ്റ് ആയതിനാല്‍ കാണാന്‍ ഇനിയൊന്നും ബാക്കിയില്ല താനും.

പ്രശ്‌നമതല്ല, ഞങ്ങളില്‍ പലരുടെ കൈയിലും ഇന്റര്‍നാഷ്‌നല്‍ സിംകാര്‍ഡ് ഉള്ള മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും ഇസ്രയേലില്‍ അത് സിഗ്നല്‍ കാണിക്കുന്നില്ല. ഇതുവരെ ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ലായിരുന്നു. എന്റെ കൈയില്‍ ജ്യേഷ്ഠന്‍ അമീന്‍ തന്ന ഒരു ദുബൈ സിം ഉണ്ട്. അതു മാത്രമാണ് ഞങ്ങളുടെ ഏക വാര്‍ത്താ വിനിമയ ബന്ധം. ഇനി തമ്മില്‍ ബന്ധപ്പെടാന്‍ ഒരു വഴിയും ഇല്ല. ഞാന്‍ ഈ പ്രശ്‌നം തൊട്ടടുത്ത് ഉണ്ടായിരുന്ന ഡ്രൈവറോടും സഹായിയോടും പറഞ്ഞു. ഉടനെ സഹായി എന്റെ പാസ്‌പോര്‍ട്ടും എടുത്ത് കൂടെ വരാന്‍ പറഞ്ഞു.

ഞങ്ങള്‍ ഇരുവരും അതിവേഗം നടക്കുകയാണ്. അല്ല, ഓടുകയായിരുന്നു. കുന്നിന്‍ മുകളില്‍നിന്നും താഴേക്ക്. പെട്ടെന്നാണ് ഓര്‍മവന്നത്, ഞാന്‍ പോകുന്ന കാര്യം ഗ്രൂപ്പിലെ ആരോടും പറഞ്ഞിട്ടില്ല. ഏതെല്ലാമോ ഊടുവഴികളിലൂടെയാണ് അവന്‍ എന്നെ നയിക്കുന്നത്. ഓട്ടം തീര്‍ന്നത് ഒരു മൊബൈല്‍ ഷോപ്പിനു മുന്നില്‍. അവന്‍ കടയില്‍ കയറി സിം കാര്‍ഡ് ചോദിച്ചു. എന്റെ പാസ്‌പോര്‍ട്ടിന്റെ കോപ്പി കൊടുത്തു. 25 ഇസ്രയേലി ശക്കേല്‍ ആണ് വില. എന്റെ കൈയില്‍ ഡോളര്‍ അല്ലാതെ ഒരു നയാ ശക്കേല്‍ ഇല്ല. പണം എന്റെ കൂടെ വന്ന ഫലസ്ത്വീനി തന്നെ എടുത്തു കൊടുത്തു. ഞങ്ങള്‍ തിരിച്ച് ഓടി.

ഞാന്‍ എത്തിയപ്പോഴേക്കും അവിടെ ടീം പുറപ്പെടാന്‍ കാത്തുനില്‍ക്കുന്നുണ്ട്. ഡ്രൈവറും സഹായിയും എന്നെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. ഡ്രൈവര്‍ പോക്കറ്റില്‍നിന്ന് കുറേ നാണയം എന്റെ കൈയില്‍ തന്നു. വേണ്ട എന്നു പറയാന്‍ എനിക്ക് തോന്നിയില്ല. ഞങ്ങള്‍ക്ക് വഴി കാണിക്കാന്‍ വന്ന ചെറുപ്പക്കാരന്‍ വന്ന് എല്ലാം അല്ലാഹു ശരിയാക്കും എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. രാവിലെ മുതലുള്ള ഫലസ്ത്വീന്‍ അനുഭവം മുന്നില്‍ വെച്ച് അവന്‍ ഒരു പക്ഷേ, പണം ആഗ്രഹിക്കുന്നുണ്ടാകാം എന്ന് തോന്നിയ ഞാന്‍ രണ്ട് ഡോളര്‍ അവനു നേരെ നീട്ടി. അവിടെ ഒരു വിലയുമില്ലാത്ത പത്തു രൂപ നോട്ട് നല്‍കുമ്പോള്‍ ചാടിവീഴുന്ന കുട്ടികളുടെ കൂട്ടത്തില്‍നിന്ന് വഴികാട്ടാന്‍ ബസ്സില്‍ ഓടിക്കയറിയ അവന്‍ ഞാന്‍ വെച്ചുനീട്ടിയ ഡോളര്‍ നിരസിച്ചുകൊണ്ടു പറഞ്ഞു: 'സഹോദരാ, ഞാന്‍ പണം ലഭിക്കാനല്ല നിങ്ങളുടെ കൂടെ വന്നത്, ഇതെന്റെ കടമയാണ്.' ആ കണ്ണുകളില്‍ കര്‍മസാഫല്യത്തിന്റെ നീലത്തെളി മിന്നി. പ്രാര്‍ഥനകളോടെ അവന്‍ നടന്നുപോയി. ദാരിദ്ര്യം കൊണ്ട് നാണയത്തുട്ടുകള്‍ക്കു വേണ്ടി പരസ്പരം കടിപിടി കൂടുന്ന ഫലസ്ത്വീനികളെ കുറിച്ചുള്ള എന്റെ ധാരണ പതിയെ മാറിത്തുടങ്ങി.

ഞാനും സഹയാത്രികന്‍ അലി സാഹിബും ഐ.സി.യുവിനു പുറത്ത് ഹോസ്പിറ്റല്‍ കാര്‍ഡ് എടുക്കാന്‍ നിര്‍ദേശിച്ചതു പ്രകാരം റിസപ്ഷനില്‍ എത്തി. സുമുഖനായ റിസപ്ഷനിസ്റ്റ് പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഞങ്ങളെ വിളിപ്പിച്ചു. കാബിനില്‍ ഇരുത്തിയതിനു ശേഷം മയത്തില്‍ പറഞ്ഞു: 'രോഗിക്ക് ഹൃദയതടസ്സം നേരിട്ടിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ഓപ്പറേഷന്‍ ആവശ്യമാണ്. നിങ്ങളുടെ അനുമതി വേണം. ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റല്‍ ആയതിനാല്‍ പണച്ചെലവ് വരും. ഏകദേശം 80,000 ശക്കേല്‍ (ഏകദേശം ഒന്നര ലക്ഷം രൂപ). ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയാലും നിങ്ങള്‍ വിദേശികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കാന്‍ സാധ്യതയില്ല. ഓപ്പറേഷന്‍ കഴിഞ്ഞാലും രണ്ടോ മൂന്നോ ദിവസം കിടക്കേണ്ടി വരും. തീരുമാനം പെട്ടെന്ന് അറിയിക്കണം. നമുക്ക് ആലോചിക്കാന്‍ അധികം സമയമില്ല.' ഞാന്‍ ശരിക്കും തളര്‍ന്നുപോയി. നാളെ ഉച്ചയോടെ ഫലസ്ത്വീനോട് യാത്ര പറഞ്ഞ് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്ക് പുറപ്പെടേണ്ടതാണ്. ഈ നാട്ടിലാണെങ്കില്‍ ഒരു മലയാളി പോയിട്ട് ഇന്ത്യക്കാരന്‍ പോലും ഉണ്ടോ എന്നറിയില്ല. യാത്രയുടെ രണ്ടാം ഘട്ടം മക്കയിലേക്കാണ്. ഇസ്രയേലില്‍നിന്ന് ഒരാളെയും അങ്ങോട്ട് പ്രവേശിപ്പിക്കുകയില്ല. ഇവിടെ വെച്ച് രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍... ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.

അപ്പോഴേക്കും ഞങ്ങളുടെ യാത്രയുടെ ഇസ്രയേല്‍ ദിനങ്ങള്‍ കൈകാര്യം ചെയ്യുന്ന ട്രാവല്‍സ് മാനേജര്‍ അമീന്‍ എത്തിയിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ആലോചിച്ചു. പക്ഷേ എങ്ങനെ...? തീരുമാനിക്കാന്‍ ഒരു മണിക്കൂറാണ് സമയം തന്നിരിക്കുന്നത്. ഞാന്‍ ഹോട്ടലില്‍ വിളിച്ച് അദ്ദേഹത്തിന്റെ ഭാര്യയില്‍നിന്നും നാട്ടിലുള്ള മകന്റെ നമ്പര്‍ വാങ്ങി. കടുത്ത വിശ്വാസിയായ അലി സാഹിബ് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് പ്രാര്‍ഥനാ നിരതനായിരിക്കുന്നു. റൂമിലുള്ള സഹയാത്രികരെ വിളിച്ച് പ്രാര്‍ഥിക്കാന്‍ പറഞ്ഞു.

അപരിചിതരായ രണ്ട് ഇന്ത്യക്കാരെ കണ്ടതിനാലാകാം വരുന്നവരെല്ലാം ഞങ്ങളെ നോക്കുന്നു. വിവരം അറിയുന്നവര്‍ ഞങ്ങളെ വന്ന് ആശ്വസിപ്പിക്കുന്നുണ്ട്. ഞാന്‍ ആലോചിച്ചു. രോഗിയുടെ രോഗചരിത്രം അറിയണം. നാട്ടിലെ മകനെ ബന്ധപ്പെട്ടു. സമയം രാത്രി എട്ടുമണി. നാട്ടില്‍ അര്‍ധരാത്രി. മകനോട് കാര്യങ്ങള്‍ സാവധാനം പറഞ്ഞു മനസ്സിലാക്കി. ഉപ്പ നിരവധി ബ്ലോക്കുകള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ള ആളാണെന്നും അതിനാല്‍ ആലോചിച്ച് തീരുമാനം എടുത്താന്‍ മതിയെന്നും രോഗിയുടെ അവസ്ഥ വെച്ച് ഉചിതമായ എന്തു തീരുമാനവും എടുക്കാം എന്നും അറിയിച്ചു. പന്ത് വീണ്ടും ഞങ്ങളുടെ കോര്‍ട്ടില്‍.... സമയം നീങ്ങുകയാണ്. തീരുമാനം അറിയിക്കണം. രോഗിയുടെ റിപ്പോര്‍ട്ടുകളെല്ലാം ഉടനെ ഇ-മെയില്‍ ചെയ്യാന്‍ പറഞ്ഞു. അവസാനം രണ്ടും കല്‍പിച്ച് ഞാന്‍ തീരുമാനം അറിയിച്ചു: 'ഓപ്പറേഷന്‍ വേണ്ട...'

'രോഗിയെ നേരം വെളുക്കും വരെ ഐ.സി.യുവില്‍ കിടത്തി നിരീക്ഷിക്കട്ടെ, ആരോഗ്യസ്ഥിതി മോശമാവുകയാണെങ്കില്‍ പുറത്ത് ഞങ്ങള്‍ രണ്ടു പേരും ഉണ്ടാകും. അപ്പോള്‍ തീരുമാനമെടുക്കാം. തല്‍ക്കാലം അല്ലാഹുവിന് ഭരമേല്‍പ്പിക്കുന്നു.' ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. ഈ തീരുമാനം കൊണ്ട് വരുന്ന ഭവിഷ്യത്തുകള്‍ സ്വയം ഏറ്റെടുക്കുന്നതായി എഴുതി ഒപ്പിട്ട് നല്‍കി. രോഗിയെ രണ്ടാം നിലയിലെ ഐ.സി.യുവിലേക്ക് മാറ്റി.

സാമാന്യം വലുതെങ്കിലും കാര്യമായ തിരക്കില്ലാത്ത ആശുപത്രി. ഒരു സ്ത്രീയും കുട്ടിയും ഐ.സി.യുവിനു പുറത്തുണ്ട്. നമ്മുടെ നാട്ടിലെ പോലെ ഐ.സി.യുവില്‍ കിടക്കുന്ന രോഗിക്ക് കൂട്ടായി ആരും തന്നെ പുറത്തില്ല. രാത്രിയായാല്‍ എല്ലാവരും വീട്ടില്‍ പോകും. ഹോസ്പിറ്റല്‍ സ്റ്റാഫും മറ്റുള്ളവരും വിദേശികളായ ഞങ്ങളെ നോക്കുകയും അടുത്തുവന്ന് സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ മനസ്സ് ഒന്നു തണുത്തു, രോഗിയെ ഒന്ന് അടുത്തു കാണണം. ഞങ്ങള്‍ ഐ.സി.യുവിന്റെ മുന്നില്‍ ശങ്കിച്ചുനിന്നപ്പോള്‍ ഒരു നഴ്‌സ് കാര്യം മനസ്സിലാക്കി പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് ആനയിച്ചു. 'നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്. എപ്പോള്‍ വേണമെങ്കിലും അകത്തേക്കു വരാം.'

മരം കോച്ചുന്ന തണുപ്പില്‍ നിസ്സംഗരായി ഇരിക്കുകയാണ് ഞങ്ങള്‍ ഇരുവരും. 'എന്തെങ്കിലും കഴിക്കണ്ടേ.' അലി സാഹിബിന്റെ ചോദ്യം. ശരിയാണ്. ഉച്ചഭക്ഷണത്തിനു ശേഷം ഒരു ചായ പോലും കുടിച്ചിട്ടില്ല. ഞങ്ങള്‍ താഴേക്കിറങ്ങി. റിസപ്ഷനോട് ചേര്‍ന്ന് ഒരു ചെറിയ കഫ്ത്തീരിയ. ഞങ്ങള്‍ അങ്ങോട്ടു നീങ്ങുന്നതു കണ്ട റിസപ്ഷനിസ്റ്റ് ചെറുപ്പക്കാരന്‍ എന്നെ വിളിച്ചു. ഓട്ടത്തിനിടയില്‍ ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുകയും ചെറിയൊരു സൗഹൃദം വളരുകയും ചെയ്തിട്ടുണ്ട്. അവന്‍ പറഞ്ഞു: 'നിങ്ങള്‍ ഭക്ഷണം വാങ്ങേണ്ടതില്ല. നിങ്ങള്‍ക്കുള്ള ഭക്ഷണവും താമസത്തിനുള്ള മുറികളും ഞങ്ങള്‍ തയാറാക്കുന്നുണ്ട്.' ഉടന്‍ തന്നെ ആരെയോ വിളിച്ചു. മറ്റൊരു സുമുഖനായ ഫലസ്ത്വീനി എത്തിയിരിക്കുന്നു. തിരക്കിനിടയില്‍ അവന്‍ ഞങ്ങളെ പരിചയപ്പെടുത്തി എന്തെല്ലാമോ ഏല്‍പിച്ചുകൊടുത്തു.

അവന്‍ ഞങ്ങളെയും കൂട്ടി നിറഞ്ഞ സൗഹൃദത്തോടെ അടുത്തുള്ള കാബിനിലേക്ക് നയിച്ചു. അവിടെ വേറെയും രണ്ട് ചെറുപ്പക്കാരുണ്ട്. ഞങ്ങള്‍ സലാം പറഞ്ഞ് അകത്തു കയറി. പരസ്പരം പരിചയപ്പെട്ടു. മൊട്ടത്തലയനായ അവന്റെ പേര്‍ മുഹമ്മദ്. സെക്യൂരിറ്റി സ്റ്റാഫാണ്. ഇന്ന് നൈറ്റ് ഡ്യൂട്ടി. മറ്റു രണ്ടു പേര്‍ അവന്റെ സുഹൃത്തുക്കള്‍. അവന്‍ ഉടനെ തന്നെ എല്ലാവര്‍ക്കും ചായ ഉണ്ടാക്കി മുന്നില്‍ വെച്ചു തന്നു. മെസ് ഹാള്‍ അടച്ചുകഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ തമ്മിലുള്ള സംസാരത്തില്‍നിന്ന് മനസ്സിലായി. അതിന്റെ ചുതലയുള്ള ആളെ വിളിച്ചുണര്‍ത്തി അതിഥികള്‍ക്ക് പ്രത്യേകം ഭക്ഷണം തയാറാക്കാന്‍ ഏര്‍പ്പാട് ചെയ്തു. പിന്നീട് ആരെയോ ഫോണ്‍ ചെയ്തു. മിനിറ്റുകള്‍ക്കകം മറ്റു ചില സുഹൃത്തുക്കള്‍ കൂടി എത്തിച്ചേര്‍ന്നു. ഞങ്ങള്‍ക്ക് പരിചയപ്പെടുത്താനും ഞങ്ങളെ ആശ്വസിപ്പിക്കാനും വേണ്ടി വിളിച്ചു വരുത്തിയതാണ്.

ഫലസ്ത്വീന്‍ സുഹൃത്തുക്കള്‍ മജ്‌ലിസിലിരുന്ന് ഗഹന ചര്‍ച്ചയിലാണ്. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും എല്ലാം. ഇന്ത്യയെക്കുറിച്ച് പറഞ്ഞപ്പോള്‍ അതില്‍ ചിലര്‍ക്ക് അമിതാബ് ബച്ചനെ അറിയാം എന്നു പറഞ്ഞു. ഞാന്‍ മൊബൈലില്‍ നാടിന്റെ ഏതാനും ഫോട്ടോയൊക്കെ കാണിച്ചപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷം. കിട്ടിയ സന്ദര്‍ഭമുപയോഗിച്ച് ഞാന്‍ ഫലസ്ത്വീന്‍ രാഷ്ട്രീയത്തെക്കുറിച്ചും മറ്റും തിരക്കി. മുഹമ്മദ്, ഫത്ഹ് ഗ്രൂപ്പുകാരനും ജാസിം ഹമാസ് പക്ഷക്കാരനും കുറച്ചുപേര്‍ അരാഷ്ട്രീയവാദികളും. ഫലസ്ത്വീന്റെ ചെറുത്തുനില്‍പ്പ് ചരിത്രത്തിലെ വീരേതിഹാസമായ ഹമാസ് എന്ന വിപ്ലവ പ്രസ്ഥാനത്തിന്റെ ഒരനുയായിയെ അടുത്ത് കിട്ടിയിരിക്കുന്നു. ഞാന്‍ അവന് പ്രത്യേകം കൈകൊടുത്ത് എന്റെ ഐക്യദാര്‍ഢ്യം അറിയിച്ചു.

അപ്പോഴേക്കും ഞങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയ ഭക്ഷണം എത്തി. എല്ലാവരും കൂടിച്ചേര്‍ന്ന് ഞങ്ങള്‍ ഇരുവരെയും സല്‍ക്കരിക്കാന്‍ തുടങ്ങി. നല്ല ഭക്ഷണം, കൂട്ടത്തില്‍ മധുര മിഠായികളും. ഏതെങ്കിലും ഒന്നിനെ വാഴ്ത്തിപ്പറഞ്ഞാല്‍ പിന്നെ അതത്രയും ഞങ്ങള്‍ തിന്നു തീര്‍ക്കണം. ഞങ്ങള്‍ക്ക് വയറു നിറഞ്ഞു. പക്ഷേ, അവര്‍ ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഫലസ്ത്വീനിലെ കൊടിയ ദാരിദ്ര്യത്തിലും സല്‍ക്കാരത്തിന്റെ ഈ ഉദാരത ഞങ്ങളെ അമ്പരപ്പിച്ചു.

ഉറങ്ങാന്‍ സമയമായിരിക്കുന്നു. സുഹൃത്തുക്കള്‍ ഞങ്ങളെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. മുഹമ്മദ് ഞങ്ങളെ മൂന്നാം നിലയിലെ മുറിയിലേക്ക് നയിച്ചു. ആ ഹോസ്പിറ്റലിലെ ഡീലക്‌സ് റൂമുകളില്‍ ഒന്ന്. ഞങ്ങള്‍ക്കായുള്ള പുതപ്പും സൗകര്യങ്ങളും എല്ലാം തയാര്‍. മുഹമ്മദ് പറഞ്ഞു; 'ഇന്നു രാത്രി എന്റെ ഡ്യൂട്ടി കഴിയും. ഒരുപക്ഷേ, ഇനി കണ്ടെന്നു വരില്ല. നിങ്ങള്‍ക്കും രോഗിക്കും സുഖം ലഭിക്കട്ടെ.' ഞാനവന്റെ കണ്ണുകളിലേക്കു നോക്കി. തീ പിടിച്ച മനസ്സിനെ നിമിഷങ്ങളുടെ സൗഹൃദം മഞ്ഞുമഴ പെയ്യിച്ച് കുളിരണിയിച്ചതിന്റെ നിര്‍വൃതി ഞാന്‍ അനുഭവിച്ചു. എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു, രോഗിയും സുഖമായി ഉറങ്ങുകയാണ്. ഞങ്ങളും ആ തണുത്ത രാത്രിയുടെ മയക്കത്തിലേക്ക് സാവധാനം വീണു.

പ്രഭാതം. അഹമ്മദ് കുട്ടി സാഹിബ് ഉണര്‍ന്നിരിക്കുന്നു. ക്ഷീണിതനെങ്കിലും മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങളുടെ ട്രാവല്‍ മാനേജര്‍ അമീന്‍ എത്തിയിട്ടുണ്ട്. ബില്‍ തയാര്‍. ഇടി വെട്ടുന്ന ബില്ല്...! അമീന്‍ എന്നെയും കൂട്ടി ഡോക്ടറുടെ അടുത്തേക്ക്. അല്‍പം സംസാരിച്ചപ്പോള്‍ ഡോക്ടറുടെ ചാര്‍ജ് മുഴുവനായി കുറച്ച് വേറെയും ചില കിഴിവുകള്‍ നല്‍കി ബാക്കി തുക അടക്കാന്‍ തീരുമാനമായി. ഹോട്ടലില്‍ വിളിച്ച് ഞങ്ങളുടെ സഹയാത്രികരെ സുഖവിവരങ്ങള്‍ അറിയിച്ചു. അമ്മാനിലേക്കുള്ള യാത്ര ഈ കാരണം കൊണ്ട് അല്‍പം വൈകാന്‍ സാധ്യതയുള്ളതുകൊണ്ട് അതിരാവിലെത്തന്നെ ബസില്‍ കയറി ബൈത്തുല്‍ മുഖദ്ദസ് ഒന്നുകൂടി കാണാന്‍ അവസരമൊരുക്കി. തലേദിവസം സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ഉള്‍ഭാഗത്തെ സന്ദര്‍ശനവും പ്രാര്‍ഥനയും നിര്‍വഹിക്കാന്‍ അതുമൂലം അവര്‍ക്ക് സാധിക്കുമല്ലോ.

മരുന്നിനുള്ള പണം നല്‍കാന്‍ തുനിഞ്ഞപ്പോള്‍ അമീന്‍ തടഞ്ഞു. അതിഥിയായ രോഗിക്ക് മരുന്ന് തന്റെ വകയായിരിക്കട്ടെ എന്ന്. ഹോസ്പിറ്റല്‍ ജീവനക്കാരോടും പരിചയക്കാരോടും യാത്ര പറഞ്ഞ് ഇന്നലെ പിരിഞ്ഞ യാത്രാസംഘത്തോടൊപ്പം ചേരാന്‍ ഞങ്ങള്‍ മൂവരും യാത്രയായി. എന്റെ കണ്ണുകള്‍ തിരയുകയായിരുന്നു; രാത്രി ഞങ്ങളെ സല്‍ക്കരിച്ച, നേരം വെളുത്തതോടെ ഏതോ അധ്വാനഭൂമിയിലേക്ക് അന്നത്തെ അന്നവും തേടിപ്പോയ വിശുദ്ധ ജീവിതങ്ങള്‍. അവര്‍ അങ്ങനെ സംഭരിച്ചുവേണം ഇങ്ങനെ ചെലവഴിക്കാന്‍... ഇനിയൊരിക്കല്‍ കാണാന്‍ കഴിയുമോ ആ മുഖങ്ങള്‍?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (38-42)
എ.വൈ.ആര്‍