Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 27

3049

1439 ശഅ്ബാന്‍ 10

കുതിരകള്‍ അവളെയന്വേഷിക്കുന്നുണ്ട്...

ഹാരിസ് നെന്മാറ

കുതിരകള്‍ക്കറിയില്ലല്ലോ

അവളെവിടെയാണ് ഓടിമറഞ്ഞതെന്ന്

കാണാമറയത്തേക്ക് മേഞ്ഞെത്തുമ്പോള്‍

അവറ്റകളെയുമന്വേഷിച്ച് അവള്‍

കുന്നിറങ്ങി ഓടിയെത്താറുണ്ടായിരുന്നു...

 

ഇന്ന് അവളെയുമന്വേഷിച്ച് അവറ്റകള്‍

ആ കുന്നിന്‍ചെരുവില്‍ ഒരുപാട് നടന്നുകാണണം..

എത്രയന്വേഷിച്ചിട്ടും അവളെ കാണാതായപ്പോള്‍

അവ ഒറ്റക്ക് വീട്ടിലേക്ക് മടങ്ങിക്കാണും..

അവറ്റകളെ കെട്ടിയിടാനും വെള്ളം കൊടുക്കാനും

ലായത്തിന് മുന്നില്‍  ആരുമുണ്ടായിരുന്നില്ല...

ആ വീടും താഴ്‌വരയും നിഗൂഢമായൊരു

നിശ്ശബ്ദതയിലേക്ക് ഉള്‍വലിഞ്ഞു..

അവളുടെ ഒച്ചപ്പാടുകള്‍ കേട്ടാണ്

ഇന്നലെ വരെ ആ വീടുണര്‍ന്നിരുന്നത്.

കുതിരകള്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍

കശ്മീരിയില്‍ അവള്‍ പാടിയിരുന്ന

ആ പഴയ നാടോടിപ്പാട്ട് കേള്‍ക്കാന്‍

ഉമ്മ ജനാലക്ക് പുറകില്‍

ഒളിഞ്ഞു നില്‍ക്കാറുണ്ടായിരുന്നു..

ഒടുക്കം അവറ്റകളോട് കിന്നാരം പറഞ്ഞ്

അവളാ താഴ്‌വരയിലേക്ക് കയറിപ്പോവുന്നതും നോക്കി

അവരാ വീടിന്റെ ചുവരും ചാരി നില്‍ക്കും.

 

കുതിരകള്‍ ഇന്ന് അവരെ ആ ജനാലക്കു പുറകില്‍ കണ്ടില്ല...

ഇന്നലെ കെട്ടിയിടാത്തതുകൊണ്ട്

അവ കയറ് വലിച്ച് ലായത്തിന് പുറത്തിറങ്ങി

അവളെ ഒരിക്കല്‍ കൂടെ അന്വേഷിച്ച്

ആ ക്ഷേത്രത്തിന് മുന്നിലൂടെ അവ കുന്ന് കയറുകയാണ്.....

കുന്നിന്‍ ചെരുവില്‍ എവിടെയാണവള്‍ ഒളിഞ്ഞിരിക്കുന്നത്....

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (38-42)
എ.വൈ.ആര്‍