Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

സമരശരികള്‍ തീരുമാനിക്കുന്നതാരാണ്?

ഹാരിസ് നെന്മാറ

സമരശരികളുടെ കുത്തകാവകാശം സി.പി.എമ്മിന് പതിച്ചുനല്‍കിയതാരാണ്? പൊട്ടിയൊലിക്കുന്ന പാദങ്ങളുമായി 180 കിലോമീറ്റര്‍ കാല്‍നടയായെത്തി സംഘ്പരിവാറിന്റെ അധികാര കേന്ദ്രങ്ങളെ പിടിച്ചു കുലുക്കിയ കിസാന്‍ ലോംഗ് മാര്‍ച്ചിന് നക്‌സലൈറ്റ് മുദ്ര പതിച്ചുനല്‍കിയിരുന്നു ആര്‍.എസ്.എസ്. ഇപ്പുറത്ത് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരഭടന്മാര്‍ക്ക് തീവ്രവാദമുദ്ര പതിച്ചുനല്‍കിയാണ് സി.പി.എം പ്രതികരിച്ചത്.                    

മഹാരാഷ്ട്രയിലെ കിസാന്‍ ലോംഗ് മാര്‍ച്ചിനെ കേരളത്തില്‍ ആഘോഷമാക്കിയ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളും സൈബര്‍പോരാളികളും കീഴാറ്റൂരിലെ കര്‍ഷക സമരത്തെ സമരനാടകമെന്നും തീവ്രവാദികളുടെ സമരമെന്നുമൊക്കെയാണ് വിശേഷിപ്പിച്ചത്.  മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലെത്തുമ്പോഴേക്കും സമരശരികളുടെ രൂപവും ഭാവവും മാറുന്നതെങ്ങനെയാണ്? കേരളത്തിലെ കര്‍ഷക സമരങ്ങളെ കിസാന്‍ ലോംഗ് മാര്‍ച്ചിനോട് ഉപമിക്കരുത് എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.

സി.പി.എം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരെയാണ് വയല്‍ക്കിളികളെന്ന കൂട്ടായ്മ സമരരംഗത്തെത്തുന്നത്. തുടക്കത്തില്‍ കൂട്ടായ്മക്ക് സി.പി.എമ്മിന്റെ പിന്തുണയുണ്ടായിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി പിന്തുണ പിന്‍വലിച്ച് വയല്‍നികത്തല്‍ നടപടികളെ പിന്തുണക്കുകയാണുണ്ടായത്. വയല്‍ക്കിളികളോടൊപ്പം സമരത്തിലുറച്ചുനിന്ന പതിനൊന്ന് പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കുകയും വയല്‍ക്കിളികളുടെ സമരപ്പന്തല്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

പാര്‍ട്ടി അധികാരത്തിലിരിക്കുന്നിടത്ത് അരങ്ങേറുന്ന സമരങ്ങളെല്ലാം വികസനവിരോധികളുടേതാവുന്ന വിരോധാഭാസം പുതിയ കാഴ്ചയല്ല. പശ്ചിമ ബംഗാളില്‍ പത്തു വര്‍ഷം മുമ്പ് പാര്‍ട്ടി അധികാരത്തിലിരിക്കെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ സിംഗൂരിലും നന്ദിഗ്രാമിലും അരങ്ങേറിയ കര്‍ഷക സമരങ്ങളെ മൃഗീയമായാണ് പോലീസ് നേരിട്ടത്. ആ പോലീസ്  നരനായാട്ടിനെ പാര്‍ട്ടി ഇന്നും ന്യായീകരിക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റുമായി ബന്ധപ്പെട്ട് എറണാകുളം പുതുവൈപ്പിനില്‍ നടന്ന  സമരത്തിന്റെ ഭാഗമായി നടന്ന ഹര്‍ത്താലിന് തീവ്രവാദ സംഘങ്ങളുടെ പിന്തുണയുണ്ടെന്നാണ് പാര്‍ട്ടി പ്രസ്താവനയിറക്കിയത്.  മുക്കം എരഞ്ഞിമാവില്‍ അരങ്ങേറിയ ഗെയില്‍ വിരുദ്ധ സമരത്തെ പിന്തുണച്ചവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം തീവ്രവാദാരോപണമുന്നയിച്ച് രംഗത്തു വന്നിരുന്നു. 

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പൊരിവെയിലത്ത് സമരം ചെയ്യുന്ന വൃദ്ധസ്ത്രീകളടക്കമുള്ളവര്‍ക്കെതിരെയാണ് കീഴാറ്റൂരില്‍ പാര്‍ട്ടി തീവ്രവാദാരോപണമുന്നയിക്കുന്നത് എന്നോര്‍ക്കണം. മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങളുടെ മുദ്രാവാക്യം 'ഠവല്യ  ളലലറ വേല ചമശേീി' (അവരാണ് രാജ്യത്തെ ഊട്ടുന്നത്) എന്നായിരുന്നു. മഹാരാഷ്ട്രയിലേതുപോലെ കേരളത്തിലും കര്‍ഷകര്‍ തന്നെയാണ് നാടിനെ ഊട്ടുന്നത്. 'ഫീഡ്' ചെയ്യണമെങ്കില്‍  വയലുകളുണ്ടാവണം. കൃഷിയെന്ന ഉല്‍പാദന വ്യവസ്ഥയിലെ അടിസ്ഥാന ഉല്‍പാദനോപാധികളായ കര്‍ഷകരെയും വയലുകളെയും ഇല്ലാതാക്കിയാല്‍ എങ്ങനെയാണ് നാട് വയറു നിറക്കുന്നതെന്നാണ് കീഴാറ്റൂരിലെ കര്‍ഷകര്‍ ഭരണകൂടത്തോട് ചോദിക്കുന്നത്. 'നിയോ ലിബറലിസത്തോട് എന്‍ഗേജ് ചെയ്യുക എന്നൊന്നില്ല. ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ പൊരുതുക' - കോര്‍പ്പറേറ്റ് വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് സീതാറാം യെച്ചൂരിയുടെ നിലപാടാണിത്.  എന്നാല്‍ പാര്‍ട്ടി അധികാരത്തിലിരിക്കുന്നിടത്തൊക്കെ കോര്‍പ്പറേറ്റുകളോട് രാജിയായി കര്‍ഷകവിരുദ്ധ നിലപാടുകള്‍  അധികാരികള്‍ വ്യാപകമായി സ്വീകരിച്ചു പോരുന്നു എന്നതിനേക്കാള്‍ വലിയ വിരോധാഭാസമെന്താണുള്ളത്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍