Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

അംറുബ്‌നു ഉമയ്യ എന്ന നയതന്ത്ര പ്രതിഭ

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-51

അംറുബ്‌നു ഉമയ്യ, ളംറ ഗോത്രക്കാരനാണ്. വംശാവലി ഇങ്ങനെ: ഉമയ്യയുടെ മകന്‍, (ഉമയ്യ) ഖുവൈലിദിന്റെ മകന്‍, (ഖുവൈലിദ്) അബ്ദുല്ലയുടെ മകന്‍, ഇയാസിന്റെ മകന്‍, അബ്ദ്/ഉബൈദിന്റെ മകന്‍, നാശിറയുടെ മകന്‍, കഅ്ബിന്റെ മകന്‍, ജുദയ്യിന്റെ മകന്‍, ളംറയുടെ മകന്‍, ബക്‌റിന്റെ മകന്‍, അബ്ദു മനാത്തയുടെ മകന്‍, അലിയുടെ മകന്‍, കിനാനയുടെ മകന്‍ (അംറുബ്‌നു ഖുവൈലിദ് ബ്‌നു അബ്ദുല്ലാഹിബ്‌നു ഇയാസ് ബ്‌നു.... ). പ്രവാചകന്റെ ജീവിത കാലത്ത് നയതന്ത്ര മേഖലയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വം. ഇസ്‌ലാമിലെ ആദ്യത്തെ ഔദ്യോഗിക നയതന്ത്രജ്ഞന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.

അദ്ദേഹത്തിന്റെ ജനനം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഹിജ്‌റക്ക് ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് എന്നാണ് അനുമാനം. പ്രവാചകന്റെ അടുത്ത ബന്ധുവായ ഒരു സ്ത്രീയെയാണ് അംറ് വിവാഹം കഴിച്ചത്. അവരുടെ പേര് സുൈഖല ബിന്‍ത് ഉബൈദുബ്‌നുല്‍ ഹാരിസ് ബ്‌നുല്‍ മുത്ത്വലിബ്.1 അദ്ദേഹത്തിന്റെ ഭാര്യാപിതാവായ ഉബൈദ ആദ്യം ഇസ്‌ലാം സ്വീകരിച്ചവരില്‍ ഒരാളായിരുന്നു. ഹി. രണ്ടാം വര്‍ഷം ബദ്‌റില്‍ ഉബൈദ രക്തസാക്ഷിയായി. അംറ് മരിക്കുന്നത് ഹി. 60-ന് മുമ്പ്.2 അദ്ദേഹത്തിന്റെ വിളിപ്പേര് അബൂഉമയ്യ എന്നായിരുന്നു. നിരവധി മക്കളും ഉണ്ടായിരുന്നു. അവരില്‍ ജഅ്ഫര്‍, അബ്ദുല്ല, ഫദ്ല്‍ എന്നിവരും സഹോദരപുത്രനായ സിബ്‌രീഖാനും ഹദീസ് പണ്ഡിതരെന്ന നിലയില്‍ ഖ്യാതി നേടി. പണ്ഡിതനായ ഇമാം ശഅ്ബി (ഹി. 21-100), അംറുബ്‌നു ഉമയ്യയുടെ ശിഷ്യനാണ്. തന്റെ ഗുരുവില്‍നിന്ന് ലഭിച്ച അറിവുകളാണ് പ്രവാചക ചരിത്രം എഴുതാന്‍ ശഅ്ബി ഉപയോഗപ്പെടുത്തിയത്. മദീനയില്‍ വെച്ചായിരുന്നു അംറിന്റെ മരണം.3

അബ്ദുശ്ശംസ് എന്ന കുടുംബവുമായി അംറ് ഉണ്ടാക്കിയെടുത്ത സഖ്യം കൗതുകമുണര്‍ത്തുന്ന ഒന്നാണ്. അംറും അബ്‌സീനിയയും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധങ്ങളെ അത് വിശദീകരിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രശസ്തമായ ആ കച്ചവടയാത്ര (ഈലാഫ്)യില്‍, അബ്‌സീനിയയുമായുള്ള മക്കന്‍ കച്ചവടത്തിന്റെ കുത്തക അബ്ദുശ്ശംസിനും അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ക്കുമായിരുന്നു (ഈ കച്ചവടക്കുത്തക സിറിയയില്‍ ഹാശിമിനും, യമനില്‍ മുത്ത്വലിബിനും, ഇറാഖില്‍ നൗഫലിനുമായിരുന്നു).4 അബ്ദുശ്ശംസ് കുടുംബത്തിന്റെ സഖ്യക്കാരന്‍ എന്ന നിലയില്‍ അംറും ഇവരുടെ കച്ചവട സംഘത്തോടൊപ്പം അബ്‌സീനിയയിലേക്ക് പോകാറുണ്ടായിരുന്നിരിക്കാം. നേഗസ് അസ്വ്ഹം എന്ന അബ്‌സീനിയന്‍ രാജകുമാരനെ അവന്റെ അമ്മാവന്‍ വില്‍പ്പന നടത്തിയ കാര്യം നാം നേരത്തെ പരാമര്‍ശിച്ചിട്ടുണ്ട്. അധികാരമേല്‍ക്കുമ്പോള്‍ അസ്വ്ഹമക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ രാജപ്രതിനിധിയായി ഭരണം നടത്തിയിരുന്നത് അമ്മാവനായിരുന്നു. നിയമാനുസൃത ഭരണാധികാരിയെ ഒഴിവാക്കുന്നതിന് വേണ്ടി അയാള്‍ അസ്വ്ഹമിനെ അടിമയാക്കി അറബ് ഗോത്രമായ ളംറക്ക് വില്‍ക്കുകയായിരുന്നു. ളംറ ഗോത്രാംഗമായിരുന്നു അംറുബ്‌നു ഉമയ്യയും. അസ്വ്ഹം രാജകുമാരന്‍ അബ്‌സീനിയയിലേക്ക് തിരിച്ച് പോയി തനിക്കവകാശപ്പെട്ട കിരീടം തിരിച്ച് പിടിക്കുന്നതിന് മുമ്പ് അംറുമായി അദ്ദേഹത്തിന് വ്യക്തിപരമായിത്തന്നെ ബന്ധങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.

തുടക്കത്തില്‍ അംറിന് ഇസ്‌ലാമിനോട് താല്‍പര്യമൊന്നും തോന്നിയിരുന്നില്ല. ബദ്ര്‍-ഉഹുദ് യുദ്ധങ്ങളില്‍ അദ്ദേഹം മക്കക്കാര്‍ക്കൊപ്പമായിരുന്നു.5 ഉഹുദ് യുദ്ധം കഴിഞ്ഞ് മക്കക്കാര്‍ തിരിച്ച് വന്നതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷമുണ്ടാവുന്നത്.

മേല്‍പ്പറഞ്ഞ രണ്ട് രക്തരൂഷിത യുദ്ധങ്ങളിലും കാര്യമായ എന്തെങ്കിലും പങ്ക് അംറ് വഹിച്ചതായി ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല. ഒരു ചടങ്ങിന് അദ്ദേഹം അവിടെ സന്നിഹിതനായിരുന്നു എന്ന് മാത്രം (മക്കയിലെ അബ്ദുശ്ശംസുമായി സഖ്യമുള്ളത് കൊണ്ട് അവര്‍ പങ്കെടുക്കുന്ന യുദ്ധങ്ങളില്‍ അംറിനും പങ്കെടുക്കേണ്ടതായി വരും). ഇതില്‍നിന്ന്, പ്രവാചകനുമായി വ്യക്തിസൗഹൃദം പുലര്‍ത്തിയിരുന്നു അന്നേ അംറ് എന്ന് നമുക്ക് അനുമാനിക്കാമോ? പ്രവാചകത്വ ലബ്ധിക്ക് മുമ്പ് പ്രവാചകന്‍ ഒരു കച്ചവട സംഘത്തിന്റെ തലവനായിരുന്നല്ലോ; അംറും അതേ. ആ അനുമാനം ശരിയാണെന്ന് താഴെ നല്‍കുന്ന വിവരണത്തില്‍നിന്ന് വ്യക്തമാവും.

പ്രവാചക ചരിത്രമെഴുതിയ മഹാനായ പണ്ഡിതന്‍ ശാമി6 പറയുന്നത് ഇങ്ങനെയാണ്: ബദ്‌റിലെ പരാജയത്തിന് ശേഷം അതിന് പക വീട്ടാനെന്നവണ്ണം അബ്‌സീനിയയിലെ നജ്ജാശിയുടെ അടുത്തേക്ക് ഖുറൈശികള്‍ ഒരു പ്രതിനിധി സംഘത്തെ അയക്കുന്നു. അബ്‌സീനിയയില്‍ അഭയം തേടിയ മുസ്‌ലിംകളെ വിട്ടു കിട്ടണമെന്നാണ് അവരുടെ ആവശ്യം. ഈ കുതന്ത്രത്തെക്കുറിച്ച് പ്രവാചകന് വിവരം ലഭിച്ചപ്പോള്‍, മുസ്‌ലിംകള്‍ക്ക് വേണ്ടി നജ്ജാശിയോട് സംസാരിക്കാന്‍ നബി ഉടനടി അംറുബ്‌നു ഉമയ്യയെ അങ്ങോട്ടേക്ക് പറഞ്ഞയക്കുന്നു. അപ്പോള്‍ അംറ് ഇസ്‌ലാം സ്വീകരിച്ചിട്ടു പോലുമുണ്ടായിരുന്നില്ല (അബ്‌സീനിയയെക്കുറിച്ച അധ്യായത്തില്‍ നാമിത് വിശദമായി പറഞ്ഞിട്ടുണ്ട്). ഈ ചെറിയ സംഭവം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഒന്നാമതായി, പ്രവാചകനുമായി വ്യക്തിപരമായ സൗഹൃദം പുലര്‍ത്തിയിരുന്നു അംറ് എന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നു. പ്രവാചകന്‍ അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുകയും ചെയ്തിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തോടൊപ്പമുണ്ടായിരുന്ന ഒരാളെയാണ് തൊട്ടുടനെ പ്രവാചകന്‍ സ്വന്തം നയതന്ത്രപ്രതിനിധിയായി അയക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുസ്‌ലിംകളല്ലാത്തവരെയും സ്വന്തം ഔദ്യോഗിക പ്രതിനിധികളായി അയക്കാന്‍ പ്രവാചകന്‍ മടിച്ചിരുന്നില്ലെന്ന് സാരം. അംറുബ്‌നു ഉമയ്യയുടെ നയതന്ത്ര ചാതുരിയും നജ്ജാശിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും കണ്ടറിഞ്ഞുകൊണ്ടുള്ള ഒരു നീക്കം തന്നെയാണ് പ്രവാചകന്‍ നടത്തിയത്. ശത്രുവിന്റെ ഏത് നീക്കത്തെക്കുറിച്ചും പെട്ടെന്ന് വിവരങ്ങള്‍ ശേഖരിച്ച് അവയെ നിര്‍വീര്യമാക്കേണ്ടത് എങ്ങനെ എന്ന് പ്രവാചകന് നന്നായിട്ടറിയാമായിരുന്നു.

ഹിജ്‌റ നാലാം വര്‍ഷം ബദുക്കളുടെ മുഖ്യനായ അബൂ ബറാഅ് മുലാഇബ് അല്‍ അസിന്ന എന്നൊരാള്‍ പ്രവാചകനെ കാണാനായി മദീനയില്‍ വന്നു. പ്രവാചകന് കൊടുക്കാനായി സമ്മാനങ്ങളും അയാളുടെ കൈയിലുണ്ട്. എന്തിനാണ് വന്നതെന്ന് നമുക്ക് അറിഞ്ഞുകൂടാ. ഇസ്‌ലാം സ്വീകരിക്കാനും അയാള്‍ കൂട്ടാക്കിയില്ല. തന്റെ ഗോത്രത്തില്‍ ഇസ്‌ലാം പ്രചരിപ്പിക്കുന്നതിനായി കുറച്ച് പ്രബോധകരെ തന്റെ കൂടെ അയച്ചുതരാന്‍ അയാള്‍ ആവശ്യപ്പെടുകയുണ്ടായി. അവര്‍ക്ക് മതിയായ സംരക്ഷണവും നല്‍കും. നബി അയച്ച ഈ പ്രബോധക സംഘത്തില്‍ അംറും ഉണ്ടായിരുന്നു. ബിഅ്‌റു മഊന7 എന്ന സ്ഥലത്തെത്തിയപ്പോള്‍, ബദൂ മുഖ്യന്‍ അബൂബറാഇ8ന്റെ സഹോദര പുത്രന്‍ ആമിറു ബ്‌നു ത്വുഫൈല്‍ ഈ പ്രബോധക സംഘത്തിന് മേല്‍ പൊടുന്നനെ ആക്രമണമഴിച്ച് വിടുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു. ഈ കൂട്ടക്കുരുതിയില്‍നിന്ന് രക്ഷപ്പെട്ടത് അംറുബ്‌നു ഉമയ്യയും മദീനക്കാരനായ മറ്റൊരു മുസ്‌ലിമും മാത്രം. ആക്രമണം നടക്കുന്ന സമയത്ത് പ്രബോധക സംഘത്തിന്റെ യാത്രാവാഹനമായ മൃഗങ്ങളെ തീറ്റുന്നതിന് വേണ്ടി അവര്‍ ഇരുവരും പുല്‍മേട് തെരഞ്ഞ് പോയതായിരുന്നു. അവര്‍ കൂടാരത്തില്‍ തിരിച്ചെത്തുമ്പോള്‍ കൊലയാളികള്‍ അവിടെത്തന്നെയുണ്ട്. പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ മദീനക്കാരന്‍ കൊല്ലപ്പെടുകയും അംറ് തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ കൊലക്ക് നേതൃത്വം നല്‍കിയ ആമിറു ബ്‌നു ത്വുഫൈല്‍ പ്രഖ്യാപിച്ചു: 'എന്റെ മാതാവ് ഒരു അടിമയെ മോചിപ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു.' അങ്ങനെ അടിമയാക്കപ്പെട്ട അംറ് മോചിതനായി. ചരിത്ര കൃതികളില്‍ കാണുന്നത്, മോചിപ്പിക്കുന്നതിന് മുമ്പ് അംറുബ്‌നു ഉമയ്യയുടെ മുന്‍വശത്തുള്ള തലമുടി അവര്‍ നീക്കം ചെയ്തിരുന്നു എന്നാണ്. മോചിത അടിമ എന്നതിന്റെ അടയാളമാണത്രെ അത്. അംറ് കാല്‍നടയായി മദീനയിലേക്ക് പുറപ്പെട്ടു; തന്റെ കൂടെയുണ്ടായിരുന്ന എഴുപത് പ്രബോധകരും രക്തസാക്ഷികളായി എന്ന വിവരം പ്രവാചകനെ അറിയിക്കാന്‍. വഴി മധ്യേ മദീനയുടെ പ്രാന്തങ്ങളില്‍ വെച്ച് കൊലയാളി ഗോത്രത്തിലെ രണ്ട് പേരെ അംറ് എതിരിടുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പ്രവാചകന്‍ സംരക്ഷണം നല്‍കിയ കാര്യം അംറിന് അറിയില്ലായിരുന്നു (ഒരു പക്ഷേ, ഈ രണ്ട് പേരും ഇസ്‌ലാം സ്വീകരിച്ചിരുന്നിരിക്കണം). അബദ്ധത്തില്‍ കൊല്ലപ്പെട്ട ഈ രണ്ട് പേരുടെയും ബന്ധുക്കള്‍ക്ക് പ്രവാചകന്‍ സാധാരണഗതിയില്‍ നല്‍കാറുള്ള നഷ്ടപരിഹാരത്തുക അയച്ചുകൊടുക്കുകയുണ്ടായി.9

ഈ സന്ദര്‍ഭത്തില്‍ പ്രവാചകനെ വധിക്കാനായി ഖുറൈശി തലവന്‍ അബൂസുഫ്‌യാന്‍ ബദുക്കളില്‍ പെട്ട ഒരാളെ പണവും മറ്റും നല്‍കി മദീനയിലേക്ക് അയച്ചിരുന്നു. തന്റെ അടുത്ത ബന്ധുക്കളില്‍ പെട്ട പലരും ബദ്‌റില്‍ വധിക്കപ്പെട്ടതിന് പ്രതികാരം ചെയ്യാനായിരിക്കാം ഒരു പക്ഷേ, ഈ ഗൂഢനീക്കം. അല്ലെങ്കില്‍ മുസ്‌ലിംകള്‍ ഖുറൈശി കച്ചവടസംഘങ്ങള്‍ക്ക് മേല്‍ ചെലുത്തുന്ന സാമ്പത്തിക സമ്മര്‍ദങ്ങളില്‍ പൊറുതി മുട്ടി ചെയ്തതുമാവാം. പക്ഷേ, ആ വധശ്രമത്തില്‍നിന്ന് പ്രവാചകന്‍ രക്ഷപ്പെട്ടു. ഇതേ സന്ദര്‍ഭത്തില്‍ തന്നെയാണ് റജീഅ് ദുരന്തവും സംഭവിക്കുന്നത്. ഇവിടെയും പ്രബോധകരെ വേണമെന്ന് ആവശ്യപ്പെട്ട് വന്ന ഒരു സംഘം ചതിയില്‍ അവരെ കൊലപ്പെടുത്തുകയായിരുന്നു. ആ പ്രബോധകരില്‍ കുറച്ചു പേരെ ബന്ദികളാക്കി പിടിച്ച് മക്കക്കാര്‍ക്ക് കൈമാറി. മക്കക്കാര്‍ അവരെ കുരിശില്‍ തറച്ചു. ഇതിന് പകരമായി അബൂസുഫ്‌യാനെ വക വരുത്താന്‍ പ്രവാചകന്‍ രണ്ട് പേരെ മക്കയിലേക്ക് അയച്ചു. അതിലൊരാള്‍ നമ്മുടെ ഹീറോ അംറ് തന്നെ. കൂടെയുള്ളത് മദീനാ സ്വദേശിയായ മറ്റൊരാളും. പക്ഷേ, അംറ് രഹസ്യമായി മക്കയിലെത്തിയപ്പോള്‍ ആരോ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. വിവരം പുറത്തായി. 'അപ്രതിരോധ്യനായ ഈ പിശാച്' വന്നിരിക്കുന്നത് എന്തിനാണെന്ന് അബൂസുഫ്‌യാന് എളുപ്പം പിടികിട്ടി. അബൂസുഫ്‌യാന്‍ തന്റെ സുരക്ഷക്ക് വേണ്ട മുന്‍കരുതലുകള്‍ എടുത്ത ശേഷം രക്ഷപ്പെട്ട അംറിനെ പിടികൂടാനായി ഏര്‍പ്പാടുകളും ചെയ്തു. അംറും കൂട്ടുകാരനും മലമുകളിലെ ഒരു ഗുഹയില്‍ ഒളിക്കുകയാണുണ്ടായത്. ശത്രുക്കള്‍ തിരച്ചില്‍ മതിയാക്കി പോയപ്പോള്‍ അംറ് പതുക്കെ അങ്ങാടിയില്‍ തിരിച്ചെത്തുകയും ഖുറൈശികള്‍ കുരിശില്‍ തറച്ച ഖുബൈബിന്റെ മൃതദേഹം എടുത്തുകൊണ്ട് പോരുകയും ചെയ്തു. ഇതിനിടയില്‍ ആ പ്രദേശത്തുള്ള മൂന്ന് പേരെ അംറ് വകവരുത്തിയിരുന്നു. മറ്റൊരാളെ ബന്ദിയായി പിടിച്ചു. പിന്നെ മദീനയില്‍ തിരിച്ചെത്തി നടന്നതൊക്കെ പ്രവാചകനെ ധരിപ്പിച്ചു.10 വടക്ക് കിഴക്കന്‍ അറേബ്യയില്‍ വസിക്കുന്ന ബനൂദ്ദിഅ്ല്‍ ഗോത്രത്തിലേക്കും പ്രവാചകന്‍ പ്രതിനിധിയായി അയച്ചത് അംറിനെ തന്നെയാണ്. പക്ഷേ, ഇസ്‌ലാം സ്വീകരിക്കാന്‍ ആ ഗോത്രം വിസമ്മതിക്കുകയാണുണ്ടായത്.11

ഹിജ്‌റ ആറാം വര്‍ഷം വീണ്ടും പ്രവാചകന്‍ അംറിനെ അബ്‌സീനിയയിലെ നജ്ജാശിയുടെ അടുത്തേക്ക് പറഞ്ഞയക്കുന്നു. പ്രവാചകന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന് വേണ്ടി അബ്‌സീനിയയില്‍ അഭയാര്‍ഥിയായി കഴിയുന്ന യുവതിയായ വിധവ ഉമ്മുഹബീബയെ വിവാഹം ചെയ്തുകൊടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. അബൂസുഫ്‌യാന്റെ മകളാണ് ഉമ്മു ഹബീബ. അവരുടെ ആദ്യഭര്‍ത്താവ് ഉബൈദുല്ലാഹിബ്‌നു ജഹ്ശ് അബ്‌സീനിയയിലെത്തിയപ്പോള്‍ ഇസ്‌ലാം ഉപേക്ഷിക്കുകയും ക്രിസ്തുമതം സ്വീകരിക്കുകയുമാണുണ്ടായത്. ഭാര്യയെയും മതം മാറ്റാന്‍ ഉബൈദുല്ല കഠിനമായി സമ്മര്‍ദം ചെലുത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല എന്ന് ത്വബ്‌രി രേഖപ്പെടുത്തുന്നു.12 ഈ ഉബൈദുല്ല പിന്നീട് മദ്യത്തിനടിമയായി മരണപ്പെടുകയാണുണ്ടായത്.13

ഇസ്‌ലാമിനോടുള്ള ഈ യുവതിയുടെ അചഞ്ചല പ്രതിബദ്ധതക്ക് പാരിതോഷികം നല്‍കുകയായിരുന്നു പ്രവാചകന്‍ ഈ വിവാഹത്തിലൂടെ. ഈ വിവാഹത്തിന് ഉമ്മുഹബീബക്ക് പൂര്‍ണ സമ്മതമാണെന്ന് നജ്ജാശി ഉറപ്പ് വരുത്തി (ഏത് മുസ്‌ലിം സ്ത്രീയാണ് പ്രവാചക പത്‌നിയെന്ന പദവി വേണ്ടെന്ന് വെക്കുക!). വിവാഹം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു.14 വിവാഹം നടത്തിക്കൊടുക്കാന്‍ മാത്രമായിരുന്നില്ല അംറ് വന്നത്. അബ്‌സീനിയയില്‍ അഭയാര്‍ഥികളായി കഴിയുന്ന മുഴുവന്‍ മക്കന്‍ മുസ്‌ലിംകളെയും അദ്ദേഹത്തിന് മദീനയിലേക്ക് കൊണ്ട് വരേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടി നജ്ജാശി രണ്ട് ബോട്ടുകള്‍ ഒരുക്കി. അങ്ങനെ അംറിന്റെ ഈ ദൗത്യത്തിന് വിജയകരമായ പരിസമാപ്തി.15

അബ്‌സീനിയയിലെ വ്യത്യസ്ത നജ്ജാശിമാര്‍ക്ക്/നേഗസുമാര്‍ക്ക് പ്രവാചകന്‍ അയച്ച കത്തുകളില്‍ രണ്ടെണ്ണം നമുക്ക് ലഭിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും കത്തുമായി പോയിരുന്നത് അംറുബ്‌നു ഉമയ്യ തന്നെയായിരുന്നു. ഖന്‍ദഖ് യുദ്ധത്തിന് ശേഷം മക്കക്കാരെ മാനസികമായി അടുപ്പിക്കാനുളള ശ്രമത്തിലായിരുന്നു പ്രവാചകന്‍. അപ്പോഴാണ് മക്കയില്‍ പട്ടിണിയുണ്ടാവുന്നത്. ഉടന്‍ പ്രവാചകന്‍ മക്കയിലെ പാവപ്പെട്ടവര്‍ക്കിടയില്‍ വിതരണം ചെയ്യാനായി 500 സ്വര്‍ണ നാണയങ്ങള്‍ അയച്ചുകൊടുത്തു. ഈ ദുരിതാശ്വാസ സംഘത്തിലും അംറു ബ്‌നു ഉമയ്യ ഉള്‍പ്പെട്ടിരുന്നു.16 ഈ ദൗത്യങ്ങളെക്കുറിച്ച് ഇബ്‌നു സഅ്ദ്17 ദീര്‍ഘമായി എഴുതിയിട്ടുണ്ട്. പക്ഷേ, സംഭവം നടന്നത് മക്കാവിജയത്തിന് 'ശേഷം' എന്ന് എഴുതിയിരിക്കുന്നു. ഇത് പകര്‍ത്തിയെഴുത്തുകാരന് സംഭവിച്ച കൈയബദ്ധമാകാനാണ് സാധ്യത. കാരണം, സഹായധനം മക്കയിലെത്തിയപ്പോള്‍ അബൂസുഫ്‌യാന്‍ ഇങ്ങനെ മുറുമുറുക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്: 'നമ്മുടെ ചെറുപ്പക്കാരെ വഴി തെറ്റിക്കാനാണ് മുഹമ്മദ് ശ്രമിക്കുന്നത്.' മക്കാ വിജയത്തിന് ശേഷം ഇങ്ങനെയൊരു പറച്ചിലിന് പ്രസക്തിയില്ലല്ലോ. അതിനാല്‍ 'ഖന്‍ദഖിനു ശേഷം' എന്നോ 'ഹുദൈബിയക്ക് മുമ്പ്' എന്നോ 'മക്കാവിജയത്തിന് മുമ്പ്' എന്നോ ഒക്കെയാണ് വരേണ്ടിയിരുന്നത്.

ഈ ദൗത്യ നിര്‍വഹണത്തിനിടയില്‍ അംറു ബ്‌നു ഉമയ്യയുടെ ചില സ്വഭാവവിശേഷങ്ങള്‍ വെളിപ്പെടുന്നുണ്ട്; മനുഷ്യനെന്ന നിലക്കുള്ള ചില ദൗര്‍ബല്യങ്ങളും. പണം മക്കയിലെത്തിക്കാന്‍ പ്രവാചകന്‍ യഥാര്‍ഥത്തില്‍ ചുമതലപ്പെടുത്തിയിരുന്നത് ഖുസാഅ ഗോത്രക്കാരനായ അംറുബ്‌നു ഫഗവ എന്നൊരാളെയായിരുന്നു. ഒരു കൂട്ടുകാരനെ ഒപ്പം കൂട്ടാനും പ്രവാചകന്‍ നിര്‍ദേശിച്ചു. പണ വിതരണത്തില്‍ തിരിമറി ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായി ഇതിനെ കാണാം. വഴിക്കൊള്ളക്കാരില്‍നിന്ന് രക്ഷനേടാനും ഒപ്പം ഒരാളുണ്ടാകുന്നത് നല്ലതാണല്ലോ. വിവരമറിഞ്ഞ് എത്തിയ അംറുബ്‌നു ഉമയ്യ, കൂട്ടായി താന്‍ ഒപ്പം വരാമെന്ന് അംറുബ്‌നു ഫഗവയോട് പറഞ്ഞു. ഫഗവ ഉടനെയത് സമ്മതിക്കുകയും ചെയ്തു. ഇക്കാര്യം പ്രവാചകനെ അറിയിച്ചപ്പോള്‍ ഫഗവയോട് പ്രവാചകന്‍ പറഞ്ഞു: 'മക്കയിലേക്ക് പോകുന്ന വഴിയില്‍ ബനൂ ളംറക്കാരുടെ (അംറു ബ്‌നു ഉമയ്യയുടെ ഗോത്രം) വാസസ്ഥലമെത്തുമ്പോള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ഗോത്രവും അവരുടെ ഗോത്രവും തമ്മില്‍ സംഘര്‍ഷത്തിലാണല്ലോ.' മക്കയിലേക്കുള്ള യാത്രയില്‍ തന്റെ കൂടെ അംറുബ്‌നു ഫഗവയും ഉണ്ടെന്ന വിവരം അംറുബ്‌നു ഉമയ്യ തന്റെ ഗോത്രക്കാരെ അറിയിച്ചിരുന്നു എന്നാണ് മനസ്സിലാവുന്നത്. അങ്ങനെ ളംറ ഗോത്രക്കാര്‍ സംഘത്തെ 'സ്വീകരിക്കാന്‍' വന്നപ്പോള്‍ ഫഗവയെ കാണാനില്ല. അദ്ദേഹം അപ്പോഴേക്കും ളംറയുടെ വാസസ്ഥലം പിന്നിട്ട് കഴിഞ്ഞിരുന്നു. പ്രവാചകന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ തന്റെ ഒട്ടകത്തെ വേഗം നടത്തിച്ച് നിര്‍ണിത സമയമാകുന്നതിന് മുമ്പ്തന്നെ ഫഗവ സുരക്ഷിത സ്ഥാനത്ത് എത്തിച്ചേരുകയായിരുന്നു. അംറുബ്‌നു ഉമയ്യ പിന്നീട് ഫഗവയോടൊപ്പം ചേരുകയും ചെയ്തു. സുഹൃത്തിനെ എങ്ങനെ അനുനയിപ്പിക്കാമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമല്ലോ (ചിലപ്പോള്‍ ളംറ ഗോത്രക്കാര്‍ വന്നിരിക്കുക ഫഗവയെ ഉപദ്രവിക്കാനല്ല, സ്വീകരിച്ചാനയിക്കാന്‍ തന്നെയായിരിക്കും). പിന്നീട് മക്കയിലേക്കും തിരിച്ച് മദീനയിലേക്കുമുള്ള യാത്രയില്‍ വേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.

ഹിജ്‌റ ഒമ്പതാം വര്‍ഷം തബൂക്കിലേക്ക് പ്രവാചകന്‍ പടനയിച്ച സന്ദര്‍ഭം. അതേ സമയം തന്നെ പ്രവാചകന്‍ ഖാലിദു ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു പടയാളി സംഘത്തെ ദൂമത്തുല്‍ ജന്‍ദലിലെ രാജാവ് ഉക്കൈദിറിനെ നേരിടാന്‍ പറഞ്ഞയച്ചിരുന്നു. രാജാവ് വേട്ടക്കിറങ്ങിയ സമയത്താണ് ഖാലിദും സംഘവും അവിടെയെത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ എതിരാളികള്‍ക്ക് ഒന്നും ചെയ്യാനായില്ല. ഉക്കൈദിര്‍ ബന്ധനസ്ഥനാക്കപ്പെട്ടു. ഈ വിവരം പ്രവാചകനെ അറിയിക്കാന്‍ ഖാലിദ് ചുമതലപ്പെടുത്തിയത് അംറുബ്‌നു ഉമയ്യയെ ആയിരുന്നു. ഉഖൈദിറില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കളും അംറിന്റെ കൈവശം പ്രവാചകന് കൊടുത്തയച്ചു. രാജാവിന്റെ സഹോദരന്റെ പട്ടുകൊണ്ടുള്ള മേല്‍വസ്ത്രമായിരുന്നു അതില്‍ ഏറെ വിലപിടിപ്പുള്ളത്.18

ഇബ്‌നുല്‍ കല്‍ബി19 എന്ന ചരിത്രകാരന്‍ അംറുബ്‌നു ഉമയ്യയുടെ മറ്റൊരു നയതന്ത്ര ദൗത്യത്തെ പരാമര്‍ശിക്കുന്നുണ്ട്. ഹി. പത്താം വര്‍ഷമാണത്. കള്ളപ്രവാചകത്വവാദി മുസൈലിമക്ക് പ്രവാചകന്‍ നല്‍കിയ മറുപടിക്കത്തുമായി പോയത് അംറ് തന്നെയായിരുന്നു. ഇബ്‌നുല്‍ കല്‍ബി എഴുതുന്നു: അംറിനെ  'ദൈവ ദൂതന്‍ അഞ്ച് സുപ്രധാനമായ നയതന്ത്ര ദൗത്യങ്ങള്‍ ഏല്‍പ്പിക്കുകയുണ്ടായി. ആദ്യം നജ്ജാശിയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അബ്‌സീനിയയിലേക്കുള്ള ദൗത്യം. രണ്ടാമത്തേതും അബ്‌സീനിയയിലേക്ക് തന്നെ, ഉമ്മു ഹബീബയെ പ്രവാചകന് വിവാഹം ചെയ്ത് നല്‍കുന്നതിന് വേണ്ടി. അവിടെ അഭയാര്‍ഥികളായി കഴിയുന്ന ജഅ്ഫറു ബ്‌നു അബീത്വാലിബിനെയും മറ്റു മുസ്‌ലിംകളെയും മദീനയില്‍ എത്തിക്കുക എന്നതായിരുന്നു മൂന്നാമത്തെ ദൗത്യം. നാലാമത്തേത് കള്ളപ്രവാചകന്‍ മുസൈലിമക്ക് കത്തുമായി പോയത്. അഞ്ചാമത്തേത് അബൂസുഫ്‌യാനെ വകവരുത്താനായി മക്കയിലേക്ക് പോയത്. ആ സമയത്ത് തന്നെയാണ് മക്കക്കാര്‍ കുരിശിലേറ്റി വധിച്ച അന്‍സ്വാരി സഹാബി ഖുബൈബ്‌നു അദിയ്യിന്റെ മൃതദേഹം കുരിശില്‍ നിന്നിറക്കി അദ്ദേഹം കൊണ്ടു വരുന്നതും.' കള്ളപ്രവാചകന്‍ മുസൈലിമ കത്തുമായി ഒരാളെ പറഞ്ഞയച്ചപ്പോള്‍, ആ ദൂതന്റെ കൈവശം തന്നെ മറുപടിക്കത്ത് അയക്കുകയല്ല പ്രവാചകന്‍ ചെയ്തത്. അതില്‍ തിരിമറി നടത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിക്കാണണം. അങ്ങനെയാണ് തന്റെ തന്നെ ഒരു അടുത്ത അനുയായിയെ മുസൈലിമയുടെ ഗോത്രമായ ബനൂഹനീഫയിലേക്ക് ഇസ്‌ലാം എന്താണെന്ന് അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനായി പറഞ്ഞയക്കുന്നത്. അതിന് അംറുബ്‌നു ഉമയ്യയേക്കാള്‍ യോഗ്യനായി മറ്റൊരാളുമുണ്ടായിരുന്നില്ല. പക്ഷേ, അംറിന്റെ ഈ ദൗത്യം വിജയിച്ചില്ല. മുസൈലിമ തന്റെ നാട്യങ്ങളില്‍ ഉറച്ചുനിന്നു. അബൂബക് ര്‍ സിദ്ദീഖിന്റെ ഭരണകാലത്താണ് മുസൈലിമ മരിക്കുന്നത്.

അംറുബ്‌നു ഉമയ്യ പിന്നീട് മദീനയിലെ ഖര്‍റാതീന്‍ തെരുവില്‍ സ്ഥിരതാമസമാക്കുകയാണുണ്ടായത്. വളരെ പ്രായം ചെന്ന ശേഷമാണ് അദ്ദേഹം ഇഹലോകവാസം വെടിയുന്നത്.20 അംറുബ്‌നു ഉമയ്യയുടെ വര്‍ണ ശബളമായ ജീവിതം നോവലിസ്റ്റുകളെ ആകര്‍ഷിച്ചിട്ടുണ്ട്. അമീര്‍ ഹംസ എന്ന പ്രശസ്ത ഇതിഹാസ കഥയില്‍ 'തന്ത്രശാലിയായ അംറ്' എന്നൊരു കഥാപാത്രമുണ്ട്. ഈ കഥാഖ്യായികയില്‍ വൈകാരികത മുറ്റിയ പല സാഹസകൃത്യങ്ങളും നിര്‍വഹിക്കുന്നത് ഈ കഥാപാത്രമാണ്.

 

കുറിപ്പുകള്‍

1. ഇബ്‌നു ഹബീബ് - അല്‍ മുഹമ്മഖ്, പേ: 302, ഇബ്‌നു അബ്ദില്‍ ബര്‍റ് -ഇസ്തീആബ്

2. ഇബ്‌നു ഹജര്‍ - തഹ്ദീബുത്തഹ്ദീബ്. VII, 6

3. ഇബ്‌നു അബ്ദില്‍ ബര്‍റ് - ഇസ്തീആബ്, II, No: 1889

4. ഇബ്‌നു സഅ്ദ് I/i പേ: 43-46

5. ഇബ്‌നു സഅ്ദ് IV/i പേ: 182-3

6. ശാമി - സുബുലുല്‍ ഹുദാ വര്‍റശാദ് IV, III

7. ഇബ്‌നു ഹിശാം പേ: 648

8. അബൂബര്‍റ ഈ കൂട്ടക്കൊലയില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളിയായിരുന്നു എന്ന് പറയാന്‍ കഴിയില്ല. കാരണം, സുഹൈലിയുടെ വിവരണപ്രകാരം (II, 321), ഈ സംഭവത്തിന് ശേഷവും പ്രവാചകനുമായി സൗഹൃദത്തില്‍ തന്നെയായിരുന്നു അബൂബര്‍റ. മാത്രമല്ല, ഇബ്‌നു ഹബീബ് പറയുന്നത് (അല്‍ മുഹബ്ബര്‍, പേ: 472), താന്‍ പ്രബോധക സംഘത്തിന് നല്‍കിയ സംരക്ഷണം തന്റെ അടുത്ത ബന്ധുക്കള്‍ തന്നെ ലംഘിച്ചതില്‍ മരണം വരെ മനോവേദന അനുഭവിച്ചിരുന്നു അദ്ദേഹം എന്നാണ്. അദ്ദേഹവും സഹോദര പുത്രനുമായുള്ള ശത്രുതയെക്കുറിച്ച് ഇബ്‌നു ഹിശാമും (പേ: 650) രേഖപ്പെടുത്തിയിട്ടുണ്ട്. പ്രബോധക സംഘത്തിലെ ഒരാളുടെ അവിവേകമാണ് കൂട്ടക്കൊലക്ക് നിമിത്തമായതെന്നും പറയപ്പെടുന്നുണ്ട്. അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ആ പ്രദേശത്ത് കൂടി കടന്നു പോകവെ പ്രബോധക സംഘത്തിലെ ഒരാള്‍ ആളും തരവുമൊന്നും നോക്കാതെ ഉച്ചത്തില്‍ ഇസ്‌ലാം പ്രഘോഷണം  ചെയ്യാന്‍ തുടങ്ങിയത്രെ. ഇതില്‍ പ്രകോപിതരായി ആ പ്രദേശത്തെ ഗോത്രമുഖ്യന്‍ ആമിറും സംഘവും പ്രബോധക സംഘത്തെ കൊലപ്പെടുത്തുകയായിരുന്നു (3/169 ഖുര്‍ആന്‍ സൂക്തത്തിന് ഇബ്‌നു കസീര്‍ നല്‍കിയ വ്യാഖ്യാനം - I, 426 കാണുക).

9. ഇബ്‌നു ഹിശാം, പേ: 650, ഇബ്‌നു സഅ്ദ് II/i, പേ: 38

10. ഇബ്‌നു ഹിശാം പേ: 992-4, ഇബ്‌നു സഅ്ദ് II/i, പേ: 68

11. യഅ്കൂബി, II, 77

12. ത്വബ്‌രി, ത്വബഖാത്ത്, I, 1672

13. ബലാദുരി, അന്‍സാബുല്‍ അശ്‌റാഫ് I, No: 529, 9034

14. ഇബ്‌നു സഅ്ദ് I/ii പേ: 15-16, ഇബ്‌നു ഹിശാം പേ: 144

15. ഇബ്‌നു സഅ്ദ് IV/i പേ: 183

16. അല്‍-സര്‍കശി, അല്‍ മബ്‌സ്വൂത്വ്, X, 9192

17. ഇബ്‌നു സഅ്ദ് IV/ii, പേ: 32-33

18. മഖ്‌രീസി, ഇംതാഅ്, I, 464

19. ജംഹറതുല്‍ അന്‍സാബ് (ബിട്ടീഷ് മ്യൂസിയം ഫോളിയോ 45/b 46/a)

20. ഇബ്‌നു സഅ്ദ്, IV/i പേ: 183

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍