Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുനികളല്ല

ഫൈസല്‍ കൊച്ചി

'മനുതേ ജാനാതി യാ' എന്നതാണ് മുനി എന്ന വാക്കിന്റെ നിര്‍വചനം. മൗനമായി ഇരുന്നാലും എല്ലാം അറിയുന്നവന്‍ എന്നര്‍ഥം. മൗനവ്രതമനുഷ്ഠിക്കുന്നവന്‍ എന്നും അര്‍ഥം പറയാറുണ്ട്. വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും അനീതിക്കും അക്രമങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കാന്‍ ബാധ്യതപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ചേരുന്നതല്ല മുനി എന്ന വിശേഷണം. കലുഷിതമായ കാലാവസ്ഥയിലൂടെയാണ് മനുഷ്യസമൂഹം കടന്നുപോകുന്നത്. ഫ്യൂഡലിസ്റ്റ് ദുഷ്പ്രഭുത്വം കോര്‍പ്പറേറ്റുകളായും, ഫാഷിസവും സയണിസവും സാമ്രാജ്യത്വവും തെരഞ്ഞെടുപ്പുകളില്‍ ജയം കുറിച്ച് ജനാധിപത്യഭരണകൂടങ്ങളായും, അരാജകത്വം ആവിഷ്‌കാരസ്വാതന്ത്ര്യമായും സാഘോഷം കൊണ്ടാടപ്പെടുകയാണ്. കമ്പോളങ്ങളും ഉപഭോക്താക്കളുടെ ഹൃദയവും കൈയടക്കാനുള്ള അധികാരശക്തികളുടെ പടപ്പുറപ്പാടില്‍ പകച്ചുനില്‍ക്കുകയും, പരാജയം സമ്മതിച്ച് രാജിയാവുകയും ചെയ്യുന്നത് ചരിത്രത്തെ ഏറെ പിന്നോട്ടു തിരി

ക്കുന്നതിലാകും കലാശിക്കുക. പരാജയം സമ്മതിച്ചുകൊടുക്കുന്നതു വരെ അതു പരാജയമല്ലെന്ന് ഫിദല്‍ കാസ്‌ട്രോ പറഞ്ഞിട്ടുണ്ട്. പരാജയത്തെ അംഗീകരിക്കുന്നതോടെ  കഥ കഴിയുന്നു. അപ്പോഴാണ് ശരിക്കും പരാജയപ്പെടുന്നത്. പരാജയം വകവെച്ചുകൊടുക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് മാറ്റാനായി പോരാടാം. പരാജയത്തെ വിജയമാക്കി മാറ്റുകയുമാകാം. പക്ഷേ ചരിത്രത്തിന്റെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ 'സ്വയം കഥ കഴിക്കാനായി' വരി നിന്നുകൊടുക്കുകയാണ് സാംസ്‌കാരിക ലോകം. 

ഏതു കാലാവസ്ഥയെയും കലാവസ്ഥകള്‍ കൊണ്ട് മാറ്റിമറിക്കാന്‍ പ്രതിഭയുള്ളവരാണ് കലാകാരന്മാര്‍. അവര്‍ കാലത്തിനു മുന്നില്‍ നടക്കുന്നു. ഭരണകൂടങ്ങളെ സൃഷ്ടിക്കാനും സംഹരിക്കാനും അവര്‍ കാരണമാകാറുണ്ട്. കലാകാരന്മാര്‍ ചരിത്രത്തിന്റെ സംരക്ഷകരും കാലത്തിന്റെ നാള്‍വഴി കുറിക്കുന്നവരുമാണ്. കാലത്തിന്റെ നിയതാവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടാണ് കല വികാസം പ്രാപിച്ചിച്ചുള്ളത്. പലപ്പോഴും കല കുറ്റകൃത്യമായി കണക്കാക്കപ്പെട്ടുപോന്നിട്ടുണ്ട്. സാമൂഹിക-രാഷ്ട്രീയ പരിവര്‍ത്തന ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും കലാ-സാംസ്‌കാരികപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് എടുത്തുകാണിക്കപ്പെട്ടിട്ടുമുണ്ട്. അധിനിവേശം, യുദ്ധം , അക്രമം, അനീതി , അസമത്വം എന്നിവക്കെതിരായ പ്രതികരണങ്ങളുടെ മുന്നില്‍ നിന്നത് കലാകാരന്മാരായിരുന്നു. അടുത്തകാലത്ത് സംഭവിച്ച അറബ് വസന്തത്തെ ത്വരിതപ്പെടുത്തിയതില്‍ ഗ്രാഫീറ്റി(ചുമര്‍ ചിത്രം)യുടെ സ്വാധീനം നിര്‍ണായകമായിരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണകൂടത്തിനെതിരായ വികാരപ്രകടനങ്ങളായിരുന്നു ഈ ചുമര്‍ ചിത്രങ്ങള്‍. ഒടുവില്‍ ഭരണകൂടത്തിന് ഈ ചിത്രങ്ങളെ മായ്ക്കുന്ന വൈറ്റ് വാഷുമായി ഇറങ്ങേണ്ടിവരികയും ചെയ്തു.

പുതിയകാലത്ത് കലാകാരന്മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് അവര്‍ വേഗത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നുവെന്നതാണ്. കല രാഷ്ട്രീയമുക്തമാകണമെന്നോ, കലാകാരന്‍ അരാഷ്ട്രീയവാദിയാകണമെന്നോ ഉള്ള അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. കക്ഷി രാഷ്ട്രീയത്തിന്റെ സങ്കുചിത വേലിക്കെട്ടുകള്‍ക്കകത്ത് ജീവിക്കാന്‍ വിധിക്കപ്പെടുന്ന കലാകാരന്റെ ദുര്യോഗമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. അധികാരത്തിന്റെ തണലും അലങ്കാരവും ആഡംബരവും അവരെ മതിഭ്രമം ബാധിച്ചവരാക്കുന്നു. പ്രശ്‌നങ്ങളെ കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാനും വിശകലനം ചെയ്യാനും ശ്രമിക്കുമ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തനം തന്നെ മറ്റുള്ളവര്‍ക്ക് അലര്‍ജിയായിത്തീരുന്നു. രാഷ്ട്രീയ ഉപജാപങ്ങളുടെ ഭാഗമായ കലാപ്രവര്‍ത്തനം നേരത്തേ തയാറാക്കിയ തിരക്കഥയുടെ പശ്ചാത്തലത്തില്‍ തരംതാഴ്ന്ന് സ്വയം പരിഹാസ്യമാകുന്നു. കമ്പോളത്തിന്റെ ചേരുവകള്‍ക്കനുസരിച്ച് ഒരുക്കിയും മെരുക്കിയും രൂപപ്പെടുത്തുന്ന കല കേവലമൊരു ഉല്‍പ്പന്നമായി അധഃപതിക്കുന്നുവെന്നുള്ളതും മറ്റൊരു വെല്ലുവിളിയാണ്. കലയുടെ കമ്പോളത്തിലുണ്ടായ കുതിച്ചുചാട്ടം കലാകാരന്മാര്‍ സ്വയം കച്ചവടക്കാരായി മാറുന്നതിന് കാരണമായിട്ടുണ്ട്. കലയുടെ ഇന്നത്തെ പ്രദര്‍ശനവേദികള്‍ ഇടുങ്ങിയതും ചുരുങ്ങിയതുമായ ഗാലറികളല്ല, തുറന്ന കാണികളെ ആകര്‍ഷിക്കുന്ന ബിനാലെകളും കാര്‍ണിവലുകളുമാണ്. വന്‍തോതില്‍ മൂലധനം ആവശ്യമുള്ളതാണ് ഇത്തരം പ്രദര്‍ശന മാമാങ്കങ്ങള്‍. മധ്യവര്‍ത്തികളുടെ ചൂഷണത്തില്‍നിന്നും മോചനം നേടാന്‍ കലാകാരന്‍ തന്നെ ബിസിനസുകാരനാവുന്നതാണ് നല്ലതെന്ന സന്ദേശമാണ് ബിനാലെകള്‍ പകര്‍ന്നു നല്‍കുന്നത്. കലാകാരന് കച്ചവടക്കാരനും രാഷ്ട്രീയക്കാരനുമാകാന്‍ അരദിവസം കൊണ്ട് സാധിക്കും. പക്ഷേ തിരിച്ച് അവര്‍ക്കൊരു കലാകാരന്‍ തന്നെയാകാന്‍ പിന്നെ ആയുഷ്‌കാലം ചെലവഴിച്ചാലും കഴിഞ്ഞുകൊള്ളണമെന്നില്ല.

ഫാഷിസം മനുഷ്യസമൂഹത്തിനുമേല്‍ ഏറെ സ്വാധീനം ചെലുത്തുന്ന സന്ദര്‍ഭത്തിലാണ് കലാകാരന്മാരുടെ തിരിച്ചുനടത്തമെന്നത് ഏറെ നിരാശാജനകമാണ്. ഫാഷിസ്റ്റ് ശക്തികള്‍ എല്ലാ കാലത്തും കലയിലൂടെയാണ് അവരുടെ അജണ്ടകള്‍ ഒളിച്ചുകടത്താറുള്ളത്. ശത്രുക്കളായി പ്രതിഷ്ഠിക്കുന്നവര്‍ക്കെതിരെ യോജിച്ചു മുന്നേറുന്നതിന് അവര്‍ സഖ്യങ്ങള്‍ രുപപ്പെടുത്തുകയും ചെയ്യുന്നു. ഫാഷിസ്റ്റ് ഇറ്റലിയും നാസി ജര്‍മനിയും 1939-ല്‍ തന്നെ സൈനികസഖ്യങ്ങള്‍ സ്ഥാപിച്ചിരുന്നു. യൂറോപ്പില്‍ ആധിപത്യം നേടുന്നതിന് ആയുധത്തോടൊപ്പം തന്നെ സാംസ്‌കാരിക ഉപകരണങ്ങളും ആവശ്യമാണെന്ന്  ആദ്യഘട്ടത്തില്‍ തന്നെ അവര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ചുള്ള യൂറോപ്പിനെ കെട്ടിപ്പടുക്കാനാണ് അവര്‍ ശ്രമിച്ചത്. 1930-കളില്‍ റോമും ബെര്‍ലിനും സാഹിത്യത്തിലും സംഗീതത്തിലും സിനിമയിലും സഹകരണത്തിനുള്ള അന്താരാഷ്ട്ര വേദികള്‍ക്ക് തുടക്കം കുറിച്ചു. വെനീസ് ഫിലിം ഫെസ്റ്റിവല്‍ ആയിരുന്നു ആദ്യസംരംഭം. ഹോളീവുഡ് സിനിമകളുടെ സാംസ്‌കാരികാധിപത്യത്തെ പ്രതിരോധിക്കുന്നതിനുള്ള മുസോളിനിയുടെ തന്നെ ആശയമായിരുന്നു ഇത്. ആശയപ്രചാരണത്തിന്റെ ഏറ്റവും ശക്തമായ രൂപമാണ് സിനിമകള്‍ എന്ന് മുസോളിനി വിശ്വസിച്ചിരുന്നു. 1937-ല്‍ നാ

സികള്‍ ബെര്‍ലിനില്‍ ഇറ്റാലിയന്‍ കലകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. സംഗീതജ്ഞര്‍ക്കുള്ള അന്താരാഷ്ട്ര സ്ഥിരം വേദി, എഴുത്തുകാരുടെ ദേശീയ കൂട്ടായ്മ, അന്താരാഷ്ട്ര ഫിലിം ചേംബര്‍ എന്നിവ ആസൂത്രിതവും ശാസ്ത്രീയവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന  സാംസ്‌കാരിക വേദികളായിരുന്നു. 1930-നും 1940-നുമിടയില്‍ യൂറോപ്യന്‍ ബുദ്ധിജീവികളെ ആകര്‍ഷിച്ച എണ്ണം  പറഞ്ഞ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തലയുയര്‍ത്തിനിന്നത് പാരീസിലോ ലണ്ടനിലോ ന്യൂയോര്‍ക്കിലോ മോസ്‌കാവിലോ ആയിരുന്നില്ല, മുസോളിനിയുടെ റോമിലും ഹിറ്റ്‌ലറുടെ ബെര്‍ലിനിലുമായിരുന്നു. ആ പാരമ്പര്യം തന്നെയാണ് സാംസ്‌കാരിക മേഖലയിലും കലയിലും ഏറെ ശ്രദ്ധപുലര്‍ത്താന്‍ ഇന്നും അവര്‍ക്ക് പ്രചോദനമേകുന്നത്.

സാമ്രാജ്യത്വം, ഫാഷിസം, സമഗ്രാധിപത്യം തുടങ്ങിയ മനുഷ്യവിരുദ്ധ ആശയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് എഴുത്തിനും കലാവിഷ്‌കാരത്തിനും പറയാനുള്ളത്. പാബ്ലോ പിക്കാസോയുടെ പ്രസിദ്ധമായ ഗ്വാര്‍ണിക്ക എന്ന ചിത്രം ജനമനസ്സുകളില്‍ കോറിയിട്ടത് ഫാഷിസത്തിനെതിരായ പടയൊരുക്കമാണ്. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിനിടെ ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ സംയുക്ത സൈന്യം ഗ്വാര്‍ണിക്ക എന്ന പട്ടണത്തെ ബോംബിട്ടു തകര്‍ത്തു. ആരാധനനാലയങ്ങള്‍ നിലംപതിച്ചു. സ്ത്രീകള്‍, കുട്ടികള്‍, ആട്ടിന്‍പറ്റങ്ങള്‍, കാലിക്കുട്ടങ്ങള്‍, നായകള്‍ ചുട്ടുകരിക്കപ്പെട്ടു. ഈ  കെടുതികള്‍ തീവ്രമായി ആവിഷ്‌കരിക്കുകയായിരുന്നു 'ഗ്വാര്‍ണിക്ക'യിലൂടെ പിക്കാസോ. ചിത്രം ലോകമെമ്പാടും  പ്രദര്‍ശിപ്പിക്കപ്പെട്ടു. ഫാഷിസ്റ്റുകളുടെ ആക്രമണഭീകരതയെ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ആ ചിത്രം സഹായകമായി. സമാനമായ ശ്രമങ്ങള്‍ ഒറ്റക്കും കൂട്ടായും ഇന്ത്യയിലും ഉടലെടുത്തു. 1936-ല്‍ ലഖ്‌നൗ കേന്ദ്രീകരിച്ച് ഉര്‍ദു ഭാഷയിലെ എഴുത്തുകാരുടെ പ്രസ്ഥാനമായി രൂപമെടുത്ത പ്രോഗ്രസീവ് റൈറ്റേഴ്‌സ് മൂവ്‌മെന്റ് സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. സജ്ജാദ് സഹീര്‍ എന്ന എഴുത്തുകാരനാണ് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. മുല്‍ക് രാജ് ആനന്ദ്, ജവഹര്‍ലാല്‍ നെഹ്‌റു, രബീന്ദ്രനാഥ് ടാഗോര്‍ തുടങ്ങിയവരുടെ ആശീര്‍വാദവും പിന്തുണയും പ്രോഗ്രസീവ് റൈറ്റേഴ്‌സിനുണ്ടായിരുന്നു. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനും എതിരെയുള്ള ദേശീയ പ്രസ്ഥാനത്തില്‍ എഴുത്തുകാരുടെ പക്ഷം ചേരലായിരുന്നു ഈ നീക്കം. 

സമാനമായ കാലയളവില്‍ തന്നെയാണ് തൃശൂരില്‍ ഇ.എം.എസ്, കെ ദാമോദരന്‍, കേശവ് ദേവ് തുടങ്ങിയവരുടെ  നേതൃത്വത്തില്‍ ജീവല്‍സാഹിത്യസംഘം രൂപീകരിക്കപ്പെട്ടത്. 1944-ലെ ഷൊര്‍ണൂര്‍ സമ്മേളനത്തില്‍ വെച്ച് വൈലോപ്പിള്ളി അധ്യക്ഷനായി പുരോഗമന കലാ സാഹിത്യസംഘം എന്ന് പേര് പരിഷ്‌കരിക്കുകയും ചെയ്തു. ആരംഭകാലത്ത് സാഹിത്യരംഗത്താണ് ഊന്നല്‍ നല്‍കിയതെങ്കിലും പിന്നീട് കലകളും വിവിധ സാംസ്‌കാരികമേഖലകളും പ്രവര്‍ത്തനപരിധിയിലുള്‍പ്പെട്ടു. 1992-ല്‍ പെരുമ്പാവൂര്‍ സംസ്ഥാന സമ്മേളനത്തില്‍ 'കാലഘട്ടത്തിന്റെ വെല്ലുവിളികളും എഴുത്തുകാരും' എന്ന പ്രവര്‍ത്തനരേഖ അംഗീകരിക്കപ്പെട്ടു. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ വേദിയിലാണ് സാഹിത്യപ്രസ്ഥാനം ബഹുജനമുന്നണിയായി കടന്നുവന്നതെന്നു ചുരുക്കം. പുരോഗമന കലാ സാഹിത്യസംഘത്തെ ജീര്‍ണത ബാധിച്ചപ്പോള്‍ ബദല്‍സംഘങ്ങള്‍ എം.എന്‍ വിജയന്റെയും സാറാ ജോസഫിന്റെയും നേതൃത്വത്തില്‍ പിറവിയെടുത്തിരുന്നു.

തങ്ങളെ പിന്തുണക്കാത്ത എഴുത്തുകാരെയും കലാകാരന്മാരെയും ഫാഷിസ്റ്റ് ശക്തികള്‍ ഉന്മൂലനം ചെയ്യുന്ന ഭീഷണമായ രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അപ്പോഴും കലാകാരന്മാരുടെ പ്രസ്ഥാനങ്ങള്‍ പുതച്ചുറങ്ങുന്ന കാഴ്ച വേദനാജനകമാണ്. ഒറ്റപ്പെട്ട ശ്രമങ്ങള്‍ പ്രതീക്ഷാനിര്‍ഭരം തന്നെയാണെങ്കിലും ഫാഷിസ്റ്റ് ശക്തികളുടെ പ്രോപഗണ്ടകളുമായും ആസൂത്രണവുമായും താരതമ്യം ചെയ്യുമ്പോള്‍, പ്രതികരണങ്ങളുടെ ദുര്‍ബലത ആര്‍ക്കും വേഗം ബോധ്യമാകും. 2013-ല്‍  ധബോല്‍ക്കറും 2015-ല്‍ ഗോവിന്ദ് പന്‍സാരെയും 2017-ല്‍ ഗൗരി ലങ്കേഷും കൊല്ലപ്പെട്ടതിന്റെ ഞെട്ടലില്‍നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. ഗാന്ധിജിയുടെ വിരിമാറിലേക്ക് തുളച്ചുകയറിയ അതേ വെടിയുണ്ടകളുടെ മുരള്‍ച്ചയും ഗന്ധവും തന്നെയാണ് അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്. അതേസമയം തന്നെയാണ് ഫാഷിസം എന്ന് പ്രയോഗിക്കാമോ, അത് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടോ അതാണോ ഏറ്റവും വലിയ അപകടകാരി തുടങ്ങിയ വരട്ടുവാദങ്ങളുമായി ഇടതുചേരി തലതിരിഞ്ഞു നില്‍ക്കുന്നത്. ഫാഷിസം പടിവാതില്‍ക്കലും നടുമുറ്റത്തും എത്തിയെന്നൊക്കെ പറഞ്ഞ ഇടതു ബുദ്ധിജീവികള്‍ ഇപ്പോള്‍ ഫാഷിസമെന്നൊന്നില്ലായെന്ന നിലപാട് സ്വീകരിക്കുന്നത് ചരിത്രപരമായ മറ്റൊരു മണ്ടത്തരമാണ്. കേരളമാകട്ടെ വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയത്തിലേക്ക് വെച്ചടി നടന്നുകയറുകയാണെന്ന് ജാതിമതില്‍, അശാന്തന്റെ മരണം, കവി കുരീപ്പുഴക്ക് നേരേയുള്ള ആക്രമണം, ആദിവാസി മധുവിന്റെ കൊലപാതകം തുടങ്ങിയവ ചൂണ്ടിക്കാണിക്കുന്നു.

ഫാഷിസ്റ്റ്‌വിരുദ്ധചേരിയില്‍ പരമാവധി ആളുകളെ അണിനിരത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സമയമായിരിക്കുന്നു. ഉള്‍ക്കരുത്തുള്ള കലാകാരന്മാരുടെ പിന്നില്‍ അണിനിരക്കാന്‍ ബഹുജനം തയാറാണ്. രാഷ്ട്രീയക്കാര്‍ക്കും സിനിമക്കാര്‍ക്കുമാണ് ഇന്ന് ഫാനുകളുള്ളത്. സിനിമാ ഫാനുകള്‍ രാഷ്ട്രീയത്തേക്കാര്‍ തീവ്രവും ശക്തവുമാണ്. ഭരണകൂടം സിനിമയെ ഭയപ്പെടുന്നതും കാഴ്ചകളില്‍ കത്രിക വെക്കുന്നതും അതുകൊണ്ടുകൂടിയാണ്. ബഹുജനങ്ങളെ അണിനിരത്താന്‍ ശബ്ദഘോഷത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കലാകാരന്മാരും കലാസാഹിത്യപ്രസ്ഥാനങ്ങളും തെരുവുകളിലേക്കിറങ്ങിയാണ് അനീതിയോട് ബഹളം വെക്കേണ്ടത്. സാമൂഹികമാധ്യമങ്ങളും തെരുവുകളുമാണ് ജനനിബിഡമായ ഇടങ്ങള്‍. ജനങ്ങളുടെ പൗരബോധത്തെ തട്ടിയുണര്‍ത്താന്‍ അതു സഹായകമാകും. ജനങ്ങള്‍ അടിമകളോ ആശ്രിതരോ അല്ല എന്ന അറിവ് പകര്‍ന്നുനല്‍കുകയും വേണം. 

ഫാഷിസ്റ്റ്‌വിരുദ്ധ സമീപനമുള്ള എല്ലാവരെയും ബഹുജനമുണണിയില്‍ കൂടെ കൂട്ടണം. ആ മുന്നണിയില്‍ പിന്നെ വേര്‍തിരിവ് ഉണ്ടാകേണ്ടതില്ല. സംവാദങ്ങളാവശ്യമില്ല എന്നല്ല ഇതിനര്‍ഥം. ബഹുവിധ ആശയങ്ങള്‍ നിരന്തരമായി ഉല്‍പാദിപ്പിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ സംവാദത്തിന്റെ സാധ്യതയെ കൊട്ടിയടക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയായിരിക്കും. എന്നാല്‍ സംവാദങ്ങളുടെ പ്രധാന പ്രമേയം ഫാഷിസത്തോടുള്ള എതിര്‍പ്പ് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം. പ്രാദേശികതലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കണം. 

അനീഷ് കപൂര്‍, സ്റ്റീവ് മെക്വയ്ന്‍, ലോറ ആന്‍ഡ്രേഴ്‌സണ്‍, മാത്യൂ ബാര്‍ണേ തുടങ്ങിയ ഇരുനൂറിലധികം എഴുത്തുകാരും സംഗീതജ്ഞരും ക്യുറേറ്റര്‍മാരും  സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന് ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് ആരംഭിച്ച 'ഫാഷിസത്തോട് പൊരുതുക' എന്ന കൂട്ടായ്മ ഏറെ ശ്രദ്ധേയമാണ്. ബ്രക്‌സിറ്റ്, ട്രംപിന്റെ മനുഷ്യവിരുദ്ധസമീപനം, അഭയാര്‍ഥിപ്രശ്‌നങ്ങള്‍ തുടങ്ങിയവയെ മുന്‍നിര്‍ത്തി, വെറുപ്പിന്റെയും ഭയത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്യുന്നു. ലോസ് ആഞ്ചല്‍സിലെ മ്യൂസിയത്തില്‍ ട്രംപ് വെറുക്കുന്ന കുടിയേറ്റക്കാരുടെ കലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അവര്‍. ന്യൂയോര്‍ക്കില്‍ 'മുസ്‌ലിംകള്‍ ന്യൂയോര്‍ക്കില്‍' എന്ന പേരില്‍ ചിത്രപ്രദര്‍ശനവും നടത്തും. 'നാം ശാന്തരായി ജീവിക്കുകയില്ല' എന്നതാണ് അവരുടെ പ്രധാന തലവാചകം. ഇതേ മാതൃകയിലുള്ള മുന്നേറ്റങ്ങള്‍ നമ്മുടെ രാജ്യത്തും ശക്തിപ്പെടേണ്ടതുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുനികളല്ല എന്ന തിരിച്ചറിവ് കലാപ്രസ്ഥാനങ്ങള്‍ പകര്‍ന്നുനല്‍കണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍