ദൃഢവിശ്വാസവും ജീവിത ദൗത്യവും
ഇനി മൗലാനാ വഹീദുദ്ദീന്‍ ഖാന്റെയും ജാവേദ് ഗാമിദിയുടെയും മറ്റൊരു വാദമുഖം പരിശോധിക്കാം. ശരീഅത്ത് വിധികള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കേ ഉള്ളൂ എന്നതാണത്. അപ്പോള്‍ നന്മ കല്‍പിക്കുക, തിന്മ തടയുക പോലുള്ള കല്‍പനകളൊന്നും മുസ്‌ലിം ജനസാമാന്യത്തിന് ബാധകമല്ല എന്നാണോ മനസ്സിലാക്കേണ്ടത്? ഈ മുസ്‌ലിം ഭരണാധികാരികള്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാതിരിക്കുകയും ശരീഅത്തില്‍നിന്ന് പരസ്യമായി വ്യതിചലിക്കുകയും ചെയ്യുമ്പോള്‍ അവരെ ബോധവല്‍ക്കരിക്കേണ്ടതും നേര്‍വഴിക്ക് നടത്തേണ്ടതും മുസ്‌ലിം സമൂഹത്തിന്റെ ചുമതലയല്ലേ? നബി(സ) പറഞ്ഞിട്ടുണ്ടല്ലോ: 'ദീന്‍ എന്നാല്‍ ഗുണം കാംക്ഷിക്കലാണ്; അല്ലാഹുവിനു വേണ്ടി, അവന്റെ ഗ്രന്ഥത്തിനു വേണ്ടി, പ്രവാചകനു വേണ്ടി, മുസ്‌ലിം നേതൃത്വത്തിനു വേണ്ടി, മുസ്‌ലിം പൊതുജനത്തിനു വേണ്ടിയും.'1
അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: മദീന ഗവര്‍ണറായിരുന്ന മര്‍വാന്‍ ഒരു പെരുന്നാള്‍ ദിവസം വന്നത് പ്രസംഗ പീഠത്തിന്റെ അകമ്പടിയോടെയാണ്. എന്നിട്ട് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനു മുമ്പായി പ്രസംഗം (ഖുത്വ്ബ) തുടങ്ങി. ഒരാള്‍ ഇതിനെ ചോദ്യം ചെയ്തു: 'മര്‍വാന്‍! താങ്കള്‍ പ്രവാചകചര്യക്ക് വിരുദ്ധം പ്രവര്‍ത്തിക്കുകയാണ്. പ്രസംഗപീഠം കൊണ്ടുവന്നു എന്നതാണ് ഇതിലൊന്ന്. അന്നേദിവസം പ്രസംഗപീഠം കൊണ്ടുവരാറുണ്ടായിരുന്നില്ല. എന്നിട്ട് നമസ്‌കാരത്തിനു മുമ്പായി ഖുത്വ്ബയും തുടങ്ങി. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഖുത്വ്ബ എന്നത് ഒരിക്കലുമുണ്ടായിട്ടില്ല.' ഇതിനെക്കുറിച്ച് അബൂസഈദില്‍ ഖുദ്‌രി; 'ഈ വ്യക്തി അയാളുടെ ബാധ്യത നിര്‍വഹിച്ചു. പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; ദൈവകല്‍പനകള്‍ക്ക് വിരുദ്ധമായി ആരെങ്കിലും നീങ്ങുന്നത് കണ്ടാല്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അയാളെ കൈകൊണ്ട് തടയണം. അതിന് കഴിഞ്ഞില്ലെങ്കില്‍ നാവ് കൊണ്ട് തടയണം. അതിനും കഴിഞ്ഞില്ലെങ്കില്‍ ഹൃദയത്തില്‍ അതിനോട് വെറുപ്പെങ്കിലും ഉണ്ടാവണം. വിശ്വാസമുണ്ടെന്നതിന്റെ ഏറ്റവും ദുര്‍ബലമായ അടയാളമാണത്.'2
മറ്റൊരു ഹദീസ്: 'ചില നേതാക്കള്‍ വരാന്‍ പോകുന്നുണ്ട്. അവര്‍ ചെയ്യുന്നത് നിങ്ങള്‍ തിരിച്ചറിയുന്നു, നിഷേധിക്കുന്നു. ഒരാള്‍ (സത്യം) തിരിച്ചറിയുന്നുവെങ്കില്‍ അയാള്‍ കുറ്റവിമുക്തനാണ്. ഇനിയതിനെ നിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്താല്‍ അയാള്‍ രക്ഷാമാര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. ഇവരെ (ഭരണാധികാരികളെ) തൃപ്തിപ്പെട്ട് അംഗീകരിക്കുകയും അവരെ പിന്‍പറ്റുകയും ചെയ്തവനൊഴികെ.' അനുയായികള്‍ ചോദിച്ചു: 'പ്രവാചകരേ, അവരോട് (ഭരണാധികാരികളോട്) ഞങ്ങള്‍ യുദ്ധം ചെയ്യട്ടേ?' അദ്ദേഹം പറഞ്ഞു: 'പാടില്ല, അവര്‍ നമസ്‌കാരം നിര്‍വഹിക്കുവോളം.'3
ഇമാം മുസ്‌ലിം ഈ ഹദീസ് ഉള്‍പ്പെടുത്തിയ ശീര്‍ഷകത്തിനും ഇതു തന്നെയാണ് പേരായി കൊടുത്തിരിക്കുന്നത്. 'ശറഇന് വിരുദ്ധമായ കാര്യങ്ങളില്‍ ഭരണാധികാരികളെ നിഷേധിക്കേണ്ടത് ബാധ്യത, അവര്‍ നമസ്‌കരിക്കുന്ന കാലത്തോളം അവരുമായി യുദ്ധം ചെയ്യാതിരിക്കല്‍ പോലുള്ളവ' (ബാബു വുജൂബുല്‍ ഇന്‍കാര്‍ അലല്‍ ഉമറാഇ ഫീമാ യുഖാലിഫുശ്ശറഅഃ, വ തര്‍കു ഖിതാലിഹിം മാ സ്വല്ലൂ വ നഹ്‌വു ദാലിക) എന്നാണ് ശീര്‍ഷകം. ദൈവിക വിധികള്‍ ലംഘിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ പടപ്പുറപ്പാട് നടത്താന്‍ ചില ഉപാധികള്‍ ഒത്തുവരണമെങ്കിലും അത്തരം പ്രവൃത്തികളെ ചോദ്യം ചെയ്യേണ്ടതും അവരെ ബോധവല്‍ക്കരിക്കേണ്ടതും തിരുത്തേണ്ടതും വിശ്വാസികളുടെ ബാധ്യതയാണെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നുണ്ടല്ലോ.
മറ്റൊരു കാര്യവും ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് നിയമങ്ങളും നിയമസംവിധാനങ്ങളും കൊണ്ടുവരുന്നതും നടപ്പാക്കുന്നതും ഭരണാധികാരികള്‍ മാത്രമല്ല. അതിലൊക്കെ ജനങ്ങള്‍ക്കും പങ്കാളിത്തവും ഉത്തരവാദിത്തവും ഉണ്ട്. ജനാധിപത്യം നിലനില്‍ക്കുന്ന നാടുകളിലെങ്കിലും ഇതാണ് സ്ഥിതി. യഥാര്‍ഥ ഭരണാധികാരി പൊതുജനമാണ് എന്നാണല്ലോ ജനാധിപത്യ സങ്കല്‍പം. അവര്‍ തെരഞ്ഞെടുത്ത് അയക്കുന്നവരാണ് ഭരണ നിര്‍വഹണം നടത്തുന്നത്. രാജ്യത്തിന്റെ നിയമവും പോളിസിയുമെല്ലാം ജനഹിതത്തിനൊത്താണ് രൂപപ്പെടുക. അതിനാല്‍ ഇസ്‌ലാമിലെ ഭരണ സംബന്ധമായ നിര്‍ദേശങ്ങള്‍ ഭരണാധികാരികളോട് മാത്രമാണ്, പൊതുജനങ്ങളോടല്ല എന്ന വാദത്തിന് ജനാധിപത്യക്രമം പുലരുന്ന നാട്ടില്‍ അടിസ്ഥാനമില്ല. ജനാധിപത്യ രാജ്യങ്ങളിലെ ഭരണാധികാരികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അവിടത്തെ പൗരന്മാരും ഉത്തരവാദികളാണ് എന്ന കാര്യം സര്‍വാംഗീകൃതമാണല്ലോ. ഭരണാധികാരികളെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന ജനത്തിന് ദൈവിക നിയമങ്ങളോട് എതിര്‍പ്പും പുഛവുമാണെങ്കില്‍, ആ സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്നാണോ മനസ്സിലാക്കേണ്ടത്? ആ മുസ്‌ലിംകള്‍ക്ക് കുറ്റവിമുക്തരാവണമെങ്കില്‍ ഒറ്റ വഴിയേയുള്ളൂ. ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തങ്ങളാലാവുന്നതൊക്കെ ചെയ്യുക. കഴിവിന്റെ പരിധിക്കപ്പുറമുള്ളത് അവര്‍ ചെയ്യേണ്ടതുമില്ല. പക്ഷേ, ചെയ്യാന്‍ കഴിയുന്നതും ചെയ്യേണ്ടതില്ല എന്നതിന് അതെങ്ങനെയാണ് ന്യായമാവുക? ഇസ്‌ലാം സാമൂഹിക ഉത്തരവാദിത്തം കൂടി മുന്നോട്ടുവെക്കുന്നുണ്ടല്ലോ. ഏതൊരു നാട്ടിലെയും സാമൂഹിക തിന്മകള്‍ക്ക് അന്നാട്ടുകാര്‍ മുഴുവന്‍ ഉത്തരവാദിയാകുമെന്ന കാഴ്ചപ്പാടാണ് ഖുര്‍ആനില്‍ കാണാനാവുക. 'വിപത്ത് വരുന്നത് കരുതിയിരിക്കുക. അത് ബാധിക്കുക, നിങ്ങളിലെ അതിക്രമികളെ മാത്രമല്ല. അറിയുക, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്' (8:25).
ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ജാവേദ് സാഹിബ് തന്നെ എഴുതുന്നത് നോക്കൂ: 'ഭൂമിയില്‍ ദൈവത്തിന്റെ ഒരു നടപടിക്രമം എന്താണെന്നു വെച്ചാല്‍, ആരൊക്കെയോ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളുടെ ശിക്ഷ ചിലപ്പോള്‍ മുഴുവന്‍ സമൂഹത്തെയും ബാധിക്കും എന്നതാണ്. അതിനാല്‍ നിലപാടുകള്‍ തിരുത്തൂ എന്നാണ് ഈ സൂക്തം ആഹ്വാനം ചെയ്യുന്നത്. അല്ലാത്തപക്ഷം, വരാനിരിക്കുന്ന ആപത്ത് മുഴുവന്‍ സമൂഹത്തെ മാത്രമല്ല ഭാവിതലമുറയെ കൂടി ബാധിക്കുന്ന തരത്തിലുള്ളതായിത്തീരും. ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ നമുക്ക് പറയാന്‍ കഴിയും, ജനങ്ങളെ നല്ലതിലേക്ക് ക്ഷണിക്കുക എന്നതും തിന്മയില്‍നിന്ന് അവരെ തടയുക എന്നതും ബാധ്യത തന്നെയാണ്.'4 ഒരു ഹദീസില്‍ വന്നിരിക്കുന്നു: 'ഒരു സമൂഹം പാപങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു, അവരതില്‍നിന്ന് പിന്തിരിയുന്നില്ല, എങ്കില്‍ അവരെയൊന്നാകെ ദൈവശിക്ഷ വന്നു മൂടാനിരിക്കുന്നു.'5
എതെങ്കിലുമൊരു ദര്‍ശനത്തില്‍ ഉറച്ച വിശ്വാസമുണ്ടെങ്കില്‍ മനുഷ്യ പ്രകൃതിയുടെ സ്വാഭാവിക തേട്ടമാണ്, അത് പുലര്‍ന്നുകാണുന്നതിനായി കഠിനാധ്വാനം ചെയ്യുക എന്നത്. ഇസ്‌ലാമിന്റെ സാമൂഹിക നിയമങ്ങളും വിധികളും ഇപ്പോള്‍ പ്രസക്തമല്ല എന്ന് വാദിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഈ തത്ത്വം ശരിയല്ലായിരിക്കാം. എന്നാല്‍ ഇസ്‌ലാം രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ മാര്‍ഗദര്‍ശനം നല്‍കുന്നുവെന്നും, ഈ മാര്‍ഗദര്‍ശനം ജീവിത വിജയത്തിന്റെ മുന്നുപാധിയാണെന്നും വിശ്വസിക്കുന്നവരെ സംബന്ധിച്ചേടത്തോളം, ആ മേഖലകളില്‍ അതിന്റെ പ്രയോഗവല്‍ക്കരണത്തിന് സാധ്യമാവുന്ന പ്രവൃത്തികള്‍ ചെയ്യുക എന്നത് ഒരു ബാധ്യതയായി വന്നുചേരും.
ജീവിത ദൗത്യം/ലക്ഷ്യം എന്നൊക്കെപ്പറയുന്നത് വിശ്വാസ(ആലഹശലള)വുമായി അഗാധമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ലക്ഷ്യവും ദൗത്യവുമുണ്ടാവുന്നത് അടിയുറച്ച വിശ്വാസത്തില്‍നിന്നാണ്. ഏതൊരു ദൃഢവിശ്വാസവും എന്തെങ്കിലുമൊരു ലക്ഷ്യത്തിന് ജന്മം നല്‍കിക്കൊണ്ടിരിക്കും. വിശ്വാസവും ജീവിത ദൗത്യവും തമ്മിലുള്ള ഈ അഗാധബന്ധം സകല സാമൂഹിക ശാസ്ത്രങ്ങളും ഒരുപോലെ അംഗീകരിച്ചിട്ടുള്ളതാണ്. ഏതൊരു ജീവിത ദര്‍ശനം, ഏതൊരു മൂല്യസംഹിത തനിക്കും സമൂഹത്തിനും വിജയവും പുരോഗതിയും സമ്മാനിക്കുമെന്ന് ഒരു വ്യക്തി കരുതുന്നുവോ അതു തന്നെയായിരിക്കും അയാളുടെ ജീവിത ദൗത്യമായും രൂപാന്തരപ്പെടുക. ഇതും സാമൂഹിക ശാസ്ത്രങ്ങളിലെ സുസമ്മത യാഥാര്‍ഥ്യങ്ങളിലൊന്നാണ്. ഏതെങ്കിലും മേഖലയില്‍ മാറ്റവും പരിഷ്‌കരണവും ആവശ്യമുണ്ടെങ്കില്‍, ഒരു ആദര്‍ശത്തില്‍ ദൃഢബോധ്യമുള്ളവര്‍ക്ക് പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ തുടങ്ങാതിരിക്കാനാവില്ല. ഇസ്‌ലാം മനുഷ്യകുലത്തിന് രക്ഷാമാര്‍ഗമാണ് എന്ന് വിശ്വസിക്കുന്ന ഒരാളുടെ ആ വിശ്വാസത്തിന്റെ അനിവാര്യ തേട്ടമാണ് ഇഖാമത്തുദ്ദീന്‍ അയാളുടെ ലക്ഷ്യമായിരിക്കുക എന്നത്. ഒരാളുടെ ആദര്‍ശം ഇസ്‌ലാമാവുക, ആ ഇസ്‌ലാമിന്റെ പ്രയോഗവത്കരണം അയാളുടെ ലക്ഷ്യമല്ലാതിരിക്കുക എന്നത് ബുദ്ധിപരമായി അസംഭവ്യമായ കാര്യമാണ്.
കാന്‍സര്‍ എന്ന മാരകവ്യാധിക്ക് പ്രതിവിധിയായി ഒരു മരുന്ന് ഞാന്‍ കണ്ടെത്തി എന്ന് വിചാരിക്കുക. ഈ മരുന്ന് ഏത് കാന്‍സര്‍ രോഗിയില്‍ പ്രയോഗിച്ചാലും സുഖപ്പെടുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഈ സിദ്ധൗഷധത്തിനു വേണ്ടി മനുഷ്യലോകം കാത്തിരിക്കുകയാണെന്ന കാര്യത്തില്‍ സംശയമൊന്നും ഉണ്ടാകില്ലല്ലോ. കാന്‍സറിന് പ്രതിവിധി കണ്ടെത്തി എന്ന് എനിക്ക് ഉറച്ച ബോധ്യവും വിശ്വാസവും ഉണ്ടെങ്കില്‍ ഞാനെന്താണ് ചെയ്യുക? ആ മരുന്നിന് ലോകമൊട്ടുക്കും പ്രചാരം നല്‍കലും ആരോഗ്യ മന്ത്രാലയങ്ങളെക്കൊണ്ട് അത് അംഗീകരിപ്പിക്കലും ഞാന്‍ എന്റെ ദൗത്യമായി ഏറ്റെടുക്കും. കണ്ടെത്തിയ മരുന്നില്‍ എനിക്ക് ഇത്രയേറെ വിശ്വാസമുണ്ടായിട്ടും അതിനെപ്പറ്റി ഒരാളോടും പറയാതെ ഞാന്‍ വീട്ടില്‍തന്നെ ഇരിക്കുകയാണെങ്കിലോ? ആ മൗനം മനുഷ്യകുലത്തോട് ചെയ്യുന്ന അതിക്രമമായിരിക്കും. അത് എന്റെ മനുഷ്യപ്രകൃതത്തിനോ മനസ്സാക്ഷിക്കോ ഒട്ടും തന്നെ യോജിക്കുന്നതുമായിരിക്കില്ല. പല ഇസങ്ങളും ഇന്നത്തെ ലോകത്ത് പ്രചാരത്തിലുണ്ട്. ഓരോന്നിനും അതിന്റെ വക്താക്കളുമുണ്ട്. ഓരോരുത്തര്‍ക്കും തന്റെ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച ബോധ്യവുമുണ്ട്. നിങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ് എന്ന് ഒരാളും അവരോട് പറയേണ്ടതില്ല. അതിനു വേണ്ടി പുസ്തകങ്ങള്‍ എഴുതേണ്ടിവരുന്നില്ല. തന്റെ ആദര്‍ശത്തിന്റെ പ്രചാരണവും പ്രയോഗവത്കരണവും വളരെ സ്വാഭാവികമായി അയാളുടെ ജീവിതലക്ഷ്യമായി മാറുകയാണ് ചെയ്യുക.
പക്ഷേ, ഈ പ്രചാരണത്തിലും പ്രയോഗവല്‍ക്കരണത്തിലും ഒരു തരത്തിലുള്ള ബലപ്രയോഗമോ സമ്മര്‍ദമോ ഉണ്ടാവാന്‍ പാടില്ല. അതും ഇസ്‌ലാമിന്റെ അധ്യാപനമാണ്. എന്റെ കൈവശമുള്ള കാന്‍സറിനുള്ള മരുന്ന് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഞാന്‍ പരിചയപ്പെടുത്തുന്നത് അവര്‍ക്കു നേരെ തോക്ക് ചൂണ്ടിയല്ല. മരുന്നുകൊണ്ട് ഉദ്ദേശിച്ച പ്രയോജനമില്ല എന്നാണ് അവരുടെ വാദമെങ്കില്‍, അത് ലോകസമക്ഷം സമര്‍ഥിക്കാനുള്ള അവസരവും അവര്‍ക്ക് ലഭിക്കണം. പക്ഷേ, മരുന്നില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളെ അത് ബോധ്യപ്പെടുത്താനുള്ള ശ്രമത്തില്‍ ഞാന്‍ മുഴുകുകയും വേണം. ഇസ്‌ലാമിന്റെ കാര്യത്തിലും ഇതാണ് എനിക്ക് ചെയ്യാനുള്ളത്.
(അവസാനിച്ചു)
കുറിപ്പുകള്‍
1. സ്വഹീഹ് മുസ്‌ലിം, കിതാബുല്‍ ഈമാന്‍, ബാബ് അദ്ദീനു അന്നസ്വീഹ, തമീമുദ്ദാരി ഉദ്ധരിച്ചത്, ഹദീസ് നമ്പര്‍; 107
2. സുനന്‍ ഇബ്‌നുമാജ, ബാബ് അംറു ബില്‍ മഅ്‌റൂഫ് നഹ്‌യുന്‍ അനില്‍ മുന്‍കര്‍
3. സ്വഹീഹ് മുസ്‌ലിം, കിതാബുല്‍ ഇമാറ, ഉമ്മുസലമ ഉദ്ധരിച്ചത്
4. ജാവേദ് അഹ്മദ് ഗാമിദി - അല്‍ ബയാന്‍, അല്‍ അന്‍ഫാല്‍ വ്യാഖ്യാനം, സൂക്തം 25
5. ഇബ്‌നുമാജ, നമ്പര്‍: 3999. അല്‍ബാനി സ്വഹീഹെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Comments