ഭവനം സ്വര്‍ഗീയമാക്കാം
വെണ്ണക്കല്ലുകള്‍കൊണ്ടും വര്‍ണഛായങ്ങള്‍കൊണ്ടും ഭവനത്തിന്റെ ബാഹ്യഭംഗി വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുന്ന നമ്മള്‍ അതിന്റെ ആത്മാവിനെ പരിപാലിക്കുന്ന കാര്യത്തില്‍ അത്ര ശ്രദ്ധപുലര്‍ത്താറില്ല. ഈയൊരു സാഹചര്യത്തിലാണ് സഈദ് മുഹമ്മദ് അദ്ദീബ് രചിച്ച 'ഖവാനീനുല്‍ ബൈത്തില്‍ മുസ്‌ലിമി'ന്റെ മലയാളവിവര്‍ത്തനമായ 'മുസ്‌ലിം ഭവനം' എന്ന പുസ്തകം പ്രസക്തമാവുന്നത്. അബ്ദുര്‍റഹ്മാന്‍ ചെറുവാടിയാണ് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഭവനത്തിന്റെ ആത്മാവ് വര്‍ണാഭമാവുന്നത് അതില്‍ വസിക്കുന്നവരുടെ സദ്ഗുണങ്ങളുടെ പ്രകാശത്താലാണ്. സത്യവിശ്വാസിയുടെ ഭവനത്തിന്റെ ആന്തരികഭംഗിയെ ഉത്തേജിപ്പിക്കാനാവശ്യമായ അടിസ്ഥാന നടപടികളെക്കുറിച്ചാണ് മുസ്‌ലിംഭവനം നമ്മോട് സംസാരിക്കുന്നത്.
സത്യവിശ്വാസിയുടെ പ്രഥമ സവിശേഷതയായി ഗ്രന്ഥകാരന്‍ പറയുന്നത് സ്വശരീരത്തിലും പുരയിടത്തിലും പുലര്‍ത്തുന്ന ശുചിത്വമാണ്. കേവല ശുചീകരണത്തില്‍നിന്ന് വ്യത്യസ്തമായി ഇസ്‌ലാം അനുശാസിക്കുന്ന പ്രകാരമുള്ള ശുചിത്വ നടപടികളാണ് മുസ്‌ലിം ഭവനം പിന്തുടരേണ്ടത് എന്നും ഗ്രന്ഥകാരന്‍ നിര്‍ദേശിക്കുന്നു. മുസ്‌ലിം കുടുംബത്തിന്റെ വേഷവിധാനങ്ങളെക്കുറിച്ചും സ്വകാര്യതകളെക്കുറിച്ചും ഇസ്‌ലാമിനുള്ള നിലപാട് വളരെ സംക്ഷിപ്തമായി ഈ ഗ്രന്ഥം നമ്മോട് പറയുന്നുണ്ട്.
''ഇബാദത്തിനും വിജ്ഞാന സമ്പാദനത്തിനുമുള്ള ക്രമീകരണത്തേക്കാള്‍ മുസ്‌ലിം ഭവനത്തിന് പ്രധാനമായ മറ്റൊരു കാര്യവുമില്ല''(പേജ് 23). മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ അല്ലാഹുവിന് ഇബാദത്ത് ചെയ്യലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മളോട് പറയുന്നുണ്ടല്ലോ (51:60). അതുകൊണ്ടുതന്നെ ഇബാദത്തിന്റെ കാര്യത്തില്‍ നിഷ്ഠ പുലര്‍ത്തുക എന്നത് മുസ്‌ലിം ഭവനത്തിന്റെ ബാധ്യതയാണ്. മാതാപിതാക്കളും മക്കളും ഒന്നിച്ച് നിര്‍വഹിക്കുന്ന നമസ്‌കാരവും നോമ്പുകളും ദിക്‌റുകളുമെല്ലാം മുസ്‌ലിം ഭവനത്തിന്റെ ചന്തം കൂട്ടുന്നു. ''അല്ലാഹുവിന്റെ ദാസന്മാരില്‍ ജ്ഞാനികള്‍ മാത്രമേ അവനെ ഭയപ്പെടുകയുള്ളൂ'' (35:28). ഒരാളെ ഇബാദത്തിന് പ്രേരിപ്പിക്കുന്നത് അയാളുടെ ദൈവഭക്തിയാണ്. ദൈവഭക്തനാവണമെങ്കില്‍ അയാള്‍ക്ക് ജ്ഞാനം അനിവാര്യവുമാണ്. അല്ലാഹു മനുഷ്യന് നല്‍കിയ ഏറ്റവും വലിയ വരദാനമാണ് വിജ്ഞാനം. വിജ്ഞാന സമ്പാദനത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധ മുസ്‌ലിം ഭവനത്തിന്റെ പ്രകാശം വര്‍ധിപ്പിക്കും. വിജ്ഞാനവും ഇബാദത്തും സമ്മേളിക്കുന്ന ഭവനം ഭൂമിയിലെ സ്വര്‍ഗമായിത്തീരും. അതുകൊണ്ടു തന്നെയാണ് ഇവ രണ്ടും മുസ്‌ലിം ഭവനത്തിന് അതിപ്രധാനമാവുന്നത്.
കുടുംബാംഗങ്ങളോടും അയല്‍വാസികളോടും അതിഥികളോടും പാലിക്കേണ്ട മര്യാദകള്‍ ഗ്രന്ഥകാരന്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ''അല്ലാഹു ചേര്‍ക്കാന്‍ ആജ്ഞാപിച്ച ബന്ധങ്ങളെ വിഛേദിക്കുന്നവര്‍ നഷ്ടം ഭവിച്ചവരാണ്'' (2:27). ബന്ധങ്ങളുടെ ഉത്ഭവം ഭവനങ്ങളില്‍നിന്നാണ്. വീടിനകത്തെ ബന്ധങ്ങള്‍ കരുത്തുറ്റതല്ലെങ്കില്‍ പുറത്തെ ബന്ധങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. കുടുംബത്തിലും പുറത്തും ഒരുപോലെ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കേ ഇഹപര വിജയങ്ങള്‍ കരസ്ഥമാക്കാനാവൂ.
ജീവിതാവശ്യങ്ങളിലെ മിതത്വം, ആരോഗ്യ കാര്യങ്ങളിലെ ശ്രദ്ധ, സദാചാര നിഷ്ഠ എന്നിവയും മുസ്‌ലിം ഭവനം എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയങ്ങളാണ്. സംസ്‌കാരസമ്പന്നമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനാവശ്യമായ ഘടകങ്ങളാണ് മുസ്‌ലിം ഭവനം എന്ന ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നത്. ബാല്യകാലം മുതല്‍ ഇസ്‌ലാമിക സംസ്‌കാരം മക്കളിലേക്ക് പ്രായോഗികമായി പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയാണ് ഈ ഗ്രന്ഥം. പേജ്: 40, വില 39, പ്രസാധനം: ഐ.പി.എച്ച്.
Comments