Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

സമയമാം രഥത്തില്‍ ഞാന്‍....

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

അനര്‍ഘ സമ്പത്തായ സമയത്തിന്റെ ബുദ്ധിപൂര്‍വകമായ വിനിയോഗമാണ് ഇസ്‌ലാമിക പ്രവര്‍ത്തകന്റെ സവിശേഷ സ്വഭാവം. ഇഹലോകത്തെയും പരലോകത്തെയും നഷ്ടത്തിലാഴ്ത്തുന്ന പാഴ്‌വേലകളില്‍ അയാള്‍ സമയം കളയില്ല. ഓരോ നാണയത്തുട്ടും കരുതി ചെലവഴിക്കുന്ന ജാഗ്രത സമയം ചെലവിടുന്നതിലും അയാള്‍ പുലര്‍ത്തും. ഓരോ നിമിഷവും ചെലവിടുമ്പോള്‍ അവനെ ഉണര്‍ത്തിക്കൊണ്ടിരിക്കും ഈ നബിവചനം: 'അന്ത്യനാളില്‍ ഒരാളുടെയും കാലടികള്‍ മുന്നോട്ടു നീങ്ങില്ല, നാല് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ; യുവത്വം ഏതില്‍ നശിപ്പിച്ചു? ആയുസ്സ് എന്തില്‍ ചെലവിട്ടു? ധനം എങ്ങനെ സമ്പാദിച്ചു, എങ്ങനെ ചെലവഴിച്ചു? അറിവു കൊണ്ട് എന്ത് പ്രവര്‍ത്തിച്ചു?'

പൂര്‍വികരായ മഹാന്മാര്‍ സമയം വിനിയോഗിച്ചതില്‍ കാണിച്ച കരുതലും ഉത്സാഹവും ജാഗ്രതയും നമുക്ക് മാതൃകയാവണം. മരണാസന്നനായി കിടക്കുന്ന അബൂബക്‌റുല്‍ അന്‍ബാരിയുടെ മൂത്രം പരിശോധിച്ച വൈദ്യന്‍: 'ആരും ചെയ്യാത്ത എന്തോ ഒന്ന് അങ്ങ് ചെയ്തുകൊണ്ടിരുന്നല്ലോ! എന്തായിരുന്നു അത്?' നിര്‍ബന്ധിച്ചപ്പോള്‍ അബൂബക്‌റുല്‍ അന്‍ബാരി: 'ഓരോ ആഴ്ചയും ഞാന്‍ പതിനായിരം എഴുത്തോലകള്‍ പുനഃപരിശോധന നടത്തി പകര്‍ത്തി എഴുതുമായിരുന്നു' (അല്‍ വഖ്തു ഇമാറുന്‍ ഔ ദിമാറുന്‍: ജാസിം മുത്വവ്വ)

ഇബ്‌നു ശിഹാബ് സുഗ്‌രി എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദുബ്‌നു മുസ്‌ലിം എന്ന വിശ്രുത മുഹദ്ദിസിന്റെ (മരണം ഹിജ്‌റ 124) പത്‌നി: 'അദ്ദേഹം വായിച്ചുകൂട്ടിയ ഗ്രന്ഥങ്ങളുടെ പെരുപ്പം, പുസ്തകങ്ങളുമായി അദ്ദേഹം കാത്തുപോന്ന ചങ്ങാത്തം എനിക്ക് അസഹനീയമായി തോന്നുമായിരുന്നു. എന്നോടൊപ്പം മൂന്ന് സഹ പത്‌നിമാര്‍ അദ്ദേഹത്തിനുണ്ടായതുപോലുള്ള അവസ്ഥ' (ശദ്‌റാത്തുദ്ദഹബഃ  ഇബ്‌നുല്‍ അമാദ്).

വിശ്രുതമായ അത്തര്‍ഗീബ് വത്തര്‍ഹീബ് കൃതിയുടെ കര്‍ത്താവായ ശൈഖ് അബ്ദുല്‍ അളീം അല്‍ മുന്‍ദിരി (മരണം ഹി. 656) തന്റെ ചിരകാല സുഹൃത്തും പണ്ഡിതനുമായ ഇസ്ഹാഖുബ്‌നു ഇബ്‌റാഹീമിനെക്കുറിച്ച് ഓര്‍മിക്കുന്നു: 'ഇങ്ങനെ രാപ്പകല്‍ഭേദമില്ലാതെ ജോലിചെയ്യുന്ന ഒരാളെ ഞാന്‍ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. കൈറോവില്‍ ഞാന്‍ അദ്ദേഹത്തിന്റെ അയല്‍വാസിയായിരുന്നു, പന്ത്രണ്ടു വര്‍ഷം. രാത്രി ഏതു നേരത്ത് ഞാന്‍ ഉണര്‍ന്ന് നോക്കിയാലും കാണാം, ഇസ്ഹാഖിന്റെ വീട്ടില്‍ വെട്ടം. അദ്ദേഹം വായനയിലും പഠനത്തിലുമാവും. ആഹരിക്കുമ്പോള്‍ പോലും ഒരു ഗ്രന്ഥം അരികത്തുണ്ടാവും' (അല്‍വഖ്തു ഇമാറുന്‍ ഔ ദിമാറുന്‍).

മഹാമനീഷിയായ ഇബ്‌നുല്‍ ജൗസി (മരണം ഹി. 597) തന്റെ ആത്മകഥയില്‍: 'ഞാന്‍ എന്റെ സ്ഥിതി പറയാം. എത്ര ഗ്രന്ഥങ്ങള്‍ പാരായണം ചെയ്താലും എന്റെ വയര്‍ നിറയില്ല. നേരത്തേ കണ്ടിട്ടില്ലാത്ത ഒരു ഗ്രന്ഥം കണ്ടെന്നിരിക്കട്ടെ. അതെനിക്ക് ഒരു നിധി കിട്ടിയതിനു തുല്യമാണ്. ഇരുപതിനായിരം വാള്യങ്ങളെങ്കിലും ഞാന്‍ വായിച്ചുകാണും. ഓരോ ജനതയുടെയും ചരിത്രം, സംസ്‌കാരം, ജീവിതരീതികള്‍, അവരുടെ ചിന്തകള്‍, അങ്ങനെ നാനാ വിഷയങ്ങളിലൂടെയും ഉള്ള തീര്‍ഥയാത്രയാണ് എനിക്ക് വായന.'

ഇബ്‌നു തൈമിയ്യയെക്കുറിച്ച് പുത്രന്‍ അബ്ദുര്‍റഹ്മാന്‍: 'ശുചിമുറിയില്‍ പ്രവേശിച്ചാല്‍ എന്നോട് പറയും. ആ കൃതി ഒന്നുറക്കെ വായിക്കൂ.'

ബുഖാരിയുടെ ഗുരുവര്യരില്‍പെട്ട അബൂഉസ്മാന്‍: 'ആരെങ്കിലും ഒരാവശ്യം ഉന്നയിച്ചാല്‍ അത് നിര്‍വഹിച്ചുകൊടുക്കാന്‍ ഞാന്‍ സമയം കണ്ടെത്തും. ഇല്ലെങ്കില്‍ പണം നല്‍കി സഹായിക്കും. ഇല്ലെങ്കില്‍ ഭരണകര്‍ത്താക്കളോട് ശിപാര്‍ശ ചെയ്ത് അയാളെ സഹായിക്കാന്‍ വഴിയുണ്ടാക്കും.'

ലൈസുബ്‌നു സഅ്ദ് വിവിധ പ്രശ്‌നങ്ങളില്‍ ഫത്‌വയാവശ്യപ്പെട്ട് വരുന്ന ഒരാളെയും നിരാശനാക്കില്ല; ആ പ്രശ്‌നങ്ങള്‍ എത്ര വലുതായാലും ചെറുതായാലും.

ഖത്വീബുല്‍ ബഗ്ദാദി: മുഹമ്മദുബ്‌നു ജരീറിത്ത്വബരി (മരണം ഹി: 310) യെക്കുറിച്ച് അലിയ്യുബ്‌നി ഉബൈദില്ല പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; 80 വയസ്സുവരെ ജീവിച്ച അദ്ദേഹം നാല്‍പതു വര്‍ഷം ഓരോ ദിവസവും നാല്‍പതു പേജുകള്‍ എഴുതുമായിരുന്നു.

ഇമാം ഹസനുല്‍ ബന്നാ: 'ദാറുശുബ്ബാനില്‍ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു. പ്രസിദ്ധ സാഹിത്യകാരന്‍ ത്വാഹാ ഹുസൈന്‍ രചിച്ച 'മുസ്തഖ്ബിലുസ്സഖാഫത്തി ഫീ മിസ്വ്ര്‍' എന്ന കൃതിയെക്കുറിച്ച നിരൂപണം. അഞ്ച് ദിവസമേയുള്ളൂ. നേരത്തേ നിശ്ചയിക്കപ്പെട്ട പരിപാടികളുള്ളതിനാല്‍ പുസ്തകം വേണ്ടവിധം വായിക്കാനും സമയമില്ല. രാവിലെയും വൈകീട്ടും സ്‌കൂളിലേക്കും തിരിച്ചുമുള്ള ട്രാം യാത്രകളിലാണ് ഞാന്‍ ആ പുസ്തകം വായിച്ചു തീര്‍ത്ത് പരിപാടിയില്‍ നിരൂപണം നടത്തിയത്.'

ഇഖ്‌വാന്‍ മുന്‍ മുര്‍ശിദുല്‍ ആം ഉമര്‍ തിലിംസാനി: 'മതഗ്രന്ഥപാരായണത്തില്‍ ശ്രദ്ധയൂന്നി പിന്നെ ഞാന്‍. തഫ്‌സീര്‍ സമഖ്ശരി, ഇബ്‌നുകസീര്‍, ഖുര്‍ത്വുബി, സീറത്തു ഇബ്‌നുഹിശാം, ഉസുദുല്‍ ഗാബഃ, ത്വബഖാത്തുല്‍ കുബ്‌റാ, നഹ്ജുല്‍ ബലാഗഃ, സ്വഹീഹ് ബുഖാരി, മുസ്‌ലിം അങ്ങനെ നിരവധി മഹദ് ഗ്രന്ഥങ്ങള്‍.'

ശൈഖ് അലി ത്വന്‍താവി: 'ദിവസവും ശരാശരി പത്ത് മണിക്കൂര്‍ ഞാന്‍ വായിക്കും. ചെറുപ്പന്നേ സമൂഹത്തില്‍നിന്ന് അകന്നുമാറി ഒറ്റക്ക് കഴിയുന്ന പ്രകൃതമാണ് എനിക്ക്. ദിനേന ഇരുനൂറ് പേജെങ്കിലും വായിക്കും.'

അള്‍ജീരിയയിലെ ഇസ്‌ലാമിക പ്രസ്ഥാന നേതാവ് ശൈഖ് അബ്ദുല്‍ ഹാമിദ് ബിന്‍ ബാദിസിനെക്കുറിച്ച്, ഒരു എഴുത്തുകാരന്‍: 'ബിന്‍ ബാദിസിന്റെ ജീവിതത്തില്‍ സമയക്രമത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദിനചര്യ ശീലിക്കുകയെന്നത് അധികമാര്‍ക്കും സാധ്യമാവില്ല.'

സമയത്തിന്റെ ഫലവത്തായ വിനിയോഗം അല്ലാഹുവിന്റെ വരദാനമാണ്. ജീവിതത്തിലെ ഓരോ നിമിഷവും ധന്യമാവാന്‍ പ്രാര്‍ഥന അനിവാര്യമാണ്. നബി(സ)യുടെ ഒരു പ്രാര്‍ഥന ഈ വിധമായിരുന്നു: 'അല്ലാഹുവേ, എന്റെ സമുദായത്തിന് അതിന്റെ ആദ്യനേരങ്ങളില്‍ നീ ഐശ്വര്യം ചൊരിയേണമേ!' (അബൂദാവൂദ്).

പരലോകവിചാരം ലക്ഷ്യേവേധിയായ കര്‍മങ്ങളിലേക്ക് നയിക്കും. ദൈവസാമീപ്യം കരസ്ഥമാക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട അനര്‍ഘ സമയം അനാവശ്യ തുറകളില്‍ പാഴാക്കാന്‍ ലക്ഷ്യബോധമുള്ള വ്യക്തി തുനിയില്ല. നല്ല സുഹൃത്തുക്കളുമായുള്ള ചങ്ങാത്തം സമയബോധം വളര്‍ത്തും. നല്ല കൂട്ടുകാര്‍ അനുഗ്രഹമാണ്. നബി(സ) പറഞ്ഞു: 'അല്ലാഹു ഒരു വ്യക്തിക്ക് നന്മ ഉദ്ദേശിച്ചാല്‍ നല്ല കൂട്ടുകാരനിലേക്ക് അയാളെ നയിക്കും; അല്ലാഹുവിനെ മറന്നാല്‍ ഓര്‍മിപ്പിക്കുകയും, അല്ലാഹുവിനെ ഓര്‍ത്താല്‍ സല്‍ക്കര്‍മങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സുഹൃത്ത്.'

റസൂല്‍ ചോദിച്ചു: 'വിശിഷ്ട വ്യക്തിത്വം ഏതെന്ന് പറഞ്ഞുതരട്ടെയോ?'

'റസൂലേ, പറഞ്ഞാലും!'

'ഏതൊരു വ്യക്തിയെ കാണുന്നത് നിങ്ങളില്‍ ദൈവസ്മരണ അങ്കുരിപ്പിക്കുന്നുവോ അയാളാണ് വിശിഷ്ട വ്യക്തി.'

പ്രയോജനപ്രദമായ കര്‍മമേഖലകളില്‍ വ്യക്തിയെ നിരതനാക്കുന്നതില്‍ കുടുംബ സാഹചര്യത്തിനും വലിയ പങ്കുണ്ട്. വിശ്രമം, ഉറക്കം, ആഹാരം, ദൈവവുമായുള്ള ബന്ധം, വിനോദം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങി ഓരോന്നിനും നിശ്ചിത സമയം നീക്കിവെച്ചുള്ള ചിട്ടയോടെയുള്ള ക്രമീകരണം കുടുംബാന്തരീക്ഷത്തില്‍ വളരേണ്ടതാണ്.

ഉമറുബ്‌നുല്‍ ഖത്ത്വാബിനെ കുറിച്ച് പത്‌നി ഫാത്വിമ ബിന്‍ത് അബ്ദുല്‍ മലിക്: 'ഇത്രയേറെ നമസ്‌കാരവും നോമ്പും ദൈവഭയവുമുള്ള ഒരു വ്യക്തിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഉമര്‍ അതുല്യ വ്യക്തിത്വമായിരുന്നു. കണ്ണ് ഉറക്കംകൊണ്ട് കനക്കുവോളം ഇശാ നമസ്‌കരിച്ച് ഒരു ഇരുത്തമാണ്. പിന്നെ ഞെട്ടിയുണരും. കണ്ണ് തളരുവോളം കരഞ്ഞിരിക്കും. എന്നോടൊപ്പം വിരിപ്പില്‍ കിടക്കുമ്പോള്‍ പരലോകത്തെക്കുറിച്ച് ഓര്‍മ വന്നാല്‍ വെള്ളത്തില്‍ വീണ കിളി തട്ടിപ്പിടഞ്ഞ് വെള്ളത്തില്‍നിന്ന് പുറത്തുകടക്കുന്നതുപോലെ എഴുന്നേറ്റിരിക്കും. ഇരുന്ന് കരയും. ഞാന്‍ ആ ശരീരത്തിലേക്ക് പുതപ്പ് വലിച്ചിടും' (അല്‍ബിദായ വന്നിഹായ). 

സംഗ്രഹം: പി.കെ.ജെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍