Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

ട്രംപിന്റെ ഒന്നാം വര്‍ഷം പശ്ചിമേഷ്യന്‍ കലണ്ടറില്‍

ഹുസൈന്‍ കടന്നമണ്ണ

വിവാദനായകനായി വൈറ്റ് ഹൗസ് പടി കയറിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണതലപ്പത്ത് ഒരു വര്‍ഷം തികച്ച ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മിഡീസ്റ്റ് നയവും അതിലൂന്നി ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതും രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. തന്റെ മുന്‍ഗാമിയുടെ മിഡീസ്റ്റ് നയത്തെ രൂക്ഷമായി കടന്നാക്രമിച്ചും തെരഞ്ഞെടുപ്പില്‍ ജയിച്ച് പ്രസിഡന്റായാല്‍ 'എല്ലാം ശരിയാക്കു'മെന്നു പ്രഖൃാപിച്ചുമാണല്ലോ ട്രംപ് അധികാരത്തിലേറിയത്. 

'ഒബാമയുടെ മിഡീസ്റ്റ് നയം ഒരു ദുരന്തമായിരുന്നു. അയാള്‍ മിത്രങ്ങളെ തിരസ്‌കരിക്കുകയും ശത്രുക്കളെ പുരസ്‌കരിക്കുകയും ചെയ്തു. അറബ് വസന്തത്തെ അനുകൂലിക്കുക വഴി മേഖലയെ അസ്ഥിരപ്പെടുത്തി. ഞാന്‍ അധികാരത്തിലെത്തിയാല്‍ മേഖലയില്‍ രാഷ്ട്രീയരംഗത്ത് മൗലിക മാറ്റങ്ങള്‍ വരുത്താനല്ല, സ്ഥിരതയുണ്ടാക്കാനാണ് ശ്രമിക്കുക. അതോടൊപ്പം മേഖലയിലെ മുസ്‌ലിം രാജൃങ്ങളില്‍നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം നിര്‍ത്തും. ഇറാഖിലെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുത്ത് അമേരിക്കയുടെ ബാധ്യതകള്‍ തീര്‍ക്കും. ഇറാനുമായി ഒപ്പുവെച്ച ആണവ കരാര്‍ (JCPOA) റദ്ദാക്കും.' ഇങ്ങനെയൊക്കെ തന്റെ നിലപാടുകള്‍ വിശദീകരിച്ച ട്രംപ് അടിയന്തര ലക്ഷ്യങ്ങളായി നാലു കാര്യങ്ങള്‍ അന്ന് എണ്ണിപ്പറഞ്ഞിരുന്നു. ഒന്ന്, ഐ.എസിന്റെ സമ്പൂര്‍ണവും അതിവേഗത്തിലുള്ളതുമായ പരാജയം. രണ്ട്, മേഖലയിലെ പരമ്പരാഗത മിത്രങ്ങളെ ശാക്തീകരിക്കുക. മൂന്ന്, മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇറാനിയന്‍ സ്വാധീനത്തിനും ഇടപെടലുകള്‍ക്കും തടയിടുക. നാല്, ഫലസ്ത്വീന്‍ - ഇസ്രയേല്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണുക.

ഒരു വര്‍ഷം കഴിയുമ്പോള്‍ തന്റെ ലക്ഷ്യസാക്ഷാല്‍ക്കാര വഴിയില്‍ ട്രംപ് എവിടെ നില്‍ക്കുന്നു?

ശരിയാണ്, ഐ.എസിനെ പരാജയപ്പെടുത്തുന്നതിലും ഇറാഖിലും സിറിയയിലും അവരുടെ പിടിയിലമര്‍ന്നിരുന്ന പല പ്രദേശങ്ങളും വിമോചിപ്പിച്ചെടുക്കുന്നതിലും അമേരിക്ക നിര്‍ണായക പങ്കു വഹിച്ചു. അക്കാര്യത്തില്‍ ട്രംപിനു അഭിമാനിക്കാമെങ്കിലും അതു 2014-ല്‍ തയാറാക്കിയ 'ഒബാമ പ്ലാന്‍' അനുസരിച്ചുള്ള പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച മാത്രമാണെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 'ഒബാമ പ്ലാന്‍' അനുസരിച്ചുതന്നെ 2017 ഒടുക്കം ഐ.എസിന്റെ ഒടുക്കമാവേണ്ടതാണ്. ഐ.എസി.നെ ഒതുക്കാന്‍ ട്രംപ് വശം 'അത്ഭുത സിദ്ധി'കളൊന്നുമില്ലെന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒബാമ വൃക്തമാക്കിയതുമാണ്. ആ നിലക്കു ട്രംപിന്റെ ഐ.എസ് വിരുദ്ധ വിജയം അദ്ദേഹത്തിനു ഒരു പൊന്‍തൂവല്‍ ചാര്‍ത്തിക്കൊടുക്കാന്‍ മതിയായതല്ല.   

ഈജിപ്തിലേക്കു വരുമ്പോള്‍ കാണാന്‍ കഴിയുന്നത്, ട്രംപ് - സീസി ബന്ധം ഊഷ്മളത നേടിയെങ്കിലും ഇരു രാജൃങ്ങളും തമ്മിലുള്ള ബന്ധം ഉഷ്മളതയറ്റ് ഏതാണ്ട് പഴയ പടി തുടരുകയാണ്. അന്‍വര്‍ സാദാത്തിന്റെ കാലത്ത് ഒപ്പുവെച്ച ക്യാമ്പ് ഡേവിഡ് കരാര്‍ മുതല്‍ അമേരിക്കയുടെ ഇഷ്ട രാഷ്ട്രങ്ങളിലൊന്നായി സാമ്പത്തിക - സൈനിക സഹായമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ടിരുന്ന ഈജിപ്തുമായുള്ള ബന്ധത്തില്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് പുനരാലോചന വന്നത് പട്ടാള അട്ടിമറിയെ തുടര്‍ന്നായിരുന്നല്ലോ. ജനാധിപത്യം, മനുഷ്യാവകാശം, ന്യൂനപക്ഷ സംരക്ഷണം, എന്‍.ജി.ഒകളുടെയും സിവില്‍ പൊളിറ്റിക്‌സിന്റെയും പ്രവര്‍ത്തന സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ പട്ടാള അട്ടിമറിക്കു ശേഷമുള്ള ഈജിപ്തിന്റെ ട്രാക്ക് റിക്കാര്‍ഡ് നിരീക്ഷിച്ച ഒബാമ ആ രാജ്യവുമായുള്ള സൗഹൃദത്തിന്റെ ഡിഗ്രി താഴ്ത്തുകയും സഹായങ്ങളുടെ തോത് കുറക്കുകയുമായിരുന്നു. ട്രംപ്ഭരണത്തില്‍ അതിനു യാതൊരു മാറ്റവും വന്നിട്ടില്ല. കാരണം അമേരിക്കന്‍ ഭരണകൂടത്തിന്റെ വിവിധ വകുപ്പറകളില്‍ സൂക്ഷിച്ചിട്ടുള്ള ഫയലുകള്‍ ട്രംപ് മാത്രം വിചാരിച്ചാല്‍ മാറ്റിയെഴുതാനോ അവഗണിക്കാനോ ആവില്ല. സ്ഥാപനവല്‍ക്കരിക്കപ്പെട്ട യു.എസ് വ്യവസ്ഥയില്‍ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ മന്ത്രിതല വകുപ്പുകള്‍ക്കും കോണ്‍ഗ്രസ്സിലെ വിവിധ സമിതികള്‍ക്കും ഉപസമിതികള്‍ക്കുമെല്ലാം നിര്‍ണായ പങ്കുണ്ടല്ലോ. അതുകൊണ്ടാണ് ട്രംപ് - സീസി സൗഹൃദം പൂത്തുലഞ്ഞിട്ടും വൈറ്റ് ഹൗസിലും ക്യാപിറ്റോള്‍ ഹില്ലിലും ഇതര ഭരണസിരാകേന്ദ്രങ്ങളിലും 

പ്രിയങ്കര രാജ്യമായി മാറാനോ വെട്ടിക്കുറച്ച സൈനിക - സൈനികേതര സഹായങ്ങള്‍ വീണ്ടും നേടിയെടുക്കാനോ ഈജിപ്തിനു കഴിയാതെ വരുന്നത്. നിലവിലുള്ള ബ്യൂറോക്രസി പോയി പകരം ട്രംപ് ഭക്തര്‍ തല്‍സ്ഥാനത്ത് വന്നാലേ സ്ഥിതിയില്‍ മാറ്റമുണ്ടാവാനിടയുള്ളൂ. 

ഇറാന്‍ ആണവ കരാറിന്റെ കാര്യത്തിലും ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് പ്രഖ്യാപിച്ച നയങ്ങളൊന്നും നടപ്പാക്കാനായില്ല. ആകെ ചെയ്തത് ഒബാമ ഒഴിവാക്കിയ സാമ്പത്തിക-വാണിജ്യ ഉപരോധത്തിലെ ചില നടപടികള്‍ പുനഃസ്ഥാപിക്കുക മാത്രമാണ്. കരാര്‍ റദ്ദാക്കുമെന്ന് ഇടക്കിടെ ഭീഷണി മുഴക്കിയതല്ലാതെ ആ വഴിക്കു നീങ്ങാനായില്ല. അതേസമയം ആണവ കരാറിന്റെ കാര്യത്തില്‍ ട്രംപ് ഇതുവരെ സ്വീകരിച്ച നയങ്ങളും എടുത്ത തീരുമാനങ്ങളും, കരാര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച യൂറോ

പ്യന്‍ രാഷ്ട്രങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഇറാനില്‍ വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ ജനകീയ പ്രക്ഷോഭമുണ്ടായപ്പോള്‍ അത് അവിടത്തെ ഭരണകൂടത്തിനെതിരെ നീങ്ങാനുള്ള അവസരമാക്കി മുതലെടുക്കുന്നതില്‍ അമേരിക്ക പരാജയപ്പെടാന്‍ കാരണം യൂറോപ്പിന്റെ പിന്തുണയില്ലായ്മയാണ്. 

ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ട്രംപ് സ്വീകരിച്ച നയനിലപാടുകളും തീരുമാനങ്ങളും ഏറെ വിവാദങ്ങളുയര്‍ത്തി. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുമ്പോള്‍ ഇസ്രയേല്‍ - ഫലസ്ത്വീന്‍ പോരില്‍ ഒരു അന്തിമ തീരുമാനത്തിനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടമെന്നാണ് മനസ്സിലാവുന്നത്. 'നൂറ്റാണ്ടിന്റെ കരാര്‍' എന്നും 'അന്തിമ കരാര്‍' എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന പ്രസ്തുത ദ്വിരാഷ്ട്ര ഫോര്‍മുലയില്‍ ഖുദ്‌സില്ലാത്ത തുണ്ടുഭൂമികളാണ് ഫലസ്ത്വീനികള്‍ക്കു നല്‍കാന്‍ കരുതിവെച്ചിട്ടുള്ളതത്രെ. ട്രംപിന്റെ ഉപദേഷ്ടാവും സംഭാഷണങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധിയുമായ ജാസണ്‍ ഗ്രീന്‍ബ്ലാറ്റും ട്രംപിന്റെ പുത്രി ഭര്‍ത്താവും പ്രത്യേക ഉപദേഷ്ടാവുമായ ജാരിദ് കുഷ്‌നറും ചേര്‍ന്നാണ് 'ഫലസ്ത്വീന്‍ ഫയല്‍' കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. 

ഇരുവരും ചേര്‍ന്ന് രൂപപ്പെടുത്തുന്ന മേല്‍പ്പറഞ്ഞ ഫോര്‍മുലക്ക് മേഖലയിലെ ഭരണാധികാരികളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണ കിട്ടിയെന്നു വരാം. പക്ഷേ മേഖലയിലെ പൊതുസമൂഹം ഒരിക്കലും അതു അംഗീകരിക്കാനിടയില്ല. അങ്ങനെ വരുമ്പോള്‍ മേഖല അസ്വസ്ഥമായിക്കൊണ്ടേയിരിക്കും. 

മധ്യപൗരസ്ത്യ മേഖലയെ സംബന്ധിച്ചേടത്തോളം ട്രംപിന്റെ ഒന്നാം വര്‍ഷത്തിലുണ്ടായ ഏറ്റവും വലിയ ആഘാതം ഏതാനും മുസ്‌ലിം അറബ് രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കു വിസനിരോധമേര്‍പ്പെടുത്തിയതാണ്. ട്രംപിന്റെ സ്വന്തമായൊരു നേട്ടമായി എടുത്തുപറയാവുന്നതും അതുതന്നെ.

വരും വര്‍ഷങ്ങള്‍ കൂടുതല്‍ അസ്വസ്ഥവും കലുഷവുമായിരിക്കുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പലതും കടലാസില്‍ വിശ്രമിക്കുകയാണ്. അവ പാലിച്ചു തുടങ്ങുകയും ബ്യൂറോക്രസിയില്‍ കൂടുതല്‍ ട്രംപ് ഭക്തര്‍ വന്നെത്തുകയും ചെയ്യുമ്പോള്‍ മധ്യപൗരസ്ത്യദേശം ഇനിയുമേറെ ആഘാതങ്ങള്‍ താങ്ങേണ്ടിവരും. ഒടുവില്‍ വിദേശകാര്യമന്ത്രി ടെല്ലേഴ്‌സണെ മാറ്റി സി.ഐ.എ തലവന്‍ മൈക് പോംപിയെ തല്‍സ്ഥാനത്ത് നിയമിച്ചത് വരാനിരിക്കുന്ന പലതിന്റെയും സൂചനയാണ്. തുര്‍ക്കിയെ ഏറ്റവും കൂടുതല്‍ അലട്ടുന്ന കുര്‍ദ് പ്രശ്‌നത്തിനു പുറമെ ഫലസ്ത്വീന്‍, സിറിയ, യമന്‍, ഇറാഖ്, ലബനാന്‍ തുടങ്ങിയ സ്ഥിരം നെരിപ്പോടുകളും ഇസ്രയേലിന്റെ കണ്ണിലെ കരടായ ഇറാനുമെല്ലാം അമേരിക്കക്കു എപ്പോഴും സൈനികമായി കടന്നുകയറാവുന്ന പഴുതുകളാണ്. യുദ്ധാവസ്ഥയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം കൈവരുന്ന ഭരണക്രമമാണ് അമേരിക്കയുടേത് എന്നതിനാല്‍ യുദ്ധകാലത്തെ ട്രംപിന്റെ മുഖം കാണാനിരിക്കുന്നേയുള്ളൂ. ട്രംപിനെ പോലുള്ള പ്രസിഡന്റിനു പതിവില്‍ കവിഞ്ഞ അധികാരവ്യാപ്തി ലഭിക്കുന്നതോടെ അദ്ദേഹം കൂടുതല്‍ ഉന്മാദചിത്തനാവുമെന്നും, തനി കച്ചവടക്കാരനായ അദ്ദേഹം ആയുധ കച്ചവടം കൊഴുപ്പിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍