Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

പാലോളി കമീഷന്റെ പത്തു വര്‍ഷങ്ങള്‍ മുസ്‌ലിം സമുദായം നേടിയതെന്ത്?

കെ. അമീന്‍ ഹസന്‍

ഒരു ഔദ്യോഗിക പഠന റിപ്പോര്‍ട്ട് വരുന്നതോടെ, പിന്നീട് നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനം ആ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളായിത്തീരുകയാണ് പതിവ്. പഠനത്തിന് തെരഞ്ഞെടുക്കുന്ന അടിസ്ഥാന വിവരങ്ങള്‍, വിവരശേഖരണത്തിന്റെയും വിശകലനത്തിന്റെയും  രീതിശാസ്ത്രം തുടങ്ങി രാഷ്ട്രീയ താല്‍പര്യങ്ങള്‍ വരെ ഒരു റിപ്പോര്‍ട്ടിനെ സ്വാധീനിക്കും. അത്തരം പരിമിതികളൊന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനു ശേഷം നടക്കുന്ന ചര്‍ച്ചകളില്‍ പ്രസക്തമല്ലാതായിത്തീരുകയും ചെയ്യുന്നു. ഉദാഹരണത്തിന്, സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോള്‍ ദലിത്-ആദിവാസി സമൂഹത്തിന്റെ അഥവാ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സമൂഹികാവസ്ഥയോടാണ് പലയിടത്തും താരതമ്യപ്പെടുത്തിയിരിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടേതിനേക്കാള്‍ പരിതാപകരമാണ് തുടങ്ങിയ നിരീക്ഷണങ്ങള്‍ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് നമുക്ക് തോന്നാം. 

എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് നിര്‍വഹിക്കുന്ന രാഷ്ട്രീയം മറ്റൊന്നാണെന്ന് കാണാനാവും. സച്ചാര്‍ റിപ്പോര്‍ട്ടിന് ശേഷമുള്ള മുഴുവന്‍ ചര്‍ച്ചകളിലും ഈ നിരീക്ഷണത്തിന്റെ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. പാലോളി കമീഷന്‍ റിപ്പോര്‍ട്ടിലേക്ക് വന്നാല്‍ കമീഷന്റെ പഠനം വളരെ ഉപരിപ്ലവമാണെന്ന് പറയേിവരും. പക്ഷേ, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാന മാനദണ്ഡമായി ആ റിപ്പോര്‍ട്ട് മാറുകയാണുായത്. അത്തരത്തിലൊരു സൂക്ഷ്മമായ പഠനം പാലോളി കമ്മിറ്റി നടത്തിയിട്ടില്ല. തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശങ്ങളുടെ ക്രോഡീകരണം മാത്രമാണ് പാലോളി കമ്മിറ്റി നടത്തിയിരിക്കുന്നത്.

സച്ചാര്‍ കമീഷന്‍ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ കുറിച്ചാണ് പഠിച്ചത്. ആ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു പാലോളി കമീഷന്‍. ആ പാലോളി കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍, സച്ചാര്‍ കമീഷനും പാലോളി കമീഷനും കണ്ടെത്തിയ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥയില്‍ എന്തെങ്കിലും മാറ്റങ്ങളുായിട്ടുാേ എന്നാണ് നാം അന്വേഷിക്കേത്. അഥവാ സര്‍ക്കാര്‍ നടപടികള്‍ എത്രത്തോളം ലക്ഷ്യം കണ്ടു എന്നതാണ് വിലയിരുത്തലിന്റെ അടിസ്ഥാനമാകേണ്ടത്. പത്തു വര്‍ഷത്തിനിപ്പുറം ഒരു കമീഷന്‍ റിപ്പോര്‍ട്ടിനെ പഠനവിധേയമാക്കുമ്പോള്‍ രണ്ട് തരത്തിലുള്ള വിശകലനം പ്രസക്തമാണ്. ഒന്ന്, കമീഷന്റെ ശിപാര്‍ശകള്‍ എത്രത്തോളം നടപ്പാക്കപ്പെട്ടു? രണ്ട്, കമീഷനെ നിയോഗിക്കാന്‍ ഉണ്ടായ സാഹചര്യത്തില്‍നിന്ന്, അല്ലെങ്കില്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന സാമൂഹികാവസ്ഥയില്‍നിന്ന് എത്രത്തോളം പുരോഗതിയുായി? ആദ്യത്തേത് ഒരു ക്വാണ്ടിറ്റേറ്റീവ് സ്റ്റഡി ആണെങ്കില്‍ രണ്ടാമത്തേത് സാമാന്യം ആഴത്തില്‍ വിശകലനവിധേയമാക്കേണ്ടുന്ന ക്വാളിറ്റേറ്റീവ് സ്റ്റഡി ആണ്.

മുസ്‌ലിം സമുദായത്തിന്റെയും മലബാര്‍ പ്രദേശത്തിന്റെയും വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തത, കോളേജുകളുടെ കുറവ് ഇവയെല്ലാം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. അതിനു ശേഷം എന്തെങ്കിലും ചെറിയ നടപടികള്‍ ഉണ്ടായോ എന്നതല്ല, കമീഷന്‍ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളില്‍ അടിസ്ഥാനപരമായി വല്ല മാറ്റവും സംഭവിച്ചോ എന്ന് പരിശോധിക്കണം. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട കാലത്തെ എല്‍.ഡി.എഫ് സര്‍ക്കാറിന് പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനാവാത്തത് മനസ്സിലാക്കാം. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ എന്താണ് ചെയ്തത്? പാലോളി കമ്മിറ്റി തന്നെ സച്ചാര്‍ കമീഷന്‍ നിര്‍ദേശങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് എന്ന വിമര്‍ശം യു.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യമായ ഇടപെടലുകള്‍ ഒന്നും തന്നെ നടത്തിയില്ല. കേന്ദ്ര പദ്ധതികള്‍ പോലും കൃത്യമായി നടപ്പാക്കിയില്ല. ഇഫ്ലുവും മോഡല്‍ കോളേജും അറബിക് യൂനിവേഴ്സിറ്റിയും നഷ്ടപ്പെടുത്തിയ സാഹചര്യം യു.ഡി.എഫ് സര്‍ക്കാറിന്റെ നയം വ്യക്തമാക്കുന്നുണ്ട്. അതിശക്തമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഏറെ അനാവശ്യ വിവാദങ്ങള്‍ക്കു ശേഷം ഏതാനും പ്ലസ് ടു സീറ്റുകളും കോളേജുകളും അനുവദിച്ചത് മാത്രമാണ് അപവാദം. 

എന്നാല്‍ തങ്ങളുടെ മുന്‍ സര്‍ക്കാറിന്റെ നടപടികളുടെ തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് വരുന്ന എല്‍.ഡി.ഫിന്റെ പ്രകടന പത്രികയിലും പുതിയ സര്‍ക്കാറിന്റെ നയപ്രഖ്യാപനങ്ങളിലും ഉണ്ടാകും എന്നാണ് നാം പ്രതീക്ഷിക്കുക. പിണറായി വിജയന്‍ സര്‍ക്കാര്‍ നയപരമായി തന്നെ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുക എന്നത് അജണ്ടയില്‍ ഇല്ലാത്ത സര്‍ക്കാറാണ്. അതിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. മുസ്‌ലിം സമുദായത്തിന്റെ പല പ്രശ്നങ്ങളും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളിലൂടെ പരിഹരിക്കേണ്ടതാണ് എന്നാണ് പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. സര്‍ക്കാര്‍ മേഖലയിലെ ഉന്നത ഉദ്യോഗങ്ങളില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം തുലോം കുറവാണെന്ന് പാലോളി റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥ രംഗത്തെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ കോച്ചിംഗ് സെന്ററുകള്‍ തുടങ്ങണം എന്നത് മാത്രമല്ല പാലോളി കമ്മിറ്റിയുടെ നിര്‍ദേശം. മറിച്ച് പ്രൊമോഷനില്‍ സംവരണം നടപ്പാക്കണം എന്നത് കൂടിയാണ്. അതുപക്ഷേ, കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സംവരണം അട്ടിമറിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാറിന്റെ പരിഗണനാ വിഷയമാകുന്നില്ല. പിന്നെ എന്താണ് ഈ കമീഷന്‍ റിപ്പോര്‍ട്ട്കൊണ്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായത്തിനുള്ള ഗുണം? പി.എസ്.സിയിലെ സംവരണ അട്ടിമറി പരിഹരിക്കാന്‍, ബാക്ക്ലോഗ് നികത്താന്‍ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ക്രീമിലിയര്‍ പരിധി എട്ട് ലക്ഷമാക്കി ഉയര്‍ത്തിയിട്ടും കേരളത്തില്‍ പരിധി ഉയര്‍ത്താന്‍ എന്താണ് തടസ്സമെന്ന ചോദ്യത്തിനെങ്കിലും സര്‍ക്കാര്‍ മറുപടി പറയണം. ആ തടസ്സമെന്താണോ അത്  തന്നെയാണ് കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന വിവേചനങ്ങളുടെ അടിസ്ഥാന കാരണവും.

മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയമായ പിന്നാക്കാവസ്ഥയോ അധികാര പങ്കാളിത്തമോ കമീഷന്‍ റിപ്പോര്‍ട്ടുകളുടെ പരിധിയില്‍ വരുന്നില്ല എന്നത് വലിയ പരിമിതിയാണ്. അധികാര പങ്കാളിത്തമാണ് സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ആദ്യത്തെയും അവസാനത്തെയും മാര്‍ഗം. രാജ്യത്ത് മുസ്‌ലിം സമുദായത്തിന്റെ അധികാര പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകള്‍  ഫാഷിസ്റ്റുകളും ഫാഷിസ്റ്റ്‌വിരുദ്ധരും ഒരുപോലെ തടസ്സപ്പെടുത്തുകയാണല്ലോ. അതിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. മുസ്‌ലിം പ്രീണനം എന്ന പ്രയോഗം ഒരു മിഥ്യയാണ് എന്ന സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ നിരീക്ഷണം പാലോളി കമീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പത്തു വര്‍ഷത്തിനു ശേഷവും കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം സമുദായം ആ രാഷ്ട്രീയ ആരോപണം ഇടത്, വലത് പക്ഷങ്ങളില്‍നിന്ന് കേട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  പാലോളി കമീഷന്‍ അംഗം കെ.ഇ ഇസ്മായീലിന്റെ പാര്‍ട്ടിയായ സി.പി.ഐയുടെ നേതാവ് കാനം രാജേന്ദ്രന്‍ തന്നെ അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചു. ന്യൂനപക്ഷങ്ങള്‍ എല്ലാം കൊണ്ടുപോവുന്നു എന്ന മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം പല രീതിയില്‍ ഇപ്പോഴും തുടരുന്നു. അഥവാ പാലോളി കമീഷന്‍ കണ്ടെത്തിയ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച വസ്തുതകള്‍,  മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവസ്ഥയെ വിലയിരുത്തുന്നതില്‍ ഇടതുപക്ഷത്തെ പോലും സ്വാധീനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇടത് നിലപാടുകളെ പാലോളി കമീഷന്‍ റിപ്പോര്‍ട്ട് സ്വാധീനിക്കണമായിരുന്നു. അതുണ്ടായില്ല. അതിന്റെ കാരണം നാം വിശകലനം ചെയ്യേണ്ടതുണ്ട്.

പാലോളി കമീഷന്‍ ശിപാര്‍ശ ചെയ്ത അറബിക് യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ഒരു കേസ് സ്റ്റഡി ആയി എടുക്കാവുന്നതാണ്. അക്കാലത്ത് ഇടതുപക്ഷം സ്വീകരിച്ച മൗനം പ്രശംസനീയമാണെന്ന് പറയാതെ വയ്യ. അതോടൊപ്പം പിന്നീടുള്ള സര്‍ക്കാറുകളുടെ നയപരമായ തീരുമാനങ്ങളെ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ സ്വാധീനിക്കണമായിരുന്നു. എന്നാല്‍ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പിന്നീട് കേരളത്തില്‍ രൂപീകരിക്കപ്പെട്ടത് മുന്നാക്ക വികസന കോര്‍പ്പറേഷനാണ്. എന്തൊരു വിരോധാഭാസം! അതിന് ഒരു പഠനവും ആവശ്യമായി വന്നതുമില്ല. കാരണം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥ ഒരു നീറ്റലായി നിലനില്‍ക്കുന്നുണ്ട്. ഒരു കാലത്ത് മലയാള സിനിമകളിലെ സ്ഥിരം വിഷയമായിരുന്ന ക്ഷയിച്ച ഇല്ലത്തെ വിദ്യാസമ്പന്നനായ തൊഴില്‍രഹിതന്‍ മുതല്‍ കടകംപള്ളി സുരേന്ദ്രന്റെ ബ്രാഹ്മണ സമ്മേളത്തിലെ മുന്നാക്ക സംവരണ പ്രസംഗം വരെ ആ പൊതുബോധ നീറ്റലിന്റെ ബഹിര്‍സ്ഫുരണമാണ്. 

പാലോളി കമീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പരാമര്‍ശിക്കുന്ന പരിഷത്തിന്റെ ഒരു പഠന റിപ്പോര്‍ട്ടുണ്ട്. അത് പ്രകാരം കേരളത്തിലെ കോളേജുകളില്‍ ഏറ്റവും കൂടുതല്‍ സാന്നിധ്യമുള്ളത് മുന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്കാണ്. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് സംവരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമുണ്ട്. ആര്‍ക്കും ഒരു പ്രശ്നവുമില്ല. അതേസമയം പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷവും മലബാറില്‍, വിശിഷ്യാ മലപ്പുറം ജില്ലയില്‍ പ്രഖ്യാപിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര പദ്ധതികള്‍, ഉദാഹരണത്തിന് ഇഫ്ലു കാമ്പസ്, ഇഗ്‌നോ സെന്റര്‍, ഐ.ഐ.എം.സി, ഐ.ഐ.ടി തുടങ്ങിയവ അകാല ചരമം പ്രാപിച്ചു. മലബാറിലെ പാലക്കാട്, വയനാട്, മലപ്പുറം, കാസര്‍കോട് തുടങ്ങിയ ജില്ലകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ് എന്ന യു.ജി.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട മോഡല്‍ കോളേജുകളും നടപ്പാവുകയുായില്ല. അതേസമയം ആ പദ്ധതികളെല്ലാം മുസ്‌ലിം പ്രീണനമാണ് എന്ന വിമര്‍ശം കേരളീയ പൊതുമണ്ഡലം പൊതുവെ സ്വീകരിക്കുകയും ചെയ്തു. പാലോളി റിപ്പോര്‍ട്ടിനെ കുറിച്ച് പോലും അത്തരം വിമര്‍ശം ഉണ്ടായി എന്നോര്‍ക്കണം. വികസന വിവേചനം പരിഹരിക്കാന്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യം പോലും ഇപ്പോഴും വര്‍ഗീയത എന്ന മതിലില്‍ തട്ടി തടയുകയാണ്. അവിടെയൊന്നും ഒരു കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും കണ്ടെത്തലുകള്‍ മുസ്‌ലിം സമുദായത്തിന്റെ രക്ഷക്കെത്തുന്നില്ല.

സാമ്പത്തിക പ്രതിസന്ധി ആയിരിക്കണം ഒരുപക്ഷേ സര്‍ക്കാറിന് പറയാവുന്ന മറ്റൊരു ന്യായം. നടപ്പാക്കപ്പെടാത്ത സ്വപ്ന പദ്ധതികള്‍ മാത്രം പ്രഖ്യാപിക്കുന്ന ബജറ്റില്‍ പോലും പക്ഷേ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവുന്നില്ല എന്നത് ആ വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്. കേരളത്തിന്റെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് 2017-2018 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം വെറും തൊണ്ണൂറ് കോടി രൂപയാണ്. അതില്‍ വലിയൊരു പങ്കും കേന്ദ്ര വിഹിതമാണ്. എന്നു മാത്രമല്ല തൊണ്ണൂറ് കോടിയില്‍  അമ്പത് കോടി രൂപ വിധവകള്‍ക്കും ഒറ്റപ്പെട്ട സ്ത്രീകള്‍ക്കുമുള്ള ഭവന നിര്‍മാണ പദ്ധതിക്കുള്ള ഫണ്ടാണ്. പിന്നാക്ക വിഭാഗത്തിനും  മുന്നാക്ക വിഭാഗത്തിനും ഒരേ തലക്കെട്ടിലാണ് ബജറ്റില്‍ ഫണ്ട് വിഹിതം നല്‍കിയിരിക്കുന്നത്. അതില്‍ കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ 130 കോടി രൂപ മാത്രമാണുള്ളത്. അതേസമയം അഗ്രഹാരങ്ങളുടെ നവീകരണത്തിനുള്ള 4.4 കോടി ഉള്‍പ്പെടെ 30 കോടി രൂപ മുന്നാക്ക വികസന കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കാല ബജറ്റുകളിലെ വിഹിതവും അതിന്റെ ചെലവഴിക്കലും പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ച് മുന്‍ഗണനാ ക്രമം നിശ്ചയിച്ച് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് ബജറ്റ് വിഹിതം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം.

പാലോളി കമ്മിറ്റിയുടെ തുടര്‍പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് മുന്‍കൈ എടുക്കേണ്ടത് കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ വകുപ്പാണ്. കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാനം നിരവധി ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. അതിന്റെ മുന്‍ഗണനാ പട്ടികയിലൊന്നും ന്യൂനപക്ഷ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ആവശ്യങ്ങളോ നിര്‍ദേശങ്ങളോ സമര്‍പ്പിക്കപ്പെടുന്നില്ല. ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്, വികസന രംഗത്തെ വിവേചനവും അസമത്വവും പരിഹരിക്കുന്നതിന്, രാഷ്ട്രീയമായി അനുഭവിക്കുന്ന വിവിധ തരത്തിലുള്ള അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് ന്യൂനപക്ഷ വകുപ്പോ വകുപ്പ് മന്ത്രിയോ കാര്യമായൊന്നും ചെയ്യുന്നില്ല. 

മറ്റൊരു നിരീക്ഷണം പത്തു വര്‍ഷത്തിനിപ്പുറത്തെ രാഷ്ട്രീയ മാറ്റമാണ്. എന്തുകൊണ്ടായിരിക്കും സച്ചാര്‍ കമീഷനും പാലോളി കമീഷനും അടക്കം വളരെ വിശദമായും വസ്തുനിഷ്ഠമായും പുറത്തു കൊണ്ടുവന്ന മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കേരളത്തിലെ മതേതര സര്‍ക്കാറുകള്‍ക്ക് താല്‍പര്യമില്ലത്തത്? ഒന്നാം യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് രാജ്യത്ത് സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തിയാണ് എല്‍.ഡി.എഫ് പാലോളി കമീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ അന്ന് തയാറായത്. അത് രാഷ്ട്രീയമായി അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഗുണകരമാവുകയും ചെയ്തു. എന്നിട്ടും പക്ഷേ ആ നയത്തിന്റെ തുടര്‍ച്ച ഉണ്ടാവുന്നില്ല. പാലോളി കമീഷന്‍ ഉന്നയിച്ച ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കേണ്ടുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറാവുന്നില്ലെന്നു മാത്രമല്ല, മുസ്‌ലിം വിരുദ്ധമായ രാഷ്ട്രീയത്തിന്റെ മുതലെടുപ്പ് സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ തുടരുന്നതായാണ് സമീപകാല അനുഭവങ്ങള്‍ കാണിച്ചുതരുന്നത്. മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന സ്വത്വപരമായ പ്രശ്നങ്ങളെയും വികസനപരമായ വിവേചനങ്ങളെയും മുഖവിലക്കെടുക്കാതെ തന്നെ അവരുടെ വോട്ടുനേടാവുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത് എന്ന ആത്മവിശ്വാസമായിരിക്കണം സിപിഎമ്മിനെ നയിക്കുന്നത്. അല്ലെങ്കില്‍ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കി പത്ത് വര്‍ഷം കഴിയുമ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയിലുണ്ടായ മാറ്റത്തെ കുറിച്ച് പഠിക്കാന്‍ എല്‍.ഡി.എഫ് തയാറാവുകയാണ് വേണ്ടത്. 

ഈ അടുത്ത് പുറത്തിറങ്ങിയ കെ.സി സക്കറിയയുടെ Changing Kerala: Population Growth and Economic Development of Religious Denominations എന്ന പഠനം കഴിഞ്ഞ പത്തുവര്‍ഷത്തെ വസ്തുതകള്‍ സമര്‍പ്പിക്കുന്നുണ്ട്. രീതിശാസ്ത്രപരമായ ചില പ്രശ്നങ്ങള്‍ ആ പഠനത്തിന് ഉണ്ടങ്കിലും ജനസംഖ്യാനുപാതികമായി വളര്‍ച്ച കാണിക്കുന്ന, റെമിറ്റന്‍സ് കൂടുതലുള്ള സമുദായമായിരിക്കുമ്പോഴും തൊഴില്‍രഹിതരുടെയും അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവരുടെയും എണ്ണം മുസ്‌ലിം സമുദായത്തില്‍ കൂടുതലാണ്. യുവാക്കള്‍ ആനുപാതികമായി കൂടുതലുള്ള സമുദായമാണിത് എന്നോര്‍ക്കണം. ഇതിന്റെ കാരണങ്ങളെ, ഭരണകൂടത്തിന്റെ വിവേചനപരമായ സമീപനങ്ങളെ കുറിച്ച ചര്‍ച്ചകളും അത് പരിഹരിക്കാനാവശ്യമായ സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാവണം.

സുരക്ഷയായിരുന്നു കേരള മുസ്‌ലിംകളുടെ മേന്മകളിലൊന്നായി എടുത്തുപറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി പ്രത്യക്ഷ വിവേചനങ്ങള്‍തന്നെ കേരളത്തിലെ മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്നു. ഹിജാബ്, പരസ്യ കൊലപാതകങ്ങള്‍, ആസൂത്രിത മാധ്യമ-പോലീസ്-സംഘ് പരിവാര്‍ പ്രൊപഗണ്ടകള്‍, യു.എ.പി.എ കേസുകള്‍, ലൗ ജിഹാദ്, മതസ്വാതന്ത്ര്യത്തിന് എതിരായ കടന്നുകയറ്റങ്ങള്‍, സമുദായത്തിന് മേലുള്ള പോലീസ് സര്‍വയലന്‍സ് തുടങ്ങിയ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി അന്വേഷിച്ചാല്‍ ഇത് ബോധ്യമാവും. മാത്രമല്ല, സമുദായ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന സമുദായ സംഘടനാ സംരംഭങ്ങളെ, വിശിഷ്യാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പല രീതിയില്‍ തകര്‍ക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ആന്തരികമായി മുസ്ലിം സമുദായം ഈ പ്രതിസന്ധി മറികടക്കുന്നത് ഗള്‍ഫ് പണം, മത സാംസ്‌കാരിക സംഘടനകളുടെ ഇടപെടലുകള്‍, രാഷ്ട്രീയമായും ചരിത്രപരമായുമുള്ള ഇടപെടലകുള്‍ എന്നിവ നല്‍കുന്ന ചില പ്രതീതികളിലൂടെയാണ്. എന്നാല്‍ മുസ്‌ലിം സമുദായത്തിലെ വ്യത്യസ്ത വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നതിനും, ജനാധിപത്യ പ്രകിയയിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രതീതി നിര്‍മിതിക്കും അമിതമായ ദൃശ്യതക്കുമപ്പുറമായി കാര്യമായെന്തെങ്കിലും (Substantial) നാം ചെയ്യുന്നുണ്ടോ എന്നത് വിശകലനവിധേയമാക്കണം. കുറഞ്ഞ പ്രാതിനിധ്യവും അമിത ദൃശ്യതയുമെന്ന (Less representation, Hyper visibility) സാഹചര്യമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിന്. 

നിതാഖാത്ത് അടക്കമുള്ള ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വാഭാവികമായും മുസ്‌ലിം സമുദായം സാമ്പത്തികമായി കൂടുതല്‍ പിന്നാക്കമാവുകയാണ് ചെയ്തിട്ടുള്ളത്. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള കുടിയേറ്റങ്ങളിലൂടെ ഉന്നത വിദ്യഭ്യാസ രംഗത്ത് നേരിയ തോതിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തില്‍ പിന്നാക്കാവസ്ഥ തുടരുക തന്നെയാണ്. സമുദായത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ  പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവേണ്ടത് രാഷ്ട്രീയമായി തന്നെയാണ്. കൂടുതല്‍ രാഷ്ട്രീയാധികാരം കൈവരിച്ചും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ വിലപേശല്‍ ശേഷി വര്‍ധിപ്പിച്ചും ഇതര പിന്നാക്ക സമുദായങ്ങളുമായി ഐക്യപ്പെട്ടും മാത്രമേ അത് സാധ്യമാകൂ. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊുവന്നും ആ രാഷ്ട്രീയ ശേഷി കൈവരിക്കാന്‍ സാധിക്കണം. അല്ലാത്ത പക്ഷം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഇരകളായി മുസ്‌ലിം സമുദായം മാറും.

അതോടൊപ്പം പാലോളി കമീഷന്‍ റിപ്പോര്‍ട്ട് ഒരു റഫറന്‍സായി സ്വീകരിക്കാതെ, കേരളത്തിലെ മുസ്‌ലിംകളുടെയും ഇതര പിന്നാക്ക സമൂഹങ്ങളുടെയും സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും, മുന്നാക്ക സമൂഹങ്ങളുടെ മുന്നാക്കാവസ്ഥയും വസ്തുനിഷ്ഠമായി അനാവരണം ചെയ്യുന്ന സമഗ്രമായ ഒരു പഠനം പുറത്തിറക്കാന്‍ ശ്രമം നടത്തുകയും വേണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍