Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

പ്രസന്നന്റെ ജീവിതമെഴുത്ത്

മഹ്മൂദ് വാടിക്കല്‍

''എന്തിനാണ് ജീവിക്കുന്നത് എന്ന ചോദ്യം ഞാനേതായാലും സ്വയം ചോദിച്ചുപോയതിന്റെ ബാക്കിപത്രമായിരുന്നു അത്തരം നിരാശകളും സംഭവങ്ങളും. ഇതൊന്നും ചിന്തിക്കാത്തോര്‍ക്കൊരു കുന്തവും സംഭവിക്കാനില്ലതാനും. എങ്കിലും ചിരിക്കുന്ന മൃഗം എന്ന് വിശേഷിപ്പിക്കപ്പെട്ട മനുഷ്യന്‍ ചിന്തിക്കുന്ന മൃഗമെങ്കിലുമായി മാറണം എന്നാണെനിക്ക് ഇപ്പോള്‍ തോന്നുന്നത്. എന്തിനു ജീവിക്കുന്നു എന്ന ചോദ്യം ഞാന്‍ എന്നോട് ചോദിച്ചതുകൊണ്ടാവും എന്തിനാണ് ജീവിക്കേണ്ടത് എന്നതിന്റെ ഉത്തരം ദൈവം എനിക്ക് പറഞ്ഞുതന്നത്.

ആയിടക്കെപ്പോഴോ ദൈവം കയറിവരുന്നു. 'ദൈവം സത്യമോ മിഥ്യയോ' എന്ന യതിയുടെ പുസ്തകമാണ് അതിലേക്കു പറിച്ചുനട്ടത്. പിന്നെ ഈ ദൈവം ആരാണെന്നറിയാനായി ശ്രമം. അതങ്ങനെ എളുപ്പം പിടികിട്ടില്ല എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാണ് അഹങ്കാരത്തിന്റെ ഭാരം കുറച്ചു തലകുനിക്കാന്‍ ശീലിച്ചത്. ആ തലകുനിക്കല്‍ എന്തായാലും ഭൂമിയിലെ സൃഷ്ടികളോട് വേണ്ട, അതിന്റെയൊക്കെ സ്രഷ്ടാവിനോട് മാത്രം മതി എന്ന വിപ്ലവം തലയിലേറ്റിയതും'' ('ജീവിക്കാന്‍ തോന്നാത്ത നാളുകളില്‍ സംഭവിച്ചത്'- പ്രബോധനം മാര്‍ച്ച് 9-2018).

പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ചുവരുന്ന പ്രസന്നന്റെ അനുഭവക്കുറിപ്പുകളില്‍നിന്നുള്ളതാണ്  മുകളിലത്തെ വരികള്‍. അയല്‍ക്കാരനും അടുത്ത സുഹൃത്തുമായ സഹോദരന്‍ പ്രസന്നന്റെ മേല്‍വരികള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായ  ചിന്താ വിപ്ലവത്തിലേക്ക് സൂചന നല്‍കുന്നു. അടുത്തില ഈസ്റ്റില്‍ പ്രസന്നന്‍ ജനിച്ചുവളര്‍ന്ന വീടിനടുത്ത് (ഇന്നും പ്രസന്നന്‍ അമ്മയോടൊത്ത് ഇവിടെ താമസിക്കാറുണ്ട്) ഇരുപത്തിരണ്ടു വര്‍ഷമായി താമസിക്കുന്ന ഈ കുറിപ്പുകാരന് പ്രസന്നന്റെ ജീവിതമെഴുത്ത് 'ഒരു ദേശത്തിന്റെ കഥ' കൂടിയാണ്.

പ്രസന്നന്റെ വരികളില്‍ തൗഹീദിന്റെ ഉദാത്തമായ ദൈവ സങ്കല്‍പ്പവും, മനുഷ്യനെ വരിഞ്ഞുമുറുക്കുന്ന സകലമാന കെട്ടുപാടുകളില്‍നിന്നുമുള്ള വിമോചനവും ദര്‍ശിക്കാനാകും. 

വായിച്ചു ശീലിച്ച ലേഖനശൈലികളില്‍നിന്ന് തീര്‍ത്തും വേറിട്ടതും വ്യതിരിക്തവുമാണ് പ്രബോധനത്തിലെ പ്രസന്നന്റെ ജീവിതമെഴുത്ത്. ഇസ്‌ലാം ആശ്ലേഷിച്ചപ്പോള്‍ അദ്ദേഹം അനുഭവിച്ച സമാധാനമാണ് വായനക്കാരുമായി പങ്കിടുന്നത്. അദ്ദേഹത്തിന്റെ എഴുത്തിലെ വരികളേക്കാള്‍ വായിക്കാനുള്ളത് വരികള്‍ക്കിടയിലാണ് എന്നതും ഈ ജീവിതമെഴുത്തിന്റെ പ്രത്യേകതയാണ്.

ജീവിതയാത്രക്കിടയില്‍ അനുഭവിച്ച എല്ലാ സമാധാനങ്ങളൂം എല്ലാ നന്മകളും അത് ഏതു മതക്കാരില്‍നിന്നായാലും തന്റെ ഇസ്‌ലാം അനുഭവമായി കുറിച്ചിടുന്നുണ്ട് പ്രസന്നന്‍. ഇസ്‌ലാം വിഭാവനം ചെയ്യുന്ന മതം എന്തെന്നും മനുഷ്യന്‍ ആരെന്നും കണ്ടെത്തുന്നതിന് ഇത് വായനക്കാരന് സഹായകമാകും. വിശ്വാസം തീര്‍ക്കുന്ന വിനയവും നിലപാടുകളിലെ വ്യക്തതയും ജീവിതത്തിലെ പോലെ തന്നെ പ്രസന്നന്റെ എഴുത്തിലും പ്രകടമാണ്. ലേഖകന്റെ പരന്ന വായനയും വായിച്ചവ തള്ളുന്നതിനു പകരം വായിച്ചും നിരൂപിച്ചും സംവദിച്ചും ഉള്‍ക്കൊള്ളുന്ന രീതിയും തീര്‍ത്തും മാതൃകാപരം. പ്രസന്നനും പ്രബോധനം വാരികക്കും അഭിനന്ദനങ്ങള്‍.

 

 

 

യെച്ചൂരിയെ വിളിക്കൂ, സി.പി.എമ്മിനെ രക്ഷിക്കൂ

സി.പി.എമ്മിന്റെ ശത്രുക്കളും മിത്രങ്ങളും ഒരുപോലെ പാര്‍ട്ടിയുടെ ഭാവിയോര്‍ത്ത് ദുഃഖിക്കുന്ന സന്ദര്‍ഭമാണിത്. സി.പി.എം ഇന്ത്യയില്‍ തകര്‍ച്ച നേരിടുന്നതു കണ്ട് സംഘ് പരിവാര്‍ ഒഴികെ മറ്റാരും സന്തോഷിക്കുകയില്ല. സംഘ് പരിവാര്‍ ഇന്ത്യയില്‍ തങ്ങളുടെ മൂന്ന് ശത്രുക്കളെ തൊട്ടു കാണിച്ചപ്പോള്‍ അതിലൊന്ന് സി.പി.എം ആയിരുന്നല്ലോ. 

ബംഗാളിന് പിറകെ ത്രിപുരയില്‍നിന്നും സി.പി.എം പുറന്തള്ളപ്പെട്ടു. ഇനിയുള്ള തുരുത്ത് കേരളം മാത്രമാണ്. ആരെന്ത് ന്യൂനതകള്‍ പറഞ്ഞാലും സി.പി.എം ജനാധിപത്യ, മതേതര പാര്‍ട്ടി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആ പാര്‍ട്ടിയുടെ നാശത്തില്‍ കോണ്‍ഗ്രസ് പോലും ദുഃഖിക്കുന്നത്. സീതാറാം യെച്ചൂരി രാജ്യസഭയില്‍ വേണ്ട ആളാണെന്നും സ്ഥാനാര്‍ഥിയാക്കുകയാണെങ്കില്‍ തങ്ങള്‍ യെച്ചൂരിക്ക് നിരുപാധിക പിന്തുണ നല്‍കാമെന്നും ആരും അഭ്യര്‍ഥിക്കാതെ തന്നെ സി.പി.എം നേതൃത്വത്തെ കണ്ട് കോണ്‍ഗ്രസ് പറഞ്ഞത് മറക്കാറായിട്ടില്ല. വിനാശകാലേ വിപരീത ബുദ്ധി എന്ന് പറഞ്ഞതുപോലെ കോണ്‍ഗ്രസ് വിരോധം മൂത്ത സി.പി.എം ഈ ഔദാര്യം നിരസിക്കുകയാണ് ചെയ്തത്. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കണമെന്ന് തങ്ങളുടെ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ് അണികള്‍. അണികള്‍ എന്നു പറയുമ്പോള്‍ പാര്‍ട്ടിയുടെ കേരള ഘടകം എന്നേ അര്‍ഥമാക്കേണ്ടതുള്ളൂ. ബംഗാള്‍, ത്രിപുര ഘടകങ്ങളെല്ലാം യെച്ചൂരിക്ക് പച്ചക്കൊടി കാണിക്കുകയാണ് ചെയ്തത്.

കേരളം ഭരിക്കുന്ന മുന്നണിയുടെ നേതൃത്വം ഇന്ന് സി.പി.എമ്മിന്റെ കരങ്ങളിലാണ്. ഇവിടത്തെ പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസ്സുമാണ്. കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുന്നതില്‍നിന്ന് സി.പി.എമ്മിനെ തടയുന്ന ഘടകം ഇതാണ്.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് കോടാലി വെച്ച, ഗാട്ട് കരാറിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്ത മഹാ പാതകങ്ങളൊക്കെ ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെങ്കിലും, രാജ്യത്തിന്റെ ഭരണഘടന തന്നെ മാറ്റിയെഴുതാന്‍ കോപ്പു കൂട്ടുന്ന ബി.ജെ.പിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സിന്റെ സഹായം കൂടി ആവശ്യമായി വന്നിരിക്കുന്നു. അതിലൂടെ സി.പി.എമ്മിന് പിടിച്ചുനില്‍ക്കുകയും ചെയ്യാം. ഇതാണ് യെച്ചൂരി പറയുന്നത്.

അതുകൊണ്ട് പറയട്ടെ, പാര്‍ട്ടി ഉപ്പു വെച്ച കലം പോലെ ആവാതിരിക്കാന്‍ 'യെച്ചൂരിയെ വിളിക്കൂ, സി.പി.എമ്മിനെ രക്ഷിക്കൂ.'

കെ.പി അബൂബക്കര്‍ മുത്തനൂര്‍

 

 

 

 

സോഷ്യല്‍ മീഡിയയെ വേണ്ടവിധം ഉപയോഗിക്കുന്നില്ല

ദഅ്‌വാ മേഖലയില്‍ മഹത്തായ സേവനമാണ് സോഷ്യല്‍ മീഡിയ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രസ്ഥാന നേതാക്കളും പണ്ഡിതന്മാരും വെള്ളിയാഴ്ച നടത്തുന്ന ഖുത്വ്ബകള്‍ അറുപതോളം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും യൂട്യൂബിലും പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള പതിനായിരക്കണക്കിന് ആളുകള്‍ അവ ശ്രവിക്കുന്നു.

അതേസമയം സോഷ്യല്‍ മീഡിയയെ  പ്രസ്ഥാനം വേണ്ട വിധം ഉപയോഗപ്പെടുത്തുന്നില്ല എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. 

പ്രസ്ഥാന നേതൃത്വത്തിലൊരാള്‍ക്കും ട്വിറ്റര്‍ അക്കൗണ്ട് ഉള്ളതായി അറിയില്ല. ഇന്ന് പല സംഘടനാ നേതാക്കളും ട്വിറ്ററിലൂടെയാണ് ആനുകാലിക വിഷയങ്ങളെ കുറിച്ച തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമൂഹവുമായി പങ്കുവെക്കുന്നത്. പല വിഷയങ്ങളിലും പ്രസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായങ്ങളും നിരൂപണങ്ങളും വരുന്നത് പ്രസ്ഥാന ജിഹ്വകളിലൂടെയാണ്. അവ എല്ലാവരും വായിച്ചുകൊള്ളണമെന്നില്ലല്ലോ.

തന്മൂലം പല വിഷയങ്ങളിലും പ്രസ്ഥാനത്തിന്റെ നിലപാട് എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ മുസ്‌ലിം സമൂഹത്തിന് കഴിയുന്നില്ല. ഉദാഹരണത്തിന്, ഹാദിയ വിഷയത്തില്‍ പ്രസ്ഥാനമെടുത്ത നിലപാടിനെ കുറിച്ച് വിവിധ കോണുകളില്‍നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍,  പ്രസ്ഥാനം സ്വീകരിച്ച നിലപാട് വ്യക്തമായി അറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.

വിവിധ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് നടത്തുന്ന കാമ്പയിനുകള്‍ക്ക് സോഷ്യല്‍ മീഡിയ യഥാവിധി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ആശാവഹമായ ഫലങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

പി.എ ശറഫുദ്ദീന്‍, മാഞ്ഞാലി, എന്‍. പറവൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍