Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

ടി. പോക്കര്‍ മാസ്റ്റര്‍

ഇ. സിദ്ദീഖ്

ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തെ ജീവിച്ചു കാണിച്ച വ്യക്തിയായിരുന്നു നാദാപുരത്തെ ടി. പോക്കര്‍ മാസ്റ്റര്‍. ഇത്രമാത്രം  പ്രസ്ഥാനത്തെ നെഞ്ചേറ്റിയ ആളുകള്‍ മേഖലയില്‍ അപൂര്‍വം. അതുകൊണ്ടു തന്നെ പോക്കര്‍ സാഹിബിനെ അറിയാത്തവര്‍ പ്രസ്ഥാന നേതൃത്വത്തിലും പ്രവര്‍ത്തകരിലും വിരളമായിരിക്കും. കുറ്റ്യാടി ഇസ്ലാമിയാ കോളേജുമായുള്ള നീണ്ട സഹവാസവും ഹാജി സാഹിബ്, കെ.സി അബ്ദുല്ല മൗലവി, കെ. മൊയ്തു മൗലവി ഉള്‍പ്പെടെയുള്ള ആദ്യകാല പ്രസ്ഥാന നായകരുമായുള്ള ഉറ്റ ബന്ധവും പോക്കര്‍ മാസ്റ്ററിലെ ഉല്‍പതിഷ്ണുവെ ഉണര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. കല്യാണം പോലും പ്രാസ്ഥാനിക കുടുംബത്തില്‍നിന്നാകണമെന്ന നിബന്ധന കാരണമാണ് അദ്ദേഹത്തിന്റെ വിവാഹം കൊടിയത്തൂരില്‍നിന്നായത്. നാദാപുരത്തെ പാരമ്പര്യവാദികളുടെ മണ്ണിലായിരുന്നു പോക്കര്‍ മാസ്റ്റര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. ദീനീ രംഗത്തെ ഉണര്‍വിന്റെ പേരില്‍ രണ്ടാം പൊന്നാനി എന്ന് വിശേഷിപ്പിക്കപ്പെട്ട നാദാപുരം പക്ഷേ ആദ്യകാലങ്ങളില്‍ ഉല്‍പതിഷ്ണു പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഈ സമയത്താണ് പോക്കര്‍ സാഹിബ് എന്ന ഒറ്റയാന്‍ പ്രബോധനവും കക്ഷത്തു വെച്ച് നീണ്ടു നിവര്‍ന്ന് നടന്നത്. ശാരീരികമായും മാനസികമായും പല തവണ സംഘടിത പീഡനങ്ങള്‍ക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്. പക്ഷേ ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. പ്രസ്ഥാന വഴിയില്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം വര്‍ഷങ്ങള്‍കൊണ്ട് ഫലം കണ്ടു.  നിരവധി പ്രവര്‍ത്തകരെ അദ്ദേഹം പ്രസ്ഥാനത്തിന് സമ്മാനിച്ചു. കുറ്റ്യാടി അല്‍മദ്റസത്തുല്‍ ഇസ്ലാമിയയില്‍ നീണ്ട കാലം അധ്യാപകനായും ഇസ്‌ലാമിയാ കോളേജില്‍ ലൈബ്രേറിയനായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലൂടെ കുറ്റ്യാടി, വേളം, പാലേരി  ഭാഗങ്ങളില്‍ അദ്ദേഹത്തിന് നൂറുകണക്കിന് ശിഷ്യരുണ്ടായി. കുറ്റ്യാടിയില്‍നിന്ന് വിരമിച്ച ശേഷം നാദാപുരം 'സര്‍ഗ' കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. നാദാപുരത്ത് ഈടുറ്റ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി സ്ഥാപിച്ചത് പോക്കര്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. പുസ്തകങ്ങളെ കൂട്ടുകാരനാക്കിയ അദ്ദേഹം മരിക്കുംവരെ ഇവിടെ ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. മരണം വരെ പ്രബോധനത്തിന്റെ നാദാപുരം  ഏജന്റായിരുന്നു. പ്രാസ്ഥാനിക രംഗത്ത് കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം തികച്ചും ലളിത ജീവിതമാണ് നയിച്ചിരുന്നത്. ഔപചാരിക വിദ്യാഭ്യാസം അത്രയൊന്നും ലഭിച്ചില്ലെങ്കിലും സ്വപ്രയത്‌നം കൊണ്ട് പള്ളി ദര്‍സുകളില്‍നിന്നും പരന്ന വായനയില്‍ കൂടിയും അറബി ഭാഷയിലും കര്‍മശാസ്ത്രത്തിലും ഖുര്‍ആന്‍ തഫ്‌സീറിലും അവഗാഹം നേടിയിരുന്നു. പോക്കര്‍ മാസ്റ്ററുടെ അറബി വ്യാകരണ ക്ലാസ്സ് ലഭിക്കുന്നതിന് ദൂരദിക്കുകളില്‍നിന്നുപോലും നിരവധി പേര്‍ എത്തുമായിരുന്നു. വടിവൊത്ത ഭാഷയില്‍ എഴുതാനും സംസാരിക്കാനും അദ്ദേഹത്തിനുള്ള പ്രാവീണ്യം ശ്രദ്ധേയമാണ്.

 

 

 

ടി.കെ മുഹമ്മദ് മാസ്റ്റര്‍ 

കാര-കാതിയാളം പ്രദേശത്ത് പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ മുമ്പേ നടന്ന വ്യക്തിത്വമാണ് ടി.കെ മുഹമ്മദ് മാസ്റ്റര്‍. കാതിയാളം മഹല്ല് പള്ളിയില്‍ ഒ.ടി മൗലവി (വെളിയങ്കോട്) ഇമാമായി ജോലിചെയ്യുന്ന കാലം മുതലേ ടി.കെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായി. അധ്യാപനവൃത്തിക്കിടയിലും പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു. അമുസ്‌ലിം സുഹൃത്തുക്കളുമായി ഈടുറ്റ ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അവര്‍ക്ക് പ്രബോധനം വാരിക സ്ഥിരമായി നല്‍കിവന്നു. കുടുംബത്തെ ഇസ്‌ലാമികവത്കരിക്കാനും പ്രസ്ഥാന മാര്‍ഗത്തില്‍ അവരെ സജീവമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ആളുകളുടെ വലിപ്പച്ചെറുപ്പമൊന്നും സൗഹൃദം സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിന് തടസ്സമായില്ല. കണ്ടുമുട്ടുന്ന കുട്ടികള്‍ വരെ ആ സൗഹൃദത്തിന്റെ ഊഷ്മളത അറിഞ്ഞവരാണ്. സൗഹൃദവും പുഞ്ചിരിയുമാണ് ടി.കെ. ഇമ്പമാര്‍ന്ന ഖുര്‍ആന്‍ പാരായണത്തിന്റെ ഉടമയായിരുന്ന അദ്ദേഹം നല്ല ഗായകനുമായിരുന്നു. ഖുര്‍ആനികാശയങ്ങളുടെ പദ്യാവിഷ്‌കാരം വിവിധ പരിപാടികളില്‍ അവതരിപ്പിക്കുമായിരുന്നു.

 

 

 

തണ്ടാശ്ശേരി ബാവ 

ചേന്നര, പെരുന്തിരിത്തി പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു തണ്ടാശ്ശേരി ബാവ സാഹിബ്.  ചേന്നര ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് രൂപീകരണത്തിലും പ്രസ്ഥാനത്തിന് സ്വന്തമായൊരു ഓഫീസ് സ്ഥാപിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. പെരുന്തിരുത്തി പുതിയ ജുമുഅത്ത് പള്ളി, അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ തുടങ്ങിയവയുടെ ഭാരവാഹിയായും ദീര്‍ഘകാലം സേവനം ചെയ്തു. മക്കളെയും മരുമക്കളെയും സജീവ പ്രസ്ഥാന പ്രവര്‍ത്തകരാക്കുന്നതില്‍ വിജയിച്ചു. മക്കള്‍: ടി. നസ്‌റുല്ല, ടി. ശരീഫ്, ടി. സൈനബ, ടി. റുഖിയ, ടി. റസിയ.

എന്‍.കെ സാജിദ് മാസ്റ്റര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍