എ കോംഗോളീസ് സുഡാനി ഫ്രം നൈജീരിയ ഇന്‍ മലപ്പുറം
രാഷ്ട്രവാഴ്ചക്കു കീഴില്‍ പൗരന്മാര്‍ സംശയങ്ങളാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും. സുസംഘടിതമായ മസ്തിഷ്‌കത്തിന്റെയും പേശിയുടെയും ഭയജന്യമായ സമുച്ചയത്തിന്റെ സൃഷ്ടിയായ സംശയങ്ങളാണിവ. ഒരു ജനതയുടെ സുഘടിതമായ, സ്വാര്‍ഥതാല്‍പര്യങ്ങളുടേതായ രാഷ്ട്രത്തിന് മനുഷ്യഗുണവും ആത്മീയഗുണവും തീരെ കുറവായിരിക്കും.
(രബീന്ദ്രനാഥ് ടാഗോര്‍ - Nationalism)
'ദാരിദ്ര്യവും വംശീയതയും അഴിമതിയുമൊന്നും ആഫ്രിക്കയുടെ key characteristics അല്ല' എന്നത് അബ്ദുര്‍റഹ്മാന്‍ സിസ്സാക്കോവിന്റെ 'ബമാക്കോ' എന്ന സിനിമയിലെ ഒരു പ്രസ്താവനയാണ്.
ആഗോളവല്‍ക്കരണത്തെ വിചാരണ ചെയ്യുകയാണ് ഈ സിനിമ. ഒരു വീട്ടുമുറ്റത്തെ സാങ്കല്‍പിക കോടതിയില്‍ ലോകബാങ്കും ഐ.എം.എഫും പ്രതികളായി നില്‍ക്കുന്നു. വിചാരണയില്‍ യഥാര്‍ഥ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങള്‍ ഇടപെടുകയും ചെയ്യുന്നു.
വെളുത്തവന്റെ സാമ്രാജ്യത്വമോഹങ്ങള്‍ അധിനിവേശത്തിനും ചൂഷണത്തിനുമൊക്കെ ന്യായമാക്കിയത്, അധിനിവിഷ്ട പ്രദേശങ്ങളിലെ ജനതകളുടെ അപരിഷ്‌കൃതത്വത്തെക്കുറിച്ച നിറം പിടിപ്പിച്ച നുണകളാണ്. White man's burden എന്ന, റഡ്യാഡ് കിപ്ലിങ്ങിന്റെ പ്രയോഗത്തിന്റെ ആധാരം തന്നെ ഈ നുണകളാണല്ലോ. ഇരുണ്ട ഭൂഖണ്ഡത്തില്‍ ഇരുണ്ട ജീവിതം നയിക്കുന്ന കാനിബലിസ്റ്റുകള്‍ ആയിപ്പോലും കഥകളിലും സിനിമകളിലും ആഫ്രിക്കന്‍ ജനത ചിത്രീകരിക്കപ്പെട്ടു. അധിനിവേശകാലത്ത് ഉന്നയിക്കപ്പെട്ടതും ആഗോളീകരണകാലത്തും തുടരുന്നതുമായ ആരോപണങ്ങളെ ഖണ്ഡിക്കുകയാണ് 'ബമാക്കോ'യിലെ ആഫ്രിക്കന്‍ ജനതക്കു വേണ്ടി വാദിക്കുന്ന വക്കീല്‍.
പ്രശ്‌നകലുഷിതം തന്നെയാണ് ശരാശരി ആഫ്രിക്കന്‍ ജീവിതം. എന്നാല്‍ എന്തുകൊണ്ട്, എങ്ങനെ? ആഫ്രിക്കയുടെ സഹജസ്വഭാവമാണത് എന്ന് കരുതുന്നുണ്ടോ? ആരാണ് ഈ ഭൂപ്രദേശത്തെ സംഘര്‍ഷങ്ങളുടെയും വറുതിയുടെയും മണ്ണാക്കി മാറ്റിയത്? പെട്രോള്‍, ഡീസല്‍ ഉല്‍പാദനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് നൈജീരിയ. അതേസമയം ആഗോള പട്ടിണി സൂചികയില്‍ (Global Hunger Index) ഇടം പിടിച്ച രാജ്യവുമാണത്. ലോകത്തെ പത്ത് പട്ടിണി രാജ്യങ്ങളെടുത്താല്‍ അതില്‍ യമന്‍ ഒഴികെ ബാക്കി മുഴുവനും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. അക്കൂട്ടത്തിലൊന്നായ സിയറ ലിയോണ്‍ ഡയമണ്ട് ഖനനം നടക്കുന്ന രാജ്യമാണ്.
അതായത്, വിഭവങ്ങളില്ലാത്തതുകൊണ്ടല്ല വറുതിയും ദാരിദ്ര്യവും. സ്വേഛാധിപത്യവും ആഭ്യന്തരയുദ്ധങ്ങളുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടാറുള്ളതെങ്കിലും വന്‍ ബഹുരാഷ്ട്ര കുത്തകകളുടെയും ആഗോളസാമ്രാജ്യത്വത്തിന്റെയും ചൂഷണമാണ് പ്രധാന വില്ലന്‍.
വംശീയതയും ഗോത്രവൈരങ്ങളും തന്നെയും കൊളോണിയല്‍ വാഴ്ചയുടെ ഫലമാണ്. 1994-ല്‍ റ്വാന്‍ഡയില്‍ നൂറ് ദിവസത്തിനകം അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടു. ഹുതു, തുത്‌സി വംശീയ കലാപമായിരുന്നു കാരണം. റ്വാന്‍ഡയിലെ ഹുതുക്കള്‍ക്കും തുത്‌സികള്‍ക്കുമിടയില്‍ വൈരം കുത്തിവെച്ചത് ബെല്‍ജിയന്‍ കോളനി വാഴ്ചയാണ്. ഈ പ്രവണതകളുടെ തുടര്‍ച്ച തന്നെയാണ് പുതിയ കാലത്തെ ആക്രാമക മതമൗലികവാദവും.
ആഫ്രിക്കയെക്കുറിച്ച ഈ ചിന്തകള്‍ മനസ്സിലേക്ക് കൊണ്ടുവന്നത് സകരിയ്യ സാക്ഷാത്കരിച്ച സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയാണ്. അതിലെ നൈജീരിയക്കാരനായ കഥാപാത്രത്തിന്റെ അനുഭവങ്ങളില്‍ ആഭ്യന്തരയുദ്ധങ്ങളും പട്ടിണിയും ജലക്ഷാമവും കടന്നുവരുന്നു. സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അതേ പേരുള്ള നൈജീരിയന്‍ നടനാണ്.
അഞ്ഞൂറില്‍പരം ഗോത്രവര്‍ഗങ്ങളുള്ള രാജ്യമാണ് നൈജീരിയ. ഔദ്യോഗിക വിവരമനുസരിച്ച് അഞ്ഞൂറ്റി ഇരുപത്തൊന്ന് ഭാഷകളും ഉണ്ട്. Ethno Linguistic Diversity എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സവിശേഷതയാണ്. ഇവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് കൊളോണിയല്‍ ശക്തികളും തുടര്‍ന്ന് പല രാജ്യങ്ങളിലും അധികാരത്തില്‍ വന്ന സ്വേഛാധിപത്യ ഭരണകൂടങ്ങളും ചെയ്തത്.
1960-ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയ നൈജീരിയയില്‍ 1967 മുതല്‍ 1970 വരെ രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന രൂക്ഷമായ ആഭ്യന്തര യുദ്ധം അരങ്ങേറി. ഗിനിയന്‍ ഗള്‍ഫിന്റെ (Gulf of Guinea) കിഴക്കേ അറ്റമായ ബയാഫ്ര ഉള്‍ക്കടലിന്റെ (Bight of Biafra) തീരത്തുള്ള നൈജര്‍ ഡെല്‍റ്റ ഇഗ്‌ബോ ഗോത്രവിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലയാണ്. ധാരാളം എണ്ണനിക്ഷേപമുള്ള ഈ പ്രദേശത്ത് ഗോത്രപരമായ അസ്വാസ്ഥ്യങ്ങള്‍ രൂപപ്പെടുകയും ടമേലേ ീള ആശമളൃമ എന്ന പേരില്‍ ഒരു വിഘടിത രാഷ്ട്രം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇതോടെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തില്‍ വമ്പിച്ച നാശനഷ്ടങ്ങളും രൂക്ഷമായ അഭയാര്‍ഥി പ്രവാഹവുമുണ്ടായി. യുദ്ധം സൃഷ്ടിച്ച വറുതിയില്‍ അഞ്ച് ലക്ഷത്തിനും രണ്ട് ദശലക്ഷത്തിനും ഇടയില്‍ ആളുകള്‍ വിശന്നുമരിച്ചത്രെ.
ഇതിനു ശേഷമുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഒഗോണി ഗോത്രവിഭാഗവുമായി ബന്ധപ്പെട്ടത്. നൈജീരിയയുടെ തെക്കുകിഴക്കന്‍ പ്രദേശത്ത് എണ്ണഖനനം നടത്തിക്കൊണ്ടിരുന്ന ഞീ്യമഹ ഊരവ ടവലഹഹ എന്ന കമ്പനിയുടെ ചൂഷണത്തില്‍ തകര്‍ന്നുപോയ ഒഗോണി ഗോത്രജീവിതത്തിനു വേണ്ടി വിഖ്യാത കവി കെന്‍ സാരോ വീവയുടെ നേതൃത്വത്തില്‍ നടന്ന ചെറുത്തുനില്‍പ് സമാധാനപരമായിരുന്നെങ്കിലും സാനി അബാച്ചയുടെ പട്ടാള ഗവണ്‍മെന്റ് അതിനോട് കര്‍ക്കശ നിലപാടാണ് സ്വീകരിച്ചത്. സാരോ വീവയെ സര്‍ക്കാര്‍ തൂക്കിലേറ്റി.
ബോകോ ഹറാം പോലുള്ള തീവ്രവാദ മതസംഘടനകളാണ് ഇപ്പോള്‍ രാഷ്ട്രത്തിന്റെ സൈ്വര്യം കെടുത്തുന്നത്. നൈജീരിയക്ക് പുറമേ ഛാഡ്, നൈജര്‍, കാമറൂണ്‍ എന്നിവിടങ്ങളിലും വേരുകളുള്ള The Islamic State in West Africa (ISWA) എന്ന സംഘടനയാണ് ബോകോ ഹറാം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവരുടെ ആക്രമണങ്ങള്‍ നിമിത്തവും നിരവധി പേര്‍ക്ക് ജീവനും പാര്‍പ്പിടവും നഷ്ടപ്പെട്ടു. പതിനായിരക്കണക്കിന് കുട്ടികള്‍ ഈ രാജ്യങ്ങളില്‍ വിശന്നു മരിക്കുന്നുണ്ടെന്ന് യൂനിസെഫ് കണക്കുകള്‍ പറയുന്നു.
സകരിയ്യയുടെ സിനിമയില്‍ രണ്ട് നായക കഥാപാത്രങ്ങളാണ് ഉള്ളത്. സ്ത്രീ നായക കഥാപാത്രം എന്നു പറയാവുന്ന ആരും ഇല്ലെങ്കിലും സപ്പോര്‍ട്ടിംഗ് റോളുകളില്‍ കടന്നുവരുന്ന രണ്ട് ഉമ്മമാര്‍ പലപ്പോഴും കീ റോളിലേക്ക് കയറി നില്‍ക്കുന്നു. നൈജീരിയക്കാരനായ സാമുവല്‍ ആണ് രണ്ടുപേരില്‍ ഒരാള്‍. രണ്ടാമന്‍ മലപ്പുറത്തുകാരന്‍ മജീദും. വൃത്താന്തങ്ങളുടെ പര്‍വതീകരണത്തിലൂടെ മലയാളിയുടെ മനസ്സില്‍ നിഷേധാത്മകമായ ഇടം നേടിയ ഒരു ജനവിഭാഗമാണ് നൈജീരിയക്കാര്‍. സാമ്പത്തികത്തട്ടിപ്പ്, മയക്കുമരുന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവര്‍. മലപ്പുറം എന്ന് സിനിമയില്‍ പരാമര്‍ശമില്ല. സിനിമയുടെ സ്ഥലപശ്ചാത്തലം മലപ്പുറം ജില്ലയിലെ വാഴയൂര്‍ ആണ്. മലപ്പുറത്തെപ്പറ്റി കെട്ടിച്ചമക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്ന പ്രതീകങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ച ശേഷം അതില്‍ അഭിരമിക്കാന്‍ ശ്രമിക്കുന്ന കപട സിനിമക്കാരിലൂടെ പ്രചരിപ്പിക്കപ്പെടുന്നതുമായ വലിയ നുണകളുണ്ടല്ലോ. ഇത്തരം ഇമേജുകളെയെല്ലാം തകര്‍ക്കാന്‍ ശ്രമിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ.
ആഫ്രിക്കക്കാരെ മുഴുവനും സുഡാനി എന്ന് വിളിക്കുന്ന രീതി ഗള്‍ഫ് കുടിയേറ്റത്തിലൂടെയാണോ മലപ്പുറത്തെ ഫുട്‌ബോള്‍ ഭ്രാന്തില്‍നിന്നാണോ രൂപം കൊണ്ടത് എന്ന് ഇതെഴുതുന്നയാള്‍ക്ക് നിശ്ചയമില്ല. ഇത്തരം സംബോധനകള്‍ വേറെയുമുണ്ടല്ലോ. ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാ മലയാളികളെയും അറബികള്‍ മലബാരി എന്നാണ് വിളിക്കുക. ഇന്ത്യയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ളവരെല്ലാം മദ്രാസികളാണ്. കേരളത്തില്‍ ജോലി തേടി ആദ്യമൊക്കെ തമിഴ്‌നാട്ടില്‍നിന്നായിരുന്നു കൂടുതല്‍ ആളുകള്‍ വന്നിരുന്നത്. അക്കാലത്ത് തമിഴനായാലും കന്നഡിഗനായാലും തെലുങ്കനായാലും നമുക്ക് അണ്ണാച്ചിയാണ്. ഇപ്പോഴാകട്ടെ, തമിഴനല്ലാത്ത എല്ലാ ഇതര സംസ്ഥാനക്കാരും ബംഗാളികള്‍ എന്നാണ് സംബോധന ചെയ്യപ്പെടുന്നത്.
സുഡാനി വിളി കേട്ടപ്പോള്‍ നോട്ട് ഫ്രം സുഡാന്‍, ഐ ആം ഫ്രം നൈജീരിയ എന്ന് പറഞ്ഞതോടെ സാമുവല്‍ സുഡാനി ഫ്രം നൈജീരിയ ആയി. സത്യത്തില്‍ അയാള്‍ നൈജീരിയക്കാരനാണോ? അതുമല്ലെന്ന സൂചനയാണ് ചിത്രം തരുന്നത്. അയാളുടെ നൈജീരിയന്‍ പാസ്‌പോര്‍ട്ട് ഫെയ്ക് ആണ്. ആഭ്യന്തര യുദ്ധത്തില്‍ അഛനമ്മമാര്‍ നഷ്ടപ്പെട്ടതിനെപ്പറ്റി പറയുന്നുണ്ട് അയാള്‍. നൈജീരിയന്‍ ആഭ്യന്തരയുദ്ധം അവസാനിച്ചത് എഴുപതിലാണ്. അതിലാണ് അവര്‍ കൊല്ലപ്പെട്ടതെങ്കില്‍ സാമുവലിന് ഇപ്പോള്‍ അമ്പത് വയസ്സെങ്കിലും ആയിക്കാണും. എന്നാല്‍ സകരിയ്യയുടെ സാമുവല്‍ യുവപ്രായത്തിലേക്ക് കടക്കുന്നേയുള്ളൂ. അപ്പോള്‍ കഥ നൈജീരിയക്കും അപ്പുറത്തേക്ക് നീങ്ങുന്നു.
ലഗോസിലെ അഭയാര്‍ഥി ക്യാമ്പില്‍നിന്നാണ് അയാള്‍ വരുന്നത്. തൊണ്ണൂറുകളിലെ കോംഗോ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്നാണ് ലഗോസിലേക്ക് വ്യാപകമായ അഭയാര്‍ഥി പ്രവാഹമുണ്ടായത്. ഈ പശ്ചാത്തലം കൂടി പരിഗണിക്കുമ്പോള്‍ അയാള്‍ നൈജീരിയയില്‍നിന്ന് മലപ്പുറത്തേക്ക് വന്ന ഒരു കോംഗോളീസ് 'സുഡാനി'യാണ്.
സകരിയ്യയുടെ സിനിമക്ക് പല മാനങ്ങളുമുണ്ട്. ഒന്നാമതായും അത് അതിരുകളോടുള്ള സിസ്റ്റത്തിന്റെ ഭ്രമങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നു. മനുഷ്യസ്‌നേഹത്തിന്റെ വിശാലതക്കാണ് ദേശം അതിരുകളിടുന്നത്. ചിത്രത്തില്‍ പാസ്‌പോര്‍ട്ട് ഒരു വില്ലനാണ്. അതേത്തുടര്‍ന്ന് ഇമിഗ്രേഷന്‍, ക്രൈം ബ്രാഞ്ച്, സ്‌പെഷല്‍ ബ്രാഞ്ച് തുടങ്ങിയ സംവിധാനങ്ങളും. ഇതിന്റെ മറുവശത്ത് മനുഷ്യന്റെ മനസ്സ് അതിരുകള്‍ക്കപ്പുറത്തേക്ക് പായാനാണ് വെമ്പുന്നത്. അവന്റെ സ്‌നേഹവും അലിവും നിരുപാധികം സഞ്ചരിക്കുമ്പോഴാണ് മാനുഷികമായ സംസ്‌കാരത്തിന്റെ ആധാരങ്ങളായി അവ മാറുക.
സാമുവലിന്റെ യാത്ര തന്നെ അതിന്റെ ഒരു സൂചകമാണ്. അഭയം തേടിയാണ് ലഗോസിലേക്ക് വരുന്നത്. ജീവിതപ്രശ്‌നങ്ങളോട് മല്ലടിച്ച് അതിനൊരു പരിഹാരം തേടി, മജീദ് (സൗബിന്‍ ശാഹിര്‍) മാനേജറായ ടീമിനു വേണ്ടി കാല്‍പ്പന്ത് കളിക്കാരന്റെ ദൗത്യമേറ്റെടുത്ത് മലപ്പുറത്തേക്കും വന്നു. ലഗോസില്‍ അയാളുടെ അനിയത്തിമാരും മുത്തശ്ശിയുമുണ്ട്. അവിചാരിതമായി കുളിമുറിയില്‍ തെന്നിവീണതിനെത്തുടര്‍ന്ന് മജീദിന്റെ വീട്ടിലെ അന്തേവാസിയായി അയാള്‍ മാറി. വാഴയൂര്‍ ഗ്രാമവാസികളുമായി ഇഴുകിച്ചേര്‍ന്നതോടെ അവര്‍ക്കെല്ലാമയാള്‍ അവരുടെ പ്രിയപ്പെട്ട സുഡു ആയി.
സിസ്റ്റത്തിന്റെ അതിര് ഭ്രമവും മനസ്സിന്റെ സ്വാതന്ത്ര്യവാഞ്ഛയും തമ്മിലുള്ള ഏറ്റുമുട്ടല്‍ സിനിമയുടെ പ്രധാന പ്രമേയങ്ങളിലൊന്നാണ്.
രണ്ടാമതായി ആഭ്യന്തരയുദ്ധങ്ങളും വറുതികളും നശിപ്പിക്കുന്ന മനുഷ്യനെക്കുറിച്ച ആശങ്കകള്‍ ഈ സിനിമ പങ്കുവെക്കുന്നു. ഇതില്‍ പകച്ചുപോകുന്ന മനുഷ്യന്റെ നിസ്സഹായതയെ അടയാളപ്പെടുത്താനാവാം സിനിമ ആകസ്മികതകളെ കൂട്ടുപിടിക്കുന്നുണ്ട്. കുളിമുറിയില്‍ സാമുവല്‍ തെന്നിവീഴുന്നത് -കളിക്കാന്‍ വന്നയാളായിട്ടും പരിക്ക് പറ്റുന്നത് ഗ്രൗണ്ടില്‍ വെച്ചല്ലെന്നതും- ആകസ്മികതയാണ്. പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നതും പിന്നെയത് കിട്ടുന്നതും വേറെയും ആകസ്മിക സംഭവങ്ങളില്‍ കോര്‍ത്താണ് അവതരിപ്പിക്കുന്നത്. തന്റെ ഭാഗധേയത്തില്‍ തനിക്ക് നിര്‍ണയം അസാധ്യമാകുന്നതിന്റെ കാരണമെന്താണ് എന്ന് സുഡാനി ഫ്രം നൈജീരിയ അന്വേഷിക്കുന്നു.
പടച്ചുണ്ടാക്കപ്പെട്ട ഇമേജുകളെ തകര്‍ക്കുന്നതിനെപ്പറ്റി മുകളില്‍ പറഞ്ഞു. അതാണ് ഇതിന്റെ മൂന്നാമത്തെ മാനം. ഫുട്‌ബോളിനെ ആത്മാവിലാവാഹിച്ചവരാണ് മലപ്പുറത്തുകാര്‍. ഈ സിനിമയെയും ഒരു ഫുട്‌ബോള്‍ സിനിമ എന്ന് വിളിക്കാം. മെസ്സിയെയും നെയ്മറെയുമൊക്കെ സ്വന്തം നാട്ടുകാരാക്കി മാറ്റുന്ന ഒരാഗോള ദര്‍ശനത്തെ ഈ ഫുട്‌ബോള്‍ ഭ്രമം നിര്‍മിക്കുന്നുണ്ട്. ഒരുപക്ഷേ ഈ ദര്‍ശനം തന്നെയാണ് മലപ്പുറത്തുകാരന്റെ ലോകവീക്ഷണവും. ഈ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ആത്മീയത സുഡാനിയുടെ ഓരോ ഫ്രെയിമിലും ഉണ്ട്. പിന്‍ ഷാര്‍പ് ആണ് ഷൈജു ഖാലിദിന്റെ ക്യാമറ.
സ്‌നേഹമാണ് ചിത്രത്തിന്റെ പൊതുവായ വികാരം. സ്‌നേഹം അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നവരാണ് കഥാപാത്രങ്ങള്‍. ലഗോസിലെ ക്രിസ്ത്യാനിയായ ഒരു സ്ത്രീ മരണമടഞ്ഞ വാര്‍ത്ത കേള്‍ക്കുമ്പോള്‍ മജീദ് അല്ലാഹ് എന്ന് ഞെട്ടുന്നു, മജീദിന്റെ ഉമ്മ ഇന്നാലില്ലാഹ് എന്ന് ഉരുവിടുന്നു, അവരുടെ ആത്മശാന്തിക്ക് വേണ്ടി (സാമുവലിന്റെ ആചാരരീതികള്‍ എന്തൊക്കെയെന്നോ അത് ചോദിച്ച് മനസ്സിലാക്കാനുള്ള ഭാഷയോ അറിയാത്തതിനാല്‍) ഖുര്‍ആന്‍ പാരായണം നടത്തിക്കുന്നു (ചാമോത്ത് ആചാരം പോലെ), നൈജീരിയയില്‍നിന്ന് വന്ന ക്രിസ്ത്യന്‍ സുഡാനിക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ മമ്പുറത്തെ പള്ളിയില്‍ പോകുന്നു. ഒന്നും ഏച്ചുകെട്ടായിട്ടല്ല, തികച്ചും സ്വാഭാവികമായി കഥാഗതിയോട് ചേര്‍ന്നുപോകുന്ന വിധത്തില്‍. ഈ കഥാപാത്രങ്ങള്‍ക്ക് അങ്ങനെയേ സാധിക്കൂ എന്ന് അവരെ പരിചയപ്പെടുമ്പോള്‍തന്നെ പ്രേക്ഷകന്‍ മനസ്സിലാക്കുന്നുണ്ട്.
ദീപ്തമായ പ്രതീക്ഷകള്‍ സമ്മാനിക്കുന്നു എന്നതാണ് ചിത്രത്തിന്റെ നാലാമത്തെ മാനം. തോറ്റു നില്‍ക്കുമ്പോഴും മജീദിന് പ്രതീക്ഷയുണ്ട്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലും തിരിച്ചടിക്കാന്‍, ജയിച്ചില്ലെങ്കിലും സമനില പിടിക്കാനെങ്കിലും സാധിക്കുമെന്ന പ്രതീക്ഷയാണ് മജീദിന്റേത്. സാമുവലിന് താനല്ലാതെ മറ്റാരുമില്ലാത്ത അനിയത്തിമാരെ ഉയര്‍ന്ന നിലയിലെത്തിക്കണം എന്ന സ്വപ്‌നവും ചുമതലാബോധവുമാണ്.
എല്ലാ പ്രതീക്ഷകള്‍ക്കും താങ്ങ് സ്‌നേഹം തന്നെ. സ്‌നേഹം കൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണ് ആ രണ്ട് ഉമ്മമാര്‍. മജീദിന്റെ ഉമ്മ ജമീലയും അവരുടെ കൂട്ടുകാരി ബീയുമ്മയും (സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി). ജമീലയുടെ രണ്ടാം ഭര്‍ത്താവും സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും അടയാളം തന്നെ. മജീദിനാല്‍ നിരന്തരം അവഗണിക്കപ്പെടുമ്പോഴും മനസ്സു കൊണ്ട് അയാളുടെ വാപ്പയുടെ സ്ഥാനത്തു തന്നെ കയറി നില്‍ക്കുന്നയാള്‍. സുഡാനിയുടെ മുന്നിലിരുന്ന് ഫാദര്‍ എന്ന് തന്നെ പരിചയപ്പെടുത്തുമ്പോള്‍ കെ.ടി.സി അബ്ദുല്ല എന്ന നടന്റെ കണ്ണുകള്‍ തിളങ്ങുന്നു.
ചിത്രം പകരുന്ന പാരിസ്ഥിതിക അവബോധമാണ് ഇതിന്റെ മറ്റൊരു മാനം. വെള്ളം പാഴാക്കിക്കളയുന്ന സുഹൃത്തിനോട് കയര്‍ക്കുന്ന സാമുവല്‍. അത് അനുവാചക മനസ്സില്‍ ചലനമുണ്ടാക്കുന്നു.
വൈയക്തികവും സാമൂഹികവും പാരിസ്ഥിതികവും ഒക്കെയായ പല തിരിച്ചറിവുകളിലേക്കും നമ്മെ കൊണ്ടുപോകുന്നു സഹ തിരക്കഥാകൃത്തും സാക്ഷാത്കാരകനുമായ സകരിയ്യയും തിരക്കഥയില്‍ പങ്കാളിയായ മുഹ്‌സിന്‍ പരാരിയും. മുദ്രാവാക്യങ്ങളില്ലാതെ, ഒട്ടും മെലോഡ്രാമയിലേക്ക് വഴുതാതെ. ഒരു സദുപദേശ സിനിമയാക്കി ബോറടിപ്പിക്കാതെ; അതിസൂക്ഷ്മവും തികച്ചും സ്വാഭാവികവുമായിക്കൊണ്ട്.
Comments