ദഅ്വത്തും ശഹാദത്തും
2018 ഏപ്രില്‍ 10 മുതല്‍ 30 വരെ ഇസ്ലാമിക പ്രസ്ഥാനം കേരളത്തിലുടനീളം ദഅ്വ കാമ്പയിന് സംഘടിപ്പിക്കുകയാണ്. 'കാലം സാക്ഷി, മനുഷ്യന് നഷ്ടത്തിലാണ്' എന്നാണ് കാമ്പയിന് തലക്കെട്ട്. പ്രപഞ്ചനാഥന് തന്റെ കാരുണ്യാതിരേകത്താല്‍ മനുഷ്യസമൂഹത്തിന് കനിഞ്ഞേകിയ അനുഗ്രഹങ്ങളില്‍ ഏറ്റവും വിലപ്പെട്ടതാണ് സന്മാര്ഗം (ഹിദായത്ത്). ഈ ഹിദായത്തിനോട് മൂന്ന് ബാധ്യതകള്‍ ഓരോ വിശ്വാസിയും നിര്‍വഹിക്കേണ്ടതുണ്ട്.
ഒന്ന്, അല്ലാഹുവിന്റെ ഹിദായത്തിനെ അതിന്റെ എല്ലാ വിശദാംശങ്ങളോടെയും മനസ്സിലാക്കാന്‍ വിശ്വാസി പരിശ്രമിക്കണം. ദൈവിക ദര്‍ശനം നിര്‍ണയിച്ച അതിര്‍വരമ്പുകള്‍ അറിയണം. രണ്ട്, ഹിദായത്തിനെ ജീവിതം കൊണ്ട് പ്രതിനിധീകരിക്കണം. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അധ്യാപനങ്ങള്‍, തന്റെ ജീവിതത്തിന്റെ രഹസ്യങ്ങളിലും പരസ്യങ്ങളിലും പാലിക്കപ്പെടണം. വ്യക്തി, കുടുംബ, സാമൂഹിക, രാഷ്ട്രീയ പാരസ്പര്യം അതിനനുസരിച്ചായിരിക്കണം. ഇടപാടുകളെയും അത് നിര്‍ണയിക്കണം. ഇതിനാണ് ശഹാദത്ത് എന്ന് പറയുന്നത്. മൂന്ന്, ഹിദായത്തിനെ അതിന്റെ അവകാശികള്ക്കെത്തിച്ചുകൊടുക്കുക. സാങ്കേതികമായി അതിനെ ദഅ്വത്ത് (ഇസ്ലാമിക പ്രബോധനം) എന്ന് വിളിക്കുന്നു. അല്ലാഹുവിന്റെ ഹിദായത്ത് മുഴുവന്‍ മനുഷ്യരാശിക്കുമുള്ളതാണ്. അതിന്റെ വെളിച്ചം ലഭിക്കാത്തവരെ തേടി ഒരു മുസ്ലിം നടത്തുന്ന ജീവിതയാത്രയാണ് ദഅ്വത്ത്.
സ്രഷ്ടാവായ ഏകനായ അല്ലാഹുവിന് സമ്പൂര്‍ണമായി കീഴടങ്ങുക എന്നതാണ് ദഅ്വത്തിന്റെ ഉള്ളടക്കം. ഒരു ദൈവത്തിന്റെ സൃഷ്ടികളെന്ന നിലക്ക് മുഴുവന്‍ മനുഷ്യരും സഹോദരന്മാരാണ്. ഏക മാനവികതയാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. സാമുദായിക സൗഹൃദവും ഇഴയടുപ്പങ്ങളും മനുഷ്യബന്ധങ്ങളുടെ കെട്ടുറപ്പും ഇസ്ലാമിന് വളരെ പ്രധാനപ്പെട്ടതാണ്.
ഇസ്ലാമിക പ്രബോധനം അല്ലാഹുവിനാല്‍ നിയോഗിതരായ മുഴുവന്‍ പ്രവാചകന്മാരും നിര്‍വഹിച്ച ദൗത്യമാണ്. അവര്‍ ജീവിതം കൊണ്ട് അതിന് സാക്ഷികളാവുകയും ചെയ്തു. പ്രവാചകത്വ പരിസമാപ്തിയോടെ ഈ ശഹാദത്തും ദഅ്വത്തും അല്ലാഹു ഇസ്ലാമിക സമൂഹത്തെ, മുസ്ലിം സമുദായത്തെ ഏല്‍പ്പിച്ചു. മുസ്ലിമാണെന്ന് അവകാശപ്പെടുകയും എന്നാല്‍ ഈ ദൗത്യം നിര്‍വഹിക്കാതെ, അതിന്റെ അവകാശികളില്‍നിന്ന് അതിനെ മറച്ചുപിടിക്കുകയും ചെയ്യുന്നവനെ അല്ലാഹു വിശേഷിപ്പിച്ചത്, 'തന്റെ വശം അല്ലാഹുവില്‍നിന്നുള്ള സാക്ഷ്യമുണ്ടായിരിക്കുകയും എന്നിട്ടതിനെ ഒളിച്ചുവെക്കുകയും ചെയ്തവനേക്കാള്‍ വലിയ അക്രമി ആരുണ്ട്! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ചൊന്നും അല്ലാഹു അശ്രദ്ധനല്ല തന്നെ'(അല്‍ ബഖറ: 140) എന്നാണ്. പൂര്‍വ പ്രവാചകന്മാരില് വിശ്വസിക്കുകയും എന്നാല്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പിറകോട്ടു പോവുകയും ചെയ്ത സമൂഹങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ട്, ഈ ഉത്തരവാദിത്തം നിര്‍വഹിക്കാത്ത വിശ്വാസികളെ അല്ലാഹു താക്കീത് ചെയ്യുന്നുണ്ട്: ''നാം അവതരിപ്പിച്ചിട്ടുള്ള വ്യക്തമായ ശിക്ഷണങ്ങളെയും നിര്‍ദേശങ്ങളെയും -അതാകട്ടെ അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി വേദത്തില്‍ വിശദീകരിച്ചുകഴിഞ്ഞിട്ടുള്ളതാണ്- ഒളിച്ചുവെക്കുന്നവരാവട്ടെ, അവരെ അല്ലാഹു ശപിക്കുന്നുണ്ട്. ശപിക്കുന്നവരൊക്കെയും ശപിക്കുന്നുണ്ട്''(അല്‍ ബഖറ: 159). അതിനാല്‍ മുസ്ലിം സമുദായത്തിലെ ഓരോ അംഗവും ഈ ചുമതല നിര്‍വഹിച്ചേ പറ്റൂ. പ്രകോപനങ്ങളോ പ്രലോഭനങ്ങളോ ഭീഷണികളോ ഇതില്‍നിന്ന് ഒരാളെ തടഞ്ഞുകൂടാ.
ഇസ്ലാമിക പ്രബോധനമാണ് ഇസ്ലാമിക സമൂഹത്തിന്റെ ഇഹലോക ക്ഷേമത്തിന്റെയും വിജയത്തിന്റെയും മാര്‍ഗം. ഇസ്ലാമിക ജീവിതത്തിന് സാക്ഷികളാവുകയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത ചരിത്ര സന്ദര്‍ഭങ്ങളിലൊക്കെയും അവര്‍ ലോകത്തിന്റെ ജേതാക്കളായി, നേതാക്കളായി, പ്രതാപം അവരെ തേടി വന്നു. അനുഭവിച്ചുകൊണ്ടിരിക്കുന്ന നിന്ദ്യതയില്‍നിന്ന് മോചനം നേടാനും ഇതുമാത്രമാണ് ഉപാധി. ഇതുതന്നെയാണ് പരലോക വിജയത്തിന്റെയും മാനദണ്ഡം.
മുസ്ലിം സമുദായവും ലോകവും അനുഭവിക്കുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള മൗലികമായ പരിഹാരം സജീവമായ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. സമൂഹങ്ങള്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലായിരുന്നല്ലോ അതത് സമൂഹങ്ങളിലേക്ക് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. സാമ്പത്തിക അസന്തുലിതത്വം, ജാതീയ വിവേചനങ്ങള്‍, ഭരണകൂട ഭീകരത, സ്ത്രീസമൂഹത്തോടുള്ള അവഹേളനം, ലൈംഗിക അരാജകത്വം, വാണിജ്യമേഖലയിലെ കുത്തകവല്ക്കരണവും അനീതിയും തുടങ്ങിയ സാമൂഹിക തിന്മകളെ അഭിമുഖീകരിച്ച സമൂഹങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാരെല്ലാം നിര്‍വഹിച്ചത് ദഅ്വത്തായിരുന്നു. അതിലൂടെ സമൂഹത്തെ സമഗ്രമായി പരിഷ്കരിക്കാനും വഴിമുട്ടിയ സാമൂഹിക ജീവിതത്തെ മുന്നോട്ടു നയിക്കാനുമാണ് പ്രവാചകന്മാര് ശ്രമിച്ചത്.
തത്ത്വത്തില്‍ ഇക്കാര്യം അംഗീകരിക്കുമ്പോഴും പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങളെ വിലയിരുത്തുന്ന, സാമൂഹിക-രാഷ്ട്രീയ സമസ്യകളെ വിശകലനം ചെയ്യുന്ന ആരുടെ മനസ്സിലും ഉയര്‍ന്നുവരാവുന്ന ഒരു ചോദ്യമുണ്ട്; എത്രകാലം ഈ ദഅ്വത്തും കൊണ്ട് നടക്കണം? ഉത്തരം വളരെ കൃത്യമാണ്; എത്രയും കാലം. നൂഹ് നബി (അ) 950 വര്‍ഷമാണ് സമൂഹത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്. പ്രബോധന പാതയില്‍ അദ്ദേഹം കടന്നുപോയ വഴികള്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ഒടുക്കം ഒന്നും ചെവിക്കൊള്ളാതെ ദുര്മാര്ഗത്തില്തന്നെ അവര്‍ മുങ്ങിയൊടുങ്ങി. ''നൂഹിനെ നാം അദ്ദേഹത്തിന്റെ ജനത്തിലേക്ക് നിയോഗിച്ചു. അദ്ദേഹം ഒരായിരം ആണ്ടില്‍ അമ്പതാണ്ട് കുറച്ച് അവരില്‍ വസിച്ചു. ഒടുവില്‍ അവര്‍ ധിക്കാരികളായിരിക്കെ അവരെ പ്രളയം വന്നു പിടികൂടി. അങ്ങനെ നൂഹിനെയും കപ്പലില്‍ കയറിയവരെയും നാം രക്ഷപ്പെടുത്തി. അതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കിവെക്കുകയും ചെയ്തു''(അല്‍ അന്കബൂത്ത്: 14).
ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള സമൂഹത്തിലാണ് യൂനുസ് (അ) നിയോഗിതനായത്. കടുത്ത ശത്രുതയും പരിഹാസവും ശകാരങ്ങളും ബഹിഷ്കരണങ്ങളുമാണ് അദ്ദേഹത്തെ എതിരേറ്റത്. മനംമടുത്ത യൂനുസ് (അ), പ്രബോധന പ്രവര്‍ത്തനങ്ങളോട് വിടപറഞ്ഞ് നാടുപേക്ഷിച്ചു. എക്കാലത്തുമുള്ള ഇസ്ലാമിക പ്രബോധകര്‍ക്ക് മികച്ച പാഠമാകാവുന്ന വിധത്തില്‍ അക്കാര്യം അല്ലാഹു കൈകാര്യം ചെയ്തതു കാണുക: ''മത്സ്യക്കാരനെയും നാം അനുഗ്രഹിച്ചിട്ടുണ്ട്; അദ്ദേഹം പിണങ്ങിപ്പോയപ്പോള്‍ നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. ഒടുവില്‍ അന്ധകാരങ്ങളില്‍ വെച്ച് യൂനുസ് കേണു: 'നീയല്ലാതെ ദൈവമില്ല. നീ അത്യന്തം പരിശുദ്ധനല്ലോ. ഞാനോ, നിസ്സംശയം തെറ്റു ചെയ്തുപോയി.' അങ്ങനെ, നാം അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തെ ആധിയില്‍നിന്ന് മുക്തനാക്കുകയും ചെയ്തു''(അല്‍ അമ്പിയാഅ്: 87-88). നാട്ടിലേക്കു തന്നെ തിരിച്ചു ചെന്ന യൂനുസ് (അ), തന്നെ പരിഹസിച്ചവരും നിരാകരിച്ചവരും ശത്രുത വെച്ചുപുലര്ത്തിയവരുമൊക്കെ തന്റെ ആത്മമിത്രങ്ങളായിത്തീരുന്നതും ദൈവിക നിര്‍ദേശമനുസരിച്ചുള്ള സാമൂഹിക-രാഷ്ട്രീയ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകുന്നതുമാണ് പിന്നെ കാണുന്നത്: ''അപ്പോള്‍ അവര്‍ വിശ്വാസികളായി. നാം ഒരു നിശ്ചിത കാലംവരെ അവരെ വിഭവങ്ങളരുളി നിലനിര്‍ത്തുകയുണ്ടായി''(അസ്സ്വാഫാത്ത്: 148). ഇങ്ങനെയാണ് ദഅ്വത്ത്. അത് പിന്മടക്കമില്ലാത്ത ദൗത്യമാണ്, പരിണതി തീരുമാനിക്കുക അല്ലാഹുവാണ്. മറിച്ചൊന്ന് വിധിക്കാന്‍ നമുക്കെന്ത് അവകാശം.
സ്വന്തം ജനതയോടുള്ള അറ്റമില്ലാത്ത ഗുണകാംക്ഷയാണ് ദഅ്വത്തിന്റെ ആത്മാവ്. ശത്രുതാ മനോഭാവത്തോടെ തനിക്കെതിരെ കുതന്ത്രങ്ങള്‍ മെനയുമ്പോഴും, നാട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുമ്പോഴും അവരുടെ ഗുണകാംക്ഷിയാവാന് പ്രബോധകന് സാധിക്കണം. സവര്‍ണനായാലും അവര്‍ണനായാലും മുതലാളിയായാലും തൊഴിലാളിയായാലും. ആരെയും ഈ സന്ദേശത്തില്‍നിന്നും അകറ്റിനിര്‍ത്താന്‍ നമുക്കവകാശമില്ല. അവരും അല്ലാഹുവിന്റെ പ്രീതിക്ക് അര്ഹരാകണമല്ലോ, സ്വര്‍ഗാവകാശികളില്‍ അവരുമുള്പ്പെടണമല്ലോ, ദൈവകോപത്തില്‍നിന്നും നരകശിക്ഷയില്‍നിന്നും അവര്‍ക്കും വേണമല്ലോ മോചനം എന്ന അദമ്യമായ ആഗ്രഹമാണ് പ്രബോധകനുണ്ടാകേണ്ടത്. പ്രബോധന പാതയിലെ വഴിമുടക്കങ്ങളല്ല, സമസൃഷ്ടികളോടുള്ള സ്നേഹവായ്പാണ് പ്രബോധകനെ ഉലച്ചുകളയുക. ''ശരി, പ്രവാചകാ, നീ ഈ ജനത്തിനു പിറകെ ദുഃഖം പൂണ്ടു സ്വയം നശിപ്പിച്ചേക്കാം- അവര്‍ ഈ സന്ദേശത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍''(അല്‍ കഹ്ഫ്: 6).
ദഅ്വത്ത്, ഖിലാഫത്ത്, ജിഹാദ് തുടങ്ങിയ പദങ്ങള്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലമാണിത്. ഇസ്ലാം എന്നാല്‍ തീവ്രവാദവും ഭീകരവാദവുമാണെന്നാണ് പ്രചാരണം. ഇസ്ലാമിലേക്കുള്ള കടന്നുവരവ് കുടുംബത്തോടും നാടിനോടുമുള്ള വിഛേദനമാണെന്ന പ്രചാരണത്തിനും വേരോട്ടം ലഭിക്കുന്നു. പക്ഷേ, അത്തരം വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ച സമൂഹത്തില്‍ സജീവമായി നടക്കുന്നത് ഒരു സാധ്യതയാണ്. ആമുഖമില്ലാതെ ഇസ്ലാമിനെ കുറിച്ച് ഇന്ന് സംസാരിക്കാം. തെറ്റിദ്ധാരണകളുടെ ഭാണ്ഡക്കെട്ടുകളുമായി കിതക്കുന്നവരെ സഹായിക്കാന്‍, അവിവേകവും അജ്ഞതയും കൊണ്ട് ദീനം ബാധിച്ചവര്‍ക്ക് ആശ്വാസമാവാന്‍ ഒരു പ്രബോധകസ്പര്ശം മാത്രം മതിയാവും.
ഇസ്ലാം അടിച്ചേല്പിക്കാനുള്ളതല്ല. വിശ്വസിക്കാനും അവിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം അത് മനുഷ്യന് നല്‍കുന്നുണ്ട്. ഇസ്ലാം ആരെയും ആകര്‍ഷിച്ചിട്ടേയുള്ളൂ. നിങ്ങള്‍ കച്ചവടക്കാരനോ ഉദ്യോഗസ്ഥനോ അധ്യാപകനോ വിദ്യാര്‍ഥിയോ നേതാവോ അനുയായിയോ ഭരണാധികാരിയോ ആരാവട്ടെ, ഇസ്ലാമിക മൂല്യങ്ങള്‍ സമൂഹത്തിലേക്ക് ഇടവേളകളില്ലാതെ പ്രസരണം ചെയ്തുകൊണ്ടേയിരിക്കണം. പ്രബോധകന്റെ തീര്‍ന്നുപോവാത്ത മൂലധനം അതാണ്. ജീവിതം കൊണ്ട്, ഇസ്ലാമിക സാക്ഷ്യം നിര്‍വഹിക്കുക. ''നിസ്സംശയം, നീ മഹത്തായ സ്വഭാവങ്ങളുള്ളവനാകുന്നു''(അല്‍ ഖലം: 4).
ദഅ്വത്തിനോടുള്ള പ്രതികരണം രണ്ട് തരത്തിലായിരിക്കും. ഒന്ന്, അതിനോട് പുറംതിരിഞ്ഞു നില്ക്കുന്നവര്. ഖുര്‍ആന്‍ അതിങ്ങനെ വിശദീകരിക്കുന്നു: ''ജനത്തിന്റെ അവസ്ഥയെന്തെന്നാല്‍, തങ്ങളുടെ റബ്ബിങ്കല്നിന്നുള്ള ഏതു ദൃഷ്ടാന്തം മുന്നില്‍ വന്നപ്പോഴും അവരതിനെ അവഗണിച്ചുതള്ളുകയായിരുന്നു''(അല്‍ അന്‍ആം: 4).
രണ്ട്, അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള വിളിയെ ആമോദത്തോടെ എതിരേല്‍ക്കുന്നവര്‍. അവരുടെ പ്രതികരണം ഖുര്‍ആന്‍ ഇങ്ങനെ ചിത്രീകരിക്കുന്നു: ''ഞങ്ങളുടെ നാഥാ, സത്യവിശ്വാസത്തിലേക്കു വിളിക്കുന്ന ഒരു വിളിയാളന്‍, 'നിങ്ങളുടെ നാഥനില്‍ വിശ്വസിപ്പിന്‍' എന്നു വിളിച്ചുകൊണ്ടിരിക്കുന്നതു കേട്ടു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു. തമ്പുരാനേ, അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ, ഞങ്ങളിലുള്ള തിന്മകള് ദൂരീകരിക്കേണമേ, ഞങ്ങളെ നീ സജ്ജനങ്ങളോടൊപ്പം മരിപ്പിക്കേണമേ!'' (ആലു ഇംറാന്‍: 193).
മുഹമ്മദ് നബി (സ) നയിച്ച വിപ്ലവത്തിന്റെ സ്വഭാവമെന്തായിരുന്നു? കോപാഗ്നിയാല്‍ പ്രവാചകനെ വകവരുത്താനൊരുമ്പെട്ട ഉമര്‍, ഉഹുദില്‍ ഇസ്ലാമിക സൈന്യത്തെ നിലംപരിശാക്കിയ ഖാലിദു ബ്നുല്‍ വലീദ്, ഹംസ(റ)യെ ചാട്ടുളികൊണ്ട് വകവരുത്തിയ വഹ്ശി.... ചരിത്രത്തിന്റെ തുടര്‍ച്ചയില്‍ പിന്നീട് നാമവരെ കാണുന്നത് ഇസ്ലാമിക മുന്നേറ്റത്തിന്റെ തങ്കത്താളുകളിലാണ്. ''നീ തിന്മയെ ഏറ്റവും നല്ലതു കൊണ്ട് പ്രതിരോധിക്കുക, അപ്പോള്‍ നിന്റെ കഠിന ശത്രു പോലും ആത്മമിത്രമായിത്തീരും''(ഫുസ്സിലത്ത്: 34). ഇന്നും ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ കാണാനാവും. ഇസ്ലാമിനോട് കടുത്ത ശത്രുത പുലര്‍ത്തുന്നവര്‍ തന്നെ ഇസ്ലാമിലേക്ക് കടന്നുവരുന്നതിന്റെ അനുഭവങ്ങള്‍.
സഹോദരന്മാരേ, ചോദ്യം നമ്മോടാണ്. പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച് പ്രബോധന പാതയില്‍ പതറാതെ, ചിതറാതെ, ആത്മാഭിമാനത്തോടെ എഴുന്നേറ്റു നില്ക്കാന് നാം തയാറുണ്ടോ? എങ്കില്‍ ഭാവി ഇസ്ലാമിന്റേതാണ്. ജനപഥങ്ങള്‍ക്ക് വഴികാട്ടിയതിന്റെ അനന്തമായ പ്രതിഫലങ്ങള്‍ പരലോകത്ത് നമ്മെ എതിരേല്ക്കും.
Comments