Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

മതത്തെ പുറമെ നിരാകരിക്കുമ്പോഴും ജാതിബോധത്തെ ആശ്ലേഷിച്ചു നില്‍ക്കുന്നവര്‍ നിര്‍മിക്കുന്ന കേരളം

പി.ടി കുഞ്ഞാലി

എന്തെന്തു പെരുമകളായിരുന്നു നാം  മലയാളികള്‍ ലോകത്തിനു മുമ്പില്‍  പ്രദര്‍ശിപ്പിക്കാന്‍ ഉത്സാഹിച്ചിരുന്നത്. സമ്പൂര്‍ണ വിദ്യാഭ്യാസം, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, സ്ത്രീ സുരക്ഷ, സാമൂഹിക തുല്യത, യൂറോപ്യന്‍ വിതാനത്തിലുള്ള സാംസ്‌കാരിക പൂര്‍ണിമ തുടങ്ങി നമ്മള്‍ അവകാശപ്പെടുന്ന പ്രമാണങ്ങള്‍  നോക്കി പരദേശികള്‍ പോലും അമ്പരക്കുകയായിരുന്നുവത്രെ.  ഇങ്ങനെ നിര്‍മിതമായതെന്നു പെരുമ നടിച്ച നവോത്ഥാന കേരളത്തിന്  ഒട്ടേറെ അവകാശികളും രംഗത്തുണ്ട്. ഇന്ന് ഈയൊരു നവോത്ഥാന  ഗോപുരം അടിപടലോടെ മുഖംകുത്തി വീഴുന്ന ദൃശ്യം അത്യന്തം ദുഃഖത്തോടെയാണ് നാം കണ്ടുനില്‍ക്കുന്നത്. ഇതിന്റെ ഏറ്റവും ഖിന്നതയാര്‍ന്ന ഒരു പരിണതിയാണ് ഇക്കഴിഞ്ഞ ദിനങ്ങളില്‍ മലപ്പുറം ജില്ലയിലെ അരീക്കോട് പത്തനാപുരം ഗ്രാമത്തില്‍നിന്ന് മലയാളി സമൂഹം കേട്ടറിഞ്ഞത്.

ജാതിശ്രേണിയില്‍ പുലയനായ ബ്രിജേഷ് എന്ന യുവാവും തിയ്യ സമുദായാംഗമായ പുവ്വത്തിക്കണ്ടിയിലെ വിദ്യാസമ്പന്നയായ യുവതിയും പ്രണയബദ്ധരാവുന്നു. അങ്ങനെ സ്വന്തം പ്രിയ മകള്‍ സുമംഗലിയായി അഗ്നിസാക്ഷിക്കു മുമ്പില്‍ നില്‍ക്കേണ്ട ശുഭദിനത്തലേന്ന് മൂര്‍ച്ച പുളക്കുന്ന വാക്കത്തി കൊണ്ട് വത്സലനായ പിതാവ്  സ്വന്തം മകളുടെ ഇടനെഞ്ച് തുരക്കുന്നു.  ദാമ്പത്യ ജീവിതത്തില്‍  പ്രിയ മകള്‍ക്ക്  സര്‍വ കൃപാവരങ്ങളും അഭിഷേകങ്ങളും നേരേണ്ട സ്വന്തം പിതാശ്രീയാണിത് ചെയ്തത്.  ഉറന്നൊഴുകുന്ന ആ രുധിരപ്രവാഹത്തിനിടയില്‍ നിഷ്‌കളങ്കയായ ആ മുഖപ്രസാദം വാടുമ്പോഴും അവള്‍ അബോധത്തിലേക്കും പതിയെ മരണത്തിലേക്കും  വഴുതുമ്പോഴും ഈ പിതാവിനു പറയാനുള്ളതു കേട്ടാണ് നാം സംസ്‌കൃത മലയാളികള്‍ സ്തബ്ധരായത്. ജാതിയുടെ ശ്രേണീബന്ധത്തില്‍ തങ്ങളേക്കാള്‍ പല പടവ് താഴെ നില്‍ക്കുന്ന പുലയ യുവാവ് മകളെ വിവാഹം ചെയ്താല്‍ സുഹൃത്തുക്കളുടെയും ബന്ധുജനങ്ങളുടെയും പരിഹാസം ഞാനെങ്ങനെ കേട്ടു സഹിക്കും?  ഇവിടെ ആരാണ് കൂനി നില്‍ക്കുന്നത്? സ്വന്തം വല്‍സല പിതാവിന്റെ പിച്ചാത്തി കൂര്‍പ്പിനു മുന്നില്‍  ഒന്നു പിടയാന്‍ പോലും കഴിയാതെ  ജീവിതം കുടഞ്ഞെറിയപ്പെട്ട നിസ്സഹായയായ ഈ സ്ത്രീജീവിതമോ; ജാത്യാഭിമാനം ലഹരിയായി സ്വന്തം സിരകളില്‍ തുടികൊട്ടിയപ്പോള്‍ രക്തപുത്രിയുടെ തരളജീവിതം പോലും കുത്തിയെറിഞ്ഞ പുരുഷാധികാര പ്രതീകമായ പിതാവ് രാജനോ? അതോ നവോത്ഥാന നാട്യങ്ങളുടെ കപടമേനിയില്‍ അള്ളിനില്‍ക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ നഗ്നതയോ? അല്ലെങ്കില്‍ ഏത് നവോത്ഥാന യുക്തികളുടെയും പ്രൗഢഗാത്രത്തെ ആപാദം പൊതിഞ്ഞുനില്‍ക്കുന്ന ജാതി തീക്ഷ്ണതയുടെ  വേതാളരൂപങ്ങളോ? എവിടെയാണിന്ന് നമ്മുടെ  നവോത്ഥാന അവകാശവാദക്കാര്‍? ഇന്നു കാണുന്ന പ്രബുദ്ധ കേരളം  ഞങ്ങളുടെ തലമുറ എഴുതി നിര്‍മിച്ചതാണെന്ന് തകഴി പറഞ്ഞിട്ടുണ്ട്. എന്താണിവര്‍ എഴുതിയുണ്ടാക്കിയത്? നേടേണ്ടതൊന്നും നേടാതെയും പ്രാപിക്കേണ്ട വിതാനങ്ങളൊന്നും പ്രാപിക്കാതെയും കേരളീയ പൊതുസമൂഹം ഇപ്പോള്‍ ചെന്നെത്തിനില്‍ക്കുന്നത് വലിയ തിരിച്ചറിവുകളിലേക്കാണ്.

ജാതിവിവേചനത്തിന്റെ  തീക്ഷ്ണത ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ സമുദായമാണ് രാജന്റേത്. അതുകൊണ്ടാണ് ഈ സമുദായത്തില്‍ അരുവിപ്പുറം പ്രതിഷ്ഠയും ആത്മോപദേശ ശതകവും സംഭവിക്കുന്നത്. ജാതിഭേദങ്ങളും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന മാത്രം വാഴുന്ന ഒരു നല്‍വാഴ്‌വ് അങ്ങനെയാണ് കേരളം കിനാവു കണ്ടത്. ആശാന്‍ ചണ്ഡാല കുമാരിയെ തപോവന സാന്നിധ്യമാക്കിയത് ഇതുകൊണ്ടാണ്. ഈയൊരു സമൂഹത്തില്‍ തന്നെ സ്വന്തം മകളുടെ ഇടനെഞ്ച് കുത്തിപ്പിളര്‍ന്നും  സംരക്ഷിക്കേണ്ട ഒന്നാണ് തന്റെ ജാതിശുദ്ധിയെന്ന ഉന്മാദബോധം നിലനില്‍ക്കുന്നുവെന്നായാല്‍ ഇത് സമഗ്രമായൊരു സാമൂഹികശാസ്ത്ര പഠനത്തെ അടിയന്തരമാക്കുന്നു.

ശ്രീനാരായയണന്റെ പ്രസ്ഥാനം അധ്വാനിച്ചത് എന്തിനായിരുന്നോ അതിന്  തീര്‍ത്തും എതിര്‍ ദിശാ സഞ്ചാരമാണ് ആ സംഘത്തിന്റെ ഇന്നത്തെ 'അന്തിനാരായണന്മാര്‍' കുടുംബത്തോടെ നിര്‍വഹിക്കുന്നത് എന്ന് നാം കാണേണ്ടതുണ്ട്. ജാതിനിരാസത്തെ അപ്പാടെ ആസുരമായ ജാത്യാഭിമാനത്തിലേക്ക്  ഒളിച്ചുകടത്തുക. എന്നിട്ട് അതിന്റെ വൈകാരിക പ്രതലത്തില്‍നിന്ന് ധനസമ്പാദനത്തിന്റെ കുടില കൗടില്യങ്ങള്‍ വികസിപ്പിക്കുക. ഇത്തരം മൂഢകര്‍മങ്ങള്‍ സമൂഹത്തെ കൊണ്ടുനിര്‍ത്തുക തീര്‍ച്ചയായും ഇങ്ങനെയുള്ള കൊലപാതകങ്ങളിലേക്കു തന്നെയാകും.  തൊഴിലും സാമ്പത്തിക സമൃദ്ധിയുമൊന്നും ജാതിഭീകരതയെ  ഒരിക്കലും റദ്ദാക്കുകയില്ലെന്ന അംബേദ്കറുടെ നിരീക്ഷണം ഇത്തരം പിശാചുകര്‍മങ്ങള്‍ ശരിവെക്കുന്നു.

ഉത്തരാധുനികോത്തരകാലത്തെ സാമൂഹികശാസ്ത്രം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് ഇന്ന് നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.  ഇതില്‍ ഏറ്റവും പ്രധാനമായത് ഇടതുപക്ഷത്തിന്റെ സാമൂഹിക മുന്‍കൈകള്‍ തന്നെയാണ്. അത് അവകാശപ്പെടുന്നതുപോലെ മാനവികപ്രധാനപരമേയല്ല എന്നതാണത്. എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ സാംസ്‌കാരിക ഭാവുകത്വം പൊതുവെ ഇടതുപക്ഷോന്മുഖമായൊരു പ്രതലമാണ്.  ഈ പ്രതലം സൂക്ഷ്മവിശകലനത്തില്‍ അത്യന്തം ജാതിപരമാണെന്നു കണ്ട് നാം ഞെട്ടേണ്ടിവരും. ഇടതുപക്ഷ സാമൂഹികതക്ക് ഒരു പരിധിവരെ മതവിരുദ്ധമാകാന്‍ സാധിച്ചേക്കും. അപ്പോഴും ജാതിശ്രേണികളെ അവര്‍ അറിഞ്ഞോ അറിയാതെയോ പുണര്‍ന്നു നില്‍ക്കുന്നു, അത്രമേല്‍ ഗാഢമായി. മതം നിരസിക്കപ്പെടുമ്പോഴും കടുത്ത ജാതി ആശ്ലേഷത്തിലൂടെ മതമെന്ന ഭൗതിക പരികല്‍പനയെ ഇവര്‍ സ്വന്തത്തോട് ചേര്‍ത്തുനിര്‍ത്തുന്നു എന്നത് ഇവരെ  ബാധിച്ച വൈരുധ്യാത്മക ഭൗതിക'വാതം' തന്നെയാണ്.  

ഇ.എം.എസ് നമ്പൂതിരിപ്പാട് മുതല്‍ നായനാരും എം.എന്‍ ഗോവിന്ദന്‍ നായരും അച്യുതമേനോനും പി.കെ വാസുദേവന്‍ നായരുമടക്കം എണ്ണം പറഞ്ഞ ഇടതുപക്ഷ രാഷ്ട്രീയ അതികായരും  ഒ.എന്‍.വി കുറുപ്പും തകഴി ശിവശങ്കരപ്പിള്ളയും വയലാര്‍ രാമവര്‍മയും പി. ഗോവിന്ദപിള്ളയും എന്‍.എന്‍ പിള്ളയും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സര്‍ഗാത്മക എഴുത്തുകാരും ജീവിതത്തിന്റെ പുറംമോടിയില്‍നിന്നും മതത്തെ തഴഞ്ഞെങ്കിലും ജാതിബോധത്തിന്റെ നാട്ടക്കുറിമാനങ്ങളെ അവയവംപോലെ കൊണ്ടുനടന്നവരായിരുന്നു. ഇവിടെ ഉപേക്ഷിക്കാനും സ്വീകരിക്കാനും മാത്രം ഇലാസ്തികതയുള്ള മതമല്ല പ്രശ്‌നം. പിന്നെ മാറാന്‍ കഴിയാത്ത ജാതി തന്നെയാണ്. മതം ഒന്നുമല്ലാതാകുന്നു. അപ്പോഴും ജാതി മതത്തേക്കാള്‍ പ്രധാനമാകുന്നു. ഇടതുപക്ഷത്തിലും മതേതര പൊതുബോധത്തിലും മതം പ്രതിനായകനാകാം. പക്ഷേ ജാതി നായക പരിവേഷത്തില്‍ എന്നും ഉജ്ജ്വലിച്ചുനില്‍ക്കുന്നു.

അതുകൊണ്ടുതന്നെയാണ് കീഴ്ജാതികളില്‍ നിന്ന് സംവരണത്തിലൂടെയല്ലാതെ പൊതു നേതൃത്വത്തിലേക്ക് ഒരു വലിയ സാമൂഹികവളര്‍ച്ച ഇന്ത്യയിലെവിടെയും ഇതുവരെ സംഭവിക്കാതെ പോയത്. കെ.ആര്‍ ഗൗരിയമ്മ മുതല്‍ ഡോ. കുഞ്ഞാമന്‍ വരെയുള്ളവര്‍ പൊതുസമൂഹത്തോടിത് ഏറ്റുപറഞ്ഞതാണ്. ഭൂരിപക്ഷ സമൂഹത്തിലേക്ക് പടരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അതുകൊണ്ടാണ് മതം ദുര്‍ബലമാവുമ്പോഴും ജാതി അനിവാര്യമായി നില്‍ക്കുന്നത്. ഇതൊരു ഉത്തോലക പ്രവര്‍ത്തനമാണ്. അതുകൊണ്ടുതന്നെ പൊതുരാഷ്ട്രീയമണ്ഡലം മുന്നോട്ടുവെക്കുന്ന  ജാതി മതമെന്ന ദ്വന്ദ പരികല്‍പന ബോധപൂര്‍വമായ വാരിക്കുഴിയാണ്. മതമില്ലെങ്കിലും ജാതി മതി. ഏത് ഇടതുപക്ഷത്തിന്റെ മതനിരാസത്തിലും ജാതിബോധം  മതതീവ്രതയായി കേരളത്തില്‍ പരകായം തേടും. ഇത് നാം അറിയേണ്ട ഒരു സാമൂഹിക പ്രവര്‍ത്തനമാണ്. അതുകൊണ്ടു തന്നെയാണ് ഇത്തരമൊരു ഭീഷണമായ അരുംകൊല സംഭവിച്ചിട്ടും  നമ്മുടെ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ തുടരുന്ന കഠോരമായ മൗനം. പ്രസ്താവനകളില്ല, ഒപ്പുപകര്‍ത്തലില്ല, എഡിറ്റോറിയലില്ല, അന്തിചര്‍ച്ചയുടെ പ്രചണ്ഡഘോഷങ്ങളില്ല. സര്‍വം ശാന്തം.  രാഷ്ട്രീയക്കാര്‍ക്ക് അത്ര മതി.

ഇനി ഈ കൊലപാതകം മലപ്പുറം ജില്ലയിലെ ഏതെങ്കിലുമൊരു മുസ്‌ലിം ഗാര്‍ഹിക അന്തരീക്ഷത്തിലാണെന്നു സങ്കല്‍പ്പിക്കുക. എന്തായിരിക്കും പ്രതികരണ രൂപം! ചര്‍ച്ചയും പ്രബന്ധങ്ങളും  മലപ്പുറത്തിന്റെ വെറ്റിലപ്പാടങ്ങളില്‍നിന്നും  എത്ര ശീഘ്രത്തിലാവും ഏഴാം നൂറ്റാണ്ടിലെ ഒട്ടകപ്പൂഞ്ഞകളിലേക്ക് എറിഞ്ഞുകളിക്കുക. അവിടെ പ്രവാചകന്റെ  ശൈശവ വിവാഹവും സൈദിന്റെ മുത്ത്വലാഖും വിസ്താരത്തിനെടുത്ത് പൂര്‍വകാലത്തേക്ക് ശിക്ഷ വിധിക്കും. തെയിംസ് നദിയില്‍ മുങ്ങിക്കുളിച്ച് വിശുദ്ധയായ മലാല യൂറോപ്യന്‍ സ്വര്‍ഗങ്ങളില്‍നിന്നും പട്ടാംബരങ്ങളോടെ ഇറങ്ങി വരും. ഭൂരിപക്ഷ മതസാമൂഹികതയില്‍ ഇവര്‍ മതമെന്ന പരികല്‍പ്പനയെ  പ്രശ്‌നവല്‍ക്കരിക്കുക അപ്പുറത്ത് ഇസ്‌ലാം ദ്വന്ദ്വമായി  നില്‍ക്കുമ്പോള്‍ മാത്രമാണ്. ഇല്ലെങ്കില്‍ ഇവര്‍ക്കൊക്കെ ജാതി മതി. അത് അവരില്‍ മതത്തേക്കാള്‍ കണിശതയോടെ പ്രവര്‍ത്തനക്ഷമമാവും. അതുകൊണ്ടാണ് ഒരങ്ങാടിപ്പശു ജീവന്‍ പോയ ആകുലത പോലും എവിടെയും പങ്കുവെക്കപ്പെടാത്തത്. ജാതി സുരക്ഷിതമാണ് ഇവിടെ. ഫാഷിസത്തിന്റെ മനുഷ്യവിരുദ്ധതക്ക് ഒളിച്ചിരിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ നരിമടകള്‍ വേറെ എവിടെ കിട്ടും!

അധഃസ്ഥിത സമൂഹത്തിലെ  ശ്രേണീയോഗങ്ങളെ പ്രതി പ്രസിദ്ധ വിദ്യാഭ്യാസ ചിന്തകന്‍ പൗലോസ് ഫിയര്‍ നടത്തിയ  ഒരു നിരീക്ഷണമുണ്ട്. ഒരടിമ സത്യത്തില്‍ ആഗ്രഹിക്കുന്നത് അടിമത്തത്തില്‍നിന്നുള്ള വെറും വിമോചനമല്ല. അയാള്‍ ഇഛിക്കുന്നത് മറ്റൊരു ഉടമയാകാനാണ്. അപ്പോള്‍ മാത്രമേ  അയാള്‍ക്ക് മറ്റൊരാളെ  അടിമയാക്കാന്‍ പറ്റൂ. അങ്ങനെ സംഭവിക്കുമ്പോഴേ അയാളില്‍ സ്വതന്ത്രനാണെന്ന ബോധം രൂഢമാകൂ. ഈ മനശ്ശാസ്ത്രം പ്രധാനമാണ്. ഓരോ ജാതിക്കോയ്മകള്‍ക്കും ജാതിശ്രേണിയില്‍ അവര്‍ക്ക് താഴെ ജാതികള്‍ വേണം. അപ്പോള്‍ അവസാന ജാതിപ്പടവുകള്‍ക്കല്ലാതെ എല്ലാവരിലും ഈ അഹംബോധത്തിന്റെ കുടിലശേഷി പ്രവര്‍ത്തിക്കും. അതുമതി രാഷ്ട്രീയക്കാര്‍ക്കും ജാതി സംഘടനാ നേതൃത്വത്തിനും സമര്‍ഥമായി തങ്ങളുടെ കുടില മോഹങ്ങള്‍ വാണിജ്യമാക്കാന്‍.

ഈ വാണിജ്യക്കൂത്താട്ടത്തിനിടയില്‍ ജീവിതം തന്നെ നിഷേധിക്കപ്പെടുന്ന സാധു മനുഷ്യര്‍ പാഴ്ജന്മങ്ങള്‍ തന്നെയാകും. അവര്‍ക്ക് കമ്പോളമൂല്യമില്ലല്ലോ. കമ്പോള മൂല്യമില്ലാത്തത് വിപണി തിരസ്‌കരിക്കും. ചുരുക്കത്തില്‍ ജാതിയെ മറിച്ചിട്ട് മുന്നേറാന്‍ സാന്ദ്രശേഷിയുള്ള ഒരു രാഷ്ട്ര വ്യവഹാര മാതൃക ഇന്ത്യയില്‍ ഇനിയും വികസിതമാവേണ്ടതുണ്ട്. മാറാന്‍ പറ്റുന്ന  മതം സംഘര്‍ഷമാകുന്നത് അത് മാറാന്‍ പറ്റുന്നു എന്ന ലളിതയുക്തി കൊണ്ടു മാത്രമാണ്. അപ്പോഴും മാറാന്‍ കഴിയാത്ത ജാതി സമര്‍ഥമായി പ്രതിലോമ രാഷ്ട്രവ്യവഹാരം നിര്‍മിക്കുകയും ചെയ്യുന്നു. അംബേദ്കര്‍  ചോദിച്ച ഒരു ചോദ്യമുണ്ട്;  ഞാനെന്റെ മുഴുവന്‍ സ്വത്തുക്കളും പദവികളും തരാം. എന്നെയൊന്ന് ദ്വിജനാക്കിത്തരാമോ?  ഇല്ല. അതിന് വ്യവസ്ഥയില്ല. അതുതന്നെയാണതിന്റെ ആകര്‍ഷണീയതയും. അതൊരു കോട്ടയാണ്.  തകര്‍ക്കാന്‍ പറ്റാത്ത കോട്ട. നവോഥാന സുരഭിലമെന്ന് സ്വയം പറയുന്ന സംഘബോധങ്ങള്‍ പോലും സമര്‍ത്ഥമായി നിലനിര്‍ത്താന്‍ മല്‍പ്പിടിത്തം ചെയ്യുന്ന ജാതിവേതാളങ്ങളുടെ പെരുംകോട്ട. അതിനകത്ത് എല്ലാ മനുഷ്യവിരോധികളും സുരക്ഷിതരാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍