Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

നമുക്ക് പെണ്‍മക്കളെ മാത്രം മതിയോ?

സി..എച്ച് ഫരീദ കണ്ണൂര്‍

സര്‍ക്കാര്‍ ഉള്‍പ്പെടെ നടത്തുന്ന ഒരുപാട് സംഘടിത ബോധവത്കരണ പരിപാടികളിലൂടെ കേരളീയ സമൂഹ മനസ്സില്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തെയും വ്യക്തിത്വ വികാസത്തെയും കുറിച്ച് കുറേയൊക്കെ ശരിയായ ധാരണ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തദ്ഫലമായി മുസ്‌ലിം പെണ്‍കുട്ടികളടക്കമുള്ളവര്‍ എല്ലാ മേഖലകളിലും തങ്ങളുടെ കഴിവുകള്‍ തെളിയിച്ചുകൊണ്ട് ചടുലതയോടെ മുന്നേറുന്നു. അവരുടെ ആരോഗ്യവും ആയുസ്സും രാഷ്ട്രീയ കലാബോധവും മറ്റും നാട്ടിന് ഉപകാരപ്പെടട്ടെ. പക്ഷേ അതേ സമൂഹത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ആണ്‍കുട്ടികളുടെ അവസ്ഥയെന്താണ്? ഏതൊരു പരീക്ഷയുടെ റിസള്‍ട്ട് വരുമ്പോഴും മുഴുവന്‍ റാങ്കുകളും പെണ്‍കുട്ടികള്‍ക്ക് എന്ന് പത്രവാര്‍ത്ത വരുന്നതെന്തുകൊണ്ടാണ്? നമ്മുടെ സര്‍ക്കാറിന്റെയും പൊതു സമൂഹത്തിന്റെയും പിടിപ്പുകേടു കൊണ്ട് മാത്രമാണോ പുതിയ തലമുറയില്‍നിന്ന് നമുക്ക് നല്ല രാഷ്ട്രീയ നേതാക്കളെയും ശാസ്ത്രജ്ഞരെയും ലഭിക്കാത്തത്? വിദ്യാര്‍ഥി ജീവിതകാലത്ത് കലാ-സാംസ്‌കാരിക-കായിക മേളകളില്‍ മികവ് തെളിയിച്ച ആണ്‍കുട്ടികള്‍ പിന്നീട് എങ്ങോട്ടാണ് അപ്രത്യക്ഷരാവുന്നത്? പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് അനഭിലഷണീയമായ തൊഴില്‍ മേഖലയിലേക്ക് പോലും കടന്നുവരാന്‍ ധൈര്യം കാണിക്കുമ്പോള്‍ അവിടേക്ക് വരേണ്ട ആണ്‍കുട്ടികള്‍ എവിടെയോ ജോലി തേടിയലയുന്നു. എല്ലാവരുടെയും ശ്രദ്ധ പെണ്‍കുട്ടികളുടെ കാര്യത്തിലേക്ക് മാത്രം തിരിഞ്ഞപ്പോള്‍ അവര്‍ അതൊരു സൗകര്യമായി മുതലെടുത്ത് തങ്ങളെയിനി സമൂഹത്തിനാവശ്യമില്ല എന്ന തീരുമാനത്തിലെത്തിയോ?

അങ്ങനെ ചിന്തിക്കാന്‍ കാരണമുണ്ട്. ഇവിടെ നടക്കുന്ന ഏതൊരു മത-സാംസ്‌കാരിക- രാഷ്ട്രീയ വേദിയും സദസ്സും ഒരുപോലെ നരച്ച തലകളാല്‍ സമൃദ്ധമാവുമ്പോള്‍ മയക്കുമരുന്ന് കടത്ത് കേസിലും സ്ത്രീപീഡനം, മോഷണം, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ കേസുകളിലും പിടിക്കപ്പെടുന്ന ചെറുപ്പക്കാരാല്‍ ജയിലറകള്‍ നിറയുന്നു. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കൊടും കുറ്റവാളിയുടെ പേര് പറയാനാവാത്ത കേസുകള്‍ പോലുമുണ്ട്.

എന്തേ, നമുക്കിനി ആണ്‍കുട്ടികളെ വേണ്ടേ? പെണ്‍കുട്ടികള്‍ ഭൂമിയും ആകാശവും കീഴടക്കി മുന്നേറുമ്പോള്‍ ആണ്‍കുട്ടികള്‍ തങ്ങളുടേതായ ഒരു ഇത്തിരി വെട്ടത്തില്‍ ഒതുങ്ങിക്കഴിയുന്നതെന്തുകൊണ്ട്? ഒരു പ്രൈവറ്റ് കമ്പനിയില്‍ 'ടെക്കി'യായി ജോലി നോക്കുന്ന യുവാവിനോട് തന്റെ വിവാഹ സങ്കല്‍പത്തെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ പറഞ്ഞത്, ഒരേ പ്രഫഷന്‍ തന്നെ ചെയ്യുന്ന സമപ്രായക്കാരിയായ അല്ലെങ്കില്‍ അല്‍പം പ്രായം കൂടുതലുള്ള ഒരുവളെ കെട്ടാം എന്നാണ്. കാരണം അവള്‍ക്ക് നല്ല ലോകവിവരവും കാര്യപ്രാപ്തിയും ഉണ്ടാവും. അപ്പോള്‍ തനിക്ക് ഒരു കാര്യത്തിലും ടെന്‍ഷനടിക്കേണ്ടതില്ലല്ലോ. ജീവിതത്തെ നിസ്സംഗമായി സമീപിക്കാനും ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി 'കൂള്‍' ആയി ജീവിക്കാനുമുള്ള അപകടകരമായ ത്വര അവന്റെ വാക്കുകളിലുണ്ടായിരുന്നു. ജീവിതപങ്കാളി സാമ്പത്തിക സ്വയംപര്യാപ്തത നേടിയവരാവുന്നത് ഇവരെ സംബന്ധിച്ചേടത്തോളം ജീവിതത്തെ അലസമായി സമീപിക്കാനാണ് പ്രേരിപ്പിക്കുന്നത്. കുടുംബം എന്ന ഏറ്റവും ചെറിയ യൂനിറ്റിന്റെ പോലും 'റിസ്‌ക്' ഏറ്റെടുക്കാന്‍ തയാറല്ലാത്ത പുതിയ തലമുറയില്‍നിന്ന് എന്ത് സാമൂഹിക-രാഷ്ട്രീയ ഭാവി പ്രതീക്ഷിക്കാനാണ്?

സ്വന്തം ശരീരത്തില്‍ ഗര്‍ഭപാത്രം ഫിറ്റ് ചെയ്ത് പ്രസവവും മുലയൂട്ടലും പരീക്ഷിക്കാനൊരുങ്ങുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. മറ്റൊരു വിഭാഗം ഓണ്‍ലൈനിലും ഓഫ് ലൈനിലും സ്ത്രീകളെ കടന്നാക്രമിക്കുന്ന സാമൂഹികവിരുദ്ധരാണ്. ദൈവം കനിഞ്ഞു നല്‍കിയ പൗരുഷത്തെ അപഹസിക്കുകയാണ് ഇരു കൂട്ടരും ചെയ്യുന്നത്. രണ്ടറ്റങ്ങളിലാണ് ഇവരുടെ സ്ഥാനം. ഒരു കൂട്ടര്‍ പെണ്ണിനോടുള്ള സഹാനുഭൂതിയാല്‍ അവള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെന്തൊക്കെയാണെന്ന് അനുഭവിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍ മറ്റേ കൂട്ടര്‍ ഒളിഞ്ഞും തെളിഞ്ഞും അവളെ വേദനിപ്പിക്കുന്നതിലാണ് സുഖം കണ്ടെത്തുന്നത്.

ഇവര്‍ക്കിടയില്‍ നില്‍ക്കേണ്ട നിഷ്പക്ഷമതിയായ പുരുഷനെവിടെ? അവനാണല്ലോ സ്ത്രീക്ക് ഉള്‍പ്പെടെ ജീവിക്കാന്‍ സമാധാനമുള്ള ഒരന്തരീക്ഷമുണ്ടാക്കിയെടുക്കേണ്ടത്, ഏതു മേഖലയിലെ ചൂഷണത്തിനുമെതിരെ ഇരകള്‍ക്കൊപ്പം നല്‍ക്കേണ്ടത്, സമൂഹത്തിലെ അനീതികള്‍ക്കും തിന്മകള്‍ക്കും ഫാഷിസ്റ്റ് ഭീകരതക്കുമെതിരെ ശബ്ദമുയര്‍ത്തേണ്ടത്. ഈയൊരു സന്ദര്‍ഭത്തില്‍ സമൂഹത്തിന്റെ മുന്‍നിരയില്‍നിന്ന് ഉള്‍വലിഞ്ഞ് ജീവിക്കുന്ന ആണ്‍കുട്ടികളെക്കുറിച്ച് ആശങ്കപ്പെടേണ്ടത് ബൗദ്ധികമായി ഉയര്‍ന്നു ചിന്തിക്കുന്ന സമൂഹത്തിന്റെ ബാധ്യതയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍